വർധിച്ച ചികിത്സാചെലവും അതിനിടയാക്കുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളും ഇന്ന് കേരളത്തിലെ പ്രധാന ചർച്ചാവിഷയമാണ്. ആരോഗ്യരംഗത്തെ വ്യത്യസ്ത സംഘടനകൾക്കൊപ്പം മാധ്യമങ്ങളും ഇന്ന് ഈ ചർച്ചയിൽ സജീവ പങ്കാളിയാണ്.
സാമൂഹിക കാരണങ്ങളാലാണ് ഒരാൾ രോഗിയാകുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ധർമമെന്ന (function) നിലയ്ക്കാണ് നാം ചികിത്സാലയങ്ങളായ ‘ധർമാശുപത്രി’കളെ നോക്കിക്കണ്ടത്. ഇതിൽനിന്ന് വ്യത്യസ്തമായി അത് ഇന്നൊരു സാമൂഹിക ധർമമല്ലാതായിരിക്കുന്നു. ഇന്നത്തെ മുൻതൂക്കം സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾക്കാണ്. അവയാകട്ടെ, യാതൊരു സാമൂഹിക നിയന്ത്രണങ്ങളുമില്ലാതെ ലാഭം മാത്രം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഫലമായി, ജനങ്ങൾ ഒട്ടേറെ ജീവന്മരണ പ്രശ്നങ്ങൾ അനുഭവിക്കുകയാണ്. അതിൽ പ്രധാനപ്പെട്ടതാണ് വർധിക്കുന്ന ചികിത്സാചെലവ്.
നവലിബറൽ പരിഷ്കാരങ്ങൾ ശക്തിപ്പെട്ടതോടെ, ലോകത്ത് കോർപ്പറേറ്റ് നിയന്ത്രിതമായ രീതിയിൽ ചികിത്സാരംഗം മാറുകയാണ്. ഇന്ത്യയിലാകട്ടെ, കോർപ്പറേറ്റുകളും ഭരണകൂടവും തമ്മിൽ മുമ്പില്ലാത്തവിധം ചങ്ങാത്തത്തിലാണ്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്ത കേരളത്തിൽ, ‘കൂടിയ ചെലവിൽ മോശപ്പെട്ട ആരോഗ്യം’ എന്ന സ്ഥിതിയാണുള്ളത്. പൊതുമേഖലയുടെ അപര്യാപ്തത, സാമ്പത്തിക അസമത്വം, കാലാവസ്ഥാമാറ്റം, തൊഴിൽതകർച്ച, അധികാര കേന്ദ്രീകരണം എന്നിവയൊക്കെ ചേർന്ന് ആരോഗ്യസംവിധാനം സാധാരണ ജനങ്ങളിൽ നിന്ന് അകലുകയും രോഗചികിത്സ താങ്ങാനാവാത്തതുമായിരിക്കുന്നു. ഈ അന്തരീക്ഷം വിവിധ സാമൂഹിക ഇടപെടലുകൾ അനിവാര്യമാക്കുന്നു.
ഇന്ത്യൻ അവസ്ഥ
ദാരിദ്ര്യജന്യവും തൊഴിൽജന്യവും പരിസ്ഥിതിജന്യവുമായ രോഗങ്ങളും പലതരം പകർച്ചവ്യാധികളും പകർച്ചേതരവ്യാധികളുമെല്ലാം ചേർന്ന് കുഴഞ്ഞുമറിഞ്ഞ രീതിയിലാണ് ഇന്നത്തെ ഇന്ത്യൻ ആരോഗ്യരംഗം. ലോകത്തെ പകുതിയിലധികം കുഷ്ഠരോഗികൾ ഇന്ത്യയിലാണ്. ഒഴിവാക്കാവുന്ന കാരണങ്ങളാലുള്ള രോഗങ്ങളാൽ നവജാതശിശുക്കളുടെ മരണം ഇന്ത്യയിൽ പ്രധാന പ്രശ്നമാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം, സമ്പന്ന രാജ്യങ്ങളിലേതിനേക്കാൾ 13 മടങ്ങ് ഇവിടെ കൂടുതലാണെന്ന് കണക്കാക്കുന്നു.
ശുദ്ധജല ഭൗർലഭ്യം ഒരു പ്രധാന പ്രശ്നമാണ്. അതുകൊണ്ടുമാത്രം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ മരിക്കുന്നു. രോഗപ്രതിരോധ കുത്തിവെപ്പെടുക്കുന്നവർ പോലും പട്ടികവർഗ്ഗ വിഭാഗങ്ങളിൽ 31%- വും എസ്.സി വിഭാഗം ജനങ്ങളിൽ 40%- വും പിന്നാക്കക്കാരിൽ 54%- വുമാണ്. ഇവയിൽ തന്നെ നഗര- ഗ്രാമ അന്തരവും വളരെ കൂടുതലാണ്; യഥാക്രമം 58%- വും 39%- വും. കേവല ദാരിദ്ര്യത്തിന്റെ നിരക്ക് സാങ്കേതികമായി കുറയുന്നുണ്ടെങ്കിലും ദാരിദ്ര്യനിരക്കിലുണ്ടാകുന്ന വർഷാവർഷക്കുറവ് വളരെ ചെറിയ തോതിൽ മാത്രമാണ്.

വേണ്ടത്ര പഠനവും പരിചയവുമില്ലാത്ത ഡോക്ടർമാർ ഏറെ പ്രാക്ടീസ് ചെയ്യുന്ന രാജ്യമാണത്രെ ഇന്ത്യ. ലോകാരോഗ്യസംഘടനയുടെ, India Health Workforce Report ഇതിലേക്ക് വെളിച്ചം വീശുന്നു. ഇതുണ്ടാക്കുന്ന ഒരു പ്രശ്നം, ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗമാണ്. 2021-2026 കാലത്ത്, National Centre for Disease Control (NCDC) 20 ആശുപത്രികളിൽ നടത്തിയ പഠനത്തിൽ 55% ആന്റിബയോട്ടിക് ഉപയോഗവും മുൻകരുതലായി നൽകിയതായി കണ്ടെത്തി. തെറ്റായ രീതിയിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചതിനാൽ, മൂന്നു ലക്ഷം പേർ ഇന്ത്യയിൽ മരിക്കുന്നതായി, 2019- ൽ Global Burden of Disease (GBD) എന്ന പഠനസംവിധാനം കണക്കാക്കിയിരിക്കുന്നു (ഹർഷ് മന്ദർ -2026).
