മുന്നണി​ പോരാളികൾ, വാക്​സിൻ, ജനിതകം; ബി. ഇക്ബാലിന്റെ കോവിഡ് അപ്‌ഡേറ്റ്

കോവിഡ് ലോകത്തെ ഏറ്റവും പുതിയ വിവരങ്ങളെക്കുറിച്ച് ഡോ: ബി.ഇക്ബാൽ ട്രൂ കോപ്പി തിങ്ക് എക്‌സിക്യുട്ടീവ് എഡിറ്റർ കെ. കണ്ണനുമായി സംസാരിക്കുന്നു. കോവിഡ് വിജയകരമായി നിയന്ത്രിക്കാർ കേരളത്തിന് സാധിക്കുന്നത്, ഏറ്റവും വലിയ സാമൂഹിക മൂലധനമായ ഫീൽഡ് വർക്കേഴ്‌സിന്റെ പ്രവർത്തനം കൊണ്ടാണെന്ന് ബി. ഇക്ബാൽ പറയുന്നു. വാക്‌സിൻ ഗവേഷണ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുന്നു. സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ചും വൈറസിന്റെ ജനിതക മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനൊപ്പം കേരളത്തിലെ രോഗ നിയന്ത്രണത്തിലെ ചില പോരായ്മകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹോമിയോ മെഡിസിൻ സംബന്ധിച്ച നിലപാടുകളും ഗവേഷണ പഠനരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിലുള്ള അസ്വസ്ഥതയും പങ്കുവെയ്ക്കുന്നു.

കെ. കണ്ണൻ: കോവിഡ് വ്യാപനം അതിനിർണായക ഘട്ടത്തിലാണെന്നുപറയാം. രോഗവ്യാപനത്തിന്റെ ശാസ്ത്രത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു കാര്യം ചോദിക്കട്ടെ. തുടക്കം മുതൽ കേരളത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെയും നയരൂപവത്കരണത്തിന്റെയും നേതൃസ്ഥാനത്തുള്ളയാളാണ് താങ്കൾ. എട്ടുമാസമായി കേരളം കോവിഡുമായി പൊരുതുന്നു. ഏത് ആരോഗ്യപ്രവർത്തകനെ സംബന്ധിച്ചും തികച്ചും അപരിചിതവും അതുവരെ സ്വായത്തമാക്കിയ അനുഭവജ്ഞാനങ്ങൾക്ക് വെല്ലുവിളിയുയർത്തുന്നതുമായ പരീക്ഷണമാണ് കോവിഡ് എന്നുതന്നെ പറയാം. ജനകീയാരോഗ്യപ്രവർത്തകൻ എന്ന നിലയ്ക്കും ഡോക്ടർ എന്ന നിലക്കും താങ്കൾ ആർജിച്ച പുതിയ അനുഭവങ്ങളും അറിവുകളും എന്തൊക്കെയാണ് എന്നറിയാൻ താൽപര്യമുണ്ട്.

ഡോ. ബി. ഇക്ബാൽ: വികസിത രാജ്യങ്ങൾക്ക് ഏതാണ്ട് തുല്യമായ ആരോഗ്യ നിലവാരമുള്ള സംസ്ഥാനമാണ് കേരളമെന്നതിൽ സംശയമില്ല. എന്നാൽ വികസിതരാജ്യങ്ങളിൽ നിന്ന് കേരളത്തെ പോലെ ആരോഗ്യ സൂചികകകളിൽ മുന്നിട്ടുനിൽക്കുന്ന ശ്രീലങ്ക, കോസ്റ്ററിക്ക, ക്യൂബ, തുടങ്ങിയ വികസ്വരരാജ്യങ്ങളിലും ഉച്ചാടനം ചെയ്തുകഴിഞ്ഞ പല പകർച്ചവ്യാധികളും ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നതിൽ എനിക്ക് നിരാശയും ആശങ്കയുമുണ്ട്. പൊതുവേ പറഞ്ഞാൽ, സാമൂഹ്യശുചിത്വത്തിൽ കേരളസമൂഹം പിന്നാക്കം പോയതിന്റെ ഫലമായാണ് പകർച്ചവ്യാധികൾ വർധിച്ച് വരുന്നതെന്ന നിഗമനത്തിലും എത്തിയിരുന്നു. പരിസരശുചിത്വം, കൊതുകുനിവാരണം, പൊതുജനാരോഗ്യവിദ്യാഭ്യാസം, ഉചിതമായ ചികിത്സ തുടങ്ങിയ നടപടികളിലൂടെ കേരളത്തിൽ നിന്ന് ഡങ്കിപ്പനി, ചിക്കുൻ ഗുനിയ, എച്ച് 1 എൻ 1, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ നിർമാർജ്ജനം ചെയ്യുന്നതിനുള്ള ഇടപെടൽ ആരോഗ്യ പ്രവർത്തകൻ, ആസൂത്രണബോർഡംഗം എന്നീ നിലകളിൽ നടത്തിവന്നിരുന്നു.
എന്നാൽ കോവിഡിന്റെ വരവോടെയാണ് ലോകമെമ്പാടും വ്യാപിച്ച ഒരു മഹാമാരിയെ നേരിട്ട് അഭിമുഖീകരിക്കേണ്ടിവന്നത്. മഹാമാരികളെക്കുറിച്ച് പൊതുവിൽ അറിവും പരിമിതമാണെന്ന് മനസ്സിലായി. കോവിഡ് കാലത്ത് മഹാമാരി ശാസ്ത്രസാഹിത്യം (Pandemic Scientific Literature) ധാരാളം വായിച്ച് മഹാമാരികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. അതുമായി ബന്ധപ്പെട്ട വൈറോളജി, ജനിതകശാസ്ത്രം, രോഗവ്യാപനശാസ്ത്രം തുടങ്ങിയ വിഷയങ്ങളും കൂടുതൽ പഠിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ട് അതിനായി ശ്രമിച്ചുവരികയാണ് കോവിഡ് വിദഗ്ധസമിതിയിലെ യുവാക്കളായ സഹപ്രവർത്തകരിൽ നിന്നും ദിവസവും ഞാൻ ധാരാളം പുതിയ അറിവ് സ്വാംശീകരിക്കുന്നുണ്ട്.

മഹാമാരികൾ ഇനിയും സംഭാവിക്കാമെന്നും അതിന് മുൻകൂട്ടി തയ്യാറെടുപ്പ് നടത്തേണ്ടതാണെന്നും ബോധ്യമായിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിൽ നിന്ന് ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചിട്ടയായ പ്രതിരോധ നിയന്ത്രണ നടപടികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിനോ രാജ്യത്തിലെ പ്രദേശങ്ങൾക്കോ മാത്രമായി മഹാമാരികളെ നേരിടാനാവില്ല. പ്രത്യയശാസ്ത്രഭിന്നതകൾക്കതീതമായ സാർവദേശീയ സമീപനം സ്വീകരിക്കേണ്ടിവരും.

കോവിഡും ഇതിന് മുമ്പ് പ്രത്യക്ഷപ്പെട്ട മറ്റ് മഹാമാരികളും പഠിപ്പിക്കുന്നത്, ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ഭരണാധികാരികൾ അവഗണിച്ചതാണ്, ഒഴിവാക്കാമായിരുന്ന പല ദുരന്തങ്ങൾക്കും കാരണമായതെന്നാണ്. മിക്ക രാജ്യങ്ങളിലും ഭരണാധികാരികളും ശാസ്ത്രലോകവും തമ്മിലുള്ള വിടവ് വ്യക്തമായി കാണാൻ കഴിയും. ചൈനയിലും പാശ്ചാത്യനാടുകളിലും ഒരുപോലെ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു. അതിന് കനത്ത വില നൽകേണ്ടതായും വന്നു. വിവിധ രാജ്യങ്ങളിലെ ശാസ്ത്രലോകത്തെയും ഭരണാധികാരികളെയും രണ്ടായി കാണാൻ കഴിയണം. ലോകരാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ വർധിച്ച് വരുന്ന ഐക്യം കോവിഡ് കാലത്തെ സന്തോഷകരമായ സംഭവവികാസങ്ങളിലൊന്നാണ്.

