കോവിഡ്: പിഴച്ചുവോ, നമ്മുടെ പ്രതിരോധ രീതിശാസ്ത്രം?

കേരളത്തിലെ കോവിഡ് വ്യാപനത്തിനുപുറകിൽ പ്രവർത്തിക്കുന്ന ശാസ്ത്രീയ- സാമൂഹിക ഘടകങ്ങൾ എന്തൊക്കെയാണ്? എവിടെയാണ് നാം പരാജയപ്പെട്ടത്? ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ലേഖകൻ വിശകലനം ചെയ്യുന്നു

രോഗ്യരംഗത്തെ അഭികാമ്യമല്ലാത്ത കാരണങ്ങൾ കൊണ്ട് കേരളം ലോകശ്രദ്ധയിലേക്ക് വരുന്നത് അപൂർവമാണെന്നത് സുവിദിതമാണ്. പൊതുജനാരോഗ്യ രംഗത്ത് വളരെക്കാലം ചർച്ച ചെയ്യപ്പെട്ട ലോകപ്രശസ്തമായ കേരള മോഡൽ മുതൽ, നിപ്പയെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതും ഏറ്റവും ഒടുവിൽ കോവിഡ് ഒന്നാം തരംഗത്തിൽ രോഗസംക്രമണവും മരണവും ഏറ്റവും കുറച്ച നാടെന്ന ഖ്യാതിയുമുൾപ്പെടെ ഒട്ടനവധി അത്ഭുതകരമായ നേട്ടങ്ങൾ കേരളത്തിന് സ്വന്തമായുണ്ട്. ആ നേട്ടങ്ങളുടെ അതുല്യശോഭ രണ്ടാം തരംഗത്തിലെ കേസുകളുടെ ബാഹുല്യം ‘രാഹുകേതു'ക്കളായി കെടുത്തിക്കളയുന്നുവോ എന്ന ആശങ്ക സമൂഹത്തിൽ പ്രബലമാണ്.

സോഷ്യൽ മീഡിയകളിലും മറ്റു മാധ്യമങ്ങളിലും വ്യാപകമായി ഈ അവസ്ഥ തലനാരിഴ കീറി ചർച്ച ചെയ്യപ്പെട്ടു. ഒന്നാം തരംഗത്തിലെ മികച്ച രോഗപ്രതിരോധ പ്രവർത്തനങ്ങൾ രണ്ടാം തരംഗത്തിലെത്തുമ്പോഴേക്കും കേരളത്തിന് കൈമോശം വന്നുവോ എന്നു സംശയിക്കുന്നവർ രാഷ്ട്രീയഭേദമെന്യേ ഏറെപ്പേരുണ്ട്. കോവിഡ് ചാനൽ ചർച്ചകളിൽ ഒരു പ്രധാന വിഷയമായി ഇതു മാറിയത്, സാമൂഹികമായ ഉൽക്കണ്ഠയായി ആ ആശങ്ക രൂപാന്തരം കൊണ്ടതിന്റെ കൃത്യമായ സാക്ഷ്യപത്രമാണ്.

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളുമേറെ കേരളത്തിൽ രണ്ടാം തരംഗത്തിൽ ഡെൽറ്റാ വൈറസ് അഴിഞ്ഞാടിയതാണ് കേസുകളുടെ വർദ്ധനവിനുണ്ടായ പ്രധാന കാരണം

