ഡോ. എം. മുരളീധരൻ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘IMA നമ്മുടെ ആരോഗ്യം’ 2026 മാർച്ച് ലക്കത്തിൽ ‘പത്രാധിപർ സംസാരിക്കുന്നു’ എന്ന കോളത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ പത്രാധിപക്കുറിപ്പ്.

വന്ദനം, ഭവാനുയരുന്നു
ഭുജശാഖ വിട്ടു ഞാൻ,
ഭയമറ്റു പറന്നുപോയിടാം,
സ്വയമിദ്യോവിലൊരാശ്രയം വിനാ.

രു നൂറ്റാണ്ടിനപ്പുറത്ത് ഒരു മലയാള കവി എഴുതിയ വരികളാണിത്. ചങ്ങല പൊട്ടിച്ചെറിയുന്ന സ്ത്രീയുടെ ബലിഷ്ഠമായ സ്വതന്ത്രചിന്തയുടെ ഉജ്ജ്വലമായ ആവിഷ്കാരത്തിനപ്പുറത്ത് കേരളീയ സാമൂഹിക ബോധത്തെ തികച്ചും ആധുനികമാക്കിയ ഉറച്ച നിലപാടു തറയായും ആ കവിത,ആശാന്റെ സീതാകാവ്യം, എന്നും ഓർമിക്കപ്പെടും.

1792- ലാണ് ബ്രിട്ടീഷ്ചിന്തകയായിരുന്ന മേരി വോൾസ്റ്റോൺക്രാഫ്റ്റ്, എ വിൻഡിക്കേഷൻ ഓഫ് റൈറ്റ്സ് ഓഫ് വുമൺ എന്ന യുഗനിർമ്മാണ ലേഖനമെഴുതിയത്. സ്ത്രീയെ വിലകുറഞ്ഞ ജീവിയായും ലൈംഗിക ഉപകരണമായും മാത്രം കാണുന്ന സാമൂഹികബോധത്തെ തന്റെ വാദങ്ങളുടെ പൊള്ളുന്ന മൂർച്ച കൊണ്ട് അവർ ആക്രമിക്കുകയും ഫെമിനിസ്റ്റ് ആശയങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. സ്ത്രീകൾക്ക് വിദ്യാഭാസവും സമൂഹത്തിൽ ഉയർന്ന സ്ഥാനവും ആവശ്യമാണെന്ന നിലപാട് അവർ തന്റേടത്തോടെ മുന്നോട്ടുവെച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് ഏകദേശം അരനൂറ്റാണ്ടിനുശേഷം, 1949-ൽ സാർത്രിന്റെ സഖിയായിരുന്ന സിമോൺ ദി ബുവ്വെ തന്റെ പ്രശസ്തമായ ഫെമിനിസ്റ്റ് താത്വിക ഗ്രന്ഥം, സെക്കൻ്റ് സെക്സ്, പ്രസിദ്ധീകരിക്കുന്നത്. സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനം ക്രിട്ടിക്കലായി പരിശോധിക്കുന്നതിനോടൊപ്പം Other ആയി പരിഗണിക്കപ്പെടുന്ന സ്ത്രീയുടെ സോഷ്യൽ റെലവൻസ് സ്ത്രീപക്ഷകാഴ്ചപ്പാടിൽ ചരിത്രത്തിലാദ്യമായി വിലയിരുത്തപ്പെടുക കൂടിയായിരുന്നു ആ പുസ്തകത്തിൽ.

ഇന്ത്യയിലാവട്ടെ പ്രാചീന കാലത്ത് സ്ത്രീക്ക് ഉയർന്ന സാമൂഹികപദവി ലഭിച്ചിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. യത്ര നാര്യന്ത പൂജ്യസ്തേ, തത്ര രമന്തേ ദേവതാ: എന്ന നിലപാടിന്റെ ആന്റി തീസിസ് പ്രാചീന സ്മൃതികളിൽ തന്നെയുണ്ട് എന്ന സംഗതവിമർശനം പരിഗണിച്ചു കൊണ്ടുതന്നെ ഗാർഗി, മൈത്രേയി തുടങ്ങിയ സ്ത്രീ ധൈഷണികതകളേയും സംവാദാത്മകമായ ആദിമ ഫെമിനിസ്റ്റ് പ്രോട്ടോടൈപ്പുകളേയും നമുക്ക് ചർച്ചാ പരിസരത്തേക്ക് സ്വാഗതം ചെയ്യാതിരിക്കാനാവില്ല.

