ഒരു കോവിഡ് കഥ; ചില പാഠങ്ങളും

ഞാൻ ഇതെഴുതുന്നത് ബിന്ദുവിന്റെ സ്രവപരിശോധനയുടെ ഫലം നെഗറ്റിവ് ആണ് എന്ന റിപ്പോർട്ട്‌ കിട്ടിയ ശേഷമുള്ള പതിനഞ്ചു ദിവസത്തെ സ്വയംതടവിൽ ഇരുന്നാണ്. ഒരു പാട് ചോദ്യങ്ങൾ എന്റെ മുറിയുടെ ഏകാന്തതയെ വേട്ടയാടുന്നു. ഇവ ഞാൻ പങ്കിടുന്നത് പരാതികൾ എന്ന നിലയ്ക്കല്ല തന്നെ. എനിക്ക് വ്യക്തി എന്ന നിലയിൽ ഒരു പ്രത്യേക പരിഗണനയും ആവശ്യവുമില്ല. ഞങ്ങളുടെ അനുഭവം കൂടി പരിഗണിച്ച് ചില സാമാന്യസംശയങ്ങൾ പൊതുസമൂഹത്തിനും നിർണ്ണായകതീരുമാനങ്ങൾ എടുക്കുന്നവർക്കും മുൻപിൽ വിനയത്തോടെ വെയ്ക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്

ൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം വളരെ കൂടുകയും സർക്കാർ ശ്രദ്ധ ഏതാണ്ട് ബോൽസനാരോ ലെവൽവരെ താഴുകയും ആശുപത്രികൾ നിറയുകയും അന്വേഷണങ്ങളും രോഗനിർണ്ണയവും മിക്കവാറും നിലയ്ക്കുകയും ചെയ്ത സന്ദർഭത്തിലാണ് വിമാനയാത്രയുടെ ചെറിയ റിസ്ക്‌ എടുക്കുകയാണ് ഡൽഹിയിൽ നിൽക്കുന്നതിന്റെ വലിയ റിസ്ക്കിനെക്കാൾ നല്ലത് എന്ന് തോന്നി ഞാനും ബിന്ദുവും ഇൻഡിഗോയുടെ ടിക്കറ്റ് എടുത്ത്, കേരള സർക്കാരിന്റെ ‘കോവിഡ് 19 ജാഗ്രത’ എന്ന പോർട്ടലിൽ നിന്ന് പാസ് എടുത്ത് (അത് ഒരു മണിക്കൂറിൽ കിട്ടി എന്ന് കൂടി പറയട്ടെ, ഞങ്ങൾ മൂന്നു ദിവസം മുൻപേ അപേക്ഷിച്ചെങ്കിലും), രണ്ടു ദിവസം മുൻപ് ബോർഡിംഗ് പാസ്സും ലഗ്ഗേജ് ടാഗുമെടുത്ത്, അനിശ്ചിതമായ ഒരു കാലയളവിലേക്ക് ആവശ്യമായേക്കാവുന്ന അനുവദനീയമായ ഇരുപതുകിലോ വീതമുള്ള പെട്ടികളുമായി കൊച്ചിയിലേക്ക് പുറപ്പെട്ടത്‌. മാർച്ച് പതിനഞ്ചിന് ശേഷം വീടിന്റെ പടി വരെ പോലും പോകാതിരുന്ന എനിക്ക് ജൂൺ ഇരുപതിലെ വിമാനത്താവളത്തിലേയ്ക്കുള്ള ആ യാത്രയിൽ, ഇരുപത്തിയെട്ടു വർഷം ഞങ്ങൾ കഴിച്ചുകൂട്ടിയ ഡൽഹി ഒരു അപരിചിതനഗരമായി തോന്നി.

സർജിക്കൽ മാസ്ക്കും, ‘ഫേസ് ഷീൽഡ്’ എന്നറിയപ്പെടുന്ന മുഖപരിചയും കയ്യുറകളും ധരിച്ച് വിമാനക്കമ്പനിക്കാർ കയറും മുൻപു തന്ന, ശവവസ്ത്രം പോലെ തോന്നിക്കുന്ന, വ്യക്തിസംരക്ഷണോപകരണം അഥവാ പി. പി. ഇ. എന്ന് അവർ വിളിക്കുന്ന, വെളുത്ത നീളൻകുപ്പായവും ധരിച്ച് രണ്ടു മദ്ധ്യകാലയുദ്ധവീരരെപ്പോലെ കേരള ‘വിസ’ യുമായി, ഫ്ലൈറ്റ് ടോയ്​ലറ്റ്​ഉപയോഗിക്കാതിരിക്കുക എന്ന മൂത്തവരുടെ ഉപദേശം കൃത്യമായി അനുസരിച്ച്, കൊച്ചിയിൽ വന്നിറങ്ങിയ ഞങ്ങളെ എതിരേൽക്കാൻ ഒരു ക്യാമറയും രജിസ്റ്ററുമായി മൂന്നു ചെറുപ്പക്കാർ ഉണ്ടായിരുന്നു. ഞങ്ങളുടെ മുഖചിത്രങ്ങളും, പുറപ്പാടും, ലക്ഷ്യസ്ഥാനവും വിലാസവും അവർക്ക് നൽകി അൽപനേരം ക്യൂ നിന്ന് എയർപോർട്ട്‌ ടാക്സിയെടുത്ത് ഞങ്ങൾ കൊടുങ്ങല്ലൂരിലെ പുല്ലൂറ്റുള്ള, ഒഴിഞ്ഞു കിടക്കുന്ന, എന്റെ ജന്മഗൃഹത്തിൽ എത്തിച്ചേർന്ന് പതിനാലു ദിവസത്തെ ‘ക്വാറന്റയ്നു’ സ്വയം വിധിച്ചു.

എഴുപതുകൾക്കു ശേഷം പൊലീസിന്റെ ശബ്ദം കേൾക്കാതെ വിഷാദിച്ചിരുന്ന എനിക്ക് ആ സുപരിചിത ശബ്ദം, ഇക്കുറി സ്നേഹത്തോടെ, വീണ്ടും കേൾക്കാൻ അധിക സമയം എടുത്തില്ല. അത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നെ ആരോഗ്യപ്രവർത്തകർ, താലൂക്ക് ഓഫീസ് ജീവനക്കാർ, ആശുപത്രിയിലെ ജോലിക്കാർ: ദിവസവും ചുരുങ്ങിയത് അഞ്ചു ഫോൺവിളികൾ. ഞങ്ങളുടെ ‘ഇരട്ടയേകാന്തത’യെക്കുറിച്ച് (ഈ പ്രയോഗത്തിന് പഴയ ചാൾസ് ലാംബിനോട് കടപ്പാട്- സഹോദരിയുമൊത്തുള്ള അവിവാഹിതനായ തന്റെ വാസത്തെയാണ്‌ അദ്ദേഹം ‘ഡബിൾ സോളിറ്റ്യൂഡ്’ എന്ന് വിളിച്ചത്) ആലോചിക്കാൻ പോലും ഞങ്ങൾക്ക് ഇട കിട്ടിയില്ല. ഈ ശ്രദ്ധയെയും അതിനു പിറകിലെ ഉറക്കമൊഴിക്കുന്ന മനുഷ്യരെയും അനുമോദിക്കാതിരിക്കാൻ കഴിയില്ല.

മുറ്റത്തുപോലും ഇറങ്ങാതെയാണ് ആ രണ്ടാഴ്​ച പലകുറി പുതുക്കിപ്പണിത ആ പഴയ വീട്ടിൽ ഞങ്ങൾ കഴിഞ്ഞത്. എന്റെ ബാല്യകാലാനുഭവങ്ങളുടെയും സ്കൂൾ സുഹൃത്തുക്കളുടെയും ഓർമകൾ, ദാമ്പത്യത്തിന്റെ ആദ്യനാളുകളുടെ സ്മരണകളോടൊപ്പം ആ വീട്ടിൽ ഈട്ടം കൂടി നിന്നു. അച്ഛന്റെയും എന്റെയും ചേട്ടന്റെയും കൈകൾ ഫലസമൃദ്ധമാക്കിയിരുന്ന ആ വളപ്പ് പുല്ലും പൊന്തകളും കൊണ്ട് മൂടിയിരുന്നു. ഓർമകൾ പോലെ ചില തെങ്ങുകളും വാഴകളും മാവുകളും പ്ലാവുകളും പറങ്കിമാവുകളും ഒരു കടപ്ലാവും നിന്നു.

