1920- ന്റെ തുടക്കത്തിലാണ് കമല നെഹ്റുവിന് ക്ഷയരോഗം (ടി. ബി) പിടിപെടുന്നത്. 1936- ൽ അവർ മരിക്കുന്നതുവരെ നെഹ്റു കുടുംബം ക്ഷയരോഗചികിത്സയുമായി ബന്ധപ്പെട്ട് ആധുനിക വൈദ്യശാസ്ത്ര മേഖലയിലുണ്ടാവുന്ന പുരോഗതി വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും നീണ്ടകാലം കമലയുടെ ടി. ബി ചികിത്സയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്റെയും വൈദ്യശാസ്ത്ര ചരിത്രത്തിന്റെയും ഭാഗമാണ്.
കമലയ്ക്ക് ക്ഷയരോഗം
1916- ലാണ് ജവഹർലാൽ നെഹ്റുവും കമല കൗളും വിവാഹിതരായത്. അടുത്ത വർഷം അവർക്ക് പെൺകുഞ്ഞ് പിറന്നു. ഇതേ കാലത്തു തന്നെയാണ് ജവഹർ ഗാന്ധിജിയുമായി നേരിട്ട് പരിചയപ്പെടുന്നതും ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നതും. നിസ്സഹകരണ സമരകാലത്ത് ജവഹർ മുഴുവൻ സമയം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കാലത്താണ് കമലക്ക് ക്ഷയരോഗം സ്ഥിരീകരിക്കുന്നത്.
1920- കളോടെ ടി. ബി ദക്ഷിണേഷ്യയിൽ വ്യാപകമായി പടർന്നുപിടിക്കുന്നതായി കാണാം. ഇന്ത്യയിൽ ക്ഷയരോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. 1906- ൽ അജ്മീറിനടുത്തുള്ള തിലോണയിൽ (Tilonia) ടി.ബി ചികിത്സാലയം തുടങ്ങുന്നതോടെ ഇന്ത്യയിൽ ആധുനിക വൈദ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ചികിത്സ ആരംഭിച്ചു. സർക്കാർ നിയന്ത്രണത്തിൽ 1911- ൽ കസൗളിക്കടുത്ത് ധരംപുരിലും (Dharampur) 1912- ൽ നൈനിറ്റാളിനടുത്ത് ബോവാലിയിലും (Bhowali) ടി. ബി സാനിറ്റോറിയങ്ങൾ തുറന്നിരുന്നു. യുണൈറ്റഡ് പ്രൊവിൻസിൽ നിന്നുള്ള ധാരാളം ടി. ബി. കേസുകൾ ഇവിടങ്ങളിൽ എത്തിയിരുന്നു.
ഇന്ത്യയിൽ ടി ബി പടർന്നു പിടിക്കുന്ന കാലത്താണ് കമലയിലും രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത്.
ഹിമാലയൻ കുന്നുകളിൽ സുലഭമായി വളർന്നിരുന്ന പൈൻ മരങ്ങൾ നിറഞ്ഞ അന്തരീക്ഷം ക്ഷയരോഗ ശാന്തിക്ക് ഏറ്റവും അനുയോജ്യമാണെന്ന വിശ്വാസമായിരുന്നു ഇവിടങ്ങളിൽ സാനിറ്റോറിയങ്ങൾ നിർമിക്കാനുണ്ടായ പ്രധാന കാരണം. രോഗികൾക്കുള്ള വിശ്രമ- താമസ സൗകര്യങ്ങൾക്കായി തുടങ്ങിയ ഇത്തരം സ്ഥാപനങ്ങളാണ് പിന്നീട് ക്ലിനിക്കുകളായി വളർത്തിക്കൊണ്ടുവന്നത്. ആധുനിക ചികിത്സാരീതികളും മരുന്നുകളും ഉപകരണങ്ങളും ഇത്തരം സ്ഥാപനങ്ങളിൽ ഒരുക്കുകയും ചെയ്തു. ഇക്കാലത്ത് ടി. ബി. ഇന്ത്യയിൽ ഒരുപാടുപേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇന്ത്യയിൽ ടി ബി പടർന്നു പിടിക്കുന്ന ഇതേ കാലത്താണ് കമലയിലും രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത്.

മോത്തിലാലിന് ആസ്തമ
ആസ്തമക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ഇക്കാലത്തു വർദ്ധനവുണ്ടാവുന്നുണ്ട്. 1920- ന്റെ തുടക്കത്തിൽ മോത്തിലാൽ നെഹ്റു ആസ്തമക്കു ചികിത്സ തേടുന്നുണ്ട്. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തെയും ജോലിയെയും പലപ്പോഴും ആസ്തമ പ്രയാസത്തിലാക്കുന്നുണ്ട്. ശ്വാസംമുട്ടൽ കാരണം ഉറക്കമില്ലായ്മ രൂക്ഷമായിരുന്നു. ചികിത്സക്കും രോഗശാന്തിക്കുമായി മോത്തിലാൽ മസൂറിയിലേക്കു യാത്ര ചെയ്തതായും കാണാം.
മസൂരിയെക്കാളും അടുത്ത് മറ്റു ഹിമാലയൻ ഹിൽ സ്റ്റേഷനുകൾ അലഹബാദിനടുത്തുണ്ടായിരുന്നെങ്കിലും നെഹ്റു കുടുംബത്തിന് താല്പര്യം ഡെറാഡൂണും മസൂരിയുമായിരുന്നു. വിജയലക്ഷ്മി പണ്ഡിറ്റ് മസൂറിയിലെ ലാണ്ടൂരിലും തുടർന്ന് ഡെറാഡൂണിലുമായിരുന്നു താമസിച്ചിരുന്നത്. ഏകാന്തത, ശുദ്ധവായു, തെളിച്ചമുള്ള സൂര്യപ്രകാശം എന്നിവയെല്ലാം ഹിൽ സ്റ്റേഷനിൽ ലഭ്യമാണെന്നത് നെഹ്റു കുടുംബത്തെ ചികിത്സക്കും വിശ്രമത്തിനുമായി മസൂരിയിലേക്ക് ആകർഷിച്ചു.
നിസ്സഹകരണ സമരത്തോടെ മോത്തിലാൽ നെഹ്റുവും ജവഹറും പൂർണമായും പൊതുരംഗത്തു പ്രവർത്തിക്കാൻ തുടങ്ങി. അവരുടെ വീടായ ആനന്ദ് ഭവൻ, അലഹബാദിലെ കോൺഗ്രസ് പ്രവർത്തനങ്ങളുടെ കേന്ദ്രമായി. കമല നെഹ്റു ക്ഷയരോഗ ബാധിതയാവുന്നതും ക്രമേണ മോത്തിലാൽ നെഹ്റുവിന്റെ ആരോഗ്യം ക്ഷയിക്കുന്നതും ഇതേ കാലത്താണ്. തന്റെയും കമലയുടെയും രോഗത്തെ ശാസ്ത്രീയമായി സമീപിച്ചുകൊണ്ടായിരുന്നു മോത്തിലാൽ ജീവിച്ചത്. ആധുനിക വൈദ്യത്തിൽ വിശ്വസിക്കുകയും അതിന്റെ ചികിത്സാരീതികളെ പിന്തുടരുകയും ചെയ്യുന്ന സമീപനം മോത്തിലാൽ മരണം വരെ പാലിച്ചിരുന്നു. വൈദ്യശാസ്ത്രത്തിനു പകരമായി അന്ധവിശ്വാസങ്ങളെയും അതിന്റെ ഭാഗമായ ചികിത്സകളെയും മോത്തിലാലും ജവഹറും പ്രോത്സാഹിപ്പിച്ചില്ല.
ആശങ്കയോടെ നെഹ്റു
വിവാഹാനന്തരം അധികം വൈകാതെ കമലയുടെ ആരോഗ്യപ്രശ്‌നങ്ങൾ നെഹ്റു ശ്രദ്ധിച്ചിരുന്നു. കമലയ്ക്ക് യാത്രക്കിടയിലുണ്ടാവുന്ന ക്ഷീണവും തലവേദനയും നെഹ്റുവിന്റെ കത്തുകളിൽനിന്ന് മനസ്സിലാക്കിയെടുക്കാം. 1918 മെയ് 24 ന് മോത്തിലാൽ നെഹ്റു എഴുതിയ കത്തിൽ നിന്ന്, പ്രസവാനന്തരം കമലയുടെ ആരോഗ്യം പതുക്കെ മെച്ചപ്പെട്ടുവരുന്നതായി കാണാം. എന്നാൽ അപ്പോഴും ക്ഷയരോഗമാണെന്ന ആശങ്ക നെഹ്റു കുടുംബത്തിലുണ്ടായിരുന്നില്ല. യാത്രകളും മറ്റു പരിപാടികളുമായി കമലയടക്കമുള്ളവർ തിരക്കിലുമായിരുന്നു. എങ്കിലും മോത്തിലാൽ നെഹ്റു കമലയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടുന്നതായും കാണാം. ആനന്ദ് ഭവനിലെ പല കാര്യങ്ങളിലും പൂർണമായി ശ്രദ്ധ കൊടുക്കാൻ കമലയ്ക്ക് അനാരോഗ്യം കാരണം പറ്റിയിരുന്നില്ല.
1925-ലെ വേനൽക്കാലത്ത് മോത്തിലാലിനു ആസ്തമ കാരണം വലിയ ബുദ്ധിമുട്ടുണ്ടായി. സെപ്റ്റംബറോടെ കമലയുടെ ആരോഗ്യം വളരെ മോശമായി. അച്ഛന്റെയും കമലയുടെയും ആരോഗ്യ പ്രശ്‌നങ്ങൾ നെഹ്റുവിനെ വലിയ രീതിയിൽ പ്രയാസത്തിലാക്കി.
60 വയസ്സിലെത്തിയ മോത്തിലാലിനും 20 വയസ്സുകാരിയായ കമലക്കും ഒരേപോലെ ആരോഗ്യ പ്രശ്ങ്ങൾ വന്നുകൊണ്ടിരുന്നത് കുടുംബത്തിൽ വലിയ പ്രയാസമുണ്ടാക്കി. മോത്തിലാൽ കമലയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുത്തു. പ്രധാനമായും കമലയുടെ ശരീരഭാരം കുറയുന്നതും ക്ഷീണവുമായിരുന്നു മോത്തിലാൽ ശ്രദ്ധിച്ചത്. നിലവിൽ കണ്ടുകൊണ്ടിരിക്കുന്ന ഡോക്ടർക്കു പകരം മറ്റൊരു ഡോക്ടറെ സമീപിക്കാനും മോത്തിലാൽ ജവഹറിനോട് പറയുന്നുണ്ട്. അനുയോജ്യമായ അന്തരീക്ഷത്തിലുള്ള വിശ്രമവും നല്ല ഭക്ഷണവുമാണ് കമലയ്ക്ക് അദ്ദേഹം നിർദേശിക്കുന്നത്.
എന്നാൽ 1919- ആവുന്നതോടെ കമലയ്ക്ക് ടി. ബിയാണെന്ന് കുടുംബത്തിൽ സംശയമുണ്ടാവുന്നുണ്ട്. പ്രധാനമായും വിട്ടുമാറാതെയുള്ള പനി ഈ സംശയം ബലപ്പെടുത്തി. എങ്കിലും അത് സ്ഥിരീകരിച്ചിരുന്നില്ല. ഇതേ സമയത്തുതന്നെ ആസ്തമക്ക് മോത്തിലാൽ നെഹ്റു ചികിത്സ തേടുന്നുമുണ്ട്. അതുപോലെ അമ്മ സ്വരൂപ് റാണിക്കും അസുഖം വരുന്നതായി കാണാം.
അമ്മയെയും കമലയെയും കൊണ്ടാണ് നെഹ്റു 1920- ൽ മസൂരിയിലേക്കു പോവുന്നത്. അധികം വൈകാതെ നിസ്സഹകരണ സമരകാലത്ത് മോത്തിലാൽ നെഹ്റുവും ജവഹർലാൽ നെഹ്റുവും അറസ്റ്റ് ചെയ്യപ്പെട്ടു. ആരോഗ്യ കാരണങ്ങളാൽ മോത്തിലാൽ നെഹ്റുവിനെ വിട്ടയച്ചെങ്കിലും നെഹ്റു 1921 ഡിസംബർ മുതൽ 1923 ജനുവരി വരെ, ചെറിയ ഇടവേള ഒഴികെ, തടവിലാക്കപ്പെട്ടു. അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെട്ടു, ആനന്ദ് ഭവൻ പോലീസ് നിരീക്ഷണത്തിലായി. ഈ സമയത്ത് കമലയുടെ ചികിത്സ തുടർന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ല. രാഷ്ട്രീയ പ്രക്ഷുബ്ധമായ കാലത്താണ് നെഹ്റു കുടുംബം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടുതുടങ്ങിയത്. മോത്തിലാൽ നെഹ്റുവിന് അസുഖത്തിനു ആശ്വാസം വന്നെങ്കിലും കമലയുടെ ആരോഗ്യം കാര്യമായി മെച്ചപ്പെട്ടില്ല.

നെഹ്റുവും കമലയും യൂറോപ്പിലേക്ക്
ക്ഷയരോഗത്തിന് അക്കാലത്ത് ഇന്ത്യയിൽ മെച്ചപ്പെട്ട ചികിത്സയുണ്ടായിരുന്നില്ല. പലപ്പോഴും നല്ല ഭക്ഷണവും വിശ്രമവുമായിരുന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. എന്നാൽ കടുത്ത ചുമയും ക്ഷീണവും രോഗികളെ വലിയ ബുദ്ധിമുട്ടിലാക്കിയിരുന്നു. നെഹ്റു ജയിലിൽനിന്ന് പുറത്തുവന്നശേഷം 1924- ൽ ദമ്പതികൾക്കൊരു ആൺകുഞ്ഞ് പിറന്നു. എന്നാൽ ദിവസങ്ങൾക്കകം മരിക്കുകയും ചെയ്തു. ഇത് കമലയുടെ ആരോഗ്യാവസ്ഥയെ പറ്റി കൂടുതൽ ആശങ്കയുണ്ടാക്കാനിടയാക്കി.
