‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘IMA നമ്മുടെ ആരോഗ്യം’ 2026 ആഗസ്റ്റ് ലക്കത്തിൽ ‘പത്രാധിപർ സംസാരിക്കുന്നു’ എന്ന കോളത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ പത്രാധിപക്കുറിപ്പ്.

ലയാളിയുടെ മിക്കവാറും ഭൂരിപക്ഷ നിലപാടുകളിലെല്ലാമെന്നപോലെ ഓണവും ambivalent ആയ അസാധാരണ ഭൂമികയിലാണ് നമ്മൾ ആഘോഷിക്കാറുള്ളത്.

ഒരു വശത്ത് കള്ളവും ചതിയുമില്ലാത്ത ഒരു പുതുലോകം സൃഷ്ടിച്ച കരുത്തനും സ്നേഹ സമ്പന്നനുമായ നാട്ടുരാജാവിനെ വർഷത്തിലൊരിക്കലെങ്കിലും കാണാനാവുന്നതിന്റെ ആഹ്ളാദം. മറുഭാഗത്താവട്ടെ, ഒരു കുഞ്ഞു കാൽവെപ്പുമതി, മദം പൂണ്ട ഏത് അധൃഷ്യ ഗർവിഷ്ഠനായ ഭരണാധികാരിയേയും ചവിട്ടി താഴ്ത്താൻ എന്ന ചെറിയ മനുഷ്യരുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അപൂർവ മുഹൂർത്തം. സംഘർഷാത്മകമായ ഈ ബൈനറിയാണ് ലോകത്തിലെ പുകഴ് കൊണ്ട മറ്റു ആഘോഷങ്ങളിൽനിന്ന് ഓണത്തിനെ വ്യതിരിക്തമാക്കുന്ന സുപ്രധാന ഘടകം.

ഇതാ, മറ്റൊരു ഓണത്തിന്റെ പൂവിളി കേൾക്കുകയാണ് നമ്മൾ. ലോകത്തിലെ മറ്റെല്ലാ പ്രാക്തന സംസ്കാരങ്ങളിലുമെന്നപോലെ ഐശ്വര്യപൂർണ്ണവും സമ്പന്നവും സമാധാനപൂർവവുമായ മഹത്തായ ഭൂതകാലത്തിന്റെ സ്മരണകൾ, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു എന്ന കൊതിക്കെറുവല്ല, മലയാളിസ്വത്വത്തെ നിതാന്തമായി ഉത്തേജിപ്പിക്കുകയും ഉദ്ദീപിപ്പിക്കുകയും ചെയ്തുപോന്നത് നമ്മുടെ കാർഷിക സംസ്കാരത്തിന്റെ നീക്കിയിരുപ്പുകളുമായി കൂട്ടി വായിക്കുകയാണ് താരതമ്യേന എളുപ്പം എന്നു തോന്നുന്നു.

ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷകളിലൊന്നായ തമിഴിലെ സംഘകാല കൃതിയായ മധുരൈ കാഞ്ചിയിൽ ഓണത്തെക്കുറിച്ച് വ്യക്തമായ പരാമർശമുള്ളത് ഓണത്തെക്കുറിച്ചുള്ള മലയാളിയുടെ possessive attitude- ന് അപ്പുറത്തുള്ള അനന്ത സാദ്ധ്യതകളിലേക്കു തുറക്കുന്ന ഒരു കിളിവാതിലായി നാം തിരിച്ചറിയേണ്ടതുണ്ട്.

പ്രശസ്ത മാനസികാരോഗ്യ വിദഗ്‌ധനായ ഡോ. കെ.എ. കുമാർ, പ്രവാസിയായ ജോബി ബേബി എന്നിവർ ഓണത്തെക്കുറിച്ചുള്ള രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകൾ ഈ ലക്കത്തിൽ അവതരിപ്പിക്കുന്നത് വായിക്കാം.

ഡേവിഡ് ക്വാമെൻ എഴുതിയ Spill over: Animal Infections and the Next Human Pandemic എന്ന പുസ്തകം കോവിഡ് കാലത്ത് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞിട്ടാണ് വായിച്ചത്. ഡോക്ടർമാരല്ലാത്തവരും എത്ര ജാഗരൂകരായി മെഡിക്കൽ സയൻസിലെ പുതു ചലനങ്ങൾ പിന്തുടരുന്നു എന്ന് എന്നെ അതിശയിപ്പിച്ച സംഭവമായിരുന്നു അത്.