ഞങ്ങൾ സഹോദരീസഹോദരർ കുട്ടിക്കാലത്തു നീന്തിക്കുളിച്ചിരുന്ന കുളം മൂടിയിരുന്നു, ഞങ്ങൾ ഊഞ്ഞാൽ ഇടാറുള്ള പുളിമരം വീണുപോയിരുന്നു, ആ പൊന്തകളിൽ പാമ്പുകൾ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നതു കൊണ്ടും ഞാൻ ഖസാക്കിലെ ദംശനാപേക്ഷിയായ രവി അല്ലാത്തതുകൊണ്ടും ഇറങ്ങി നടന്നു പഴയ വൃക്ഷസഹോദരരെ തേടാൻ ധൈര്യമുണ്ടായില്ല. വീടിന്റെ തന്നെ പഴയതും പുതിയതുമായ മുറികളിൽ ചുറ്റി നടന്നും വായിക്കാൻ കരുതിയിരുന്ന ചില പുസ്തകങ്ങൾ വായിച്ചും കബീർതർജ്ജമയിൽ മുഴുകിയും ഞങ്ങൾ എത്തിയതു കേട്ടറിഞ്ഞ ചില പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും ഒരാളെയും - വിവാദപ്രിയരായ വിവരദോഷികളെ വിശേഷിച്ചും - അകത്തു കയറ്റരുതെന്ന കർശനമായ നിർദ്ദേശം ആ വളപ്പിൽ സ്ഥിരമായി താവളമടിച്ച അഞ്ചു നായ്ക്കൾക്കും നൽകിയും അടുക്കളയിൽ ആവുന്ന സഹായം ചെയ്തും അടുത്തു തന്നെ താമസിക്കുന്ന ചേച്ചിയോടും മരുമകളോടും അവളുടെ ഭർത്താവിനോടും ആവശ്യത്തിലേറെ അകലം പാലിച്ചു സംസാരിച്ചും അങ്ങിനെ പതിമൂന്നാം ദിവസം വന്നപ്പോൾ വിചാരിക്കാതിരുന്ന ഒരു വിളി വന്നു, താലൂക്കാശുപത്രിയിൽ നിന്ന്: ആംബുലൻസ് വിടുന്നു; സ്രവപരിശോധനയ്ക്ക് രണ്ടു പേരും ചെല്ലണം. പ്രോട്ടോക്കോളിൽ അതില്ലെന്നു ബന്ധുവായ ഡോക്ടർ പറഞ്ഞിരുന്നുവെങ്കിലും എല്ലാവരുടെയും നന്മ കരുതി പോയി പരിശോധനയ്ക്ക് സ്വാബ് നൽകി എങ്ങും നോക്കാതെ തിരിച്ചുപോന്നു.

കൊടുങ്ങല്ലൂർ നിന്ന് എറണാകുളത്തേയ്ക്ക്‌ മകളുടെ വീട്ടിലേക്കു വരുമ്പോൾ വീട്ടുതടവ് കഴിഞ്ഞു എന്ന ഒരു സർട്ടിഫിക്കറ്റ് വേണമായിരുന്നു. നാട്ടിലെത്തി പതിനേഴാം ദിവസം ഞങ്ങൾ അത് വാങ്ങാൻ കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചെല്ലാൻ ആവശ്യപ്പെട്ടതനുസരിച്ച് അവിടെ പോയി. ടെസ്റ്റിന്റെ ഫലം അന്വേഷിക്കയാണ് ആദ്യം ചെയ്തത്; ഞങ്ങൾ പുറപ്പെട്ടതിനേക്കാൾ ആരോഗ്യവാന്മാരായിരുന്നെങ്കിലും. ഹെൽപ് ഡെസ്കിലുള്ളവർ പറഞ്ഞു, ഫലം പോസിറ്റിവ് ആയിരുന്നെങ്കിൽ നിങ്ങൾക്ക് ഫോൺ വരുമായിരുന്നു. അങ്ങിനെയൊന്നും വന്നിരുന്നില്ല, സ്വാബ് നൽകിയിട്ട് നാലാമത്തെ ദിവസമായിരുന്നു. ഹെൽപ്‌ ഡെസ്ക്കിലുള്ളവർ അകത്തുപോയി ആശുപത്രി സൂപ്രണ്ടിനെക്കൊണ്ട് ഒപ്പിടുവിച്ച റിലീസ് സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് തന്നു. യാതൊരു സംശയവുമില്ലാതെ പരിചയക്കാരനായ എറണാകുളത്തെ ഡ്രൈവർ രാമചന്ദ്രനെ വിളിച്ച് വിട്ടയക്കപ്പെട്ട ജയിൽപുള്ളികളുടെ സന്തോഷത്തോടെ ഞങ്ങൾ സബിതയുടെ ഒഴിഞ്ഞ വീട്ടിൽ ചെന്നു കയറി ഒരു നീണ്ട ഒഴിവുകാലത്തിനൊരുങ്ങി.

പിറ്റേന്ന്, ഡൽഹിയിൽ നിന്ന് ഞങ്ങൾ വന്നതിന്റെ പത്തൊൻപതാം ദിവസം, തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഒരു വിളി വന്നു. ബിന്ദുവിന്റെ സ്രവപരിശോധന പോസിറ്റിവ് ആണ്. അവർ വളരെ സാവധാനം, കരുതലോടെ, ആണ് അത് വെളിപ്പെടുത്തിയത്. ഫോൺ ഞാനാണ് എടുത്തത്. എന്റെ പേരു പറഞ്ഞപ്പോൾ അവർ തിരിച്ചറിയുകയും ചെയ്തു. വളരെ വൈകി വന്ന, കരുതലോടെ വിനിമയം ചെയ്യപ്പെട്ട, ആ സന്ദേശം ഞങ്ങളെ വിസ്മയപ്പെടുത്തുകയും അൽപനേരം വിവശരാക്കുകയും ചെയ്​തു. തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോർപ്പറേഷൻ ഓഫീസിൽ നിന്നും ഹെൽത്ത് വർക്കർമാരിൽ നിന്നും വിളികൾ വന്നു. ആർക്കും കൂടെപ്പോകാൻ കഴിയാത്തതുകൊണ്ട് പുതിയ ടെസ്റ്റുകൾക്കായി ആശുപത്രിയിൽ നിന്നയച്ച കാറിൽ ബിന്ദു ഒറ്റയ്ക്കുപോയി. (ഇതെല്ലാം ഉണ്ടാക്കുന്ന വേദനകൾ ആവിഷ്കരിക്കാൻ പ്രയാസം). അവിടത്തെ ഡോ. ഗണേഷ്, ഡോ.മാത്യു എന്നിവർ ഉൾപ്പെടെയുള്ളവർ വളരെ കരുതലോടെയാണ് പെരുമാറിയതെന്നു പറയാതെ വയ്യ. ആശാ വർക്കർമാർ ഉൾപ്പെടെ ആരും പരുഷമായി ഒരു വാക്ക് പോലും സംസാരിച്ചില്ല . ഞങ്ങൾക്ക് രോഗത്തെയും പ്രോട്ടോക്കോളിനെയും പറ്റി സംശയങ്ങൾ ഉണ്ടാകുമ്പോഴൊക്കെ താങ്ങായിനിന്ന, കേരളത്തിലെ രോഗനിയന്ത്രണസമിതിയിലുള്ള സുഹൃത്ത്‌ ഡോ. ഇക്ബാൽ, ബന്ധു കൂടിയായ ഡോ. ചാന്ദ്നി എന്നിവരെക്കൂടി ഇവിടെ നന്ദിയോടെ സ്മരിക്കട്ടെ. ഒപ്പം സഹായങ്ങൾ നൽകിയ എന്റെ സുഹൃത്തുക്കളോ ശിഷ്യരോ ആയ യുവസാമൂഹ്യപ്രവർത്തകരെയും.

