Medicine is a social science and Politics is nothing but medicine on a large scale: 19-ാം നൂറ്റാണ്ടിന്റെ ധൈഷണികചരിത്രത്തിൽ സ്ഥാനം പിടിച്ച ഈ വാക്യം, സാമൂഹികശാസ്ത്രം വൈദ്യശാസ്ത്രത്തിന്റെ അടിത്തറയാണെന്ന് യുക്ത്യധിഷ്ഠിതമായി സ്ഥാപിച്ച ഒരു ചികിത്സകൻ എഴുതിയതാണ്.
വൈദ്യശാസ്ത്രത്തേയും സമൂഹശാസ്ത്രത്തെയും ബന്ധിപ്പിക്കുന്ന നിർണ്ണായക ഘടകളെക്കുറിച്ച് ഗാഢമായ പഠനം നടത്തുകയും, വലിയ അക്ഷരത്തിൽ എഴുതിയ വൈദ്യം മാത്രമാണ് രാഷ്‌ട്രീയം എന്ന ശാസ്ത്രീയവും വിപ്ലവകരവുമായ നിലപാടെടുക്കുകയും ചെയ്ത ആദ്യത്തെ വൈദ്യശാസ്ത്രജ്ഞനായിരുന്നു റുഡോൾഫ് വീർക്കോ(Rudolf Virchow,1821- -1902).
ദൈവകോപവും ഗൂഢമൂർത്തികളുടെ പിത്തലാട്ടവും മുതൽ വൈറ്റൽ ഫോഴ്സും ത്രിദോഷ - ചതുർദോഷ സിദ്ധാന്തങ്ങളും കടന്ന് 1880 - കളിൽ രോഗാണുസിദ്ധാന്തത്തിൽ എത്തിനിന്ന രോഗനിദാന അന്വേഷണങ്ങൾക്ക് സാമൂഹിക മാനത്തിന്റെ ശാസ്ത്രീയയുക്തി പകർന്നതിൽ പ്രധാനിയായിരുന്നു അദ്ദേഹം.
പൊതുജനാരോഗ്യം, ആരോഗ്യസങ്കല്പനത്തിന്റെ സാമൂഹിക ഘടകങ്ങൾ എന്നിങ്ങനെ ഒട്ടനവധി പുതിയ കാഴചപ്പാടുകൾക്കും നിലപാടുകൾക്കും തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ സൂക്ഷ്മമായ കണ്ടെത്തലുകളായിരുന്നു. സമൂഹവും ആരോഗ്യവുമായുള്ള ബന്ധം ചർച്ചക്ക് വരുമ്പോഴൊക്കെ എയ്ത്തുനക്ഷത്രത്തെപ്പോലെ തിളങ്ങുന്ന ആ നാമം ഇപ്പോൾ നമ്മുടെ ശ്രദ്ധയിൽ വരുന്നത് മലയാളി ഒരിക്കൽ കൂടി മറ്റൊരു തെരഞ്ഞടുപ്പിന്റെ പടിവാതിൽക്കലാണ് എന്ന സവിശേഷ സാഹചര്യത്തിലാണ്.
ഏതൊരു കാലത്തും ദേശത്തും ജനതയുടെ മുൻഗണനകളിൽ പ്രഥമ സ്ഥാനങ്ങളിൽ നിൽക്കുന്ന രണ്ടു പരിഗണനകളാണ് ആരോഗ്യവും വിദ്യാഭ്യാസവും. Infant Mortality rate എന്ന ഒരു പരികല്പന ഉപയോഗിച്ചു മാത്രം ജനതയുടെ ജീവിത നിലവാരവും ആരോഗ്യസംവിധാനങ്ങളുടെ മികവും ദേശത്തിന്റെ സംസ്കാരം പോലും തിരിച്ചറിയാമെന്ന് സമൂഹശാസ്ത്രജ്ഞർ കരുതിപ്പോരുന്നു എന്ന വസ്തുത ആരോഗ്യത്തിന്റെ പ്രാധാന്യത്തിലേക്ക് തുറക്കുന്ന കിളിവാതിലാണ്.

ഈ തെരഞ്ഞെടുപ്പു കാലത്ത് കൃത്യമായ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം സ്ഥാനാർത്ഥികൾക്ക് നൽകാനായി ആരോഗ്യ സംബന്ധിയായ ചാർട്ടർ ഓഫ് ഡിമാന്റ്‌സ് ഐ എം എ പുറത്തിറക്കിയിരിക്കു കയാണ്. ക്രോസ് പതി/ മിക്സോപ്പതി, ഡോക്‌ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ, കോർപ്പറേറ്റ് ആശുപത്രികളുടെ ആരോഗ്യ രംഗ അധിനിവേശം, ഇടത്തരം ആശുപത്രികളുടെ കഴുത്തു ഞെരിക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ബിൽ, വൃദ്ധ മന്ദിരമായി സംസ്ഥാനം അതിവേഗം മാറി കൊണ്ടിരിക്കുന്ന അവസ്ഥ ഉയർത്തുന്ന സാമൂഹിക വെല്ലുവിളി, ആരോഗ്യരംഗത്തിനായി മാറ്റിവെച്ചിരിക്കുന്ന ശുഷ്കമായ ബജറ്റ് തുക തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാളിലും വേപഥു പടർത്തുന്ന ഒട്ടനവധി പൊള്ളുന്ന വിഷയളാണ് ആ രേഖയിലെ ഉള്ളടക്കം. ചാർട്ടറിനോടുള്ള രാഷ്ട്രീയ പാർട്ടികളുടെ സർഗ്ഗാത്മകമായ പ്രതികരണം കേരളത്തിന്റെ ആരോഗ്യ രംഗത്തിന് നവ്യമായൊരു ദിശാബോധം നൽകുമെന്ന് ഐ എം എ പ്രതീക്ഷിക്കുന്നു.
റീടേക്ക് സാദ്ധ്യമല്ലാത്ത സിനി - ഷൂട്ട് ആണ് ജീവിതം. മരിച്ചു വീഴുന്ന കഥാപാത്രത്തിന് പിന്നീടൊരിക്കലും രംഗത്തുവരാനാവില്ല. നിർണ്ണായകമായ ആ സമസ്യയാണ് ജീവന്റെ വില അതുല്യമാക്കുന്നതും അമൂല്യമാക്കുന്നതും. ജീവന്മരണപോരാട്ടത്തിന്റെ മുഹൂർത്തങ്ങളിൽ ഓരോ ജീവനും തിരിച്ചു പിടിക്കുന്നതിന് അപരിമേയമായ പ്രാധാന്യം ലഭിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. മരണത്തിനും ജീവിതത്തിനുമിടയിൽ പെൻഡുലം പോലെ ആടുന്ന ജീവൻ എങ്ങനെ തിരിച്ചു പിടിക്കാമെന്നതിനെ കുറിച്ചുള്ള പ്രായോഗികവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുന്ന പതിനഞ്ചു ലേഖനങ്ങളാണ് വായനക്കാർക്ക് മാഗസിൻ ഈ ലക്കത്തിൽ നൽകുന്ന ഉപഹാരം.
ഡോ. പി.ശശിധരൻ, ഡോ. പി.പി വേണുഗോപാൽ, ഡോ. ഡൊമിനിക്ക് എം. പാലേട്ട്, ഡോ. ഷിജു സ്റ്റാൻലി, ഡോ. അരുൺ മോഹൻ എം, ഡോ. ബി. നാരായണ നായ്ക്, ഡോ. കാജൽ ആബിദ്. ബി. എ , ഡോ. വിവേക്. ആർ, ഡോ. ജയശങ്കർ. ജി, ഡോ. ഡാനിയ സേവ്യർ ജോൺസൺ, ഡോ. ബിനിൽ ഐസക് മാത്യു, ഡോ. പുഷ്പരാജ്. എസ് ആർ, ഡോ. കോയ കുട്ടി. പി. എം, ഡോ. എ.കെ. നിഷാന്ത്, ഡോ. സുൾഫിക്കർ അലി, ഡോ. പ്രദീപ് കിടങ്ങൂർ എന്നിവരാണ് ലേഖകർ.
മറുലോകത്തേക്ക് ആ ആറു വയസ്സുകാരനെ എതിരേറ്റു കൊണ്ടുപോവാൻ കാത്തുനിന്നിരുന്ന അപ്സരസ്സുകളെയപ്പാടെ കൗശലത്തോടെ തിരിച്ചയച്ചതിനുശേഷം വർഷങ്ങൾക്കിപ്പുറം മൈ ഡിയർ കുട്ടിച്ചാത്തനും മഴവിൽക്കാവടിയുമൊക്കെ എഴുതാൻ അനുഗ്രഹിച്ച് ജീവിതത്തിലേക്ക് തിരിച്ചു വിളിച്ച തന്റെ പ്രിയ ഡോക്ടറുടെ കാൽപ്പാദങ്ങൾ തൊട്ട് വന്ദിക്കുകയാണ് പ്രശസ്ത കഥാകൃത്തും തിരക്കഥാ രചയിതാവും സംവിധായകനുമൊക്കെയായ ഒരെഴുത്തുകാരൻ. രഘുനാഥ് പലേരി എന്ന് പിന്നീട് പ്രശസ്തനായ ആ കുട്ടി ഡോ. ബാലകൃഷ്ണന് സ്നേഹത്തോടെ അർപ്പിക്കുന്ന തിലോദകമാണ് പൊള്ളിപ്പടരുന്ന സ്വപ്നങ്ങൾ എന്ന ലേഖനം. എട്ടാമത്തെ ദിവസമാണ് അമ്മ ഇത്തിരി കഞ്ഞി കുടിച്ചത് എന്നെഴുതി അമ്മയുടെ സ്നേഹത്തെ രണ്ടു വാക്കുകളുടെ ചിമിഴിലൊതുക്കുന്ന അന്യാദൃശ പാടവം, അദ്ദേഹത്തിന്റെ പഴയ കഥകളിലൊന്നിൽ അന്തരീക്ഷ സൃഷ്ടിയെ തന്നെ പരിവർത്തിപ്പിച്ച ഒരു വാചകത്തെ ഓർമ്മയിലെത്തിക്കുന്നു: കടലിൽ സ്വർണ്ണവെളിച്ചം തിര മുറിച്ചു. ഒരു മികച്ച വായനാനുഭവം നൽകിയതിന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് നന്ദി, സ്നേഹം.

മഹത്തായ കലാസൃഷ്ടികൾ അസാധാരണങ്ങളായ ജന്മസാഫല്യങ്ങൾ നേടിയെടുക്കാറുണ്ട്. രഘുനാഥ് പലേരിയുടെ ലേഖനത്തിലൂടെ കടന്നുപോവുമ്പോൾ ഏതൊരു സുശിക്ഷിതനായ വായനക്കാരും മനുഷ്യ മനസ്സാക്ഷിയെ അങ്ങേയറ്റം നൊമ്പരപ്പെടുത്തിയ ആ ചിത്രം ഓർത്തുപോവും. എഴുപത്തിരണ്ടിലെ ശാപഗ്രസ്തമായ ആ വൈകുന്നേരം നിക്ക് ഉട്ടിന്റെ ക്യാമറയിൽ പതിഞ്ഞ, നാപാം ബോംബിന്റെ കടുത്ത പൊള്ളലേറ്റ് ഉടുതുണിപോലും വലിച്ചെറിഞ്ഞ് അലറിവിളിച്ചോടുന്ന ആ വിയറ്റ്നാമീസ് പെൺകുട്ടി, കിം ഫുക്കിന്റെ ചിത്രം. കലാസൃഷ്‌ടികൾക്ക് പല ജന്മങ്ങളുണ്ട് എന്ന് നാം തിരിച്ചറിയുന്ന ഒരു അപൂർവ്വ മുഹൂർത്തം.
വളരെയേറെ കാലികപ്രസക്തിയുള്ള ലേഖനമാണ് ജോബി ബേബിയുടെ യുദ്ധവും ആരോഗ്യ ആശങ്കകളും എന്ന ലേഖനം. പശ്ചിമേഷ്യയിലെ യുദ്ധം മലയാളിയുടെ ചങ്കിടിപ്പേറ്റുന്നത്, നമ്മുടെ ഓരോരുത്തരുടേയും അടുത്ത പരിചിതവലയത്തിൽ പെട്ട ഒരാളെങ്കിലും ഗൾഫ് രാജ്യങ്ങളിലുണ്ട് എന്ന വസ്തുതയാണ്. യുദ്ധം എപ്പോഴും അതിന്റെ ഏറ്റവും 'നല്ല' ഇരകളെ കണ്ടെത്തുന്നത് നിരാലംബരിൽ നിന്നും സത്രീകളിൽ നിന്നും കുട്ടികളിൽ നിന്നുമാണെന്ന് സാമൂഹിക- യുദ്ധ വിദഗ്‌ധർ പറയുന്നു. അവരെ മുൻനിർത്തി യുദ്ധത്തിന്റെ ആരോഗ്യ സംബന്ധിയായ കെടുതികളെ പരമാവധി എങ്ങനെ കുറയ്ക്കാം എന്ന ആത്മാർത്ഥമായ വിചിന്തനമാണ് ആ ലേഖനം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി 1997-ൽ പ്രസിദ്ധീകരിച്ച പുസ്തകം, war and public health, ഈ വിഷയത്തിൽ തല്പരരായവർക്ക് ശുപാർശ ചെയ്യാവുന്നതാണ്. ആറു ഭാഗങ്ങളിൽ ഇരുപത്തിയെട്ടു അദ്ധ്യായങ്ങളിലായി യുദ്ധവും ആരോഗ്യവും എന്ന വിഷയത്തിന്റെ സമഗ്രവും സൂക്ഷ്‌മവുമായ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നതിൽ ബാരി എസ് ലെവിയും വിക്ടർ സിഡലും ചേർന്നെഴുതിയ ആ പുസ്തകം വിജയിക്കുന്നുണ്ട്. മിലിട്ടറി മെഡിക്കൽ എത്തിക്സ് എന്ന ഇരുപത്തിനാലാം അദ്ധ്യായം ഡോക്‌ടർമാരുടെ ഡൈലമയെ (Dilemma ) കുറിച്ചുള്ള അനുതാപപൂർണ്ണമായ ആഖ്യാനമാണ്. മിലിട്ടറി മേധാവികളുടെ കർശനമായ കല്പനകളും ചികിത്സകന്റെ വൈദ്യശാസ്‌ത്ര ധാർമ്മികതയും ഇടയുമ്പോൾ കടുത്ത മാനസിക സംഘർഷത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഡോക്ടർമാരെ ഈ അദ്ധ്യായം അനുതാപത്തോടെ ലോകത്തിന് കാണിച്ചു കൊടുക്കുന്നു. കുട്ടികളു ടേയും സ്ത്രീകളുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയുമൊക്കെ യുദ്ധാനന്തര ആരോഗ്യ ദുരിതങ്ങൾ നാം സങ്കൽപ്പിക്കുന്നതിലപ്പുറമാണെന്ന് ഈ പുസ്തകം നിങ്ങളെ സംശയാതീതമായി ബോദ്ധ്യപ്പെടുത്തും.

കല്പറ്റ മാസ്റ്റർ ഇത്തവണ ദീർഘസ്ഥായീരോഗങ്ങളെ കുറിച്ചാണ് കവിത ചൊല്ലുന്നത്. ഒരു അടുത്ത മിത്രത്തെപ്പോലെ തിരിഞ്ഞുതിരിഞ്ഞുനോക്കി കൊണ്ടാണ് അവ യാത്രയാവുക എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ലോങ് കോവിഡിന്റെയൊക്കെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ, prescient എന്നു വിളിക്കാവുന്ന അതീന്ദ്രിയത്വം എങ്ങനെയാണ് ആ കവിതയിൽ നിഗൂഹനം ചെയ്തിരിക്കുന്നത് എന്നോർത്ത് വായനക്കാർ വിസ്മയിക്കും.
ഡോ. എ.കെ റഊഫ്, ഡോ. കെ.സന്ധ്യ കുറുപ്പ്, ഡോ. രാംകുമാർ മേനോൻ, ഡോ. ഹേമ ബാലകുമാർ, ഡോ. ബി. ഇക്ബാൽ, ഡോ. എൻ. സുന്ദരേശൻ, ഡോ. അനുരൂപ് ശങ്കർ എന്നീ പ്രഗത്ഭ എഴുത്തുകാരുടെ മികച്ച ലേഖനങ്ങളും മാസിക ഈ ലക്കത്തിൽ അഭിമാനപൂർവം വായനക്കാർക്ക് സമ്മാനിക്കുന്നു.
53 വർഷങ്ങൾക്കു ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കുക എന്ന സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആദ്യ ചവിട്ടുപടിയായി ആർട്ടെമിസ് - 2 ദൗത്യം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സാങ്കേതികതയുടെ പരിപൂർണ്ണതക്കുവേണ്ടി കാത്തിരുന്ന ദീർഘമായ കാലയളവിനുശേഷം 11 ലക്ഷം കിലോമീറ്റർ പിന്നിട്ടു കൊണ്ടുള്ള ഈ യാത്ര, അജ്ഞാതങ്ങളെ അറിയാനും മനുഷ്യന്റെ അതിജീവനത്തിന്റെ സാദ്ധ്യതകൾ ആരായാനും ഉള്ള സമീക്ഷകളിൽ അവനെ തുണക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം മനുഷ്യനെ വീണ്ടും ഒരിക്കൽ കൂടി ചന്ദ്രനിലിറക്കാൻ ആർട്ടെമിസ് 3 യാത്രയാരംഭിക്കുമെന്ന് ലോകം മുഴുവൻ പ്രതീക്ഷിക്കുമ്പോൾ ഭൂഗോളത്തിന്റെ മറു പകുതിയിലിരുന്നുകൊണ്ട് നമുക്കും ആശംസകൾ നേരാം.

