സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതുമുതൽ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായിട്ടുള്ളത്. ഇതിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്.
ഈഡിസ് കൊതുകുകൾ വഴി പകരുന്ന വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തൊട്ടാകെ ഓരോ വർഷവും 10 മുതൽ 40 കോടി വരെ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാരാജ്യങ്ങളിൽ സർവ്വസാധാരണമാണ് ഈ അസുഖം.
കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി വലിയ രീതിയിലുള്ള ജാഗ്രതയുണ്ടായിട്ടുപോലും ഓരോ വർഷവും പതിനായിരക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടാത്ത അനവധി കേസുകൾ വേറെയുമുണ്ടെന്ന് സാരം.
വീടുകളിലെ പൊട്ടിയ പാത്രങ്ങൾ, ചിരട്ടകൾ, ഫ്രിഡ്ജ്, പൂച്ചെടികൾ തുടങ്ങിയ വസ്തുക്കളിലാണ് മുൻകാലങ്ങളിൽ കൂടുതലായും ഈഡിസ് ലാർവ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള വിട്ടുവിട്ടുള്ള ചാറ്റൽമഴയും ആഗോളതാപനം മൂലമുള്ള ഉയർന്ന താപനിലയും ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്.
അശാസ്ത്രീയ നഗരവൽക്കരണത്തിന്റെ ഫലമായി രൂപപ്പെടുന്ന പൊതുനിരത്തിലെ കുഴികൾ, കെട്ടിക്കിടക്കുന്ന തോടുകൾ, കോൺക്രീറ്റ് സ്ലാബുകളിലെ ദ്വാരങ്ങൾ, നിർമ്മാണസ്ഥലങ്ങൾ എന്നിവയിലെല്ലാം ഇന്ന് വ്യാപകമായി ഈഡിസ് ലാർവ കണ്ടുവരുന്നു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ്.
കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഇത്തരം പൊതുയിടങ്ങളിലെ ലാർവാസാന്നിധ്യവും ചേരുമ്പോൾ വരുംദിവസങ്ങളിൽ വലിയൊരു ഡെങ്കിപ്പനി വ്യാപനത്തിന് സാഹചര്യം ഒരുങ്ങുകയാണ്. കെട്ടിടനിർമ്മാണസ്ഥലങ്ങളിൽ ഡ്രമ്മുകളിലും മറ്റും അശ്രദ്ധമായി ശേഖരിച്ചുവെക്കുന്ന വെള്ളം കൊതുകിന്റെ പ്രധാന പ്രജനനകേന്ദ്രങ്ങളാണ്; ഈ മേഖലയിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
ഇത്തരം കൊതുക് പ്രജനന കേന്ദ്രങ്ങളുടെ വർദ്ധനവ് വ്യക്തമാക്കുന്നത്, ഡെങ്കിപ്പനി പ്രതിരോധം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് നഗരാസൂത്രണവുമായും മാലിന്യസംസ്കരണവുമായും ബന്ധപ്പെട്ട വിശാല പ്രശ്നമാണ് എന്നാണ്.

രോഗലക്ഷണങ്ങളും
ക്ലിനിക്കൽ ചിത്രവും
പനി, ക്ഷീണം, തലവേദന, ശരീരവേദന, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സിക്കുന്നതാണ് ഉത്തമം. കൂടാതെ നിർത്താതെയുള്ള ഛർദ്ദി, വയറുവേദന, രക്തസ്രാവ ലക്ഷണങ്ങൾ, ശ്വാസതടസ്സം എന്നീ ഗുരുതര ഡെങ്കിപ്പനി ലക്ഷണങ്ങൾ ഉള്ളവർ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
വൈറസ് ശരീരത്തിലെ രക്തക്കുഴലുകളുടെ സ്വാഭാവികപ്രവർത്തനത്തിൽ വ്യതിയാനം വരുത്തുകയും നിർജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ പ്ലേറ്റ്ലറ്റ് കണികകളെ നശിപ്പിക്കുകയും രക്തം കട്ടപിടിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും ചെയ്യുന്നതിനാൽ രക്തസ്രാവ സാധ്യതയിലേക്ക് നയിക്കുന്നു. കരൾ, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങളെയും രോഗം ബാധിക്കുന്നുണ്ട്. ഡെങ്കി വൈറസിൽ നാല് സെറോടൈപ്പുകൾ (DENV-1, 2, 3, 4) ഉണ്ട്; ഒരു ടൈപ്പ് ബാധിച്ചാൽ ജീവിതകാലം മുഴുവൻ ആ ടൈപ്പിനെതിരെ പ്രതിരോധം ലഭിക്കും. എന്നാൽ ഒന്നിലധികം ടൈപ്പ് ബാധിക്കുന്ന സ്ഥിതിയിൽ ഡെങ്കി ഹെമറേജിക് ഫീവർ (DHF), ഡെങ്കി ഷോക്ക് സിൻഡ്രോം (DSS) ഉൾപ്പെടെ ഗുരുതരമായ അവസ്ഥകൾക്കും സാധ്യതയുണ്ട്.
രോഗനിർണ്ണയവും
ചികിത്സയും
രോഗനിർണ്ണയം രക്തപരിശോധനയിലൂടെ നടത്തുന്നു. പനി തുടങ്ങി ആദ്യ ദിവസങ്ങളിൽ NS1 ആന്റിജൻ ടെസ്റ്റും അഞ്ചു ദിവസങ്ങൾക്ക് ശേഷം ആന്റിബോഡി ടെസ്റ്റും നടത്താവുന്നതാണ്. ഭൂരിപക്ഷം രോഗബാധിതരിലും രണ്ടാഴ്ചയ്ക്കകം രോഗം ഭേദമാകുന്നതാണ്.
നിലവിൽ ഡെങ്കി വൈറസിനെതിരെ നേരിട്ടുള്ള മരുന്നുകൾ ലഭ്യമല്ല; രോഗലക്ഷണങ്ങൾക്കനുസൃതമായ ചികിത്സ- പ്രധാനമായും നിർജലീകരണം പുനഃസ്ഥാപിക്കൽ- ആണ് പിന്തുടരുന്നത്. ഭൂരിഭാഗം രോഗബാധിതർക്കും പ്ലേറ്റ്‌ലെറ്റ് കണികകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായേക്കാം എങ്കിലും രക്തപരിവർത്തനം എല്ലാവർക്കും ആവശ്യമില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ പ്ലേറ്റ്‌ലെറ്റ് കണികകളുടെ എണ്ണത്തിലെ കുറവിനെപ്പറ്റി അമിതഭീതി ആവശ്യമില്ല. ഗുരുതര രക്തസ്രാവലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം രക്തഘടകങ്ങൾ നൽകേണ്ടിവരാം.
വയോജനങ്ങൾ, ഗർഭിണികൾ, ശിശുക്കൾ, പ്രതിരോധശേഷി കുറഞ്ഞ ആളുകൾ, മറ്റ് അസുഖങ്ങളുള്ളവർ, മുൻപ് ഡെങ്കിപ്പനി വന്നിട്ടുള്ളവർ തുടങ്ങിയ ആളുകളിൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത ഏറെയാണ് എന്നതുകൊണ്ട് ഇത്തരത്തിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.

പ്രതിരോധം:
ചികിത്സയേക്കാൾ ഫലപ്രദം
രോഗത്തെ ചികിത്സിക്കുന്നതിനേക്കാൾ എളുപ്പമാണ് പ്രതിരോധിക്കുന്നത്. പ്രതിരോധ മാർഗ്ഗങ്ങൾ മൂന്നായി തിരിക്കാം:
കൊതുക് പ്രജനന സ്രോതസ്സുകളുടെ നശീകരണം, വ്യക്തിഗത പ്രതിരോധ മാർഗ്ഗങ്ങൾ, കൊതുക്/ലാർവ നശീകരണ മാർഗ്ഗങ്ങൾ.
ഈഡിസ് കൊതുക് പ്രധാനമായും പകൽ സമയത്ത്- പ്രത്യേകിച്ച് പ്രഭാതത്തിലും സന്ധ്യയ്ക്ക് മുൻപേയും-ആണ് കടിക്കുന്നത്. അതിനാൽ പകൽ ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുന്നതിനൊപ്പം, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ (റിപ്പല്ലന്റ്) പുരട്ടുക, ജനലുകളിൽ വല ഘടിപ്പിക്കുക തുടങ്ങിയ വ്യക്തിഗതമാർഗങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.
പ്രതിരോധമാർഗങ്ങളിൽ ഏറ്റവും ഫലപ്രദം ഉറവിട നശീകരണം (Source Reduction) ആണ്. ഡ്രൈ ഡേ -ആഴ്ചയിൽ ഒരു ദിവസം വെള്ളം കെട്ടിക്കിടക്കാൻ ഇടയുള്ള എല്ലാ ഇടങ്ങളും ശുചിയാക്കൽ- ഇതിന്റെ ഏറ്റവും ലളിതമായ ആചരണമാണ്. ഓരോ സബ് സെന്ററിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ അതത് ആരോഗ്യപ്രവർത്തകരും (JHI/JPHN/MLSP) ആശ വർക്കർമാരും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഓരോ വാർഡിലും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെ ഉൾക്കൊണ്ടുകൊണ്ട് VHSNC അഥവാ വില്ലേജ് ഹെൽത്ത് സാനിറ്റേഷൻ ന്യൂട്രീഷൻ കമ്മിറ്റി പ്രവർത്തിക്കേണ്ടതാണ്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ ചിലയിടങ്ങളിൽ നാമമാത്രമായി അവശേഷിക്കുന്നു.
പൊതുജനാരോഗ്യം കൂട്ടായ ഉത്തരവാദിത്വമാണ്. വിവിധ വകുപ്പുകളുടെയും വ്യക്തികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ കഴിയൂ. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. നിലവിൽ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ ഓഫീസ് സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ അത് പലപ്പോഴും പാലിക്കപ്പെടാറില്ല.
മാത്രമല്ല, നിലവിലെ ലാർവകളുടെ സാന്നിധ്യം പരിശോധിച്ചാൽ പ്രീ-മൺസൂൺ മുൻകരുതലുകൾ എടുക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച വന്നിട്ടുണ്ട് എന്ന് വേണം കണക്കാക്കാൻ. പൊതുയിടങ്ങളിലെ ലാർവകളുടെ സാന്നിധ്യം നഗര ആസൂത്രണത്തിന്റെ വലിയ പോരായ്മയാണ്. ആരോഗ്യവകുപ്പിന് മാത്രമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ വലിയ വെല്ലുവിളികളുണ്ട്. താൽക്കാലിക പ്രതിരോധ മാർഗങ്ങളായ ഫോഗിംഗ്, ലാർവയ്ക്കെതിരായുള്ള മരുന്ന് എന്നിവ പ്രയോഗിക്കുന്നതിനപ്പുറം സുസ്ഥിരമായ പ്രതിരോധ മാർഗങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മേൽക്കൈയെടുത്ത് ചെയ്യേണ്ടതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയ രീതി പിന്തുടരേണ്ടതുണ്ട്. മഴക്കാലത്തിന് മുൻപുതന്നെ പൊതുയിടങ്ങളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, ഓടകളും തോടുകളും വൃത്തിയാക്കുക, നിർമ്മാണ സ്ഥലങ്ങളിൽ ജല ശേഖരണം നിരീക്ഷിക്കുക, ഉറവിട നശീകരണം ആസൂത്രിതമായി ഏകോപിപ്പിക്കുക എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൂട്ടി ഏറ്റെടുക്കേണ്ടതുണ്ട്.

ഡെങ്കിപ്പനി കേവലം ഒരു ആരോഗ്യപ്രശ്നം അല്ല. മറിച്ച് അതൊരു സഹ-പകർച്ച പ്രതിഭാസമായി (syndemic) കണക്കാക്കേണ്ടിവരും. സിൻഡെമിക് എന്നത് രോഗങ്ങൾക്കൊപ്പം ആ രോഗത്തെ സങ്കീർണ്ണമാക്കുന്ന സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പശ്ചാത്തലത്തെ കൂടി ഉൾക്കൊള്ളുന്നു. നൂറ്റാണ്ടുകളായി ഉള്ള രോഗമാണ് ഡെങ്കിപ്പനി എങ്കിലും മാറുന്ന ലോകത്തിലെ പുത്തൻ പ്രശ്നങ്ങളായ അശാസ്ത്രീയ നഗരവൽക്കരണവും മാലിന്യസംസ്കരണത്തിലെ വീഴ്ചയും കാലാവസ്ഥാ വ്യതിയാനവും രോഗവ്യാപനത്തിന്റെ രീതിയിൽ പരിവർത്തനം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരമ്പരാഗത പ്രതിരോധ മാർഗങ്ങൾ മതിയാകാതെവരും.
ആരോഗ്യത്തെ മുൻനിർത്തി ജനകീയാസൂത്രണം നടപ്പിലാക്കേണ്ടതുണ്ട്. നഗരവൽക്കരണം, പരിസ്ഥിതിപ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകേണ്ടതുണ്ട് (Health in All Policies). കൂടാതെ മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള സന്തുലനാവസ്ഥയിൽ താളപ്പിഴകൾ ഉണ്ടാകുമ്പോഴാണ് പകർച്ചവ്യാധികൾ വ്യാപകമാകുന്നത്. ഇതിനുദാഹരണമായി നിപ്പയും കോവിഡ് വ്യാപനവും നാം കണ്ടതാണ്. മനുഷ്യർ–മൃഗങ്ങൾ–പരിസ്ഥിതി എന്നീ മൂന്ന് ഘടകങ്ങളുടെ ആരോഗ്യത്തെ സംയോജിപ്പിച്ച് രോഗങ്ങൾ തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ബഹുമേഖലാസമീപനം കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്.