പ്ലേഗ്, ഇൻഫ്ലുവൻസ, എയ്ഡ്സ്, എബോള, സാർസ്, നിപ തുടങ്ങിയ രോഗങ്ങൾ ഓരോ കാലത്തും മനുഷ്യസംസ്കാരത്തെ വെല്ലുവിളിച്ചിട്ടുണ്ട്. ഈ രോഗങ്ങളിൽ ഭൂരിഭാഗവും ഒരു പൊതു സവിശേഷത പങ്കിടുന്നുമുണ്ട്. അവ മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് കടന്നുവന്നത് എന്ന വസ്തുതയാണത്. ഈ നിർണായകമായ സത്യത്തെ ശാസ്ത്രീയ തെളിവുകളുടെയും ആവേശകരമായ അന്വേഷണയാത്രകളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന കൃതിയാണ് ഡേവിഡ് ക്വാമെന്റെ പുസ്തകം.

ഡേവിഡ് ക്വാമെൻ എഴുതിയ Spill over: Animal Infections and the Next Human Pandemic എന്ന പുസ്തകം കോവിഡ് കാലത്ത് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞിട്ടാണ് വായിച്ചത്.
ഡേവിഡ് ക്വാമെൻ എഴുതിയ Spill over: Animal Infections and the Next Human Pandemic എന്ന പുസ്തകം കോവിഡ് കാലത്ത് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞിട്ടാണ് വായിച്ചത്.

ഒരു രോഗാണു തന്റെ സ്വാഭാവിക ആതിഥേയ ജീവിയിൽനിന്ന് മറ്റൊരു ജീവിയിലേക്ക് വിജയകരമായി കടന്നുകയറുന്ന പ്രക്രിയയാണ് സ്പിൽ ഓവർ. ഈ കുഞ്ഞു ചാട്ടം പലപ്പോഴും മനുഷ്യചരിത്രത്തെ തന്നെ മാറ്റിമറിക്കാറുണ്ട് എന്നു മാത്രം. ക്വാമെന്റെ അഭിപ്രായത്തിൽ മഹാമാരികൾ അപ്രതീക്ഷിതമായ അപകടങ്ങളല്ല, മറിച്ച് പ്രകൃതിയുമായുള്ള മനുഷ്യന്റെ അങ്ങേയറ്റം ഋണാത്മകമായ ഇടപെടലുകളുടെ അനിവാര്യമായ ഫലങ്ങൾ മാത്രമാണ്. വനങ്ങളിൽ വവ്വാലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരോടൊപ്പം സഞ്ചരിക്കുന്നതും, ആഫ്രിക്കയിലെ എബോള ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതും, ഓസ്ട്രേലിയയിൽ ഹെൻഡ്ര വൈറസിനെ അന്വേഷിക്കുന്നതും, ബംഗ്ലാദേശിൽ നിപ വൈറസിന്റെ പാത പിന്തുടരുന്നതുമെല്ലാം ത്രസിപ്പിക്കുന്ന രീതിയിൽ വിവരിക്കുന്നത് വായനക്കാരനെ ഒരു ഡിറ്റക്ടീവ് കഥയുടെ ആവേശത്തിലേക്ക് നയിക്കുന്നു. ശാസ്ത്രവും സാഹിത്യവും സമഞ്ജസവും ലാവണ്യപൂർവവുമായി ഇഴചേരുന്ന രചനാശൈലിയാണ് ക്വാമെന്റേത്.

എയ്ഡ്സിന് കാരണമായ എച്ച്ഐവി എങ്ങനെ ചിമ്പാൻസികളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയെന്ന ചരിത്രം, മദ്ധ്യ ആഫ്രിക്കയിലെ ഗാബോണിലെ മായിഹൂട്ടിൽ ഒരു ചിമ്പാൻസിയെ ഗ്രാമീണർ ഭക്ഷിച്ച കഥ, പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരു വൈറസിന് പുതിയ ആതിഥേയനുമായി പൊരുത്തപ്പെടാൻ കഴിയുമ്പോൾ അത് മനുഷ്യസമൂഹത്തിൽ സ്ഥിരതാമസമാക്കുകയും ലോകവ്യാപകമായ ദുരന്തങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്. വവ്വാലുകളാണ് ഈ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. എബോള, നിപ, ഹെൻഡ്ര, സാർസ് തുടങ്ങിയ പല രോഗാണുക്കളുടെയും സ്വാഭാവിക ആവാസകേന്ദ്രമായി വവ്വാലുകളെ ശാസ്ത്രലോകം സംശയിക്കുന്നതെന്തുകൊണ്ടാണെന്ന് ക്വാമെൻ കൃത്യമായി വിശദീകരിക്കുന്നു. എന്നാൽ അവയെ ശത്രുവായി ചിത്രീകരിക്കാതെ, അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്ന മനുഷ്യർ തന്നെയാണ് ദുരന്തത്തിലേക്കുള്ള വാതിൽ കൊട്ടിത്തുറക്കുന്നതെന്ന് പൊള്ളുന്ന ആത്മവിമർശനത്തോടെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

പുസ്തകത്തിലുടനീളം രോഗങ്ങളെ പ്രകൃതിയുടെ പ്രതികാരമായി ഒരിക്കലും അവതരിപ്പിക്കുന്നില്ല ക്വാമെൻ. മറിച്ച്, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ മനുഷ്യൻ തകർക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ രോഗങ്ങളുടെ രൂപത്തിൽ തിരിച്ചുവരുന്നതാണെന്ന് അദ്ദേഹം ശാസ്ത്രീയമായി വിശദീകരിക്കുന്നു. കോവിഡ് മഹാമാരി ലോകത്തെ കീഴടക്കുന്നതിന് വർഷങ്ങൾ മുമ്പ്, 2012 -ൽ, പ്രസിദ്ധീകരിച്ച ഈ പുസ്തകം അതിശയകരമായ ശാസ്ത്രീയദീർഘദർശിത്വത്തിന്റെ ഉദാഹരണമായി പിന്നീട് ലോകം വിലയിരുത്തുകയുണ്ടായി. ‘നമ്മുടെ ആരോഗ്യം’ മാഗസിനിൽ പകർച്ചവ്യാധികളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ആധുനിക കാലത്തെ പുതിയ രോഗങ്ങളുടെ പശ്ചാത്തലത്തിൽ ഈ പുസ്തകത്തെക്കുറിച്ച് ഓർക്കുന്നത് വളരെയേറെ പ്രസക്തമാണെന്നു തോന്നുന്നു.

വിവിധ തരം പകർച്ചവ്യാധികളെക്കുറിച്ചും അതിന്റെ പാരിസ്ഥിതികവും സാമൂഹികവും ജനിതകവും രോഗാണുപരവും ഭൗമ കാലാവസ്ഥാപരവുമൊക്കെയായ ഘടകങ്ങളെ കുറിച്ചുമൊക്കെയുള്ള ഗഹനമായ പത്ത്‌ വിചിന്തനങ്ങളാണ് ഈ ലക്കത്തിൽ വായനക്കാർക്ക് നമ്മുടെ ആരോഗ്യത്തിന്റെ സമ്മാനം. പ്രശസ്ത ലേഖകരായ ഡോ. കെ.സി. മുഹമ്മദ് അഫ്രോസ്, ഡോ. വി.മോഹനൻ നായർ, ഡോ. എൻ. സുൾഫി, ഡോ. ആദർശ് എ.കെ, ഡോ. ഹാവിയ പി. പി, ഡോ. ആതിര. സി, ഡോ. ചിങ്കി എം, ഡോ. അമൃത ഡി., ഡോ. വാസിഫ് മായൻ എം.സി, ഡോ. ജയകൃഷ്ണൻ ടി. എന്നിവരാണ് എഴുതുന്നത്.

വിവിധ തരം പകർച്ചവ്യാധികളെക്കുറിച്ചും അതിന്റെ പാരിസ്ഥിതികവും സാമൂഹികവും ജനിതകവും രോഗാണുപരവും ഭൗമ കാലാവസ്ഥാപരവുമൊക്കെയായ ഘടകങ്ങളെകുറിച്ചുമൊക്കെയുള്ള ഗഹനമായ പത്ത്‌ വിചിന്തനങ്ങളാണ് ഈ ലക്കത്തിൽ വായനക്കാർക്ക് നമ്മുടെ ആരോഗ്യത്തിന്റെ സമ്മാനം.
വിവിധ തരം പകർച്ചവ്യാധികളെക്കുറിച്ചും അതിന്റെ പാരിസ്ഥിതികവും സാമൂഹികവും ജനിതകവും രോഗാണുപരവും ഭൗമ കാലാവസ്ഥാപരവുമൊക്കെയായ ഘടകങ്ങളെകുറിച്ചുമൊക്കെയുള്ള ഗഹനമായ പത്ത്‌ വിചിന്തനങ്ങളാണ് ഈ ലക്കത്തിൽ വായനക്കാർക്ക് നമ്മുടെ ആരോഗ്യത്തിന്റെ സമ്മാനം.

മറവി അനുഗ്രഹമാണ് എന്നൊക്കെ പറയുമെങ്കിലും ജീവിതത്തിൽ മറവി പലപ്പോഴും എത്രമാത്രം വിനാശകരമാണെന്ന് ഒളിവർ സാക്സിന്റെ The Man Who mistook his wife for a hat വായിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. നമ്മുടെ പ്രിയപ്പെട്ട വരെ മറന്നുപോവുക, അല്ലെങ്കിൽ വളരെയേറെ പ്രിയപ്പെട്ട വർ നമ്മളെ മറന്നുപോവുക എന്നിവയൊക്കെ സാധാരണ മനുഷ്യനെ വളരെയേറെ വേദനിപ്പിക്കുന്നവയാണ്. തന്റെ വളരെ പ്രിയപ്പെട്ട ഡോക്ടർ, കുറച്ചുകാലം കഴിഞ്ഞ് കാണുമ്പോൾ പേരോ സംഭവങ്ങളോ ഓർക്കാത്തത് വ്യക്തിപരമായി എത്രത്തോളം traumatic ആണ് എന്ന് വായനക്കാരെ അനുഭവിപ്പിക്കുകയാണ് പ്രശസ്ത നാടകകൃത്തും സംവിധായകനുമായ തയ്യുള്ളതിൽ രാജൻ. എന്നിട്ടും അദ്ദേഹത്തിന് ആ ഡോക്ടറോടുള്ള സ്നേഹം അണുവിട പോലും കുറഞ്ഞു പോവുന്നില്ല എന്ന് ലേഖനത്തിന്റെ ശീർഷകം തന്നെ നമ്മെ കൃത്യമായി ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്.

ഓർമ്മ നഷ്ടം എക്കാലത്തും ചലചിത്രങ്ങളുടെ ഇഷ്ടവിഷയമായിരുന്നു. മുമ്പെങ്ങോ കണ്ട രണ്ടു സിനിമകളാണ് പെട്ടെന്ന് ഓർമ്മയില്‍ തെളിയുന്നത്. പത്മരാജന്റെ ‘ഇന്നലെ’യാണ് അതിലൊന്ന്. തമിഴ് നോവലിസ്റ്റ് വാസന്തിയുടെ ‘പുനർജന്മം’ എന്ന നോവലിന്റെ (തമിഴിൽ പേര് ഇതു തന്നെയാണോ എന്ന് ഉറപ്പില്ല. പത്മാ കൃഷ്ണമൂർത്തി മലയാളത്തിലേക്ക് വർഷങ്ങൾക്കുമുമ്പ് തർജ്ജിമ ചെയ്ത പുസ്തകമാണ് എന്റെ പക്കലുളളത്) ആശയാനുവാദമായിരുന്നു ആ ചലച്ചിത്രം. ഓർമ്മ നഷ്ടപ്പെടുന്ന യുവതിയുടെ കഥ അതീവ ഹൃദ്യമായി പ്രതിപാദിക്കുന്ന സിനിമയാണത്. മറ്റൊന്ന്, പ്രശസ്തമായ തമിഴ് സിനിമ ‘മൂന്നാം പിറ’യാണ്. അപകടത്തിൽ പഴയതെല്ലാം മറന്നുപോവുന്ന യുവതി മറ്റൊരു ഷോക്കിൽ (ഒട്ടും ശാസ്ത്രീയമല്ലെങ്കിലും) ഓർമ്മ തിരിച്ചു പിടിക്കുന്നതായിരുന്ന അതിന്റെ കഥാതന്തു. ലോക സിനിമയിൽ നോളന്റെ ‘മെമെന്റാ’, ജൂലിയൻ മൂറിന് ഓസ്കാർ പുരസ്കാരം ലഭിച്ച ‘സ്റ്റിൽ ആലീസ്’ എന്നിവ ഈ ഴോൺറിൽ നമ്മെ അത്‌ഭുതപ്പെടുത്തുന്ന സൃഷികളാണ്.