ആധുനിക കാലത്തേക്ക് വരുമ്പോൾ ഇന്ത്യയിലും കേരളത്തിലും പുരുഷന്മാരാണ് സ്ത്രീസമത്വവാദത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചിരുന്നത് എന്ന വസ്തുത കൗതുകകരമായി തോന്നാം. രാജാറം മോഹൻ റോയ്, ജ്യോതിദേവ് ഫൂലെ, ഈശ്വർ ചന്ദ് വിദ്യാസാഗർ, മഹാത്മാഗാന്ധി തുടങ്ങിയവർ സ്ത്രീക്ക് അർഹമായ സാമൂഹിക പദവിക്കുവേണ്ടി വാദിച്ചവരാണ്. കേരളത്തിൽ സ്വദേശാഭിമാനി, വക്കം മൗലവി, പൊയ്കയിൽ അപ്പച്ചൻ, കുമാരനാശാൻ എന്നിവരും സ്ത്രീസമത്വവാദത്തിന്റെ നിലപാടുകൾ ശക്തമായി ഉയർത്തിപ്പിടിച്ചു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ന്യൂയോർക്കിലെ സ്ത്രീതൊഴിലാളികൾ വേതന വർദ്ധനവിനും ജോലി സമയം നിജപ്പെടുത്താനും നടത്തിയ ഇതിഹാസ സമാനമായ സമരങ്ങളാണ് വനിതാ ദിനത്തിന്റെ പിറവിക്ക് പിന്നിൽ. സ്ത്രീകളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സമൂഹശ്രദ്ധയിൽ വരുവാൻ ഇത്തരം സമരങ്ങൾ കാരണമായി. ആ സമരങ്ങളുടെ ഓർമ്മയാണ് മാർച്ച് എട്ട് വനിതാദിനമായി ആഘോഷിക്കപ്പെടുന്നതിന് നിദാനം.

ഈ പശ്ചാത്തലത്തിലാണ് നമ്മുടെ ആരോഗ്യം മാർച്ച് ലക്കം സ്ത്രീപതിപ്പായി വിഭാവനം ചെയ്യുന്നത്. മാഗസിൻ വായനക്കാരായ സ്ത്രീകളോടെല്ലാം സ്ത്രീ പതിപ്പ് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.

ശാണ്ഡില്യ, വരാഹ തുടങ്ങിയ താന്ത്രിക പാരമ്പര്യത്തിൽ പെട്ട ഉപനിഷത്തുകളിലാണ് കുണ്ഡലിനീ ശക്തിയെ കുറിച്ചുള്ള ആദ്യ പരാമർശങ്ങളുള്ളത്. ബുദ്ധനുൾപ്പെടെയുള്ള പ്രാചീന അന്വേഷകർ ബോധോദയത്തെക്കുറിച്ചു നടത്തിയ ഗാഢമായ അന്വേഷണങ്ങളുടെ പല കൈവഴികളിലൊന്നായിരുന്നു താന്ത്രിക വിദ്യയിലെ കുണ്ഡലിനി ശക്തി. സാധകൻ മൂലാധാരത്തിൽ നിന്ന് കുണ്ഡലിനി എന്ന ഊർജ്ജ സ്വരൂപത്തെ നിരന്തര സാധനയിലൂടെ ആറു ചക്രങ്ങൾ കടത്തി സഹസ്രാര പത്മമെന്ന ഏഴാം ചക്രത്തിലേക്കുയർത്തുമ്പോൾ പരമ ജ്ഞാനത്തിന്റെ ബോധോദയം സംഭവിക്കുന്നു എന്ന് താന്ത്രിക ഉപനിഷത്തുകൾ ഉദ്ഘോഷിക്കുന്നു. ഈ ലക്കത്തിന്റെ കവർ ചിത്രം ബോധവതിയാവുന്ന സ്ത്രീയുടേതാണ്. ഡോ: സാൽവിയ എസ്. രാജ് ആണ് ചിത്രകാരി.

വടകര എം.എൽ.എ കെ.കെ. രമയാണ് ഈ ലക്കത്തിലെ അതിഥി. നമുക്ക് ചുറ്റും നന്മ വറ്റാത്ത ധാരാളം ഡോക്ടർമാരുണ്ട്, സ്നേഹത്തോടെ കടപ്പാടോടെ അവർ എഴുതുന്നു, അവർ ചെയ്യുന്ന സേവനങ്ങൾ വില മതിക്കാനാവാത്തതാണ്... വളരെ ചെറുപ്പത്തിൽ, കുടൽ കുരുക്കം (Intussusception) വന്ന് ഗുരുതരാവസ്ഥയിലായപ്പോൾ ശാസ്ത്രീയമായി രോഗനിർണയം നടത്തി വലിയ ആശുപത്രിയിലേക്ക് കൃത്യസമയത്ത് റഫർ ചെയ്ത്, കാശില്ലാതെ വന്നപ്പോൾ സാമ്പത്തികമായി പോലും സഹായിച്ച നമ്പൂതിരി ഡോക്ടറെ അവർ അങ്ങേയറ്റം നന്ദിയോടും സ്നേഹത്തോടും കൂടിയാണ് ഓർത്തെടുക്കുന്നത്. അതിനപ്പുറത്ത് തന്റെ ശക്തമായ രാഷ്ട്രീയ ബോദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരെയും ആശുപത്രികളേയും ആക്രമിക്കുന്ന തെറ്റായ പ്രവണതയെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുണ്ട് എം.എൽ എ. ഓർമ്മയിലെ കാരുണ്യവാനായ ഡോക്ടർക്ക് നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നതിനോടൊപ്പം തന്റെ സാമൂഹികാവബോധം ഓരോ ഘട്ടത്തിലും എങ്ങിനെ പ്രവർത്തിക്കുന്നു എന്നു കൂടി അവർ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.

