വർഷങ്ങൾക്കുമുമ്പാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫൈനലിയർ പഠിക്കുന്ന കാലം. ഇരുപത്തിനാലു മണിക്കൂറും ലേബർ റൂം പോസ്റ്റിങ്ങിന്റെ ഒരു കാലയളവുണ്ട് അന്ന് ഞങ്ങൾക്ക്. ഇന്റേൺമെന്റ് എന്നായിരുന്നു ആ പോസ്റ്റിങ്ങിനെ വിളിച്ചിരുന്നത്. ഞങ്ങളൊക്കെ ലെജൻഡറി ടീച്ചർമാരായി കണ്ടിരുന്ന ഡോ. വർഗീസാണോ, ഡോ. ഭദ്രനാണോ എന്നോർമ്മയില്ല, ആരോ ഒരിക്കൽ, തിരക്കുപിടിച്ച ഒരു ദിവസത്തെ ക്ലാസിനിടയിൽ ഡോ. ആനന്ദി ജോഷിയെ കുറിച്ചു പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ മോഡേൺ മെഡിസിൻ ഡോക്ടർ. ഒബ്‌സ്റ്റട്രിക്സ് എമംഗ് ഇന്ത്യൻസ് എന്നതായിരുന്നു അമേരിക്കയിലെ അവരുടെ ഗവേഷണവിഷയം എന്നു കൂടി അന്നു മനസ്സിൽ പതിഞ്ഞിരുന്നു. ദിവസങ്ങൾക്കുശേഷം ഒരു വൈകുന്നേരം കോഴിക്കോട് ഗോവിന്ദപുരത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ ദേശപോഷിണി ലൈബ്രറിയിൽ അവരെ കുറിച്ചുള്ള ചെറിയ പുസ്തകം ഞാൻ കണ്ടെത്തി. India's first woman Doctor: Dr Anandi Gopal എന്നോ മറ്റോ ആയിരുന്നു പുസ്തകത്തിന്റെ പേര്. അല്പം തിരക്കൊഴിഞ്ഞു കിട്ടിയ മൂന്നോ നാലോ രാത്രികൾ കൊണ്ട് ആ പുസ്തകം ഞാൻ വായിച്ച് തിരിച്ചുനൽകി. ‘അരുമപ്പെട്ടവയെന്തെന്തെല്ലാം
ആഹുതി ചെയ്യപ്പെട്ടിട്ടാം പിറവിയെടുപ്പതു- വിശ്വോത്തരകല,
പീഡകൾ പുളയുന്നെരിതീയിൽ’ എന്ന വൈലോപ്പിള്ളിയുടെ വരികൾ അവരോളം യോജിക്കുന്ന മറ്റാരുമുണ്ടാവില്ലെന്നെനിക്കു തോന്നി.

കഷ്ടിച്ച് 22 വയസ്സുവരെ മാത്രം ജീവിച്ച് ഒരു ജീവിതകാലത്തെ മുഴുവൻ കഷ്ടപ്പാടും വേദനകളും വേട്ടയാടലുകളും അനുഭവിച്ച ഇന്ത്യയുടെ ആ ആദ്യത്തെ ലേഡി ഡോക്ടർ പിന്നീട് ഒരിക്കലും എന്റെ ഓർമ്മകളിൽ നിന്നു വിട്ടുപോയതുമില്ല. ഹൗസ് സർജൻസി കാലത്ത് വീണ്ടുമൊരിക്കൽ കൂടി ആ പുസ്തകം അന്വേഷിച്ച് പോയപ്പോഴാവട്ടെ, ആ പുസ്തകം ലൈബ്രറിയിൽ നിന്നുതന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.
ഇക്കാര്യമത്രയും ഓർമ്മകളിൽ നിറഞ്ഞത്, പ്രശസ്ത നാടകകൃത്തും സംവിധായകനുമായ സുരേഷ് ബാബു ശ്രീസ്ഥ എഴുതിയ സ്റ്റെതസ്കോപ്പിൽ ചരിത്രത്തിന്റെ ഹൃദയതാളം എന്ന ലേഖനം വായിച്ചപ്പോഴാണ്. ഓരോ മനുഷ്യന്റെയും ജീവിതത്തിലും ഓർമ്മകളിലും നിതാന്ത സാന്നിദ്ധ്യമാകാൻ മാത്രം എന്തെല്ലാമോ അവരുടെ ജീവിതം കാത്തുവെക്കുന്നു എന്ന് ഒരിക്കൽ കൂടി ആ ലേഖനം എന്നെ ഓർമ്മിപ്പിച്ചു.
വ്യക്തിഗത രോഗചികിത്സയെക്കുറിച്ച് പ്രാചീന സംസ്‌കൃതികളൊക്കെ ഉൽക്കണ്ഠാകുലരായിരുന്നുവെങ്കിലും പൊതുജനാ രോഗ്യം എന്ന പരികല്പന ജ്ഞാനോദയകാലത്തിന്റെ സൃഷ്‌ടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള തന്റെ ജീവിതകാലമത്രയും രോഗളുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും നിർണ്ണായകമായ നിഗമനങ്ങളിലേക്ക് എത്തുകയും ചെയ്ത റുഡോൾഫ് വീർക്കോവാണ് പൊതുജനാരോഗ്യം എന്ന ആധുനിക സംവർഗത്തിന്റെ സൃഷ്ടിയുടെ പിന്നിലെ പ്രധാന പ്രേരകശക്തി. കേരളീയ സമൂഹം പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വേപഥുവോടെ മനസ്സിലാക്കുന്നതാവട്ടെ 2020- ന്റെ ആദ്യ മാസങ്ങളിലാണ്. No one is safe until everyone is safe എന്ന് ഞെട്ടലോടെ മനുഷ്യരാശി മുഴുവൻ തിരിച്ചറിഞ്ഞ ആ മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു അത്.

പൊതുജനാരോഗ്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആഴത്തിലുള്ള പതിമൂന്നു വിചിന്തനങ്ങൾ ‘IMA നമ്മുടെ ആരോഗ്യം’ മെയ് ലക്കത്തിൽ വായിക്കാം. ഡോ. വി. മോഹനൻ നായർ, ഡോ. മിഥുൻ സിദ്ധാർത്ഥൻ, ഡോ. എ. കെ. ജയശ്രീ, ഡോ. ശ്രീദേവി സി., ഡോ. ദിവ്യമോൾ എൻ., ഡോ. അനീഷ് ടി.എസ്., ജയകൃഷ്ണൻ ടി., ഡോ. രവി പ്രസാദ് വർമ്മ പി., ഡോ. സ്മിത മേനോൻ, ഡോ. അനീഷ് കൃഷ്ണ ടി.യു., ഡോ. മുബാറക് സാനി, ഡോ. നവ്യ ജെ. തൈക്കാട്ടിൽ, ഡോ. ഷൈജി പി.എസ്. എന്നിവരുടേതാണ് ലേഖനങ്ങൾ. പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള collector's copy ആവട്ടെ ഈ ലക്കം എന്ന് മാഗസിൻ പ്രത്യാശിക്കുന്നു.
എ.ഐയുടേയും മോഡേൺ ടെക്നോ റെവല്യൂഷന്റെയും ഈ പുഷ്‌കലകാലത്ത് ചീഫ് എഡിറ്റർ എന്ന നിലയിൽ അഭിമുഖീകരിക്കാറുള്ള ഒരു വെല്ലുവിളികൂടി ഈയവസരത്തിൽ എഴുത്തുകാരുടെ (വായനക്കാരുടേയും) ശ്രദ്ധയിൽ കൊണ്ടുവരാനാഗ്രഹിക്കുന്നു. മാഗസിനിൽ പ്രസിദ്ധീകരിക്കാനായി അയക്കുന്ന ചില ലേഖനങ്ങളെങ്കിലും ചാറ്റ് - ജിപിടി നിർമ്മിതങ്ങളാണ് എന്ന വസ്‌തുത ആദ്യത്തെ വായനയിൽ തന്നെ തെളിയാറുണ്ട്. അത്തരം പ്രലോഭനങ്ങളിൽ നിന്ന് ശാക്യമുനിയെ പോലെ മാറിനിൽക്കാൻ എഴുത്തുകാർ ശ്രദ്ധിക്കുന്നത്, ചാറ്റ് ജിപിടി സൃഷ്‌ടികൾ പെട്ടെന്ന് തിരിച്ചറിയുന്ന ധാരാളം മികച്ച വായനക്കാരുള്ള നമ്മുടെ സമൂഹത്തിൽ എഴുത്തുകാരുടെ വിശ്വാസ്യത വർദ്ധിപ്പിക്കുവാനും ട്രോളുകളിൽ നിന്നും വിമർശനങ്ങളിൽ നിന്നും രക്ഷപ്പെടാനും ഉതകിയേക്കും എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കട്ടെ. 2023 -ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവാ ലീയുടെ chatGPT for creative non fiction എന്ന പുസ്തകം അത്തരമൊരു വായനക്കാരനാണ് എന്നെ പരിചയപ്പെടുത്തിയത്. Al is a collaborator not a replacement എന്ന് ആ ചെറിയ പുസ്തകം, 88 പേജിൽ നമ്മെ പഠിപ്പിക്കും.
ചൈൽഡ് ന്യൂറോളജിസ്റ്റ് ഗ്ലോബൽ ഡിലേ എന്ന് മുദ്രകുത്തിയ കുട്ടിയായിരുന്നു അവൻ. ബുദ്ധിയും സോഷ്യൽ ഇന്റലിജൻസും വളരെ കുറഞ്ഞ കുട്ടി. അവൻ സംസാരിക്കില്ലേ എന്ന് ആ അമ്മ പലപ്പോഴും വേദനയുടെ പാരമ്യത്തിൽ ഉൽക്കണ്ഠാകുലയായി. ശിശുചികിത്സാവിദഗ്‌ധൻ പകർന്നു നൽകിയ ധൈര്യത്തിൽ അവർ ആ കുട്ടിയെ ഓരോ പടിയും ശ്രദ്ധയോടെ പിടിച്ചുകയറ്റി. മുഖത്തുനോക്കാതിരുന്ന അവൻ ഓടിക്കയറി ഡോക്‌ടറുടെ മടിയിലിരുന്നു ഒരു ദിവസം. വർഷങ്ങൾ കഴിഞ്ഞ് യൗവനത്തിലേക്ക് കാലുകുത്തുന്ന ഒരു ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തുന്നു: ഞാൻ എസ് എസ് എൽ സി പാസ്സായി, ഇനി സാറിനെ പോലെ ഒരു ഡോക്ടറാവണം.ഏതൊരു പീഡിയാട്രീഷ്യന്റെയും സ്വപ്നനിമിഷമാണ് ഹൃദയാവർജ്ജകമായി ‘സംസാരിക്കാത്ത സാം’ എന്ന ലേഖനത്തിൽ ഡോ. ജെ. സജികുമാർ പകർത്തിവെച്ചിരിക്കുന്നത്. അമീർ ഖാന്റെ രണ്ടു ചിത്രങ്ങളുടെ ഓർമ്മകളെങ്കിലും ഏതൊരു വായനക്കാരുടെയും ഓർമ്മയിൽ തെളിയുന്ന മുഹൂർത്തം.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെക്കുറിച്ച് വായിച്ച പുസ്തകളിൽ എറ്റവും ഹൃദയദ്രവീകരണ ക്ഷമമായി തോന്നിയത് ജോൺ എൽഡർ റോബിസൺ എഴുതിയ ആത്മകഥാപരമായ പുസ്തകമാണ്: Look me in the eyes: My life with Asperger's. ഈ പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ വല്ലാത്തൊരു വിഷാദം വന്ന് നിങ്ങളെ മൂടും. പുറത്തുവരാത്തൊരു കരച്ചിൽ നിങ്ങളുടെ നെഞ്ചിലെവിടെയോ കുടുങ്ങിക്കിടക്കും. കുട്ടിക്കാലത്തെന്നപോലെ നിങ്ങൾ വിതുമ്പിപ്പോയി എന്നു പോലും വരാം.
നിഷ്കളങ്കനായ ഒരു കുഞ്ഞിന്റെ ജീവിതത്തിൽ autism spectrum എന്ന് ഇന്നറിയപ്പെടുന്ന aspeger's അസുഖം എൽപ്പിക്കുന്ന ഒറ്റപ്പെടലിന്റെയും വൈകാരിക അസന്തുലിതാവസ്ഥയുടെയും ആഘാതം നിങ്ങളെ വല്ലാതെ നോവിച്ചേക്കും. അവസാന പേജുകളിലേക്കടുക്കുമ്പോൾ, പക്ഷേ നമ്മൾ ആശിക്കുന്നതുപോലെ എല്ലാം സുഖമായി എന്ന ചിത്രമല്ല തെളിയുന്നത്. പകരം രോഗത്തെ അതായിത്തന്നെ സ്വീകരിക്കുവാനും, ന്യൂറോ ഡൈവേഴ്സിറ്റി എന്ന അവസ്ഥയെ തിരിച്ചറിയാനും, ആ അവസ്ഥയെ സ്വീകരിച്ചുകൊണ്ട് ജീവിതത്തിൽ ആവേശത്തോടെ മുന്നോട്ടുപോവാനും തയ്യാറാവുന്ന ഒരു ചെറുപ്പക്കാരനാണ്. സാന്റിയാഗോ എന്ന വൃദ്ധനായ മീൻപിടുത്തക്കാരൻ പണ്ടെന്നോ പറഞ്ഞത് നമുക്കോർമ്മ വരും: ....പക്ഷേ, തോൽപ്പിക്കാനാവില്ല.
മൂക്കിൽ നിന്നുള്ള രക്തസ്രാവത്തെക്കുറിച്ചെഴുതിയ ഡോ. അനിത ആർ. കൃഷ്‌ണ, എ.ഇ.ഡിയെ പരിചയപ്പെടുത്തുന്ന ഡോ. പോൾ. ഒ. റാഫേൽ, ഡോ. യെല്ലാ പ്രഗഡ സുബ്ബറാവുവിന്റെ ലൈഫ് ആന്റ് ടൈംസിലൂടെ കടന്നുപോവുന്ന ഡോ. ബി. ഇക്ബാൽ, വായനക്കാരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന കാർട്ടൂണുകളുടെ സ്രഷ്‌ടാക്കളായ ഡോ. പി. ജയദേവൻ, ഡോ. ജി. ആർ. സന്തോഷ് കുമാർ എന്നിവരോടും മാഗസിൻ സ്നേഹം അറിയിക്കുന്നു.
വസന്തവായുവിൽ വസൂരി രോഗാണുക്കളെ കാണുന്ന, പുഞ്ചിരി ഹാ കുലീനമാം കള്ളം എന്ന് തിരിച്ചറിയുന്ന വൈലോപ്പിള്ളിയുടെ എതിരില്ലാത്ത സാഹിത്യഭാവുകത്വത്തിന്റെ കൊടിക്കൂറ നമ്മുടെ കാലത്ത് ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖനാണ് കല്പ നാരായണൻ. ‘ഈ കണ്ണടയൊന്നു വെച്ചു നോക്കൂ’, ‘മറ്റൊരു വിധമായിരുന്നെങ്കിൽ’ തുടങ്ങിയ പുസ്തകങ്ങൾ അവയുടെ പേരുകളിൽ നിന്നു തന്നെ ആ ഭാവബന്ധുത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ ലക്കത്തിൽ പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ കവിത -സ്വാതന്ത്ര്യം - വ്യത്യസ്തമായ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ഓരോ പ്രതിഭാസത്തിന്റെയും ആന്തരികസത്തയുടെ ദ്വന്ദ്വസ്വഭാവത്തിന്റെ, ജയത്തിൽ തന്നെയാണ് തോൽവിയും എന്ന് മഹാഭാരതം നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, മുകളിലെ ഹിരണ്മയപത്രം വലിച്ചു മാകയാണ് അദ്ദേഹം ആ കൊച്ചു കവിതയിൽ.