ഡെൽറ്റാ വൈറസ്​ അഴിഞ്ഞാടി

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാലാം സീറോ സർവൈലൻസ് പഠന പ്രകാരം 44% ആണ് കേരളത്തിന്റെ പൊതുവായ സീറോ പോസിറ്റിവിറ്റി. (രക്തത്തിൽ കോവിഡ് ആന്റിബോഡിയുടെ സാന്നിദ്ധ്യം മാനദണ്ഡമാക്കി രോഗപ്രതിരോധ ശേഷി അളക്കുന്നതാണ് ഈ രീതി ) അതായത്, കേരളീയ ജനസംഖ്യയിലെ 56% പേരും കോവിഡ് പിടിപെടാൻ സാദ്ധ്യതയുള്ളവരാണെന്നതാണ് ആ പഠനത്തിന്റെ ഫലശ്രുതി. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെക്കാളും ഭീഷണമായ ഈ അവസ്ഥ കൗതുകകരമെന്നു പറയട്ടെ, ഒന്നാം തരംഗത്തിൽ രോഗത്തെ ഏറ്റവും ഫലപ്രദമായി നേരിട്ടതിന്റെ ‘തിരിച്ചടി'യാണെന്നതാണ് വിധി വൈപരീത്യം. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളുമേറെ കേരളത്തിൽ രണ്ടാം തരംഗത്തിൽ ഡെൽറ്റാ വൈറസ് അഴിഞ്ഞാടിയതാണ് കേസുകളുടെ വർദ്ധനവിനുണ്ടായ മറ്റൊരു പ്രധാന കാരണം. രണ്ടാം ഘട്ടത്തിലെ കേരളത്തിലെ കേസുകളിൽ 70- 80 % വും B- 1.617.2 ആണ് എന്ന് ജീനോമിക്ക് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒന്നാം കോവിഡ് വൈറസിന്റെ റീ- പ്രൊഡക്ഷൻ നമ്പർ, (RO) 0.95 ആണെങ്കിൽ ഡെൽറ്റാ വൈറസിന്റെ RO, 1.1 ആണ്. 100 പേർക്ക് അസുഖം വന്നാൽ യഥാക്രമം 95 പേരിലേക്കും 110 പേരിലേക്കും പടരാനാകും എന്നതാണ് അവ തമ്മിലുള്ള വ്യത്യാസം.
ആദ്യകാല - വുഹാൻ - കോവിഡ് വൈറസ് ബാധ വന്നവർക്കാണ് (Symptomatic and asymptomatic), രണ്ടാം തരംഗത്തിലെ ഡെൽറ്റാ സംക്രമണം എറ്റവും മികച്ച രീതിയിൽ പ്രതിരോധിക്കുവാൻ കഴിഞ്ഞത്. പക്ഷേ, രോഗത്തിനടിപ്പെടാൻ ഏറ്റവും സാദ്ധ്യതയുള്ള ഒരു ജനതയും അതീവ സംക്രമണശേഷിയുള്ള ഒരു വൈറസുമായുള്ള നിർഭാഗ്യകരമായ കൂടിക്കാഴ്ചയായിട്ടാണ് അത് കേരളത്തിൽ അവതരിച്ചത്.

തിരിച്ചടിയായി ജനസംഖ്യാനുപാതം

കേരളത്തിന്റെ വളരെ ഉയർന്ന ജനസംഖ്യാനുപാതമാണ് മറ്റൊരു പ്രശ്‌നം. കേരളത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 860 പേർ താമസിക്കുമ്പോൾ മഹാരാഷ്ടയിലും കർണ്ണാടകയിലും ആന്ധ്രയിലും അതിന്റ മൂന്നിലൊന്നോളവും തമിഴ്‌നാട്ടിൽ പകുതിയോളവുമാണ് പോപ്പുലേഷൻ ഡെൻസിറ്റി. എല്ലാ പകർച്ചവ്യാധികളും ജനസംഖ്യാനുപാതം കൂടുതലുളള സ്ഥലങ്ങളിലാണ് അവയുടെ വിശ്വരൂപം പുറത്തെടുക്കുക പതിവ്. ഡെൽറ്റാ വൈറസിന്റെ വിളനിലമായി കേരളം മാറിയതിന്റെ മറ്റൊരു പശ്ചാത്തലമിതാണ്.

മറ്റ് സംസ്ഥാനങ്ങളിൽ ജനപഥങ്ങൾ വളരെ ദൂരെയാണ് കിടക്കുന്നത്. ഒരു ഗ്രാമമോ നഗരമോ കഴിഞ്ഞാൽ ജനവാസമില്ലാതെ കിടക്കുന്ന എത്രയോ കിലോമീറ്റർ കഴിഞ്ഞാലാണ് അടുത്ത ഗ്രാമവും ടൗണും എത്തിച്ചേരുക. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇത്തവണ പിടിമുറുക്കിയ കോവിഡ് അവിടെത്തന്നെ തളച്ചിടപ്പെട്ടപ്പോൾ ഗ്രാമ -നഗര വത്യാസമില്ലാത്ത കേരളത്തിൽ വൈറസ് പരമാവധി അതിജീവനം സാദ്ധ്യമാക്കി.

