കേരളത്തിൽ മഞ്ഞപ്പിത്തം ഇങ്ങനെ പടരുന്നതിന് കാരണമെന്ത്? എടുക്കേണ്ടതുണ്ട് മുൻകരുതലുകൾ

മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കേരളത്തിൽ ചില മേഖലകളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ രോഗം പടരുന്നത്? എന്തെല്ലാം മുൻകരുതലുകളാണ് നാം എടുക്കേണ്ടത് - ഡോ. എം. മുരളീധരൻ ട്രൂകോപ്പി തിങ്ക് പോഡ്കാസ്റ്റ് എഡിറ്റർ പ്രിയ വി.പിയുമായി സംസാരിച്ചതിൽ നിന്ന്.

കേരളത്തിൽ മഞ്ഞപ്പിത്തം (Jaundice) പടർന്നുപിടിക്കുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. കോഴിക്കോട് (Calicut) ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ ഈയടുത്ത് 200- ഓളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. കൊമ്മേരി, കുന്ദമംഗലം മേഖലകളിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലും ഒരുമിച്ച് ഒരുകൂട്ടം ആളുകൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ചങ്ങരോത്ത് ഒരു സ്കൂളിലെ വിദ്യാർഥികളിലാണ് മഞ്ഞപ്പിത്തം പടർന്നുപിടിച്ചത്. വള്ളിക്കുന്ന് മേഖലയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കായിരുന്നു കൂട്ടത്തോടെ മഞ്ഞപ്പിത്തം വന്നത്. കണ്ണൂർ ആറളം ഹയർസെക്കൻററി സ്കൂളിൽ 17 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. സെപ്തംബർ മാസത്തിൽ മാത്രം 148 പേർക്ക് കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചുവെന്നാണ് കണക്കുകൾ.

എന്താണ് മഞ്ഞപ്പിത്തത്തിൻെറ ലക്ഷണങ്ങൾ? രോഗം വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടത്? രോഗം വന്നാൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻെറ മുഖപ്രസിദ്ധീകരണമായ ‘നമ്മുടെ ആരോഗ്യം’ എഡിറ്ററും എഴുത്തുകാരനുമായ ഡോ.എം. മുരളീധരൻ ട്രൂ കോപ്പി തിങ്ക് പോഡ്കാസ്റ്റ് എഡിറ്റർ പ്രിയ വി.പിയോട് സംസാരിച്ചതിൽ നിന്നുള്ള പ്രസക്ത ഭാഗം:

കടും മഞ്ഞ നിറത്തിലുള്ള മൂത്രം, അമിതമായ ക്ഷീണം, ഛർദ്ദി, തലവേദന, വയറിളക്കം, വയറുവേദന, ശരീരവേദന, ചൊറിച്ചിൽ, കണ്ണിന് മഞ്ഞനിറം, വിശപ്പില്ലായ്മ, വയറ് വീർക്കൽ എന്നിവയാണ് മഞ്ഞപ്പിത്തത്തിൻെറ പ്രധാന ലക്ഷണങ്ങൾ.
കടും മഞ്ഞ നിറത്തിലുള്ള മൂത്രം, അമിതമായ ക്ഷീണം, ഛർദ്ദി, തലവേദന, വയറിളക്കം, വയറുവേദന, ശരീരവേദന, ചൊറിച്ചിൽ, കണ്ണിന് മഞ്ഞനിറം, വിശപ്പില്ലായ്മ, വയറ് വീർക്കൽ എന്നിവയാണ് മഞ്ഞപ്പിത്തത്തിൻെറ പ്രധാന ലക്ഷണങ്ങൾ.

എന്താണ് മഞ്ഞപ്പിത്തം?

ണ്ണുകൾക്കും ചർമ്മത്തിനും മഞ്ഞനിറം വരുന്ന അവസ്ഥയെയാണ് മഞ്ഞപ്പിത്തം എന്നുപറയുന്നത്. ചുവന്ന രക്താണുക്കൾ (RBC) കൂടുതൽ നശിച്ച് പോവുന്നതുകൊണ്ടോ കരളിൽ ബില്ലിറൂബിൻ വേണ്ട രീതിയിൽ പ്രോസസ് ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുമ്പോഴോ കരളിൽ നിന്ന് കുടലിലേക്കുള്ള ബില്ലിറൂബിൻെറ യാത്രാമാർഗം തടസ്സപ്പെടുകയോ ചെയ്യുമ്പോഴൊക്കെയാണ് സാധാരണഗതിയിൽ മഞ്ഞപ്പിത്തം ഉണ്ടാവുന്നത്. കരളിൽ ബില്ലിറൂബിൻ പ്രോസസ് ചെയ്യപ്പെടാതിരിക്കാൻ പല കാരണങ്ങളുണ്ട്. ചില എൻസൈമുകൾ കുറയുന്നത് കൊണ്ടോ, കരളിലെ കോശങ്ങൾ നശിക്കുന്നത് കാരണമോ ഒക്കെയാവാം ഇത് സംഭവിക്കുന്നത്. കരളിനെ ആക്രമിക്കുന്ന ചില വൈറസുകളാണ് കോശങ്ങളെ നശിപ്പിക്കുന്നത്. ഹെപ്പറ്റൈറ്റിസ് - എ വൈറസ് ബാധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിലേക്ക് നയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ വഴിയൊക്കെ രോഗബാധ ഉണ്ടാവാമെങ്കിലും ഏറ്റവും സാധാരണയായി മഞ്ഞപ്പിത്തം ഉണ്ടാവുന്നത് ഹെപ്പറ്റൈറ്റിസ് - എ വൈറസ് ബാധയിലൂടെയാണ്.

കോഴിക്കേട് പേരാമ്പ്രയിലും കൊമ്മേരിയിലുമൊക്കെ ഇപ്പോൾ റിപ്പോർട്ട് ചെയ്തത് ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണം കൊണ്ടുണ്ടായ മഞ്ഞപ്പിത്തം തന്നെയാണ്. ഇത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നത് കൊണ്ട് കൂടുതൽ ആളുകളിലേക്ക് പെട്ടെന്ന് പടർന്ന് പിടിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിലോ അസുഖമുള്ള ഒരാളുടെ മലത്തിൻെറ അംശം ഏതെങ്കിലും വിധത്തിൽ കലർന്നിട്ടുണ്ടായിരിക്കുന്നത് കൊണ്ടാണ് രോഗം പകരുന്നത്. വൃത്തിഹീനമായ സാഹചര്യം തന്നെയാണ് രോഗബാധയ്ക്ക് പ്രധാന കാരണമാവുന്നത്. നമ്മുടെ അടിസ്ഥാനപരമായ ആരോഗ്യ മാനദണ്ഡങ്ങളെയാണ് ഇത് ചോദ്യം ചെയ്യുന്നത്. വൃത്തിഹീനമായ അവസ്ഥയിൽ ഭക്ഷണം ഉണ്ടാക്കുന്നതും മലിനമായ വെള്ളവുമൊക്കെ രോഗബാധയ്ക്ക് കാരണമാവുന്നുണ്ട്. ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ പറ്റാത്ത സർക്കാരിന് ഇതിൽ ഉത്തരവാദിത്വമുണ്ട്. നമ്മുടെ മാലിന്യസംസ്കരണരീതിയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒരു രോഗത്തിനെതിരായ സമരം ഒരു ദുഷിച്ച ഭരണകൂടത്തിനെതിരായ സമരം കൂടിയാണെന്ന് മൈക്കൽ ഫൂക്കോ പറഞ്ഞത് ഇക്കാലത്ത് വളരെ പ്രസക്തമാവുകയാണ്. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ സർക്കാരിന് വളരെ നിർണായകമായ റോളുണ്ട്.

മൂന്നാം ലോകരാജ്യങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. വൈറസിനെതിരെ വാക്സിൻ നൽകുന്നത് വ്യാപകമാക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത്.
മൂന്നാം ലോകരാജ്യങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. വൈറസിനെതിരെ വാക്സിൻ നൽകുന്നത് വ്യാപകമാക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത്.

സ്കൂളിൽ 50-ഓളം കുട്ടികൾക്ക് രോഗം പകരുന്നതിൻെറ കാരണം കുടിവെള്ളത്തിലെ പ്രശ്നമായിരിക്കും. അതല്ലെങ്കിൽ സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നത് വൃത്തിഹീനമായിട്ടായിരിക്കാം. ഭക്ഷണം ഉണ്ടാക്കുന്ന ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് എ ഉണ്ടോയെന്നും അവർ വേണ്ടരീതിയിൽ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നെല്ലാം പരിശോധിക്കണം. കുടിവെള്ളം മലിനമാവുന്നില്ലെന്നും ഉറപ്പാക്കണം. ഈ രണ്ട് കാരണങ്ങളാലാണ് പ്രധാനമായും സ്കൂളിലും മറ്റും രോഗം പടർന്നുപിടിക്കാറുള്ളത്.

ശരീരത്തിൽ വൈറസ് ബാധിച്ചാൽ രണ്ടാഴ്ച മുതൽ നാലാഴ്ച വരെയാണ് ഇതിൻെറ ഇൻക്യുബേഷൻ (Incubation) സമയം. അസുഖം വന്ന് ഒരാഴ്ചക്കുള്ളിൽ മറ്റൊരാളിലേക്ക് പകരാം. കടും മഞ്ഞ നിറത്തിലുള്ള മൂത്രം, അമിതമായ ക്ഷീണം, ഛർദ്ദി, തലവേദന, വയറിളക്കം, വയറുവേദന, ശരീരവേദന, ചൊറിച്ചിൽ, കണ്ണിന് മഞ്ഞനിറം, വിശപ്പില്ലായ്മ, വയറ് വീർക്കൽ എന്നിവയാണ് മഞ്ഞപ്പിത്തത്തിൻെറ പ്രധാന ലക്ഷണങ്ങൾ.

ഹെപ്പറ്റൈറ്റിസ് എ വന്നുകഴിഞ്ഞാൽ രണ്ട് മാസത്തിനുള്ളിൽ പൂർണമായും മാറും. വളരെ അപൂർവം കേസുകളിൽ ആറ് മാസം വരെ നീണ്ടുനിന്നേക്കാം. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പോലെ ഗുരുതരമായ കരൾ രോഗമായി ഇത് മാറാറില്ല. 0.5 ശതമാനം മാത്രമാണ് മഞ്ഞപ്പിത്തം ബാധിച്ച് ആളുകൾക്ക് മരണം സംഭവിക്കാനുള്ള സാധ്യത.

ഏത് രോഗവും പോലെ കുട്ടികളിലും മുതിർന്നവരിലും തന്നെയാണ് രോഗം ഗുരുതരമായി മാറുക.

മഞ്ഞപ്പിത്തം പടർത്തുന്ന ഹെപ്പറ്റൈറ്റിസ് വൈറസിന്റെ മൈക്രോസ്കോപിക് ദൃശ്യം
മഞ്ഞപ്പിത്തം പടർത്തുന്ന ഹെപ്പറ്റൈറ്റിസ് വൈറസിന്റെ മൈക്രോസ്കോപിക് ദൃശ്യം

മുൻകരുതലുകൾ

ഭക്ഷണം ഉണ്ടാക്കുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുടിവെള്ളത്തിൻെറ ശ്രോതസ്സ് പരിശോധിക്കണം. ഇതിൽ മലത്തിൻെറ അംശം കലരാനുള്ള സാധ്യതയുണ്ടോയെന്ന് നോക്കണം. അസുഖമുള്ള ആളുകൾ ഭക്ഷണം ഉണ്ടാക്കുന്നത് ഒഴിവാക്കണം. കുടിവെള്ളം ശുദ്ധീകരിക്കണം. ഇത് കൂടാതെ ചെയ്യേണ്ടത് ഹെപ്പറൈറ്റിസ് വൈറസ് വാക്സിൻ എടുക്കുക എന്നതാണ്. 95 ശതമാനം വരെ രോഗബാധ തടയാൻ ഈ വാക്സിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ചികിത്സയുണ്ടോ?

അസുഖത്തിന് അങ്ങനെ പ്രത്യേക ചികിത്സയൊന്നുമില്ല. സ്വാഭാവികമായും രണ്ട് മാസത്തിനുള്ളിൽ തന്നെ അസുഖം മാറും. ശാരീരിക അധ്വാനം കുറയ്ക്കുക, നല്ല കലോറിയുള്ള ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, പഴങ്ങളുടെ ജ്യൂസുകളും മറ്റും കുടിക്കുക, കരളിന് പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള പാരസിറ്റമോൾ പോലുള്ള മരുന്നുകൾ പരമാവധി കഴിക്കാതിരിക്കുക, അമിതമായി വ്യായാമം ചെയ്യാതിരിക്കുക, വിശ്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ് പാലിക്കേണ്ടത്. ശാസ്ത്രീയമായി കൃത്യമായ ഒരു ചികിത്സ ഈ രോഗത്തിനില്ല. സമാന്തര ചികിത്സ ചെയ്താലും അല്ലാതെയുമൊക്കെ രോഗം മാറുന്നത് ഒരുപോലെ തന്നെയാണ്. അതിനാൽ എന്തെങ്കിലും മരുന്ന് കൊണ്ട് രോഗം മാറ്റാമെന്ന് പറയുന്നത് അശാസ്ത്രീയമാണ്. ഇത് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലാതെ തന്നെ മറ്റ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ താനെ മാറുന്ന അസുഖമാണ്. മൂന്നാം ലോകരാജ്യങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. വൈറസിനെതിരെ വാക്സിൻ നൽകുന്നത് വ്യാപകമാക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക, ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുക, മാലിന്യസംസ്കരണ രീതികൾ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത്.

  • പോഡ്കാസ്റ്റ് കേൾക്കാം

എത്ര അപകടമാണ് മഞ്ഞപ്പിത്തം

Comments