ലോകത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുള്ള രാജ്യം ഇന്ത്യയാണ്. ഇവിടെത്തന്നെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ സ്വകാര്യ ചികിത്സാസംവിധാനവും പ്രവർത്തിക്കുന്നത്. ഇതര ദരിദ്രരാജ്യങ്ങളിലെ അവസ്ഥയോടുപോലും താരതമ്യം ചെയ്യാൻ പറ്റാത്തത്ര പരിതാപകരമാണ് ഇന്ത്യയിലെ പൊതുജനാരോഗ്യവ്യവസ്ഥ. ഉള്ളവ തന്നെ സ്വകാര്യ മേഖലയെ പോഷിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽ PHC കളടക്കം ആകെ സർക്കാർ ആശുപത്രികൾ 23,581 (35%) മാത്രമാണ്, ആകെ കിടക്കകളിൽ 42%- വും, അതായത്; 8.6 ലക്ഷം. 2025- ലെ NSSO- ന്റെ 80- ാം റൗണ്ട് അനുസരിച്ച് പ്രതിശീർഷ ചികിത്സാചെലവ് സർക്കാർ ആശുപത്രികളിൽ 6631 രൂപയും സ്വകാര്യ ആശുപത്രികളിൽ 50,508 രൂപയുമാണ്.
ചികിത്സാലഭ്യതയിലെ ഗ്രാമ- നഗര അന്തരവും വളരെ കൂടുതലാണ്. 73% സൗകര്യങ്ങളും നഗരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മോഡേൺ മെഡിസിൻ ഡോക്ടർമാരിൽ 65%- വും ആയുഷ് ഡോക്ടർമാരിൽ 93% വും നഴ്സുമാരിൽ 51%- വും മറ്റ് ആരോഗ്യ പ്രവർത്തകരിൽ 67%- വും നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ പൊതുവിലനിലവാരം ഏതാനും വർഷങ്ങൾക്കിടയിൽ മൂന്നു ശതമാനം വർധിച്ചപ്പോൾ, ചികിത്സാചെലവിലെ വർധന 14% ആണ്. അതായത് രൂക്ഷമായ മെഡിഫ്ലേഷൻ (mediflation) നിലനിൽക്കുന്നു. ചികിത്സാചെലവിൽ പകുതിയും ജനം സ്വന്തം കീശയിൽ നിന്നാണ് (Out Of Pocket Expenditure - OOPE) ചെലവാക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, പൊതുജനാരോഗ്യ രംഗത്തെ ശോച്യാവസ്ഥ ഇന്ത്യയിൽ ഒരു പ്രധാന രാഷ്ട്രീയ അജണ്ടയായി മാറുന്നില്ല.
സർക്കാരിന്റെ ആരോഗ്യരംഗത്തെ മൊത്തം ചെലവ് ദേശീയ വരുമാനത്തിന്റെ 1.15% മാത്രമാണ്. വികസിത രാജ്യങ്ങളിൽ ഇത് 5.9%- വും ക്യൂബയിൽ 13.9%- വുമാണ്. ഇന്ത്യയിലെ 1.15%- ൽ തന്നെ ജലവിതരണം വിവിധ ആരോഗ്യ സംരക്ഷണ പദ്ധതികൾ (CGHS, ESIS എന്നിങ്ങനെ) ഉൾപ്പെടുന്നു. അവയുടെയൊക്കെ വിഹിതം കിഴിച്ചാൽ, കേവലം 0.8% മാത്രമെ ആരോഗ്യചെലവായി യഥാർഥത്തിൽ വരുന്നുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. (പട്ടിക ഒന്ന്). ഇത് വളരെ പരിമിതമാണെന്ന് പറയേണ്ടതില്ലല്ലോ.
പട്ടിക ഒന്ന്
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ചെലവിലെ മാറ്റങ്ങൾ

ഇന്ത്യ പോലൊരു പിന്നാക്കരാജ്യത്ത് അഭികാമ്യം, Out Of Pocket Expenditure കുറയ്ക്കലല്ല, ഇല്ലാതാക്കലാണ്. നീതിയുക്തമായ ഒരു സമൂഹത്തിൽ, ഒരു രോഗിയുടെ നിസ്സഹായാവസ്ഥയിൽ, ചികിത്സാചെലവ് അവരിൽ നിന്നുതന്നെ ഈടാക്കുക എന്നത് അധാർമികമായാണ് കാണേണ്ടത്. അതിനാൽ, അത്തരമൊരു അവസ്ഥ ഒഴിവാക്കാനാണ് സർക്കാർ നയപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടത്.
കേരളം മുന്നിൽ, പക്ഷെ…
കുറഞ്ഞ ചെലവിൽ, മെച്ചപ്പെട്ട ആരോഗ്യദായക സംസ്ഥാനം എന്നായിരുന്നു കേരളത്തെപ്പറ്റി പറയാറുള്ളത്. ആരോഗ്യപരിപാലനത്തിനുള്ള സാമൂഹിക നിർണ്ണയോപാധികൾ (Social determinants of health) വിപുലമായി ഉപയോഗിച്ചാണ്, ഇത്തരമൊരു സാഹചര്യമൊരുക്കിയത്. അതുകൊണ്ടുതന്നെ, ആരോഗ്യസംബന്ധിയായ സൂചികകൾ മിക്കതിലും ഇന്ത്യയെ അപേക്ഷിച്ച് കേരളം മുന്നിലാണ് (പട്ടിക രണ്ട്).
പട്ടിക 2
ജൈവിക സ്ഥിതിവിവര കണക്ക്

എന്നാൽ, കണക്കുകളിൽ ഈ നില തുടരുമ്പോൾ തന്നെ സ്ഥിതിഗതി ക്രമത്തിൽ ‘വർധിച്ച ചെലവിൽ മോശപ്പെട്ട ആരോഗ്യം’ എന്നതിലേക്ക് മാറുകയായിരുന്നു. രോഗപ്രതിരോധത്തിനുള്ള സാമൂഹിക ഘടകങ്ങളിൽ പ്രധാനമായ മാലിന്യനിർമാർജനം, തൊഴിൽ, വരുമാനം, ആരോഗ്യ സാക്ഷരത എന്നിവ ദുർബലപ്പെടുകയാണ്. കേരളത്തിൽ ജനസംഖ്യാപരിവർത്തനം, രോഗാതുരതാഘടന, സാംക്രമിക രോഗശാസ്ത്രം (epide miological) എന്നിവയിലെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്ന് അന്തരമുണ്ട്. പർച്ചവ്യാധികളും പകർച്ചേതര വ്യാധികളും സമാന്തരമായി തന്നെ പ്രചരിക്കുന്നു.
കേരളീയരിൽ ഏതാണ്ട് 22% പ്രമേഹബാധിതരും, മറ്റൊരു 37% പ്രീ- ഡയബറ്റിക് അവസ്ഥയിലും 31%- ത്തോളം രക്തസമ്മർദ്ദമുള്ളവരുമാണ്. ഇവ കൃത്യമായി കണ്ടെത്തി തുടർച്ചയായി മരുന്ന് കഴിക്കാത്തതിനാൽ, മറ്റുതരം രോഗങ്ങളായി മാറുന്നതും സാധാരണമായിരിക്കുന്നു. രക്തസമ്മർദത്തിന്റേയും പ്രമേഹത്തിന്റേയും കൃത്യമായ നിയന്ത്രണം യഥാക്രമം 13%- വും 16%- വും മാത്രമാണത്രെ. ജനങ്ങളിൽ 18%- ത്തിന്റെ പ്രായം 60 വയസ്സിൽ കൂടുതലാണെന്നതും ഇത്തരം രോഗസാധ്യത വർധിപ്പിക്കുന്നുണ്ട്.