ഞാൻ ഇതെഴുതുന്നത് ബിന്ദുവിന്റെ സ്രവപരിശോധനയുടെ ഫലം നെഗറ്റിവ് ആണ് എന്ന റിപ്പോർട്ട്‌ കിട്ടിയ ശേഷമുള്ള 15 ദിവസത്തെ സ്വയംതടവിൽ ഇരുന്നാണ്.

ഒരു പാട് ചോദ്യങ്ങൾ എന്റെ മുറിയുടെ ഏകാന്തതയെ വേട്ടയാടുന്നു. ഇവ ഞാൻ പങ്കിടുന്നത് പരാതികൾ എന്ന നിലയ്ക്കല്ല തന്നെ. എനിക്ക് വ്യക്തി എന്ന നിലയിൽ ഒരു പ്രത്യേക പരിഗണനയും ആവശ്യവുമില്ല. അല്ലാതെ തന്നെ ജനങ്ങൾക്ക് ശ്രദ്ധ കിട്ടുന്നുണ്ട്‌ എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഇവ ഉന്നയിക്കുന്നത് ഒരു വിദഗ്ധൻ എന്ന നിലയ്ക്കുമല്ല, മെഡിക്കൽ വിദഗ്ധരെപ്പോലും അന്വേഷകരാക്കിയ പുതിയ വൈറസ്‌ ആണല്ലോ ഇത്.

ഞങ്ങളുടെ അനുഭവം കൂടി പരിഗണിച്ച് ചില സാമാന്യസംശയങ്ങൾ പൊതുസമൂഹത്തിനും നിർണ്ണായകതീരുമാനങ്ങൾ എടുക്കുന്നവർക്കും മുൻപിൽ വിനയത്തോടെ വെയ്ക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്:

ഒന്ന്: അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർ, വിശേഷിച്ചും സഹാതുരതകൾ ഉള്ളവർ, രോഗസാദ്ധ്യത കൂടുതൽ ഉള്ളവർ ആയിരിക്കെ, ടെസ്റ്റ് ചെയ്യാനും, യാത്ര ചെയ്യാൻ അനുവദിക്കുന്ന ക്വാറന്റയ്ൻ റിലീസ് സർട്ടിഫിക്കറ്റ് വാങ്ങാനും അവർക്ക് ആംബുലൻസിലോ കാറിലോ ആശുപത്രിയിൽ പോകേണ്ടി വരുന്നത് ഒരു നല്ല കാര്യമാണോ? അവരുടെ ടെസ്റ്റുകൾ എങ്കിലും വീടുകളിൽ ചെയ്യാനുള്ള സൗകര്യം താലൂക്ക് ലെവൽ വരെ ഒരുക്കേണ്ടതല്ലേ? സർട്ടിഫിക്കറ്റ് മൊബൈൽ, ഇ-മെയിൽ തുടങ്ങിയ സംവിധാനങ്ങളിലൂടെ അയക്കാൻ കഴിയില്ലേ, മറുപടി നിർബന്ധമാക്കികൊണ്ട്? ഇതിനു തടസ്സം സാമ്പത്തികമോ, സാങ്കേതികമോ സംഘടനാപരമോ? ( ഒരു രോഗലക്ഷണവും ഇല്ലാതിരുന്ന ഞങ്ങൾ ഭയത്തോടെയാണ് രണ്ടു കുറി, ബിന്ദു മൂന്ന് കുറി, കോവിഡ് രോഗികൾ ധാരാളമുള്ള ആശുപത്രികളിൽ പോയത്)

രണ്ട്: ക്വാറന്റയ്ൻ ഘട്ടം കഴിഞ്ഞ ഒരാൾ, പരിശോധന കഴിഞ്ഞു മൂന്നു ദിവസത്തിന് ശേഷം താൻ യാത്ര ചെയ്യാൻ പോകുന്നു എന്നറിയിച്ചു ക്വാറന്റയ്ൻ റിലീസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോൾ, പരിശോധനാഫലം വന്നിരിക്കില്ലേ? അത് നോക്കിയിട്ടല്ലേ സർട്ടിഫിക്കറ്റ് നൽകാവൂ? അതല്ലേ ഡോക്ടർമാരുടെ തൊഴിൽസദാചാരം? ഐ.സി.എം.ആറിന്റെതല്ലല്ലോ?