1924- നു ശേഷം കമലയുടെ ആരോഗ്യസ്ഥിതി പലപ്പോഴും മോശമായിരുന്നു. 1925-ലെ വേനൽക്കാലത്ത് മോത്തിലാലിനു ആസ്തമ കാരണം വലിയ ബുദ്ധിമുട്ടുണ്ടായി. സെപ്റ്റംബറോടെ കമലയുടെ ആരോഗ്യം വളരെ മോശമാവുകയും മാസങ്ങളോളം ലക്നോവിലെ ആശുപത്രിയിൽ കിടക്കേണ്ടതായും വന്നു. അച്ഛന്റെയും കമലയുടെയും ആരോഗ്യ പ്രശ്‌നങ്ങൾ നെഹ്റുവിനെ വലിയ രീതിയിൽ പ്രയാസത്തിലാക്കി. അച്ഛന്റെയും സുഹൃത്തുക്കളുടെയും നിർദേശത്തിൽ കമലയുടെ ചികിത്സക്കായി ജനീവയിലേക്കു പോകാൻ നെഹ്റു തീരുമാനിച്ചു. ഇന്ത്യൻ മെഡിക്കൽ സർവീസിലെ സി.എ. സ്പ്രോവ്സനെ പോലെയുള്ള ബ്രിട്ടീഷ് ഓഫീസർമാരുടെ ഉപദേശം ഇക്കാര്യത്തിൽ നെഹ്റു കുടുംബത്തിന് കിട്ടി. മാത്രമല്ല, സ്വിറ്റസർലണ്ടിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായവും കുടുംബം തേടിയിരുന്നു. മോത്തിലാൽ നെഹ്‌റുവും ഇതേ സമയത്തു ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടായിരുന്നു. ഗാന്ധിജിയുടെ കൂടെ മസൂരിയിൽ പോയി വിശ്രമിക്കുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നുണ്ട്. ചില ഡോക്ടർമാരെങ്കിലും കമലയ്ക്ക് ടി. ബിയല്ലെന്ന അഭിപ്രായക്കാരായിരുന്നു.
ഇതേസമയത്താണ് മലബാറിൽ കെ. പി. കേശവ മേനോന്റെ ഭാര്യക്ക് ക്ഷയരോഗം വരുന്നതും അദ്ദേഹം കുടുംബത്തോടൊപ്പം ചികിത്സക്കായി മദ്രാസിലേക്ക് പോവുന്നതും. മദ്രാസിലെ ചികിത്സ കുറച്ചുമാസങ്ങൾ തുടർന്നെങ്കിലും വൈകാതെ അവർ മരിച്ചു.
1926 മാർച്ച് തുടക്കത്തിലാണ് ചികിത്സക്കായി നെഹ്‌റുവും കമലയും സ്വിറ്റ്‌സർലണ്ടിലേക്കു പോവുന്നത്. സൂയസ് വഴിയുള്ള നീണ്ട കപ്പൽ യാത്രക്കിക്കിടയിൽ കമല പൊതുവെ നല്ല ആരോഗ്യാവസ്ഥയിൽ തുടർന്നെങ്കിലും ചുമ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. ശാന്തമായ സൂയസ് കനാൽ കടന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയാൽ ചുറ്റപ്പെട്ട ദുർഘടമായ മെഡിറ്ററേനിയൻ കടൽ വഴിയുള്ള അടച്ചിട്ട കപ്പലിലെ കാബിനിലിരുന്നുള്ള ഒരാഴ്ച നീണ്ട യാത്ര കമലയെ വല്ലാതെ ക്ഷീണിതയാക്കി. മാർച്ച് പകുതിയോടെ നെഹ്‌റുവും കമലയും യൂറോപ്പിലെത്തുകയും ഏപ്രിലോടെ ചികിത്സ ആരംഭിക്കുകയും ചെയ്തു. ചികിത്സക്കായി ആശുപത്രിക്കടുത്ത് താമസമാരംഭിക്കുകയും മകൾ ഇന്ദിരയെ അടുത്തുള്ള സ്‌കൂളിൽ ചേർക്കുകയും ചെയ്തു.
ഏപ്രിൽ ആദ്യം കമലയ്ക്ക് ബ്രാങ്കൈറ്റിസ് പിടിപെട്ടതായി നെഹ്റു അച്ഛനെ അറിയിക്കുന്നുണ്ട്. യൂറോപ്പിൽവച്ച് ടി.ബി ചികിത്സയുമായി ബന്ധപ്പെട്ട ആധുനിക വൈദ്യശാസ്ത്ര വളർച്ചയെ പറ്റി നെഹ്റു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പുതിയ ടി. ബി. ചികിത്സാരീതി അക്കാലത്ത് സ്വിറ്റ്സർലാൻഡിൽ ലഭ്യമായിരുന്നു. കൃത്യമായ ചികിത്സ ക്രമപ്രകാരം ചിട്ടയോടെ കമലക്കു നൽകണമെന്ന് മോത്തിലാൽ ജവഹറിനെ ഉപദേശിക്കുന്നുണ്ട്.
ഇന്ദിരയുടെ വിദ്യാഭ്യാസവും കമലയുടെ ചികിത്സയും വീട്ടുകാര്യങ്ങളുമായി നെഹ്റു ഏറെക്കുറെ തിരക്കിലായി. വലിയ ചികിത്സാചെലവും ഉയർന്ന ജീവിതചെലവുകളും നെഹ്റുവിനെ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കാൻ നിർബന്ധിതനാക്കി.
ഏപ്രിലിൽ മോത്തിലാൽ ജവഹറിനയക്കുന്ന കത്തിൽ, രോഗം ടി.ബിയാണെന്ന് നേരെത്തെ ഔദ്യോഗികമായി കണ്ടെത്തിയത് നന്നായെന്ന് സൂചിപ്പിക്കുന്നതായി കാണാം. മാത്രമല്ല, അതോടൊപ്പം ലോകത്തിൽ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കിയതിലുള്ള ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ചികിത്സ തുടങ്ങിയശേഷം മെയ് അവസാനത്തോടെ കമല പതുക്കെ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങി. എന്നാൽ രോഗത്തിന് വേഗത്തിൽ ആശ്വാസം കാണുന്നില്ല എന്ന് നെഹ്റു സുഹൃത്തുക്കൾക്ക് അയക്കുന്ന കത്തുകളിലുണ്ട്. എന്നാൽ പതുക്കെയാണെങ്കിലും ആരോഗ്യം വീണ്ടെടുക്കുന്നതിലുള്ള സന്തോഷവും പ്രതീക്ഷയും നെഹ്റു പ്രകടിപ്പിക്കുന്നുണ്ട്. പ്രമുഖ വൈദ്യശാസ്ത്ര വിദഗ്ദ്ധനായ Henry Spahlinger സ്വിറ്റ്സർലണ്ടിലെ ചികിത്സയുമായി ബന്ധപ്പെട്ട് നെഹ്റു കുടുംബവും സുഹൃത്തുക്കളുമായും സംസാരിക്കുന്നുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് മോത്തിലാലും ജവഹറും ഒരുപോലെ ആധുനിക വൈദ്യത്തിന്റെ സാധ്യതകളാണ് തുടർച്ചയായി അന്വേഷിച്ചുകൊണ്ടിരുന്നത്.
