ശാസ്ത്രസത്യങ്ങളേക്കാളേറെ കല്പിതകഥകളെ വിശ്വസിക്കുവാനും അവ പ്രചരിപ്പിക്കുവാനും മനുഷ്യൻ, ഏതോ ആഭിചാരക്രിയ മൂലം ആവേശിക്കപ്പെട്ടതുപോലെ അതിശയകരമായ രീതിയിൽ സന്നദ്ധനാവുന്ന സംഭവങ്ങൾ ചരിത്രത്തിൽ പലയിടത്തും ചിതറിക്കിടക്കുന്നത് കാണാം.
കഥകളും അനുഭവകഥകളും എത്രത്തോളം സത്യത്തിൽ നിന്നകന്നു നിൽക്കുന്നു എന്ന വസ്തുതയോ എത്രത്തോളം അശാസ്ത്രീയമാണെന്ന വസ്തുതയോ ഈ 'മാജിക്കൽ സർറിയലിസ'ത്തിനെ ഒരു തരത്തിലും അലോസരപ്പെടുത്താറില്ല. ഏതെങ്കിലും വസ്തു വെള്ളത്തിൽ കൂടുതൽ കൂടുതൽ ലയിപ്പിച്ച്, ഒരു മോളിക്യൂളു പോലും കെമിക്കലായി കണ്ടുപിടിക്കാനാവാത്ത 12 C- യിൽ എത്തിയാൽ പോലും, അതിന്റെ രോഗശമനപ്രാപ്‌തി കൂടുന്നു എന്ന ഫിസിക്സ് - കെമിസ്ട്രി നിയമങ്ങളെ അപ്പാടെ പരിഹസിക്കുന്ന അശാസ്ത്രീയ നിലപാടിൽ വരെ ഹോമിയോവാദികൾക്ക് നാണക്കേട് തോന്നാറുമില്ല. ഈ പരിഹാസ്യനിലപാട് പഠിച്ചിറങ്ങുന്നവർക്ക് ഒരു വർഷത്തെ മോഡേൺ മെഡിസിൻ ഫാർമക്കോളജി ട്രെയിനിങ് (CCMP) നൽകി അവർക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ സംസ്ഥാന രജിസ്ട്രിയിൽ അംഗത്വം നൽകി മോഡേൺ മെഡിസിൻ ചികിത്സക്ക് അനുവാദം നൽകാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ.
ഹോമിയോ സീറ്റുകളിലേക്ക് ആരും വരാത്ത അവസ്ഥയിൽ വിദ്യാർത്ഥികളെ അതിലേക്ക് ആകർഷിക്കാനായി നിക്ഷിപ്ത താല്പര്യമുള്ള രാഷ്‌ട്രീയക്കാരാണ് 2014-ൽ, ഹോമിയോവാദം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ചെറിയൊരു ട്രെയിനിങ്ങിനുശേഷം മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുമെന്ന് വാഗ്ദാനം നൽകുന്നത്. പ്രാക്ടീസ് ചെയ്യാനുള്ള നിയമപരമായ പ്രശ്‌നങ്ങൾ മറികടക്കാനായി അവർക്കെല്ലാം Modern medicine registry- യിൽ പേര് ചേർക്കാൻ അനുവാദം നൽകാൻ ശ്രമിക്കുകയാണ് അവരിപ്പോൾ. ജനങ്ങളുടെ ആരോഗ്യത്തിനുനേരെ ഗുരുതര വെല്ലുവിളി ഉയർത്തുന്ന അങ്ങേയറ്റം അശാസ്ത്രീയമായ ഈ നീക്കത്തിനെതിരെ നിർണ്ണായക പോരാട്ടം നടത്തുന്ന മഹാരാഷ്ട്രയിലെ ചുണക്കുട്ടികളായ ഡോക്ടർമാർക്ക് അഭിവാദ്യമർപ്പിക്കുകയാണ് ‘നമ്മുടെ ആരോഗ്യ’ത്തിന്റെ ഈ ലക്കം. വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഡോ. സജികുമാർ ജെ, ഡോ. അരുൺ എൻ.