മൂന്ന്: സ്രവ (സ്വാബ്)പരിശോധനയുടെ ഫലം സ്രവമെടുത്ത ആശുപത്രിയിൽ എത്താൻ എത്ര ദിവസം എടുക്കും? എന്തുകൊണ്ടാണ് യാത്ര കഴിഞ്ഞ ശേഷം, സ്രവം സ്വീകരിച്ചതിന്റെ ആറാം ദിവസം മാത്രം ഞങ്ങളെ വിളിച്ചു ഞങ്ങളിൽ ഒരാൾ പോസിറ്റിവ് ആണെന്ന സംശയം അറിയിച്ചത്? സർട്ടിഫിക്കറ്റ് നൽകുമ്പോൾ അറിയിച്ചിരുന്നെങ്കിൽ, അഥവാ സർട്ടിഫിക്കറ്റ് നല്കാതിരുന്നെങ്കിൽ, ഞങ്ങൾ തീർച്ചയായും മറ്റൊരു നഗരത്തിലേക്ക് സഞ്ചരിക്കുമായിരുന്നില്ലല്ലോ?

നാല്: ഈ രോഗത്തെ സംബന്ധിച്ച പത്രവാർത്തകളുടെ ഉറവിടം എന്താണ്? അവ ആധികാരികമാണ് എന്ന് ഉറപ്പു വരുത്താനുള്ള സംവിധാനങ്ങൾ എന്താണ്? പോസിറ്റിവ് ആയ ആളെ തിരിച്ചറിയും വിധമാണോ റിപ്പോർട്ട്‌ നൽകേണ്ടത്​? അതിൽ അസത്യങ്ങൾ തോന്നിയ പോലെ എഴുതിപ്പിടിപ്പിക്കാമോ? അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടവർ ചിന്തിച്ചിട്ടുണ്ടോ? (ഞങ്ങളുടെ കാര്യത്തിൽ രണ്ടു പത്രങ്ങൾ- ഒരു പക്ഷെ അതിൽ കൂടുതൽ- കല്ലു വെച്ച നുണകൾ പ്രചരിപ്പിക്കുകയുണ്ടായി. കൃത്യമായും ഞങ്ങളെ തിരിച്ചറിയാവുന്ന രീതിയിൽ റിപ്പോർട്ട്‌ ചെയ്തതുപോകട്ടെ. പൊസിറ്റിവ് എന്ന സംശയം ഇല്ലാതിരുന്നിട്ടും, ഇന്നുവരെ ഒരു രോഗലക്ഷണവും കാണാതിരുന്നിട്ടും, ക്വാറന്റയ്ൻ കാലത്ത് മാത്രമല്ല, പതിനേഴു ദിവസം മുഴുവൻ, താമസിച്ചിരുന്ന വീടിന്റെ മുറ്റത്ത് പോലും ഇറങ്ങാതിരുന്നിട്ടും, രോഗവുമായി എന്റെ വീട്ടുകാരി ചുറ്റി നടന്നു 22 പേർക്ക് അത് പകർത്തി എന്ന റിപ്പോർട്ട്‌ എവിടെ നിന്നാണ് ആ ലേഖകന് കിട്ടിയത്? അതു ആശുപത്രിയിൽ നിന്നാണെങ്കിൽ, ആശുപത്രി അധികൃതർ ഇങ്ങിനെ ഉത്തരവാദിത്തമില്ലാതെ പെരുമാറാമോ? അല്ലാ, റിപ്പോർട്ടറുടെ ഭാവനാസൃഷ്ടിയാണെങ്കിൽ പത്രപ്രവർത്തകർ വാർത്തകൾക്ക് ഹരം കൂട്ടാനായി –വിശേഷിച്ചും ഇരകൾ സ്ത്രീകൾ ആണെങ്കിൽ-ഇത്രയ്ക്ക് നരഭോജികൾ ആകേണ്ടതുണ്ടോ? അത് ഞങ്ങൾക്ക് വരുത്തി വെച്ച വേദനയും അവമതിയും വിവരിക്കാൻ കഴിയാത്തതാണ്.)

