വരും ദിനങ്ങൾ നിർണായകം ആരാധനാലയങ്ങൾ അടഞ്ഞു കിടക്കട്ടെ

ആറര കോടി ജനസംഖ്യയുള്ള ഫ്രാൻസിൽ പീക്കിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 7,000 കേസുകൾ. 133 കോടി ജനസംഖ്യയുള്ള ഇന്ത്യ പീക്കിൽ എത്തുമ്പോൾ ഒരു ദിവസം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും എന്നത് ഊഹിക്കാനാകുമോ ? പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും ആ സംഖ്യ.

ദൈവം രക്ഷിക്കും എന്ന വിശ്വാസത്തിൽ സയനൈഡ് കഴിക്കാൻ ആരെങ്കിലും തയ്യാറാകുമോ ? ഇല്ല, കാരണം സയനൈഡ് ഉള്ളിൽ എത്തിയാൽ മരണം സംഭവിക്കുമെന്ന് അവർക്ക് കൃത്യമായി അറിയാം. മനുഷ്യന്റെ ചിന്താശേഷിയും യുക്തിയുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഇതുവരെ 70 ലക്ഷത്തിലധികം പേരിൽ സ്ഥിരീകരിക്കപ്പെട്ട്, നാലു ലക്ഷത്തിലധികം മരണങ്ങൾ സൃഷ്ടിച്ച അസുഖമാണ് കോവിഡ്-19. ചൈനയിലെ ഒരു പ്രവിശ്യയിൽ നിന്ന് ആരംഭിച്ച അസുഖം ലോകമെമ്പാടും പടർന്നു കഴിഞ്ഞു. ജനസംഖ്യാനുപാതികമായി പരിഗണിച്ചാൽ ഇന്ത്യയെക്കാൾ പതിന്മടങ്ങ് ചികിത്സാസൗകര്യങ്ങൾ ഉള്ള രാജ്യങ്ങളിൽ പോലും പതിനായിരക്കണക്കിന് മരണങ്ങൾ സംഭവിച്ചുകഴിഞ്ഞു. അമേരിക്കയിൽ മാത്രം മരണസംഖ്യ ഒരു ലക്ഷത്തി പതിനായിരം കടന്നു. അങ്ങനെയുള്ള ഒരു അസുഖത്തെ ആണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല എന്ന് അറിയാമല്ലോ. എന്നിട്ട് പോലും ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു, മരണസംഖ്യ 7,000 കടന്നു

ആൾക്കൂട്ടങ്ങളിൽ കൂടെയും അടുത്ത് ഇടപഴകുന്നതിലൂടെയും വളരെ വേഗത്തിൽ പകരുന്ന അസുഖമാണ് കോവിഡ് 19. പലരാജ്യങ്ങളിലും രോഗ പകർച്ചക്ക് കാറ്റലിസ്റ്റ് ആയി പ്രവർത്തിച്ചത് ആരാധനാലയങ്ങളും പ്രാർത്ഥനാ യോഗങ്ങളും ആണ് എന്ന് കാണാം. കോവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട തെക്കൻ കൊറിയയിൽ വൈറസ് വ്യാപനത്തിന് ആക്കം കൂട്ടിയത് ഒരു പ്രാർഥനായോഗം ആയിരുന്നു. "ഷിൻജോൻചി ചർച്ച് ഓഫ് ജീസസ്' നടത്തിയ ഒരു പ്രാർത്ഥനാ പരിപാടി. അതിൽ പങ്കെടുത്തവരിൽ നിന്ന് രാജ്യത്തിന്റെ പല ഭാഗത്തേക്കും രോഗം പകർന്നു. എങ്കിലും ശക്തമായ പരിശോധന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരുന്നതിനാലും ഫലപ്രദമായി നിയന്ത്രണങ്ങൾ പാലിക്കാൻ സാധിച്ചതിനാലും ആകെ കേസുകൾ 12,000-ൽ താഴെയും മരണസംഖ്യ 273 ലും പിടിച്ചു നിർത്താൻ തെക്കൻ കൊറിയയ്ക്ക് സാധിച്ചു. വൈറസ് വ്യാപനത്തിന് പ്രധാന കാരണമായ ഷിൻജോൻചി ചർച്ച് ഓഫ് ജീസസ് മേധാവി ലീ മാൻ-ഹീ രാജ്യത്തോടും ജനങ്ങളോടും മാപ്പുചോദിച്ചു. മലേഷ്യയിലും സമാനമായ രീതിയിൽ മതസമ്മേളനങ്ങളിലൂടെ രോഗം പകർന്നിരുന്നു. ഇന്ത്യയിലും സ്ഥിതി വിഭിന്നമായിരുന്നില്ല എന്ന് അറിയാമല്ലോ.

ഇന്ത്യയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറഞ്ഞുവരികയാണ്. അതോടൊപ്പം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനവും ഉണ്ട്. ഇത് വളരെ അപകടകരമായ സാഹചര്യം സൃഷ്ടിക്കാനുള്ള സാധ്യതയാണുള്ളത്. ഇന്ത്യ ഇതുവരെ കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല എന്ന് അറിയാമല്ലോ. എന്നിട്ട് പോലും ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു, മരണസംഖ്യ 7,000 കടന്നു.

ഓരോ പത്ത്-പതിനഞ്ച് ദിവസങ്ങൾ കൂടുമ്പോഴും ഇന്ത്യയിൽ കേസുകളുടെ എണ്ണം ഇരട്ടിക്കുകയാണ്. ഇന്ത്യയിൽ 10,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏപ്രിൽ 13 ന്. അത് ഇരട്ടിയാക്കാൻ വേണ്ടിവന്നത് 8 ദിവസങ്ങൾ, ഏപ്രിൽ 21ന് കേസുകളുടെ എണ്ണം ഇരുപതിനായിരം കഴിഞ്ഞു. അത് ഇരട്ടിയാകാൻ വേണ്ടിവന്നത് 12 ദിവസങ്ങൾ, മെയ് മൂന്നിന് നാൽപതിനായിരം കേസുകൾ കഴിഞ്ഞു. അത് ഇരട്ടി ആകാൻ വേണ്ടി വന്നത് 11 ദിവസങ്ങൾ, മെയ് പതിനാലിന് എൺപതിനായിരം കേസുകൾ തികഞ്ഞു. അത് ഇരട്ടിക്കാൻ വേണ്ടി വന്നത് 14 ദിവസങ്ങൾ, മെയ് 28-ന് കേസുകളുടെ എണ്ണം 1,60,000 കടന്നു. അതായത് 14 ദിവസംകൊണ്ട് എൺപതിനായിരം കേസുകൾ വർദ്ധിച്ചു. അടുത്ത എൺപതിനായിരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടിവന്നത് വെറും പത്തു ദിവസങ്ങൾ.

33 കോടി ജനസംഖ്യയുള്ള അമേരിക്കയിൽ കോവിഡ് ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു ദിവസം 35,000 കേസുകളിൽ അധികം. 21 കോടി ജനസംഖ്യയുള്ള ബ്രസീലിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് ഒരു ദിവസം ഏതാണ്ട് മുപ്പതിനായിരം കേസുകൾ. 14 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പന്ത്രണ്ടായിരത്തോളം. എട്ടു കോടി ജനസംഖ്യയുള്ള ജർമ്മനിയിൽ പീക്കിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഏതാണ്ട് 7000. ആറേമുക്കാൽ കോടി ജനസംഖ്യയുള്ള യുകെയിൽ പീക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു ദിവസം 8,000 കേസുകൾ. ആറര കോടി ജനസംഖ്യയുള്ള ഫ്രാൻസിൽ പീക്കിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 7,000 കേസുകൾ. 133 കോടി ജനസംഖ്യയുള്ള ഇന്ത്യ പീക്കിൽ എത്തുമ്പോൾ ഒരു ദിവസം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും എന്നത് ഊഹിക്കാനാകുമോ ? പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും ആ സംഖ്യ.