എം, ഡോ. പി എൻ. സുരേഷ് കുമാർ, ഡോ. എ.വി. ജയകൃഷ്ണൻ, ഡോ. കെ.പി. മോഹനൻ എന്നിവരുടെ പണ്ഡിതോചിതമായ ലേഖനങ്ങൾ വായിക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള പുതിയ ചർച്ചകളിൽ സംഭവിച്ച വലിയ മാറ്റം, AI മനുഷ്യനെ പകരംവയ്ക്കുമോ എന്ന ചോദ്യത്തിൽനിന്ന് AI വന്നതോടെ മനുഷ്യൻ എന്നതിന്റെ അർത്ഥം തന്നെ മാറുമോ എന്ന ചോദ്യത്തിലേക്കുള്ള സഞ്ചാരമാണ്. വെങ്കട്ട് രാമസ്വാമി/ കൃഷ്‌ണൻ നാരായണൻ എന്നിവർ ചേർന്നെഴുതിയ The Co-Intelligence Revolution എന്ന പുസ്തകമാണ് ലോക വ്യാപകമായി ഈ പ്രകരണത്തിൽ ഏറ്റവും കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്. AI-യെ മനുഷ്യബുദ്ധിയുടെ എതിരാളിയായി കാണുന്നതിനു പകരം മനുഷ്യനും യന്ത്രവും ചേർന്ന് മൂല്യം സൃഷ്ടിക്കുന്ന co-intelligence എന്ന ആശയമാണ് ഈ പുസ്തകം പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.

പക്ഷേ ഇതിന് കൂടുതൽ ആഴമുള്ള ഒരു മറുവശവുമുണ്ട്. നൂറ്റാണ്ടുകളായി അറിവ്, ഓർമ്മ, ഭാഷ, വിശകലനം, സർഗ്ഗാത്മകത എന്നിവയെയെല്ലാം മനുഷ്യന്റെ സവിശേഷതകളായാണ് നാം കരുതിയിരുന്നത്. ഇന്ന് അവയിൽ പലതും യന്ത്രം കൈയാളുമ്പോൾ മനുഷ്യന്റെ സവിശേഷത, അതുക്കും മേലെ, അറിയുന്നതിൽനിന്ന് വിധിക്കുന്നതിലേക്കും ഉത്തരം കണ്ടെത്തുന്നതിൽനിന്ന് ശരിയായ ചോദ്യം ചോദിക്കുന്നതിലേക്കുമൊക്കെ മാറേറണ്ടിവന്നേക്കുമോ?. അതുകൊണ്ടുതന്നെ AI വിപ്ലവം അടിസ്ഥാനപരമായി കമ്പ്യൂട്ടറുകളുടെ വിപ്ലവമല്ല മറിച്ച് മനുഷ്യൻ സ്വന്തം ബുദ്ധിയെക്കുറിച്ച് പുലർത്തിയിരുന്ന ആത്മവിശ്വാസത്തിന്റെ പുനഃപരിശോധനയാണ് എന്നു പറയാം. ചികിത്സയിൽ രോഗനിർണയത്തിന് AI സഹായിക്കുമ്പോഴും, രോഗിയുടെ ഭയം മനസ്സിലാക്കുകയും അനിശ്ചിതത്വത്തിനിടയിൽ ധാർമ്മികമായ തീരുമാനമെടുക്കുകയും ചെയ്യേണ്ടത് മനുഷ്യനാണ്. യന്ത്രങ്ങൾ മനുഷ്യരെപ്പോലെ ചിന്തിക്കാൻ തുടങ്ങുന്നു എന്നതല്ല നമ്മെ ഭയപ്പെടുത്തേണ്ട വസ്തുത. മനുഷ്യർ പതുക്കെ പതുക്കെ സ്വന്തം ചിന്തയുടെ ഉത്തരവാദിത്തം യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കുന്നുവോ എന്ന ആശങ്കയും AI-യെക്കുറിച്ചുള്ള അമിതവാദങ്ങൾക്കപ്പുറം, വിദ്യാഭ്യാസം, ചികിത്സ, നിയമനം, ബാങ്കിങ്, ഇൻഷുറൻസ്, കോടതി വിധിന്യായങ്ങൾ തുടങ്ങിയ മേഖലകളിൽ മനുഷ്യജീവിതത്തെ നിർണയിക്കാനുള്ള അധികാരം അവക്ക് നൽകുന്നതുമാണ് സത്യത്തിൽ ആഴമേറിയ പ്രശ്‌നങ്ങൾ. Artificial Intelligence നെ കുറിച്ച് മാത്രമല്ല, അതിനു നാം നൽകുന്ന Artificial Authority യെ മുൻനിർത്തിയുമാണ് ബൗദ്ധികമണ്ഡലങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നത്. ഒരു അൽഗോരിതം ഒരാളെ ജോലി ലഭിക്കാൻ അർഹനല്ലെന്നോ വായ്പയ്ക്ക് യോഗ്യനല്ലെന്നോ ചികിത്സയിൽ മുൻഗണന നൽകേണ്ടതില്ലെന്നോ തീരുമാനിക്കുമ്പോൾ സാമൂഹികമായി, പ്രശ്‌നം കൂടുതൽ സങ്കീർണമാകുന്നു. അതിനാൽ ഭാവിയിലെ പ്രധാന വിഭജനം മനുഷ്യനും യന്ത്രവും തമ്മിലായിരിക്കണമെന്നില്ല. മറിച്ച് AI-യെ വിമർശനബോധത്തോടെ ഉപയോഗിക്കുന്ന മനുഷ്യരും, അതിന്റെ ഉത്തരങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന മനുഷ്യരും തമ്മിലായിരിക്കാം. AI നമ്മെക്കാൾ ബുദ്ധിമാനാകുന്ന നിമിഷമല്ല നിർണായകം. മറിച്ച് അതിന്റെ ഉത്തരങ്ങൾക്കുമുന്നിൽ നമ്മുടെ സംശയിക്കാനുള്ള അവകാശവും ധാർമ്മിക ഉത്തരവാദിത്തവും സ്വതന്ത്രവിധിയും ഉപേക്ഷിക്കുന്ന നിമിഷമാണ്. അതുകൊണ്ടുതന്നെ AI യുഗത്തിലെ ഏറ്റവും വിലയേറിയ മനുഷ്യശേഷി Intelligence തന്നെയാകണമെന്നില്ല എന്നർത്ഥം. ഡോ. ബി. ഇക്ബാൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ ദാർശനിക പ്രശ്‌നങ്ങളാണ് തന്റെ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
വൈദ്യശാസ്തരംഗത്ത് വേരുപിടിക്കുന്ന കംപാഷനെ (അനുകമ്പ) ആധാരമാക്കി ഡോ. ആശാ പ്രഭാകരൻ എഴുതിയ ലേഖനം പുതിയൊരു തുറസ്സ് വായനക്കാർക്കു വേണ്ടി തുറന്നിടുന്നു. ആധുനിക ചികിത്സ അതിവേഗം കൂടുതൽ ശാസ്ത്രീയവും സാങ്കേതികവുമാകുമ്പോൾ തന്നെ അതിന്റെ കേന്ദ്രത്തിൽ വീണ്ടും കംപാഷൻ (compassion - (സഹാനുഭൂതിയോടെയുള്ള കരുതൽ /അനുകമ്പ) പ്രതിഷ്ഠിക്കപ്പെടുകയാണ്. കാരാ ബിഹാൻ, ബ്രെൻഡൻ കെല്ലി എന്നിവരെഴുതി കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കപ്പെട്ട Handbook of Compassion in Healthcare: A Practical Approach എന്ന പ്രശസ്ത പുസ്തകത്തിൽ കംപാഷനെ വെറും ദയയോ സഹതാപമോ ആയി കാണുന്നില്ല. Compassion is the feeling of being motivated to act in the presence of suffering എന്നതാണ് അവരുടെ നിർവ്വചനം.