മഹാമാരികളിൽ മിക്കവയും മൃഗജന്യരോഗങ്ങളാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിച്ച് കൊണ്ടുള്ള ഏകലോകം ഏകാരോഗ്യം (One Health One World) എന്ന ആശയത്തിലേക്ക് ലോകരാഷ്ട്രങ്ങൾ നീങ്ങേണ്ടതുണ്ട്. രോഗപ്രതിരോധത്തിന് ഊന്നൽ നൽകി പൊതുജനാരോഗ്യ രോഗവ്യാപന ശാസ്ത്രശാഖകൾക്കും സാമൂഹ്യാരോഗ്യത്തിനും (Public Health, Epidemiology, Social Medicine) കൂടുതൽ പ്രാധാന്യവും പ്രോത്സാഹനവും നൽകേണ്ടതാണ്.
മഹാമാരികൾ കേവലം ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ലെന്ന് മനസ്സിലാക്കി അതുളവാക്കുന്ന സാമൂഹ്യ- സാമ്പത്തിക- സാംസ്‌കാരിക പ്രത്യാഘാതം കൂടുതലായി പഠിക്കേണ്ടതുണ്ട്. മഹാമാരികൾ എല്ലാ ജനവിഭാഗങ്ങളേയും ഒരേപോലെയല്ല ബാധിക്കുക. സാമൂഹ്യ-സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെയും പ്രാന്തവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെയും ജീവിതം മഹാമാരികൾ കൂടുതൽ ദുരിതപൂർണമാക്കും. നിലവിലുള്ള സാമൂഹികാസമത്വം വർധിപ്പിക്കും. കേവല ശാസ്ത്രവിജ്ഞാനം മാത്രമല്ല, ആരോഗ്യത്തിന്റെ അർത്ഥശാസ്ത്രം (Political Economy of Health) കൂടി കൂടുതൽ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്.

ചോദ്യം: കോവിഡിനെപ്പോലുള്ള ഒരു മഹാമാരി, ഏതിടത്തും ജനകീയാരോഗ്യമേഖലയെ സംബന്ധിച്ച് പുതിയ പാഠങ്ങൾ നൽകുന്നതാണ്. കോവിഡ് പ്രതിരോധത്തിൽ, കഴിഞ്ഞ എട്ടുമാസത്തെ അനുഭവത്തിൽ കേരളത്തിന്റെ അനുഭവത്തിൽനിന്ന് എടുത്തുപറയേണ്ട "യഥാർഥ ടീം' ആരാണ്?

കേരളത്തിലെ കോവിഡ് നിയന്ത്രണ വിജയത്തിന്റെ കാരണം നമ്മുടെ കരുത്തുള്ള (Robust) പൊതുജനാരോഗ്യ മേഖലയും ഊർജ്ജസ്വലമായ (Virbant) തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതാണ്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ അക്ഷരാർത്ഥത്തിൽ ജീവൻ അപകടത്തിലാക്കി അഹോരാത്രം പണിയെടുക്കുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേർന്ന് അണിനിരത്തിയ അടിസ്ഥാന സേവകരുമാണ് (Field Workers) യഥാർത്ഥ കോവിഡ് വിജയശിൽപികൾ എന്ന് പറയാം.

കോവിഡ് പ്രതിരോധ സേവനങ്ങൾക്കായി പാലിയേറ്റീവ് കെയർ പ്രവർത്തകർ, ആശ വർക്കർമാർ, ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ, കുടുംബശ്രീ, അംഗൻവാടി, സന്നദ്ധ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരടങ്ങിയ ടീം വാർഡടിസ്ഥാനത്തിൽ പ്രവർത്തിച്ച് വരുന്നുണ്ട്. ഇവരോടൊപ്പം ജനമൈത്രി പൊലീസും സേവന പ്രവർത്തനം നടത്തുന്നുണ്ട്. കോവിഡ് നിയന്ത്രണത്തിനുള്ള ഏറ്റവും വലിയ സാമൂഹ്യമൂലധനം ലഭ്യമാക്കിയിട്ടുള്ളത് ഇവരാണ്. സമ്പർക്ക വിലക്കേർപ്പെടുത്തിയവരെ നിരന്തരം നിരീക്ഷിച്ച് ആരും പുറത്തുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തുക, അവരിൽ ആർക്കെങ്കിലും രോഗലക്ഷണമുണ്ടായാൽ ആരോഗ്യ വകുപ്പിനെ അറിയിക്കുക, അവർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക, രോഗികളിൽ നിന്ന് രോഗം പകർന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്തുക (Contact Tracing) തുടങ്ങി നിരവധി അടിസ്ഥാനതല പ്രവർത്തനങ്ങൾ നടത്തിവരുന്നത് ഇവരാണ്. സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്കുപുറമേ 26,475 ആശ വർക്കർമാർ, 2,70,287 കുടുംബശ്രീ പ്രവർത്തകർ, 14,200 പാലിയേറ്റീവ് കെയർ പ്രവർത്തകർ, 33,119 അംഗൻവാടി പ്രവർത്തകർ എന്നിവർ ഇങ്ങനെ പ്രവർത്തിച്ചുവരുന്നു. ഇവരെല്ലാമാണ് കോവിഡ് നിയന്ത്രണം വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മുന്നണിപോരാളികൾ.

ചോദ്യം: കോവിഡ് പ്രതിരോധത്തിന് കേരളത്തിൽ സ്വീകരിച്ച നയപരിപാടികളിലോ നടപടികളിലോ തിരുത്തേണ്ടതോ പിഴവുപറ്റിയതോ ആയ എന്തെങ്കിലുമുണ്ടായിട്ടുണ്ടോ?

കോവിഡിനെ നേരിടുന്നതിൽ കേരളം പൊതുവിൽ ഉചിതവും ശാസ്ത്രീവുമായ നടപടികളാണ് ജനപങ്കാളിത്തത്തോടെ സ്വീകരിച്ചുപോരുന്നത്. രോഗവ്യാപന നിരക്കും മരണനിരക്കും കുറച്ചുകൊണ്ട് വരാൻ നമുക്ക് തീർച്ചയായും കഴിഞ്ഞിട്ടുണ്ട്. പോരായ്മ എന്ന നിലയിൽ ചില കാര്യങ്ങൾ സൂചിപ്പിക്കാവുന്നതാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ, കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ന്റെ ജനിതക ശ്രേണീകരണ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാരിൽനിന്നാണ് ബഹുഭൂരിപക്ഷം വൈറസ് വ്യാപനം കേരളത്തിൽ ഉണ്ടായതെന്ന് പഠനം സൂചിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ സ്‌കീനിംഗ് വേണ്ടത്ര ഫലപ്രദമായിട്ടില്ലെന്ന് കാണാം. ഇതിൽ അത്ഭുതപ്പെടാനുമില്ല. റോഡുവഴി വരുന്ന പലരും അംഗീകൃത വഴികൾ ഉപേക്ഷിച്ച് മറ്റ് സമാന്തര ഊടുവഴികളിലൂടെ കേരളത്തിലെത്തുന്നത് വഴിയാണ് ഇത് സംഭവിച്ചതെന്ന് കരുതാം. ഇത്തരം പഴുതുകൾ മുൻകൂട്ടി കണ്ട് അടക്കാൻ കഴിഞ്ഞില്ലെന്നത് ഒരു പോരായ്മയായി ചൂണ്ടികാട്ടാം. ഇതുപക്ഷേ അത്ര എളുപ്പം നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്നും അംഗീകരിക്കേണ്ടതുണ്ട്.

Photo: അജയ് മധു., മംഗളം
Photo: അജയ് മധു., മംഗളം

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി നടക്കേണ്ട പല പഠനങ്ങളും വേണ്ടത്ര മുന്നോട്ട് പോയിട്ടില്ലെന്നത് ഒരു കുറവായി വിലയിരുത്താവുന്നതാണ്. രോഗ്യവ്യാപനം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ സഹായിക്കുന്ന സീറോ പ്രിവലൻസ് പഠനം (sero prevalence study) ഇതുവരെ നടത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. രണ്ട് തവണ ശ്രമിച്ചെങ്കിലും ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാരം മോശമായതുകൊണ്ട് പഠനം ഉപേക്ഷിക്കേണ്ടിവന്നുവെങ്കിലും ഇതൊരു കുറവായി അവശേഷിക്കുന്നു. പ്രത്യേകിച്ച് ഡൽഹി, ധാരാവി, പൂന തുടങ്ങി പല സ്ഥലങ്ങളിലും പഠനം നടന്ന സാഹചര്യത്തിൽ. കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി, സ്വഭാവം, ദിശ, സാമൂഹ്യ പ്രതിരോധം (Herd Immunity) എന്നിവ മനസ്സിലാക്കാൻ സീറോ പ്രിവലൻസ് പഠനം ആവശ്യമാണ്. ഇപ്പോൾ ലഭ്യമാക്കിയ മികച്ച ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് പഠനം നടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൽ ഇതിനകം കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് (രോഗം ബാധിച്ചവരുടെ വിവരങ്ങൾ, അനുബന്ധരോഗങ്ങൾ, ചികിത്സമുക്തി നേടിയവരുടെ വിവരങ്ങൾ, രോഗികളുടെ ചികിത്സാ പ്രതികരണങ്ങൾ) ധാരാളം ക്ലിനിക്കൽ വിവരങ്ങൾ ലഭ്യമാണ്. എന്നാൽ ഇവയുടെ അടിസ്ഥാനത്തിൽ ശാസ്തീയ പഠനങ്ങളൊന്നും നടത്താൻ നമുക്ക് കഴിയാത്തത് വലിയ പോരായ്മയായി അവശേഷിക്കുന്നു. ഗൗരവമുള്ള അക്കാദമിക്ക് പേപ്പറുകളൊന്നും ജനിതക ശ്രേണീകരണ പഠനമൊഴിച്ചാൽ കേരളത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടന, ക്യൂബ തുടങ്ങിയവർ നടത്തുന്ന ഔഷധ പരീക്ഷണങ്ങളിലും നമുക്ക് പങ്കുചേരാൻ കഴിഞ്ഞിട്ടില്ല.

