ഗർഭകാലത്തെക്കുറിച്ചും മാതൃത്വത്തിന്റെ ആദ്യകാല വെല്ലു വിളികളെക്കുറിച്ചുമൊക്കെയാണ് ഈ ലക്കം പ്രധാനമായും വായനക്കാരോട് സംസാരിക്കുന്നത്. സ്ത്രീപക്ഷ കാഴ്ചപ്പാടിനപ്പുറം ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു ആഖ്യാനം സാധ്യമാണോ എന്നു പോലും ചിലപ്പോൾ നമ്മളൊക്കെ അമ്പരന്നുപോയിട്ടുണ്ടാവാം.
1995-ൽ ആബിവിൽ പ്രസ്സ് പ്രസിദ്ധീകരിച്ച, അർമിൻ എ. ബ്രോട്ടും ജെന്നിഫർ ആഷ് റൂഡിക്കും ചേർന്നെഴുതിയ ദി എക്സ്പെക്ടന്റ് ഫാദർ: ദി അൾട്ടിമേറ്റ് ഗൈഡ് ഫോർ ഡാഡ്സ്-ടു-ബി (The Expectant Father: The Ultimate Guide for Dads-to-Be) ഗർഭകാലവും മാതൃത്വവും അമ്മയുടെ മാത്രം (exclusive) ജൈവാനുഭവമായി കാണുന്ന പരമ്പരാഗത കാഴ്ചപ്പാടിനെ അപ്പാടെ തിരുത്തുന്ന പുസ്തകമാണ്. ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ വളരുമ്പോൾ, അതിനൊപ്പം പിതാവിന്റെ മനസ്സിലും മറ്റൊരു ജനനം സംഭവിക്കുന്നുണ്ടെന്ന് പുസ്തകം തിരിച്ചറിയുന്നു. ആവേശം, അഭിമാനം, ഭയം, സാമ്പത്തിക ഉത്കണ്ഠ, സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക, നല്ലൊരു പിതാവാകാൻ കഴിയുമോ എന്ന ആശങ്ക, ഇവയെല്ലാം പിതൃത്വത്തിലേക്കുള്ള യാത്രയുടെ സ്വാഭാവികമായ വൈകാരിക ഭൂപടത്തിൽ ഉൾപ്പെടുന്നുവെന്ന് പുസ്തകം നിർണായകമായി ചൂണ്ടിക്കാട്ടുന്നു. ഗർഭധാരണം സ്ഥിരീകരിക്കുന്ന നിമിഷംമുതൽ കുഞ്ഞ് വീട്ടിലെത്തുന്ന ആദ്യ മാസങ്ങൾവരെ പിതാവിന്റെ മനസ്സിലും ദാമ്പത്യബന്ധത്തിലും കുടുംബഘടനയിലും സംഭവിക്കുന്ന പരിവർത്തനങ്ങളെ മാസംതോറുമുള്ള (month by month) അധ്യായ ങ്ങളിലൂടെ പുസ്തകം പിന്തുടരുന്നുണ്ട്.

ഗർഭസ്ഥശിശുവിന്റെ വളർച്ചയും അമ്മയുടെ ശാരീരിക–മാനസിക മാറ്റങ്ങളും പിതാവ് മനസ്സിലെ മറുപിറവിയിലൂടെ ഉൾക്കൊള്ളുന്നതിന്റെ അനുഭവം ഓരോ അധ്യായവും വേപഥുവോടെ രേഖപ്പെടുത്തുന്നു. ആദ്യ പരിശോധനയിൽ കൂടെയിരിക്കുക, സ്കാനിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കുക, ഭ്രൂണചലനങ്ങൾ അനുഭവിക്കുക, ഗർഭകാലത്തെ ഛർദ്ദി, ക്ഷീണം, വേദന, ഉത്കണ്ഠ തുടങ്ങിയ അനുഭവങ്ങളെ സ്വന്തം ജീവിതത്തിൽ സ്വാംശീകരിക്കുക- ഇതിലൂടെയൊക്കെ പിതൃത്വത്തിന്റെ ആദ്യാങ്കുരങ്ങൾ മുള പൊട്ടുന്നതിന്റെ ഉൾത്തുടിപ്പ് വായനക്കാരന് തുടക്കത്തിൽത്തന്നെ തൊട്ടറിയാനാവും. പങ്കാളിയുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം നിർദേശിക്കുന്നതിനെക്കാൾ, അവളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയും വീട്ടുജോലികളിൽ പങ്കുചേരുകയും ശരീരസ്വാതന്ത്ര്യത്തെയും ചികിത്സാസംബന്ധമായ തീരുമാനങ്ങളെയും മാനിക്കുകയും ചെയ്യുന്നതായിരിക്കാം അവൾ കാംക്ഷിക്കുന്ന യഥാർഥ പിന്തുണ. കുഞ്ഞിനോടുള്ള പിതാവിന്റെ ആദ്യത്തെ സ്നേഹപ്രകടനം പലപ്പോഴും അമ്മയ്ക്കു നൽകുന്ന ഉത്തരവാദിത്തമുള്ള പരിചരണത്തിലൂടെയാണ് വെളിപ്പെടുന്നത് എന്ന ആധുനികമായ തിരിച്ചറിവാണ് ഗ്രന്ഥത്തിന്റെ ധാർമ്മിക കേന്ദ്രം.
പിതൃത്വത്തിന്റെ പ്രായോഗിക ലോകത്തെയും പുസ്തകം സൂക്ഷ്മമായി പരിശോധിക്കുന്നു. ആശുപത്രി, ചികിത്സാച്ചെലവ്, ഇൻഷുറൻസ്, പ്രസവാവധി, കുഞ്ഞിനാവശ്യമായ സാധനങ്ങൾ, ശിശുപരിചരണം, തൊഴിൽ–കുടുംബജീവിത സന്തുലനം എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. കുടും ബത്തെ സാമ്പത്തികമായി സംരക്ഷിക്കുക മാത്രമാണ് പുരുഷന്റെ പ്രധാന ഉത്തരവാദിത്വം എന്ന പഴയ സാമൂഹി കധാരണയെ അടിമുടി തിരുത്തി, കുടുംബത്തോടൊപ്പം വൈകാരികമായി സന്നിഹിതനായിരിക്കുന്നതും ആശുപത്രിപരിശോധനകളിൽ പങ്കെടുക്കുന്നതും വീട്ടുചുമതലകൾ പങ്കിടുന്നതും കുഞ്ഞിന്റെ ദൈനംദിന പരിചരണത്തിൽ കൈകോർക്കുന്നതും സാമ്പത്തികസുരക്ഷയോളം പ്രധാനമാണെന്ന നിശ്ശബ്ദ ജെൻഡർ വിപ്ലവത്തിന്റെ കൊടിയടയാളമാവുകയാണ് ഈ പുസ്തകം. ദാമ്പത്യത്തിലെ അടുപ്പം, ലൈംഗികജീവിതം, ഉറക്കം, ബന്ധുക്കളുടെ ഇടപെടൽ, ഭാവിയിലെ തൊഴിൽക്രമം തുടങ്ങിയ വിഷയങ്ങൾ തുറന്നു സംസാരിക്കുമ്പോഴാണ് കുഞ്ഞിന്റെ വരവിനെ ഒരു കൂട്ടായ ജീവിതപദ്ധതിയാക്കി മാറ്റാൻ കഴിയുന്നത്.
പ്രസവത്തോട് അടുക്കുമ്പോൾ ഈ പങ്കാളിത്തം കൂടുതൽ മൂർത്തമായി തെളിയുന്നു. ആശുപത്രിയിലേക്കുള്ള വഴി, വാഹനസൗകര്യം, ആവശ്യമായ രേഖകൾ, ആശുപത്രിബാഗ്, അടിയന്തര ഫോൺ നമ്പറുകൾ എന്നിവ ഒരുക്കുന്നതിനൊപ്പം പ്രസവത്തിന്റെ അടിസ്ഥാനഘട്ടങ്ങളും അപകടസൂചനകളും പിതാവിന്റെ ജാഗ്രതാ പരിധിയിലുണ്ടാകണം. പ്രസവമുറിയിൽ അയാൾ വെറും കാഴ്ചക്കാരനിൽനിന്ന് പങ്കാളിയുടെ കൈപിടിക്കുകയും ശ്വാസക്രമത്തിൽ സഹായിക്കുകയും അവളുടെ ആവശ്യങ്ങൾ ചികിത്സാസംഘത്തെ അറിയിക്കുകയും ചെയ്യുന്ന വിശ്വസ്ത സാന്നിധ്യമായി രൂപാന്തരപ്പെടുന്നു.

പ്രസവം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിൽനിന്ന് മാറാം, സിസേറിയനും മറ്റ് അടിയന്തര ഇടപെടലുകളും ചിലപ്പോൾ ആവശ്യമായി വരാം. പ്രസവരീതിയെ വിജയപരാജയങ്ങളുടെ അളവുകോലാക്കാതെ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെ കേന്ദ്രത്തിൽ നിർത്തുന്ന പ്രായോഗിക പക്വതയാണ് ഇവിടെ പിതാവിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അനിശ്ചിതത്വത്തെ നിയന്ത്രിക്കാനുള്ള വ്യഗ്രതയിൽനിന്ന് അതിനെ സമചിത്തതയോടെ സ്വീകരിക്കാനുള്ള ബൗദ്ധിക ശേഷിയിലേക്കുള്ള വളർച്ച കൂടിയാണ് പിതൃത്വം.
കുഞ്ഞ് ജനിക്കുന്നതോടെ പിതാവിന്റെ യാത്ര പൂർത്തിയാകുന്നില്ല, യഥാർഥത്തിൽ പരിചരണത്തിന്റെ ജീവിതം അവിടെ ആരംഭിക്കുകയാണ്. കുഞ്ഞിനെ എടുക്കുക, ഡയപ്പർ മാറ്റുക, ഉറക്കുക, കരച്ചിലിനോട് പ്രതികരിക്കുക, മുലയൂട്ടലിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക- ഇതിലൂടെയൊക്കെയാണ് പിതാവും കുഞ്ഞും തമ്മിലുള്ള ബന്ധം ആഴമേറിയ ശാരീരിക സ്മൃതിയായി വളരുന്നത്. അമ്മയുടെ പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതുപോലെ സ്വന്തം മാനസികസമ്മർദത്തെയും പിതാവ് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ സാഹചര്യങ്ങൾക്കും ശരിയായ ഉത്തരമുള്ള പിതാവിനെക്കാൾ, പഠിക്കാൻ തയ്യാറുള്ള, തെറ്റുകൾ തിരുത്തുന്ന, വൈകാരികമായി സന്നിഹിതനായ (emotionally available) പിതാവിനെയാണ് കുഞ്ഞിന് ആവശ്യം എന്ന ബോധം ഈ പുസ്തകം പകരുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ, ഗർഭകാല കൈപ്പുസ്തകത്തിന്റെ സ്വരൂപത്തിൽനിന്ന് അധികാരത്തിന്റെ പഴയ പുരുഷരൂപത്തിൽനിന്ന് പരിചരണശേഷിയുള്ള മനുഷ്യനിലേക്കുള്ള അസാധാരണ യാത്രയുടെ ആത്മരേഖയായി ഈ പുസ്തകം മാറുന്നു. അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞും പിതാവിന്റെ മനസ്സിൽ കരുണയുടെയും ഉത്തരവാദിത്തത്തിന്റെയും പുതിയൊരു മനുഷ്യനും ഒരേസമയം പിറവികൊള്ളുന്ന ഒൻപതു മാസങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ പേജുകൾ സാക്ഷാത്കരിക്കുന്നത്.
പരമ്പരാഗതമായ പിതൃത്വസങ്കൽപ്പങ്ങളെ അടിമുടി അട്ടിമറിക്കുന്ന ഈ പുസ്തകം എല്ലാ പുരുഷന്മാർക്കും ആത്മവിശ്വാസത്തോടെ ശുപാർശ ചെയ്യുകയാണ് ‘നമ്മുടെ ആരോഗ്യം’.
പ്രസവപൂർവകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും പ്രസവാനന്തര വെല്ലുവിളികളെക്കുറിച്ചുമൊക്കെ ആധികാരികമായി സംസാരിക്കുന്ന എട്ട് ലേഖനങ്ങളാണ് ഈ ലക്കത്തിന്റെ പ്രധാന ഉപഹാരം. ഡോ. കെ. എ. കമ്മാപ്പ, ഡോ. ദിവ്യ നായർ, ഡോ. സി. കെ. ലക്ഷ്മിക്കുട്ടി, ഡോ. കെ. ബി. ജയകൃഷ്ണൻ, ഡോ. നഹീദ മുഹമ്മദ്, കെ. ടി., ഡോ. പ്രിയ രാധാകൃഷ്ണൻ, ഡോ. അപർണ മാധവൻ, ഡോ. എം. കെ. ഗീത എന്നിവരാണ് ലേഖകർ.
കഴിഞ്ഞ ഒന്നുരണ്ടു മാസത്തിനിടെ സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചും അമിതോപയോഗത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ചില പുസ്തകങ്ങൾ വായിക്കാനിടയായി. അവയുടെ കൂട്ടത്തിൽ ചിന്തയുടെ ഋജുത്വംകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും വിഷയത്തെക്കുറിച്ചുള്ള ആഴമേറിയ ബോധംകൊണ്ടും എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ന്യൂറോളജിസ്റ്റായ ഡോ. ഫേയ് ബെഗെറ്റിയുടെ പുസ്തകമാണ്: The Phone Fix: The Brain-Focused Guide to Building Healthy Digital Habits and Breaking Bad Ones.
സ്മാർട്ട്ഫോൺ ഉപയോഗത്തെ ഇച്ഛാശക്തിക്കുറവിന്റെയോ വ്യക്തിപരമായ പരാജയത്തിന്റെയോ പ്രശ്നമായി പുസ്തകം കാണുന്നില്ല. കൈ അറിയാതെ ഫോണിലേക്കു നീളുന്നതും അറിയിപ്പുകൾ ശ്രദ്ധയെ ഇടയ്ക്കിടെ പിടിച്ചെടുക്കുന്നതും ഉറക്കസമയം സ്ക്രീനിൽ ചെലവാകുന്നതും എങ്ങനെ ശീലങ്ങളായി മാറുന്നു എന്ന് മസ്തിഷ്കപ്രവർത്തനങ്ങളുടെയും മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ പരിശോധിക്കുകയാണ് പുസ്തകം. ഫോൺ ആസക്തി എന്ന ഒറ്റവാക്കിലുള്ള വിശേഷണത്തെ സൂക്ഷ്മമായി The Phone Fix ചോദ്യം ചെയ്യുന്നു. ഡോപമിനെയും നീലവെളിച്ചത്തെയും കുറിച്ചുള്ള പൊതുവായ ധാരണകളും പുസ്തകം ശാസ്ത്രീയമായി വിലയിരുത്തുന്നുണ്ട്.
സങ്കീർണമായ ശാസ്ത്രവിഷയങ്ങൾ സാധാരണ വായനക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ് ബെഗെറ്റിയുടെ ഈ പുസ്തകത്തിന്റെ ജനപ്രിയതയുടെ അടിസ്ഥാനം. ഫോൺ പൂർണമായി ഉപേക്ഷിക്കണമെന്നോ കർശനമായ ഡിജിറ്റൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നോ പുസ്തകം ആവശ്യപ്പെടുന്നില്ല. പകരം, സ്വന്തം ഉപയോഗരീതികൾ തിരിച്ചറിയാനും ശ്രദ്ധ, ഉറക്കം, മനോവീര്യം, വ്യക്തിബന്ധങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന ശീലങ്ങൾ രൂപപ്പെടുത്താനും പ്രായോഗിക മാർഗങ്ങൾ നിർദേശിക്കുകയാണ് പുസ്തകം. വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ആരോ ഗ്യപ്രവർത്തകർക്കും ഒരുപോലെ പ്രസ ക്തമായ ഈ പുസ്തകം, ഫോണിനെ ജീവിതത്തിൽനിന്ന് മാറ്റിനിർത്താതെ അതുമായുള്ള ബന്ധം കൂടുതൽ അർത്ഥവത്താക്കാനുള്ള ശ്രമത്തിൽ ഉപയോക്താവിന്റെ കൂടെ നിൽക്കുന്നു. ഡോ. രാജീവ് ജയദേവന്റെ പഠനാർഹമായ ലേഖനം, റീലുകൾക്കു വേണം കടിഞ്ഞാൺ, ഇത്തരുണത്തിൽ വളരെ പ്രസക്തമാവുന്നു.

കൽപ്പറ്റ നാരായണന്റെ ‘അനന്തരം’ എന്ന കവിതയിൽ മരണം നേരിട്ടുള്ള ദൃശ്യമല്ല, മരണാനന്തരം വീട്ടിൽ ഉറഞ്ഞുകൂടുന്ന നിശ്ശബ്ദതയുടെ കുഴഞ്ഞ നാവാണ്. “ഓരോരുത്തരായി എല്ലാവരും പിരിഞ്ഞു” എന്ന വരി മരണത്തെക്കാൾ വിപുലമായ നഷ്ടാനുഭവത്തിലേക്കാണ് വാതിൽ തുറക്കുന്നത്. അയാളുടെ കാലത്തോടും ജീവിതത്തോടും ബന്ധമുള്ളവർ ഓരോരുത്തരായി പിരിഞ്ഞുപോയിരിക്കുന്നു. വേർപാടിന്റെ നടുവിൽ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന, മെടഞ്ഞ് പാതിയായ കൈസഞ്ചി കാലത്തിന്റെ സ്പർശം ഏറ്റുവാങ്ങിയ സ്മൃതിവസ്തുവാകുന്നു. അതിന്റെ അവസ്ഥ അയാളുടെ ജീവിതത്തിന്റെ അപൂർണതയെയും തുടരാനാവാതെ മുറിഞ്ഞുപോയ ബന്ധത്തെയും നിശ്ശബ്ദമായി ഓർമിപ്പിക്കുന്നുണ്ട്. അയാൾ ജീവിച്ചിരുന്ന കാലത്ത് തുടങ്ങിയ ജോലി അവൾ വീണ്ടും ആരംഭിക്കുകയാണ്. കൈസഞ്ചി പൂർത്തിയാക്കുക എന്നത് വീട്ടുജോലിയുടെ തുടർച്ച മാത്രമല്ല; നഷ്ടപ്പെട്ടവന്റെ സ്പർശവും സമയവും ജീവിതത്തിലേക്ക് തിരികെ നെയ്തെടുക്കാനുള്ള ശ്രമം കൂടിയാണ്. സാവകാശം എന്ന ഒറ്റവാക്ക് കവിതയുടെ മുഴുവൻ ദുഃഖത്തെയും ഘനീഭവിപ്പിക്കുന്ന അനുഭവമാവുന്നത്, വാക്കുകൾ എങ്ങനെ നക്ഷത്രമാവുന്നു എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ്. മെടയുന്ന നൂലുകൾക്കിടയിൽനിന്ന് അയാളെ വീണ്ടെടുക്കാനാവുന്നില്ലെങ്കിലും, അയാളോടൊപ്പമുണ്ടായിരുന്ന ജീവിതസ്മൃതികൾ കൈവിടാതെ മുറുകെപ്പിടിക്കുന്നുണ്ട് അവൾ. അതിനാൽ ഈ കവിതയുടെ അന്ത്യം പൂർത്തീകരണത്തിലല്ല, അഭാവത്തോടൊപ്പം ജീവിക്കാൻ പഠിക്കുന്ന മന്ദഗതിയിലുള്ള തുടർച്ചയിലാണ്. മറ്റൊരു വായനയിലാവട്ടെ, ആധുനിക പെനിലോപ്പിയാണ് തിരശ്ശീലക്കപ്പുറത്ത്. ഭർത്താവിന്റെ അഭാവത്തിൽ കാമുകരെ അകറ്റിനിർത്തിയതിനപ്പുറം, ഭർത്താവിനെത്തന്നെ അകറ്റിനിർത്തിയിരുന്നുവോ അവൾ? ഇത്താക്കയിലെ ഓരോ രാത്രികളിലും അഴിക്കപ്പെട്ടു കൊണ്ടിരുന്ന പഴയ കച്ചയ്ക്കു സമാനമായ കൈസഞ്ചിയുടെ നെയ്ത്തിൽ,പാതിസഞ്ചിയുടെ നെയ്ത്തിൽ? വായ നക്കാരനെ ഉദ്വേഗത്തിൽ നിർത്തുകയാണ് കൽപ്പറ്റ മാഷ്. സാന്ദ്രമായ കവിത, ധ്വന്യാത്മകമായ ഭാഷ.
ആര്യ ഗോപിയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ വായനക്കാരെ വേഗമൊന്നും വിട്ടുപോകാനിടയില്ല. അത്ര ഹൃദയാവർജകമായാണ് ആര്യ ഗോപി തന്റെ ബാല്യകാല ചികിത്സകനെ ഓർക്കുന്നത്. നൊവാലിസിനെയും ഷേക്സ്പിയറിനെയും യജുർവേദത്തെയുമൊക്കെ ഉദ്ധരിച്ചുകൊണ്ടുള്ള ആ മനോഹരമായ ഓർമ്മക്കുറിപ്പ് ഈ ലക്കത്തിന്റെ മകുടമായി മാറുന്നുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് മാഗസിനിൽ ഇതുപോലെ ഒരു കുറിപ്പെഴുതി യ പ്രശസ്ത കവി പി. കെ. ഗോപിയുടെ മകളാണ് കവയത്രിയും ഇംഗ്ലീഷ് അധ്യാപികയുമായ ആര്യ ഗോപി എന്ന വസ്തുത വായനക്കാർക്ക് ഇരട്ടി മധുരം പകരുന്നു.
ഡോ. മനീഷ് നായരുടെ ‘വെള്ളനിറം പൂശിയ നാവ്’ എന്ന ലേഖനം ഇത്തരം കുറിപ്പുകൾ എങ്ങനെ മികച്ച വായനാനുഭവമാക്കി മാറ്റി വായനക്കാരനെ കഥാർസിസിലേക്ക് നയിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ്. ജൂനിയർ ഡോക്ടറായി മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലത്തെ വേദനിപ്പിക്കുന്ന ഒരു അനുഭവം അതിലേറെ തീക്ഷ്ണമായി വായനക്കാരനെ അനുഭവിപ്പിക്കുകയാണ് ഡോ. മനീഷ്. ആരോഗ്യകാര്യങ്ങളെക്കുറിച്ച് അജ്ഞരാകുന്നത് എത്രമാത്രം അപകടകരമാണെന്ന് ഈ കുറിപ്പ് വായനക്കാരനെ ഞെട്ടിച്ചു ഓർമിപ്പിക്കുന്നു. ആ അച്ഛനും അമ്മയ്ക്കും കുഞ്ഞിനും വേണ്ടി കണ്ണുനീർ തുളുമ്പിപ്പോകുന്നത് വായനക്കാരൻ അറിയാതെ പോയേക്കും.
മഞ്ഞപ്പിത്തത്തെക്കുറിച്ച് ഡോ. പി. ജ്യോതികുമാർ, കൗമാരകാല ഇമ്യൂണൈസേഷനെക്കുറിച്ച് ഡോ. കെ. കെ. പുരുഷോത്തമൻ, ഗോൾഡൻ അവർ പ്രോജക്ടിനെക്കുറിച്ച് ഡോ. ബി. ഇക്ബാൽ, ഓങ്കോ യൂറോളജിയെക്കുറിച്ച് ഡോ. മിഥുൻ പി. ഗോപാലകൃഷ്ണൻ, കുട്ടികളിലെ മലബന്ധത്തെക്കുറിച്ച് ഡോ. രമ കൃഷ്ണകുമാർ, എ.ഡി.എച്ച്.ഡിയെക്കുറിച്ച് ഡോ. നിതിൻ മുരളി ടി. എൻ., ശസ്ത്രക്രിയാചരിത്രത്തെക്കുറിച്ച് ഡോ. മനു വർമ്മ, തിമിരത്തെക്കുറിച്ച് ഡോ. ടി. എ. അശോക വത്സല ..... മികച്ച വൈദ്യശാസ്ത്ര ലേഖനങ്ങളുടെ പ്രദർശനശാലയാണ് ഈ ലക്കം മാഗസിൻ.
മഴ മാറി, രാത്രി പെട്ടെന്ന് എത്തുന്ന മാസമാണ് ഒക്ടോബർ.
“എന്തു വെയിലായിരുന്നു, പതുക്കവേ അന്തി വന്നെത്തുകയായി, കിഴക്കിന്റെ പൊൻകവിൾ
മങ്ങുകയായി,
വിചാരങ്ങൾ തൻ കൂടണയുകയായി,
മനസ്സിന്റെ ചാഞ്ഞ ചില്ലക്കൊമ്പിലാദ്യ നക്ഷത്രമുണർന്നു മണക്കുകയായി”
എന്ന് എന്റെ പ്രിയകവി സുഗതകുമാരി സന്ധ്യ എന്ന കവിതയിൽ.
എല്ലാവർക്കും ഒക്ടോബറിന്റെ സ്നേഹം.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