വികസിത രാജ്യങ്ങളിൽ മിക്കയിടത്തും, പകർച്ചവ്യാധികൾ നിയന്ത്രിക്കുകയും, ജനങ്ങൾ സാമ്പത്തികമായി മുന്നേറുകയും ചെയ്തശേഷമാണ് കൂടുതൽ പേർ വാർധക്യത്തിലേക്ക് കടന്നത്. അതിനാൽ, വയോജന ആരോഗ്യസംരക്ഷണത്തിനുവേണ്ട ആസൂത്രിതനീക്കത്തിന് അവർക്ക് വേണ്ടത്ര സമയം ലഭിച്ചിരുന്നു. എന്നാൽ, കേരളത്തിൽ ദാരിദ്ര്യവും പകർച്ചവ്യാധിയും നിലനിൽക്കുമ്പോൾ തന്നെ, ജനങ്ങളിൽ പ്രായം കൂടിക്കൊണ്ടിരിക്കയാണെന്നത്, പ്രതിസന്ധികൾ വർധിക്കാനിടയാക്കുന്നുണ്ട്.

റോഡപകടങ്ങൾ വർധിച്ചതോതിലുണ്ടാകുന്ന സംസ്ഥാനമാണ് കേരളം. ഇതാകട്ടെ ചെറുപ്പക്കാരുടെ വർധിച്ച മരണത്തോടൊപ്പം നല്ലൊരു വിഭാഗത്തെ കിടപ്പുരോഗികളുമാക്കുന്നു. സംസ്ഥാനത്ത് മാനസികാരോഗ്യസ്ഥിതിയും ദുർബലമാണെന്ന് കണക്കുകൾ കാണിക്കുന്നു; ആത്മഹത്യാനിരക്ക് (29 ലക്ഷം) ഇന്ത്യയിലെതന്നെ ഉയർന്ന നിരക്കാണ്. നിതി ആയോഗിന്റെ പുതിയ കണക്കുകൂട്ടലിൽ ആരോഗ്യ സൂചികയിൽ കേരളം ഏറെ പിറകിലോട്ട് പോയിരിക്കുന്നു.
ഇവയൊക്കെ ചേർന്ന്, കേരളത്തിലെ രോഗാതുരതാ നിരക്ക് (പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങൾ) വലിയതോതിൽ വർധിച്ചിരിക്കുന്നു. സ്വാഭാവികമായും ചികിത്സാചെലവും കൂടുന്നു. മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനവും, അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിന്തുണയും, സഹകരണ പ്രസ്ഥാനത്തിന്റെ ശക്തമായ സാന്നിധ്യവുമുണ്ടെങ്കിലും ഇവക്ക് മാത്രമായി വർധിച്ചുവരുന്ന ചികിത്സാ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. ജനങ്ങളുടെ തെരഞ്ഞെടുക്കലും ഒരു ഘടകമാണ്. ഇതെല്ലാം സ്വകാര്യമേഖലയിലെ ആശ്രിതത്വം കൂടാനും ചികിത്സാചെലവ് വലിയതോതിൽ വർധിക്കാനും ഇടയാക്കുന്നു. ഏറെ മെച്ചപ്പെട്ടിട്ട് പോലും പ്രതിശീർഷ ചികിത്സാചെലവിന്റെ മൂന്നിലൊന്ന് മാത്രമെ പൊതുസംവിധാനത്തിന് നിറവേറ്റാൻ കഴിയുന്നുള്ളൂ; മൂന്നിൽ രണ്ട് (ഏതാണ്ട് 8000 രൂപ) സ്വന്തം കൈയിൽ നിന്ന് (OOPE) രോഗികൾക്ക് ചെലവാക്കേണ്ടിവരുന്നു.
കേരളത്തിൽ രോഗാതുരതയുടെ ഘടനയിൽ മാറ്റങ്ങൾ വരുന്നതുപോലെ തന്നെ ആശുപത്രികളുടെ ഉടമസ്ഥതിലും മാറ്റങ്ങൾ വരുന്നുണ്ട്. എയ്ഡഡ് സ്കൂളുകൾ പോലെ പ്രവർത്തിച്ച സ്വകാര്യ ക്ലിനിക്കുകളും നഴ്സിങ്ങ് ഹോമുകളും കേരളത്തിൽ നേരത്തെ ധാരാളം ഉണ്ടായിരുന്നു. അവയിൽ മിക്കതും നടത്തിയിരുന്നത് ഹൃദയാലുക്കളായ ഡോക്ടർമാരും ചാരിറ്റബൾ സൊസൈറ്റികളുമായിരുന്നു. ലാഭത്തേക്കാൾ സേവനത്തിന്നായിരുന്നു പരിഗണന - അവയിൽ നല്ലൊരു ഭാഗം ഇന്ന് പൂട്ടി. OP കൈകാര്യം ചെയ്തിരുന്ന ഏതാണ്ട് 1306 ക്ലിനിക്കുകളും 444 ചെറുകിട ആശുപത്രികളും 2021- നും 2026- നും ഇടയിൽ പൂട്ടിയതായി കേരള സ്വകാര്യ ആശുപത്രി അസോസ്സിയേഷൻ (KPHA) കണക്കുകൾ കാണിക്കുന്നു.
എന്നാൽ ചെറിയ സ്വകാര്യ ആശുപത്രികളുടെ എണ്ണം ഇതേ കാലയളവിൽ 3,677- ൽ നിന്ന് 5,402 ആയി വർധിച്ചു. അവയിൽ നല്ലൊരു ഭാഗം കോർപ്പറേറ്റ് ആശുപത്രികളുടെ ഫ്രാൻഞ്ചൈസി എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒപ്പം വൻകിട ആശുപത്രികളിലെ ഡോക്ടർമാരുടെ ഇടത്താവളങ്ങൾ കൂടിയാണവ. എല്ലാ രീതിയിലും അയൽപക്ക ആശുപത്രികൾ എന്ന സംവിധാനം തകരുകയാണ്. സമാന്തരമായി നടക്കുന്ന മറ്റൊരു പ്രധാന മാറ്റം, വൻകിട ആശുപത്രികളുടെ കോർപ്പറേറ്റ് വൽക്കരണമാണ്. സഹകരണ ആശുപത്രികൾ കൂടിവരുന്നുണ്ടെങ്കിലും അവയും പലതരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു.
പട്ടിക മൂന്ന്: കേരളത്തിലെ ആശുപത്രികൾ, കിടക്കകൾ എന്നിവയുടെ ഉടമസ്ഥത.