അഞ്ച്: എന്തുകൊണ്ടാണ് ഒരേ വിവരങ്ങൾ - വരുന്ന വിലാസം, പോകുന്ന വിലാസം, വീട്ടിലേക്കുള്ള വഴി, ഫോൺ നമ്പറുകൾ, സഞ്ചരിച്ച വിമാനത്തിന്റെയും വാഹനങ്ങളുടെയും വിവരങ്ങൾ - മിക്കവയും ഞങ്ങളുടെ പാസ്സിൽ ഉള്ളതും വീണ്ടും വിമാനത്താവളത്തിൽ നൽകിയതുമായ വിവരങ്ങൾ-അനേകം ഏജൻസികൾക്ക്, പലപ്പോഴും ഒരേ ഏജൻസിക്ക്- പല വട്ടം നൽകേണ്ടി വരുന്നത്? അവർ തമ്മിലുള്ള സംവേദനം, സംവേദനസാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലത്ത്, കുറച്ചുകൂടി ശക്തമാക്കാൻ കഴിയില്ലേ? ചെറുപ്പക്കാർക്ക് ഈ വിഷമകാലത്ത് തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് കൂടി പറയട്ടെ)

ആറ്: ഫ്ലാറ്റുകളിലെ താമസക്കാരുടെ സംഘടനകൾക്ക്, സർക്കാർ ഉത്തരവുകൾക്കുമപ്പുറം അവരുടെതായ പ്രോട്ടോക്കോൾ നിബന്ധനകൾ ഉണ്ടാക്കാൻ അധികാരമുണ്ടോ? അങ്ങിനെ ചിലർ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഞാൻ കണ്ടത് ഞങ്ങളെ കൊണ്ടു വന്ന ഡ്രൈവറും ഇവിടത്തെ കാവൽക്കാരനും കൂടുതൽ അനുഭാവത്തോടെ, മനുഷ്യത്വത്തോടെ, രോഗ സന്ദർഭത്തെ മനസ്സിലാക്കുന്നതാണ്.

ഏഴ്: പൊസിറ്റിവ് ആയ ആൾ നെഗറ്റിവ് ആയിക്കഴിഞ്ഞാലും - ആ ആളെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഒരാഴ്ച ക്വാറന്റയ്ൻ എന്ന് എഴുതി ഒപ്പിടുവിച്ച ശേഷം, ഒരാഴ്ച എന്ന് ആ ആളുടെ പ്രൈമറി കോൺടാക്റ്റുകളെയും അറിയിച്ചശേഷം , വീണ്ടും ഹെൽത്ത്​വർക്കർമാർ വിളിച്ച് ഒരാഴ്ച എന്നത് ഡി.എം. ഒ പതിനഞ്ചു ദിവസമാക്കി എന്ന് ഒരു സാധാരണ കാര്യം പോലെ വിളിച്ചു പറയുന്നതിന്റെ ലോജിക് എന്താണ്? (ഡൽഹി എന്ന നരകത്തിൽ നിന്ന് കേരളം എന്ന സ്വർഗ്ഗത്തിലേയ്ക്കു വന്ന എനിക്കു കിട്ടിയ ശിക്ഷ 35 ദിവസത്തെ ക്വാറന്റയ്ൻ എന്നർത്ഥം). സമൂഹവ്യാപനമുണ്ടെന്ന് സമ്മതിക്കാതിരിക്കാൻ പൗരർക്കു നൽകുന്ന യുക്തിരഹിതമായ ശിക്ഷയാണോ ഇത് ?

