കോവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചാലും ജയിക്കട്ടെ, വാക്‌സിൻ വിപണി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആശുപത്രികളെല്ലാം ഓക്‌സിജനില്ലാതെ ശ്വാസം മുട്ടുകയാണ്. ഡൽഹിയിലെ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെക്കുന്നു. ശൂന്യമായ ഓക്‌സിജൻ സിലിണ്ടറുകളുമായി റീ ഫില്ലിങ് കേന്ദ്രങ്ങളിൽനിൽക്കുന്ന രോഗികളുടെ ബന്ധുക്കളുടെ ദൃശ്യങ്ങൾ, താറുമാറായ കോവിഡ് മാനേജുമെന്റിന്റെ തെളിവാണ്.

കോവിഡ്- 19 ദേശ ഭാഷാ ലിംഗ വർഗ വർണ സാമ്പത്തിക ഭേദമില്ലാതെ എല്ലാ മനുഷ്യരെയും ഒരേപോലെ ബാധിക്കുന്ന ഒരു മഹാമാരിയാണെങ്കിലും, ലോകത്ത് അത് വിവേചനത്തിന്റെ പുതിയ ഇരകളെ സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. അവർ ദരിദ്രരും കറുത്തവരും കുടിയേറ്റക്കാരും ചേരിനിവാസികളും തൊഴിലാളികളുമൊക്കെയാണ്. കോവിഡുകാലത്ത് രൂപപ്പെട്ട ഈ വംശീയത, വാക്സിൻ എന്ന അതിന്റെ പ്രതിവിധിയിലും അതിക്രൂരമായി ആവർത്തിക്കപ്പെടുകയാണ്.

മനുഷ്യസമൂഹത്തെ മഹാമാരി ശ്വാസം മുട്ടിക്കുമ്പോൾ, കോർപറേറ്റ് മരുന്നുകമ്പനികൾ വിലപേശിവിൽക്കുകയാണ്, ഓരോ ഡോസ് വാക്സിനും. മൂലധനശക്തികളും ഭരണകൂടങ്ങളുമെല്ലാം ആധുനിക ശാസ്ത്രത്തെ ബന്ദിയാക്കിവെച്ച് നടത്തുന്ന ഒരു മരണക്കളി. മാനവികത ഉണരേണ്ട മരണമുഖത്തും വിപണി തന്നെയാണ് ലോകം ഭരിക്കുന്നതെന്ന് സ്ഥാപിക്കപ്പെടുന്നു.

ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാവുകൂടിയായ ഇന്ത്യയിലെ അവസ്ഥ എന്താണ്? കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ 6.6 കോടി വാക്സിൻ ഡോസാണ്, ഇന്ത്യ 94 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ ഗ്രാൻറ്​ ആയും അന്താരാഷ്ട്ര തലത്തിലുള്ള വാക്സിൻ സഹകരണ പദ്ധതിയുടെ ഭാഗമായും നേരിട്ടുള്ള വിൽപനയുടെ ഭാഗമായും ഉള്ള കൈമാറ്റങ്ങളുണ്ടായിരുന്നു. അങ്ങനെ ‘വാക്സിൻ ഗുരു' എന്ന പട്ടം കിട്ടിയ നരേന്ദ്ര മോദിയുടെ കാൽച്ചുവട്ടിലാണ്, ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ 25 കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞുമരിച്ചത്. ഡൽഹിയിൽ തന്നെയുള്ള ഗോൾഡൻ ഹോസ്പിറ്റലിൽ കഴിഞ്ഞ രാത്രി ഓക്‌സിജൻ കിട്ടാതെ മരിച്ചത് 20 പേരാണ്.

മോദി പയറ്റിയ വാക്‌സിൻ നയതന്ത്രത്തിന്റെ തനിനിറം, പുതിയ വാക്സിൻ നയത്തിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മരുന്നുകമ്പനികളുമായി പിന്നാമ്പുറത്ത് ഡീൽ ഉറപ്പിച്ചശേഷം കേന്ദ്ര സർക്കാർ, രാജ്യത്തെ വാക്സിൻ വിപണി കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുകയാണ്. ഇനി സംസ്ഥാന സർക്കാറുകൾക്ക് വാക്സിൻ വിപണിയിൽ മത്സരിക്കേണ്ടിവരും. അതോടെ, വാക്സിൻ ലഭ്യതയിൽ അടിസ്ഥാനപരമായി ഉണ്ടാകേണ്ട വിതരണ നീതി പൂർണമായും ഇല്ലാതാകും.

പുതിയ വാക്സിൻ നയത്തിന്റെ ഭാഗമായി മെയ് ഒന്നുമുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമാതാക്കളിൽനിന്ന് വാക്സിൻ വാങ്ങാം. കമ്പനികൾ സ്വകാര്യ ആശുപത്രികളുമായി നടത്തുന്ന വാക്സിൻ ഇടപാട് എത്ര രൂപക്കായിരിക്കുമെന്ന് അറിയില്ല. ഒരു ഡോസ് കുത്തിവെപ്പിന് 1000 രൂപ വരെയാകുമെന്നാണ് സൂചനകൾ. സംസ്ഥാന സർക്കാറുകൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കുമാണ് ഒരു ഡോസ് നൽകുക എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിക്കഴിഞ്ഞു. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. മാത്രമല്ല, സംസ്ഥാന സർക്കാറുകൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 400 രൂപ പോലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും യു.എസും ബ്രിട്ടനും ഒക്കെ മുടക്കുന്ന തുകയേക്കാൾ കൂടുതലാണ്. വാക്‌സിൻ നിർമാതാക്കളായ ആസ്ട്രസെനക്കക്ക് യൂറോപ്യൻ യൂണിയൻ ഒരു ഡോസിന് നൽകുന്നത് 160 മുതൽ 270 രൂപ വരെയാണ്.

വാക്സിൻ സൗജന്യമായി നൽകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഈ വാക്സിൻ വാണിഭം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. സാമ്പത്തികമായി മാത്രമല്ല, രോഗവ്യാപനത്തിന്റെ കാര്യത്തിലും പുതിയ വാക്സിൻ നയം ഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പുനൽകിക്കഴിഞ്ഞു. 60 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകിയാലേ കോവിഡ് പ്രതിരോധത്തിനുള്ള ഹേർഡ് ഇമ്യൂണിറ്റി സാധ്യമാകൂ. അതായത്, ഇപ്പോൾ ദിവസം 45 ലക്ഷം ഡോസ് വാക്സിനാണ് നൽകുന്നത്, ഈ കണക്കുവെച്ച്, ഹേർഡ് ഇമ്യൂണിറ്റിയിലെത്താൻ ഒരു വർഷമെടുക്കും. 18 വയസ്സിനുമുകളിലുള്ളവർക്ക് വാക്സിൻ കൊടുത്തുതുടങ്ങുന്ന മെയ് ഒന്നുമുതൽ ദിവസം ഇത് ഒരു കോടി ഡോസ് ആയി ഉയർത്തേണ്ടിവരും. ഇന്ത്യയിൽ ലഭ്യമായ രണ്ട് വാക്സിനുകളുടെ നിലവിലെ ഉൽപാദനശേഷി ഇരട്ടിയാക്കിയാലും ഈ ലക്ഷ്യത്തിലെത്താനാകില്ല.

വാക്സിന്റെ അസന്തുലിതമായ വിനിയോഗം വൈറസ് മ്യൂട്ടേഷനുകൾക്കിടയാക്കും, അന്തിമമായി അത് വാക്സിനുകളുടെ തന്നെ ഫലപ്രാപ്തിയെയും ബാധിക്കും.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തുണ്ടാകുമെന്ന മുന്നറിയിപ്പിനൊപ്പം ഇത്തരം പ്രതിസന്ധികളെക്കുറിച്ചും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നിട്ടും, പൊതുമേഖലയിലെ നാല് വാക്സിൻ നിർമാണകേന്ദ്രങ്ങൾ നിർജീവമാക്കിവച്ചും ആഭ്യന്തര ലഭ്യത ഉറപ്പാക്കാതെയും വാക്സൻ വിപണിവൽക്കരണത്തിന് നിലമൊരുക്കുകയായിരുന്നു കേന്ദ്ര സർക്കാർ. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് മോദി സർക്കാർ തുടക്കം മുതൽ പെരുപ്പിക്കാൻ ശ്രമിക്കുന്ന ആത്മനിർഭരത, ഒരു വലിയ കച്ചവടത്തിന്റെ മുഖംമൂടിയായിരുന്നു എന്നർഥം.

ഇനി, കമ്പനികളുടെ ചൂഷണം തടയാൻ, ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ കംപൾസറി ലൈസൻസിങ് വ്യവസ്ഥ ഉപയോഗിച്ച് രാജ്യത്തെ മറ്റ് ഉത്പാദകർക്കും വാക്‌സിൻ നിർമിക്കാനുള്ള അനുമതി കേന്ദ്ര സർക്കാറിന് നൽകാം. എന്നാൽ, ഒരു ക്രോണി കാപ്പിറ്റലിസ്റ്റിക് ഭരണകൂടത്തിൽനിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുക വയ്യ. മറ്റൊരു വഴി, ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വാക്‌സിനേഷന് വകയിരുത്തിയ 35,000 കോടി രൂപയും പി.എം കെയർ ഫണ്ടും ഉപയോഗിച്ച് സൗജന്യ വാക്‌സിനേഷൻ നടപ്പാക്കാവുന്നതേയുള്ളൂ. എന്നാൽ, ഇതിനൊന്നും മുതിരാതെ, കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യമാകെ വിറങ്ങലിച്ചുനിൽക്കുന്ന അവസ്ഥയിൽ, രാജ്യത്തോട് സംസാരിച്ച പ്രധാനമന്ത്രി വലിയൊരു അരക്ഷിതാവസ്ഥയിലേക്കാണ് ജനങ്ങളെ തള്ളിയിട്ടത്. ആ അരക്ഷിതാവസ്ഥയുടെ ഉടൻ പ്രതികരണമായിരുന്നു, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലുള്ള ആശുപത്രികളിലെ കൂട്ടമരണങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആശുപത്രികളെല്ലാം ഓക്‌സിജനില്ലാതെ ശ്വാസം മുട്ടുകയാണ്. ഡൽഹിയിലെ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെക്കുന്നു. ശൂന്യമായ ഓക്‌സിജൻ സിലിണ്ടറുകളുമായി റീ ഫില്ലിങ് കേന്ദ്രങ്ങളിൽനിൽക്കുന്ന രോഗികളുടെ ബന്ധുക്കളുടെ ദൃശ്യങ്ങൾ, താറുമാറായ കോവിഡ് മാനേജുമെന്റിന്റെ തെളിവാണ്.

ഇന്ത്യയുടെ അതേ പാതയിലാണ് ലോകവും സഞ്ചരിക്കുന്നത്. വാക്‌സിന്റെ നീതിയുക്തമായ വിതരണത്തിനുള്ള ലോകാരോഗ്യസംഘടനയുടെ സംവിധാനം മറികടന്ന് കമ്പനികളും സമ്പന്ന രാജ്യങ്ങളും, തങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ ലാഭത്തിനായി കരാറുകളുണ്ടാക്കുകയാണ്. ഇത്തരം കരാറുകളുടെ പ്രത്യാഘാതം എന്താണ്?

എറ്റവും കുറഞ്ഞവിലക്കുള്ള ഓക്‌സ്‌ഫോർഡ്- ആസ്റ്റ്രസെനക്ക വാക്‌സിൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഡോസിന് രണ്ടുമുതൽ മൂന്നുവരെ ഡോളറിന് നൽകുമ്പോൾ, ഇതേ വാസ്‌കിൻ മനുഷ്യപരീക്ഷണം നടത്തിയ ദക്ഷിണാഫ്രിക്കക്കും ഉഗാണ്ടക്കും അഞ്ചര ഡോളറിനാണ് നൽകുന്നത്. വാക്സിൻ വംശീയതയിലൂടെ ദിവസം ചെല്ലുന്തോറും വാക്സിനേഷൻ ഗ്യാപ് വർധിച്ചുവരികയാണ്. ദരിദ്ര രാജ്യങ്ങളിൽ കഴിയുന്ന പത്ത് പേരിൽ ഒമ്പതുപേർക്കും ഈ വർഷം വാക്സിൻ ലഭിക്കില്ലെന്ന് പൊതുജനാരോഗ്യപ്രവർത്തകർ പറയുന്നു. ഇതുവരെ നൽകപ്പെട്ട വാക്സിൻ ഡോസുകളുടെ 48 ശതമാനവും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ 16 ശതമാനം ജനങ്ങൾക്കാണ് ലഭിച്ചത്.

മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണിത്. ഉയർന്ന മാനവികത കൊടിയടയാളമായി മാറേണ്ട ഒരു സന്ദർഭം. ദരിദ്രഭൂരിപക്ഷത്തെ ചേർത്തുപിടിച്ച് മനുഷ്യവംശത്തിന്റെ നൈതികത തെളിയിക്കേണ്ട സന്ദർഭം. എന്തുചെയ്യാം, വിപണിയായിപ്പോയി, നമ്മുടെ ഭരണകൂടങ്ങൾ.


Comments