ആശുപത്രിനിയന്ത്രണം (കേരളം / മോഡേൺ മെഡിസിൻ)

ആരോഗ്യ / ആശുപത്രി രംഗത്തെ വർധിച്ച കോർപ്പറേറ്റുവൽക്കരണത്തിന്നിടയാക്കുന്നത്, ഈ രംഗങ്ങളിൽ യാതൊരു സാമൂഹിക നിയന്ത്രണങ്ങളും ഇല്ലാത്തതാണ്. ഈ അവസ്ഥ കോർപ്പറേറ്റ് നീക്കം എളുപ്പമാക്കുന്നു. ആരോഗ്യം ഒരു ‘public good’ അല്ലാതാവുന്നു. അവിടെ പുലർത്തേണ്ട ഗുണനിലവാരമോ, ശാസ്ത്രീയ മാനദണ്ഡങ്ങളോ, വിശ്വാസ്യത ഉറപ്പാക്കലോ പാലിക്കുന്നില്ല. ഇത്, മേഡേൺ മെഡിസിൻ രംഗത്ത് മാത്രമല്ല, ആയുഷ് രംഗങ്ങളിലും വലിയ തോതിലുള്ള കച്ചവടത്തിനും അഴിമതിക്കും ഇടയാക്കുന്നു. ഒരു ദിവസത്തെ ചികിത്സയ്ക്ക് പോലും പതിനായിരങ്ങൾ ഈടാക്കുന്ന ആയുർവേദ സുഖചികിത്സാലയങ്ങളും കൂടിവരികയാണ്. അവിടേയും സാമൂഹിക നിയന്ത്രണങ്ങൾ വേണ്ടതുണ്ട്. പ്രായമായവരുടെ ഒറ്റപ്പെടൽ കാരണം രോഗീപരിചരണവും ചെലവേറിയതാണ്. ഇത്തരം ഘടകങ്ങളും ചികിത്സാ ചെലവ് വർധിക്കാൻ ഇടയാക്കുന്നുണ്ട്. ജനങ്ങൾ ദരിദ്രരാകാതെ തന്നെ മെച്ചപ്പെട്ട ചികിത്സയും രോഗമുക്തിയും കൈവരിക്കുക എന്നത്, കേരളത്തിലിപ്പോൾ ഒരു പ്രധാന വെല്ലുവിളിയായിത്തീർന്നിരിക്കുന്നു.
ചികിത്സാചെലവ്
1990- കളോടെ മെറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ ആരോഗ്യ / ചികിത്സാരംഗങ്ങളിലും നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ആക്കം കൂടിയിരിക്കയാണ്. അതിന്റെ ഭാഗമായി, പൊതുമേഖലയോടുള്ള അവഗണന, സാമൂഹിക നിയന്ത്രണങ്ങൾ ഇല്ലാതാകൽ, വിദേശ മൂലധന നിക്ഷേപം, പേറ്റന്റ് നിയമങ്ങളിലെ പ്രതികൂല മാറ്റങ്ങൾ, സ്വകാര്യവത്കരണം എന്നിവയൊക്കെ കൂടി. ആശുപത്രികളുടെ പ്രവർത്തനങ്ങളിൽ മാത്രമല്ല, മരുന്നുകളുടെയും വിവിധ ചികിത്സാ ഉപാധികളുടേയും ഉൽപ്പാദന - വിപണന രംഗത്തും നിയന്ത്രണങ്ങൾ ഇല്ലാതായി.
ഇതോടെ ഇവയുടെയൊക്കെ അമിത ഉപയോഗത്തിന് നിശ്ശബ്ദമായി കൂട്ടുനിൽക്കേണ്ടിവരുന്ന രോഗികളുടെ നിസ്സഹായതയും, അമിതലാഭത്തിന്നായുള്ള സ്വകാര്യ മുതലാളിമാരുടെ തള്ളിക്കയറ്റവും എല്ലാം ചേർന്ന് ചികിത്സ വൻ വ്യവസായവും രോഗികൾ അതിന്റെ ഇരകളുമായിരിക്കുന്നു. ഈ രംഗത്തെ ഇന്ത്യൻ അനുഭവങ്ങൾ വിശദീകരിക്കുന്ന ചുരുങ്ങിയത് അഞ്ച് പുസ്തകങ്ങളെങ്കിലും ഈയിടെയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധാരാളം പഠനങ്ങളും വന്നുകൊണ്ടിരിക്കുന്നു.
രോഗി, വീട്ടിൽ നിന്നിറങ്ങുന്നതോടെ ചികിത്സാചെലവും തുടങ്ങുകയായി. ഡോക്ടറുടെ ഫീസ്, രോഗനിർണ്ണയടെസ്റ്റുകൾ, മരുന്ന്, റൂം വാടക, ഐ.സി.യു, നഴ്സിങ്ങ് ഫീസ്, വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ‘കോൾ’ സന്ദർശനം, ഡയറ്റീഷന്റെ ‘ഉപദേശം’, മെഡിക്കൽ ചരിത്രരചന, ഡേറ്റാ ശേഖരണം, ആശുപത്രിയിൽ നിന്നുതന്നെയുള്ള ഭക്ഷണം, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ഉടൻ പണം ചെലവാക്കേണ്ട പ്രവൃത്തികൾ നിരനിരയായി നിൽക്കുകയാണ്. അവസാനം ഡിസ്ചാർജ് ചെയ്യുമ്പോൾ, ഇൻഷൂറൻസ് ഉള്ളവർക്കാണെങ്കിൽ തന്നെ പലപ്പോഴും പകുതിപോലും സംരക്ഷണം കിട്ടുന്നില്ല. ബാക്കി തുക അടയ്ക്കാതെ, രോഗി മരിച്ചാലും ജീവിച്ചാലും ആശുപത്രിയിൽനിന്ന് പോകാനും കഴിയില്ല.

ആരൊക്കെയാണ് ഈ നിശ്ശബ്ദ കൂട്ടാളികളെന്ന് ‘Silent Syndicate’ എന്ന പുസ്തകം വിശദീകരിക്കുന്നു: ആശുപത്രികൾ, ഇൻഷൂറൻസ് കമ്പനികൾ, മരുന്നുൽപ്പാദകർ, വിതരണക്കാർ, രോഗനിർണ്ണയ ഉപകരണദാതാക്കൾ, നിർമാതാക്കൾ, ഫാർമസി / ലാബ് ശൃംഖലകൾ എന്നിവരൊക്കെ ചേർന്ന ‘silent syndicate’ ആണ് സ്വകാര്യ ആരോഗ്യ / ചികിത്സാരംഗത്തെ ഇന്ന് നിയന്ത്രിക്കുന്നതെന്ന് ഉദാഹരണസഹിതം പുസ്തകം വിശദീകരിക്കുന്നു.
Games Hospitals Play എന്ന മറ്റൊരു പുസ്തകത്തിൽ, ഡങ്കിപ്പനിയാൽ ഇന്ത്യയിലെ ഒരു കോർപറേറ്റ് ആശുപത്രിയിൽ രണ്ടാഴ്ച അഡ്മിറ്റ് ചെയ്ത ഒരു ചെറിയ കുട്ടിക്ക് 16 ലക്ഷം രൂപ അടയ്ക്കേണ്ടിവന്നതിനെപ്പറ്റി പറയുന്നുണ്ട്. (കേരളത്തിലും ഇതേ അവസ്ഥ തന്നെയാണെന്നാണ് മറ്റ് റിപ്പോർട്ടുകൾ കാണിക്കുന്നത്).
അറിയാനുള്ള അവകാശം വഴി ഗ്രന്ഥകർത്താവ് നേടിയ കണക്കുകളനുസരിച്ച്, പ്രസ്തുത ആശുപത്രി ഓരോ ഇനത്തിലും ഈടാക്കിയ വിലവിവരങ്ങൾ പട്ടിക -4 ൽ. ഒരു സിറിഞ്ചിന്റെ വില മുതൽ ഐ.സി.യു.വിലേതുവരെ നടക്കുന്ന മറിമായങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
പട്ടിക 4
ഗുർഗോണിൽ ഒരാശുപത്രിയിൽനിന്ന് RTI അനുസരിച്ച് ലഭിച്ച വിവരങ്ങൾ

മരുന്നുവില
മരുന്നുവിലവർധനവിന് പല മാനങ്ങളുണ്ട്. ഒന്നാമത്തെ കാര്യം, ഏത് മരുന്ന് വാങ്ങണമെന്നത് ഉപഭോക്താവിന് (രോഗിക്ക്) തീരുമാനിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സാധാരണ സാമ്പത്തിക ശാസ്ത്രത്തിന്റെ ‘കമ്പോള നിയമങ്ങൾ’ മരുന്നിന് ബാധകമല്ല. ഒരേ മരുന്നിന്റെ വിലയിൽ അടിക്കടിയുണ്ടാകുന്ന വർധനവും മനസ്സിലാക്കാൻ കഴിയുന്നില്ല.
ഒരേ മരുന്നിന്റെ വിവിധ ബ്രാൻഡുകൾക്ക് ഈടാക്കുന്ന വിലയിലെ മാറ്റങ്ങളാണ് മറ്റൊരു പ്രശ്നം. അവയിൽ ചില ഉദാഹരണങ്ങൾ നോക്കാം
1. വ്യത്യസ്ത ജീവിതശൈലീരോഗങ്ങളുളളവർ നിത്യേന ഉപയോഗിക്കുന്ന പല മരുന്നുകൾക്കും ഇരട്ടിയിലധികം വില കൂടിയിട്ടുണ്ട്. ഹൃദ്രോഗം, രക്ത സമ്മർദ്ദം, വൃക്കരോഗം, തൈറോയ്ഡ്, അലർജി രോഗങ്ങൾ തുടങ്ങി ആൻ്റാസിഡുകൾക്ക് വരെ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ വില ഇരട്ടിയിലധികം വർദ്ധിച്ചു.
2. രക്തസമ്മർദ്ദത്തിന് വ്യാപകമായി ഉപയോഗിക്കുന്ന cilacar 10 എന്ന ഔഷധം 15 ടാബ്ലറ്റുകൾക്ക് അഞ്ച് വർഷം മുമ്പ് 78.78 രൂപ ആയിരുന്നത് 241.30 രൂപയായി വർധിച്ചു. അതായത് വിലവർധന രണ്ടിരട്ടയിലധികം.
3. രോഗചികിത്സയിൽ അത്ര പ്രാധാന്യമില്ലാത്ത, എന്നാൽ OTC കണക്കേ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ANTACID സിറപ്പുകൾ. MUCAINE GEL, DIGENE gel, gelusil എന്നിവയാണ് ഇവയിൽ പ്രധാനം. ഇവയുടെ വിലയും ഗണ്യമായി കൂടി. Gelusil syrup 170 ML- ന് 81 രൂപയിൽനിന്ന് 173.5 രൂപയായി വർധിച്ചു. MUCAINE GEL പാക്കിങ് 120- ML നിന്ന് 200 ML ആക്കി മാറ്റിയ ശേഷം വില 275.65 ആയി വർധിപ്പിച്ചു. സാധാരണ ചികിത്സക്ക് 120 ML പാക്ക് തന്നെ ധാരാളം മതി.
4. പ്രമേഹചികിത്സയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മെറ്റ്ഫോമിൻ, സൾഫോണിൽ യൂറിയ, glitazon തുടങ്ങിയ മരുന്നുകളിൽ നിന്നും പുതുതലമുറമരുന്നുകളായ ഗ്ലിഫ്ലോസിൻ, ഗ്ലിപ്റ്റിൻ തുടങ്ങിയ വിഭാഗം മരുന്നുകളിലേക്ക് മാറിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ വിഭാഗം മരുന്നുകൾക്ക് വളരെ കൂടിയ വിലയായിരുന്നു. എന്നാൽ ഈ മരുന്നുകൾ ഓഫ് പേറ്റൻ്റ് ആയതിനാൽ അഞ്ചു വർഷങ്ങൾക്കുള്ളിൽ കൂടുതൽ ഇന്ത്യൻ കമ്പനികൾ വിപണിയിൽ വരികയും വില കുറയുകയും ചെയ്തു. വിലനിയന്ത്രണം ബാധകമായതിനാലാകാം, നേരത്തെ ഉപയോഗിച്ചിരുന്ന സൾഫോണിൽ യൂറിയ, metformin വിഭാഗം മരുന്നുകളുടെ വിലക്കയറ്റം അത്ര പ്രകടമല്ലാത്തത്.
5. Spinal Muscular Atrophy (SMA) രോഗത്തിന് ഉപയോഗിക്കുന്ന ഔഷധമാണ് Risdiplm. Evrysdi എന്ന ബ്രാൻഡിൽ, റോഷ് എന്ന വിദേശ കമ്പനിയാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ഒരു ബോട്ടിലിന് 6.2 ലക്ഷം രൂപയ്ക്കാണ് ഈ മരുന്നു ഇന്ത്യയിൽ ലഭിച്ചിരുന്നത്. എന്നാൽ “നാഷണൽ പോളിസി ഓൺ റെയർ ഡിസീസ്” പ്രകാരം NATCO എന്ന ഇന്ത്യൻ കമ്പനിക്ക് ഈ മരുന്നിന്റെ നിർമ്മാണ- വിതരണ അനുമതി ലഭിക്കുകയും, തുടർന്ന് 15,900 രൂപക്ക് ഈ മരുന്ന് ഇന്ത്യൻ വിപണിയിൽ ലഭിക്കുകയും ചെയ്യുന്നു. ഈ മരുന്നിന്റെ മൂന്ന് ബോട്ടിൽ വാങ്ങുമ്പോൾ ഒരു ബോട്ടിൽ സൗജന്യമായി ലഭിക്കുന്നതുകൂടി കണക്കാക്കുമ്പോൾ കേവലം 12,000 രൂപയിൽ താഴെയാണ് വില. അതായത്, നേരത്തെ വാങ്ങിയിരുന്ന മരുന്നിന്റെ രണ്ടു ശതമാനത്തിൽ താഴെ മാത്രം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഇൻഹൗസ് ഫാർമസിയിൽനിന്ന് 33,000 രൂപക്ക് ഈ മരുന്നിന്റെ നാല് ബോട്ടിലുകൾ ലഭിക്കും.

