(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കുടുംബാന്തരീക്ഷത്തിനും രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. ചെറുപ്പത്തിലുണ്ടാവുന്ന അനുഭവങ്ങൾ അവരുടെ സ്വഭാവത്തെ നിർണായകമായി സ്വാധീനിക്കും. രക്ഷിതാക്കൾ കുട്ടികളെ, വ്യക്തികളായി പരിഗണിക്കാതെ, അവർക്കുമേൽ ഭയപ്പെടുത്തുംവിധമുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിരന്തരം ആശങ്കയും ഉൽക്കണ്ഠയും പേടിയും അപകർഷതാബോധവും ജനിപ്പിക്കുന്ന മാനസികാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതിനെയാണ് ടോക്സിക് പേരന്റിംഗ് (Toxic Parenting) എന്ന് പൊതുവേ വിശേഷിപ്പിക്കുന്നത്.
കുട്ടിക്കാലത്ത് രക്ഷിതാക്കളും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഒരു വ്യക്തിയെ ജീവിതകാലം മുഴുവൻ ബാധിക്കാൻ സാധ്യതയുണ്ട്. ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷ നൽക്കുകയും ശാരീരികമായും മാനസികമായും മുറിപ്പെടുത്തുകയും ചെയ്യുന്നത് കുട്ടികളുടെ വ്യക്തിത്വവളർച്ചയെ ഗുരുതരമായി ബാധിക്കും. ടോക്സിക് പാരൻറിങ് പല തരത്തിലാണ് കുട്ടികളെ ബാധിക്കുന്നത്. വൈകാരികമായി രക്ഷിതാക്കൾ ലഭ്യമാവാത്ത സാഹചര്യം, ശാരീരികവും വാക്കാലുള്ളതുമായ ഉപദ്രവം, കുട്ടികളുടെ സ്വകാര്യതയിൽ അനാവശ്യമായുള്ള ഇടപെടൽ, സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വിലക്കുന്നത്, സ്വഭാവത്തെ കളിയാക്കുന്നത്, പ്രോത്സാഹനം നൽകാതിരിക്കുന്നത്, മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തുന്നത് എന്നിവയെല്ലാം ഗുരുതരമായി അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്.
‘‘എൻെറ അമ്മ ഭിന്നശേഷിക്കാരിയായ വ്യക്തിയാണ്. അതടക്കം ഉന്നയിച്ച് അച്ഛൻ വഴക്കുണ്ടാക്കാറുണ്ട്. വിവാഹമോചനമൊന്നും നടന്നില്ലെങ്കിലും അവർ നേരിട്ട് കാണുമ്പോൾ സംസാരിക്കാറു പോലുമില്ല’’.
തങ്ങളുടെ രക്ഷാകർതൃത്വം ഇത്തരത്തിൽ അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ് എന്ന് തിരിച്ചറിയാൻ പോലും രക്ഷിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും കഴിയുന്നില്ല എന്നതാണ് ടോക്സിങ് പേരൻറിങിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥ. കുട്ടികൾ ‘നന്നായി’ വളരാൻ ഇത്തരം ചിട്ടകളും നിയന്ത്രണങ്ങളും അനിവാര്യമാണ് എന്ന പൊതുബോധം ടോക്സിങ് പാരന്റിങ്ങിന് സാമൂഹികമായ ഒരുതരം ന്യായീകരണം നൽകുന്നു. ഇത് വീടുകൾക്കുപുറത്ത്, കുട്ടികൾ ഇടപഴകുന്ന, സ്കൂളുകൾ അടക്കമുള്ള പൊതുവിടങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. സാമൂഹികവും മനഃശാസ്ത്രപരവും വൈജ്ഞാനികവുമൊക്കെയായ വലിയ മാറ്റങ്ങളിലൂടെയാണ് ഓരോ തലമുറയും കടന്നുപോകുന്നത്. ഈ മാറ്റങ്ങളെ തിരിച്ചറിയാതെ, തങ്ങൾ ജനിച്ചുവീഴുകയും വളരുകയും ചെയ്ത ചുറ്റുപാടുകളെ അതിലും യാഥാസ്ഥിതികമായി, ഈ പുതിയ തലമുറയ്ക്കുമേലും ആവർത്തിക്കുക എന്ന രീതിയിലാണ് ടോക്സിങ് പാരന്റിങ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, കുട്ടികൾ നേരിടുന്ന ഈ മനുഷ്യാവകാശ പ്രശ്നത്തിനുള്ള പരിഹാരം തുടങ്ങേണ്ടത്, അവർക്കുമുന്നിലുള്ള തലമുറയിൽനിന്നുതന്നെയാണ്.
കുട്ടികളെ കൃത്യമായി കേട്ടിരിക്കുക എന്നതാണ് രക്ഷിതാക്കൾ അവരോട് ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യം. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എത്ര രക്ഷിതാക്കൾ ഇതിന് സമയം കണ്ടെത്തുന്നുണ്ട്? അല്ലെങ്കിൽ അതൊരു പ്രശ്നമാണെന്നെങ്കിലും പരിഗണിക്കുന്നുണ്ട്? നല്ലത് ചെയ്താൽ പ്രശംസിക്കുകയും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് സ്നേഹ സംഭാഷണങ്ങളിലൂടെ തിരുത്തുകയും ചെയ്യപ്പെടുന്നിടത്താണ് ഇതിന്റെ തുടക്കം. വീടുകളിൽ എന്തും പറയാനും ചർച്ച ചെയ്യാനുമുള്ള സാഹചര്യം ഉണ്ടാവുകയും സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സോഷ്യൽ മീഡിയയുടെയും മൊബൈൽ ഫോണിൻെറയുമൊക്കെ അതിപ്രസരം കുട്ടികളെ സ്വാധീനിക്കുന്ന കാലത്ത് അവർക്ക് വേണ്ടി രക്ഷിതാക്കൾ സമയം കണ്ടെത്തിയില്ലെങ്കിൽ അത് സമൂഹത്തിനെ മൊത്തത്തിലാണ് ബാധിക്കാൻ പോവുന്നത്. ഏറ്റവും സുരക്ഷിതമാവേണ്ട, ഏറ്റവും സ്വാതന്ത്ര്യം ഉണ്ടാവേണ്ട വീടുകളിൽ നമ്മുടെ കുട്ടികൾ സന്തോഷത്തോടെയാണോ കഴിയുന്നത്? കാര്യങ്ങൾ അത്ര ശുഭകരമല്ല.
Co-Parenting പോലുള്ള രീതികൾ നമ്മുടെ സമൂഹം സ്വീകരിച്ച് തുടങ്ങേണ്ടതുണ്ട്. തനിക്ക് വേണ്ടിയെങ്കിലും രക്ഷിതാക്കൾ ഒരുമിച്ച് നിൽക്കുന്നുണ്ടല്ലോയെന്ന ചിന്ത കുട്ടിക്ക് ഉണ്ടാവും.
കുട്ടികളുടെ മാനസികാരോഗ്യവും
രക്ഷിതാക്കളുടെ ഉത്തരവാദിത്തവും
ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നത് മാത്രമല്ല, രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും കുട്ടിയെ മോശമായി ബാധിക്കുമെന്ന് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് അദ്വിക ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:
“സ്വന്തം കുട്ടികളുടെ മാനസികാരോഗ്യത്തിൽ രക്ഷിതാക്കൾക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. എന്നാൽ ഉത്തരവാദിത്വം എന്നത് നിയന്ത്രണം ആവുമ്പോഴാണ് ടോക്സിക് പേരന്റിങ് ആവുന്നത്. ഒട്ടും നിയന്ത്രണം ഇല്ലാത്തതും വിഷയമാണ്. ടോക്സിക് പേരൻറിങ്ങിന് ഇരയാവുന്ന കുട്ടികൾക്ക് ഭാവിയിൽ Depression Syndromes, Personality disorders എന്നിവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കുടുംബത്തിനകത്ത് ഉണ്ടാവുന്ന പ്രശ്നങ്ങൾ കുട്ടിയെ ബാധിക്കുന്നതും ചേർത്ത് പറയേണ്ടതുണ്ട്. ചില രക്ഷിതാക്കൾ മാനസികമായി യോജിപ്പില്ലാതെ എന്നും പ്രശ്നങ്ങളുമായി കഴിഞ്ഞ് പോവുന്നരാവാം. അവർ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ കുഞ്ഞിനെ പരിഗണിച്ചേക്കില്ല. വിവാഹമോചനം പോലുള്ള കാര്യങ്ങളിൽ രണ്ടുപേരും കൂടി ആലോചിച്ച് തീരുമാനം എടുക്കണം. കുട്ടിയുണ്ട് എന്ന പേരിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുമ്പോൾ അതിന്റെ പ്രശ്നങ്ങൾ ബാധിക്കുന്നതും കുട്ടിയെ തന്നെയാണ്.
Co-Parenting പോലുള്ള രീതികൾ നമ്മുടെ സമൂഹം സ്വീകരിച്ച് തുടങ്ങേണ്ടതുണ്ട്. തനിക്ക് വേണ്ടിയെങ്കിലും രക്ഷിതാക്കൾ ഒരുമിച്ച് നിൽക്കുന്നുണ്ടല്ലോയെന്ന ചിന്ത കുട്ടിക്ക് ഉണ്ടാവും. മാനസികമായും ശാരീരികമായും കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയെന്നത് മാത്രമാണ് ടോക്സിക് പേരൻറിങ്ങെന്ന് ചിലർ കരുതാറുണ്ട്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ ഇപ്പോഴത്തെ കാലത്ത് നിരവധി പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. വിവാഹമോചനങ്ങളുടെ എണ്ണം കൂടി വരികയാണ്. വീടുകളിൽ ഇത്തരം പ്രശ്നങ്ങൾ നടക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. വീടുകളിൽ സൗഹാർദ്ദപരമായ അന്തരീക്ഷം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. അക്കാരണത്താൽ കുട്ടികൾക്ക് തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ രക്ഷിതാക്കളോട് തുറന്നുപറയാൻ സാധിക്കാതെ വരും. ജീവിതകാലം മുഴുവൻ സുരക്ഷിതത്വമില്ലായ്മയാണ് കുട്ടികൾക്ക് ഇത് നൽകുക’’.
‘‘എന്റെ അടുത്ത് ഈയിടെ വന്ന ഒരു പെൺകുട്ടിയുടെ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ ഒട്ടുമിക്ക ദിവസങ്ങളിലും വഴക്കായിരുന്നു. അത് കണ്ടുകൊണ്ടാണ് കുട്ടി വളർന്നത്. കുട്ടിയുടെ മനസിൽ താൻ ആണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്ന ചിന്ത വളർന്ന് വന്നു. മാനസികമായി അത് അവളെ വല്ലാത്ത പ്രതിസന്ധിയിലാക്കി. 22 വയസ്സായിട്ടും ഈ പെൺകുട്ടിക്ക് ജീവിതത്തിൽ ഒന്നിനും ആത്മവിശ്വാസമില്ല. ഇപ്പോഴും കുട്ടി തെറാപ്പിയിലാണ്. ചിലർ ഇങ്ങനെയുള്ള പ്രശ്നങ്ങളുമായി വരുമ്പോൾ രക്ഷിതാക്കളോടും ഇക്കാര്യം സംസാരിക്കാമെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ നമ്മളോട് സംസാരിക്കാനെത്തുന്നവർക്ക് അതിനോട് താൽപര്യം ഉണ്ടാവില്ല. രക്ഷിതാക്കൾക്ക് തങ്ങളെ വേണ്ടെന്നും മനസ്സിലാവില്ലെന്നുമാണ് മറുപടി ലഭിക്കുക. രക്ഷിതാക്കൾ തമ്മിൽ ദിവസവും ഉണ്ടാവുന്ന വഴക്ക് കുട്ടികളുടെ പഠനാന്തരീക്ഷത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്”- അദ്വിക പറയുന്നു.
‘‘അഞ്ച് വർഷമായി അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് തുടരുകയാണ്. വഴക്കിടാൻ വേണ്ടി മാത്രമാണ് വീട്ടിൽ അവർ സംസാരിക്കാറുള്ളത്. വീടിനകത്ത് പരസ്പരം ഒരു ബന്ധമില്ലാത്ത പോലെയാണ് എല്ലാവരും ജീവിക്കുന്നത്’’
മനസ്സ് തുറക്കാനാവാതെ…
പല വീടുകളിലും കുട്ടികൾക്ക് രക്ഷിതാക്കളോട് തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ കഴിയാത്ത അവസ്ഥയുണ്ട്. അത് ഗുരുതരമായി അവരുടെ ഭാവിജീവിതത്തെ ബാധിക്കുന്നുമുണ്ട്. രക്ഷിതാക്കൾക്കിടയിലെ പ്രശ്നങ്ങൾ തന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് ട്രൂകോപ്പി തിങ്കിനോട് വിശദീകരിക്കുകയാണ് കാസർഗോഡ് സ്വദേശിനി:
“ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നത് മുതൽ അച്ഛനും അമ്മയും വഴക്ക് ഇടുന്നത് കാണാറുണ്ട്. ഏറെക്കാലം നന്നായി ജീവിച്ച അവർക്കിടയിൽ പെട്ടെന്നാണ് പ്രശ്നങ്ങൾ വന്നുതുടങ്ങിയത്. എൻെറ അമ്മ ഭിന്നശേഷിക്കാരിയായ വ്യക്തിയാണ്. അതടക്കം ഉന്നയിച്ച് അച്ഛൻ വഴക്കുണ്ടാക്കാറുണ്ട്. വിവാഹമോചനമൊന്നും നടന്നില്ലെങ്കിലും അവർ നേരിട്ട് കാണുമ്പോൾ സംസാരിക്കാറ് പോലുമില്ല. എനിക്ക് താഴെ ഒരു അനിയനും അനിയത്തിയും ഉണ്ട്. അച്ഛനും അമ്മയും വഴക്ക് കൂടുമ്പോൾ വീട്ടിലെ സാഹചര്യം വളരെ മോശമായി മാറും. അത് ഞങ്ങളുടെ മൂന്ന് പേരുടെയും പഠനത്തെ മോശമായി ബാധിക്കാറുണ്ട്. ഇപ്പോൾ എനിക്ക് അതൊരു വീടായി തോന്നാറില്ല. ഒരു അഭയകേന്ദ്രം എന്നാണ് തോന്നാറുള്ളത്. അഞ്ച് വർഷമായി അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് തുടരുകയാണ്. വഴക്കിടാൻ വേണ്ടി മാത്രമാണ് വീട്ടിൽ അവർ സംസാരിക്കാറുള്ളത്. വീടിനകത്ത് പരസ്പരം ഒരു ബന്ധമില്ലാത്ത പോലെയാണ് എല്ലാവരും ജീവിക്കുന്നത്. അച്ഛനും അമ്മയും തമ്മിൽ വല്ലാത്ത ഈഗോയാണുള്ളത്. അതിനാൽ തന്നെ അവരുടെ തർക്കം തീരുന്നുമില്ല’’
‘‘അച്ഛൻെറ കുടുംബം ഓർത്തഡോക്സ് മനോഭാവമുള്ളവരാണ്. അതിനാൽ ഞാൻ കൂടുതൽ പഠിക്കാൻ പോകുന്നതൊന്നും അവർക്ക് ഇഷ്ടമല്ല. പെട്ടെന്ന് കല്യാണം കഴിക്കണം എന്നുള്ള ചിന്താഗതിയാണ് അവർക്ക്. അമ്മ അതിൽ നിന്നും നേരെ വിപരീതമാണ്. അച്ഛൻ കേരളത്തിന് പുറത്ത് പഠിക്കാൻ പോവാൻ ഒന്നും സമ്മതിക്കില്ല. ഇരുവരും തമ്മിലുള്ള വഴക്ക് കാണുമ്പോൾ ഞാൻ ചിലപ്പോൾ ഇടപ്പെടാറുണ്ട്. അച്ഛൻ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ഉള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ എനിക്ക് പേടിയാണ്, ഞാൻ കൂടുതൽ ഒന്നും പറയാൻ പോവാറില്ല. വിവാഹമോചനത്തിന്റെ കാര്യം ആരെങ്കിലും പറയുമ്പോൾ ഞങ്ങളെ ഓർത്താണ് ഒരുമിച്ച് താമസിക്കുന്നതെന്ന് പറയും. പരസ്പരം ഒന്നും സംസാരിക്കാതെ വഴക്കിട്ട് മാത്രം ഒരുമിച്ച് താമസിക്കുന്നു എന്ന് പറയുന്നത്തിൽ കാര്യം ഒന്നുമില്ലല്ലോ? എപ്പോഴെങ്കിലും പോയി നിൽക്കാൻ പറ്റുന്ന സ്ഥലം പോലെ ആയിരിക്കുന്നു വീട്.”
‘‘ഞാൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോഴുണ്ടായ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. എനിക്ക് തലവേദനയുടെ പ്രശ്നം ഉണ്ടായതുകൊണ്ട് വെറുതേ തോന്നിയതാവുമെന്നാണ് വീട്ടുകാർ പറഞ്ഞത്’’.
മൈഗ്രെയ്നെ
സെയ്ത്താൻ ബാധയാക്കിയ
കുടുംബം
മകളുടെ അസുഖത്തെ പോലും വിലവെക്കാതെ അവരുടെ മാനസികനിലയെ താളം തെറ്റിക്കുന്ന മാതാപിതാക്കളുമുണ്ട്. പ്രണയിച്ച് വിവാഹം കഴിക്കുന്നതിനെ എതിർക്കുകയും അനുസരിക്കാതിരുന്നാൽ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നവരുണ്ട്. അത്തരത്തിലുള്ള അനുഭവം തുറന്നുപറയുകയാണ് കാസർഗോഡ് സ്വദേശിനിയായ വിദ്യാർത്ഥിനി:
“ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ വല്ലാത്ത തലവേദന വരാറുണ്ടായിരുന്നു. കൂട്ടുകുടുംബമായതുകൊണ്ട് വീട്ടിൽ കൂടുതൽ കുട്ടികൾ ഒക്കെ ഉണ്ടായതിനാൽ ബഹളം കേൾക്കുമ്പോഴൊക്കെ നല്ല പ്രശ്നമായിരുന്നു. മൈഗ്രൈയ്ൻ ചെറുപ്പത്തിൽ തന്നെ തുടങ്ങി. വീട്ടിൽ ആദ്യമായിട്ടായിരുന്നു ഒരാൾക്ക് മൈഗ്രെയ്ൻ വരുന്നത്. അതുകൊണ്ട് തന്നെ ആർക്കും അതിനെപ്പറ്റി വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എനിക്കും ഇല്ല. കഠിനമായ തലവേദന വരുമ്പോൾ ഞാൻ വല്ലാതെ ബുദ്ധിമുട്ടുമായിരുന്നു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് വല്ലാതെ പേടിയാവാനൊക്കെ തുടങ്ങി. ഇതോടെ എൻെറ മേൽ സെയ്ത്താൻ (ബാധ) കൂടിയെന്നും, മാനസികരോഗമാണെന്നുമെല്ലാം വീട്ടുകാർ പറയാൻ തുടങ്ങി. ആശുപത്രിയിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കുന്നതിന് പകരം ഉസ്താദുമാരുടെ അടുത്തും തങ്ങൻമാരുടെ അടുത്തുമൊക്കെയാണ് കൊണ്ടുപോയത്’’.
‘‘ഈ പ്രശ്നം വരുന്നത് വരെ വീട്ടിൽ എന്നെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. ഇതിന് ശേഷം വീട്ടിലെ ആരും എന്നോട് സംസാരിക്കാതെയായി. വീടുപണി നടക്കുന്ന സമയമായിരുന്നു. പക്ഷേ അതിന് വേണ്ടി വെച്ച പണം മുഴുവൻ ഉസ്താദിനും തങ്ങൾക്കും കൊടുത്ത് തീർന്നു. അങ്ങോട്ട് പോയി അവരെ കാണണമെങ്കിൽ 10,000 രൂപയും വീട്ടിലേക്ക് അവർ വരണമെങ്കിൽ 25,000 രൂപയും കൊടുക്കണം. ഇത് കൂടാതെ കർണാടകയിലും മറ്റും പൂജയ്ക്കും മറ്റും കൊണ്ട് പോയിരുന്നു. അങ്ങനെ മന്ത്രവാദം കൊണ്ട് രോഗം മാറ്റാമെന്നാണ് വീട്ടുകാർ കരുതിയത്. തലവേദന മാത്രമേ ഉള്ളൂ, വേറെ ഒന്നും എനിക്ക് ഇല്ല എന്ന് പറഞ്ഞെങ്കിലും ആരും അത് കേൾക്കുമായിരുന്നില്ല. കുറേനാൾ കഴിഞ്ഞപ്പോൾ കാസർഗോഡ് തന്നെയുള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോയി. അവരാണ് മൈഗ്രെയ്ൻ ആണെന്ന് പറഞ്ഞത്. ഡോക്ടർമാർ തന്ന മരുന്ന് കഴിച്ചപ്പോൾ രണ്ടാഴ്ച വേദനയൊക്കെ കുറഞ്ഞു. എന്നാൽ കുറച്ചുകാലം കഴിഞ്ഞ് തലവേദന വീണ്ടും വന്നു. അതോടെ വീട്ടുകാർക്ക് ഡോക്ടർമാരെയും വിശ്വാസം ഇല്ലാതായി. വീണ്ടും ഉസ്താദിന്റെ അടുത്തും തങ്ങളുടെ അടുത്തുമൊക്കെ കൊണ്ടുപോയി. ആ സമയത്താണ് വീടിന്റെ അടുത്തുള്ള ഒരു വ്യക്തിയിൽ നിന്ന് എനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. അതോടെ ഞാനാകെ തകർന്നുപോയി’’.
‘‘ഈ വിവരം ഞാൻ വീട്ടിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. എനിക്ക് തലവേദനയുടെ പ്രശ്നം ഉണ്ടായതുകൊണ്ട് വെറുതേ തോന്നിയതാവുമെന്നാണ് വീട്ടുകാർ പറഞ്ഞത്. എന്നെ നാല് മാസം സ്കൂളിൽ പോവാൻ വിട്ടില്ല. തലവേദന വരുമ്പോഴും തല ചുറ്റി വീഴുമ്പോഴും ഉസ്താദിന്റെ അടുത്ത് കൊണ്ട് പോവും. കൊറോണ സമയത്ത് വീട്ടിൽ ഒരു മരണം സംഭവിച്ചു. ആ സമയത്ത് എന്നെ മുറിയിൽ പൂട്ടിയിട്ടു. സ്കൂളിൽ പോവാത്തതുകൊണ്ട് എനിക്ക് സുഹൃത്തുക്കൾ ഒന്നും ഇല്ലായിരുന്നു. കുറേ അവധി എടുക്കേണ്ടി വന്നു. അങ്ങനെ ആ സമയത്താണ് എനിക്കൊരു പ്രണയബന്ധം ഉണ്ടാവുന്നത്. എൻെറ വിഷമങ്ങൾ പങ്കുവെക്കാനുള്ള ഒരാളായാണ് ഞാൻ ആ ബന്ധത്തെ കണ്ടത്. അതുവരെ പറയാൻ പറ്റാത്ത സങ്കടങ്ങൾ കേൾക്കാൻ ഒരാൾ എന്ന രീതിയിൽ ഞാൻ ആ ബന്ധം കൊണ്ട് പോയി. ആ ബന്ധത്തെക്കുറിച്ച് ഒരു ഘട്ടത്തിൽ എനിക്ക് വീട്ടിൽ പറയേണ്ടി വന്നു. അതിനുശേഷം ഞാൻ നേരിട്ട ശാരീരിക ഉപദ്രവം ഭീകരമായിരുന്നു.
ഉപ്പ എന്നെ ചുമരിൽ തല ചേർത്ത് വെച്ച് ഇടിച്ചു. തല പൊട്ടി ചോര വന്നപ്പോൾ കേസാവുമെന്ന് പേടിച്ച് ആശുപത്രിയിൽ കൊണ്ട് പോയില്ല. ചേച്ചിയുടെ പ്രേമവിവാഹം ആയതുകൊണ്ട് വീട്ടിൽ പ്രണയബന്ധത്തോട് വലിയ എതിർപ്പ് ഉണ്ടായിരുന്നു. ഏട്ടൻ മാത്രമാണ് എൻെറ കൂടെ നിന്നത്. ഉപ്പ എന്നെ കിട്ടുന്ന അവസരത്തിലെല്ലാം തല്ലുമായിരുന്നു. വല്ലാത്ത അവസ്ഥയിലൂടെയാണ് അക്കാലത്ത് കടന്നുപോയത്. വീട്ടിലെ ചെറിയ കുട്ടികളോട് പോലും എന്നോട് മിണ്ടരുതെന്ന് പറഞ്ഞു. കാര്യങ്ങൾ അവിടെയും തീർന്നില്ല. മാനസികാവസ്ഥ മോശമായ എന്നിൽ ആത്മഹത്യാ പ്രവണത ഉണ്ടായി. ഒരിക്കൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നിട്ട് പോലും വീട്ടുകാർ എന്നോട് കരുതൽ കാണിച്ചില്ല. ആരും എന്നെ ആശുപത്രിയിൽ കൊണ്ട് പോയില്ല. മരിച്ച് പൊയ്ക്കോട്ടെ എന്ന് പറഞ്ഞു. ഞാൻ വല്ലാതെ തകർന്നുപോയി. ഇപ്പോഴും ആ ട്രോമയിൽ നിന്ന് തിരിച്ചുവരാൻ സാധിച്ചിട്ടില്ല.”
‘‘മാതാപിതാക്കൾ തമ്മിലുള്ള വഴക്കാണ് കുട്ടികളെ ഏറ്റവും മോശമായി ബാധിക്കുന്നത്. പരസ്പരം മിണ്ടാതെ, വഴക്കിടാൻ മാത്രം വായ തുറക്കുന്നവർക്കിടയിലാണ് കുട്ടികൾ കഴിയുന്നത്. വിവാഹമോചനം നേടാതെ കുട്ടികൾക്ക് വേണ്ടിയെന്ന് പറഞ്ഞ് അവർ കഴിയുന്നു. ഇങ്ങനെയുള്ള സാഹചര്യമുള്ള വീട്ടിൽ കുട്ടികൾക്ക് ഒന്നും ആരോടും പങ്കുവെക്കാൻ സാധിക്കില്ല’’
രക്ഷിതാക്കൾക്കും വേണം,
കൗൺസിലിങ്
ടോക്സിക് പേരൻറിങ് കാരണം കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾൾക്ക് പരിഹാരം കാണണമെങ്കിൽ കൗമാരക്കാരായ കുട്ടികൾക്ക് നൽകുന്നത് പോലെത്തന്നെ രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകണമെന്ന് കാസർഗോഡ് മുന്നാട് പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻറ് സയൻസ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറും കൺസൾട്ടൻറ് സൈക്കോളജിസ്റ്റുമായ ഫർസീന എം റഹീം പറഞ്ഞു:
“ക്ലാസ്സിനിടയ്ക്ക് വെച്ച് നടത്തിയ ഒരു സർവേയുടെ ഇടയിലാണ് പല വിദ്യാർത്ഥികൾക്കും വീട് മാനസികമായി വല്ലാതെ സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന് മനസിലാവുന്നത്. അത് എന്ത് കൊണ്ടാണെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ടാണ് കുട്ടികളോട് സംസാരിച്ച് തുടങ്ങുന്നത്. മാതാപിതാക്കൾ തമ്മിലുള്ള വഴക്കാണ് കുട്ടികളെ ഏറ്റവും മോശമായി ബാധിക്കുന്നതെന്ന് മനസ്സിലായി. അതിനാണ് ഏറ്റവും മുന്തിയ പരിഗണന നൽകേണ്ടത്. പരസ്പരം മിണ്ടാതെ, വഴക്കിടാൻ മാത്രം വായ തുറക്കുന്നവർക്കിടയിലാണ് കുട്ടികൾ കഴിയുന്നത്. വിവാഹമോചനം നേടാതെ കുട്ടികൾക്ക് വേണ്ടിയെന്ന് പറഞ്ഞ് അവർ കഴിയുന്നു. ഇങ്ങനെയുള്ള സാഹചര്യമുള്ള വീട്ടിൽ കുട്ടികൾക്ക് ഒന്നും ആരോടും പങ്കുവെക്കാൻ സാധിക്കില്ല. അവരുടെ മനസ്സിലെ പ്രശ്നങ്ങൾ അതേപടി അവിടെ കിടക്കുകയാണ്. കുട്ടികളുടെ കാര്യത്തിൽ ഇടപെടുന്നതിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുക. ആരും ഉത്തരവാദിത്വം ഏറ്റെടുക്കില്ല.
രക്ഷിതാക്കൾ തമ്മിലുള്ള വഴക്ക് കുട്ടികളുടെ ഭാവിജീവിതത്തെ ആകെ പ്രതിസന്ധിയിലാക്കുകയാണ്. അവർക്ക് ഒന്നിലും ഉറച്ചൊരു തീരുമാനം എടുക്കാൻ സാധിക്കാതെ വരും. കുട്ടികൾ തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ വേണ്ടെന്ന് വെയ്ക്കും. അവർക്ക് വല്ലാത്ത നിരാശ വരും. രക്ഷിതാക്കൾ പരസ്പരം മാനസിക ഐക്യമില്ലാതെ ഒരുമിച്ച് ജീവിക്കുന്നത് കുട്ടികളെയാണ് ഒരുതരത്തിൽ വല്ലാതെ ബാധിക്കുന്നത്. സമൂഹം എന്ത് കരുതും കുടുംബത്തിലുള്ള മറ്റുള്ളവർ എന്ത് കരുതും എന്നൊക്കെയായിരിക്കും പലരും ആലോചിക്കുന്നത്. ഇനി ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളുടെ എന്തെങ്കിലും കാര്യം വരുമ്പോൾ ഒരുമിച്ച് നിൽക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു തരത്തിലുള്ള മുൻവിധിയും കൂടാതെ കുട്ടികളെ കേട്ടിരിക്കുക എന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം’’.
‘‘കുട്ടികൾക്ക് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ, അല്ലെങ്കിൽ കുട്ടി ഒരു റിലേഷൻഷിപ്പ് തുടങ്ങിയെന്ന് മാതാപിതാകളിൽ ആർക്കെങ്കിലും മനസിലായാൽ ഉടനെ തന്നെ മറ്റ് ബന്ധുകളെ അറിയിച്ച് അവരെക്കൊണ്ട് സംസാരിപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. അത് ഒരിക്കലും ചെയ്യരുത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികളുടെ പ്രശ്നങ്ങൾ രക്ഷിതാക്കൾ പരസ്പരം സംസാരിച്ച് അവരുടെ ഇടയിൽ വെച്ച് തന്നെ പരിഹരിക്കണം. പല രക്ഷിതാക്കളും കുട്ടികൾക്ക് വലിയ നിയന്ത്രണം വെക്കാറുണ്ട്. നിയന്ത്രണം വെച്ചാൽ എല്ലാം ശരിയാവുമെന്ന ധാരണയുടെ പുറത്താണിത്. എന്നാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുട്ടികളുടെ പ്രായത്തിൻെറ ഓരോ ഘട്ടത്തിലും വരുന്ന മാറ്റങ്ങളെ കൃത്യമായി മനസിലാക്കണം’’.
‘‘കൗമാരകാലത്ത് ഒത്തിരി മാറ്റങ്ങൾ കുട്ടികളിൽ വരും. ഇപ്പോൾ കുട്ടികളിൽ പെട്ടെന്ന് കൗമാരത്തിലേക്ക് എത്തുന്നു. ആ പ്രായത്തിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ വളരെ നോർമൽ ആയിട്ട് കാണേണ്ടതാണ്. എന്നാൽ അതൊന്നും അങ്ങനെ കാണാതിരിക്കുമ്പോഴാണ് പ്രശ്നം. കൗമാരകാലത്ത് കുട്ടികൾക്ക് കൊടുക്കുന്ന ക്ലാസ്സുകൾ പോലെ തന്നെ രക്ഷിതാക്കൾക്കും ക്ലാസ് നൽക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ക്ലാസ്സുകൾ നൽകുന്നതും ഇപ്പോൾ കൂടിവരുന്നുണ്ട്. അങ്ങനെ ഉള്ള ക്ലാസ്സുകൾ നൽകാൻ സന്നദ്ധ സംഘടനകളും മറ്റും മുൻകൈ എടുക്കണം’’.
‘‘കുട്ടികൾ അങ്കണവാടിയിൽ പഠിക്കുന്ന കാലം മുതൽ അവരുടെ ശാരീരികമായും മാനസികമായുമുള്ള മാറ്റങ്ങളെ പരിഗണിക്കണം. Learning, relearning പ്രക്രിയ കൃത്യമായി നടപ്പിലാക്കേണ്ടതുണ്ട്. മറ്റ് ചില മാതാപിതാക്കൾ Over protective ആവുന്ന സാഹചര്യം ഉണ്ട്. അവർ അങ്ങനെ ആയാലുള്ള വിഷയം കുട്ടികളുടെ Problem solving capacity, Decision making capacity എന്നിവ കുറയും എന്നതാണ്. കുട്ടികളുടെ മാനസികാവസ്ഥ കൃത്യമായി മനസിലാക്കി മുന്നോട്ട് പോവാൻ രക്ഷിതാക്കൾ തയ്യാറാവണം. കുട്ടികൾ തെറ്റ് ചെയ്താൽ നെഗറ്റീവ് ശിക്ഷ കൊടുക്കുന്നതും മോശമാണ്. പേരൻറ്സ് ആവാൻ തുടങ്ങുന്നതിന് മുന്നേ അവർക്ക് ക്ലാസ്സുകൾ കിട്ടി തുടങ്ങണം. Gender Role വളർത്തി എടുക്കാൻ കുട്ടികളെ സഹായിക്കുകയും വേണം’’.
കുട്ടികൾക്ക് വേണ്ടിയുള്ള നിയമങ്ങൾ
കുട്ടികൾക്ക് നേരെ ഉണ്ടാവുന്ന ശാരീരിക അതിക്രമങ്ങളെ ചെറുക്കാൻ നിയമങ്ങൾ നിലവിൽ ഉണ്ടെങ്കിലും കുട്ടികളിലെ ഗാർഹിക മാനസികാരോഗ്യം സംരക്ഷിച്ച് പോവുന്നതിൽ പരിമിതികൾ ഉണ്ടെന്ന് തലശ്ശേരി ജില്ലാ കോടതിയിലെ അഡ്വ. ദിഖിൽ എൻ.സി വിശദീകരിച്ചു:
“ചൈൽഡ് വെൽഫയർ കമ്മിറ്റി, ബാലനീതി, പോക്സോ തുടങ്ങിയ നിയമങ്ങൾ കുട്ടികളെ സംരക്ഷിക്കാൻ വേണ്ടി നിലവിലുള്ളവയാണ്. ഗാർഹിക പീഡന സംരക്ഷണ നിയമത്തിൽ തന്നെ കുട്ടികളെ സംരക്ഷിക്കേണ്ട നിയമവും ഉൾപ്പെട്ടിട്ടുണ്ട്. കുട്ടി മാനസികപരമായോ ശാരീരികപരമായോ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അവരെ ബാലസദനങ്ങളിലെക്ക് മാറ്റി താമസിപ്പിക്കാനുള്ള നിർദ്ദേശം കോടതിയ്ക്ക് നൽക്കാം.
വിവാഹമോചനത്തിലേക്ക് എത്തുന്ന രണ്ട് പേർക്കിടയിൽ കുട്ടികളെ സംബന്ധിച്ച് വലിയ പ്രശ്നങ്ങൾ നടക്കാറുണ്ട്. രക്ഷിതാക്കളിൽ ഒരാളുടെയൊപ്പം കൈമാറിയതിന് ശേഷവും കുട്ടി നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. മാനസിക സംഘർഷങ്ങൾ, ശാരീരികമായ ഉപദ്രവങ്ങൾ എന്നിവയെല്ലാം ഉണ്ടായെന്ന് പലപ്പോഴും പരാതി ലഭിക്കാറുണ്ട്. കുട്ടികൾ നേരിടുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ മനസിലാക്കി അതിൽ ഇടപെടാനും കുട്ടികളെ കെയർ ഹോമുകൾ പോലുള്ള ഇടങ്ങളിലേക്ക് മാറ്റാനും ബാലാവകാശ കമ്മീഷന് അവകാശമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ കുടുംബ പ്രശ്നങ്ങളിൽ ഇടപ്പെടുന്നില്ല എന്ന പരിമിതിയുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി കുട്ടികൾക്ക് കൗൺസിലിങ് നൽകി പോരാറുണ്ട്. ടോക്സിക് പേരൻറിങ് കുട്ടികളെ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് എത്തിക്കാറുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെയിരിക്കുകയും അരക്ഷിതാവസ്ഥ അനുഭവിക്കുകയും ചെയ്യുന്നതിലുപരി ഇത് പിന്നീട് നിയമവിരുദ്ധമായ പ്രവർത്തനത്തിലേക്ക് വരെ നയിക്കാറുണ്ട്. പിന്നീട് അത് തിരുത്താൻ പോലും സാധിച്ചെന്ന് വരില്ല.”