ഇന്ദിരയുടെ വിദ്യാഭ്യാസവും കമലയുടെ ചികിത്സയും വീട്ടുകാര്യങ്ങളുമായി നെഹ്റു ഏറെക്കുറെ തിരക്കിലായി. വലിയ ചികിത്സാചെലവും ഉയർന്ന ജീവിതചെലവുകളും നെഹ്റുവിനെ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കാൻ നിർബന്ധിതനാക്കി. അച്ഛനായിരുന്നു പലപ്പോഴും കാര്യങ്ങൾ നടത്താൻ സഹായിച്ചിരുന്നത്. കുട്ടിയെ നോക്കാനും വീട്ടുകാര്യങ്ങൾക്കുമായി ജോലിക്കാരിയെ ഏർപ്പാട് ചെയ്യാൻ അച്ഛൻ നെഹ്റുവിനെ മെയ് അവസാനത്തിൽ ഉപദേശിക്കുന്നുമുണ്ട്. വീട്ടുകാര്യങ്ങളിൽ മാത്രം സമയം കളയാതെ മറ്റു കാര്യങ്ങളിലും സമയം കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം കരുതി. യൂറോപ്പിൽ നടക്കുന്ന വലിയ രാഷ്ട്രീയമാറ്റങ്ങൾ നെഹ്റു ശ്രദ്ധിക്കുകയും അവിടുത്തെ പ്രധാന രാഷ്ട്രീയപ്രവർത്തകരുമായി ബന്ധപ്പെടുകയും ചെയ്തു. അതോടൊപ്പം, ഇന്ത്യയിലെ രാഷ്ട്രീയ കാര്യങ്ങളിലും നെഹ്റു പ്രത്യേകം ശ്രദ്ധ ചെലുത്തി.
ചികിത്സ തുടങ്ങി രണ്ടു മാസം കഴിയുന്നതോടെ കമലയുടെ ആരോഗ്യം മെച്ചപ്പെടുകയും ശരീരഭാരം വർധിക്കുകയും ചെയ്തു. എങ്കിലും ശരീരോഷ്മാവിൽകാര്യമായ മാറ്റമുണ്ടായില്ല. വൈകാതെ ആരോഗ്യം മെച്ചപ്പെടുമെന്ന പ്രതീക്ഷ നെഹ്റു സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്തു. പനി നിലനിൽക്കുന്നതുമൂലം കമല ക്ഷീണിതയായിരുന്നു. നാലു മാസത്തെ ചികിത്സയുടെ ഭാഗമായി ഓഗസ്റ്റോടെ ആരോഗ്യം മെച്ചപ്പെടുകയും കമല പതുക്കെ സാധാരണ ജീവിതത്തിലേക്ക് എത്തുകയും ചെയ്തു. ഇത് നെഹ്റുവിൽ വലിയ സന്തോഷമുണ്ടാക്കി.
1926 ഓഗസ്റ്റ് 11 ന് അടുത്ത സുഹൃത്തും ദേശീയ നേതാവുമായിരുന്ന സയീദ് മഹ്മൂദിനയച്ച കത്തിൽ നെഹ്റു ഇങ്ങനെ എഴുതി: ‘Kamala is doing well. As for me I am flourishing like the proverbial green bay tree! You will be interested to learn that I have lost about 5 or 6 pounds in weight and am about 4 or 5 inches less in waist.

രാഷ്ട്രീയവും ചികിത്സയും
നെഹ്റു യൂറോപ്പിലെ രാഷ്ട്രീയസാഹചര്യം കൂടുതൽശ്രദ്ധിക്കാൻ തുടങ്ങി. കമലയും ഇന്ദിരയും നെഹ്റുവിന്റെ കൂടെ ചെറിയ യാത്രകൾ ചെയ്തു, പ്രമുഖ വ്യക്തികളെ സന്ദർശിച്ചു. എന്നാൽ വൈകാതെ തന്നെ സെപ്റ്റംബറിൽ കമലയുടെ ആരോഗ്യം വീണ്ടും മോശമായി. എങ്കിലും മരുന്നുകളോട് പ്രതീകരിക്കുന്നുണ്ടായിരുന്നു. കമലയ്ക്ക് വായിക്കാനായി അല്ലാമ ഇക്ബാലിന്റെയും ഹസ്രത് മൊഹാനിയുടെയും ഉറുദു പുസ്തകങ്ങൾ അയച്ചുകൊടുക്കാനും കൂടെ ഒരു ഉറുദു നിഘണ്ടു കൂടി അയക്കാനും നെഹ്റു സയ്യിദ് മഹ്മൂദിന് എഴുതുന്നുണ്ട്. ആരോഗ്യം മെച്ചപ്പെട്ട ദിവസങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾകമല ശ്രദ്ധിക്കാൻ തുടങ്ങി. മോത്തിലാൽ നെഹ്റു ചികിത്സയുടെ ഓരോ ഘട്ടത്തിലും കാര്യങ്ങൾ അന്വേഷിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരുന്നു.
കമലയുടെ ചികിത്സക്കും സ്വിറ്റസർലാന്റിലെ ജീവിതത്തിനും വേണ്ട ഭാരിച്ച ചെലവ് മോത്തിലാലാണ് വഹിച്ചത്. നാട്ടിൽ നിന്ന് അരിയും, പരിപ്പുകളും, മസാലയും, മാങ്ങയുമെല്ലാം മോത്തിലാൽ യൂറോപ്പിലേക്ക് അയച്ചുകൊടുത്തു.
ചികിത്സക്കും അവിടെത്തെ ജീവിതത്തിനും വേണ്ട ഭാരിച്ച ചെലവ് മോത്തിലാലാണ് വഹിച്ചത്. നാട്ടിൽ നിന്ന് അരിയും, പരിപ്പുകളും, മസാലയും, മാങ്ങയുമെല്ലാം മോത്തിലാൽ യൂറോപ്പിലേക്ക് അയച്ചുകൊടുത്തു. സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മോത്തിലാൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. ഇതേ സമയത്ത് മോത്തിലാൽ ജൂലൈ മുതൽ മൂന്ന് മാസത്തോളം അനാരോഗ്യം കാരണം മസൂറിയിൽ വിശ്രമത്തിലായിരുന്നു. കമലയുടെ ആരോഗ്യവും രോഗാവസ്ഥയും ചികിത്സയുമായി ബന്ധപ്പട്ട കൃത്യമായ വിവരങ്ങൾ മോത്തിലാലിനെ ഓഗസ്റ്റ് ആദ്യ വാരം തന്നെ നെഹ്റു അറിയിക്കുന്നുണ്ട്. അഞ്ചുമാസമായി തുടരുന്ന ചികിത്സയുടെ പുരോഗതി മോത്തിലാലും ജവഹറും വിശദമായി വിലയിരുത്തുന്നുണ്ട്. ഡോക്ടർമാർ എത്തിച്ചേരുന്ന നിഗമനങ്ങളും മറ്റു കാര്യങ്ങളും കത്തുകളിലൂടെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയ കാര്യങ്ങളും ചികിത്സയും ഇവർ രണ്ടുപേരും നടത്തുന്ന കത്തുകളിലെ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു.
അതേവർഷം സെപ്റ്റംബറിൽ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റും ഭർത്താവ് രഞ്ജിത് പണ്ഡിറ്റും ജനീവയിലെത്തുകയും നെഹ്റുവിന്റെയും കമലയുടെയും കൂടെ താമസിക്കുകയും ചെയ്തു. എട്ടു മാസമായി തുടരുന്ന ചികിത്സയെ പറ്റി ഒക്ടോബർ 10 ന് നെഹ്റു അച്ഛന് വിശദമായി എഴുതുന്നുണ്ട്. കമലയുടെ ആരോഗ്യാവസ്ഥ ഏറെക്കുറെ മാറ്റമില്ലാതെ തുടരുകയാണെന്ന് നെഹ്റു അച്ഛനെ അറിയിക്കുന്നുണ്ട്. ശരീരഭാരം നേരിയ തോതിൽ വർധിച്ചെങ്കിലും ശരീരോഷ്മാവ് 99.5 ൽ തന്നെ തുടരുന്നു എന്ന് നെഹ്റു എഴുതുന്നു. ടി. ബിയല്ലാതെ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ കമലക്കുണ്ടോ എന്ന് രക്തപരിശോധനയിലൂടെ കണ്ടെത്താൻ ശ്രമിക്കണമെന്ന് മോത്തിലാൽ പറയുന്നുണ്ട്.

നിരാശനായ നെഹ്റു
ജനീവയിലെ ചികിത്സയുടെ ഭാഗമായി പറയത്തക്ക പുരോഗതിയുണ്ടാവുന്നില്ലെന്ന് നെഹ്റു മനസ്സിലാക്കിയിരുന്നു. അക്കാലത്ത് സ്വിറ്റ്സർലാൻഡിൽ നിലവിലുണ്ടായിരുന്ന Spahlinger ചികിത്സാ രീതിയിലെ വാക്സിൻ കുത്തിവെപ്പിനോട് നെഹ്റുവിനു താല്പര്യം കുറഞ്ഞുവന്നു. ശ്വാസകോശ രോഗങ്ങൾക്ക് ഈ ചികിത്സാരീതി പൊതുവിൽ അംഗീകരിക്കപ്പെട്ട കാലമായിരുന്നു അത്. എന്നാൽ ഇത് കമലക്കു രോഗമുക്തിയുണ്ടാക്കുന്നില്ല എന്ന് നെഹ്റു കരുതി. ഈ മരുന്നിന്റെ കുത്തിവെപ്പെടുക്കുന്ന സമയത്ത്, കമലക്ക് അസുഖം കൂടുകയാണെന്ന് നെഹ്റു അച്ഛനോട് പറയുന്നുണ്ട്. കുത്തിവെപ്പ് ചികിത്സാരീതി ഒഴിവാക്കുകയും പകരം മറ്റു ചികിത്സാരീതിയിലേക്ക് മാറാമെന്നും നെഹ്റു തീരുമാനിക്കുന്നു. പൂർണമായും ഈ ചികിത്സാരീതി ശരിയല്ല എന്ന കാഴ്ചപ്പാട് നെഹ്റു എടുക്കുന്നില്ല. എന്നാൽ അത് കമലയ്ക്ക് അനുയോജ്യമല്ല എന്നാണ് നെഹ്‌റുവിന്റെ കാഴ്ചപ്പാട്. പകരം ശുദ്ധവായു കിട്ടുന്ന ഉയർന്ന സ്ഥലങ്ങളിലേക്ക് കമലയെ മാറ്റാമെന്നാണ് നെഹ്റു ആലോചിക്കുന്നത്. തുടർന്ന് സ്വിസ് ആരോഗ്യ വിദഗദ്ധൻ Henry Spahlinger-ന്റെ അടുത്ത് നെഹ്റു ഇതിനെ പറ്റി ആലോചിക്കുന്നുണ്ട്. അദ്ദേഹത്തിന്റെയും കൂടി നിർദേശത്തിലാണ് നെഹ്റു ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്.
1928- ലെ കൽക്കട്ട കോൺഗ്രസിൽ മോത്തിലാൽ നെഹ്‌റു പ്രസിഡന്റായി. 1928- ൽ കമല ആരോഗ്യത്തോടെ തന്നെ പല കാര്യങ്ങളിലും ഇടപെട്ടു. എന്നാൽ വർഷാവസാനത്തോടെ പലതരം ശരീരവേദനകൾ കമലയിൽ പ്രത്യക്ഷപ്പെട്ടു
ഒക്ടോബറിലും ആരോഗ്യനിലയിൽ പുരോഗതി കാണിക്കാതിരുന്നതു മൂലം കമലയുടെ ആരോഗ്യത്തിൽ മോത്തിലാൽ ഉൽക്കണ്പ്പെടുന്നുണ്ട്. ഡോ. എം. എ. അൻസാരിയെ പോലുള്ള അടുത്ത സുഹൃത്തുക്കളും മെഡിക്കൽ റിപ്പോർട്ടിൽ നിരാശനായിരുന്നു. സാനിറ്റോറിയം ചികിത്സയെ പലരും പിന്തുണക്കുകയും ചെയ്തില്ല. പുതിയൊരു ചികിത്സാകേന്ദ്രത്തിലേക്ക് മാറാൻ തന്നെ അന്തിമമായി തീരുമാനിച്ചു. സ്വിസ് ശ്വാസകോശവിദഗ്ദ്ധനായിരുന്ന Jacques Stephani- യുടെ മൊണ്ടാനയിലുള്ള ക്ലിനിക്കിലേക്കാണ് ഒക്ടോബർ അവസാനത്തോടെ നെഹ്റു പിന്നീട് കമലയെ ചികിത്സക്കായി കൊണ്ടുപോവുന്നത്. മൊണ്ടാനയിലേക്കു പോവുന്നതിനു മുൻപ് ഒക്ടോബർ പകുതിയോടെ കമലയുടെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങിയിരുന്നു. ശരീരോഷ്മാവ് ക്രമാനുസാരമാവുകയും ശരീരഭാരം മെച്ചപ്പെടുകയും ചെയ്തു. അപ്പോഴും സെറം കുത്തിവെപ്പ് തുടർന്നു. യൂറോപ്പിലെത്തിയശേഷം മൊത്തം നാലു കിലോ ഭാരമാണ് കമലയിൽ വർധിച്ചത്.
മൊണ്ടാനയിൽ എത്തിയശേഷം ഡിസംബറോടെ കമലയുടെ ആരോഗ്യാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങുന്നുണ്ട്. എന്നാൽ ആരോഗ്യം അടുത്ത വർഷം ജനുവരി ആദ്യത്തോടെ മോശമായി. എന്നാൽജനുവരി അവസാനത്തോടെ വീണ്ടും ആരോഗ്യം മെച്ചപ്പെട്ടു. 1927 ജനുവരി 27 നു മോത്തിലാൽ കമലക്ക് എഴുതുന്ന കത്തിൽ, കമലയുടെ ആരോഗ്യം മെച്ചപ്പെടാൻ ആശംസിക്കുകയും, താൻ വൈകാതെ യൂറോപ്പിലേക്ക് വരുന്നുണ്ടെന്നും തുടർന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാമെന്നും എഴുതുന്നുണ്ട്. ഇന്ദിര മൊണ്ടാനയിലെ സ്‌കൂളിൽ അഡ്മിഷൻ എടുക്കുകയും ചെയ്തു. മോത്തിലാൽ ഡോ. അൻസാരി ഉൾപ്പെടയുള്ളവരോട് കമലയുടെ തുടർചികിത്സയെ പറ്റി സംസാരിക്കുന്നുണ്ട്. മാത്രമല്ല ഇന്ദിരയുടെ തുടർവിദ്യാഭ്യാസവും മോത്തിലാലിന്റെ ചിന്തയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യൂറോപ്യൻ യാത്ര വെറുമൊരു അവധിക്കാല പരിപാടി മാത്രമായിരുന്നില്ല. ഇത്തരം പല കാര്യങ്ങളിൽ തീരുമാനമെടുക്കാനും കൂടിയായിരുന്നു മോത്തിലാൽആഗസ്റ്റിൽ യൂറോപ്പിൽ എത്തിയത്. എങ്കിലും നീണ്ട കാലം ഇനിയും യൂറോപ്പിൽ കമലയുടെ ചികിത്സ തുടരുന്നതിനോട് മോത്തിലാലിനു താല്പര്യമില്ലായിരുന്നു. അടുത്ത ശൈത്യം തുടങ്ങുന്നതിനു മുമ്പ് ഇന്ത്യയിലേക്കു മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

മാർച്ച് മാസത്തോടെ കമലയുടെ ആരോഗ്യം കാര്യമായി മെച്ചപ്പെട്ടു. പുതിയ സ്ഥലവും താമസവും ചികിത്സയും കമലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഏപ്രിൽ മാസം മൊണ്ടാന വിടുന്നതുവരെ കമലയുടെ ആരോഗ്യം നല്ല രീതിയിൽ തുടരുകയും ചെയ്തു. അടുത്തുള്ള പല സ്ഥലങ്ങളും നഗരങ്ങളും സന്ദർശിക്കുകയും ചെയ്തു. ക്ഷീണം ഉണ്ടായിരുന്നെങ്കിലും കമല ആരോഗ്യത്തോടെ യാത്രകളിൽ പങ്കെടുത്തു. ഓഗസ്റ്റിൽ മോത്തിലാൽ നെഹ്റുവും എത്തിയതോടെ നെഹ്‌റു കുടുംബം വിപുലമായ രീതിയിൽ യൂറോപ്പ് സന്ദർശിക്കുന്നുണ്ട്. എങ്കിലും സെപ്റ്റംബറോടെ കമലയുടെ ആരോഗ്യത്തിൽ മോത്തിലാൽ ആശങ്കപ്പെടുന്നുണ്ട്. പാരിസിൽ വിദഗ്ദ്ധ ഡോക്ടർമാരെ സമീപിക്കാൻ അദ്ദേഹം ആലോചിക്കുന്നുണ്ട്. യൂറോപ്പിലെത്തിയതിനെതുടർന്ന് പാരീസിലേയും ബെർലിനിലെയും ഡോക്ടർമാരുമായും മോത്തിലാൽ കമലയുടെ രോഗവിവരങ്ങൾ ചർച്ചചെയ്യുന്നുണ്ട്. Leon Bernard അടക്കമുള്ള പല ഡോക്ടർമാരും കമലയ്ക്ക് ടി. ബിയല്ലന്നും ഗർഭപാത്രത്തിനാണ് അസുഖമെന്നും നിരീക്ഷിക്കുന്നുണ്ട്. ഇതിനനുസരിച്ചുള്ള ചികിത്സ തുടങ്ങിയെങ്കിലും നെഹ്റു കുടുംബം പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി. മോത്തിലാൽ യൂറോപ്പിൽ വച്ച് ആസ്ത്മയുടെ ചികിത്സയിലുമാണ്.
കമലയും നെഹ്റുവും ഇന്ത്യയിലേക്ക്
1927 ഡിസംബറിൽ നെഹ്റുവും കമലയും ഇന്ത്യയിൽതിരിച്ചെത്തി. അസുഖം പൂർണമായും ഭേദമായില്ലങ്കിലും ആരോഗ്യം മെച്ചപ്പെട്ടു എന്നാണ് നെഹ്റു ആത്മകഥയിൽ എഴുതുന്നത്. കമലയുടെ ആരോഗ്യത്തെപ്പറ്റിയുള്ള ഉൽക്കണ്ഠയ്ക്ക് നേരിയ ശമനമുണ്ടാവാനും യൂറോപ്പിലെ ചികിത്സ നെഹ്റുവിനെ സഹായിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയശേഷം കുറച്ചുകാലം വിശ്രമത്തിലായിരുന്നു കമല. തുടർന്ന് ഡോക്ടർ അൻസാരിയടക്കമുള്ളവരുടെ ഉപദേശാനുസരണം ചികിത്സ തുടരുകയും ചെയ്തു.
സങ്കീർണ്ണമായ കാലഘട്ടമായിരുന്നു പിന്നീട് ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിലുണ്ടായിരുന്നത്. സൈമൺ കമ്മീഷൻ സന്ദർശനവും അതേതുടർന്നുണ്ടായ പ്രതിഷേധങ്ങളും ദേശീയസമരത്തെ ചൂടു പിടിപ്പിച്ചു. മോത്തിലാൽ നെഹ്റുവും ജവഹറും ദേശീയ സമരത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
അനാരോഗ്യം പലപ്പോഴും കമലയെ സമരരംഗത്തു തുടരാൻ അനുവദിച്ചില്ല. എങ്കിലും അലഹബാദിലെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കമലക്കു കഴിഞ്ഞു. നിയമലംഘന സമരത്തിന് കമലയുടെ സമരത്തിലെ സജീവ പങ്കാളിത്തം ഏറെ ഊർജം നൽകി.