Tigecycline, meropenem പോലുള്ള antibiotic സംയുക്തങ്ങൾക്ക് വളരെ കൂടിയ MRP കമ്പനികൾ നിശ്ചയിക്കുകയും, എന്നാൽ 20% ൽ താഴെയുള്ള വിൽപ്പനവിലക്ക് ഇവ വിപണിയിൽ നൽകുകയും ചെയ്യുന്നു. ഔഷധങ്ങൾ എഴുതുന്നവരെയും വിൽക്കുന്നവരെയും സ്വാധീനിക്കാനാണ് ഇത്തരം ഉയർന്ന MRP നിശ്ചയിക്കുന്നത്. ഇത്തരം പ്രവണതകൾ തടയാൻ സർക്കാർഇടപെടൽ ആവശ്യമാണ്. 2700 രൂപയ്ക്ക് വിൽക്കുന്ന മരുന്നിന് 27,000 രൂപ വരെ MRP ഈടാക്കിയ സ്ഥിതിയിൽ സുപ്രീംകോടതി ഈയിടെ ഈ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
PTR / MRP കള്ളക്കളി
ആശുപത്രികൾ, മരുന്നുകൾക്കും മറ്റ് ഉപാധികൾക്കും വർധിച്ച വില ഈടാക്കുന്നതിലെ കള്ളക്കളി നടത്തുന്ന ഒരേർപ്പാടാണ് PTR / MRP ബന്ധം. ഇക്കാര്യത്തിൽ സുപ്രീംകോടതി ഈയിടെ ഇടപെട്ടു. വ്യാപാരവില അഥവാ Price to Retail ആണ് PTR. ഉൽപ്പന്നങ്ങൾക്ക് നിയമപ്രകാരം രേഖപ്പെടുത്തുന്ന ഉയർന്ന വിലയാണ് Maximum Retail Price (MRP). ചില ഉൽപ്പന്നങ്ങളിൽ PTR- MRP കൾക്കിടയിലെ വ്യത്യാസം 1000% വരെ വരുന്നതായി കോടതി നിരീക്ഷിക്കുന്നു.
വിലനിയന്ത്രണമില്ലാത്തവയ്ക്ക് യാതൊരു വ്യവസ്ഥയുമില്ലാതെയാണ് കമ്പനികൾ MRP തീരുമാനിക്കുന്നത്. എന്നാൽ ആശുപത്രികൾക്ക് തന്നിഷ്ടപ്രകാരം ആ വസ്തു നൽകുന്നത് വളരെ കുറഞ്ഞ വിലക്കാണ്.
ഉദാ: 1000 രൂപ MRP നിശ്ചയിച്ചാലും 100 രൂപയ്ക്ക് (PTR) ഇവ ആശുപത്രികൾക്ക് നൽകും. ആശുപത്രി MRP- യിൽ 25% ഡിസ്കൗണ്ട് നൽകിയാൽ തന്നെ 750 രൂപയ്ക്ക് രോഗിക്ക് നൽകാം; ഡിസ്കൗണ്ട് നൽകുന്നില്ലെങ്കിൽ 1000 രൂപക്ക് തന്നെ വിൽക്കാം. ഇപ്പോൾ PTR കുറയ്ക്കാനായി കമ്പനികളും ആശുപത്രികളും തമ്മിലാണ് മത്സരം. രോഗി ഇക്കാര്യം അറിയുന്നില്ല. ഇന്ന കമ്പനിയിൽ നിന്ന് ഏത് ബ്രാൻഡ് വാങ്ങണം എന്നത് ആശുപത്രി തീരുമാനിക്കുന്നു. അത് പലപ്പോഴും കുറഞ്ഞ PTR ഉം കൂടിയ MRP യും ഉണ്ടാകുന്നിടത്ത് നിന്ന് വാങ്ങാനാകും ആശുപത്രികൾ ആഗ്രഹിക്കുന്നത്. കാരണം PTR/MRPകൾക്കിടയിലെ വ്യത്യാസം ആശുപത്രിയുടെ നേരിട്ടുള്ള ലാഭമാണ്. ഇതാണ് 16% ആക്കണമെന്ന് സുപ്രീം കോടതി ഈയിടെ നിർദ്ദേശിച്ചത്.
പല മരുന്നുസംയുക്തങ്ങൾക്കും സർക്കാർ വിലനിയന്ത്രണം ഏർപ്പെടുത്താറുണ്ട്. ഇതിനെ മറികടക്കാൻ കമ്പനികൾ പല തന്ത്രങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഫോളിക് ആസിഡ് (വിറ്റാമിൻ ബി 9) ഗുളികക്ക് വില നിയന്ത്രണം വന്നപ്പോൾ, അതിന്റെ വില വളരെ കുറഞ്ഞു. ഇപ്പോൾ 15 ഗുളികകൾക്ക് 73 രൂപയാണ്. എന്നാൽ, ഫോളിക് ആസിഡിനൊപ്പം വിറ്റാമിൻ ബി 6, methylcobalamin എന്നിവ കൂടി ചേർത്ത് Folvite MB എന്ന പേരിൽ 261.99 രൂപയ്ക്കാണ് വിൽക്കുന്നത്. Folvite ആക്ടീവ് എന്ന പേരിൽ മറ്റൊരു സംയുക്തം 311 രൂപയ്ക്കും വിൽക്കുന്നു.
Games Hospitals Play എന്ന പുസ്തകം തുടരുന്നു: “നമ്മൾ ഒരു പാക്കറ്റ് ബിസ്കറ്റ് ഉണ്ടാക്കുമ്പോൾ പോലും അതിന്റെ റാപ്പറിൽ MRP കാണിക്കണമെന്നാണ് നിയമം. എന്നാൽ, സ്വകാര്യ ആശുപത്രികളിലേയും നഴ്സിങ്ങ്ഹോമുകളിലേയും കാര്യങ്ങളാകുമ്പോൾ അവിടുത്തെ സേവന / ഉൽപ്പന്ന ഉപാധികളുടെ വിലവിവരം കിട്ടുക എന്നത് ദുഷ്കരമാണ്; കോർപ്പറേറ്റ് ആശുപത്രികളിലാണെങ്കിൽ അസാധ്യവും.”
ഗർഭം, പ്രസവം എന്നിവയെ രോഗമാക്കി മാറ്റുകയും, നിരന്തരമായ സ്കാൻ പരിശോധനകളും മരുന്നും അവസാനം സിസ്സേറിയനും (കേരളത്തിലേയും) സ്വകാര്യ ആശുപത്രികളിൽ നിത്യേന കണ്ടുവരുന്നു. സർക്കാർ ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ ആശുപത്രികളിൽ സിസ്സേറിയൻ നിരക്ക് വളരെ കൂടുതലാണ്. (വിശദാംശങ്ങൾ പട്ടിക- 5).
പട്ടിക 5
ഇന്ത്യ- സിസ്സേറിയൻ കണക്ക് (%)

കേരളത്തിലെ പല സ്വകാര്യ ആശുപത്രികളും നേരത്തെ സൂചിപ്പിച്ചതുപോലെ, ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിച്ചവയാണ്. എന്നാൽ, ലാഭസാധ്യത വർധിച്ചതോടെ, ഇത്തരം ആശുപത്രികളെ കോർപ്പറേറ്റുകൾ വിലയ്ക്കുവാങ്ങി. പലതിനേയും അവരുടെ റഫറൽ കേന്ദ്രങ്ങളായും ലാബ്, മെഡിക്കൽഷോപ്പ് ശൃംഖലയുടെ ഭാഗമായും മാറ്റിയിരിക്കുകയാണ്.
കേരളത്തിലടക്കം ഇന്ന് ആശുപത്രികൾ വാങ്ങി ആരോഗ്യവ്യാപാരം നടത്തുന്ന വിദേശ കമ്പനികൾ മിക്കതും ധനകാര്യ സ്ഥാപനങ്ങളാണ്; വൻകിട ബ്ലേഡ് കമ്പനികളാണ്. അവർ ആശുപത്രികൾക്കൊപ്പം മരുന്നുകമ്പനികളെയും ഉപകരണ നിർമാതാക്കളെയും ലാബ് ശൃംഖലകളെയും ഇൻഷൂറൻസ് കമ്പനികളെയുമെല്ലാം സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്.
എല്ല് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, പിന്തുണാസഹായികൾ എന്നിവയുടെ ഉൽപ്പാദനം ഇപ്പോൾ ഏതാനും വിദേശ കമ്പനികളുടെ നിയന്ത്രണത്തിലാണ്. മാത്രമല്ല അവ ഈ രംഗത്തെ ഇന്ത്യൻ കമ്പനികളെ വിലയ്ക്കു വാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. കാരണം, ഇത്തരം ഉപകരണങ്ങളുടെ വിപണനസാധ്യത ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കയാണ്. അത് പ്രതിവർഷം 8% വീതം വർധിക്കുന്നുണ്ടത്രെ. 2020- ൽ 1700 കോടി ഡോളറും 2025- ൽ 2485 കോടി ഡോളറും ആയിരുന്നത് 2035- ൽ 3064 കോടി ഡോളർ ആയി വർധിക്കുമെന്ന് കണക്കാക്കുന്നു.
എന്നാൽ ഇന്ത്യൻ കമ്പനികൾക്ക് നിർമാണത്തിലെ അനുപാതം 3% ൽ താഴെ മാത്രമാണ്. Abbott, Seimens, GE, Philips എന്നീ ബഹുരാഷ്ട്ര കമ്പനികളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇതിന്റെയെല്ലാം ഭാരവും ബാധ്യതയും ആത്യന്തികമായി സാധാരണക്കാരാണ് വഹിക്കേണ്ടിവരുന്നത്.
പുതിയ NSSO- യുടെ കണക്കനുസരിച്ച് പ്രതിവർഷം അഞ്ചരക്കോടി ജനങ്ങൾ ചികിത്സാചെലവിനാൽ മാത്രം ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്കുതാഴേക്ക് പതിക്കുന്നുണ്ട്. ഇത് തെക്കൻ കൊറിയയിലെ ആകെ ജനസംഖ്യയെക്കാൾ കൂടുതലാണ്. ഇത്തരം കോർപ്പറേറ്റുകളാകട്ടെ, ഭരണത്തിലും രാഷ്ട്രീയത്തിലും ഏറെ സ്വാധീനം ചെലുത്തുന്നവ കൂടിയാണ്. അതുവഴി അവർ സ്വന്തം സ്വകാര്യ മെഡിക്കൽ കോളേജുകളും, അവിടങ്ങളിൽ വർധിച്ച സീറ്റുകളും പാരാമെഡിക്കൽ കോഴ്സുകളും സംഘടിപ്പിച്ച്, വിദ്യാർഥികളിൽനിന്ന് ഫീസ്, കോഴ ഇനത്തിൽ കോടികൾ വേറേയും ഉണ്ടാക്കുന്നു. രാഷ്ട്രീയപ്പാർട്ടികൾക്ക് ഇവ കറവപ്പശുക്കളാണെന്നതിനാൽ അവരിൽനിന്ന് വലിയ എതിർപ്പും ഉണ്ടാകുന്നില്ല.

ഇന്ത്യയിലെ ആരോഗ്യ സംവിധാനത്തെപ്പറ്റി പഠിച്ച ആസ്ട്രേലിയൻ ഡോക്ടർ ഡേവിഡ് ബറുവർ (Dr. David Brauer) ‘ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ’ എഴുതിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നു: “ഇന്ത്യയിലെ ആശുപത്രികളും അവിടുത്തെ ഡോക്ടർമാരും അധാർമികമാംവിധം (unvirtuous) റഫറലിന്റേയും കൈക്കൂലിയുടേയും പിടിയിലാണ്. അതുവഴി, അവരുടെ സത്യസന്ധത കളങ്കിതമാവുകയും രോഗിയുടെ വിശ്വാസം എല്ലാ രീതിയിലും ഇല്ലാതാവുകയും ചെയ്യുന്നു.”
ആരോഗ്യ സാമ്പത്തിക ശാസ്ത്രത്തിൽ, മുതലാളിത്ത കമ്പോള നിയമങ്ങൾ വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. കമ്പോളത്തിൽ സാധാരണ, മത്സരവും പ്രദാനവും വർധിക്കുമ്പോൾ വില കുറയാറാണ് പതിവ്. എന്നാൽ മരുന്നിലും ചികിത്സയിലും അങ്ങനെയല്ല. അതിന്റെ കാരണത്തെപ്പറ്റി പൊതുജനാരോഗ്യ പ്രവർത്തകനായ അമർജസാനി ഇപ്രകാരം പറയുന്നു:
“ഇതര ഉൽപ്പന്നക്കമ്പോളങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യ സംരക്ഷണ കമ്പോളത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കുന്നത് ഉപഭോക്താവല്ല, സേവനദാതാവാണ്. ഉപഭോക്താവായ രോഗിക്ക് അവരുടെ സേവനദാതാക്കളായ ഡോക്ടർമാർ പറയുന്നത് നിസ്സഹായമായി അനുസരിക്കാനേ പറ്റൂ. സേവനദാതാക്കളുടെ എണ്ണം കൂടുമ്പോഴും വില കുറയുന്നില്ല. ഈ രംഗത്തെ മത്സരം യഥാർഥത്തിൽ വിലക്കയറ്റത്തിലേക്കാണ് പലപ്പോഴും നയിക്കുന്നത്.”
ഇവിടെ ഉപഭോക്താവ് ഇതര മുതലാളിത്ത കമ്പോളത്തിലേതുപോലെ ‘രാജാവ്’ അല്ല. അതേപോലെ ഉപഭോക്താവും സേവനദാതാക്കളും തമ്മിലുള്ള ബന്ധം വിലപേശലിന്റേതല്ല, നിസ്സഹായതയുടേതാണ്. എല്ലാറ്റിന്റേയും അടിസ്ഥാനകാരണം, സ്വകാര്യ ചികിത്സാരംഗത്ത് ഒരു തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങളും സാധ്യമാകുന്നില്ല എന്നതുതന്നെ. അതോടൊപ്പം, ഈ രംഗത്ത് എന്തിനും ഒരു ഒറ്റമൂലിയെന്നോണം ആരോഗ്യ ഇൻഷൂറൻസും ഇന്ന് രംഗത്തെത്തിയിരിക്കുന്നു.
