ജങ്ക് ഫുഡുകൾക്ക് ഫൈവ് സ്റ്റാർ പദവി കിട്ടുമ്പോൾ

ഇന്ത്യയിൽ അറുപതു ശതമാനത്തിലധികം പേർ മരണപ്പെടുന്നത് പകർച്ചേതരവ്യാധികൾ മൂലമാണ്. ഇതിനു പ്രധാന കാരണം അമിതമായ കൊഴുപ്പും, പഞ്ചസാരയും, ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ആയി കഴിക്കുന്നതാണ്. ഇപ്പോൾ മാർക്കറ്റിൽ പായ്ക്കറ്റുകളിൽ ലഭ്യമാകുന്ന മിക്ക സംസ്‌കൃത ഭക്ഷണ ഉല്പന്നങ്ങളും, പാനിയങ്ങളും ഇത്തരത്തിൽ പെട്ടതാണ്. ഭക്ഷ്യസുരക്ഷാ ലേബലിലൂടെ ഉപഭോക്താവിനെ ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ആ ഉൽപ്പന്നം വാങ്ങുന്നതിൽ നിന്നും ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വെക്കുന്നത്.

സിഗരറ്റ് പായ്ക്കറ്റുകളുടെ പുറത്ത് ചിത്രങ്ങളോടുകൂടിയ അപായ സൂചന ലേബലുകൾ പതിപ്പിക്കുക എന്നത് വാങ്ങുന്നവരെ പിന്തിരിപ്പിക്കാനുതകുന്ന പുകയില വിരുദ്ധ നടപടിയായി ലോകമാകെ അംഗീകരിച്ച് നടപ്പിലാക്കിയ രീതിയാണ്. ഈ രീതി മറ്റ് ‘റിസ്‌ക്ക് ഉല്പന്ന’ങ്ങൾക്കും ബാധകമാക്കാമെന്ന തത്വം വളരെ ലളിതവും സ്വീകാര്യവുമാണ്. ഈയൊരു അറിവിന്റെ വെളിച്ചത്തിൽ മനുഷ്യർക്ക് ദോഷകരമായ ഭക്ഷണ പായ്ക്കറ്റുകളിലും സമാന അപായ സൂചനാ ചിത്രങ്ങൾ നൽകണമെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ ഏജൻസിയായ കോഡക്‌സ് (Codex ) നിർദ്ദേശം നൽകിയിട്ട് വർഷം പത്ത് കഴിഞ്ഞു.

ഇതനുസരിച്ച്​, പായ്ക്കറ്റുകളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ലേബലിൽ മിക്ക രാജ്യങ്ങളും ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഈ ലേബലിംഗ് രണ്ടു തരത്തിലുണ്ട്. ഒന്ന്, പായ്ക്കറ്റിലടങ്ങിയ ഭക്ഷ്യവസ്തുക്കളിലെ പോഷക വിവരങ്ങൾ നൽകുന്ന ലേബൽ (കലോറി, പ്രോട്ടിൻ, ഫാറ്റ്, വിറ്റാമിനുകൾ, പ്രിസർവേറ്റീവ് തുടങ്ങിയവയുടെ അളവുകൾ). ഈ വിവരങ്ങൾ സാധാരണ പായ്ക്കറ്റിന്റെ പിൻവശത്താണ് വിശദമായി നൽകുന്നത്.

രണ്ട്​, ഭക്ഷ്യവസ്തുവിൽ അടങ്ങിയ ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങളുടെ (അമിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ്) വിവരങ്ങൾ സൂചനാ രൂപത്തിൽ നൽകുന്നതാണ്; ഇത് പായ്ക്കറ്റിന്റെ മുൻവശത്ത് എളുപ്പം മനസ്സിലാകുന്ന /തെളിഞ്ഞു കാണുന്ന വിധത്തിൽ നൽകണം (നിറങ്ങൾ, ചിത്രങ്ങൾ). ഇപ്പോൾ ലോകത്തെവിടെയും ജീവിത ശൈലിരോഗങ്ങളായ അമിതവണ്ണം, പ്രമേഹം, രക്താതിമർദ്ദം, ഹൃദയാഘാത രോഗങ്ങൾ തുടങ്ങിയവ ക്രമാതീതമായി കൂടിവരികയാണ്. ആഗോളീകരണത്തെ തുടർന്നുണ്ടായ "മാക് ഡൊണാൾഡൈസേഷൻ ' എന്നറിയപ്പെടുന്ന അമിതമായ കൊഴുപ്പടങ്ങിയ ഫാസ്റ്റ് ഫുഡ് വ്യാപനത്തിന്റെ (Over Nutrition) എപിഡമിക്ക് ആയിട്ടാണ് ഇതറിയപ്പെടുന്നത്.

സിഗരറ്റ് പാക്കറ്റിന് പുറത്തെ മുന്നറിയിപ്പ്.

ഇന്ത്യയിൽ തന്നെ അറുപതു ശതമാനത്തിലധികം പേർ മരിക്കുന്നത് ഇത്തരം പകർച്ചേതര വ്യാധി മൂലമാണ്. ഇതിനു പ്രധാന കാരണം അമിതമായ കൊഴുപ്പും, പഞ്ചസാരയും, ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതാണ്. ഇപ്പോൾ പായ്ക്കറ്റുകളിൽ ലഭ്യമായ മിക്ക സംസ്‌കൃത ഭക്ഷണ ഉല്പന്നങ്ങളും, പാനീയങ്ങളും (processed foods and colas) ഇത്തരത്തിൽ പെട്ടതാണ് (നൂഡിൽസ്, പോപ്‌കോൺസ്, പൊട്ടറ്റോ ചിപ്‌സ്, കോളകൾ). ഇവയുടെ ഉപയോഗത്തിനനുസൃതമായിട്ടാണ് പകർച്ചേതര വ്യാധികളും കൂടിവരുന്നത്.

ഇന്ത്യയിലെ തന്നെ കണക്കുനോക്കിയാൽ 2005- ൽ പ്രതിവർഷം ഇവയുടെ ആളോഹരി ഉപയോഗം വെറും രണ്ട് കിലോഗ്രാം ആയിരുന്നത് 2019- ൽ ആറ് കിലോഗ്രാമായി ഉയരുകയും 2024- ൽ നാലിരട്ടിയായി, എട്ടു കിലോയായി ഉയരുകയും ചെയ്യും എന്നാണ് കരുതുന്നത്. ഭക്ഷ്യസുരക്ഷാ ലേബലിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യം വെക്കുന്നത്, ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങൾ ഉപഭോക്താവിന്​ ചൂണ്ടിക്കാട്ടിക്കൊടുത്ത്​, ആ ഉൽപ്പന്നം വാങ്ങുന്നതിൽ നിന്നും ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാം എന്നാണ്​.

ഉയർന്ന അളവിലുള്ള കൊഴുപ്പ്, പഞ്ചസാര, ഉപ്പ് ഇവയുടെ നെഗറ്റിവ് സൂചനകളാണ് ലേബലുകളിൽ നൽകേണ്ടത്. ഒരു വ്യക്തിക്ക്​ ദിവസം ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട കലോറിയുടെ 10% ത്തിൽ കൂടുതൽ പായ്ക്കറ്റിൽ നിന്ന് ലഭ്യമാകുകയാണെങ്കിൽ അതിനും ലേബലിൽ അപായസൂചന നൽകണം. ഇതിലൂടെ ദോഷകരമായ ആഹാരവസ്തുക്കൾ ഒഴിവാക്കി ഉപഭോക്താവിന് തെരഞ്ഞെടുക്കാനുള്ള അറിവുണ്ടാകും, ഒപ്പം, ഭക്ഷ്യനിർമാതാക്കൾക്ക് ജനങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ ഉത്പന്നങ്ങൾ നിർമ്മിക്കാനും മാർക്കറ്റ് ചെയ്യാനും പ്രോത്സാഹനം കിട്ടുകയും ചെയ്യും. ഇതുതന്നെ സാമൂഹ്യതലത്തിൽ ചെലവ് കുറഞ്ഞ ഒരു രോഗ നിയന്ത്രണ മാർഗമായി തീരും.

ഈ ലേബലുകൾ ചിത്രം കൊണ്ടോ, നിറം കൊണ്ടോ, അക്ഷരങ്ങൾ കൊണ്ടോ വെവ്വേറെയായോ, സമ്മിശ്രമായോ ചേർത്ത് നിരക്ഷരർക്കുപോലും എളുപ്പം തിരിച്ചറിഞ്ഞ്​ തീരുമാനമെടുക്കാൻ പറ്റുന്ന വിധത്തിലായിരിയുകയും വേണം. ഇതനുസരിച്ച് ലോകത്തിലാകെ അഞ്ചു തരം അപായ ലേബലുകൾ ഭക്ഷ്യ പായ്ക്കററുകളിൽ നടപ്പിലാക്കിവരുന്നുണ്ട്. ഇവയോരോന്നും അവിടുത്തെ ജനങ്ങളുടെ സ്വീകാര്യതയും നടപ്പിലാക്കിയ ശേഷമുള്ള ഫലവുമനുസരിച്ച് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

അപായ സൂചനാ ലേബൽ (warning label), പച്ച - മഞ്ഞ - ചുമപ്പ് ചേർന്ന ട്രാഫിക്ക് ലൈറ്റ്, ദിവസേന വേണ്ട അളവിന്റെ ശതമാനം (Daily allowance), ആരോഗ്യ നക്ഷത്രചിഹ്നങ്ങൾ (healthy star rating), സ്‌കോറിംഗ് ഇവയാണ് ഈ അഞ്ചു തരങ്ങൾ.

ഇതനുസരിച്ച് വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്ത് ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യ പായ്ക്കറ്റുകളിൽ മുൻവശത്ത് അപായ ലേബലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിൽ ട്രാഫിക്ക് ലൈറ്റും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ ഒരാൾക്ക് ദിവസേന വേണ്ട ശതമാനം/ അളവും ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ ചിത്രങ്ങളോടുകൂടിയ അപായ ലേബലുകളും നടപ്പിലാക്കിയിട്ടുണ്ട്. ചിലിയിൽ ഈ രീതി നടപ്പിലാക്കി ഒരു വർഷം കഴിഞ്ഞ് വിലയിരുത്തിയപ്പോൾ അവിടുത്തെ കൊക്ക കോള വ്യാപാരം 24 % കുറഞ്ഞതായി കണ്ടെത്തി.

ആരോഗ്യ സംരക്ഷണനടപടി എന്ന നിലയിൽ ഇന്ത്യയിലും വളരെ വൈകിയാണെങ്കിലും പായ്ക്കറ്റ്​ ഭക്ഷ്യവസ്തുക്കൾക്ക് സുരക്ഷാ ലേബലുകൾ നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അവയൊക്കെ വൻകിട ഭക്ഷ്യ നിർമാണ കമ്പനികളുടെ (Processed food) സമ്മർദ്ദങ്ങൾക്ക് വഴങ്ങി നീട്ടിവെക്കുകയാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ അതോറിറ്റി (Food safety standard authority of India- FSSAI) ഇത് സംബന്ധിച്ച് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ലേബലിംങ് സിസ്‍പ്ലേ റഗുലേഷൻ- 2022 ഓർഡർ സപ്തംബർ 13 ന് ഗസറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പരാതി/നിർദ്ദേശങ്ങൾ നൽകാൻ നൽകിയ മൂന്ന് മാസത്തെ അവധി നവംബറിൽ കഴിഞ്ഞു. ഈ ഓർഡറിനെതിരെ പൊതുജനാരോഗ്യ - ന്യുട്രീഷൻ വിദഗ്ധർ ധാരാളം പോരായ്മകൾ ചൂണ്ടിക്കാട്ടി, ഇത് മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പലതും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം അവഗണിച്ച്​, ഭക്ഷ്യ നിർമ്മാണ കമ്പനികളുടെ സാമ്പത്തിക സുരക്ഷയാണോ ലക്ഷ്യമാക്കുന്നത് എന്ന്​ പല വിദഗ്ദരും സംശയം പ്രകടിപ്പിക്കുന്നു.

ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓർഡർ (2022) പ്രകാരം നക്ഷത്ര ചിഹ്നങ്ങളിട്ട സ്റ്റാർ റേറ്റിങ് ആണ് ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്നത്. ഇതുപ്രകാരം 1/2 സ്റ്റാർ തൊട്ട് 5 സ്റ്റാർ വരെയാണ് റേറ്റിംങ് : 1/2 സ്റ്റാർ അത്ര ആരോഗ്യകരമല്ലാത്തതും 5 സ്റ്റാർ വളരെ ആരോഗ്യകരമായിട്ടുള്ളതുമാണ്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ തിരിച്ചറിയാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് അപായ സൂചനാ ലേബലുകളും ട്രാഫിക്ക് ലൈറ്റും ഏറ്റവും കുറവ് നക്ഷത്രചിഹ്നങ്ങളും ആണ് എന്ന്​ കണ്ടെത്തിയിരുന്നു. അതുപോലെ ഏറ്റവും വേഗം മനസ്സിലാക്കാൻ കഴിയുന്നത്​ ട്രാഫിക്ക് ലൈറ്റ് ചിഹ്നങ്ങളാണ്​. കുട്ടികൾക്കും മുതിർന്നവർക്കും ദോഷകരമായ പാക്കറ്റുകൾ ഒഴിവാക്കാൻ സഹായിക്കുന്നത് കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ ചിത്രങ്ങളോടു കൂടിയ അപായ സൂചനാ ലേബലാണ്​. ഇതിലും അവസാന സ്ഥാനം മാത്രമാണ് നക്ഷത്രചിഹ്നങ്ങൾ ഉപയോഗിച്ചുള്ള സ്റ്റാർ റേറ്റിങ്ങിന് കിട്ടിയത്. സ്റ്റാർ റേറ്റിംങ് പ്രകാരം താഴെനിന്ന്​ മുകളിലേക്കാണ് സ്‌കോർ പോകുന്നത്. ഏറ്റവും ദോഷകരമായത് ഒഴിവാക്കി ഗുണകരമായത് സെലക്ട് ചെയ്യാൻ മുകളിൽ നിന്ന് താഴോട്ട് തിരിച്ചാണ് സ്‌കോർ വേണ്ടത് എന്നാണ് സൈക്കോമെട്രി തത്വം.

ശാസ്ത്രീയ ശുപാർശകൾ പ്രകാരം പാക്കറ്റിലടങ്ങിയ കൊഴുപ്പ്​, പഞ്ചസാര, ഉപ്പ് തുടങ്ങിയ നെഗറ്റീവ് ഘടകങ്ങൾക്കാണ് സ്‌കോർ നൽകി ജനങ്ങൾക്ക് നല്ല ചോയ്​സ്​ നൽകേണ്ടത്. അതുവഴി മാത്രമേ ദോഷകരമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയൂ. അങ്ങനെ വരുമ്പോൾ ഇത്തരം ഭഷ്യവസ്തുക്കളുടെ കച്ചവടം കുറയാൻ സാധ്യതയുണ്ട്. ഇതു മറികടക്കാൻ ഇന്ത്യയിൽ, നെഗറ്റീവ് ഘടകങ്ങൾ ന്യൂട്രലൈസ് ചെയ്യാൻ ഇന്ത്യൻ ന്യുട്രീഷ്യൻ റേറ്റിംഗ്​ പ്രകാരം ആവശ്യമായ പോസിറ്റീവ് ഘടകങ്ങളായ പച്ചക്കറി, പഴവർഗം, നാരുകൾ എന്നിവയടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ, ചെറുധാന്യങ്ങൾ, കടല - പയർ തുടങ്ങിയവക്കും സ്‌കോർ നിശ്ചയിച്ച് സ്റ്റാർ പദവി നൽകിയിട്ടുണ്ട്. അങ്ങനെയായാൽ കൂടുതൽ കൊഴുപ്പ്​ / പഞ്ചസാര / ഉപ്പ് ചേർന്ന ഉൽപ്പന്നങ്ങളുടെ കൂടെ പോസിറ്റീവ് സ്‌കോറുള്ള പച്ചക്കറിയോ പഴങ്ങളോ, നട്ടുകളോ ചേർത്ത്​ നൂട്രലൈസ് ചെയ്യാനോ, സ്‌കോറുകൾ വർദ്ധിപ്പിക്കാനോ പറ്റും.

അപകടകരമായ അളവിൽ കൊഴുപ്പോ, ഉപ്പോ, പഞ്ചസാരയോ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നത്തിൽ ഉയർന്ന പോസിറ്റീവ് സ്‌കോറുള്ള പഴവർഗ്ഗങ്ങളോ, നട്ട്സുകളോ ചേർത്ത് സ്റ്റാർ റെയ്​റ്റ്​ കൂട്ടി മാർക്കറ്റിൽ ലാഭമുണ്ടാക്കാനും കഴിയും. പഴച്ചാറുകൾ ചേർത്ത് കലോറി കൂടിയ കോള പോലുള്ള പാനീയങ്ങളുടെ സ്റ്റാർ റെയ്​റ്റ്​ കൂട്ടാം. ഇപ്പോൾ തന്നെ പല ബിസ്‌ക്കറ്റ്, ജങ്ക് ഫുഡ് വ്യവസായികളും ഈ വഴിക്ക് തിരിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതുവഴി ജങ്ക് ഭക്ഷണങ്ങളെക്കുറിച്ച്​ ഇല്ലാത്ത അവകാശവാദം നടത്തി​ ലൈസൻസ്​ നേടുകയും നക്ഷത്രങ്ങളുടെ തിളക്കത്തിൽ ഭക്ഷ്യമാർക്കറ്റിൽ ശോഭിച്ചു നിൽക്കുകയും ചെയ്യും.

അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ ദോഷകരമായത് ഒഴിവാക്കാനുള്ള അപായ ലേബലുകളിൽ പോസിറ്റീവ് ഘടകങ്ങൾ ഒരിക്കലും ചേർക്കരുതെന്ന ലോകത്താകെ സ്വീകരിക്കപ്പെട്ട പാഠം ഇവിടെ കാറ്റിൽ പറത്തുകയാണ്. ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഭക്ഷ്യ നിർമാണ കമ്പിനികളുമായി ആദ്യ വട്ട ചർച്ച നടത്തി. അതനുസരിച്ച് ഐ.ഐ.എം അഹമ്മദാബാദുമായി ചേർന്ന് നടത്തിയ, "വാലിഡിറ്റി' ഉറപ്പിക്കാത്ത ഒരു പഠനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യയിലാകെ ഇത് നടപ്പിലാക്കുന്നത്. ഇത്​ ഇന്ത്യയിലേയും വിദേശങ്ങളിലേയും ഗവേഷകർ തള്ളിക്കളഞ്ഞതാണെന്ന് സ്വദേശി ജാഗരൺ മഞ്ച് പോലും ആരോപിക്കുന്നു.

ദോഷകരമായ ഭക്ഷണ /പാനീയ പാക്കറ്റുകൾ ഒഴിവാക്കാൻ നിരക്ഷരരും കുട്ടികളുമുൾപ്പെടെയുള്ള സമൂഹത്തെ സഹായിക്കുന്നത് കൊഴുപ്പ്, പഞ്ചസാര, ഉപ്പ് ഇവയുടെ അളവ് സൂചിപ്പിക്കുന്ന ചിത്രങ്ങളോടുകൂടിയ അപായ സൂചനകളും ഒപ്പം ചുമപ്പ്, മഞ്ഞ, പച്ച ട്രാഫിക്ക് ലൈറ്റ് ചിഹ്നങ്ങളും ലേബലുകളുമാണ്. ഈ അടയാളപ്പെടുത്തലുകൾ പാക്കറ്റുകളുടെ പുറത്ത് വ്യക്തമായാൽ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം സാധ്യമാകൂ.

ഭക്ഷ്യ പാക്കറ്റുകളിൽ ഇത്തരം നിയമനടപടികൾ, ജനങ്ങൾക്കിടയിൽ പഠനം നടത്തി രാജ്യത്തൊട്ടാകെ ഏകീകൃതമായും നിർബ്ബന്ധമായും നടപ്പിലാക്കാനാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് വ്യാപാരികളുടെ ഇഷ്ടത്തിനൊത്ത് നടപ്പിലാക്കാനാണ് ഇപ്പോഴത്തെ ശുപാർശ. അതും നടപ്പിലാക്കാൻ ഒരു തിടുക്കവുമില്ലാതെ നാലു വർഷത്തെ ഇടവേളയും നൽകിയിട്ടുണ്ട്. ഗസറ്റിൽ നൽകിയ വിവരങ്ങൾ വായിച്ചെടുക്കുമ്പോൾ തന്നെ ഈ നിർദ്ദേശങ്ങൾ ആരോഗ്യലക്ഷ്യം മറന്ന് സ്വന്തം പോസ്റ്റിലേക്ക് മൈനസ് പാസ് നൽകി ഗോളാക്കി മാറ്റി എതിരാളിയെ ജയിപ്പിക്കുന്നതായി തോന്നി പോകുന്നു.

യഥാർത്ഥത്തിൽ ജനങ്ങളുടെ ആരോഗ്യത്തിന് മുൻതൂക്കം കൊടുക്കേണ്ട ഭക്ഷ്യസുരക്ഷാ അതോറിറ്റി ഭക്ഷ്യ നിർമാണ കമ്പനികളുടെ താൽപര്യങ്ങൾക്ക്​ വഴങ്ങിയിരിക്കുകയാണ്​. അതുവഴി, കമ്പനികളുടെ സാമ്പത്തികലാഭത്തെയാണ് പോഷിപ്പിക്കുന്നത്. സ്റ്റാർ റേറ്റിംഗ് നടപ്പിലാക്കിയ ഓസ്‌‌ട്രേലിയയും ന്യൂസിലാന്റും ഇത് തിരുത്താനുള്ള നടപടികൾ ആലോചിക്കുന്നതായും വാർത്തയുണ്ട്.

രാജ്യത്തെയാകെ ജനങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ ഒരു നിയമം ശരിയായ ദിശയിലല്ലാതെ നിർദ്ദേശിക്കപ്പെടുമ്പോൾ ശരിയുടെ ദിശയിലേക്ക് വിരൽ ചൂണ്ടാൻ ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനകളോ, ഭക്ഷ്യ വിദഗ്ധരോ, നിയമവിദഗ്ധരോ തയ്യാറാകുന്നില്ല എന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇത് തിരുത്താൻ രാഷ്ട്രീയ സമ്മർദ്ദങ്ങളും കൂടി വേണം. പകർച്ചേതരവ്യാധികളുടെ തലസ്ഥാനമായ, കൂടുതൽ സംസ്‌കൃത ഭക്ഷണം ഉപയോഗിക്കുന്ന കേരളത്തിലും ദൂരവ്യാപകഫലമുണ്ടാക്കാൻ സാധ്യതയുള്ള ഈ നിയമത്തെ പറ്റി ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

Comments