1928- ലെ കൽക്കട്ട കോൺഗ്രസിൽ മോത്തിലാൽ നെഹ്‌റു പ്രസിഡന്റായി. 1928- ൽ കമല ആരോഗ്യത്തോടെ തന്നെ പല കാര്യങ്ങളിലും ഇടപെട്ടു. എന്നാൽ വർഷാവസാനത്തോടെ പലതരം ശരീരവേദനകൾ കമലയിൽ പ്രത്യക്ഷപ്പെട്ടു. 1929 സെപ്റ്റംബറിൽ അപ്പെന്റിസൈറ്റിസ് ശസ്ത്രക്രിയക്ക് കമല വിധേയയായി. തുടർന്ന് കുറച്ചുകാലം വിശ്രമത്തിലായിരുന്നു. 1929- ലെ ലാഹോർ കോൺഗ്രസ്സിലൂടെ നെഹ്‌റു ദേശീയരാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിച്ചു. ഗാന്ധിജി നിയമലംഘന സമരം പ്രഖ്യാപിച്ചതോടെ മോത്തിലാലും ജവഹറും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. കമല സജീവമായി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. അനാരോഗ്യം പലപ്പോഴും കമലയെ കൂടുതൽ സമരരംഗത്തു തുടരാൻ അനുവദിച്ചില്ല. എങ്കിലും അലഹബാദിലെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കമലക്കു കഴിഞ്ഞു. സ്ത്രീപങ്കാളിത്തം വളരെയധികമുണ്ടായിരുന്ന നിയമലംഘന സമരത്തിന് കമലയുടെ സമരത്തിലെ സജീവ പങ്കാളിത്തം വളരെയധികം ഊർജം നൽകി. ആരോഗ്യ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴും സമരത്തിന് നേതൃത്വം കൊടുത്തതുവഴി കമല തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് നെഹ്റു ആത്മകഥയിൽ പറയുന്നുണ്ട്.

1930 -ൽ ഗാന്ധിജി കമലയ്ക്കയക്കുന്ന കത്തിൽ ആരോഗ്യം ക്ഷയിക്കാതെ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. ഗാന്ധിജിയും കമലയും തമ്മിൽ വളരെ ഊഷ്മളമായ ബന്ധം നിലനിൽക്കുന്നതായും കാണാം. ഗാന്ധിജി പലപ്പോഴായി നെഹ്റുവിനയക്കുന്ന കത്തിൽ കമലയുടെ ആരോഗ്യാവസ്ഥയെ പറ്റി തന്റേതായ നിരീക്ഷണങ്ങൾ പങ്കുവെക്കുന്നുമുണ്ട്. രോഗശമനത്തിനായ് പ്രകൃതിചികിത്സ ഗാന്ധിജി നിർദേശിക്കുന്നുണ്ട്.
1931 ജനുവരി തുടക്കത്തിൽ കമല അറസ്റ്റ് ചെയ്യപ്പെടുകയും ലക്‌നൗ ജയിലിൽ തടവിലാവുകയും ചെയ്തു. നെഹ്റു കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും കമലയുടെ ജയിലിലെ ആരോഗ്യാവസ്ഥയെ പറ്റി വലിയ ആശങ്കക്ക് ഇത് ഇടവരുത്തി. അധികം വൈകാതെ ജയിലിൽ വച്ച് മോത്തിലാലിന്റെ ആരോഗ്യാവസ്ഥ മോശമാവുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. വൈകാതെ കമലയേയും വിട്ടയച്ചു.
1931 ഫെബ്രുവരി 6 ന് മോത്തിലാൽ നെഹ്റു മരിച്ചു. നെഹ്റുവിനും കമലക്കും വലിയൊരു ആഘാതമായിരുന്നു മോത്തിലാലിന്റെ മരണം. വൈകാതെ കമലയുടെ ആരോഗ്യവും മോശമായി. പിന്നീട് ആരോഗ്യം മെച്ചപ്പെട്ടശേഷം നെഹ്റുവും കമലയും ഇന്ദിരയും ശ്രീലങ്കയിലേക്ക് യാത്ര പോയി. തിരിച്ചെത്തിയശേഷം നെഹ്റു വീണ്ടും സജീവമായി രാഷ്ട്രീയ പ്രവർത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കമലയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടാത്തതിനാൽ നെഹ്റു കമലയെ ചികിത്സയ്ക്ക് ബോംബെയിലേക്ക് കൊണ്ടുപോവുന്നുണ്ട്. 1932- നു ശേഷം ടി. ബി. യുടെ പ്രയാസങ്ങൾ വലിയതോതിൽ കമലയെ അലട്ടുന്നു. ശ്വാസംമുട്ടലും ഹൃദയസംബദ്ധമായ പ്രയാസങ്ങളും കമലയെ കൂടുതൽ പ്രയാസത്തിലാക്കി. കൂടെ ഗർഭാശയ പ്രശ്‌നങ്ങളും ചേർന്നതോടെ കമലയുടെ ആരോഗ്യാവസ്ഥ വലിയ ബുദ്ധിമുട്ടിലായി. തുടർന്ന് കൽക്കട്ടയിൽ ബിദാൻ ചന്ദ്രറേയുടെ ചികിത്സക്കായി കമല പോയി. ഈ സമയത്ത് നെഹ്റു അറസ്റ്റിലാവുകയും 1933 ഓഗസ്റ്റ് വരെ ജയിലിലാവുകയും ചെയ്തു. ഇക്കാലത്തു കമലയുടെയും സ്വരൂപ് റാണിയുടേയും ആരോഗ്യം വളരെ മോശമായി. 1933- ൽ കമല ഏറെക്കുറെ കിടപ്പിലാവുകയും സ്വരൂപ് റാണി ലക്നൗവിലെ ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്തു. ക്ഷീണിതയായിരുന്നെങ്കിലും അവരെ ശുശ്രുശിക്കാനായി കമല കൂട്ടിനു പോയി.
കമല വിടപറയുന്നു
1933 അവസാനത്തോടെ കമലയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലെത്തി. വിട്ടുമാറാത്ത ശ്വാസം മുട്ടൽ കമലയെ പ്രയാസത്തിലാക്കി. ജയിൽ മോചിതനായ ജവഹർ പരമാവധി സമയം കമലയുടെ കൂടെ ചെലവിട്ടു. കൽക്കട്ടയിലെയും അലഹബാദിലെയും ചികിത്സകൾ തുടരുകയും ചെയ്തു. കൽക്കട്ടയിലെ ചികിത്സക്കിടക്ക് ശാന്തിനികേതനിൽ ഇന്ദിരയെ ചേർത്തിരുന്നു. പിന്നീട് 1934- ന്റെ പകുതിയോടെ കമലയുടെ നില വളരെ മോശമായി. കമലയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജവഹറിനെ ജയിൽ മോചിതനാക്കി. അഞ്ചു മാസത്തിനുശേഷം വീണ്ടും നെഹ്റു രണ്ടു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലായി. തുടർന്നുള്ള സമയത്ത് കമലയുടെ ആരോഗ്യം ക്ഷയിക്കുകയും ശ്വാസകോശരോഗത്തിനു ചികിത്സയിലാവുകയും ചെയ്തു. രണ്ടു മാസത്തോളം വളരെ ഗുരുതരാവസ്ഥയിലായിരുന്നു കമല. അലഹബാദിൽ ടി. ബിയ്ക്ക് വേണ്ടത്ര ചികിത്സാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ ചികിത്സ മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി നെഹ്റു കുടുംബം ആലോചിക്കാൻ തുടങ്ങി. ജയിലിൽനിന്ന് ജവഹർ കമലയെ നൈനിറ്റാളിനടുത്തുള്ള ബോവാലിയിലേക്കു അയക്കാനാണ് നിർദേശിക്കുന്നത്.
1935 ജൂൺ ആദ്യത്തിൽ ചികിത്സക്കായി കമല യൂറോപ്പിൽ എത്തിച്ചേർന്നു. സുഭാഷ് ചന്ദ്രബോസ് കമലയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യൂറോപ്പിലു ണ്ടായിരുന്നു. വളരെ വേഗം ചികിത്സ ആരംഭിച്ചു. എങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ കമലക്കായില്ല.
ബോവാലിയിൽ അഡ്മിറ്റ് ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും തടവിലിരിക്കെത്തന്നെ നെഹ്റു ഒരുക്കിയിരുന്നു. കൊണ്ടുപോവേണ്ട വസ്ത്രങ്ങളും ചികിത്സാചെലവുകളും കൂടെ താമസിക്കേണ്ടവരുടെയും ഭക്ഷണത്തിന്റെയുമെല്ലാം വിശദമായ ആസൂത്രണം നെഹ്റു തന്നെ നോക്കുകയുണ്ടായി. കമലയുടെ ശ്വാസകോശത്തിന്റെ ഇടത്തെ ഭാഗം വളരെ മോശം അവസ്ഥയിലെത്തിയിരിക്കുന്നു എന്ന് അവിടത്തെ പരിശോധനയിൽ കണ്ടെത്തി. ബോവാലിയിലെ ചികിത്സ തുടങ്ങിയശേഷം ആരോഗ്യാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
കമലയുടെ ബോവാലിയിലെ ചികിത്സ കണക്കിലെടുത്തു നെഹ്റുവിനെ നൈനി ജയിലിൽ നിന്ന് അൽമോറയിലേക്കു മാറ്റി. കമലയുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധിക്കാൻ നെഹ്റുവിന് ഇത് കൂടുതൽ സൗകര്യം നൽകി. നെഹ്റു പലതവണ ജയിലിൽ നിന്ന് കമലയെ സന്ദർശിക്കാൻ ബോവാലി സാനിറ്റോറിയത്തിലെത്തിയതായി കാണാം. ഇടവേളകളിൽ ആരോഗ്യം വീണ്ടെടുക്കുകയും ശരീരഭാരം കൂടുകയും ചെയ്തു. എങ്കിലും മാർച്ചിൽ തന്നെ ബോവാലിയിലെ മെഡിക്കൽ സൂപ്രണ്ട് കമലയെ യൂറോപ്പിലേക്ക് കൊണ്ടുപോവാൻ നിർദേശിച്ചിരുന്നു. 1935 മെയ് വരെ കമല ബോവാലിയിൽതുടർന്നു. ഏഴുമാസത്തെ ചികിത്സ കൊണ്ട് ചെറിയ പുരോഗതി മാത്രമേ ഉണ്ടായുള്ളൂ. 1935 മെയ് അവസാനത്തോടെ അസുഖം വീണ്ടും മൂർച്ഛിച്ചതിനാൽ കമലയെ യൂറോപ്പിലേക്ക് കൊണ്ടുപോവാൻ ശ്രമം ആരംഭിച്ചു. 16 വർഷമായി തുടരുന്ന രോഗാവസ്ഥ കമലയെ വല്ലാതെ തളർത്തിയിരുന്നു. കമലയും മകൾ ഇന്ദിരയും കുടുംബാംഗം കൂടിയായ ഡോ. മദൻ അടലും കമലയോടപ്പം ചികിത്സക്കായി യൂറോപ്പിലേക്ക് പോവുകയുണ്ടായി.

1935 ജൂൺ ആദ്യത്തിൽ ചികിത്സക്കായി കമല യൂറോപ്പിൽ എത്തിച്ചേർന്നു. സുഭാഷ് ചന്ദ്രബോസ് കമലയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യൂറോപ്പിലു ണ്ടായിരുന്നു. വളരെ വേഗം ചികിത്സ ആരംഭിച്ചു. എങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ കമലക്കായില്ല. സെപ്റ്റംബറിന്റെ തുടക്കത്തിൽ നെഹ്റു ജയിൽ മോചിതനായി. തുടർന്ന് നെഹ്‌റുവും യൂറോപ്പിലേക്ക് എത്തിച്ചേർന്നു. ചെറിയ പുരോഗതി കാണിച്ചെങ്കിലും ഡിസംബർ അവസാനത്തോടെ കമലയുടെ ആരോഗ്യം വളരെയധികം മോശമായി. 1936 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ലൊസെയ്നിലേക്ക് (Lausanne) കൊണ്ടുപോയി. തുടർചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്ന് ഫെബ്രുവരി 28 നു പുലർച്ചെ കമല ലോകത്തോട് വിട പറഞ്ഞു. ലൗസന്നെ ശ്മശാനത്തിൽ സംസ്‌കാരചടങ്ങുകൾ നടക്കുകയും ചെയ്തു.
കമലയുടെ മരണശേഷം നെഹ്റു വൈകാതെ ഇന്ത്യയിലേക്ക് മടങ്ങി. മടക്കയാത്രയിൽ ബാഗ്ദാദിൽ വച്ചാണ് 1936-ൽ തന്റെ പ്രസിദ്ധീകരിക്കാനിക്കുന്ന ആത്മകഥ (An Autobiography) കമലക്കായ് സമർപ്പിക്കുന്നത്. പിന്നീട് വർഷങ്ങൾക്കുശേഷം അഹ്മദ് നഗർ ജയിലിൽ വച്ച് Discovery of India എഴുതുമ്പോൾ രണ്ടാമത്തെ അദ്ധ്യായത്തിലൂടെ കമലയുടെ അവസാന ദിവസങ്ങൾ വായനക്കാർക്കുമുമ്പിൽ നെഹ്റു അവതരിപ്പിക്കുന്നുണ്ട്. അവർതമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം നമുക്ക് ഈ അധ്യായത്തിൽ കാണാം.

നിസ്സഹകരണ സമരകാലത്ത് ആരംഭിച്ച്, നിയമ ലംഘന സമരകാലവും കഴിഞ്ഞ്, 16 വർഷത്തിലധികം രോഗവും ചികിത്സയും അതിന്റെ കൂടെ ദേശീയ സമരത്തിന് നേതൃത്വം നൽകുകയും ചെയ്താണ് കമലയും ജവഹറും മോത്തിലാലും മുന്നോട്ടുപോയത്. രോഗത്തെയും ചികിത്സയെയും ശാസ്ത്രീയമായി സമീപിച്ചാണ് രണ്ടു പതിറ്റാണ്ടോളം നീണ്ട കമലയുടെ ആരോഗ്യ പ്രശ്‌നങ്ങളെ നെഹ്റു കുടുംബം കൈകാര്യം ചെയ്തത്. ആധുനിക വൈദ്യശാസ്ത്ര പുരോഗതിയോടപ്പം പോകാനാണ് നെഹ്റുവും മോത്തിലാലും ശ്രമിച്ചത്.