എട്ട്: പുറത്തുനിന്ന് കേരളത്തിൽ എത്തുന്നവർക്കു തന്നെ പല നിയമങ്ങൾ എന്തുകൊണ്ടു നടപ്പിലാക്കുന്നു? ഞങ്ങൾ വന്നതിനു തൊട്ടുമുമ്പ്​ ഡൽഹിയിൽ നിന്നുതന്നെ വന്നവർക്ക് സ്രവ പരിശോധന തന്നെ ഉണ്ടായില്ല. നടത്തിയിരുന്നെങ്കിൽ അവർ പൊസിറ്റിവ് ആകുമായിരുന്നില്ലെന്ന് എന്താണുറപ്പ്? രണ്ടു മൂന്നു ദിവസത്തേക്ക് വന്നു പോകുന്നവർക്കു ക്വാറന്റയ്ൻ തന്നെ ആവശ്യമില്ലെന്നും പറയുന്നു. (അതു വേണമെന്നു പറയുകയല്ല) ഇങ്ങനെ ഒരു സംസ്ഥാന വ്യാപകമായ നയമില്ലാത്തതുകൊണ്ടു കൂടിയല്ലേ ആരോഗ്യ പ്രവർത്തകർക്കിടയിൽ തന്നെ അവ്യക്തതയും സമൂഹവ്യാപനവുമുണ്ടാകുന്നത്? അത് പട്ടാളത്തെ ഇറക്കി പരിഹരിക്കാനാവുമോ? ഒരു പൊതുനയം ഉണ്ടാകേണ്ടതില്ലേ?

ഈ ചോദ്യങ്ങൾ, അഥവാ നിർദ്ദേശങ്ങൾ, ഞാൻ ഉന്നയിക്കുന്നത് സംവിധാനത്തിൽ ഉണ്ടെന്നു എനിക്ക് തോന്നിയ ചില പിഴവുകൾ അടയ്ക്കുവാൻ സഹായിക്കാൻ മാത്രമാണ്. ഇവ വ്യക്തിപരമായ പരാതികളല്ലാ എന്ന് വീണ്ടും വ്യക്തമാക്കട്ടെ.

ഒരു വെറും സാധാരണക്കാരന്റെ ഈ ചോദ്യങ്ങളിൽ ഒരു പൊതു ചോദ്യം കൂടി ഞാൻ കൂട്ടിച്ചേർക്കട്ടെ. ഇത് ഒരു പുതിയ വൈറസ്‌ ആണെന്നും അതിന്റെ നീക്കങ്ങളും പെരുമാറ്റവും ഇപ്പോഴും ഗവേഷണ വിധേയമാണെന്നും പ്രധാനമന്ത്രി കൽപ്പിച്ചതുകൊണ്ട് മാത്രം കൊറോണ വാക്സിൻ നമ്മുടെ സ്വാതന്ത്ര്യദിനത്തെ കൂടുതൽ വർണശബളമാക്കില്ലെന്നും എനിക്ക് ആരെയും പോലെ നന്നായറിയാം. എങ്കിലും ശാസ്ത്രജ്ഞരെപ്പോലും വിനയം പഠിപ്പിക്കുന്ന, മനുഷ്യരെ വീട്ടുതടങ്കലിൽ വെച്ച് പ്രകൃതിസംരക്ഷണപാഠം പഠിപ്പിക്കുന്ന, ജനങ്ങളെ ദുർബ്ബലരായ ആശ്രിതരും ഭരണകൂടങ്ങളെ കൂടുതൽ ശക്തരുമാക്കുന്ന, നമ്മുടെ ഭൗതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മതങ്ങളെ ആശ്രയിക്കരുത് എന്ന് വ്യക്തമാക്കുന്ന, നാം ഉണ്ടാക്കിയ അസമവും അനൈതികവുമായ സാമൂഹ്യ വ്യവസ്ഥകളെ പുനഃപരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, എന്തോ ഒന്ന് ഈ വംശചരിത്ര സന്ദർഭത്തിൽ ഇല്ലേ?

ഏതായാലും ഈ മഹാമാരി ശാരീരികം എന്നതിനേക്കാൾ സാമ്പത്തികവും സാമൂഹ്യവും മാനസികവുമാണ് എന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു . നന്ദി, ജീവിതമേ, നന്ദി!


കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments