2025 മനുഷ്യരാശിയെ സംബന്ധിച്ച് ഒട്ടും പ്രത്യാശാഭരിതമായ വർഷമായിരുന്നില്ല. യുദ്ധങ്ങളും പാരിസ്ഥിതിക ദുരന്തങ്ങളും ലോകമെമ്പാടുമുള്ള മനുഷ്യരുടെ മാനസികാരോഗ്യ തകർച്ചയും വൈദ്യശാസ്ത്ര / നിർമ്മിത ബുദ്ധി / കാലാവസ്ഥാ നിരീക്ഷണ രംഗങ്ങളിൽ മനുഷ്യൻ നടത്തിയ വൻ കുതിച്ചുചാട്ടങ്ങളെപോലും തികച്ചും അപ്രസക്തമാക്കി. ഇസ്രായേൽ - ഗാസ, ഇന്ത്യ- പാക്കിസ്ഥാൻ, അമേരിക്ക -ഇറാൻ സംഘർഷങ്ങൾ വർഷാവസാനത്തോടെയെങ്കിലും ഒരു വിധത്തിൽ അവസാനിച്ചു എന്നതു മാത്രമായിരുന്നു നമ്മുടെ സമാശ്വാസം.
ബോറിസിന്റെ മോഹിപ്പിക്കുന്ന ഓർമ്മകളുടെ പശ്ചാത്തലത്തിൽ ട്രെയിൻ ഇറങ്ങിവരുന്ന പട്ടാളക്കാർക്ക് പൂച്ചെണ്ടുകൾ നൽകുന്ന വെറോണിക്കയുടെ ദൃഷ്ടിപഥത്തിൽ തെളിയുന്ന പാറിപ്പറിക്കുന്ന വെള്ളിൽപറവകളിലേക്ക് സൂം ചെയ്ത് അവസാനിക്കുന്ന എക്കാലത്തേയും മികച്ച യുദ്ധവിരുദ്ധചിത്രങ്ങളിലൊന്നായ ക്രെയിൻസ് ആർ ഫ്ലയിങ്, ഈ അന്തരാളത്തിൽ വായനക്കാർക്ക് സ്റ്റേഹപൂർവം ശുപാർശ ചെയ്യട്ടെ.
വാകച്ചാർത്തിൽ കല്പറ്റ ഒരു കുഞ്ഞു കാൽവെപ്പിന്റെ ചിത്രകംബളം വിരിച്ച്, ഈ കണ്ണടയൊന്നു വെച്ചുനോക്കൂ എന്ന് ഒരിക്കൽ കൂടി വായനക്കാരോട് അഭ്യർത്ഥിക്കുകയാണ്.
ജീവിവർഗ്ഗത്തിന്റെ ഭൗതികശരീരം നിലനിൽക്കുന്നത് അസ്ഥികളുടെയോ അതുപോലെ കടുപ്പവും ഉറപ്പുമുള്ള മറ്റു വസ്തുക്കളുടേയോ ചട്ടക്കൂടിന്റെ ബലത്തിലാണ്. മനുഷ്യനിലാവട്ടെ അസ്ഥികൾ അവരുടെ രൂപഘടനയേയും ചലനങ്ങളേയും സുരക്ഷയേയും അങ്ങേയറ്റം സ്വാധീനിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് എല്ലിന്റെ എണ്ണം കൂടുകയും പല്ലിന്റെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒരു ഹാസ്യ സങ്കല്പത്തിനപ്പുറത്ത് ദുരന്തമായി പരിഗണിക്കപ്പെടുന്നതും. അസ്ഥി രോഗങ്ങളുടെ / ചികിത്സകളുടെ ഏകദേശ സമഗ്രചിത്രം ഈ ലക്കത്തിലെ ഏഴു ലേഖനങ്ങളിൽ മാഗസിൻ വാഗ്ദാനം ചെയ്യുന്നു. മുമ്പൊരു ലക്കത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പരാമർശിച്ച പ്രശസ്തനായ അസ്ഥിരോഗ ചികിത്സാ വിദഗ്ധൻ ഡോ. ഇ.ജി മോഹൻ കുമാർ, ഡോ. ഉണ്ണിക്കൃഷ്ണൻ ടി, ഡോ. ജീജേഷ് കുമാർ ടി.കെ, ഡോ. അരുൺ പ്രകാശ് പി.ജെ, ഡോ. ടോണി 'കവലക്കാട്, ഡോ. സ്കോട്ട് ചാക്കോ ജോൺ, ഡോ. അനിൽ സാമുവൽ എന്നിവരാണ് ലേഖകർ. മാക്കോ റോബോട്ടിക് സർജറി മുതൽ ഇലിസരോവ് ടെക്നിക് വരെയുള്ള നൂതന സമീപനങ്ങളെക്കുറിച്ചും ഈ ലേഖനങ്ങൾ വായനക്കാരോട് സംസാരിക്കും.

പ്രശസ്ത എഴുത്തുകാരനും മികച്ച പ്രഭാഷകനുമായ രാജേന്ദ്രൻ എടത്തുംകരയാണ് ഓർമ്മയിൽ മുദ്ര ചാർത്തിയ ഡോക്ടരെക്കുറിച്ച് ഇത്തവണ എഴുതുന്നത്. ഗ്രാമീണമായ മന്ദതാളത്തിൻ നിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക് സമൂഹം എത്തിച്ചേരുന്നതിന്റെ നഖചിത്രം കൂടി അദ്ദേഹം Subtle ആയി രേഖപ്പെടുത്തുന്നുണ്ട്. താൻ സ്വയം അപ്രസക്തനാവുന്ന സംവിധാനത്തിന്റെ സൃഷ്ടിക്കുവേണ്ടി ബോധപൂർവം ശ്രമിക്കുന്ന ഒരു ശ്രമണതാളം ഡോക്ടർമാരുടെ പ്രവർത്തിയിൽ നിർലീനമായിരിക്കുന്നത് ശ്രദ്ധാപൂർവം അദ്ദേഹം കണ്ടെടുക്കുന്നു.
പൊതു ആരോഗ്യം എന്ന സംവർഗ്ഗത്തിനു ബദലായി സൂക്ഷ്മ ആരോഗ്യം എന്ന പദമാവുമോ കൂടുതൽ യോജിക്കുക എന്ന ചർച്ച അനിവാര്യമായിരിക്കുന്നു. വ്യക്തിപരമായ ആരോഗ്യവും വെല്ലുവിളികളും നമുക്ക് താരതമ്യേന ഗോചരമായിരിക്കേ മിക്കവാറും അഗോചരവും ഗുഹ്യവുമായ സൂക്ഷ്മമായ ആരോഗ്യത്തെയാണ് ഇത്രയും കാലം നമ്മൾ പൊതു ആരോഗ്യം എന്ന് വിവക്ഷിച്ചു പോന്നിട്ടുളളത്. സാമൂഹിക ആരോഗ്യത്തിന്റെ ഈ കൈവഴിയെ വ്യത്യസ്ത തലങ്ങളിൽ വ്യാഖ്യാനിക്കുന്ന ഡോ. ടി. ജയകൃഷ്ണന്റെ ലേഖനം കേരളത്തിലെ സാമൂഹികാരോഗ്യം പഠനവിധേയമാക്കുമ്പോൾ ഡോ. ബി. വേണുഗോപാലൻ, ഒരു പ്രത്യേക ജനപരിച്ഛേദത്തിന്റെ, ഡോക്ടർ സമൂഹത്തിന്റെ, ആരോഗ്യ വെല്ലുവിളികളെ വിശകലനം ചെയ്യാനും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്.
യഥാർത്ഥത്തിൽ കവിതയാണ് പ്രശസ്ത എഴുത്തുകാരനായ ഡോ. ടി.പി നാസർ എഴുതിയ ഐൻ, പ്രിയപ്പെട്ട ഐൻ എന്ന ഓർമക്കുറിപ്പ്. മലയാളിയെ എന്നും മോഹിപ്പിച്ചുപോന്ന പത്തു നാൽപതുപേജുകൾ മാത്രമുള്ള ആ പുസ്തകത്തിലെ വരികൾ ഇത്തരം വല്ലാത്ത അവസരങ്ങളിൽ നമ്മെ വന്നു തൊടും. കണ്ണുകൾ വൈശാഖിയിലെ ആകാശം പോലെ സുന്ദരം. അല്ല കവിതയല്ല, കഥകൾ ആത്മാവില്‍ നിന്നൊഴുകുമ്പോൾ കവിതയാണ് .... ഇനി ഒരിക്കലും കാണാനിടയില്ലാത്ത ഒരു രോഗിയുടെ യാത്രപറച്ചിലിനെ മുൻനിർത്തി എഴുതിയ ഈ അസാധാരണ അനുഭവം വായനക്കാരനെ, പ്രാചീന ഗ്രീക്ക് കലാചിന്തകരുടെ സങ്കേതം കടമെടുത്താൽ, കഥാർസിസിലേക്ക് നയിക്കും.
ഡോ. ബി. ഇക്ബാലിന്റെ വവ്വാൽ വനിത, ഡോ. ഹേമ ബാലകുമാറിന്റെ അനസ്തീഷ്യയിലെ നൂതന പ്രവണതകൾ, ഡോ. പി.എം. സലീമിന്റെ കുട്ടികളിലെ പൊണ്ണത്തടി, ഡോ. അല്ലി ബി. ചന്ദിന്റെ ദന്താരോഗ്യം, ഡോ. എ.വി. ജയകൃഷ്ണന്റെ ആധുനിക ന്യൂറോ സർജറി, ഡോ: ആർ.സി ശ്രീകുമാറിന്റെ പ്രമേഹരോഗികളിലെ പദപ്രാധാന്യം എന്നിവയെക്കുറിച്ചുള്ള മികച്ച ലേഖനങ്ങൾ ഈ ലക്കത്തിന്റെ അഭിമാനമുദ്രകളാണ്.
പുതുവത്സര പ്രതിജ്ഞയുടെ ജനിതക രഹസ്യങ്ങളിലേക്ക് ഡിറ്റക്ടീവിനെ പോലെ ഊളിയിടുന്ന ഡോ. സുൾഫിക്കർ അലിയുടെ ലേഖനം വൈദ്യശാസ്ത്രപരമായും സാമൂഹികമായും വളരെ പ്രാധാന്യമർഹിക്കുന്നു. ന്യൂ ഇയർ റിസൊല്യൂഷൻസ് എന്ന് നാം പൊതുവെ പറയുന്ന പുതുവർഷപ്രതിജ്ഞകൾ ആഹ്ളാദകരവും സമാധാനപൂർണ്ണവുമായ ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

റോബർട്ട് വാൾഡിംഗറുടെ പ്രശസ്ത പുസ്തകമായ ദി ഗുഡ് ലൈഫ് (The Good life ) ആ ലക്ഷ്യത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് ചികഞ്ഞു ചികഞ്ഞു പോവുന്നത് തികച്ചും കൗതുകകരമാണ്. ആ ആഖ്യാനമാവട്ടെ അസാധാരണമായ കാഴ്ചകളാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്. പണമോ പ്രശസ്തിയോ അധികാരമോ ആരോഗ്യം പോലുമോ അല്ല മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്ന് 80 വർഷത്തെ നീണ്ട പഠനത്തിന്റെ ഉൾക്കാഴ്ചയിൽ ആ പുസ്തകം പ്രഖ്യാപിക്കുന്നു. ഹൃദയം തൊടുന്ന മനുഷ്യബന്ധങ്ങളാണ് മനുഷ്യനെ ഏറ്റവും ആഹ്ളാദവാനാക്കുന്നതെന്ന് ശാസ്ത്രീയമായ ആ ഹാർവാർഡ് പഠനം നിസ്സംശയം ചൂണ്ടിക്കാട്ടുന്നുണ്ടത്രേ. Happiness is not avoiding Sufferings, but learning to live with it എന്നൊക്കെ ആ പുസ്തകം പറയുമ്പോൾ ഹരാരി ഹോമോ ദിയൂസിൽ ബുദ്ധദർശനങ്ങളാവും വരുംകാലങ്ങളിൽ ലോകത്തിന്റെ വെളിച്ചം എന്നു അടിവരയിടുന്നത് ഗൃഹാതുരത്വത്തോടെ നാമോർത്തു പോവും.
പാർക്കിൻസൺ രോഗ (Parkinson disease) ത്തെക്കുറിച്ച് കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ സ്മൃതിപഥത്തിൽ രണ്ടോ മൂന്നോ പേരുടെ ചിത്രമാവും തെളിയുക. മുഹമ്മദ് അലിയും മൈക്കേൽ ജെ. ഫോക്സും നീൽ ഡയമണ്ടുമൊക്കെ ഈ രോഗത്തെ ലോക ശ്രദ്ധയിലേക്ക് ബോധപൂർവമായും അബോധപൂർവമായും കൊണ്ടുവന്നവരാണ്. പഞ്ച് ഡ്രങ്ക് സിൻഡ്രോമിൽ നിന്ന് പാർക്കിൻസണിലേക്ക് ആ മഹാനായ ബോക്സർ എത്തുന്നത് ഇതിഹാസതുല്യമായ 61 പോരാട്ടങ്ങളുടെ ദുഃഖകരമായ ശേഷപത്രമാണ്. സണ്ണി ലിസ്റ്റൺ, ഫ്ലോയ്ഡ് പാറ്റേഴ്സൺ, ജോ ഫ്രേസിയർ, ജോർജ് ഫോർമാൻ തുടങ്ങി ബോക്സിങ് രംഗത്തെ അടക്കിഭരിച്ച ചക്രവർത്തിമാരെയൊക്കെ ഇടിച്ചു പരത്തി ചരിത്രത്തിലാദ്യമായി 3 തവണ ലോകകിരീടം തിരിച്ചു പിടിച്ചു ജേതാവായ അദ്ദേഹം യുദ്ധത്തിനെതിരായ ശക്തമായ നിലപാടു കൊണ്ട് ലോകത്തിന്റെ തന്നെ യുദ്ധവിരുദ്ധ ഐക്കണായി മാറി. അമേരിക്കൻ ഗായകനും കംപോ സറുമായ നീൽ ഡയമണ്ട്, സ്വീറ്റ് കരോലിൻ പാടുമ്പോൾ, എവിടെ നിന്നാണ് വിഷാദം നമ്മെ പൊതിഞ്ഞു പിടിക്കുന്നത് എന്ന് നമ്മൾ അമ്പരക്കും. നടനും മനുഷ്യസ്നേഹിയുമായ മൈക്കേൽ ജെ. ഫോക്സ്, 29 വയസ്സിൽ തന്നെ ഈ രോഗത്തിന്റെ പിടിയിൽ പെട്ടെങ്കിലും തളരാതെ തന്റെ ജീവിതകാലം മുഴുവൻ പാർക്കിൻസൺ രോഗത്തെക്കുറിച്ചുള്ള റിസർച്ചിനായി തന്റെ സ്വത്തുക്കൾ എല്ലാം സമർപ്പിച്ച് അനശ്വരനായി. ഡോ. ശ്യാംലാലിന്റെ പണ്ഡിതോചിതമായ ലേഖനം വായനക്കാർക്ക് ഈ രോഗത്തെക്കുറിച്ച് ശാസ്ത്രീയവും ഗാഢവുമായ അറിവാണ് പകരുന്നത്.
പ്രാചീനകാലം മുതൽ മനുഷ്യന് ഒരു കടങ്കഥയായി തുടരുന്ന പനി എന്ന രോഗലക്ഷണത്തെ എങ്ങനെ ഡിസൈഫർ ചെയ്യാമെന്ന ധൈഷണികമായ പര്യാലോചനയാണ് ഡോ. പി. ജ്യോതികുമാറിന്റെ ലേഖനം. പനിയെക്കുറിച്ച് Went worth press 2016-ൽ പ്രസിദ്ധീകരിച്ച ഫീവേഴ്സ് എന്ന പുസ്തകത്തിന്റെ ആധികാരികതയെ നാൽപതു വർഷത്തോളമുള്ള തന്റെ വിപുലമായ ചികിത്സാപരിചയവും പരന്ന വായനയും കൊണ്ട് അത്ഭുതകരമായി പൂരിപ്പിക്കുകയാണ് ഡോ. പി. ജ്യോതികുമാർ. മെരിഡിത്ത് ക്ലൈമറുടെ ആ മെഡിക്കൽ ക്ലാസിക് വൈദ്യശാസ്ത്ര തല്പരരായവരെല്ലാം നിശ്ച യമായും വായിച്ചിരിക്കേണ്ടതാണ്.
ഒരു പ്രൊഫഷണൽ സംഘടന അതിന്റെ അംഗങ്ങളുടെ ആരോഗ്യം എങ്ങനെ വിലമതിക്കുന്നു എന്നും വെല്ലുവിളികളെ അതിജീവിക്കുവാൻ എങ്ങനെ അവരുടെ കൂടെ നിൽക്കുന്നു എന്നും വളരെ കൃത്യവും കണിശവുമായി ബോദ്ധ്യപ്പെടുത്തുകയാണ് ഡോ. ബി. വേണുഗോപാലൻ. ഐ.എം.എ ഹെൽത്ത് സ്കീം ഒരു വലിയ വിജയഗാഥയായി തുടരട്ടെ എന്ന് നമുക്ക് ഹൃദയപൂർവം ആശംസിക്കാം.
ഡോ. കമ്മപ്പ കെ.എ, ഡോ. ജയകൃഷ്ണൻ.ടി, ഡോ. സത്യജിത്ത് ആർ, ഡോ. അശോക് നടരാജ് എന്നിവരുടെ ലേഖനങ്ങൾ വിഷയങ്ങളുടെ ശാസ്ത്രീയമായ കാലിഡോസ്കോപ്പിക് വ്യൂ വായനക്കാർക്ക് വാഗ്ദാനം ചെയ്യുന്നു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബി.ബി.സി സംപ്രേഷണം ചെയ്ത A ghost town In most populated Country എന്ന ഡോക്യുമെൻ്ററി അപ്രതീക്ഷിതമായി കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. പത്തനംതിട്ടയിലെ കുമ്പനാട് എന്ന അർബൻ ഏരിയയിലെ സവിശേഷവും ഞെട്ടിക്കുന്നതുമായ അവസ്ഥയായിരുന്നു അതിലെ പ്രതിപാദ്യം. കുമ്പനാട്ടിലെ മിക്കവാറും വീടുകൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആൾപ്പെരുമാറ്റമുള്ള വീടുകളിലാവട്ടെ വളരെ പ്രായം ചെന്ന ആളുകൾ മാത്രവും. യുവാ ക്കളും മദ്ധ്യവയസ്കരും നാട്ടിലില്ല. അവർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തിക്കഴിഞ്ഞിരിക്കുന്നു.
2023-ൽ കേരളത്തിൽ നിന്ന് 2.5 ലക്ഷം വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയത്. പുതിയ തലമുറക്ക് നമ്മുടെ നാട്ടിലെ വികസനരാഹിത്യവും സത്യസന്ധമല്ലാത്ത രാഷ്ട്രീയവും, ഋണാത്മകമായ സാമൂഹിക സാഹചര്യങ്ങളും, അസൗകര്യങ്ങളും ഒട്ടും സഹിക്കാൻ കഴിയാതെ വന്നിരിക്കുന്നു. ലഭിക്കുന്ന എററവും അടുത്ത അവസരത്തിൽ കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് അവർ ആവേശത്തോടെ സ്വയം പറിച്ചു നടുകയാണ്. ഈ ഗുരുതരമായ മസ്തിഷ്ക ചോർച്ചയും അനുബന്ധ പ്രശ്നങ്ങളും നമ്മുടെ സാമൂഹിക- രാഷ്ട്രീയ ചിന്തകർ ഇതു വരെ ഗൗരവതരമായി വിലയിരുത്തിയിട്ടില്ല എന്ന വസ്തുത ഒരു രാഷ്ട്രീയ വിദ്യാർത്ഥിയെ നിശ്ചയമായും അത്ഭുതപ്പെടുത്തിയേക്കും. നോൺ-ഇഷ്യൂകളിൽ തമ്മിൽ തല്ലി തലകീറുന്ന നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഇത്തരം ഗുരുതര സാമൂഹിക പ്രശ്നങ്ങളെ എന്നാണ് ആത്മാർത്ഥമായി അഭിസംബോധന ചെയ്ത് തുടങ്ങുക?