വാക്​സിൻ വിവേചനം

വാക്‌സിൻ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ തുടക്കം മുതൽ അപര്യാപ്തമായിരുന്നു എന്ന കാര്യം വിശദമായി ചർച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിനോട് പ്രത്യേകിച്ച് വിവേചനമൊന്നും കാണിച്ചില്ലെങ്കിലും ഇന്ത്യയൊട്ടാകെയുള്ള വാക്‌സിൻ അപര്യാപ്തത പലപ്പോഴും കേരളത്തിലും ഗൗരവതരമായി പ്രതിഫലിച്ചിട്ടുണ്ട്. 2021 സെപ്റ്റംബർ നാലിന് കോഴിക്കോടും കണ്ണൂരും തൃശൂരു മുൾപ്പെടെ കേരളത്തിലെ പത്തു ജില്ലകളിൽ വാക്‌സിൻ ലഭ്യമാവാത്തതിന്റെയൊക്കെ പശ്ചാത്തലമതാണ്. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകുകയും സീറോ വാക്‌സിൻ വെയ്‌സ്റ്റേജ് പാലിക്കുകയും ചെയ്ത സംസ്ഥാനം കൂടിയാണ് കേരളം എന്ന് സ്റ്റാറ്റിസ്റ്റിക്‌സുകൾ ചൂണ്ടിക്കാട്ടുമ്പോഴും 20% ൽ താഴെ പേർക്കുമാത്രമാണ്, എട്ടു മാസങ്ങൾ കഴിഞ്ഞിട്ടും, രണ്ടു ഡോസും (ഇന്ത്യയിൽ 12% -ൽ താഴെ) ലഭ്യമായത് എന്ന വസ്തുത വാക്‌സിൻ വേണ്ടത്ര ഇപ്പോഴും ലഭ്യമാവുന്നില്ല എന്ന അഭികാമ്യമല്ലാത്ത അവസ്ഥയെയാണ് നിശ്ചയമായും അടിവരയിടുന്നത്.

ജീവിതശൈലീ രോഗങ്ങളുമായുള്ള ബന്ധം

കേരളത്തിലെ ചില പ്രത്യേക സാഹചര്യങ്ങളും കോവിഡിന്റെ സംക്രമണത്തിന് വളരെ അനുകൂലമാണെന്നതുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്. 18% ത്തിലധികം പേർ 60 വയസ്സിനു മുകളിലുള്ളവരാവുകയും എറ്റവും കൂടുതൽ സഞ്ചരിക്കുകയും ചെയ്യുന്നവരാണ് കേരളീയർ. ഒരു പക്ഷേ പഞ്ചാബ് മാറ്റിനിർത്തിയാൽ 60 വയസ്സിനു മുകളിലുള്ളവർ പോലും യഥേഷ്ടം സഞ്ചരിക്കുന്ന ഒരു സംസ്ഥാനവും ഇന്ത്യയിലില്ല. കോവിഡ് വ്യാപനത്തിന് സഹായമായ അനുബന്ധ രോഗങ്ങളാവട്ടെ കേരളത്തിനെ ഗുരുതരാവസ്ഥയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുമുണ്ട്. 20 % പേർക്ക് പ്രമേഹവും 42% പേർക്ക് രക്താതിമർദ്ദവും 72% പേർക്ക് കൊളസ്‌ട്രോൾ ആധിക്യവുമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം.

കേരളത്തിലെ കോവിഡ് സംക്രമണത്തെ കേരള സർക്കാർ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്തു എന്ന നരേറ്റീവ്​ അതിശയോക്തിയാണ്.

ലോകമെമ്പാടുമുള്ള പഠനങ്ങൾ കൃത്യമായി സൂചിപ്പിക്കുന്നത്, കോവിഡ് മരണങ്ങളും പ്രായവും ജീവിതശൈലീ രോഗങ്ങളും തമ്മിലുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്ന ബന്ധമാണ്. ലോകത്തെമ്പാടുമായി കോവിഡ് ബാധിച്ച് മരിച്ച 48% -50% പേർക്കും ഏതെങ്കിലും ജീവിത ശൈലീരോഗങ്ങൾ ഉണ്ടായിരുന്നു എന്ന് ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 30 % പേർക്ക് രക്താതിമർദ്ദവും 19% പേർക്ക് പ്രമേഹവുമാണ് രേഖപ്പെടുത്തപ്പെട്ട ജീവിത ശൈലീ രോഗങ്ങളിൽ പ്രമുഖ സ്ഥാനം. കേരളത്തിന്റെ കോവിഡ് സംക്രമണത്തിൽ ഇവയുടെ സാന്നിദ്ധ്യം വലിയ ആഘാതമായി മാറുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ 71% വും 50-75 പ്രായമുള്ളവരാണ് എന്ന വസ്തുത കേരളീയ സാഹചര്യങ്ങളിൽ നിശ്ചയമായും പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
ഇത്രയും ഋണാത്മകമായ സ്​ഥിതിവിശേഷങ്ങളിലൂടെ കടന്നുപോയിട്ടും മരണനിരക്ക്​ 0.5ൽ ഒതുക്കി നിർത്തിയതും (ഇന്ത്യയിൽ 1.3 ആണ്​ കേസ്​ ഫേറ്റാലിറ്റി നിരക്ക്​) ഇന്ത്യയൊട്ടാകെ 33 കോവിഡ്​ കേസുകളിൽ ഒരു കേസുമാത്രം തിരിച്ചറിയപ്പെടുമ്പോൾ കേരളത്തിൽ ആറു കേസുകളിൽ ഒന്ന്​ തിരിച്ചറിയ​പ്പെടുന്നു.

കേരള, കേന്ദ്ര സർക്കാർ അവകാശവാദങ്ങൾ

കേരളത്തിലെ കോവിഡ് സംക്രമണത്തെ കേരള സർക്കാർ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്തു എന്ന നരേറ്റീവാകട്ടെ അതിശയോക്തിയുമാണ്. പ്രധാനമന്ത്രി മോദിയും കേന്ദ്ര ആരോഗ്യ മന്ത്രിയും ‘നാം കോവിഡിനെ പിടിച്ചുകെട്ടി' എന്ന് തെറ്റായി അവകാശപ്പെട്ടതിനുസമാനമാണ് കേരളത്തിലെ മുൻ ആരോഗ്യമന്ത്രി 2020 മെയിൽ ഉന്നയിച്ച "കേരളം കോവിഡ് വിമുക്തമാവാൻ പോവുന്നു' എന്ന അവകാശ വാദം. ഇരുകൂട്ടരും നടത്തിയ ഇത്തരം അതിരുകടന്ന അവകാശ വാദങ്ങൾ മൊത്തത്തിൽ ഒരു വ്യാജ സുരക്ഷിത ബോധം ജനങ്ങൾക്ക് നൽകുകയും കോവിഡ് കെട്ടുപാടുകളിൽ നിന്ന് എത്രയും വേഗം മോചനം കാംക്ഷിക്കുന്ന ജനത കോവിഡ് ജാഗ്രത ഉപേക്ഷിക്കുകയുമാണ് ചെയ്തത്. കഴിഞ്ഞ തദ്ദേശ സ്ഥാപന, നിയമസഭാ തെരഞ്ഞെടുപ്പ് കാലങ്ങളിൽ അണികളെ ഒരു തരത്തിലുള്ള കോവിഡ് പ്രോട്ടോക്കോളും അനുസരിപ്പിക്കാൻ കൂട്ടാക്കാതെ കയറൂരി വിട്ടത് എത്ര ഗുരുതര അപരാധമാണെന്ന് ഇപ്പോഴെങ്കിലും കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ തിരിച്ചറിഞ്ഞിരിക്കുമെന്ന് പ്രത്യാശിക്കാം. മറ്റാർക്കുമില്ലെങ്കിലും സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടായിരുന്നു.

കടകൾ അടക്കുന്നതും തുറക്കുന്നതായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ സമൂഹത്തിൽ എത്ര അരക്ഷിതാവസ്ഥയും ധാരണാപിശകുകളും സൃഷ്ടിച്ചു എന്നതിന്റെ ഉദാഹരണം മാത്രമായിരുന്നു വ്യാപാരി സമൂഹത്തിന്റെ നിലപാടുകൾ

ഇടതുപക്ഷ സർക്കാർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടികൾ കൃത്യവും ശാസ്ത്രീയയുമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ മറ്റെല്ലാവർക്കും നിശ്ചയമായും അവ പിന്തുടരേണ്ടിവരുമായിരുന്നു. വലിയൊരു സുവർണാവസരമാണ് കേരള സർക്കാർ നഷ്ടപ്പെടുത്തിയത്. രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ സമൂഹത്തിന് സുരക്ഷയെക്കുറിച്ച് സന്ദേശം നൽകേണ്ടവരൊക്കെ മാസ്‌കും, സാമൂഹിക അകലവുമില്ലാതെ കോവിഡ് പ്രോട്ടോക്കോളുകൾ നിർലജ്ജം ലംഘിക്കുന്ന രംഗങ്ങൾ കേരളത്തെക്കുറിച്ച് അന്തർദ്ദേശീയമായുണ്ടായിരുന്ന മഹത്തായ ധാരണകളെ തൂത്തെറിഞ്ഞുകളഞ്ഞു.

കൊച്ചു കടകളും മധ്യ തല കടകളും മുതൽ വലിയ വ്യാപാര സമുച്ചയങ്ങൾ വരെ നിരന്തരം അടഞ്ഞുകിടന്നത് അസാധാരണമായ സ്ഥിതി വിശേഷത്തിലേക്കാണ് കേരളത്തെ നയിച്ചത്. ആത്മഹത്യകൾ മാത്രമായിരുന്നു പലരുടേയും മുന്നിൽ അവശേഷിച്ചിരുന്ന ഏക മാർഗം

കടകൾ അടക്കുന്നതും തുറക്കുന്നതായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ സമൂഹത്തിൽ എത്ര അരക്ഷിതാവസ്ഥയും ധാരണാപിശകുകളും സൃഷ്ടിച്ചു എന്നതിന്റെ ഉദാഹരണം മാത്രമായിരുന്നു വ്യാപാരി സമൂഹത്തിന്റെ നിലപാടുകൾ. കൊച്ചു കടകളും മധ്യ തല കടകളും മുതൽ വലിയ വ്യാപാര സമുച്ചയങ്ങൾ വരെ നിരന്തരം അടഞ്ഞുകിടന്നത് അസാധാരണമായ സ്ഥിതി വിശേഷത്തിലേക്കാണ് കേരളത്തെ നയിച്ചത്. ആത്മഹത്യകൾ മാത്രമായിരുന്നു പലരുടേയും മുന്നിൽ അവശേഷിച്ചിരുന്ന ഏക മാർഗം. കടുത്ത നിലപാടുകൾ സ്വീകരിക്കുകയല്ലാതെ വ്യാപാരി സമൂഹത്തിനു മുന്നിൽ മറ്റൊരു വഴിയുമവശേഷിച്ചിരുന്നില്ല. കഴിയുന്നത്ര സമയം കടകൾ തുറക്കാൻ അനുവദിക്കുകയും ഒപ്പം കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമാണ് പരിഹാരം എന്ന് തുടക്കം മുതൽ പറഞ്ഞു കൊണ്ടിരുന്ന ഐ.എം.എ പോലുള്ള സംഘടനകളെ സർക്കാർ വിശ്വാസത്തിലെടുക്കാൻ കൂട്ടാക്കിയില്ല. ആഘോഷ വേളകൾക്ക് തൊട്ടുമുമ്പുവരെ എല്ലാ കടകളം കഴിയുന്നത്ര സമയം തുറന്നിടുകയും ആഘോഷ ദിവസങ്ങളിൽ അടച്ചിടുകയും ചെയ്യുന്നതായി രുന്നു അഭികാമ്യം.

നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാനും സർക്കാർ അറച്ചുനിന്നു. ഇലക്ഷൻ കഴിഞ്ഞ് വ്യാപനം മൂർദ്ധന്യത്തോടടുക്കുമ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ശാസ്ത്രീയ യുക്തി സർക്കാർ കേരളീയ സമൂഹത്തോട് വ്യക്തമാക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു. പുതിയ പ്രോട്ടോക്കോളിൽ പോലും അശാസ്ത്രീയവും അനാവശ്യവുമായ വകുപ്പുകൾ ഉൾച്ചേർത്തിരിക്കുന്നത് സർക്കാർ വിദഗ്ദ സമിതിയുടെ സാംഗത്യം തന്നെ ചോദ്യം ചെയ്‌തേക്കും. നിശാജീവിതമില്ലാത്ത, നൈറ്റ് ക്ലബ്ബുകൾ ഇല്ലാത്ത കേരളത്തിൽ രാത്രികാല കർഫ്യൂവിന്റെ ശാസ്ത്രീയത മലയാളികൾക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തേ തീരൂ. കടുത്ത വിമർശനങ്ങളും പരിഹാസവും വിലക്കു വാങ്ങുന്നതിൽ സർക്കാരിനും വിദഗ്ദ സമിതിക്കും എന്താണ് ഇത്ര താൽപര്യം എന്നത് അത്ഭുതകരമായിരിക്കുന്നു.
പ്രോട്ടോക്കോളുകൾ ഒരു പക്ഷപാതിത്വവുമില്ലാതെ പാലിക്കപ്പെടേണ്ടവയാണ്. പക്ഷേ, വ്യാഖ്യാനങ്ങൾ കൊണ്ടുപോലും പിടിച്ചു നിൽക്കാൻ കഴിയാത്ത രീതിയിലായിരുന്നു കേരള സർക്കാർ പ്രോട്ടോക്കോളുകൾ ദുരുപയോഗം ചെയ്തത്.

കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

ഗൗരിയമ്മയുടെ മരണം കേരളത്തിന്റെ മനഃസാക്ഷിയെ അങ്ങേയറ്റം നൊമ്പരപ്പെടുത്തിയതാണെന്നതിൽ സംശയമില്ലെങ്കിലും പ്രോട്ടോക്കോളുകൾ സംസ്‌കാര ചടങ്ങിനായി മാറ്റിമറിക്കുന്നത് എത്ര
മാത്രം തെറ്റായിരുന്നു എന്ന് നമ്മുടെ ഭരണാധികാരികൾ, പ്രത്യേകിച്ച് ഒരു ഇടതുപക്ഷ സർക്കാർ മറന്നുപോവുന്നത് ക്ഷന്തവ്യമല്ലാത്ത അപരാധം തന്നെയാണ്. പൊതുസമൂഹത്തിൽ ഉയർന്ന കടുത്ത വിമർശനങ്ങളും സാമൂഹിക മാധ്യമങ്ങളിലെ പരിഹാസത്തിനുമപ്പുറം സർക്കാർ എന്തുനേടി എന്ന് വിലയിരുത്തുവാൻ ഭരണാധികാരികൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘിച്ച് 500 പേരുടെ ചടങ്ങ് തികച്ചും സമൂഹവിരുദ്ധവും അശാസ്ത്രീയവുമാണെന്ന് ഐ.എം.എ അടക്കമുള്ള സംഘടനകളും ശാസ്ത്രജ്ഞരും നിരന്തരം പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെ സർക്കാർ മുന്നോട്ടു പോയപ്പോഴും വലിയൊരു സന്ദേശം നൽകുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു. എന്തു വില കൊടുത്തും പ്രോട്ടോക്കോൾ പാലിക്കപ്പെടണം എന്ന മഹത്തായ സന്ദേശം സർക്കാർ തന്നെ ചവറ്റുകുട്ടയിൽ എറിയുന്നതു കാണുന്ന സാധാരണക്കാരൻ അതെങ്ങിനെ സ്വീകരിക്കും എന്ന് സർക്കാർ ബോധപൂർവം മറന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞയുടൻ ചാനലുകളിലും പത്രങ്ങളിലും പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് മുഖ്യമന്ത്രി പറയുന്നത് കേരളീയർ എങ്ങനെ സ്വീകരിക്കും എന്നാണ് ഭരണാധികാരികൾ കരുതിയതാവോ?

കേരളത്തിന്റെ കോവിഡ് ഡാറ്റയാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ശാസ്ത്രീയവും സുതാര്യവുമായ ഡാറ്റയെന്ന് ഡോ. ജേക്കബ് ജോണിനെ പോലുള്ള വിദഗ്ദർ സാക്ഷ്യപ്പെടുത്തുമ്പോഴും അസുഖബാധിതരെ കുറിച്ചും മരിക്കുന്നവരെ കുറിച്ചുമുള്ള വിവരം കുറച്ചു കൂടി സുതാര്യമാവേണ്ടതുമുണ്ട്

വാക്‌സിൻ വിതരണത്തിലും ആസൂത്രണത്തിലും സർക്കാർ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല എന്നു മാത്രമല്ല ആരോഗ്യ സുരക്ഷാ രംഗത്ത് മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത മേൽക്കൈ നിർണായകമായ ഈ സന്ദർഭത്തിൽ സർക്കാർ ഫലപ്രദമായി ഉപയോഗിച്ചതുമില്ല. 20,000- 30,000 വാക്‌സിൻ ജില്ലയിലേക്ക് എത്തുമെന്നും തുടർന്ന് അത് തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തുമെന്നും അറിയിപ്പ് ലഭിക്കുന്നത് മിക്കവാറും പത്തോ പന്ത്രണ്ടോ മണിക്കൂറുകൾക്കു മുമ്പു മാത്രമാണ്. വിവരമറിഞ്ഞെത്തുന്ന നൂറുകണക്കിന് ആളുകൾക്ക് വാക്‌സിൻ നൽകാനുള്ള ആരോഗ്യ പ്രവർത്തകരും മറ്റു സംവിധാനങ്ങളും പലപ്പോഴും ലഭ്യമാവാതിരിക്കുകയും ചെയ്യും. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി രാവും പകലും അദ്ധ്വാ നിച്ച് തളർന്നു നിൽക്കുന്ന ആരോഗ്യ പ്രവർത്തർക്ക് കടുത്ത ഭാരവും ഉത്തരവാദിത്തവുമാണ് ഇത്തരം സന്ദർഭങ്ങൾ സൃഷ്ടിക്കുന്നത്. പൊതുജനങ്ങളും ആരോഗ്യ പ്രവർത്തകരും തമ്മിൽ അടുത്ത കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളുടെ നല്ലൊരു പങ്ക് ഉരുത്തിരിയുന്നത് ഇത്തരം അവസരങ്ങളിലാണ്. വാക്‌സിൻ വിതരണം നടത്തപ്പെടുന്നതും പലപ്പോഴും ജനസംഖ്യാനുപാതികമായല്ല. 136 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുള്ള മലപ്പുറം ജില്ലയിലും 26 സ്ഥാപനങ്ങളുള്ള വയനാട് ജില്ലയിലും ഒരേ അളവിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിലെ വൈരുദ്ധ്യം അത്ഭുതകരമാണ്.

കേരളത്തിന്റെ കോവിഡ് ഡാറ്റയാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ശാസ്ത്രീയവും സുതാര്യവുമായ ഡാറ്റയെന്ന് ഡോ. ജേക്കബ് ജോണിനെ പോലുള്ള വിദഗ്ദർ സാക്ഷ്യപ്പെടുത്തുമ്പോഴും അസുഖബാധിതരെ കുറിച്ചും മരിക്കുന്നവരെ കുറിച്ചുമുള്ള വിവരം (Data) കുറച്ചു കൂടി സുതാര്യമാവേണ്ടതുമുണ്ട്. ജൂൺ 15 നു ശേഷം ഇക്കാര്യത്തലുണ്ടായ മാറ്റങ്ങൾ ശ്ലാഘനീയമാണെങ്കിലും ചികിത്സിക്കുന്ന ഡോക്ടർ നേരിട്ട് മെയിൽ വഴിയോ ഫോൺ വഴിയോ വിവരങ്ങൾ ജില്ലാതലത്തിലേക്കെത്തിക്കുന്നത് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഡാറ്റയുടെ കാര്യത്തിലുള്ള മേൽക്കൈ ഒന്നുകൂടി പ്രബലമാക്കിയേക്കും. മടുപ്പിക്കുന്ന ചോദ്യാവലികൾ പൂരിപ്പിക്കുന്നത് ഒഴിവാക്കപ്പെടുന്നത് എത്രമേൽ സ്വാഗതാർഹമാണ്?

വിവരമറിഞ്ഞെത്തുന്ന നൂറുകണക്കിന് ആളുകൾക്ക് വാക്‌സിൻ നൽകാനുള്ള ആരോഗ്യ പ്രവർത്തകരും മറ്റു സംവിധാനങ്ങളും പലപ്പോഴും ലഭ്യമാവാതിരിക്കുകയും ചെയ്യും

മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിലുള്ള കോവിഡ് അവലോകനം ഇപ്പോഴും എറ്റവും റേറ്റിങ്ങ് ഉള്ള ടി.വി ഷോ ആയി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ അത്തരം അവസരങ്ങൾ സർക്കാർ കുറച്ചുകൂടി ഫലപ്രദമായി ഉപയോഗിക്കണമെന്നും സമൂഹിക ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന് വാക്‌സിൻ ലഭിച്ചാൽ എല്ലാമായി എന്ന് ജനങ്ങളുടെ ഇടയിലെ വലിയൊരു ഭാഗം തെറ്റിദ്ധരിക്കുന്ന സാഹചര്യത്തിൽ അതിനോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ എന്ന് ഓരോ ദിവസവും ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നത് വളരെ ആശാസ്യമായ ഫലമുണ്ടാക്കിയേക്കും.
കേരളത്തിലെ 33,000ലധികം ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ പ്രതിനിധികളെ സർക്കാർ വിദഗ്ദ സമിതിയിൽ സ്വീകരിക്കാത്തത് മറ്റൊരു കടങ്കഥയാണ്. സർക്കാരിന്റെ കോവിഡ് വിദഗ്ദ സമിതിയുടെ കാഴ്ചപ്പാടുകളിൽ നിന്ന് പലപ്പോഴും വത്യസ്തമായും പ്രായോഗികമായും ചിന്തിക്കുകയും സർക്കാർ തുടക്കത്തിൽ അംഗീകരിച്ചില്ലെങ്കിലും പൊതുസമൂഹം അംഗീകരിക്കുകയും പിന്നീട് സർക്കാർ അംഗീകരിക്കുകയും ചെയ്ത എത്രയോ ഉദാഹരണങ്ങളുണ്ട്. മദ്യശാലകൾ തുറക്കുന്നതിലും ആരാധനാലയങ്ങളുടെ കാര്യത്തിലും സ്‌ക്കൂളുകൾ തുറക്കുന്നതിലും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചായാലും കൃത്യമായ ശാസ്ത്രീയ നിലപാടുകൾ പ്രായോഗികതയിലൂന്നി ഐ.എം.എ സർക്കാറിന്റെയും സമൂഹത്തിന്റെയും മുന്നിൽ നിരവധി തവണ സമർപ്പിച്ചിട്ടുണ്ട്.

വിദഗ്ദ സമിതിയുടെ അഭിപ്രായങ്ങൾക്ക് കടക വിരുദ്ധമായ നിലപാടുകളാണ് ഐ.എം.എ പലപ്പോഴും കൈക്കൊണ്ടിട്ടുള്ളതും. നിരവധി ആരോഗ്യ വിദഗ്ദരുടെ ഒരു വലിയ സംഘടന എന്ന നിലയിൽ വീക്ഷണകോണുകളുടെ പലമ സാദ്ധ്യമാണ് എന്ന വസ്തുതയാണ് ഐ.എം.എ നിലപാടുകളിലെ ശാസ്ത്രീയതക്കും സ്വീകാര്യതക്കും അടിസ്ഥാനം. അത്തരമൊരു സംഘടനയെ വിശ്വാസത്തിലെടുക്കുന്നത് സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങള നിശ്ചയമായും ഒന്നുകൂടി ശക്തിപ്പെടുത്തുമെന്നുറപ്പാണ്. ▮


ഡോ. എം. മുരളീധരൻ

എഴുത്തുകാരൻ, ചെയർമാൻ- പൊതുജനാരോഗ്യ ബോധവത്കരണ സമിതി, ഐ.എം.എ കേരള.

Comments