അപകടഘട്ടം ഇനിയും തരണം ചെയ്തിട്ടില്ല, നമുക്ക് മാത്രമായി ഒരു രക്ഷപ്പെടലുമില്ല

കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്ന് കഴിഞ്ഞു. 130 കോടി ജനസംഖ്യയുള്ള ഈ രാജ്യം കേസുകളുടെ എണ്ണത്തിൽ എവിടെ വരെ എത്തും എന്ന് ഊഹിക്കാൻ പോലും പറ്റില്ല. മെയ് 15ന് ഇന്ത്യയിലെ കേസുകൾ അവസാനിക്കും എന്നൊക്കെ മണ്ടത്തരങ്ങൾ നിറഞ്ഞ വാർത്തകൾ മുൻപ് വന്നിരുന്നത് ഓർമ്മയുണ്ടാകുമല്ലോ.

കുറച്ചു നാളുകൾക്കു മുൻപ് വലിയ രീതിയിൽ സർക്കുലേറ്റ് ചെയ്ത ഒരു വീഡിയോ ഉണ്ടായിരുന്നു. കോവിഡ് സർവൈലൻസ് കണക്കുകൾ അധികരിച്ച് കേരളവും തമിഴ്നാടും തമ്മിൽ താരതമ്യം ചെയ്ത ഒരു വീഡിയോ. തമിഴ്നാട് ആരോഗ്യമന്ത്രി നിലത്തിരുന്ന് ഇലയിൽ ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. എങ്ങനെയാണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രി ജീവിക്കുന്നത് എന്ന തലക്കെട്ടിൽ.

അന്ന് തമിഴ്‌നാട് ലക്ഷങ്ങളെ സ്ക്രീൻ ചെയ്തു എന്ന കണക്കാണ് ആ വീഡിയോയിൽ പറയുന്നത്, കേരളം ഒന്നും ചെയ്യുന്നില്ല എന്നും. സ്ക്രീനിങ് എന്ന് പറഞ്ഞാൽ എയർപോർട്ടിൽ താപനില പരിശോധിച്ചത് ആയിരിക്കും ഉദ്ദേശിച്ചത്.

ഇന്ത്യയിൽ ഏറ്റവും ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. ആദ്യ റിപ്പോർട്ടുകൾ ഭംഗിയായി കൺടെയ്ൻ ചെയ്യാൻ കേരളത്തിന് സാധിച്ചു.

മാർച്ച് മാസത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കേസുകൾ വന്നു തുടങ്ങി. കൂടെ കേരളത്തിലും വന്നു. ആ സമയത്താണ് ഈ വീഡിയോ ഇറങ്ങിയത്. ഇപ്പോഴത്തെ കണക്കുകൾ കൂടി നോക്കണം. തമിഴ്നാട്ടിൽ കേസുകളുടെ എണ്ണം പതിനായിരം കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴും 600 ആയിട്ടില്ല.

കേവലം 300 കേസുകൾ മാത്രമുണ്ടായിരുന്ന ഒരു സമയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ആൾക്കാരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷം അടുത്തുവരെ എത്തിയിരുന്നു

കേരളത്തിലെ സർവൈലൻസ് സിസ്റ്റം ആണ് ഇതിന് പ്രധാന കാരണം. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങളും ഒരു കാരണം തന്നെയാണ്. കേവലം 300 കേസുകൾ മാത്രമുണ്ടായിരുന്ന ഒരു സമയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ആൾക്കാരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷം അടുത്തുവരെ എത്തിയിരുന്നു. പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകൾ പരമാവധി കണ്ടെത്തി ക്വാറന്റൈൻ ചെയ്യാൻ സാധിച്ചു. അതുകൊണ്ടുതന്നെ രോഗവ്യാപനം പിടിച്ചു നിർത്താൻ സാധിച്ചു. കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം അതാണ്. നിലവിൽ കേരളത്തിൽ ആക്ടീവ് കേസുകൾ 80 എണ്ണം മാത്രമാണ്. നേരെ തിരിച്ച് തമിഴ്നാട്ടിലെ അവസ്ഥ ഒന്ന് നോക്കണം. 2750 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട മെയ് രണ്ടിന് അവിടെ ആകെ ക്വാറന്റൈനിൽ വന്നവർ 40,000 പേർ പോലുമില്ല. അതിനുശേഷമുള്ള കണക്കുകൾ തിരഞ്ഞിട്ട് കിട്ടിയില്ല. സുതാര്യത എന്ന ഒരു സംഭവം ഉണ്ട്. അത് പി ആർ തള്ളുകൾ കൊണ്ട് ലഭിക്കില്ല.

കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്ന് കഴിഞ്ഞു. 130 കോടി ജനസംഖ്യയുള്ള ഈ രാജ്യം കേസുകളുടെ എണ്ണത്തിൽ എവിടെ വരെ എത്തും എന്ന് ഊഹിക്കാൻ പോലും പറ്റില്ല. മെയ് 15ന് ഇന്ത്യയിലെ കേസുകൾ അവസാനിക്കും എന്നൊക്കെ മണ്ടത്തരങ്ങൾ നിറഞ്ഞ വാർത്തകൾ മുൻപ് വന്നിരുന്നത് ഓർമ്മയുണ്ടാകുമല്ലോ. ഇന്ത്യക്ക് മാത്രമായി എന്തോ പ്രതിരോധശേഷി ഉണ്ട് എന്നൊക്കെ പറഞ്ഞ മണ്ടത്തരങ്ങളും ധാരാളം വന്നിരുന്നു. ഇതുവരെ മനസ്സിലാക്കാൻ സാധിക്കുന്നിടത്തോളം അങ്ങനെ എന്തെങ്കിലും ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. ലോക്ക്ഡൗൺ ഉള്ളതുകൊണ്ട് കേസുകൾ കുത്തനെ ഉയർന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. ആശുപത്രി സംവിധാനങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ കേസുകൾ വരാത്തതിനാൽ മരണനിരക്ക് ഗണ്യമായി ഉയർന്നില്ല. അതും നമുക്ക് ഒരു അനുഗ്രഹമായി. പക്ഷേ ഇനി എങ്ങനെ എന്ന് പറയാനാവില്ല. റഷ്യയും ബ്രസീലും ഒക്കെ കുതിക്കുന്നത് കാണുന്നുണ്ടല്ലോ, അല്ലേ ? ജനസംഖ്യയിൽ മുന്നിലുള്ള ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും എന്ന് ഇപ്പോൾ ഊഹിക്കാൻ പോലും പറ്റില്ല.

അതുകൊണ്ട് നമ്മെ സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തണ്ട നാളുകൾ ആണ് വരുന്നത്. അനിശ്ചിതകാല ലോക്ക്ഡൗൺ ഒരു പരിഹാരമല്ല. അതുകൊണ്ട് മറ്റു പല ദുരിതങ്ങളും ഉണ്ടാകും. മാറിയ സാഹചര്യത്തിൽ ജീവിക്കാൻ ജനങ്ങൾ പഠിക്കുകയാണ് വേണ്ടത്. അത് ശീലിക്കാൻ വേണ്ടിയുള്ള സമയം കൂടിയാണ് ലോക്ക്ഡൗൺ. ആശുപത്രി സംവിധാനങ്ങൾ വർദ്ധിപ്പിക്കാനും, പരിശോധനാ സൗകര്യങ്ങൾ വർധിപ്പിക്കാനും ഒക്കെയുള്ള കാലമാണ് ഇത്. പക്ഷേ മാസങ്ങളോളം ഇത് തുടരാൻ പറ്റില്ല.

അസുഖം വന്നു പോയിക്കോട്ടെ, അങ്ങനെ ഹേർഡ് ഇമ്മ്യൂണിറ്റി കിട്ടും എന്ന് കരുതുന്നതും മണ്ടത്തരമാണ്. അങ്ങനെ ചിന്തിച്ച രാജ്യങ്ങളുടെ അവസ്ഥ അറിയാമല്ലോ ! വെറും നാലഞ്ച് മാസങ്ങൾ കൊണ്ട് 46 ലക്ഷത്തിലധികം പേരെ ബാധിച്ച് മൂന്നു ലക്ഷത്തിലധികം മരണം വിതച്ച അസുഖമാണ്.

ശാരീരിക അകലം പാലിച്ച് കൊണ്ടും കൈകൾ കഴുകി കൊണ്ടും കൈകൾ മുഖത്ത് പിടിക്കാതെ ഇരുന്നു കൊണ്ടും ജീവിക്കാൻ ശീലിക്കുക എന്നതാണ് വേണ്ടത്. കൃത്യമായ രീതിയിൽ മാസ്ക് ധരിച്ചാലും പ്രയോജനം ഉണ്ടാകും. അതുപോലെ തന്നെ, ചിലപ്പോൾ അതിനേക്കാളേറെ പ്രസക്തമാണ് സർക്കാർ സംവിധാനങ്ങളുടെ ഇൻവോൾവ്മെന്റ്. ഓരോ കേസുകളും കൃത്യമായി കണ്ടുപിടിക്കുകയും ചികിത്സിക്കുകയും അവരുടെ ചുറ്റുമുള്ള കോൺടാക്റ്റുകൾ കണ്ടുപിടിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുക എന്നത്.

അവിടെയാണ് കേരളം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. കൂടാതെ വളരെ സുതാര്യമായ രീതിയിൽ ഓരോ ദിവസവും കൃത്യമായി വിവരങ്ങൾ കൈമാറുന്ന മുഖ്യമന്ത്രിയുടെ പ്രസ് കോൺഫറൻസ് ജനങ്ങൾക്ക് നൽകുന്ന കോൺഫിഡൻസ് ചെറുതല്ല. മറ്റ് പല സംസ്ഥാനങ്ങളിലും ആശങ്കപ്പെടേണ്ടതില്ല, ആശങ്കപ്പെടേണ്ടതില്ല എന്ന് പറഞ്ഞപ്പോൾ ആശങ്കപ്പെടേണ്ടതുണ്ട് എന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിയാണ്. കേസുകൾ കൂടുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പലതവണ പ്രസ് കോൺഫറൻസിൽ ആവർത്തിച്ച മുഖ്യമന്ത്രി ആണ്. അതായത് എപ്പോഴും കരുതൽ വേണമെന്ന് ഒരു സന്ദേശം സംസ്ഥാനത്തൊട്ടാകെ ഉണ്ടായിരുന്നു.

കേസുകൾ കൂടുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പലതവണ പ്രസ് കോൺഫറൻസിൽ ആവർത്തിച്ച മുഖ്യമന്ത്രി ആണ്. അതായത് എപ്പോഴും കരുതൽ വേണമെന്ന് ഒരു സന്ദേശം സംസ്ഥാനത്തൊട്ടാകെ ഉണ്ടായിരുന്നു.

അവിടെ ഇപ്പോൾ പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വന്നുകൊണ്ടിരിക്കുന്നു. ആഗ്രഹം ഉള്ളവർ എല്ലാം എത്തുക തന്നെ വേണം, കാരണം അവരും നമ്മൾ തന്നെയാണ്. അതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്യുക എന്നുള്ളത് സർക്കാരിന്റെയും നമ്മുടെയും കടമയാണ്. പക്ഷേ വരുന്നവർ 14 ദിവസം കൃത്യമായി ക്വാറന്റൈൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ കൈവിട്ടു പോകും. മറ്റു പല സംസ്ഥാനങ്ങളിലും സംഭവിച്ചത് ഇവിടെയും ആവർത്തിക്കപ്പെടും. അത് ഉണ്ടാവാൻ പാടില്ല.

ഇവിടെയാണ് പ്രതിപക്ഷം വാളയാറിൽ നടത്തിയ ഷോ ചോദ്യം ചെയ്യപ്പെടേണ്ടത്. പ്രതിപക്ഷം ജനങ്ങളുടെ വിഷയത്തിൽ ഇടപെടരുത് എന്നല്ല പറയുന്നത്. അവർ ഇടപെടുക തന്നെ വേണം. പക്ഷേ ഏതു വിഷയത്തിൽ ഇടപെടുമ്പോഴും ശാരീരിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അവരും ക്വാറന്റൈൻ സ്വീകരിക്കേണ്ട അവസ്ഥ ഉണ്ടാവും. അതൊക്കെ ഈയൊരു അവസ്ഥയിൽ അഭികാമ്യമാണോ എന്നുകൂടി ചിന്തിക്കണം. പോട്ടെ, അങ്ങനെയൊക്കെ പോയവർ എന്തടിസ്ഥാനത്തിലാണ് ആശുപത്രികളിൽ ചെന്ന് നഴ്സുമാർക്ക് ലഡു വിതരണം ചെയ്യുന്നത്? നമ്മുടെ കയ്യിൽ പരിമിതമായ വിഭവശേഷി മാത്രമേയുള്ളൂ. അവരെ കൂടി ക്വാറന്റൈനിൽ എത്തിക്കുന്ന രീതിയിൽ പെരുമാറരുത്. പ്രതിപക്ഷം മാത്രമല്ല, അങ്ങനെ ആര് ചെയ്താലും നമുക്ക് ഗുണകരമല്ല.

കേരളത്തോട് പ്രതിപക്ഷത്തെക്കാൾ മാന്യത കൊറോണ കാണിച്ചു എന്ന് പറയാൻ ഇടവരരുത്. പ്രതിപക്ഷ നേതാക്കൾ ഒന്ന് ആലോചിക്കുന്നത് നന്നാവും.

ഒരുകാര്യം പറയാതെ വയ്യ. കേരളത്തോട് പ്രതിപക്ഷത്തെക്കാൾ മാന്യത കൊറോണ കാണിച്ചു എന്ന് പറയാൻ ഇടവരരുത്. പ്രതിപക്ഷ നേതാക്കൾ ഒന്ന് ആലോചിക്കുന്നത് നന്നാവും. നിങ്ങൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ ശശി തരൂർ എന്താണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കുന്നത് നല്ലതായിരിക്കും. വിമർശനങ്ങളും ചോദ്യംചെയ്യലും വേണം. അത് പ്രതിപക്ഷത്തിന്റെ കടമയാണ്. പക്ഷേ കാമ്പുള്ള വിഷയങ്ങളിൽ ആയിരിക്കണം. ഉന്നയിക്കുന്ന വിഷയങ്ങൾ ന്യായമാണെങ്കിൽ ജനങ്ങൾ പിന്തുണയ്ക്കുക തന്നെ ചെയ്യും. കാരണം ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് തോന്നിയാൽ തീർച്ചയായും ജനങ്ങൾ പിന്തുണയ്ക്കും. അതല്ലാതെ തിരഞ്ഞെടുപ്പ് അടുത്തു എന്ന് കരുതി കോപ്രായം കാട്ടരുത്. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പ്രശംസിക്കണം എന്നൊന്നുമല്ല പറയുന്നത്. അനാവശ്യ കുത്തിത്തിരുപ്പുകൾ ഉണ്ടാക്കി മര്യാദയ്ക്ക് പ്രവർത്തിക്കുന്ന ഒരു സിസ്റ്റം കുളമാക്കരുത് എന്ന് മാത്രമാണ് പറയുന്നത്.

വാഗ്വാദങ്ങൾ അല്ല വേണ്ടത്. നമ്മൾ ഇനിയും അപകട ഘട്ടം തരണം ചെയ്തിട്ടില്ല. നമുക്ക് മാത്രമായി ഒരു രക്ഷപെടൽ ഇല്ലതാനും. നമ്മൾ, മാത്രമല്ല എല്ലാവരും അതിജീവിക്കണം. എല്ലാ സംസ്ഥാനങ്ങളിൽ ഉള്ളവരും അതിജീവിക്കണം. അതിന് മാത്രമാകണം പ്രാധാന്യം നൽകേണ്ടത്. അതിജീവിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രചരണം നടത്താനും വിജയിക്കാനും ഒക്കെ ആർക്കും സാധിക്കും. അത് മറന്നു കൊണ്ട് പെരുമാറരുത്.

ഇത്രയേ ഇപ്പോൾ പറയാനുള്ളൂ.

Comments