വടകര എം.എൽ.എ കെ.കെ. രമ
വടകര എം.എൽ.എ കെ.കെ. രമ

ഉയർന്ന ഔദ്യോഗിക പദവികളിലിരിക്കുന്ന സ്ത്രീകളെ പല തരത്തിലും താഴ്ത്തിക്കെട്ടാൻ വിദഗ്ധമായ നരേറ്റീവുകൾ സൃഷ്ടിക്കുന്നതിൽ സമൂഹം എന്ന നിലയിൽ പ്രത്യേക താൽപര്യം മലയാളികൾക്കുണ്ടോ എന്ന സംശയം പലപ്പോഴും പ്രകടപ്പിക്കപ്പെട്ടു കണ്ടിട്ടുണ്ട്. അത്തരം ആഖ്യാനങ്ങളെ അപ്പാടെ റദ്ദു ചെയ്യുന്ന ആത്മാർത്ഥതയും സത്യസന്ധതയും നിറഞ്ഞ കുറിപ്പാണ് ഡോ. ചാന്ദ്നി. ആർ എഴുതിയ വനിതാ പ്രിൻസിപ്പാളിന്റെ ആത്മഗതം. തലമുറകൾ ഇന്നും ഓർത്തുവെക്കുന്ന പ്രഗത്ഭയായ അദ്ധ്യാപികയുടെ മകളായ ഡോ. ചാന്ദ്നി ആ പാരമ്പര്യത്തിന്റെ പാരസ്പര്യമാണ് പങ്കിടുന്നതെന്ന് നിശ്ചയമായും വായനക്കാർ തിരിച്ചറിയും.

ഡോ: ചാന്ദ്നിയുടെ കുറിപ്പു വായിക്കുമ്പോൾ അമേരിക്കയുടെ കറുത്ത വർഗ്ഗക്കാരിയായ ആദ്യ വനിതാ പ്രസിഡണ്ട് സ്ഥാനാർത്ഥി ഷെർലി ചിഷോമിന്റെ Unbought & unbossed എന്ന പ്രശസ്തമായ ആത്മകഥാഗ്രന്ഥം ഓർക്കാതിരിക്കാനാവില്ല. 'ആർക്കും വിലക്കെടുക്കാനാവത്തതും ആരാലും സ്വാധീനിക്കപ്പെടാനാവാത്തതു'മായ വിവകരമായ സ്വതന്ത്ര നിലപാട് തന്റെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ചു. അധഃസ്ഥിതർക്കും കറുത്ത വർഗ്ഗക്കാർക്കും, സ്ത്രീകൾക്കും വേണ്ടി സ്വയം സമർപ്പിച്ച അവരുടെ പൊളളുന്ന കഥ സ്മരിക്കുന്നത് ഈ സ്ത്രീ പതിപ്പിനെ ധന്യമാക്കിയേക്കും. പുസ്തകത്തിന്റെ എട്ടാമദ്ധ്യായത്തിലാണ് പൊതുജീവിതത്തിലെ സ്ത്രീ(Women In Public life) അവർ ചർച്ചയുടെ കേന്ദ്ര ബിന്ദുവാക്കുന്നത്.

ആധുനിക മലയാളി സ്വത്വത്തിന്റെ പ്രളയ സ്മരണകളിലേക്ക് വിരൽ ചൂണ്ടാതെ ചൂണ്ടുന്ന ഇന്ദ്രജാലമാണ് അമ്മുദീപയുടെ ശനിശലഭം. മലയാള കവിതയുടെ പ്രതീക്ഷ പകരുന്ന പുതിയ മുഖമായ അമ്മു ദീപ, ഈ സ്ത്രീ പതിപ്പിൽ കൽപറ്റ നാരായണന്റെ സ്ഥിരം പംക്തിയുടെ അഭാവം പ്രഗത്ഭമായി നികത്തുകയാണ്.