രോഗിയുടെ വേദന മനസ്സിലാക്കുന്നതിൽ അവസാനിക്കുന്ന എംപതിയിൽനിന്ന് കംപാഷൻ ഉയരങ്ങളിലേക്ക് കുതിക്കുന്നു. വേദന /ദുരിതം കുറയ്ക്കാനായി കർമ്മം ചെയ്യാനുള്ള പ്രേരണയാണ് അതിൽ അന്തർഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഒരു നല്ല ഡോക്ടറുടെ ജോലി ശരിയായ രോഗനിർണ്ണയം നടത്തുകയും കൃത്യമായ മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നതിൽ ഒരിക്കലും അവസാനിക്കുന്നുമില്ല. രോഗിയുടെ ഭയം അറിയുക, അയാളുടെ കണ്ണിലൂടെ രോഗത്തെ കാണാൻ ശ്രമിക്കുക, ചികിത്സയുടെ അനിശ്ചിതത്വത്തിൽ അയാളോടൊപ്പം നിൽക്കുക- ഇവയൊക്കെയും ചികിത്സയുടെ ഭാഗമാണ് എന്നു നാം തിരിച്ചറിയണം. കെല്ലിയും ബിഹാനും ഹൃദയംഗമമായി പറഞ്ഞുവെക്കുന്നതുപോലെ കംപാഷൻ, being seen and seeing each other as human beings എന്ന അടിസ്ഥാനപരമായ മനുഷ്യബന്ധത്തിന്റെ സമതലങ്ങളിലേക്ക് നമ്മെ ഒരിക്കൽ കൂടി കൈപിടിച്ചു നടത്തുകയാണ്.

ഈ കാഴ്ചപ്പാടിലെ ഏറ്റവും വലിയ പുതുമ, അനുകമ്പ ഇനിയൊരിക്കലും വൈദ്യശാസ്ത്രത്തിന്റെ അലങ്കാരം മാത്രമല്ല, മറിച്ച്, clinical intervention തന്നെയാണെന്ന തിരിച്ചറിവാണ്. സ്റ്റീഫൻ ട്രെസിയാക്, ആന്റൺ മാസെറെല്ലി എന്നിവർ മുന്നോട്ടുവെക്കുന്ന Compassionomics എന്ന ആശയവും ഇത്തരുണത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അതിലെ ശ്രദ്ധേയമായ ആശയം, രോഗിയും ഡോക്ടറും തമ്മിലുള്ള അടിസ്ഥാനപരമായ മാനുഷിക ബന്ധമാണ്. അനുകമ്പ ശാസ്ത്രത്തിന്റെ എതിർവശത്തല്ല, മറിച്ച് ശാസ്ത്രം രോഗിയിലേക്കെത്തുന്ന പാലമാണ് എന്ന കാഴ്ചപ്പാടാണ് അവർ ഉയർത്തിപ്പിടിക്കുന്നത്. ഇവിടെയാണ് ഇന്നത്തെ ഹൈടെക് ചികിത്സയുടെ വലിയ വൈരുദ്ധ്യം തെളിഞ്ഞുവരുന്നത്.
AI, robotics, genomics, precision medicine എന്നിവയൊക്കെ ഡോക്ടറുടെ രോഗനിർണ്ണയ ശേഷി അസാധാരണമായി വർധിപ്പിക്കുമ്പോൾ തന്നെ, രോഗിക്ക് ഏറ്റവും ആവശ്യമായചില കാര്യങ്ങൾ (‘എനിക്ക് ഭയമുണ്ട്’ എന്ന് പറയാനാവുക, ‘ഞാൻ നിങ്ങളോടൊപ്പമുണ്ട്’ എന്ന ഉറപ്പ് ലഭിക്കുക) ഒരു സ്ട്രക്ച്ചേർഡ് സിസ്റ്റത്തിൽ നിന്ന് ലഭ്യമാവാനിടയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ വായിക്കാനിടയായ പുസ്തകങ്ങളിൽ ഏറ്റവും ഹൃദ്യമായി തോന്നിയ, ഡോ. ഗൗർ ദാസ് ചൗധരിയുടെ The Human Touch in Modern Medicine: Putting ‘Care’ Back at the Centre of Health Care എന്ന പുസ്തകം ചൂണ്ടിക്കാണിക്കുന്ന പാരഡോക്സ് ഇതുതന്നെയാണ്. മെഡിക്കൽ വിജ്ഞാനം സ്ഫോടനാത്മകമായി വളരുമ്പോഴും രോഗികളുടെ വിശ്വാസവും സംതൃപ്തിയും കുറയുകയാണ് ചെയ്യുന്നത്. വൈദ്യശാസ്ത്രം വീണ്ടും മാനുഷികതയിലേക്ക്, അനുകമ്പയുടെ ഉദാത്ത സ്വപ്നങ്ങളിലേക്ക് മടങ്ങുക മാത്രമാണ് ഇതിനുള്ള പോംവഴി എന്ന് അദ്ദേഹം വിലയിരുത്തുന്നു.
മനുഷ്യന്റെ ദുഃഖത്തെക്കുറിച്ചുള്ള ഏറ്റവും പുരാതനവും ധിഷണാപരവും ഗഹനവുമായ അന്വേഷണങ്ങളിലൊന്നാണ് ബുദ്ധദർശനം. ജീവിതത്തിന്റെ കേന്ദ്രയാഥാർഥ്യമായി ദുഃഖത്തെ തിരി ച്ചറിഞ്ഞ ബുദ്ധൻ അവിടെ അവസാനിപ്പിച്ചില്ല. ദുഃഖത്തിന്റെ കാരണവും അതി ന്റെ നിരോധവും അതിലേക്കുള്ള മാർഗ വും അന്വേഷിച്ചു. അതുകൊണ്ടുതന്നെ ബൗദ്ധദർശനത്തിലെ കരുണ, മറ്റൊരാളുടെ വേദന കണ്ടുണ്ടാകുന്ന സഹതാപം മാത്രമല്ല, ആ വേദനയിൽനിന്ന് അയാളെ മോചിപ്പിക്കണമെന്ന സജീവമായ അഭിലാഷം കൂടിയാണ്.
ഇതിന്റെ ഏറ്റവും ഹൃദയസ്പർശിയായ ഉദാഹരണങ്ങളിലൊന്നാണ് വിനയപിടകത്തിലെ രോഗിയായ ഭിക്ഷുവിന്റെ കഥ. വയറിളക്കം ബാധിച്ച് സ്വന്തം മലമൂത്രത്തിൽ കിടന്നിരുന്ന ഒരു ഭിക്ഷുവിനെ മറ്റുള്ളവർ പരിചരിക്കാതെ വിട്ടപ്പോൾ ബുദ്ധനും ആനന്ദനും ചേർന്ന് അദ്ദേഹത്തെ കഴുകി വൃത്തിയാക്കി കിടത്തുന്നു. അതിനുശേഷം ഭിക്ഷുക്കളോട് ബുദ്ധൻ പറയുന്ന വാക്യം അതീവ പ്രസിദ്ധമാണ്: ‘എന്നെ പരിചരിക്കണമെന്നുള്ളവൻ രോഗിയെ പരിചരിക്കട്ടെ’.
ബുദ്ധന്റെ മുന്നിൽ രോഗി ഒരു രോഗശരീരമായിരുന്നില്ല, ദുഃഖിക്കുന്ന മനുഷ്യനായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനും തിരിച്ചുപിടിക്കേണ്ടത് ഈ കാഴ്ചപ്പാടാണ്. രോഗത്തെ ചികിത്സിക്കാൻ ശാസ്ത്രം വേണം, രോഗിയുടെ ദുഃഖത്തെ സ്പർശിക്കാൻ അനുകമ്പ വേണം.

21-ാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രം compassion എന്ന വാക്കിന് നൽകുന്ന അർത്ഥവും അത്ഭുതകരമായി ഇതിനു സമീപത്താണ്. ബിഹാൻ / കെല്ലി ഗ്രന്ഥത്തിൽ കംപാഷന്റെ ഹൃദയമായി ചൂണ്ടിക്കാ ണിക്കുന്നത് “motivated to act in the presence of suffering” എന്ന ആശയമാണ്. അതായത്, വേദന തിരിച്ചറിയുന്നതുകൊണ്ടുമാത്രം അനുകമ്പ പൂർണമാകുന്നില്ല, അതു കുറയ്ക്കാനുള്ള പ്രവർത്തനത്തിലേക്കു നയിക്കുമ്പോഴാണ് compassion പൂർണമാകുന്നത്. ഈ അർത്ഥത്തിൽ ബുദ്ധന്റെ കരുണയിൽനിന്ന് ശ്രീനാരായണഗുരുവിന്റെ അനുകമ്പാദർശനത്തിലേക്ക് ഒരു ദാർശനിക പാലം പണിയാൻ കഴിയും. ഗുരുവിന്റെ
അനുകമ്പാദശകം ആശുപത്രിയുടെ ഭാഷയിൽ വായിക്കുമ്പോൾ അത് ഒരു ആത്മീയകൃതി മാത്രമല്ല, രോഗിയെ രോഗനിർണയത്തിനപ്പുറം ഒരു സമ്പൂർണ മനുഷ്യനായി കാണാൻ ഡോക്ടറെ പഠിപ്പിക്കുന്ന പുരാതനമായൊരു manifesto of compassionate medicine കൂടിയായി രൂപാന്തരം കൊള്ളുന്നത് കാണാം.
അന്യജീവിയുടെ ദുഃഖത്തെ പുറത്തുനിന്നു നോക്കിനിൽക്കുന്നതിനു പകരം അതുമായി മനുഷ്യന്റെ ആത്മബോധത്തെ ബന്ധിപ്പിക്കുന്നതാണ് അനുകമ്പയുടെ വിശാലത. ഞാൻ എന്നും അപരനെന്നും വരയ്ക്കുന്ന അതിർത്തി ദുർബലമാകുന്നിടത്താണ് യഥാർഥ അനുകമ്പ ജനിക്കുന്നത്. ആധുനിക ആശുപത്രിയുടെ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയാൽ ഇതിന് വലിയ പ്രസക്തിയുണ്ട്. ഡോക്ടറുടെ മുന്നിൽ ഇരിക്കുന്നത് ഒരു മയോകാർഡിയൽ ഇൻഫാർക്ഷനോ കാൻസറോ റീനൽ ഫെയിലറോഅല്ല , ദുരിതമനുഭവിക്കുന്ന മനുഷ്യനാണ്.
ഇവിടെയാണ് ബുദ്ധനും ഗുരുവും ആധുനിക ഡോക്ടറും ഒരേ മാനവികരേഖയിൽ സ്പർശിക്കുന്നത് ബുദ്ധന്റെ മുന്നിലെ ചോദ്യം ദുഃഖത്തിൽ നിന്ന് എങ്ങനെ നിവൃത്തി നേടാം എന്നതായിരുന്നു. ഗുരുവിന്റെ അനുകമ്പ മനുഷ്യനെ സ്വന്തം സ്വാർത്ഥപരിധികൾക്കപ്പുറത്തേക്ക് ക്ഷണിക്കുന്നു. ആധുനിക വൈദ്യന്റെ മുന്നിലും അടിസ്ഥാനപരമായി മറ്റൊരു രൂപത്തിൽ അതേ ചോദ്യം തന്നെയാണ് സ്ഥാപിതമാവുന്നത്.. ഈ മനുഷ്യന്റെ വേദന / ദുരിതം എങ്ങനെ കുറയ്ക്കാം? എല്ലായ്പ്പോഴും രോഗം മാറ്റാൻ വൈദ്യശാസ്ത്രത്തിനു കഴിയണമെന്നില്ല. പക്ഷേ വേദന കുറയ്ക്കാം, ഭയം പങ്കുവയ്ക്കാം, അന്തസ്സ് സംരക്ഷിക്കാം, ഏകാന്തത ഇല്ലാതാക്കാം. Compassion -നെ സംബന്ധിച്ച ചർച്ചയിൽ Behan/Kelly എടുത്തുകാണിക്കുന്ന പ്രധാനപ്പെട്ട തിരിച്ചറിവും ഇതാണ്: എല്ലാ വേദനയും fix ചെയ്യാൻ കഴിയണമെന്നില്ല, എന്നാൽ അനുകമ്പയുടെ സന്നിധിയിൽ ദുരിതത്തെ കൂടുതൽ മാനുഷികമായി സമീപിക്കാൻ നമുക്കാവും.
