ഡോ. എം. മുരളീധരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘IMA നമ്മുടെ ആരോഗ്യം’ 2026 ജൂൺ ലക്കത്തിൽ ‘പത്രാധിപർ സംസാരിക്കുന്നു’ എന്ന കോളത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ പത്രാധിപക്കുറിപ്പ്.

രിമിതമായ എന്റെ വായനയിൽ ന്യൂറോളജിയും സാഹിത്യവും ഇഴപിരിക്കാനാവാത്തവിധം മികവുറ്റ രീതിയിൽ കൈകാര്യം ചെയ്ത രണ്ടു പേരുകളാണ് ഓർമ്മയിൽ തെളിയുന്നത്: ഡോ. വി.എസ്. രാമചന്ദ്രൻ, ഡോ. ഒളിവർ സാക്സ്. Phantoms in the brain, The tell -tale brain, The man who mistook his wife for a hat എന്നീ പുസ്തകങ്ങൾ, വായനയിൽ താൽപര്യമുള്ള ഏതൊരു മെഡിക്കൽ വിദ്യാർത്ഥിയേയും പോലെ ഞാനും പലകുറി വായിച്ചിട്ടുണ്ട്. ശാസ്ത്രീയതയും എഴുത്തിന്റെ ലാവണ്യവും സമഞ്ജസമായി ഒന്നുചേരുമ്പോഴുണ്ടാവുന്ന ആ അമ്പരപ്പിക്കുന്ന സിനർജിയുടെ മുന്നിൽ കൈകൂപ്പി നിന്നിട്ടുണ്ട്. മലയാളത്തിലാവട്ടെ, ആ മഹാരഥന്മാരുടെ വഴിയിൽ ഇന്നും എഴുതിപ്പോരുന്ന ഡോ. കെ. രാജശേഖരൻ നായരാണ് എന്നെ മോഹിപ്പിച്ച മറ്റൊരെഴുത്തുകാരൻ. രോഗങ്ങളും സർഗ്ഗാത്മകതയും എന്ന പുസ്തകം മലയാളത്തിലെ ഈ ദിശയിലെ മികച്ച പുസ്തകമാണ്. ഡോ. ബി ഇക്ബാലിന്റെ ആലീസിന്റെ അത്ഭുതരോഗം എന്ന ഗ്രന്ഥമാണ് സാഹിത്യം / ന്യൂറോളജിയുടെ 'രസാവഹമായ കലർപ്പി'ന്റെ മറ്റൊരു അസാധാരണ ഉദാഹരണമായി മനസ്സിൽ തെളിയുന്നത്.

ന്യൂറോളജിയുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് വായിച്ച രണ്ടു പുസ്തകങ്ങൾ അവയുടെ അവതരണസൗന്ദര്യം കൊണ്ടും ഫിലോസഫിക്കൽ ഗരിമ കൊണ്ടും എന്നെ അമ്പരപ്പിച്ചുകളഞ്ഞു. Being you (അനിൽ സേത്ത്), Our brains our selves (മസൂദ് ഹുസൈൻ) എന്നിവ മനസ്സ്, ബുദ്ധി, ആത്മബോധം, സ്വത്വം എന്നിങ്ങനെ സങ്കീർണ്ണമായ പ്രതിഭാസങ്ങളെ ഇഴകീറി പരിശോധിക്കുന്ന പ്രക്രിയയിലൂടെ അത്‌ഭുതകരമായ ലാളിത്യത്തോടെ കടന്നുപോവുന്നത് തികച്ചും അലൗകികമായ അനുഭവമായിരുന്നു.

പെൻഗ്വിൻ പ്രസിദ്ധീകരിച്ച Being you, നാലു ഭാഗളായി 13 അദ്ധ്യായങ്ങളിൽ വിന്യസിച്ചിട്ടുള്ള പുസ്തകമാണ്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അനുമാനങ്ങളാണ് മസ്തിഷ്കം നമുക്ക് നൽകുന്നതെന്നും ഞാൻ എന്ന ബോധം ശരീരം, സാമൂഹികത, ഓർമ്മ, വികാരങ്ങൾ എന്നിവയുടെ സംയോജനത്തിന്റെ സർഗ്ഗാത്മകസൃഷ്ടിയാണെ ന്നും അദ്ദേഹം വാദിക്കുന്നു. കയറു കണ്ട് പാമ്പാണെന്നു തെറ്റിദ്ധരിക്കുന്നത് മസ്തിഷ്കത്തിന്റെ അനുമാനം (prediction) തെറ്റുമ്പോഴാണെന്നും, പക്ഷേ മിക്കവാറും സന്ദർഭങ്ങളിലും ശരിയായ അനുമാനം നടത്താൻ മസ്‌തിഷ്കത്തിനു കഴിയുന്നുവെന്നും അദ്ദേഹം എഴുതുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ബോധം എന്നത് controlled Hallucination ആണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. ബോധം എന്നത് ഒരു അതീതപ്രതിഭാസമല്ലെന്നും മസ്‌തിഷ്കത്തിന്റെ ജൈവോല്പന്നമാണെന്നും ഞാൻ എന്നത് സുസ്ഥിരമായ ആത്മാവല്ലെന്നും നിരന്തരം നിർമ്മിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന അനുഭവസാകല്യമാണെന്നുമാണ് അനിൽ സേത്ത് വാദിക്കുന്നത്.

ഡോ. ബി ഇക്ബാലിന്റെ ആലീസിന്റെ അത്ഭുതരോഗം എന്ന ഗ്രന്ഥമാണ് സാഹിത്യം / ന്യൂറോളജിയുടെ 'രസാവഹമായ കലർപ്പി'ന്റെ മറ്റൊരു അസാധാരണ ഉദാഹരണമായി മനസ്സിൽ തെളിയുന്നത്.
ഡോ. ബി ഇക്ബാലിന്റെ ആലീസിന്റെ അത്ഭുതരോഗം എന്ന ഗ്രന്ഥമാണ് സാഹിത്യം / ന്യൂറോളജിയുടെ 'രസാവഹമായ കലർപ്പി'ന്റെ മറ്റൊരു അസാധാരണ ഉദാഹരണമായി മനസ്സിൽ തെളിയുന്നത്.

പ്രചോദനം നഷ്ടപ്പെട്ട മനുഷ്യൻ, ഭാഷയും വസ്തുക്കളും ബന്ധിപ്പിക്കാനാവാത്ത രോഗി, ഓർമ്മ നഷ്ടപ്പെട്ട് സ്വയം നഷ്ടപ്പെടുന്ന ആൾ, ദൃശ്യ വിഭ്രമങ്ങൾ അനുഭവിക്കുന്ന മനുഷ്യൻ, സ്ഥലഭ്രമം മൂലം വിഷമിക്കുന്ന രോഗി, സാമൂഹികബോധം നഷ്‌ടപ്പെടുന്ന സ്ത്രീ, ശരീരം തന്റെതാണെന്നു തോന്നാത്ത രോഗി എന്നിങ്ങനെ തികച്ചും അസാധാരണരായ ഏഴു രോഗികളുടെ ഗാഢമായ പഠനമാണ് Our brains our selves എന്ന പുസ്തകം. ഏഴു രോഗികളുടെ അനുഭവപശ്ചാത്തലത്തിൽ ഈ പുസ്തകം ആരായുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്:

ആഗ്രഹങ്ങളും പ്രചോദനവും നഷ്‌ടപ്പെട്ടാൽ പഴയ ഞാൻ ശേഷിക്കുമോ?, ഭാഷയില്ലാതെ വ്യക്തിത്വം നിലനിൽക്കുമോ?, ഓർമ്മയാണ് ജീവിതകഥയുടെ അടിസ്ഥാനമെങ്കിൽ ഓർമ്മ നഷ്ടപ്പെട്ടാൽ ജീവിതത്തിന് എന്ത് സംഭവിക്കും? യാഥാർത്ഥ്യം എന്ന അനുഭവം മസ്തിഷ്‌കം നിർമ്മിക്കുന്നതാണോ? നാം കാണുന്ന ലോകം യഥാർത്ഥമാണോ? വ്യക്തിത്വം നഷ്ടപ്പെട്ടാൽ പഴയ ഞാൻ എവിടെ? ഇത് എന്റെ ശരീരമാണ് എന്ന അനുഭവം എവിടെ നിന്നു വരുന്നു ?

മസൂദ് ഹുസൈനെ അലട്ടിയ ഈ ഏഴു ചോദ്യങ്ങളും അനിൽ സേത്തിന്റെ പുസ്തകം ഉന്നയിക്കുന്ന സംശയങ്ങളും ചരിത്രത്തിൽ എറ്റവും മികച്ച രീതിയിൽ അഭിസംബോധന ചെയ്തിട്ടുള്ളത് ഗൗതമ ബുദ്ധനാണ് എന്ന് മനീഷികൾ പറയുന്നു. ഹരാരിയുടെ ഹോമോ ദിയൂസ് (Homodeus) എന്ന പ്രശസ്തമായ ഗ്രന്ഥവും നിഷ്‌കൃഷ്ടമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ കാഴ്ചപ്പാടാണ് പങ്കുവെക്കുന്നത്.

ഓർമ്മ, വ്യക്തിത്വം, ശാരീരികബോധം, സ്ഥല ബോധം എന്നിവ നഷ്ടപ്പെട്ടാൽ 'ഞാൻ' മാറുന്നു. അപ്പോൾ ശാശ്വതമായ ആത്മാവ് എവിടെയാണ് എന്ന് ബുദ്ധൻ അനത്ത (Anatta) യിൽ ആരായുന്നു. ശരീരവും വികാരവും ചിന്തയും ബന്ധങ്ങളും സമ്പത്തും മാറുന്നു. പിന്നെ എന്താണ് ശാശ്വതം? അനീച്ചയിൽ (Anicca - പാലി, Anita- സംസ്കൃതം) ബുദ്ധൻ ചോദിക്കുന്നു. എല്ലാം ക്ഷണികമാണെന്നും സ്ഥിരവും ശാശ്വതവുമായ ആത്മാവില്ലെന്നും ബുദ്ധൻ ബോധോദയത്തിന്റെ അതീത മുഹൂർത്തത്തിൽ കണ്ടെത്തിയതും self is a controlled hallucination എന്ന് അനിൽ സേത്ത് തിരിച്ചറിയുന്നതും, ശരീരവും ഓർമ്മകളും വികാരവും മാറുമ്പോൾ സ്ഥിരമായഞാൻ സാദ്ധ്യമാണോ എന്ന് മസൂദ് ഹുസൈൻ ആരായുന്നതും ഒരേ ബിന്ദുവിലാണ് സ്പർശിക്കുന്നത്. ബുദ്ധൻ നാളത്തെ ലോകത്തിന്റെ വെളിച്ചമാവുന്നത് അങ്ങനെയാണെന്ന് ഹരാരി ആശ്ചര്യം കൊള്ളുന്നു.

ന്യൂറോളജിയും ഫിലോസഫിയും എവിടെയൊക്കെയാണ് പരസ്പരം മുറിച്ചു കടക്കുന്നത് എന്ന് വൈജ്ഞാനികലോകം അമ്പരക്കുമ്പോഴാണ് രോഗചികിത്സയിൽ ന്യൂറോളജി നേടിയെടുത്ത ആധുനിക കാഴ്ചപ്പാടുകളെ ഒരു കുഞ്ഞു ചിമിഴിലൊതുക്കാൻ ‘നമ്മുടെ ആരോഗ്യം’ വിനയപൂർവം ശ്രമിക്കുന്നത്. ആ ശ്രമത്തിൽ മാഗസിനോടൊപ്പം നിന്ന ഡോ. നൗഫൽ ബഷീർ, ഡോ. ശ്യാംലാൽ. എസ്, ഡോ. രാംകുമാർ മേനോൻ, ഡോ. സച്ചിൻ സുരേഷ് ബാബു, ഡോ. വി.ജി പ്രദീപ് കുമാർ, ഡോ. ഹാറുൺ പിള്ള, ഡോ. ബിനീഷ് സി., ഡോ. ശ്യാംകൃഷ്ണൻ നായർ എന്നീ പ്രഗത്ഭ നാഡീ രോഗവിദഗ്ധന്മാരോട് നന്ദിയും സ്നേഹവും അറിയിക്കട്ടെ.

കേരളത്തിന്റെ ആരോഗ്യരംഗത്ത് കോർപ്പറേറ്റ് മൂലധനം സൃഷ്ടിക്കാനിരിക്കുന്ന അലയൊലികളുടെ ആഴം മലയാളി ഇനിയും വേണ്ടത്ര ഗൗരവത്തോടെ തിരിച്ചറിഞ്ഞിട്ടില്ല എന്നു തന്നെയാണ് ആ അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രവും പ്രായോഗികതയും ഗാഢമായി വിലയിരുത്തിയ സാമൂഹിക ശാസ്ത്രജ്ഞരുടെ പക്ഷം. ശാസ്ത്രസാഹിത്യപരിഷത് ഒഴികെ മറ്റൊരു സംഘടനയും കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട അത്തരമൊരു നീക്കത്തിന്റെ ഭാവിസൂചനകൾ സാമൂഹികമായി ചർച്ച ചെയ്യാൻ മുതിർന്നിട്ടുമില്ല. കേരളത്തിന്റെ മൊത്തം ബജറ്റിന്റെ എത്രയോ മടങ്ങ്, ഈ ചെറിയ ഭൂവിഭാഗത്ത് മുതൽമുടക്കാൻ അവരെ പ്രചോദിപ്പിക്കുന്നതെന്താവാം എന്ന വളരെ പ്രസക്തമായ ചോദ്യം, നാം അഭിമുഖീകരിക്കാൻ മടിക്കുന്നു. ഡോ. കെ.പി. മോഹനനും ഡോ. വി.കെ. അബ്ദുൾ അസീസും ആരോഗ്യ രംഗത്തെ കോർപ്പറേറ്റ് സുനാമിയെ വ്യത്യസ്ത കാഴ്ചപ്പാടുകളിൽനിന്ന് വിലയിരുത്തുന്നത് ഈ ലക്കത്തിൽ വായിക്കാം.

‘പടിയിറങ്ങിപ്പോയ പാർവതി’ എന്ന ഒരൊറ്റ കഥ കൊണ്ടുമാത്രം മലയാളമുള്ള കാലത്തോളം അതിജീവിക്കുന്ന എഴത്തുകാരിയാണ് ഇത്തവണ നമ്മുടെ അതിഥി: ഗ്രേസി. സ്വവർഗ്ഗ ലൈംഗികതയും സ്ത്രീയുടെ കാമനകളും ഒരുപക്ഷേ, മാധവിക്കുട്ടിയോ സാറാ ടീച്ചറോ ഒഴികെ മറ്റാരും സ്പർശിക്കാൻ മടിച്ചിരുന്ന കാലത്ത്, തൊണ്ണൂറുകളുടെ ആദ്യം, മലയാളിയുടെ മുഖം മൂടിയിട്ട ലൈംഗികതയെ നേരിട്ടു വെല്ലുവിളിച്ചു, ആ രചന. പാർവതിയുടെ സുഹൃത്തിന്റെ കാഴ്ചപ്പാടിൽ ചുരുൾ നിവരുന്ന കഥയിൽ വളരെ ചുരുക്കം കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. പക്ഷേ ആ കഥ മലയാളത്തിലെ സ്ത്രീപക്ഷസാഹിത്യത്തിന്റെ കൊടിക്കൂറയായി രൂപാന്തരം കൊണ്ടു എന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു. ഭ്രാന്തൻ പൂക്കൾ, മൂത്രത്തീക്കര, പനിക്കണ്ണ്, ഉടൽവഴികൾ തുടങ്ങിയവയാണ് ഗ്രേസിയുടെ പ്രധാന പുസ്തകങ്ങൾ. സദ് ഗുണ സമ്പന്നരായ ഡോക്ടർ ആഖ്യാനങ്ങളുടെ ആന്റി തീസിസാണ് മാസികയിലെ ‘ഇരുവർ’ എന്ന അവരുടെ ലേഖനം. അപ്പോഴും, നല്ല ശമരിയക്കാരായ മൂന്നു ഡോക്‌ടർമാരെ ആ ചെറിയ ലേഖനത്തിൽ നമുക്ക് വരികൾക്കിടയിലൂടെ വായിക്കാം എന്ന വസ്തുതയാണ് കൗതുകകരം.

പടിയിറങ്ങിപ്പോയ പാർവതി’ എന്ന കഥ മലയാളത്തിലെ സ്ത്രീപക്ഷസാഹിത്യത്തിന്റെ കൊടിക്കൂറയായി രൂപാന്തരം കൊണ്ടു എന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു.
പടിയിറങ്ങിപ്പോയ പാർവതി’ എന്ന കഥ മലയാളത്തിലെ സ്ത്രീപക്ഷസാഹിത്യത്തിന്റെ കൊടിക്കൂറയായി രൂപാന്തരം കൊണ്ടു എന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു.

ആധുനിക മനഃശാസ്ത്ര ചികിത്സ, ഫ്രോയ്‌ഡ് - യുങ്ങ് - ഹാവ് ലോക് എല്ലിസ് കാലഘട്ടത്തിൽ നിന്ന് വിസ്മയകരമായി കുതിച്ചുയരുന്നത് ഭംഗ്യന്തരേണ അടയാളപ്പെടുത്തുകയാണ് പ്രശസ്ത മാനസികാരോഗ്യ വിദഗ്ധനായ ഡോ. ആൽഫ്രഡ് സാമുവലിന്റെ ‘ഒപ്പമുണ്ട്’ എന്ന ലേഖനം. ഒ.സി.ഡി (obsessive compulsive disorder) ആയാലും, കടുത്ത വിഷാദരോഗമായാലും, ബൈപോളാർ അസുഖമായാലും അതീവ കൃത്യതയുള്ള മരുന്നുകൾ ഉപയോഗിച്ച് രോഗിക്ക് സാധാരണ ജീവിതം സാദ്ധ്യമാക്കാൻ ആധുനിക മനഃശാസ്‌ത്രചികിത്സ ഇന്ന് പ്രാപ്തമായിരിക്കുന്നു എന്ന് ഈ ലേഖനം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. നല്ല അനുഭവം. നല്ല ആഖ്യാനം.

കല്പറ്റ നാരായണന്റെ കവിത, സപ്തതി യഥാർത്ഥത്തിൽ ഒരു ഉച്ചാടനക്രിയയാണ്. മരണം എന്ന അനിവാര്യതക്കെതിരെയുള്ള സാക്ഷര മന്ത്രവാദം. ഏറ്റവും അനിഷ്ടമായ സാഹചര്യങ്ങളെ അത്യുൽക്കടമായ സ്നേഹത്തോടെ ചേർത്തണയ്ക്കുമ്പോൾ അവ അകന്നുപോവും എന്ന പാഗൻ ആശയബലം ആ കവിതക്ക് പിന്നിലുണ്ടെന്നു തോന്നുന്നു.

ഇടിമിന്നലിൽനിന്നുള്ള ശാസ്ത്രീയ രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഡോ. രാജീവ് ജയദേവൻ, ഹാന്റ വൈറസ് ബാധയെ വിശകലനം ചെയ്യുന്ന ഡോ. സ്മിത മേനോൻ, കലാലയങ്ങളിലെ ജാതിവിവേചനങ്ങളെക്കുറിച്ച് ഉൽക്കണ്ഠാകുലനാവുന്ന ഡോ. വിവേക് കെ.ബി, മദ്ധ്യവയസ്സിലെ വ്യായാമത്തെ സംബന്ധിച്ച ശാസ്ത്രീയ കാഴ്ചപ്പാട് പങ്കുവെക്കുന്ന ഡോ. സുൾഫിക്കർ അലി, ഇൻസുലിൻ കുത്തിവെപ്പിന്റെ സമഗ്രവിവരങ്ങൾ കൈമാറിയ ഡോ. അരുൺ ശങ്കർ, ഫ്രാക്‌ചർ & ഫസ്റ്റ് എയ്ഡിനെക്കുറിച്ച് വിശദമായി എഴുതിയ ഡോ. ഷാനവാസ് കെ.പി., ഒരു സാധാരണക്കാരി വൈദ്യശാസ്‌ത്രചരിത്രത്തിൽ ഇടം പിടിക്കുന്ന കഥ ഹൃദയാവർജ്ജകമായി അവതരിപ്പിച്ച ഡോ. ബി.ഇക്ബാൽ എന്നിവർക്ക് മാസിക നന്ദി രേഖപ്പെടുത്തട്ടെ.

ഇതാ, 'ചുമ്മാതെ കേണും ചിരിച്ചും പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും' ഒരിക്കൽ കൂടി മഴയെത്തുകയായി. കഷ്ടപ്പാടുകളും ദുരന്തളുമൊഴിഞ്ഞ, പണ്ട് ശ്രീപാർവതിയെ സുന്ദരിയാക്കിയ കാളിദാസന്റെ ഉത്തുംഗ ഭാവനാ ശിഖരത്തിലെ മഴയുടെ സൗന്ദര്യം മാത്രം പ്രിയ വായനക്കാർക്ക് സ്നേഹപൂർവ്വം ആശംസിക്കുന്നു.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments