പൊറുക്കാനാകാത്ത
മുറിവുകളുടെ ​കേരളം

2014 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ കേരളത്തിൽ നിന്നു മാത്രമായി നിരവധി മെഡിക്കൽ അശ്രദ്ധാ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇരകൾക്ക് നീതി ലഭ്യമായിട്ടുണ്ടോ? ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്താണ്? ഒരു അന്വേഷണം.

2023-ൽ നിതി ആയോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം. ചെറിയ കാലയളവുകൊണ്ടല്ല, കേരളം ഈ നേട്ടം കൈവരിച്ചത്. സാമാന്യ ജനസമൂഹത്തിന്റെ പൗരാവകാശബോധ്യങ്ങളിലൂന്നിയ ഇടപെടലുകളും അതിന് ഭരണകൂടങ്ങൾ നൽകിയ പിന്തുണയും അത് രൂപ​പ്പെടുത്തിയെടുത്ത സവിശേഷമായ പൊതുജനാരോഗ്യമേഖലയുമെല്ലാമാണ് ഈ നേട്ടത്തിന്റെ അവകാശികൾ.

ഈ നേട്ടങ്ങളെ സംശയനിഴലിലാക്കുന്ന നിരവധി സംഭവങ്ങളാണ് സർക്കാർ ആശുപത്രികളിൽനിന്ന് തുടർച്ചയായി പുറത്തുവരുന്നത്. ആധുനിക സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ആരോഗ്യപ്രവർത്തകരും ചെലവു കുറഞ്ഞ ചികിത്സാസംവിധാനങ്ങളുമാണ് സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് സാധാരണക്കാരെ എത്തിക്കുന്നത്. അത്തരം ആശുപത്രികളിൽ നിന്ന് തുടർച്ചയായി ഉയർന്നുവരുന്ന ചികിത്സാപിഴവുകൾ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അത്തരം ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

2023-ൽ നിതി ആയോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം.
2023-ൽ നിതി ആയോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം.

2014 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ കേരളത്തിൽ നിന്നു മാത്രമായി നിരവധി മെഡിക്കൽ അശ്രദ്ധാ (Medical negligence) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇരകൾക്ക് നീതി ലഭ്യമായിട്ടുണ്ടോ? ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്താണ്? ഡോക്ടർമാർ മാത്രമാണോ കുറ്റക്കാർ? സർക്കാർ സംവിധാനങ്ങൾ ഇത്തരം കേസുകളിൽ എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളത്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.

കേരളത്തിൽ 2014-ൽ 529 മെഡിക്കൽ നെഗ്ലിജൻസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2015-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMO) പുറത്തുവിട്ട കണക്കുകൾ പ്രകാരം വിവിധ ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെ ഫയൽ ചെയ്ത കേസുകൾ 529-ൽനിന്ന് 192 ആയി കുറഞ്ഞു. അത് 2016 ആകുമ്പോഴേക്കും 80 ആയി കുറഞ്ഞു.
രാജ്യവ്യാപകമായി പത്ത് വർഷത്തിനിടെ സുപ്രീംകോടതിയിൽ മെഡിക്കൽ അശ്രദ്ധയുമായി ബന്ധപ്പെട്ട കേസുകളിൽ 400 ശതമാനത്തിന്റെ വർധനയാണുണ്ടായതെന്ന് ‘മനുപത്ര ഏജൻസി’ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ കേരളത്തിലാകട്ടെ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെഡിക്കൽ അശ്രദ്ധയുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവാണ്.

മെഡിക്കൽ നെഗ്ലിജൻസിന് ഇരയാകുന്ന മനുഷ്യർക്കൊപ്പം നിൽക്കേണ്ട സർക്കാർ സംവിധാനങ്ങൾ പലപ്പോഴും ഇരകളെ ശത്രുപക്ഷത്തുനിർത്തി വേട്ടയാടുന്നു

ഈയൊരു സാഹചര്യത്തിലാണ് കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ ചില ചികിത്സകളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഗുരുതര ആരോപണങ്ങളുണ്ടായത്.

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഉയർന്ന പ്രധാന കേസ് കെ.കെ. ഹർഷിനയുടേതാണ്. 2017 സെപ്തംബറിൽ പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റിൽ കത്രിക മറന്നുവെച്ചതിനെ തുടർന്ന് ഏഴുവർഷങ്ങളായി അതികഠിനമായ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹർഷിന ആരോഗ്യ കേരളത്തിന് മുന്നിൽ ചോദ്യ ചിഹ്നമാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെയാണ് അവരുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് ​പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒടുവിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) വയറ്റിൽ നിന്ന് കണ്ടെടുത്തപ്പോൾ ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾ അവർക്ക് എതിരായി. പ്രഖ്യാപിക്കപ്പെട്ട തുച്ഛമായ നഷ്ടപരിഹാരം പോലും കിട്ടിയില്ല. ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുപോലും പാഴായി. അവർ, ഇപ്പോഴും ഒരു ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽ തന്നെയാണ്.

ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച മുരുകന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി കൊടുക്കുന്നു
ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച മുരുകന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി കൊടുക്കുന്നു

മെഡിക്കൽ നെഗ്ലിജൻസിന് ഇരയാകുന്ന മനുഷ്യർക്കൊപ്പം നിൽക്കേണ്ട സർക്കാർ സംവിധാനങ്ങൾ പലപ്പോഴും ഇരകളെ ശത്രുപക്ഷത്തുനിർത്തി വേട്ടയാടുന്നു എന്നതാണ് ഇത്തരം കേസുകളിലെ പ്രധാന പ്രശ്‌നം. ഇത്തരം സംഭവങ്ങളിൽ സുതാര്യമായിട്ടല്ല സംവിധാനങ്ങൾ ഇടപെടുന്നത്. അതുകൊണ്ടുതന്നെ ഇവ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുന്നതിനുപകരം സർക്കാർ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഹർഷിനയടക്കം നിരവധിയാളുകളുടെ കാര്യത്തിൽ സർക്കാർ അനാസ്ഥ പ്രകടവുമാണ്.

ഹർഷിനയല്ല, കേരളത്തിലെ ആദ്യ മെഡിക്കൽ നെഗ്ലിജൻസ് ഇര. മെയ് 17-നാണ് ചെറുവണ്ണൂർ മധുര സ്വദേശിയായ നാലു വയസുകാരിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മാറി ചെയ്തത്. മെയ് 16-ന് രാവിലെ കുട്ടിയുടെ ഇടതുകയ്യിലെ ആറാം വിരൽ നീക്കാൻ കുടുംബം ആശുപത്രിയിലെത്തി. ശസ്ത്രക്രിയ പൂർത്തിയാക്കിയെന്നു പറഞ്ഞ് വാർഡിൽ കൊണ്ടുവന്ന കുഞ്ഞിന്റെ വായിൽ പഞ്ഞി വെച്ചിരിക്കുന്നത് കണ്ട കുടുംബം ഇതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് വിരലുകൾക്കുപകരം നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നു മനസിലായത്. ആരോഗ്യ കേരളം മൂക്കിൽ വിരൽവെക്കേണ്ടിവന്ന ദിവസമായിരുന്ന അത്. നാവിലുള്ള കെട്ടിന് നടത്തിയ ശസ്ത്രക്രിയ കുട്ടിക്ക് യാതൊരു അപകടത്തിനും കാരണമായില്ലെങ്കിലും ഗുരുതര ചികിത്സാപ്പിഴവായിരുന്നു അത്. നാവിനുതാഴെ ഒരു കെട്ടുണ്ടായിരുന്നുവെന്നും ഇത് ഡോക്ടർ കണ്ടെത്തി ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നുമായിരുന്നു ആശുപത്രി കുട്ടിയുടെ കുടുംബത്തിന് നൽകിയ വിശദീകരണം. നാലു വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് കൺസെന്റ് വാങ്ങാതെയും ഈ രോഗവുമായി ബന്ധ​പ്പെട്ട പരിശോധന നടത്താതെയുമാണ് ശസ്ത്രക്രിയ എന്നത് ഈ കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ വെളിവാക്കുന്നു. ഈ വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ സസ്‌പെൻഡ് ചെയ്തു.

2017-ൽ ചികിത്സ നിഷേധത്തെ തുടർന്ന് മരിച്ച മുരുകന്റെ കുടുംബത്തോട് കേരളത്തിന്റെ മുഖ്യമന്ത്രി മാപ്പ് പറഞ്ഞിരുന്നു. എന്നിട്ട് എന്ത് സംഭവിച്ചു? ആ നിയമനിർമാണത്തിന്റെ കഥ എന്താണ്?

ഒരു ലക്ഷം രൂപ നൽകിയാലോ ഡോക്ടറെ സസ്‌പെൻഡ് ചെയ്താലോ തങ്ങൾക്ക് നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ തിരിച്ചുകിട്ടില്ലല്ലോ എന്ന് നെഞ്ച് വിങ്ങി ഒരമ്മ ചോദിച്ചത് 2015 സെപ്റ്റംബറിലായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രി കയ്യൊഴിഞ്ഞതോടെയാണ് ഒറ്റ പ്രസവത്തിലുണ്ടായ മൂന്ന് കുട്ടികളെ വാളാട് എടത്തന കുറിച്യ കോളനിയിലെ അനിതക്ക് നഷ്ടപ്പെട്ടത്. ചികിത്സ നിഷേധിക്കപ്പെട്ടതിനെതുടർന്ന് മാനന്തവാടിയിൽനിന്ന് 130 കിലോമീറ്റർ ദൂരെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകന്നതിനിടയിൽ രണ്ട് കുട്ടികൾ ആംബുലൻസിലും ഒരാൾ മെഡിക്കൽ കേളേജിലെത്തി ഏതാനും മണിക്കൂറുകൾക്കിടയിലുമാണ് മരിച്ചത്. ചികിത്സ നിഷേധിച്ച് ഡ്യൂട്ടിയിൽ ഗുരുതരവീഴ്ച വരുത്തിയ ഗൈനക്കോളജി വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായിരുന്ന ടി.കെ. സുഷമയെ സസ്‌പെൻഡ് ചെയ്യുകയും കുട്ടികളുടെ മാതാവ് അനിതക്ക് അടിയന്തര ചികിത്സാസഹായത്തിനായി ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

2017 ആഗസ്റ്റിലാണ് കൊല്ലം ഇത്തിക്കരയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച തിരുനൽവേലി സ്വദേശി മുരുകന് ജീവൻ നഷ്ടപ്പെട്ടത്. അയാളെ മരണത്തിലേക്ക് തള്ളിവിട്ടത് ഡോക്ടർമാരുടെ അശ്രദ്ധ മാത്രമായിരുന്നില്ല, മെഡിക്കൽ സൗകര്യങ്ങളുടെ അഭാവവുമായിരുന്നു. മുരുകനെ ആശുപത്രിയിലെത്തിച്ച സമയത്ത് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഒഴിവില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് ആശുപത്രി അതികൃതർ നൽകിയ വിശദീകരണം.

അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച മുരുകനെ വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ ആം ബ്യു ബാഗ് ഉപയോഗിച്ച് ചികിത്സ നൽകാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞുവെങ്കിലും ഒന്നും പറയാതെ ആംബുലൻസുകാർ അയാളെ കൊണ്ടുപോവുകയായിരുന്നു എന്നാണ്, സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മുരുകനെ കൊണ്ടുവന്ന സമയത്ത് അത്യാഹിത വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർ ആംബുലൻസിലെത്തി പരിശോധിച്ചശേഷം മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് സ്ഥിരീകരിക്കുകയും തുടർന്ന് അഡ്മിറ്റായാൽ വെന്റിലേറ്ററിനുപകരം ആംബ്യു ബാഗ് സംവിധാനം ഒരുക്കാമെന്നുമാണ് മുരുകനൊപ്പം വന്നവരോട് പറഞ്ഞത്. എന്നാൽ, ഒ പി ടിക്കറ്റ് എടുക്കാനോ ആംബ്യു ബാഗിനെ കുറിച്ച് പറയാനോ നിൽക്കാതെ ആംബുലൻസ് ജീവനക്കാർ മുരുകനെ കൊണ്ടുപോവുകയായിരുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

വാളാട് എടത്തന കുറിച്യ കോളനിയിലെ അനിതക്ക്  ഒറ്റ പ്രസവത്തിലുണ്ടായ മൂന്ന് കുട്ടികളാണ് ചികിത്സാപ്പിഴവിനെതുടർന്ന്  മരിച്ചത്.
വാളാട് എടത്തന കുറിച്യ കോളനിയിലെ അനിതക്ക് ഒറ്റ പ്രസവത്തിലുണ്ടായ മൂന്ന് കുട്ടികളാണ് ചികിത്സാപ്പിഴവിനെതുടർന്ന് മരിച്ചത്.

2017-ൽ തന്നെയാണ് കേരളത്തിലെ മെഡിക്കൽ സംവിധാനങ്ങൾക്ക് നാണക്കേടായി മറ്റൊരു സംഭവം നടന്നത്. വെട്ടേറ്റ് കാൽപാദം മുറിഞ്ഞ തമിഴ്‌നാട് സ്വദേശി രാജേന്ദ്രന് തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ ചികിത്സ നിഷേധിച്ചു. തിരുച്ചിറപ്പള്ളി അരിയലൂർ സ്വദേശിയായിരുന്നു രാജന്ദ്രൻ. വാസ്‌കുലാർ സർജറി ആവശ്യമുള്ളവിധം ഞരമ്പുകൾ വരെ മുറിഞ്ഞുപോയ അവസ്ഥയിലായിരുന്നു 36 കാരനായിരുന്ന രാജേന്ദ്രൻ. ശസ്ത്രക്രിയ നടത്താനുള്ള സംവിധാനം തൃശൂർ മെഡിക്കൽ കോളേജിലുണ്ടായിരുന്നില്ലെന്നാണ് ആശുപത്രി നൽകിയ വിശദീകരണം. എന്നാൽ, തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് റെഫർ ചെയ്ത രോഗിയെ അടിയന്തര ശുശ്രൂഷ നൽകി ബന്ധുക്കളുടെ നിർദേശപ്രകാരമാണ് നാട്ടിലേക്ക് അയച്ചതെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് നൽകിയ ന്യായീകരണം. ഏഴ് മണിക്കൂറിനിടെ അയാൾ ആറ് ആശുപത്രികളാണ് കയറിയിറങ്ങിയത്. മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

എറണാകുളം മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥിയായിരുന്ന ഷംന തസ്‌നീമിന്റെ മരണം 2017-ൽ റിപ്പോർട്ട് ചെയ്ത മെഡിക്കൽ നെഗ്ലിജൻസ് കേസാണ്. 2017 ജൂലൈ 17നാണ് പനിക്കും തൊണ്ട വേദനക്കും ചികിത്സ തേടി അവർ എറണാകുളം മെഡിക്കൽ കോളേജിലെത്തിയത്. 18ന് വീണ്ടും ചികിത്സ തേടിയെത്തിയപ്പോൾ അലർജി സാധ്യതയുള്ള മാരകമായ ആന്റി ബയോട്ടിക് കുത്തിവെച്ചു. ഇൻജക്ഷൻ എടുത്തയുടൻ ഷംന കുഴഞ്ഞുവീണു. മരുന്ന് നൽകുമ്പോൾ നടത്തേണ്ട തയാറെടുപ്പുകളോ അവശതക്ക് നൽകേണ്ട മറുമരുന്നോ ആശുപത്രിയിലുണ്ടായിരുന്നില്ല എന്നതായിരുന്നു ഷംനയുടെ മരണത്തിലേക്ക് നയിച്ച പ്രധാന കാരണം. കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട ഷംനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ചികിത്സാപ്പിഴവ് തെളിഞ്ഞുവെങ്കിലും ഷംനയുടെ കുടുംബത്തിന് വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തേണ്ടിവന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് പോലും പുറത്തുകൊണ്ടുവരാൻ ഷംനയുടെ പിതാവ് കെ.എ. അബൂട്ടിക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നുവെന്നത് അങ്ങേയറ്റത്തെ നീതിനിഷേധമാണ്.

ചികിത്സാപ്പിഴവ് സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം പലപ്പോഴും പ്രഹസനമായി മാറാറുണ്ട്. ഇരകളെ സർക്കാർ എതിർപക്ഷത്തു നിർത്തുകയും അവർക്കെതിരെ നിയമപോരാട്ടം നടത്തുകയും ചെയ്യുന്നു എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

14 മണിക്കൂർ ചികിത്സ തേടിയലഞ്ഞാണ് പൂർണ ഗർഭിണിയായിരുന്ന മഞ്ചേരി പുളിയിക്കൽതോട് സ്വദേശിയായ തസ്‌നിക്ക് തന്റെ ഇരട്ട കുട്ടികളെ നഷ്ടപ്പെട്ടത്. 2020 സെപ്റ്റംബർ 28നായിരുന്നു സംഭവം. പ്രസവചികിത്സക്ക് കോവിഡ് ആന്റിജൻ പരിശോധനാ ഫലം പോരെന്നും പി സി ആർ ഫലം വേണമെന്നും സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് തസ്‌നിയെ കൊണ്ടുപോയത്. അവിടെയെത്തി ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഒമ്പത് മാസം ഗർഭിണിയായിരുന്ന തസ്‌നിയുമായി പങ്കാളി മുഹമ്മദ് ഷാരിഫ് മൂന്ന് ആശുപത്രികൾ കയറിയിറങ്ങി ഒടുവിലാണ് മെഡിക്കൽ കോളേജിലെത്തിയത്. കോഴിക്കോട് കോട്ടപ്പുറം ഗവ. ആശുപത്രി, ഓമശേരി സ്വകാര്യ ആശുപത്രി, മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സ നിഷേധിച്ചത്.

2020 സെപ്റ്റംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ ആർ. അനിൽ കുമാർ ആശുപത്രി വിട്ടത് ശരീരമാസകലം പുഴുവരിച്ച നിലയിലായിരുന്നു. വീട്ടിലെ പടിക്കെട്ട് കയറുന്നതിനിടെ കാൽ വഴുതിവീണ് ആശുപത്രിയിലായ അനിലിന് ഭക്ഷണമോ വെള്ളമോ കിട്ടാതെ എല്ലും തോലുമായ രൂപത്തിലാണ് ആശുപത്രി വിട്ടത്. പിന്നീട് 2023-ലാണ് ആദ്ദേഹം മരിച്ചത്.

ഇത്തരത്തിലുള്ള ചികിത്സാപിഴവുകൾ പലതും ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചക്കപ്പുറം അടിസ്ഥാന സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും വീഴ്ച മൂലമാണെന്ന് വിലയിരുത്താം. ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയേക്കാൾ ഡോക്ടർമാരുടെ അപര്യാപ്തത, സാങ്കേതികവിദ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് തുടങ്ങിയ കാരണങ്ങളാണ് ഇത്തരം സംഭവങ്ങൾക്കിടയാക്കുന്നത്. എന്നാൽ, ഈ അടിസ്ഥാനപ്രശ്നം വേണ്ടവിധം ചർച്ച ചെയ്യപ്പെടുന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ ആർ. അനിൽ കുമാർ ആശുപത്രി വിട്ടത് ശരീരമാസകലം പുഴുവരിച്ച നിലയിലായിരുന്നു. വീട്ടിലെ പടിക്കെട്ട് കയറുന്നതിനിടെ കാൽ വഴുതിവീണ് ആശുപത്രിയിലായ അനിൽ ആശുപത്രി വിടുമ്പോൾ  ഭക്ഷണമോ വെള്ളമോ കിട്ടാതെ എല്ലും തോലുമായ രൂപത്തിലായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ ആർ. അനിൽ കുമാർ ആശുപത്രി വിട്ടത് ശരീരമാസകലം പുഴുവരിച്ച നിലയിലായിരുന്നു. വീട്ടിലെ പടിക്കെട്ട് കയറുന്നതിനിടെ കാൽ വഴുതിവീണ് ആശുപത്രിയിലായ അനിൽ ആശുപത്രി വിടുമ്പോൾ ഭക്ഷണമോ വെള്ളമോ കിട്ടാതെ എല്ലും തോലുമായ രൂപത്തിലായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ 2022 ഡിസംബർ ആറിനാണ് പ്രസവശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. ആലപ്പുഴ കൈനകരി സ്വദേശിയായ അപർണയും അവരുടെ പെൺകുഞ്ഞുമാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് അവരെ മരണത്തിൽ കൊണ്ടെത്തിച്ചതെന്ന് അപർണയുടെ പങ്കാളി രാംജിത്തും ബന്ധുക്കളും പരാതിപ്പെട്ടിരുന്നു. അവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നവെങ്കിലും മെഡിക്കൽ ബോർഡിന്റെ അന്വേഷണത്തിൽ ചികിത്സാപിഴവില്ലെന്ന് കണ്ടെത്തി.

2024 ഏപ്രിൽ 27ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവശേഷം ചികിത്സയിലായിരുന്ന അമ്പലപ്പുഴ കരൂർ തൈവേലിക്കണം വീട്ടിൽ അൻസാറിന്റെ പങ്കാളി ഷിബിന (31) മരിച്ചു. ഡോക്ടർമാരുടെ ആഭ്യന്തര അന്വേഷണത്തിൽ ചികിത്സാപ്പിഴവില്ലെന്ന് കണ്ടെത്തി. മന്ത്രി അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

പുന്നപ്ര സ്വദേശി ഉമൈബ എന്ന 70 കാരിയുടെ മരണത്തിന് കാരണക്കാർ ആലപ്പുഴ മെഡിക്കൽ കോളേജാണ്. പനി ബാധിച്ച് തലച്ചോറിൽ അണുബാധയുണ്ടായ സ്ത്രീയെ ഐ സി യുവിലേക്ക് മാറ്റാൻ സൂപ്രണ്ട് നിർദേശിച്ചിരുന്നുവെങ്കിലും ജീവനക്കാർ അതിന് തയാറായില്ല. തുടർന്ന് രോഗം മൂർഛിച്ച് ഉമൈബ മരിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയുടെ മുമ്പിൽ കുടുംബം നടത്തിയ പ്രതിഷേധത്തെ തുടർന്ന്, ഒടുവിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

2017-ൽ ചികിത്സ നിഷേധത്തെ തുടർന്ന് മരിച്ച മുരുകന്റെ കുടുംബത്തോട് കേരളത്തിന്റെ മുഖ്യമന്ത്രി മാപ്പ് പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും ആവശ്യമെങ്കിൽ നിയമനിർമാണം നത്തുമെന്നുമായിരുന്നു അന്ന് അദ്ദേഹം വാഗ്ദാനം നൽകിയത്. എന്നിട്ട് എന്ത് സംഭവിച്ചു? ആ നിയമനിർമാണത്തിന്റെ കഥ എന്താണ്? അത് ഏത് ഫയലിലാണ് ഇ​പ്പോഴും സുഖനിദ്രയിൽപെട്ടു കിടക്കുന്നത്?
കേവലം വാഗ്ദാനങ്ങളോ മാപ്പപേക്ഷയോ അല്ല കേരളത്തിനാവശ്യം, പരിഹാരം തന്നെയാണ്.

പുന്നപ്ര സ്വദേശി ഉമൈബ എന്ന 70 കാരി മരിച്ചതിനെതുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയുടെ മുമ്പിൽ കുടുംബം നടത്തിയ പ്രതിഷേധം.
പുന്നപ്ര സ്വദേശി ഉമൈബ എന്ന 70 കാരി മരിച്ചതിനെതുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയുടെ മുമ്പിൽ കുടുംബം നടത്തിയ പ്രതിഷേധം.

കോവിഡ് വാർഡിൽ നിന്ന് പുഴുവരിച്ച് വീട്ടിൽ തിരിച്ചെത്തിയ സംഭവത്തെ ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമെന്ന നിലക്കല്ല ഗുരുതര ക്രമക്കേടായി തന്നെ വിലയിരുത്തേണ്ടതുണ്ട്. ഈ വാർത്ത വിവാദമായപ്പോഴും, ഗൗരവമായി തന്നെ വിഷയം പരിഗണിച്ചിട്ടുണ്ടെന്നും നിയമനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ നടപടി എവിടെയും എത്തുന്നില്ല.

ഇത്തരം സംഭവങ്ങളുണ്ടാകു​മ്പോൾ, ഉടനടി തങ്ങളുടെ മുഖം രക്ഷിച്ച് രോഗികളെ ശത്രുപക്ഷത്തുനിർത്തുന്ന സമീപനമാണ് പലപ്പോഴും ആരോഗ്യപ്രവർത്തകരുടെയും അവരുടെ സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. മാധ്യമങ്ങളാകട്ടെ, ഇവയെ വിവാദങ്ങളാക്കി പൊലിപ്പിച്ച്, സർക്കാരിനെതിരായ ആക്രമണമാക്കി മാറ്റും. അവസാനം, ആരോഗ്യ സംവിധാനവും ഇരകളാക്കപ്പെട്ട രോഗികളും വിരുദ്ധ ധ്രുവങ്ങളിലാക്കപ്പെടും. അങ്ങനെ, സംഭവത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമാകാതെ വരുന്നു.

ചികിത്സാപ്പിഴവ് സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം പലപ്പോഴും പ്രഹസനമായി മാറാറുണ്ട്. ഇരകളെ സർക്കാർ എതിർപക്ഷത്തു നിർത്തുകയും അവർക്കെതിരെ നിയമപോരാട്ടം നടത്തുകയും ചെയ്യുന്നു എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇരകൾ തെരുവിൽ സമരം ചെയ്തും വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തിയുമാണ് അൽപമെങ്കിലും നീതി നേടിയെടുക്കുന്നത്. പലപ്പോഴും അവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ മാത്രമാണ് ആളുകൾക്ക് നീതി ലഭിച്ചിട്ടുള്ളത്.

എറണാകുളം ചമ്പക്കര നേച്ചർ ലൈഫ് ആശുപത്രിയിൽ ജേക്കബ് വടക്കുഞ്ചേരി നടത്തിയ ചികിത്സയിലെ അശ്രദ്ധ മൂലം സി. വിനയാനന്ദൻ എന്നയാൾ മരിച്ചെന്ന പരാതിയിൽ അനന്തരാവകാശകൾക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചതുപോലെയുള്ള സംഭവങ്ങൾ പ്രതീക്ഷാവഹമാണെങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമാണ്. പത്ത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു ഈ വിധി. നീതി ലഭിക്കാൻ വർഷങ്ങളോളം പോരാടേണ്ടിവരുന്നത് കടുത്ത മനുഷ്യാവകാശലംഘനവുമാണ്.

കോഴിക്കോട് അടക്കമുള്ള മെഡിക്കൽ കോളേജുകളിൽ 400-ലധികം രോഗികളെ ഒരു ഡോക്ടർ പരിശോധിക്കേണ്ട സാഹചര്യമുണ്ട്. ഇത് അവർക്ക് നൽകുന്ന ജോലിഭാരം ചെറുതല്ല.
കോഴിക്കോട് അടക്കമുള്ള മെഡിക്കൽ കോളേജുകളിൽ 400-ലധികം രോഗികളെ ഒരു ഡോക്ടർ പരിശോധിക്കേണ്ട സാഹചര്യമുണ്ട്. ഇത് അവർക്ക് നൽകുന്ന ജോലിഭാരം ചെറുതല്ല.

ഡോക്ടർമാർ കുറ്റക്കാരാകുന്ന മെഡിക്കൽ നെഗ്ലിജൻസ് കേസുകളിൽ ന്യായീകരണമായി അവർ പറയുന്നത് സിസ്റ്റത്തിന്റെ പോരായ്മയാണെന്നാണ്. മാനവശേഷിയുടെ കുറവ്, ആശുപത്രികളിൽ വർധിച്ചുവരുന്ന തിരക്ക്, അമിത ജോലിഭാരം എന്നിവയൊക്കെയാണ് പ്രശ്‌നങ്ങളായി അവർ ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് അടക്കമുള്ള മെഡിക്കൽ കോളേജുകളിൽ 400-ലധികം രോഗികളെ ഒരു ഡോക്ടർ പരിശോധിക്കേണ്ട സാഹചര്യമുണ്ട്. ഇത് അവർക്ക് നൽകുന്ന ജോലിഭാരം ചെറുതല്ല. കേരളത്തിന്റെ നിലവിലെ സാഹചര്യം കൃത്യമായി വിലയിരുത്തി പരിഹാരം കാണേണ്ടതുണ്ട്. ഒരു ദിവസം സർക്കാർ ആശുപത്രികളിൽ എത്ര ഓപ്പറേഷൻ നടത്തുന്നുണ്ട്? ഒരു ഡോക്ടർ എത്ര ഓപ്പറേഷൻ നടത്തേണ്ടി വരും? അതിനാവശ്യമായ മാനവശേഷി ഇവിടുത്തെ ആശുപത്രികളിലുണ്ടോ? തുടങ്ങിയ ഗൗരവമായ ചോദ്യങ്ങൾ അഭിസംബോധന ചെയ്യപ്പെടണം. ആശുപത്രി സംവിധാനങ്ങളുടെ കാര്യക്ഷമത ഉയർത്തി, തിരക്ക് കുറക്കുന്നതിന് പ്രാധാന്യം നൽകേണ്ടതുണ്ട്. ഇത്തരം ഘടനാപരമായ നവീകരണങ്ങൾക്ക് സർക്കാർ അടിയന്തര ശ്രദ്ധയും നൽകണം.

Comments