രോഗനിയന്ത്രണത്തിലും മരണനിരക്ക് പിടിച്ചുനിർത്തിയതിലും വിജയിച്ചിട്ടുണ്ടെങ്കിലും കോവിഡ് നിർവഹണാനുഭത്തെ കോവിഡ് വിജ്ഞാന ഉൽപാദന തലത്തിലേക്ക് ഉയർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കേണ്ടിയിരിക്കുന്നു. എങ്കിലും, കേരളത്തിലെ ചില സർവകലാശാലകളിൽ ഇപ്പോൾ നടന്നുവരുന്ന കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളുടെ ഫലമായിട്ടുള്ള അക്കാദമിക്ക് സംഭാവനകൾ കേരളത്തിന്റേതായി വൈകാതെ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം. അതേയവസരത്തിൽ, കേരളത്തിലുള്ള രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്ക്നോളജി (RGCB), ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി (SCTIMST) തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ കോവിഡുമായി ബന്ധപ്പെട്ട നിരവധി സാങ്കേതികവിദ്യകൾ ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നത് സന്തോഷകരമാണ്. മലയാളികളായ ശാസ്ത്രജ്ഞരാണ് ഈ സ്ഥാപനങ്ങളിൽ മൗലിക സംഭാവന നൽകുന്നവരിലേറയും എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചോദ്യം: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുകയാണ്, ദൈനംദിന രോഗികളുടെ എണ്ണം ഒരുലക്ഷത്തിലേക്കും. 18 സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകളുടെ എണ്ണം കൂടുന്നു. ഇന്ത്യയിൽ ആക്റ്റീവ് കേസുകളുടെ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്- മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്. ഇതിന് പ്രത്യേക കാരണമുണ്ടോ? ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ, രോഗികളുടെ എണ്ണത്തിൽ യു.എസിനെ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സ്ഥിതിവിശേഷത്തിനെ എങ്ങനെ വിശദീകരിക്കാം?

രാജ്യത്തെ കോവിഡ് വ്യാപനത്തെ പറ്റി വസ്തുനിഷ്ഠ പഠനങ്ങൾ നിർഭാഗ്യവശാൽ കാര്യമായിട്ട് നടക്കുന്നില്ല. ന്യായമായ കാരണങ്ങൾ കൊണ്ടാവാമെങ്കിലും കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുന്ന ലേഖനങ്ങൾ മാത്രമാണ് പൊതുവിൽ പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നത്. രാജ്യത്തെ മൊത്തം കണക്കിലെടുക്കുമ്പോൾ ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യയും ദുർബലമായ പൊതുജനാരോഗ്യസംവിധാനവും വൈവിധ്യമുള്ള സാമൂഹ്യവിഭാഗങ്ങളും ഇപ്പോൾ തന്നെ നിരവധി ദരിദ്ര ആരോഗ്യപ്രശ്നങ്ങളുമായി കഷ്ടപ്പെടുന്ന ജനസമൂഹങ്ങളുള്ള രാജ്യത്ത് പ്രതീക്ഷിക്കാവുന്നത്ര രോഗതീക്ഷ്ണത ഉണ്ടായിട്ടില്ല. പല സംസ്ഥാനങ്ങളും മരണനിരക്ക് കുറച്ച് കാണിക്കുന്നുണ്ടെന്ന പരാതിയുണ്ടെങ്കിലും മരണനിരക്കും മറ്റ് രാജ്യങ്ങളെക്കാൾ കുറവാണ്.

പൊതുവിൽ രാജ്യം മൊത്തമെടുക്കുമ്പോൾ, വികസിതരാജ്യങ്ങളെക്കാൾ താരതമ്യേന പ്രായം കുറഞ്ഞവർ കൂടുതലായിട്ടുള്ളത് കൊണ്ടാവാം മരണനിരക്ക് കുറഞ്ഞിരിക്കുന്നതെന്ന് കരുതപ്പെടുന്നുണ്ട്. ഇന്ത്യൻ ജനതയുടെ ജനിതകഘടനയുടെ പ്രത്യേകത, ഇന്ത്യൻ സാർസ് കൊറോണ വൈറസ് 2 ജനിതകമാറ്റ സവിശേഷതകൾ, കാലാവസ്ഥ പ്രത്യേകതകൾ, ബി.സി. ജി വാക്സിനേഷൻ നൽകുമെന്ന് കരുതപ്പെടുന്ന സംരക്ഷണം തുടങ്ങിയ പലഘടകങ്ങ്ൾ ഇന്ത്യൻസ്ഥിതി പ്രതീക്ഷിച്ച അളവിൽ മോശമാകാതിരുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എന്നാൽ ഇതൊന്നും ശാസ്തീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ വ്യാപന- മരണ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നത് പ്രത്യേകമായി സൂക്ഷ്മമായി പഠനവിഷയമാക്കേണ്ടതുണ്ട്.

പ്രധാനമായും നഗരങ്ങളെ കേന്ദ്രീകരിച്ചാരംഭിച്ച കോവിഡ് ഇപ്പോൾ ഗ്രാമങ്ങളിലേക്കെത്തിയിട്ടുണ്ടെന്ന് കരുതാവുന്നതാണ്. നാലഞ്ചു സംസ്ഥാനങ്ങളിലാണ് ഇപ്പോൾ രോഗവ്യാപനം ശക്തമായിട്ടുള്ളതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വരുംദിനങ്ങളിൽ രൂക്ഷമായിക്കൂടെന്നില്ല. അതിനിടെ, ഐ.സി.എം.ആർ നടത്തിയ സീറോ പ്രിവലൻസ് പഠനത്തിൽ നിന്ന് രാജ്യത്തെ ശരിയായ സ്ഥിതി അറിയാമെന്നാണ് കരുതിയിരുന്നത്. എന്നാൽ പഠനത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കാൻ ശ്രമം നടക്കുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളം പോലെ കോവിഡ് നിയന്ത്രണത്തിൽ നിരവധി ചെറുസംസ്ഥാനങ്ങൾക്ക് പുറമേ അസം, ഒഡീഷ, ജാർഖണ്ഡ്, ത്രിപുര, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുവരെ വിജയിച്ചിട്ടുണ്ട്. കേരളത്തിന് അർഹിക്കുന്നതാണെങ്കിലും ലഭിക്കുന്ന പ്രശംസ, പക്ഷേ ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കാറില്ല. ധാരാവിയിലെ ചേരിപ്രദേശവും ഡൽഹിയും മറ്റും കൈവരിച്ച കോവിഡ് നിയന്ത്രണ നേട്ടങ്ങൾ പക്ഷേ ഇപ്പോൾ വ്യാപകമായി അംഗീകാരം കൈവരിച്ചിട്ടുണ്ട്.

എല്ലാം ചേർത്ത് വച്ച് പറയുമ്പോൾ രാജ്യത്തെ മൊത്തം കണ്ടുകൊണ്ടും രാഷ്ടീയ ഭിന്നാഭിപ്രായങ്ങൾ ഒഴിവാക്കിയും ഇന്ത്യയിലെ കോവിഡ് അനുഭവങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താൻ പൊതുജനാരോഗ്യ വിദഗ്ധർ തയ്യാറാവാൻ മടിച്ചുനിൽക്കുന്നതിൽ ഞാൻ അസ്വസ്ഥനാണ്.

ചോദ്യം: കോവിഡിന്റെ കാര്യത്തിൽ വീണ്ടും കേരളം- ഗുജറാത്ത് താരതമ്യം വരുന്നുണ്ട്. രോഗികളുടെ ദൈനംദിന എണ്ണം കേരളത്തിൽ 4500 കവിഞ്ഞു എങ്കിൽ, ഗുജറാത്തിൽ 1000- 1500 ആണ്. രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം, സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

ഇന്ത്യൻ സംസ്ഥാനങ്ങളെ മാത്രമല്ല രാജ്യങ്ങളെയും കോവിഡ് നിയന്ത്രണ കാര്യത്തിൽ താരതമ്യം ചെയ്യുന്നതിനോട് യോജിക്കാൻ ബുദ്ധിമുട്ടാണ്. കാരണം, ഓരോ രാജ്യവും സംസ്ഥാനങ്ങളും അവരുടേതായ വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിച്ചുകൊണ്ടാണ് കോവിഡ് വ്യാപനത്തെ നേരിടുന്നത്. അവയൊന്നും എന്താണെന്ന് മനസ്സിലാക്കാൻ പോലും തയ്യാറാവാതെയും കണക്കിലെടുക്കാതെയും ചില കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള വിലയിരുത്തലുകൾക്ക് യാതൊരു പ്രസക്തിയുമില്ല. നമ്മുടെ മികവിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാൻ അവകാശമുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും പുച്ഛിക്കുന്നതും ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നതും രാഷ്ട്രീയകാരണങ്ങളുടെ അടിസ്ഥാനങ്ങൾ മറ്റുള്ളവർ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നതും മഹാമാരികാലത്ത് പാലിക്കേണ്ട വൈദ്യശാസ്ത്ര ധാർമികതക്ക് ചേർന്ന സമീപനമല്ല. വിവേചനസമീപനങ്ങളും (Discrimination) ദുഷ് ആരോപണങ്ങളും (Stigmatize) ഈ ഘട്ടത്തിൽ ഒഴിവാക്കണം. ലോകം മുഴുവൻ കോവിഡിൽ നിന്ന് മുക്തി നേടണമെന്നാണ് ആഗ്രഹിക്കേണ്ടത്. കോവിഡ് കാലം കഴിഞ്ഞ് നമുക്ക് വിലയിരുത്തലുകളും കണക്കെടുപ്പും നടത്താം.

ചോദ്യം: കേരളത്തിൽ രോഗികളുടെ ദൈനംദിന വർധന 4500 കവിഞ്ഞിരിക്കുകയാണ്. വ്യക്തിഗത മുൻകരുതലുകൾ കൂടാതെ, ഇവിടെ സ്വീകരിക്കേണ്ട അടിയന്തര നടപടി എന്താണ്?

രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ രോഗികളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്, സാർവത്രിക മുൻകരുതലുകൾ (ബ്രേക്ക് ദി ചെയിൻ, കൂട്ടംചേരൽ ഒഴിവക്കൽ, സമ്പർക്ക വിലക്ക്: ക്വാറന്റൈൻ, സംരക്ഷണ സമ്പർക്ക വിലക്ക്: റിവേഴ്സ് ക്വാറന്റൈൻ) പഴുതകളടച്ച് നടപ്പിലാക്കുകയാണ് രോഗവ്യാപനവും മരണവും തടയാൻ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ.

ചോദ്യം: തിരുവനന്തപുരത്താണ് രോഗവ്യാപനം രൂക്ഷം. ഇത് എന്തുകൊണ്ടാണ്? അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം തെരുവുകളിലുണ്ടായ സമരങ്ങൾ കോവിഡ് വ്യാപനത്തെ എങ്ങനെയാണ് ബാധിക്കുക?

കൊച്ചിയേക്കാൾ വേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശമായി തിരുവനന്തപുരം മാറിയിട്ടുണ്ട്. നിരവധി സർക്കാർ ഓഫീസുകൾക്ക് പുറമേ വലിയ കമ്പോളങ്ങൾ ധാരാളമുള്ള നഗരമായത് കൊണ്ട് ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും സാർവത്രിക മുൻകരുതൽ കർശനമായി നടപ്പിലാക്കാനും ശ്രമിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയില്ലാതെ പോകുന്നതിന്റെ ഫലമായിട്ടാണ് തിരുവനന്തപുരത്ത് രോഗവ്യാപനം വർധിക്കുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചുകൊണ്ടുള്ള സമരങ്ങൾ കോവിഡ് വ്യാപനത്തിന് വലിയൊരളവിൽ കാരണമാവുന്നത് മനസ്സിലാക്കി ഇത്തരം സമരരീതികൾ ഒഴിവാക്കി കോവിഡ് കാലത്തിനനുഗുണമായ നവസമരരീതികൾ ആവിഷ്‌കരിക്കാൻ രാഷ്ടീയപാർട്ടികൾ വിവേകം കാട്ടേണ്ടതാണ്.

ഫോട്ടോ: സുബിൻ ഡെന്നിസ്
ഫോട്ടോ: സുബിൻ ഡെന്നിസ്

ചോദ്യം: കേരളീയ സമൂഹം ആദ്യം സ്വീകരിച്ച ജാഗ്രതയിൽ നിന്ന് ഇപ്പോൾ ഏറെ പുറകോട്ടുവലിഞ്ഞതായി തോന്നുന്നുണ്ടോ? സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ സമർപ്പണത്തിന് അതേ തോതിലുള്ള പ്രതികരണം പൊതുസമൂഹത്തിൽനിന്ന് ലഭിക്കുന്നുണ്ടോ?

2018 ലെ നിപ്പാ, പ്രളയകാല പ്രതിസന്ധികൾ നമുക്ക് ഒരുമാസക്കാലം മാത്രമാണ് നേരിടേണ്ടിവന്നത്. എന്നാലിപ്പോൾ കോവിഡ് വന്നിട്ട് എട്ടുമാസത്തോളമാകുന്നു. കോവിഡ് കാര്യത്തിൽ ഏറ്റവും കുറഞ്ഞത് നാലഞ്ച് മാസക്കാലം കൂടി ജാഗ്രത പാലിക്കേണ്ടിവരും. ഇത്ര ദീർഘനാൾ ചിട്ടകൾ പാലിക്കുമ്പോൾ സ്വാഭാവികമായും ജനങ്ങളും അക്ഷീണം പ്രവർത്തിച്ചുവരുന്ന ആരോഗ്യപ്രവർത്തകരും തളർച്ചക്കും (Fatigue) എരിഞ്ഞുതീരലിനും (Burn out) വിധേയരാവുക സ്വാഭാവികമാണ്. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ തുടങ്ങിയവരുടെ മനോവീര്യം (Morale) നിലനിർത്തുന്നതിനുള്ള ഉചിതമായ നടപടി സ്വീകരിക്കേണ്ടതാണ്. ജനങ്ങളുടെ മനഃസ്ഥൈര്യം വർധിപ്പിക്കുന്നതിന് ബഹുജന സംഘടനകളും രാഷ്ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളും മറ്റും നിരന്തരം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. അതേയവസരം, കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നതുമൂലം ജീവനോപാധികളും ഉപജീവനമാർഗവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ സർക്കാർ മാത്രമല്ല, കേരള സമൂഹം മൊത്തത്തിൽ തയ്യാറാവുകയും വേണം.

ചോദ്യം: മഴ കാര്യമായ ഭീഷണിയില്ലാതെ കടന്നുപോയി. വേനലിനേക്കാൾ മഞ്ഞുകാലത്ത് കോവിഡ് പകരുമെന്ന് ആശങ്കയുണ്ട്. സപ്തംബർ മുതൽ അതിതീവ്രമായ വ്യാപനമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. എന്താണ് പ്രത്യേകമായി സ്വീകരിക്കേണ്ട കാര്യങ്ങൾ? താപനിലയിലെ കുറവ് കോവിഡ് വ്യാപനത്തിന് ഗതിവേഗം കൂട്ടുമോ?

കാലവസ്ഥയും കോവിഡ് വ്യാപനവുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ ചില നിരീക്ഷണങ്ങൾ വിദഗ്ധർ നടത്തിയിട്ടുള്ളതല്ലാതെ കാര്യമായ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ല. ബ്രേക്ക് ദി ചെയിൻ പെരുമാറ്റരീതികൾ പിന്തുടരുന്നത് കൊണ്ടാവണം, മഴക്കാല പകർച്ചവ്യാധികൾ കാര്യമായി ഇത്തവണ വർധിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. ഈ ഘട്ടത്തിലും മാസ്‌ക് ധരിക്കലും ശരീരദൂരം പാലിക്കലും ആവർത്തിച്ചുള്ള കൈകകഴുകലും രോഗസാധ്യത കൂടുതലുള്ള ജനവിഭാഗങ്ങൾ (മുതിർന്ന പൗരർ, മറ്റ് രോഗമുള്ളവർ) സംരക്ഷണ സമ്പർക്കവിലക്ക് (റിവേഴ്സ് ക്വാറന്റയിൻ) കൂടുതൽ കർശനമായി പിന്തുടരുകയാണ് വേണ്ടത്.

ചോദ്യം: 2021 ജനുവരിയോടെ മരണസംഖ്യയും രോഗികളുടെ എണ്ണവും ആഗോളതലത്തിൽ ഏറ്റവും കൂടിയ നിരക്കിലായിരിക്കുമെന്ന് യു.കെയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പറയുന്നു. ഈ നിഗമനത്തിന് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?

രോഗവ്യാപനം, മരണനിരക്ക് തുടങ്ങിയ കാര്യങ്ങളിൽ പല ഏജൻസികളും അവരുടെതായ രീതീശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചനം നടത്തിവരുന്നുണ്ട്. ഇവയെല്ലാം കോവിഡ് നിയന്ത്രണ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ പരിഗണക്ക് എടുക്കേണ്ടതാണ്. എന്നാൽ മാറ്റവിധേയ സാധ്യതയുള്ള നിരവധി ഘടകങ്ങളുടെ (Variables) അടിസ്ഥാനത്തിലാണ് ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നതെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഓരോ രാജ്യത്തിനും പ്രദേശങ്ങൾക്കും അവിടങ്ങളിലെ പ്രത്യേകതകൾ കണക്കിലെടുത്തുള്ള പ്രവചന ഏജൻസികൾ ഉണ്ടായിരിക്കേണ്ടതാണ്. വിലയിരുത്തലുകൾ നിരന്തരം പുതുക്കികൊണ്ടിരിക്കുകയും വേണം. കേരളത്തിൽ ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധർ താരതമ്യേന യാഥാർത്ഥ്യബോധത്തോടെയുള്ള വിലയിരുത്തലുകൾ നടത്തിവരുന്നുണ്ട്.

ചോദ്യം: കേരളത്തിൽ ആരോഗ്യപ്രവർത്തകരിൽ രോഗം കൂടിവരുന്നത്, സ്വഭാവികമായ രോഗവ്യാപനത്തിന്റെ ഫലമായാണോ? അതോ, സമ്പർക്കം, മുൻകരുതൽ എന്നിവയുമായി ബന്ധപ്പെട്ട അശ്രദ്ധ മൂലമാണോ?

രോഗികളുമായും രോഗസാധ്യതയുള്ളവരുമായി നിരന്തരം ഇടപെടുന്നതുമൂലം ആരോഗ്യ പ്രവർത്തക്ക് രോഗസാധ്യത കൂടുതലാണ്. കോവിഡ് രോഗികളിൽ ഭൂരിപക്ഷത്തിനും രോഗലക്ഷണങ്ങളില്ലാത്തതുകൊണ്ട് കോവിഡേതര രോഗികളെ പരിചരിക്കുന്നവർക്കും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. ഇത് പരിഗണിച്ച് രോഗാണു സംക്രമണം തടയുന്നതിനുള്ള (Infection) കർശനമായ പെരുമാറ്റചട്ടങ്ങൾ പാലിക്കയും അതിന് സഹായകരമായ PPE, N95 Mask തുടങ്ങിയവ ലഭ്യമാക്കുകയും വേണം. ആരോഗ്യ പ്രവർത്തകരിൽ പലർക്കും കോവിഡ് ബാധിച്ചത് ആശുപത്രി ജോലിക്കിടയിലുള്ള വിശ്രമസമയത്തോ അതിനുശേഷമോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാട്ടിയ അശ്രദ്ധയാലോ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള പെരുമാറ്റച്ചട്ടങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

ചോദ്യം: കോവിഡ് എങ്ങനെയാണ് മരണകാരണമാകുന്നത് എന്ന് സ്ഥിരീകരിക്കാൻ പതോളജിക്കൽ ഓട്ടോപ്സി ആവശ്യമാണ് എന്ന വാദമുയരുന്നുണ്ട്. കൂടാതെ, കോവിഡ് എന്ന് സംശയിക്കുന്ന എല്ലാ മരണങ്ങളെയും കോവിഡ് പട്ടികയിൽപെടുത്തുകയാണ് വേണ്ടതെന്നും അത് ഭാവി പഠനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നും അഭിപ്രായമുണ്ട്. മരണം പലപ്പോഴും തർക്കവിഷയമാകുമ്പോൾ ഏതാണ് അഭികാമ്യം?

കോവിഡ് മരണ റിപ്പോർട്ടിംഗ് ലോകമെമ്പാടും വിവാദ വിഷയമായി തുടരുന്നുണ്ട്. കോവിഡ് മരണങ്ങൾ എതൊക്കെയെന്ന് നിശ്ചയിക്കാൻ ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും ആവിഷ്‌കരിച്ച മാനദണ്ഡങ്ങളിലും ചില അവ്യക്തതകളുണ്ട്. കോവിഡ് മൂലമുള്ളതെന്ന് സംശയിക്കപ്പെടുന്നവരെയെല്ലാം കോവിഡ് മരണപട്ടികയിൽ പെടുത്തുകയും പിന്നീട് കോവിഡ് മരണ ഓഡിറ്റിംഗ് (Death Auditing) നടത്തി കൃത്യമായി കണക്കെടുക്കുകയും ചെയ്യാൻ ശ്രമം നടത്താവുന്നതാണ്. കേരളത്തിൽ ഇപ്പോൾ കോവിഡ് മരണ ഓഡിറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. മരണകാരണം തീർച്ചയില്ലാത്ത കേസുകളിൽ പത്തോളജിക്കൽ ഓട്ടോപ്സി നടത്തേണ്ടതാണ്. കോവിഡ് മനുഷ്യാവയവങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കാൻ ഓട്ടോപ്സി സഹായിക്കും. മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കും (The Dead Teach the Living) എന്ന വൈദ്യശാസ്ത്ര ആപ്തവാക്യം, കോവിഡ് പുതിയ രോഗമായതുകൊണ്ട് കൂടുതൽ പ്രസക്തമാണ്.

ചോദ്യം: കേരളത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള സാധ്യതയെക്കുറിച്ച് വിലയിരുത്തൽ നടന്നിട്ടുണ്ടോ?

ഇക്കാര്യത്തിൽ രാജ്യമൊട്ടാകെയുള്ള തീരുമാനമാണുണ്ടാകേണ്ടത്. എങ്കിലും 2021 ജനുവരി വരെ എന്തായാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുനഃരാരംഭിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ചോദ്യം: സമീപഭാവിയിൽ, കുട്ടികളുടെ ആരോഗ്യരക്ഷക്ക് പ്രത്യേകമായി എന്തുനടപടിയാണ് സ്വീകരിക്കേണ്ടിവരിക?

നമ്മുടെ സ്‌കൂൾ ആരോഗ്യ പദ്ധതികൾ ഇടക്കാലത്ത് അവഗണിക്കപ്പെട്ട്, വേണ്ടത്ര കാര്യക്ഷമതയോടെയല്ല നടപ്പിലാക്കിവരുന്നത്. കേവലം യോഗ പ്രചരിപ്പിക്കുന്നതിൽ മാത്രമായി കായിക പരിശീലനം പോലും പരിമിതപ്പെട്ടിരിക്കയാണ്. അതാവട്ടെ കുട്ടികളെ കളിക്കളത്തിൽ നിന്ന് കൂടുതൽ അകറ്റി. ഇത്തരം സങ്കുചിത സമീപനങ്ങൾ പുനഃപരിശോധിക്കപ്പെടണം. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഉചിതമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ ഇനിയും വൈകരുത്. ആരോഗ്യ വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും വേണം.

ചോദ്യം: രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നമ്മുടെ ആശുപത്രികൾ അതിനനുസരിച്ച് സജ്ജമാണോ?

ഗുരുതര രോഗമുള്ളവരെ ചികിത്സിക്കുന്നതിനുള്ള വെന്റിലേറ്റർ സൗകര്യങ്ങളുള്ള കോവിഡ് ആശുപത്രികളും വലിയ പ്രശ്നങ്ങളില്ലാത്തവരെ പരിചരിക്കുന്നതിനുള്ള ഒന്നാംഘട്ട ചികിത്സാലയങ്ങളും (Covid First Line Treatment Centre) ആവശ്യാനുസരണം സംഘടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിൽ കോവിഡ് ആശുപത്രികളിലുള്ള 8893 കിടക്കകളിൽ 3737 പേരെയാണ് (42.24%) അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ഒന്നാംഘട്ട ചികിത്സാലയങ്ങളിൽ 29186 കിടക്കകളിൽ 15868 (54.36%) രോഗികളാണുള്ളത് (സെപ്തംബർ 21 വരെയുള്ള വിവരം). രോഗലക്ഷണമില്ലാത്തവരെ (Asymptomatic) വീടുകളിൽ നിരന്തര നിരീക്ഷണത്തിന് വിധേയരാക്കി പരിചരിക്കാനും തീരുമാനമായിട്ടുണ്ട്. കോവിഡ് ആശുപത്രികളിൽ ചികിത്സിക്കേണ്ടവരുടെ എണ്ണം അമിതമായി വർധിച്ചാൽ നേരിടുന്നതിനുള്ള മുൻകരുതലും സ്വീകരിച്ച് വരുന്നുണ്ട്.

ചോദ്യം: രോഗവ്യാപനം കൂടുന്നതിനൊപ്പം രോഗമുക്തിനിരക്കും കൂടുന്നത് ആശ്വാസകരമല്ലേ? ഇതിന് എന്താണ് കാരണം?

കോവിഡ് മുതിർന്ന പൗരരിലും മറ്റ് രോഗങ്ങളുള്ളവരിലും മാത്രമാണ് മരണകാരണമാവുന്നത്. 80 ശതമാനം പേരിലും കാര്യമായ രോഗലക്ഷണം പോലും ഉണ്ടാവണമെന്നില്ല. 15 ശതമാനം പേരിൽ ശ്വാസകോശ രോഗാണുബാധ പോലെ ചികിത്സാക്ഷമതയുള്ള പ്രശ്നങ്ങൾ മാത്രമാണുണ്ടാവുക. അവശേഷിക്കുന്ന അഞ്ച് ശതമാനത്തിന്റെ കാര്യത്തിൽ തന്നെ 1-2 ശതമാനം പേർ മാത്രമാണ് മരണ ഭീഷണി നേരിടുന്നത്. ഇപ്പോൾ കൂടുതലായി രോഗവിമുക്തി റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല പ്രതീക്ഷിച്ചത് തന്നെയാണ്.

ചോദ്യം: ആർസനിക്കം ആൽബം എന്ന ഹോമിയോ മരുന്ന് കോവിഡ് തടയുമെന്നും പ്രതിരോധശേഷി കൂട്ടുമെന്നും അവകാശവാദമുയർന്നിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം തന്നെ കോവിഡ് പ്രതിരോധത്തിന് ഈ മരുന്ന് നൽകാമെന്ന് നിർദേശിക്കുന്നുണ്ട്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ആധുനിക വൈദ്യശാസ്ത്രം നടത്തുന്ന പരീക്ഷണങ്ങൾ ഇന്ന് ലോകത്തിനുമുന്നിലുണ്ട്. എന്നാൽ, ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത ഇത്തരം അവകാശവാദങ്ങൾ ഔദ്യോഗികമായി തന്നെ ഏറ്റെടുക്കപ്പെടുന്നത് ജനങ്ങളെ വഞ്ചിക്കലല്ലേ?

ശാസ്ത്രീയമായ പരീക്ഷണ- നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടാത്ത പ്രതിരോധ ചികിത്സാരീതികൾ സ്വീകരിക്കാൻ, വലിയ പ്രതിസന്ധി നേരിടുന്ന കോവിഡ് കാലത്ത് ജനങ്ങളെ പ്രേരിപ്പിക്കുന്നതും ഇത്തരം മരുന്നുകൾ പ്രചരിപ്പിക്കുന്നതും ഉചിതമല്ല. സമാധാനകാലത്ത് യാതൊരു ഗവേഷണത്തിനും തയ്യാറാവാത്തവർ പകർച്ചവ്യാധികളും മറ്റും വ്യാപിക്കുന്ന സാഹചര്യങ്ങളിലെല്ലാം അമിതമായ അവകാശവാദങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ജനങ്ങളുടെ നിസ്സഹാവസ്ഥയെയും അജ്ഞതയേയും ചൂഷണം ചെയ്യാൻ നടക്കുന്ന ഇത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആധുനികം, ആയുഷ് എന്നിങ്ങനെ വൈദ്യശാഖകളെ രണ്ടായികണ്ട് ഒന്നിനുപകരം മറ്റൊന്ന് അല്ലെങ്കിൽ രണ്ടും എന്ന രീതി ഉപേക്ഷിച്ച് ശാസ്തീയാടിത്തറയുള്ള ചികിത്സ- പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.

ഫോട്ടോ: അജയ് മധു, മംഗളം
ഫോട്ടോ: അജയ് മധു, മംഗളം

ചോദ്യം: കേരളത്തിൽ കാണപ്പെടുന്ന വൈറസിന്റെ വംശാവലി നിർണയം നടത്താനുള്ള ആദ്യപഠനം നടന്നിരിക്കുകയാണല്ലോ. കേരളത്തിൽ, വടക്കൻ ജില്ലകളിൽനിന്നുള്ള സാമ്പിളുകളിൽ ഒഡീഷ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. വിദേശ വംശാവലിയിൽപ്പെട്ട രോഗാണുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു, ഇത് എന്താണ് സൂചിപ്പിക്കുന്നത്? കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ശേഖരിച്ച വൈറസ് സാമ്പിളുകളിൽ 99.4 ശതമാനത്തിൽ രണ്ടുതരം ജനിതക മാറ്റങ്ങൾ കണ്ടെത്തിയിരുന്നു. ഇത് അപകടകരമായ ജനിതക വ്യതിയാനമാണോ? ഈ ജനിതക മാറ്റമാണോ കേരളത്തിൽ രോഗവ്യാപനം വർധിക്കാനിടയാക്കിയത്? ഈ പഠനത്തിൽനിന്ന് സംസ്ഥാനത്ത് സ്വീകരിച്ച മുൻകരുതലുകൾ ശാസ്ത്രീയമാണ് എന്ന് വിലയിരുത്താൻ കഴിയുമോ? പ്രത്യേകിച്ച്, ഹോം ക്വാറന്റയിൻ തുടങ്ങിയ നടപടികൾക്കെതിരെ വിമർശനങ്ങളുണ്ടായിരുന്നുവല്ലോ

കോവിഡ് വ്യാപന പഠനത്തിന്റെ ഭാഗമായി രോഗത്തിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ന്റെ ജനിതക ശ്രേണീകരണം നടത്തേണ്ടതുണ്ട് (Gene Sequencing). സാർസ് കൊറോണ വൈറസ് 2 ന് മുപ്പതിനായിരത്തോളം ന്യൂക്ലിയോടൈഡുകൾ (Nucleotides) കോർത്തിണക്കിയ ഒരു ആർ.എൻ.എ (RNA) ജനിതക ശ്രേണിയാണുള്ളത്. കൊറോണ വൈറസ് കുടുംബത്തിൽ പെട്ട ഈ വൈറസിന്റെ ജനിതക ശ്രേണി ആദ്യമായി നിർണയിച്ചത് ചൈനയിലെ ഗവേഷകരാണ്. രോഗവ്യാപനത്തിനനുസരിച്ച് വൈറസിന്റെ ജനിതക ഘടനയിൽ വ്യതിയാനം സ്വംഭവിക്കാം. പൊതുവായ വ്യതിയാനം പങ്കിടുന്ന ജനിതക ശ്രേണികളെ ഒരു വംശാവലി വൃക്ഷം (Phylogenetic Tree) ആയി പ്രതിനിധീകരിക്കുവാൻ കഴിയും. ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ ജനിതക ശ്രേണീകരണത്തിലൂടെ മനസ്സിലാക്കുവാനും വൈറസ് എവിടെ നിന്നും എവിടേക്കൊക്കെയാണ് വ്യാപിച്ചതെന്ന് തന്മാത്ര സമ്പർക്കാന്വേഷണത്തിലൂടെ (Molecular Contact Tracing) കണ്ടുപിടിക്കുവാനും പറ്റും. അതോടൊപ്പം വിവിധ വംശാവലികളുടെ വ്യാപന വേഗത, രോഗതീവ്രത എന്നിവയും മനസ്സിലാക്കാനും ജനിതകശ്രേണീ പഠനത്തിലൂടെ കഴിയും. ലോകത്ത് വിവിധ രാജ്യങ്ങളിലുള്ള വൈറസ് വംശാവലികളും ജനിതവ്യതിയാനങ്ങളും കണക്കിലെടുത്ത് വേണം വാക്സിൻ ഉൽപാദനം നടത്താൻ. അങ്ങനെയൊരു വളരെ പ്രധാനപ്പെട്ട പ്രസക്തിയും ജനിതക പഠനത്തിനുണ്ട്.

ലോകത്ത് ഇതുവരെ പല രാജ്യങ്ങളിലായി 20,000 ത്തോളം ജനിതക ശ്രേണീകരണം നടന്നിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ ജെൻ ബാങ്ക് (Gen ank) എന്ന പൊതുവിവരസങ്കേതത്തിൽ (ഡേറ്റാ ബേസിൽ) ലഭ്യമാക്കുന്നുണ്ട്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സാർവദേശീയ ന്യൂക്ലീയോറ്റൈഡ് ശ്രേണീകരണ ഡേറ്റാബേസ് സഹകരണത്തിന്റെ (International Nucleotide Sequence Database Collaboration) ഭാഗമായി ഡി.എൻ.എ ഡേറ്റാബാങ്ക് ജപ്പാൻ (DNA DataBank of Japan (DDBJ), യൂറോപ്പിയൻ ന്യൂക്ലീയോറ്റൈഡ് ആർക്കൈവ് (European Nucleotide Archive (ENA), എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജെൻബാങ്ക് സംഘടിപ്പിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഡേറ്റാബേസിൽ (Global Initiative on Sharing All Influenza Data GISAID) 12,000 സാർസ് കൊറോണ വൈറസ് 2 ന്റെ ശ്രേണീകരണ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ഇതിനകം ലോകത്തെമ്പാടുമായി പത്തു പ്രധാന വംശാവലികൾ (CLADES) ആണ് കാണപ്പെട്ടുവരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതുവംശാവലികൾ പ്രാദേശികമായി ജനിതമാറ്റങ്ങൾക്ക് (Mutation) വിധേയമാക്കപ്പെടുകയും ഉപവിഭാഗങ്ങളുണ്ടാവുകയും (Haplogroups) ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തിൽ വൈറസിന്റെ വ്യാപന സാധ്യതയിലും (Infectivity) തീവ്രതയിലും (Virulence) മാറ്റം വരാം. രോഗികളിൽ നിന്ന് ലഭിക്കുന്ന രോഗലക്ഷണങ്ങളുടെയും ചികിത്സാ പ്രതികരണത്തിന്റെയും അടിസ്ഥാനത്തിൽ ജനിതക മാറ്റങ്ങളുടെ പ്രസക്തി പരിശോധിക്കപ്പെടും. ഇത്തരം പഠനങ്ങളെല്ലാം ചേർന്ന് ജനിതക രോഗവ്യാപന ശാസ്ത്രം (Genetic Epidemiology) വളർന്നുവന്നിട്ടുണ്ട്. ഇതുവരെ കിട്ടിയ വിവരങ്ങളനുസരിച്ച് സാർവത്രികമായി പ്രയോഗിക്കാവുന്ന വാക്സിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്ന ജനിതക മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ത്യയിൽ സി.എസ്.ഐ.ആറിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനങ്ങളിൽ കോവിഡ് വൈറസ് ജനിതക പഠനത്തിനായി ഇൻഡികോവ്ജെൻ (IndiCovGen: Indian Cov 2 Genomes and Genetic Epidemiology Conosrtium) എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ സി.എസ്.ഐ.ആറിന്റെ ഗവേഷണശാലകൾ 2000 ലധികം കോവിഡ് വൈറസുകളുടെ ജനിതകശ്രേണി നിർണയം നടത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന വൈറസ് പഠനത്തിൽ നിന്ന് ലോക വംശാവലികളിൽ ആറെണ്ണം ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇന്ത്യൻ ഉപവിഭാഗമായ എ2എ (A2a), സവിശേഷ ഉപവിഭാഗമായ ഐ/എ3ഐ (I/A3i) എന്നീ വിഭാഗങ്ങളിൽ പെടുന്നവയുമാണെന്നും അറിയാൻ കഴിഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹിയിൽ സി.എസ്.ഐ.ആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക്ക് ആന്റ് ഇന്നവേറ്റീവ്

ഡോ. ചാന്ദ്നി ആർ
ഡോ. ചാന്ദ്നി ആർ

റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ന്റെ ജനിതക ശ്രേണീകരണ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം ചീഫ് ഡോ. ചാന്ദ്നി ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ മലയാളിയായ ശാസ്ത്രജ്ഞൻ ഡോ. വിനോദ് സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. കേരളത്തിൽ കാണപ്പെടുന്ന വൈറസിന്റെ വംശാവലി നിർണയം നടത്തുന്നതിനുള്ള ആദ്യപഠനമാണ് നടന്നിരിക്കുന്നത്. ഈ ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ

ഡോ. വിനോദ് സ്‌കറിയ
ഡോ. വിനോദ് സ്‌കറിയ

കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണീകരണം നടത്തുവാനും അവയുടെ വംശാവലി ഉപവിഭാഗം എ2എ (A2a) ആണെന്ന് നിർണ്ണയിക്കുവാനും സാധിച്ചു. വിദേശ വംശാവലിയിൽ പെട്ട രോഗാണുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കേരളത്തിൽ ഒഡീഷ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. ഇത് പക്ഷേ വടക്കൻ ജില്ലകളിൽ നിന്നുള്ള സാമ്പിളുകളിൽ നിന്നുള്ള വിവരമാണ്. ബഹുഭൂരിപക്ഷം വൈറസിന്റെ ജനിതകശ്രേണിയിലും ഡി614ജി (D614G) എന്ന ജനിതകവ്യതിയാനം സ്ഥിരീകരിക്കപ്പെട്ടു. ഈ വ്യതിയാനം വർധിച്ച വ്യാപനശേഷിക്കു (Infectivity) കാരണമായേക്കാം എന്ന് മറ്റ് രാജ്യങ്ങളിൽനിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിൽ വൈറസിന്റെ ഉത്ഭവം, വ്യാപനം എന്നിവയെക്കുറിച്ചു മനസ്സിലാക്കുവാനും ഈ ഗവേഷണം സഹായകമാവും.

പഠനത്തിൽനിന്ന് സ്വീകരിക്കാവുന്ന മറ്റു പ്രധാന നിഗമനങ്ങൾ:
1.കോഴിക്കോട് പഠനത്തിൽ നിന്ന് എത്തിച്ചേർന്ന പ്രധാന നിഗമനം, വിദേശ വംശാവലിയിൽ വൈറസ് കേരളത്തിൽ കാണപ്പെടുന്നില്ല എന്നതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമായ എ2എ എന്ന വംശാവലിയാണ് കേരളത്തിലുള്ളത്. ഇതിൽ നിന്ന്, അന്താരാഷ്ട്ര യാത്രക്കാരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാരിൽനിന്നാണ് ബഹുഭൂരിപക്ഷം വൈറസ് വ്യാപനം കേരളത്തിൽ ഉണ്ടായതെന്ന് പഠനം സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ എയർപോർട്ട് സ്‌ക്രീനിംഗ്, സമ്പർക്കാന്വേഷണം (Contact Traing), ഗാർഹിക സമ്പർക്ക വിലക്ക് (ഹോം ക്വാറന്റൈൻ) എന്നിവ വളരെ ഫലപ്രദമായാണ് നടപ്പാക്കിയതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഗാർഹിക സമ്പർക്ക വിലക്കേർപ്പെടുത്തിയതാണ് കേരളത്തിൽ രോഗവ്യാപനം വർധിക്കാൻ കാരണമെന്ന് പലരും വിമർശിച്ചത് ശരിയല്ലെന്നാണ് ജനിതകപഠനം വ്യക്തമാക്കുന്നത്.

കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ

ജനിതകശ്രേണി
കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ

ജനിതകശ്രേണി

2. അതേയവസരം, ബഹുഭൂരിപക്ഷം വൈറസിന്റെ ജനിതകശ്രേണിയിലും ഡി614ജി (D614G) എന്ന വർധിച്ച വ്യാപനശേഷിക്ക് (Infectivity) കാരണമായേക്കാവുന്ന ജനിതകവ്യതിയാനം കാണപ്പെടുന്നത് ഗൗരവമായി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ബ്രേക്ക് ദി ചെയിൻ (മാസ്‌ക് ധാരണം, ശരീരദൂരം പാലിക്കൽ, ഗാർഹിക-സംരക്ഷണ സമ്പർക്ക വിലക്ക് ക്വാറന്റയിൻ, റിവേഴ് ക്വാറന്റയിൻ) തുടങ്ങി ഇതിനകം വിജയകരമായി നടപ്പിലാക്കിവരുന്ന സാർവത്രിക പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കേണ്ടതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
3. ഇപ്പോൾ വടക്കൻ ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ മാത്രമാണ് പഠനവിധേയമാക്കിയിട്ടുള്ളത്. മധ്യ-തെക്കൻ കേരളത്തിൽ നിന്നുള്ള വൈറസുകളെപറ്റി പഠിക്കുന്നതിനായി എറണാകുളം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളെ ചുമതലപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.

ചോദ്യം: റഷ്യയിലെ കോവിഡ് വാക്സിൻ ഒരു മീഡിയ സെൻസേഷൻ തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ, ഈ വാക്സിന്റെ പരീക്ഷണത്തിന് വിധേയരാകുന്ന വളണ്ടിയർമാരിൽ ഏഴിൽ ഒരാൾക്ക് പാർശ്വഫലമുള്ളതായി റിപ്പോർട്ടുണ്ട്. വാർത്തകളിലെ സെൻസഷേനപ്പുറം, ഇപ്പോൾ ഇന്ത്യയിലും ലോകത്തും നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളുടെ വസ്തുത എന്താണ്? ഫലപ്രദമായ വാക്സിൻ രൂപപ്പെടുത്തുന്നതിനുവേണ്ട വൈറസ് വംശാവലികളുടെയും ജനിതകവ്യതിയാനങ്ങളുടെയും വിവരങ്ങൾ ശാസ്ത്രലോകത്ത് ലഭ്യമായിട്ടുണ്ടോ?

ജനിതകഘടനാ പഠനത്തെ തുടർന്ന് വിവിധരാജ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് സാർവ്വത്രികമായ വാക്സിൻ രൂപപ്പെടുത്തുന്നതിന് തടസ്സം നിൽക്കുന്ന ജനിതക വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. രോഗവ്യാപനത്തിലും മറ്റും വ്യത്യാസങ്ങളുള്ള വംശാവലികളാണ് കാണപ്പെടുന്നത്, ഇത് വാക്സിൻ ഉൽപാദനത്തിൽ പ്രസക്തമല്ല.

കോവിഡ് വാക്സിൻ ഗവേഷണത്തിൽ വിവിധ രാജ്യങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം നടക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ പരീക്ഷണ മാനദണ്ഡം ലംഘിച്ചും സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് മാത്രമായി നൽകാൻ ലക്ഷ്യമിട്ടും വാക്സിൻ ഗവേഷണം നടത്തുന്ന "വാക്സിൻ ദേശീയത' പ്രവണതകളെ ലോകാരോഗ്യ സംഘടന പലതവണ അപലപിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ വാക്സിൻ കമ്പനികളുമായി കാലേകൂട്ടി കരാറിലെത്തി വാക്സിൻ മൊത്തം വാങ്ങി നേരത്തെ സ്വന്തം രാജ്യങ്ങളിലെത്തിക്കാനുള്ള ശ്രമവും നടത്തിവരുന്നുണ്ട്.
റഷ്യ കോവിഡ് വാക്സിൻ ഗവേഷണം നടത്തിവരുന്നതായി അവകാശപ്പെട്ടിരുന്നെങ്കിലും വിശദാംശങ്ങൾ ലഭ്യമായിരുന്നില്ല. റഷ്യൻ വാക്സിൻ തയ്യാറായി കഴിഞ്ഞെന്നും തന്റെ മകൾക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പ്രഖ്യാപിച്ചത് വിവാദങ്ങൾക്കും

വ്ളാഡിമർ പുടിൻ
വ്ളാഡിമർ പുടിൻ

ഊഹാപോഹങ്ങൾക്കും വഴിതെളിയിച്ചിരിക്കയാണ്. മോസ്‌കോയിലെ ഗമാലിയ ഗവേഷണ സർവകലാശാലയാണ് വാകിസ്ൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

റഷ്യൻ വാക്സിൻ മനുഷ്യപരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെ ഭാഗമായി പരീക്ഷണത്തിന് വിധേയരായ മറ്റുള്ളവരോടൊപ്പം പുടിന്റെ മകൾക്കും വാക്സിൻ നൽകിയിരിക്കാനാണ് സാധ്യത, കുറഞ്ഞത് 3-4 മാസം കഴിയാതെ മൂന്നാം ഘട്ടം പൂർത്തിയാവാക്കാനാവില്ല. റഷ്യൻ വാക്സിനും വിപണിയിലെത്താൻ വർഷാവസനം വരെ കാത്തിരിക്കേണ്ടിവരുമെന്ന് തീർച്ചയാണ്.
സാധാരണ ഗതിയിൽ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായി വിജയകരമാണെന്ന് തെളിഞ്ഞതിനുശേഷം മാത്രമാണ് ബന്ധപ്പെട്ട ഏജൻസികൾ വാക്സിൻ മാർക്കറ്റിംഗിന് അനുവാദം നൽകുക. അതിനൊന്നും കാത്തുനിൽക്കാതെ റഷ്യൻ പ്രസിഡണ്ട് വാക്സിന് ഔദ്യോഗിക അംഗീകാരം നൽകിയതായി പ്രഖ്യാപിച്ചതാണ് വിവാദമായത്. മോസ്‌കോയിലെ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷൻ പരീക്ഷണം പൂർത്തിയാവുന്നത് വരെ വാക്സിന് അംഗീകാരം നൽകരുതെന്ന് റസർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

വാക്സിൻ ദേശീയത ആദ്യമായിട്ടാരംഭിച്ചത് നിർഭാഗ്യവശാൽ ഇന്ത്യയിലാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, (ഐ.സി.എം.ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവർ ചേർന്ന നടത്തിവരുന്ന വാസ്‌കിൻ ഗവേഷണത്തിന്റെ കാര്യത്തിലാണ് സങ്കുചിത വാക്സിൻ ദേശീയത തലപൊക്കിയത്, തങ്ങളുടെ വാക്സിൻ വികസന സംരംഭം മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് ഐ.സി.എം.ആർ അവകാശപ്പെട്ടിരുന്നു. ആഗസ്റ്റ് 15നുതന്നെ വാക്സിൻ പുറത്തിറക്കേണ്ടതുള്ളതുകൊണ്ട് മനുഷ്യപരീക്ഷണം അതിവേഗം പൂർത്തിയാക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.എം.ആർ ക്ലിനിക്കൽ ട്രയൽ നടത്താൻ തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രികൾക്ക് ഭീഷണിയുടെ സ്വരത്തിൽ കത്തയച്ചത് വലിയ വിവാദത്തിന് കാരണമായി. കേന്ദ്രസർക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലെ നിർദ്ദേശപ്രകാരമാണ് നിർദ്ദേശം നൽകുന്നതെന്ന് കത്തിൽ പറഞ്ഞിരുന്നു. ശാസ്ത്ര സാമൂഹത്തിന്റെയടക്കം ഭാഗത്തുനിന്നുണ്ടായ ശക്തമായ എതിർപ്പിനെ തുടർന്ന് ഐ.സി.എം.ആറിന് വിവാദ കത്ത് പിൻവലിക്കേണ്ടിവന്നു.

റഷ്യൻ വാക്സിന് സ്പുട്നിക്ക് 5 എന്ന് പേരിട്ടതോടെ വാക്സിൻ ദേശീയത മറ്റൊരു തലത്തിലേക്ക് കൂടി പുടിൻ ഉയർത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് സ്പുട്നിക്ക് എന്ന പേര്. 1957 നവംബർ മൂന്നിന് സോവിയറ്റ് യൂണിയൻ സ്പുടിനിക് 1 എന്ന പേടകം ബഹിരാകാശത്തേക്കയച്ചതോടെയാണ് ബഹിരാകാശ ശീതയുദ്ധം ആരംഭിച്ചത്. തുടർന്നാണ് അമേരിക്ക അപ്പോളോ പ്രോജക്ടിലൂടെ 1969 ജൂലൈ 20 നു മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്. ബഹിരാകാശ ശീതസമരം തീർച്ചയായും ശാസ്ത്ര വളർച്ചയെ സഹായിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ ദേശീയത ഔഷധ ഗവേഷണത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശകതത്വങ്ങളെ നിരാകരിക്കുന്നതിലൂടെ ശാസ്ത്രവളർച്ചയെ തളർത്തുകയാണ് ചെയ്യുന്നത്.

മനുഷ്യപരീക്ഷണങ്ങളുടെ മൂന്നാംഘട്ടത്തിൽ വാക്സിൻ സുരക്ഷയാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്. ഒരു രോഗിയിൽ മാത്രം പ്രതീക്ഷിക്കാത്ത രോഗം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിൽ നടക്കുന്ന വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവക്കുകയുണ്ടായി. തുടർന്നുനടന്ന പരിശോധനയിൽ വാക്സിൻ മൂലമല്ല രോഗമുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാക്സിൻ പരീക്ഷണം തുടരുകയുണ്ടായി. റഷ്യൻ ഔഷധ പരീക്ഷണങ്ങളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഏത് രാജ്യമാണെങ്കിലും വാക്സിൻ പരീക്ഷണത്തിൽ പാലിക്കേണ്ട അംഗീകൃത മാനദണ്ഡങ്ങൾ പിന്തുടരുക തന്നെ വേണം. അവ പാലിച്ചില്ലെങ്കിൽ വാക്സിൻ അനേകായിരങ്ങളിൽ പ്രയോഗിച്ച് തുടങ്ങുമ്പോൾ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. വാക്സിൻ പിൻവലിക്കേണ്ടിവരും. അത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാകുമെന്നുള്ളത് കൊണ്ട് ഇക്കാര്യത്തിൽ വാക്സിൻ ഗവേഷണ രാഷ്ട്രങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കാം.



Summary: കോവിഡ് ലോകത്തെ ഏറ്റവും പുതിയ വിവരങ്ങളെക്കുറിച്ച് ഡോ: ബി.ഇക്ബാൽ ട്രൂ കോപ്പി തിങ്ക് എക്‌സിക്യുട്ടീവ് എഡിറ്റർ കെ. കണ്ണനുമായി സംസാരിക്കുന്നു. കോവിഡ് വിജയകരമായി നിയന്ത്രിക്കാർ കേരളത്തിന് സാധിക്കുന്നത്, ഏറ്റവും വലിയ സാമൂഹിക മൂലധനമായ ഫീൽഡ് വർക്കേഴ്‌സിന്റെ പ്രവർത്തനം കൊണ്ടാണെന്ന് ബി. ഇക്ബാൽ പറയുന്നു. വാക്‌സിൻ ഗവേഷണ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുന്നു. സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ചും വൈറസിന്റെ ജനിതക മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനൊപ്പം കേരളത്തിലെ രോഗ നിയന്ത്രണത്തിലെ ചില പോരായ്മകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹോമിയോ മെഡിസിൻ സംബന്ധിച്ച നിലപാടുകളും ഗവേഷണ പഠനരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിലുള്ള അസ്വസ്ഥതയും പങ്കുവെയ്ക്കുന്നു.


Comments