നിലവിൽ മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും ആശുപത്രി സൗകര്യങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ രോഗികൾ ഉണ്ടാകുമ്പോൾ മരണനിരക്ക് ഗണ്യമായി ഉയരും. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണ്.

133 കോടി ജനസംഖ്യയുള്ള ഇന്ത്യ പീക്കിൽ എത്തുമ്പോൾ ഒരു ദിവസം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും എന്നത് ഊഹിക്കാനാകുമോ ? പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും.

കഴിഞ്ഞ രണ്ടര മാസം ആരാധനാലയങ്ങൾ പ്രവർത്തിക്കാത്തിരുന്നിട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. കുറച്ചുനാൾ കൂടി പ്രവർത്തിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നുമില്ല. "ദൈവം' എന്ന ഒരു സംഭവം ഉണ്ടെങ്കിൽ എവിടെ നിന്ന് പ്രാർത്ഥിച്ചാലും പ്രയോജനം ലഭിക്കും. അങ്ങനെ ഒരു സംഭവം ഇല്ലെങ്കിൽ എവിടെപ്പോയി പ്രാർത്ഥിച്ചാലും പ്രയോജനം ലഭിക്കുകയും ഇല്ല.

ഓരോ ദിവസവും മാധ്യമങ്ങളിൽ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം നമ്മൾ വായിക്കാറുണ്ട്. അതെല്ലാം വെറും സംഖ്യകളല്ല. മനുഷ്യ ജീവനാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. അങ്ങനെയൊരു സംഖ്യയായി മാറാതിരിക്കാൻ ഓരോ വ്യക്തിയും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്.

സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് തുറക്കേണ്ട എന്ന് തീരുമാനിച്ച നിരവധി ആരാധനാലയങ്ങൾ കേരളത്തിൽ ഉണ്ട്. തിരുവനന്തപുരം പാളയം ജുമാ മസ്ജിദ്, എറണാകുളത്തെ മുസ്‌ലിം പളളികൾ, തിരുവനന്തപുരം വേങ്കമല ഭഗവതി ക്ഷേത്രം, അങ്കമാലി അതിരൂപത, മലപ്പുറത്തെ മുസ്‌ലിം പള്ളികൾ ഒക്കെ ഇങ്ങനെ ഒരു സാഹചര്യത്തിൽ തുറക്കേണ്ട എന്ന തീരുമാനമെടുത്ത വിഭാഗത്തിൽപ്പെടുന്നു. വികാരത്തെക്കാൾ വിവേകത്തിന് പ്രാധാന്യം നൽകുന്നവർക്ക് അഭിനന്ദനങ്ങൾ. എല്ലാ ആരാധനാലയങ്ങളും ഈ വഴിയിലൂടെ തന്നെ സഞ്ചരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

വരുന്ന ഏതാനും മാസങ്ങൾ നമുക്ക് വളരെ നിർണായകമാണ്. കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഉച്ചസ്ഥായിയിൽ എത്താൻ പോകുന്ന കാലമാണ്. കേസുകൾ നിയന്ത്രണാതീതമായി വർദ്ധിച്ചാൽ രണ്ടാമതൊരു ശക്തമായ ലോക്ക്ഡൗൺ പ്രതീക്ഷിക്കാം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഉത്തരവാദിത്വത്തോടെ പെരുമാറുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. അവിടെ അന്ധമായ വിശ്വാസങ്ങൾ മാറ്റിവെച്ചുകൊണ്ട് ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകണം.


ഡോ. ജിനേഷ് പി.എസ്

ആരോഗ്യ വിഷയങ്ങളിലെ അശാസ്ത്രീയ പ്രവണതകൾക്കെതിരെ ബോധവൽക്കരണം നടത്തുന്ന സോഷ്യൽ മീഡിയ കൂട്ടായ്മയായ ഇൻഫോ ക്ലിനിക്കിന്റെ അഡ്​മിനും കോ ഫൗണ്ടറും.

Comments