മെഡിക്കൽ സയൻസിന്റെ അഭിമാനമായ മികച്ച എഴുത്തുകാരികളാണ് ഈ ലക്കത്തിൽ എഴുതിയിട്ടുള്ളത്. എം.ബി ബി എസ്സ് വിദ്യാർത്ഥിനികളായ ഋതികയും കൃഷ്ണനന്ദയും അഞ്ജലിയും മുതൽ ഡോ. ഇന്ദിര അമ്മയും ഡോ. പി.എൻ. അജിതയും ഡോ. ഭവാനിചന്ദ്രശേഖറുമടക്കമുള്ള നിരവധി തലമുറകളുടെ പ്രതിനിധികൾ വ്യത്യസ്ത വിഷയങ്ങൾ കൈയാളിയിരിക്കുന്നു. ഡോ. ഹിത.കെ, ഡോ. മാളവിക അഭിജാത്, ഡോ. കെ.എസ്. പ്രഭാവതി, ഡോ. ദിവ്യാ നായർ, ഡോ. സുഷമ അനിൽ, ഡോ. അൻജു ദീപക് ഉണ്ണിത്താൻ, ഡോ. മിനി പി.എസ്, ഡോ. സാവിത്രി ഹരിപ്രസാദ്, ഡോ. ഹഷിത വി.എം, ഡോ. ഷീന ജി സോമൻ, ഡോ. പൂജ ഹരിപ്രസാദ്, ഡോ. എൻ.വി അനുശ്രീ, ഡോ. എം.എസ്. ബിജി, ഡോ. ആർ അനുപമ, ഡോ. ലതിക രാജേഷ്, ഡോ. വിലാസിനി സുന്ദരേശൻ, ഉമാകല്യാണി എന്നിവർക്ക് നന്ദി, സ്നേഹം.

സ്ത്രീപതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ ഐ എം എ വിമൻസ് വിംഗിന്റെ പരിണിത പ്രജ്ഞയായ നേതാവ് ഡോ. സ്വപ്ന നമ്പ്യാരാണ്. ശക്തമായ സ്ത്രീപക്ഷ ഗസ്റ്റ് എഡിറ്റോറിയൽ ഡോ. സ്വപ്നയുടെ നിലപാടുകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

Anything that can go wrong , will go Wrong എന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട മർഫിയുടെ നിയമം (Murphy's law) പ്രഖ്യാപിക്കുന്നത് ലോകമെമ്പാടും നടന്ന ആയിരക്കണക്കിന് നിർണ്ണായകമായ അത്യാഹിതങ്ങളെ വിലയിരുത്തിയിട്ടാണ്. ഒരു സാമൂഹിക നിയമമായി അത് രൂപാന്തരം കൊള്ളുന്നതാവട്ടെ, അത്തരം സംഭവങ്ങളുടെ സാദ്ധ്യതയുടെ അസന്നിഗ്ദാവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. ഒരു അന്യവസ്തുവും ഓപ്പറേഷനു ശേഷം ശരീരത്തിലുണ്ടാവാൻ പാടില്ലെന്നത് തീർച്ചയാണെങ്കിലും, നമ്മുടെ നാട്ടിലേക്കാൾ മറവി സംഭവങ്ങൾ, വളരെ കുറച്ച് ശസ്ത്രക്രിയകൾ ചെയ്യുന്ന, എത്രയോ സഹായികൾ പങ്കെടുക്കുന്ന വിദേശ രാജ്യങ്ങളിൽ കൂടുതലാണ് എന്ന് അവിടങ്ങളിൽ നടക്കുന്ന പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അവയൊന്നും ഒരിക്കലും ഒഴിവു കഴിവാവരുത് എന്ന് പറയുമ്പോഴും അത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ നടക്കുന്നു എന്നതാണ് ദുഃഖകരമായ സത്യം. അതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് അത്തരം കാര്യങ്ങളിലിടപെട്ടവർക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനുമാവില്ല. ആവശ്യമായത്ര സഹായികൾ,തിരക്കില്ലാതെ ചെയ്യാനാവുന്നത്ര മാത്രം ശസ്ത്രക്രിയകൾ, കൃത്യമായി പാലിക്കപ്പെടുന്ന പ്രോട്ടോക്കോളുകൾ, സൗണ്ടഡ് കൗണ്ടിംഗ് എന്നിവയിലൂന്നിനിന്നുകൊണ്ട് തെററുകൾ പരമാവധി ഒഴിവാക്കാനാവുന്ന നൂതനമായ ഒരു ശസ്ത്രക്രിയാ സംസ്കാരത്തിന് നമുക്ക് കാത്തിരിക്കാം.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments