നാം ഉപയോഗിക്കുന്ന കുടിവെള്ളം എത്ര സുരക്ഷിതമാണ്? എത്ര ശുചിത്വമുള്ളതാണ്? സംസ്ഥാനത്ത് മഞ്ഞപ്പിത്തം ആശങ്കയുണ്ടാക്കുംവിധം വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ ചോദിക്കേണ്ട പ്രധാന ചോദ്യമാണിത്.
ചില കണക്കുകൾ: 2024-ൽ ഇതുവരെ 6403 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെ റിപ്പോർട്ട്. ഇതുവരെ 64 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം മാത്രം 886 പേർക്കാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അതിൽ രണ്ടുപേർ മരിച്ചു. ഈ മാസം എട്ടുവരെ 215 പേരിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്നുപേർ മരിച്ചു. കഴിഞ്ഞ മാസത്തെ മഞ്ഞപ്പിത്ത മരണങ്ങളെക്കാൾ ഫ്രീക്വൻസയുണ്ട് ഈ മാസത്തെ മരണങ്ങൾക്ക് എന്നു കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് പ്രസിദ്ധീകരിക്കുന്ന ഡെയിലി റിപ്പോർട്ടിലാണ് കണക്കുള്ളത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ മാസം എട്ടുവരെ മലപ്പുറം ജില്ലയിൽ മാത്രം 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മൂന്നുപേർക്കും മഞ്ഞപ്പിത്തം ബാധിച്ചു. ചികിത്സ തേടുന്നവർ എറ്റവും കൂടുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. രോഗലക്ഷണങ്ങളുണ്ടായിട്ടും പരിശോധന നടത്താത്ത രോഗികളുടെ എണ്ണം കൂടെ കണക്കാക്കിയാൽ രോഗികളുടെ എണ്ണം ഇതിന്റെ ഇരട്ടി വരും. സാഹചര്യം ഗുരുതരമാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. രോഗം പടരുന്നതിന്റെ കാരണം ശുചിത്വമില്ലാത്ത വെള്ളമാണ്.
ശുദ്ധമെന്ന് കരുതുന്ന കിണർ വെള്ളം പോലും അങ്ങനെയാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. വി.കെ ഷമീർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:
‘ശുചിത്വമില്ലാത്ത വെള്ളവും ഭക്ഷണവും ഉപയോഗിക്കുന്നത് തന്നെയാണ് മഞ്ഞപ്പിത്തം പടരുന്നതിനുള്ള പ്രധാന കാരണം. നമ്മുടെ നാട്ടിലെ വെള്ളത്തിൽ ഈ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ വരെയുള്ള മിക്ക സ്ഥലങ്ങളിലും ദിനംപ്രതി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 20-30 പ്രായ ഗ്രൂപ്പിൽ പെട്ടവരെയാണ്. പ്രായമായവരെ അപേക്ഷിച്ച്, ഈ ഗ്രൂപ്പിൽപ്പെട്ടവർ മഞ്ഞപ്പിത്തത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി നേടിയിട്ടില്ല എന്നതാണ് ഇതിന്റെ ഒരു കാരണം. മറ്റൊന്ന്, പ്രായമായവരേക്കാൾ ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും മറ്റും വെള്ളവും ഭക്ഷണവും വാങ്ങി ഉപയോഗിക്കുന്നത് ഈ പ്രായക്കാരാണ്. പലപ്പോഴും ശുചിത്വമുള്ള വെള്ളമായിരിക്കില്ല ഇവിടങ്ങളിൽ ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇതെല്ലാമാണെന്നാണ് മനസിലാക്കുന്നത്’’’- ഡോ. വി.കെ ഷമീർ പറയുന്നു.
‘‘നിരവധി പേർ ഇതിനകം ഹെപറ്റൈറ്റിസ് എക്ക് കീഴടങ്ങി കഴിഞ്ഞു. മിക്കവാറും ചെറുപ്പക്കാർ, മുൻപ് രോഗമൊന്നും ഇല്ലാത്തവർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേർ ഹെപറ്റൈറ്റിസ് എ യെ തുടർന്ന് അഡ്മിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇവിടെ അഡ്മിറ്റ് ആകുന്നത് പുറത്തുനിന്ന് റെഫർ ചെയ്തുവരുന്നവരും രോഗാവസ്ഥയിൽ സങ്കീർണതകളുള്ളവരും ആയിരിക്കുമല്ലോ. അപ്പോൾ ഇവിടുത്തെയാകെ അണുബാധയുടെ എണ്ണം ഊഹിച്ചുനോക്കൂ’’- ഡോ. വി.കെ ഷമീർ പറയുന്നു.
ചടങ്ങുകളിലും ആഘോഷ പരിപാടികളിലും മറ്റും വിതരണം ചെയ്യുന്ന വെൽക്കം ഡ്രിങ്കുകൾ, ശുചിത്വമില്ലാത്ത വെള്ളത്തിലുണ്ടാക്കിയ ഐസ്, മറ്റ് ശീതളപാനീയങ്ങൾ, സംഭാരം ഐസ്‌ക്രീം എന്നിവയെല്ലാം മഞ്ഞപ്പിത്തം പെരുകാൻ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വെൽക്കം ഡ്രിങ്കുകൾ അതീവ അപകടകരമാണെന്ന് ആരോഗ്യ വകുപ്പ് മുൻപ് തന്നെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
അസുഖ ബാധിതരായ ആളുകൾ രോഗം പൂർണമായി ഭേദമാകുന്നതിന് മുൻപ് പൊതു ഇടങ്ങളിൽ ഇറങ്ങുന്നത് അസുഖം കൂടുതൽ പേരിലേക്ക് വ്യാപിക്കാൻ കാരണമാകും. കടകളിൽ വിൽപ്പനക്ക് വെച്ചിരിക്കുന്ന കുപ്പിവെള്ളവും പൂർണമായും സുരക്ഷിതമായേക്കില്ല എന്ന സംശയവും വിദഗ്ധർ ഉന്നയിക്കുന്നുണ്ട്. കിണർ ക്ലോറിനേഷൻ കൃത്യസമയത്ത് നടക്കാത്തതും രോഗം പടരുന്നതിന്റെ കാരണമാണ്. അപ്പോഴും രോഗത്തിന്റെ പ്രഭവകേന്ദ്രം ശുചിത്വമില്ലാത്ത ഭക്ഷണവും വെള്ളവും തന്നെ.
2024-ൽ ഇതുവരെ 6403 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെ റിപ്പോർട്ട്. ഇതുവരെ 64 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം മാത്രം 886 പേർക്കാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അതിൽ രണ്ടുപേർ മരിച്ചു. ഈ മാസം എട്ടുവരെ 215 പേരിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്നുപേർ മരിച്ചു.
മുൻപ്, മഴക്കാലരോഗം എന്ന നിലയിൽ മാത്രമാണ് കേരളത്തിന്റെ ആരോഗ്യരംഗം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) പരിഗണിച്ചിരുന്നത്. പലപ്പോഴും, രോഗവുമായി എത്തുന്നവരോട്, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക എന്നൊക്കെയുള്ള നിർദേശങ്ങൾ നൽകി വിടുകയായിരുന്നു ഡോക്ടർമാർ ചെയ്തിരുന്നത്. മതിയായ വിശ്രമവും മറ്റും രോഗികളെ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ പ്രാപ്തവുമായിരുന്നു. എന്നാൽ സാഹചര്യങ്ങൾ മാറിയെന്ന് ഡോക്ടർമാർ പറയുന്നു. രോഗബാധയുണ്ടായവർക്ക് നേരത്തേ ചെറിയ ചികിത്സകൊണ്ട് തന്നെ രോഗം ഭേദമാകുമായിരുന്നെങ്കിൽ ഇപ്പോൾ പലതരം സങ്കീർണതകളാണ് രോഗികളെ ബുദ്ധിമുട്ടിക്കുന്നത്.
‘മുൻപ് മഞ്ഞപ്പിത്തം ഇത്ര സങ്കീർണമായിരുന്നില്ല. രോഗം കരളിനെയാണ് ബാധിക്കുക. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് വൃക്ക തകരാറിലാവുക എന്നതൊക്കെ കേട്ടുകേൾവി മാത്രമായിരുന്നു. അത്തരം സംഭവങ്ങളൊന്നും മുൻപ് ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല വൃക്ക തകരാറാകുന്നതിനുള്ള കാരണങ്ങൾ പഠിപ്പിക്കുമ്പോൾ മഞ്ഞപ്പിത്തം ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന പതിവ് പോലുമുണ്ടായിരുന്നില്ല. എന്നാൽ മഞ്ഞപ്പിത്തം മൂലം ഉണ്ടാകുന്ന കിഡ്‌നി ഫെയിലിയർ കേസുകൾ ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു’ ഡോ. വി.കെ. ഷമീർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
‘‘ചൂടുകാലത്തും മറ്റും കുപ്പിവെള്ളത്തെ ആശ്രയിക്കുകയല്ലാതെ ആളുകൾക്ക് മറ്റ് വഴിയില്ലെന്നായിരിക്കുന്നു. ദാഹിക്കുന്ന ഒരാളെ സംബന്ധിച്ച് വെള്ളം കുടിക്കുക എന്നതാണ് പ്രധാന ആവശ്യം. അത്തരമൊരു സാഹചര്യത്തിൽ പലപ്പോഴും കുപ്പിവെള്ളത്തിന്റെയും ജ്യൂസിന്റെയുമൊന്നും ശുചിത്വം പരിശോധിക്കാൻ കഴിയുകയുമില്ല. ഇതൊരു പ്രതിസന്ധിയാണ്. മഞ്ഞപ്പിത്തം മഴക്കാല രോഗമായിരുന്നിട്ടുപോലും അതിപ്പോഴും അതിവേഗം പടർന്നുപിടിക്കുന്നതിന്റെ കാരണം ഇതൊക്കെയാണ്. നമ്മൾ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളം പോലും ശുദ്ധമല്ലെന്ന വസ്തുതയിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്. രണ്ടോ മൂന്നോ ദിവസത്തെ ചർച്ചയിൽ ഒതുങ്ങേണ്ട വിഷയമല്ല ഇത്. മാത്രമല്ല ജ്യൂസ്, കൂൾ ഡ്രിങ്ക്സ് എന്നിവ കച്ചവടം ചെയ്യുന്നവരും അതീവ ശ്രദ്ധ പുലർത്തണം. ഉപയോഗിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറിൽ നിന്നുള്ളതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ’’.
മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ മാസം എട്ടുവരെ മലപ്പുറം ജില്ലയിൽ മാത്രം 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മൂന്നുപേർക്കും മഞ്ഞപ്പിത്തം ബാധിച്ചു. ചികിത്സ തേടുന്നവർ എറ്റവും കൂടുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. രോഗലക്ഷണങ്ങളുണ്ടായിട്ടും പരിശോധന നടത്താത്ത രോഗികളുടെ എണ്ണം കൂടെ കണക്കാക്കിയാൽ രോഗികളുടെ എണ്ണം ഇതിന്റെ ഇരട്ടി വരും.
ഹെപ്പറ്റൈറ്റിസ് എ രോഗം ബാധിച്ചവരിൽ 0.5 ശതമാനം മാത്രമാണ് മരണം സംഭവിക്കാനുള്ള സാധ്യത. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ മരണത്തിന് കാരണമായേക്കാം. ലോകത്ത് എറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ രോഗമാണ് മഞ്ഞപ്പിത്തം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഓരോ ദിവസവും ലോകത്ത് 3500 ആളുകൾ മഞ്ഞപ്പിത്തം ബാധിച്ചു മരിക്കുന്നണ്ടെന്നാണ് കണക്ക്. ഓരോ വർഷവും 13 ലക്ഷം പേരും മഞ്ഞപ്പിത്തം പിടിപെട്ട് മരിക്കുന്നു.
വാട്ടർ പ്യൂരിഫയറിൽ നിന്നുള്ള വെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം ഉപയോഗിക്കുക, തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കാതിരിക്കുക, കുപ്പിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുക, എപ്പോഴും യാത്ര ചെയ്യുന്നവർ, അല്ലെങ്കിൽ എപ്പോഴും പുറമേ നിന്ന് ഭക്ഷണം കഴിക്കേണ്ടിവരുന്നവർ മഞ്ഞപ്പിത്തത്തിനെതിരേയുള്ള വാക്‌സിൻ എടുക്കുക തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. എന്നാൽ ആയിരവും രണ്ടായിരവും രൂപയാണ് പലപ്പോഴും ഇത്തരം വാക്സിനുകൾക്ക് ചെലവ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇത് ചെറുതല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. സർക്കാർ തലത്തിൽ മഞ്ഞപ്പിത്തത്തിനുള്ള വാക്സിൻ ലഭ്യമല്ലെന്നതും പ്രതിസന്ധിയാണ്.
കുടിക്കാനും മറ്റാവശ്യങ്ങൾക്കും ശുചിയായ വെള്ളവും, വൃത്തിയുള്ള ഭക്ഷണവും ലഭ്യമായെങ്കിൽ മാത്രമേ പടരുന്ന മഞ്ഞപ്പിത്തത്തിന് പരിഹാരമുണ്ടാകൂ. സംസ്ഥാനസർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടൽ അനിവാര്യമായ സാഹചര്യമാണിത്.