മാസികയിലെ രണ്ടു കാർട്ടൂൺ പരമ്പരകളും ഗുണപരമായുും വിമർശനാത്മകമായും അക്ഷരാർത്ഥത്തിൽ കുതിച്ചുചാട്ടം നടത്തുകയാണെന്ന് പറയുന്നത് ഒട്ടും അതിശയോക്തിയല്ല. വിജയന്റെ കാർട്ടൂണുകളുടെ ധൈഷണിക ഗരിമ ലക്ഷ്യം വെക്കുന്ന ആരോഗ്യ സ്വാമിയും, സാധാരണക്കാരുടെ ആരോഗ്യ ആശങ്കകളെ നിരന്തരമായി അഭിസംബോധന ചെയ്യുന്ന ഡോ. മീനാക്ഷിയും മാഗസിനിന്റെ അഭിമാനമായി മാറുകയാണ്. ഡോ. ജി.ആർ സന്തോഷ് കുമാറിനും ഡോ. പി ജയദേവനും അഭിനന്ദനങ്ങൾ.

വിവിധ വിഷയങ്ങളെ മുൻനിർത്തി മികച്ച സൃഷ്‌ടികൾക്ക് ജീവൻ നൽകിയ കൽപ്പറ്റ നാരായണൻ, ഡോ. ബി ഇക് ബാൽ, ഡോ. ജി. മഹേഷ് ദേവ്, ഡോ. കെ. എം. സുകുമാരൻ, ഡോ. രാജേഷ് കുമാർ എം.പി, ഡോ. നവ്യ തൈക്കാട്ടിൽ, ഡോ. രാംകുമാർ മേനോൻ എന്നിവർക്ക് സ്നേഹം.

ശാസ്ത്രീയയെ അശാസ്ത്രീയത കൊണ്ട് മറികടക്കാനായിരുന്നു എന്നും ഹോമിയോ വാദികൾ ശ്രമിച്ചു കൊണ്ടിരുന്നത്. ഹോമിയോവാദം ശരിയാണെങ്കിൽ ഇന്ന് ലോകത്തെ ഭരിക്കുന്ന ഫിസിക്‌സ്, കെമിസ്ടി നിയമങ്ങളൊക്കെ അമ്പേ തെറ്റാണെന്നും ഐൻസ്റ്റീൻ ഉൾപ്പെടെയുള്ള മഹാ ധിഷണാശാലികളായ ശാസ്ത്രജ്ഞന്മാർ വെറും വിഡ്ഡികളാണെന്നുമൊക്കെയുള്ള ശാസ്ത്രീയ വാദങ്ങൾ അവരെ സ്പർശിക്കാറേയില്ല. പഠനകാലം മുതൽ അവർ രഹസ്യമായി മോഹിക്കുന്ന മോഡേൺ മെഡിസിൻ ചികിത്സാരംഗത്തേക്ക് കടന്നുകയറാൻ കഴിയാത്തതു മാത്രമാണ് ആ നിഷേധാത്മക നിലപാടിന്റെ അടിസ്ഥാനം എന്ന് പലരീതിയിൽ വ്യക്തമാക്കപ്പെടാറുമുണ്ട്. ഏറ്റവും ഒടുവിൽ ഇതാ മഹാരാഷ്ട്ര സർക്കാർ 12,500 ഹോമിയോവാദികൾക്ക് മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാനും, മരുന്നുകൾ എഴുതാനും അനുമതി നൽകിയിരിക്കുന്നു. മോഡേൺ മെഡിസിനെതിരെ നിലപാടുകൾ സ്വീകരിക്കുമ്പോൾ തന്നെ അത് പ്രാക്ടീസ് ചെയ്യാൻ അവർ സർവ്വാത്മനാ മുന്നോട്ടു വരുന്ന അത്ഭുതം. ജനവിരുദ്ധവും തികച്ചും അശാസ്ത്രീയവുമായ ഈ സമീപനത്തിനെതിരെ മഹാരാഷ്ട്രയിലെ ഡോക്ടർമാർ നടത്തുന്ന ഉശിരു നിറഞ്ഞ നിർണ്ണായക പ്രതിഷേധങ്ങൾക്ക് നമ്മുടെ ആരോഗ്യത്തിന്റെ ചങ്കുറപ്പുള്ള പിന്തുണ ആത്മാർത്ഥതയോടെ വാഗ്ദാനം ചെയ്യുകയാണ്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments