സമാനതകളില്ലാത്ത വെല്ലുവിളികളും സമ്മർദവും അഭിമുഖീകരിച്ചുകൊണ്ടാണ് ഡോക്ടർമാർ, ഇന്ത്യയിൽ ഒരിക്കൽ coveted എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന രോഗീചികിത്സ എന്ന തൊഴിൽ ഇപ്പോൾ ചെയ്തുവരുന്നത് എന്ന വസ്തുത, ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും അഭികാമ്യമാണെന്ന് കരുതുക വയ്യ. 'നരജീവിതമായ വേദനക്ക് ഒരു മട്ട'ല്ല, പല മട്ടിൽ പനേഷ്യ അന്വേഷിക്കുകയും അവ ചെയ്യാവുന്നിടത്തോളം ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്ത് സമൂഹത്തിന്റെ വേദനയെ ഉച്ചാടനം ചെയ്യാൻ ഓരോ ചികിത്സകരും കടന്നുപോവുന്ന പൊള്ളുന്ന വഴിത്താരകൾ ഏതൊരു ഡോക്ടറുടേയും ജീവിതത്തിൽനിന്നും ആയാസരഹിതമായി കണ്ടെടുക്കാനാവും.
ലോകത്തിലെ ഏറ്റവും കഠിനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെഡിക്കൽ പഠന കാലത്തിനുശേഷം ഒരോ പുതിയ ഭൂഖണ്ഡങ്ങളായി അവതരിക്കുന്ന രോഗികളുടെ വേദനയുടെ / രോഗത്തിന്റെ കാരണങ്ങൾ പഠനത്തിന്റെയും അനുഭവജ്ഞാനത്തിന്റെയും ഉൾക്കാഴ്ചയുടേയും ബലത്തിൽ തെരഞ്ഞുപിടിച്ച് കണ്ടെത്തുന്ന നിശിതമായ ക്ഷുരസ്യധാരായാത്രക്കൊടുവിൽ, അമൃതിനുപോലും അലർജിയുണ്ടാവാനിടയുള്ള സാദ്ധ്യത നിലനിൽക്കേ, ദിവസവും നൂറു കണക്കിന് രോഗികൾക്ക് മരുന്നുകൾ നൽകി അവരെ ചികിത്സിക്കുന്ന പ്രക്രിയ ഒരു എസ് ക്ലിയേപ്പസിനോ അശ്വനീദേവന്മാർക്കോ ഷെനോങ്ങിനോ ജെഗുവിനോ മാത്രം സാദ്ധ്യമാവുന്ന രീതിയിൽ അത്ര മാത്രം സങ്കീർണ്ണവും കഠിനവുമായ ഒന്നാണ്. പുത്തൻ സമൂഹങ്ങൾ ചികിത്സാതത്വശാസ്‌ത്രത്തിന്റെ പുതിയ പാഠങ്ങൾ എഴുതിച്ചേർക്കുമ്പോൾ ഡോക്‌ടർ സമൂഹത്തിന് ആ പുത്തൻ നിലപാടുകളുടെ സ്റ്റീം റോളർ അനുഭവങ്ങൾ എത്രത്തോളം ഉത്കണ്ഠാജനകമാണെന്ന് അവർ ആലോചിക്കുന്നേയില്ല. ചികിത്സ വേണം പക്ഷെ ചികിത്സകർ വേണ്ട എന്ന അമ്പരപ്പിക്കുന്ന കാഴ്ചപ്പാടുകൾ ജെൻ ആൽഫകളെപ്പോലും ഞെട്ടിച്ചേക്കും.
സാമൂഹികമായി പൊതുവിൽ ഡോക്ടർമാരോടുള്ള കാഴ്ചപ്പാടിൽ വന്ന ഋണാത്മക പരിണാമങ്ങൾ, രാഷ്ട്രീയക്കാരുടെ സ്ഥിരം വേട്ടമൃഗമായി മാറുന്ന അവസ്ഥ, ജഡ്ജിമാരിൽനിന്ന് തികച്ചും വ്യത്യസ്തമായി ഒരു സെക്കന്റിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥയിൽ പോലും മാസങ്ങളോളം കേസ് കേട്ട്, പഠിച്ചെഴുതുന്ന വിധിന്യായങ്ങളിൽ തെറ്റുവരുത്തുന്ന ന്യായാധിപർക്ക് ലഭിക്കുന്ന നിയമപരമായ ആനുകൂല്യം പോലും ഡോക്ടർമാർക്ക് അപ്പാടെ നിഷേധിക്കുന്ന നമ്മുടെ ജുഡീഷ്യൽ സിസ്റ്റം, ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ അസഹനീയമായ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് വോട്ടുബാങ്കു രാഷ്‌ട്രീയം കളിക്കുന്നതിൽ ആഹ്ളാദം കൊള്ളുന്ന ഭരണകർത്താക്കൾ, ക്രോസ് പതി (Crosspathy) ഉയർത്തുന്ന തൊഴിൽപരമായ അസ്വാസ്ഥ്യങ്ങൾ, ഡോക്ടർമാർക്ക് / ആശുപത്രികൾക്ക് നേരെ ഉയരുന്ന നിഷ്ഠൂരമായ ആ ക്രമണങ്ങൾ.... ഇതൊക്കെയും ചേരുംപടി ചേരുമ്പോൾ സാധാരണ ഡോക്‌ടർമാരുടെ ജീവിതം അക്ഷരാർത്ഥത്തി ൽ ചോദ്യചിഹ്നമായി രൂപാന്തരം കൊള്ളുകയാണ്.

തികച്ചും Bleak എന്ന് വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയെ ഒരു ചെറിയ തൊഴിൽസമൂഹം എന്ന നിലയിൽ അതിജീവിക്കാനുള്ള ആത്മവിശ്വാസം ഡോക്‌ടർമാർക്ക് പതുക്കെപ്പതുക്കെ നഷ്ടപ്പെടുകയാണ് എന്നു ന്യായമായും സംശയിക്കാവുന്ന, ഒട്ടും പ്രതീക്ഷാനിർഭരമല്ലാത്ത നിർണ്ണായക സന്ദർഭത്തിന്റെ പടിവാതിൽക്കലാണ്, ഈ ഡോക്ടേഴ്‌സ് ദിനത്തിൽ നമ്മൾ. ചികിത്സകരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സർവ്വാത്മനാ ഏറ്റെടുക്കാൻ സമൂഹം തയാറായില്ലെങ്കിൽ ചികിത്സാ രംഗത്തിനുണ്ടാവുന്ന ആഘാതം നമ്മുടെയൊക്കെ വന്യമായ ഊഹങ്ങൾക്കുമൊക്കെ എത്രയോ അപ്പുറത്തായിരിക്കും എന്നുറപ്പിച്ചു പറയാമെന്നു തോന്നുന്നു.
പ്രശസ്ത രേഖാ ചിത്രകാരൻ പവിത്രൻ ഒതയോത്ത് വരച്ച ഡോ ബി.സി റോയിയുടെ കവർ ചിത്രം അലങ്കരിക്കുന്ന ഈ ലക്കത്തിൽ ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗതി നിർണ്ണയിച്ച ആ മഹാ ഭിഷഗ്വരനെക്കുറിച്ച് ഡോ. സി.കെ. ആനന്ദൻ എഴുതിയ വിശദാംശങ്ങളുടെ പൂർണ്ണത കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന ഓർമ്മക്കുറിപ്പ് വായിക്കാം.
ഗ്രേസി ടീച്ചർക്കു ശേഷം കെ. രേഖ മാസികയിൽ അതിഥിയായെത്തുന്നത് തികച്ചും യാദൃച്ഛികമാണെങ്കിലും അദൃശ്യമായൊരു പാരസ്പര്യം അതിനു പിന്നിലുണ്ടെന്നു തോന്നുന്നു. സ്ത്രീകളുടെ കഥ പറയുമ്പോൾ ഒന്നുകൂടി ഉയർന്ന സർഗ്ഗാത്മകവിതാനത്തിലേക്ക് കുതിക്കുന്നവയാണ് കെ. രേഖയുടെ കഥകൾ. അപ്പോൾ അവ താരതമ്യേന subtle ആയി കഥ പറയുന്നുവെങ്കിലും. സ്നേഹിതനേ സ്നേഹിതനേ, കന്യകയും പുല്ലിംഗവും, നിന്നിൽ ചാരുന്ന നേരത്ത്, മനുഷ്യാലയ ചന്ദ്രിക തുടങ്ങിയ കഥാസമാഹാരങ്ങളിലെല്ലാം സ്ത്രീകൾക്കുവേണ്ടി അനുതാപത്തോടെ തുടിക്കുന്ന ഒരു ഹൃദയം നിങ്ങൾക്ക് തൊട്ടെടുക്കാം. ഹൃദ്രോഗം മുതൽ പ്രസവം വരെ ആത്മാർത്ഥമായും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്തിരുന്ന പഴയ തലമുറയിൽ പെട്ട ഡോക്‌ടർമാരുടെ പ്രതിനിധിയായ ഡോ. വിജയശങ്കറിനെക്കുറിച്ചുള്ള കടപ്പാടും സ്നേഹവും നിറഞ്ഞ കുറിപ്പിന്റെ പശ്ചാത്തലത്തിൽ പഠിക്കാൻ മിടുക്കരായിട്ടും സ്വന്തം മക്കളെ ഡോക്‌ടർമാരാക്കാൻ ശ്രമിക്കാതിരുന്നതെന്തുകൊണ്ടാണെന്ന് സ്വയം തിരിച്ചറിയുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. ഒരു ഗ്രാമീണ ചികിത്സകന്റെ അഭിനന്ദനസൂചകമായ വാക്കുകൾ ജീവി തത്തിലുടനീളം തന്നെ പ്രചോദിപ്പിച്ചു പോന്നതെങ്ങിനെയാണെന്ന് കഥാകാരി നന്ദിയോടെ സ്മരിക്കുന്നു.
Multi tasking എന്ന പദം ഇന്ന് ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവരാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുസമൂഹം. മനുഷ്യശരീരത്തിൽ മൾട്ടി ടാസ്‌കിങ് ഏറ്റവും ഫലപ്രദവും ഉത്തരവാദിത്ത പൂർണ്ണവുമായി നിർവഹിക്കുന്ന താരതമ്യേന വളരെ ചെറിയ ഒരു അവയവത്തിന്റെ സാന്നിദ്ധ്യം പക്ഷേ നമ്മൾ മിക്കവാറും ഓർക്കാറേയില്ല. രക്തസമ്മർദ്ദ നിയന്ത്രണവും രക്തത്തിന്റെ PH- പാലിക്കുന്നതും മുതൽ ഹോർമോൺ ഉത്പാദനവും ശരീരത്തിന്റെ Detoxification - ഉം ഉൾപ്പെടെ എതയോ ജോലികൾ മനുഷ്യായുസ്സിലുടനീളം രാപകലില്ലാതെ നിർവഹിക്കുന്ന വൃക്കകൾ നിശ്ചയമായും ഒരു അത്‌ഭുത അവയവമാണ്. കിഡ്‌നികളെ കുറിച്ചും അവക്ക് വരാവുന്ന രോഗങ്ങളെക്കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാമുള്ള ഗഹനമായ പഠനങ്ങളാണ് ഈ ലക്കത്തിൽ വായനക്കാർക്ക് മാഗസിൻ നൽകുന്ന ഉപഹാരം. ഡോ. അരുൺ കാരാട്ട്, ഡോ. ഷംനാദ് പി, ഡോ. സജ്മി സാജി, ഡോ. ഉണ്ണികൃഷ്‌ണൻ രാമചന്ദ്രൻ, ഡോ. വി.ആർ. കൃഷ്ണകുമാർ, ഡോ. നിവേദ് ഹരിദാസ്, ഡോ. ധനിൻ പുതിയോട്ടിൽ, ഡോ. മഞ്ജു കമൽ, ഡോ. രാധിക കെ. രാധാകൃഷ്ണൻ എന്നീ പ്രഗത്ഭരായ ചികിത്സകരാണ് ലേഖകർ.

ആവേശത്തിന്റെ കൊടുമുടിയിലേക്ക് 48 രാഷ്ട്രങ്ങൾ ലോകത്തിന്റെ നെറുകയിലേക്കെന്നെ പോലെ കാൽപ്പന്തുരുട്ടിക്കയറ്റിയ ത്രസിപ്പിക്കുന്ന കാഴ്ചകളുടെ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയത്. കുറോസോയും കേപ് വെർദേയുമുൾപ്പെടെയുള്ള കുഞ്ഞൻ രാഷ്ട്രങ്ങൾ ജോഗോ ബൊണീറ്റയുടെ പുത്തൻ ആഖ്യാനങ്ങൾ സൃഷ്ടിക്കുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാഷ്ട്രത്തിന്, ലോക ഫുട്ബോൾ ഇന്നും വിദൂരമായ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നതിന്റെ നാണക്കേട് ക്രിക്കറ്റിലേയോ ചെസ്സിലേയോ വിജയങ്ങൾ കൊണ്ട് നമുക്ക് മറച്ചുപിടിക്കാനായെന്നു വരില്ല. വിജയം നേടുന്ന കളിക്കാരോടൊപ്പം തന്നെ, വഴിയിൽ വീണുപോയെങ്കിലും ഒരിക്കലും മറക്കാനാവാത്ത, അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ മഹാന്മാരായ കളിക്കാരെയും ഓർക്കാനുള്ള അവസരം കൂടിയാണ് ലോകകപ്പു മത്സരങ്ങൾ.
58-ലേയും 62 -ലേയും ബ്രസീലിയൻ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചുവെങ്കിലും മദ്യത്തിലും മറ്റും വീണുപോയ റെനേ ഗാരിഞ്ച എന്ന എക്കാലത്തേയും മികച്ച ഡ്രിബ്ളർ, ഒരിക്കലും ലോകകപ്പ് നേടാൻ കഴിയാതെ പോയ മാജിക്കൽ മാഗ്യാർസിന്റെ നിർഭാഗ്യവാനായ ക്യാപ്റ്റൻ ഫ്രാങ്ക് പുഷ്‌കാസ്, 1974 - ലെ ഫൈനലിൽ ഇടറി വീണ ഫുട്ബോൾ ദാർശനികനായിരുന്ന ടോട്ടൽ ഫുട്ബോളർ യോഹാൻ ക്രൈഫ്, സെൽഫ് ഗോളിന് ജീവന്റെ വില നൽകേണ്ടിവന്ന എസ്കോബാർ.... പരാജിതരാണ് വിജയികളേക്കാൾ നമ്മുടെ ഹൃദയത്തിന് തൊട്ടടുത്ത് നിൽക്കുക എന്നത് മനുഷ്യമനസ്സിന്റെ അവ്യാഖേയതകളിലൊന്നാണത്രേ.
2002-ലെ ബ്രസീലിയൻ കാലത്താണ് എഡ്വേർഡോ ഗലിയാനോയുടെ ആ അസാദ്ധ്യ പുസ്തകം വായി ക്കുന്നത്: Football In sun & shadow. ഫുട്ബോൾ എങ്ങനെ കവിതയാകുന്നുവെന്ന്, പുസ്തകത്തിലെ 150 ചെറു കുറിപ്പുകളിലൂടെ കടന്നുപോവുമ്പോൾ അവയോരോന്നും ഓരോ സിംഫണി തീർത്ത് നമ്മെ അമ്പരപ്പിക്കും. ഫുട്ബോളിന്റെ രാഷ്ട്രീയവും വംശീയതയും സാമ്പത്തിക പശ്ചാത്തലവും മികച്ച കളിക്കാരും കളികളുമൊക്കെ ഒരു കൊളാഷിലെന്നപോലെ വരച്ചു വെച്ച ആ ഇതിഹാസ പുസ്‌തകത്തിലൂടെ രണ്ടു വ്യാഴവട്ടക്കാലത്തിനു ശേഷം ഒരിക്കൽ കൂടി കടന്നുപോവുകയാണ് ഞാൻ. ഫുട്ബോളിന്റെ ആരോഗ്യസന്ദേശവും അർത്ഥവും സൗന്ദര്യവും സംസാരിക്കുന്ന ലേഖനം ഈ ലക്കത്തിൽ വായിക്കാം. ഡോ. ജെ. സജികുമാറാണ് എഴുത്തുകാരൻ.
കേരളത്തിലെ പുതിയ സർക്കാരിന്റെ മദ്യനയത്തെക്കറിച്ച് രാഷ്ട്രീയമായും സാമൂഹികമായും ചോദ്യങ്ങൾ ഉയരുമ്പോൾ അതിന്റെ Health implications - നെ കുറിച്ചാണ് ‘നമ്മുടെ ആരോഗ്യം’ ഉൽക്കണ്ഠാകുലമാകുന്നത്. വീര്യം കുറഞ്ഞ മദ്യമായാലും വീര്യം കൂടിയ മദ്യമായാലും ആരോഗ്യത്തിന് തികച്ചും ഹാനികരമാണെന്നും, ചെറിയ ഡോസുകൾ മതിയാതെ വരുമ്പോൾ വീര്യം കൂടിയ മദ്യത്തിലേക്ക് ആളുകൾ മാറുമെന്നും പ്രശസ്ത മാനസികാരോഗ്യ വിദഗ്ധൻ ഡോ. പി.എൻ സുരേഷ് കുമാർ ശാസ്ത്രീയമായ നിലപാടെടുക്കുന്നു. മദ്യപാനത്തിലേക്കുള്ള ആദ്യവാതിൽ തുറന്നു കൊടുക്കുന്നതാവും വീര്യം കുറഞ്ഞ മദ്യമെന്നും അദ്ദേഹം ആശങ്കിക്കുന്നു.

History of cinema: The changing world of films എന്ന പുസ്തകം MBBS കഴിഞ്ഞയുടൻ 1986-87 ൽ മലപ്പുറം ജില്ലയിലെ ഉൾഗ്രാമമായ കാളികാവിലെ കൊച്ചു സ്വകാര്യ ആശുപതിയിൽ ജോലി ചെയ്യുന്ന കാലത്താണ് വായിച്ചത്. ഗ്രാമത്തിലെ സിനിമാ തല്പരരും പുരോഗമനേച്ഛുക്കളുമായ കുറച്ച് ചെറുപ്പക്കാരോടൊപ്പം ഫാസ്‌ക എന്ന പേരിൽ ഫിലിം സൊസൈറ്റി ആരംഭിച്ച കാലത്തായിരുന്നു അത്. സംവിധായകൻ, അത് ഒരാളേ ഉണ്ടായിരുന്നുള്ളൂ, ഐസൻസ്റ്റീൻ, മരിച്ചുപോയി എന്ന് പട്ടത്തുവിളയുടെ കഥാപാത്രം പറയുന്നതൊക്കെ വായിച്ച ആവേശത്തിൽ ലോകസിനിമയെ കുറിച്ച് ആഴത്തിലറിയാൻ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾ ജീവശ്വാസമാക്കിയ സുഹൃത്ത് പി. സുന്ദരരാജൻ നിർദ്ദേശിച്ചതനുസരിച്ച് വാങ്ങിയതായിരുന്നു ആ പുസ്തകം. ലോകത്തിലുടനീളം സാധാരണക്കാരേയും മികവുറ്റ സാക്ഷരരേയും ബുദ്ധിജീവികളേയും ഒരു പോലെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമ. നമ്മുടെ മാസികയിൽ ഈ ലക്കം മുതൽ ഒരു സിനിമാ ആസ്വാദക പംക്തി, ‘സെല്ലുലോയ്ഡ് ക്ലിപ്പിങ്സ്’ ആരംഭിക്കുകയാണ്. സാമൂഹിക മാദ്ധ്യമങ്ങളിൽ സിനിമയെ കുറിച്ച് എഴുതാറുള്ള ഡോ. ശങ്കർ മഹാദേവനാണ് പംക്തി കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ മാസം 19ാം തിയ്യതി സുപ്രീം കോടതി അക്ഷരാർത്ഥത്തിൽ തന്നെ ഒരു ലാൻഡ്മാർക്ക് ജഡ്ജ്മെന്റ് പുറപ്പെടുവിക്കുകയുണ്ടായി. Article 19 (1) (d) യും Article 21-ഉം ഉദ്ധരിച്ചുകൊണ്ട് നടത്തിയ ആ വിധിപ്രഖ്യാപനം, ഈ സന്നിഗ്ധമായ കാലത്തും ഇന്ത്യയിലെ സാധാരണക്കാരെ ഭരണഘടന എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്ന വസ്തുതയുടെ പരോക്ഷപ്രകടനം കൂടിയായി മാറി. റോഡിലൂടെ നടന്നുപോവുന്നവരാണ് റോഡിന്റെ ആദ്യത്തെ അവകാശികളെന്നും റോൾസ് റോയ്സിലും മേ ബാക്കിലുമൊക്കെ പറക്കുന്ന കോടീശ്വരന്മാർ പോലും അവർക്ക് താഴെ മാത്രം എന്നും അസന്നിഗ്ധമായിപ്രഖ്യാപിച്ച ആ യുഗനിർമ്മാണ വിധി ഇന്ത്യൻ നിരത്തുകളിലൂടെ നടന്നു പോവുന്ന സാധാരണക്കാരായ കോടിക്കണക്കിന് മനുഷ്യരുടെ മഗ്നാകർട്ടയായി രൂപാന്തരം കൊണ്ടു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉറങ്ങാത്ത കാവലാളായി ഇന്നും തുടരുന്ന പരമോന്നത കോടതിക്ക് ‘നമ്മുടെ ആരോഗ്യ’ത്തിന്റെ വിനീത നമസ്കാരം.
മികച്ച എഴുത്തുകാരായ കല്പറ്റ നാരായണൻ, ഡോ. ബി. ഇക്ബാൽ, ഡോ. എബ്രഹാം വർഗീസ്, ഡോ. ഷരീഖ് പി.എസ്, ജോബി ബേബി, ഡോ. കെ. ഇ. എലിസബത്ത്, ഡോ. മോഹൻ ലെസ്ലി നൂൺ എന്നിവരുടെ പ്രഗത്ഭ രചനകൾ ഈ ലക്കത്തിന്റെ അഭിമാനമാണ്.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