അതുകൊണ്ട് ഗുരുവിന്റെ അനുകമ്പാദശകത്തെ ഇന്നത്തെ medical humanities-ന്റെ വെളിച്ചത്തിൽ വീണ്ടും വായിക്കുമ്പോൾ അതൊരു ആത്മീയകാവ്യത്തിനപ്പുറം രോഗിയുടെ ശരീരമെന്ന ഭൗതിക യാഥാർത്ഥ്യത്തിനു പുറത്ത് അയാളുടെ ദുഃഖത്തെ കാണാൻ വൈദ്യനെ പരിശീലിപ്പിക്കുന്ന ഒരു പുരാതന മാനവികപാഠമായി മാറുന്നുണ്ട്. നിർമ്മിത ബുദ്ധി രോഗനിർണയത്തിൽ ഡോക്ടറെ മറികടക്കുന്ന കാലം വന്നാലും മനുഷ്യവൈദ്യന്റെ ഏറ്റവും വിലപ്പെട്ട ശേഷി ഒരുപക്ഷേ, ദുഃഖിക്കുന്ന മനുഷ്യന്റെ അരികിൽ അനുകമ്പാർദ്രനായ മറ്റൊരു മനുഷ്യനായി നിലകൊള്ളാനുള്ള കഴിവായിരിക്കും. അതുകൊണ്ടുതന്നെ ബുദ്ധന്റെ കരുണ, ഗുരുവിന്റെ അനുകമ്പ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ കംപാഷൻ, ഇവ മൂന്നും വ്യത്യസ്ത കാലഘട്ടങ്ങളിലെ മൂന്ന് വാക്കുകൾ മാത്രമല്ല. അവയെ ബന്ധിപ്പിക്കുന്ന അന്തർധാര അടിസ്ഥാനപരമായി ഒന്നാണ് എന്ന സാകല്യ ബോധത്തിലേക്കാണ് നാം പരിവർത്തിക്കപ്പെടുന്നത്.
ഈ ലക്കത്തിലെ മാഗസിൻ പേജുകളെ ബൗദ്ധികമായി സമ്പന്നമാക്കിയ കൽപ്പറ്റ നാരായണൻ, ഡോ. സി.വി. കൃഷ്ണൻകുട്ടി, ഡോ. ഗായത്രി കെ.എസ്., ഡോ. ജൂബി ജോൺ, ഡോ. കെ. വേണുഗോപാൽ, ഡോ. കെ.എ. കമ്മാപ്പ, ഡോ. സുൾഫിക്കർ അലി, ഡോ. എ. അബ്ദുൾ അസീസ്, ഡോ. ഗായത്രി എൽ.കെ., ഡോ. ശങ്കർ മഹാദേവൻ, ഡോ. എം.കെ. സരീഷ് കുമാർ, കെ. ശ്രുതി, ശുഭ ശ്രീ പ്രശാന്ത്, ഡോ. നെറ്റോ ജോർജ് മുണ്ടാടൻ എന്നിവർക്ക് സ്നേഹം, നന്ദി.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