ആരോഗ്യ ഇൻഷൂറൻസ്
ഇന്ത്യയിൽ പൊതുമേഖലാനിയന്ത്രണത്തിൽ തന്നെ കൃത്യമായ ചികിത്സയും ചെലവുനിർണ്ണയരീതികളും സംവിധാനങ്ങളും നിലവിലുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാർ, ജനപ്രതിനിധികൾ, റെയിൽവെ ജീവനക്കാർ, പട്ടാളക്കാർ എന്നിവർക്കൊക്കെയുള്ള ചികിത്സാരീതികൾ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ആ രീതി ജനങ്ങൾക്കെല്ലാം ലഭ്യമാക്കുന്ന സാഹചര്യത്തെപ്പറ്റിയാണ് ആലോചിക്കേണ്ടത്. അതിനുപകരം, സർക്കാർ സഹായിക്കുന്ന സ്വകാര്യ ഇൻഷൂറൻസും, ജനങ്ങൾ നേരിട്ട് പണമടച്ച് അംഗങ്ങളാകുന്ന സ്വകാര്യ ഇൻഷൂറൻസ് പദ്ധതികളുമാണ് ഇന്ന് പ്രതിവിധിയായി നിർദ്ദേശിക്കുന്നത്.
നവലിബറൽനയത്തിന്റെ ഭാഗമായി, ഇൻഷൂറൻസ് രംഗത്ത് സ്വകാര്യ / വിദേശ മൂലധന പങ്കാളിത്തം എളുപ്പമാക്കിയതോടെയാണ് ഇൻഷൂറൻസ് കമ്പനികൾ വൻതോതിൽ ആരോഗ്യരംഗത്തേക്ക് വരാനിടയായത്. നേരത്തെ ലൈഫ് ഇൻഷൂറൻസ് LIC യുടേയും ആരോഗ്യമടക്കം മറ്റ് ഇൻഷൂറൻസുകൾ GIC യുടേയും കുത്തകയായിരുന്നു. അവിടെ സ്വകാര്യ മൂലധനത്തിന് അനുമതിയുണ്ടായിരുന്നില്ല. ഇന്ന് ഇൻഷൂറൻസ് രംഗത്ത് സ്വകാര്യ പങ്കാളിത്തം 100% ആയിരിക്കുന്നു. LIC- യിൽ തൽക്കാലം 20% ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ ഫലമായി ധാരാളം, സ്വകാര്യ / വിദേശ ഇൻഷൂറൻസ് കമ്പനികൾ അരങ്ങ് വാഴുകയാണ്. ഇതോടെ കഴുത്തറപ്പൻ മത്സരങ്ങളും കൂടിയിരിക്കുന്നു. പലതരം വെട്ടിപ്പും തട്ടിപ്പും സാധാരണമായിട്ടുണ്ട്.
ഒരുകാലത്ത് ചികിത്സാചെലവിന് പൂർണ ഗ്യാരന്റി നൽകിയിരുന്ന ഇൻഷൂറൻസ് രീതി മാറി, അത് ഇന്ന് കൃത്യമായൊരു കെണിയായിത്തീർന്നിരിക്കുന്നു. അവിടെ രോഗിയുടെ ആവശ്യങ്ങളെക്കാൾ കോർപ്പറേറ്റ് അധികാരങ്ങൾക്കാണ് പരിഗണന. ഒന്നുകിൽ ചെലവ് വൻതോതിൽ പെരുപ്പിച്ച് കാണിച്ച് ആശുപത്രികൾ ഇൻഷൂറൻസ് കമ്പനികളിൽ നിന്ന് വലിയതോതിൽ പണം വസൂൽ ചെയ്യുന്നു; അല്ലെങ്കിൽ, യഥാർഥ ചെലവിന്റെ പകുതിപോലും, പലതരം ലൊട്ടുലൊടുക്ക് ഉടക്കുകൾ കണ്ടെത്തി രോഗിക്ക് നൽകാതിരിക്കുന്നു. എന്നാൽ പ്രീമിയമാകട്ടെ, ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. രോഗികൾ കേസിനുപോയാൽ മധ്യസ്ഥർ വഴി ക്ലെയിം തുകയിൽ കൂടുതൽ നൽകാൻ കമ്പനികൾ പലപ്പോഴും തയ്യാറാകുന്നു എന്നതുതന്നെ ഈ രംഗത്തെ തട്ടിപ്പിന്റെ നല്ല ഉദാഹരണമാണ്.
2023-24 സാമ്പത്തികവർഷം മാത്രം ഇന്ത്യയിൽ 30,000 കോടി രൂപയുടെ ക്ലെയിമുകൾ കമ്പനികൾ നൽകിയില്ല. അതിന് തൊട്ടുമുൻപത്തെ വർഷം ഇത് 21,861 കോടി രൂപയുടേതായിരുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഒരു ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കാത്ത 40%- ഓളം ജനങ്ങൾ ഇന്ത്യയിലുണ്ട്. The Missing Middle എന്നാണിവരെപ്പറ്റി പറയാറ്. സ്വകാര്യ ഇൻഷൂറൻസ് എടുക്കുന്ന ധനിക / ഇടത്തരക്കാർക്കും, സർക്കാരിന്റെ ഏതെങ്കിലും സഹായം ലഭിക്കുന്ന ദരിദ്രർക്കും ഇടയിൽപ്പെട്ടവരാണിവർ. വയോജനങ്ങൾക്കൊന്നും പുതുതായി ഇൻഷൂറൻസ് പോളിസി എടുക്കാനും കഴിയുന്നില്ല.
ചുരുക്കത്തിൽ, ആശുപത്രികളെ വിലയ്ക്കു വാങ്ങുന്ന ബഹുരാഷ്ട്ര കമ്പനികൾ, പണം മുടക്കുന്ന ധനകാര്യ ഏജൻസികൾ, ചികിത്സാ സഹായം നൽകുന്ന അവരുടെ തന്നെ ഇൻഷൂറൻസ് കമ്പനികൾ, മരുന്നുൽപ്പാദക കമ്പനികൾ, പലതരം ചികിത്സാഉപകരണ നിർമാതാക്കൾ, രോഗനിർണ്ണയ ഉപാധി കച്ചവടക്കാർ ഇവയെല്ലാം ചേർന്ന ഒരു കൂട്ടുകെട്ടാണ് സ്വകാര്യ ആരോഗ്യ / ചികിത്സാരംഗം അടക്കിവാഴുന്നത്. ഈ കൂട്ടുകെട്ടിന്റെ ഒരു കാണാക്കൈ എല്ലാരംഗത്തും ഇന്ന് സജീവമാണ്. ഇതിനെതിരെ ഇരുട്ടത്ത് തപ്പുന്ന നിസ്സഹായനായ രോഗിക്ക് താൻ ആരുടെ പിടിയിലാണെന്ന് ഒരിക്കലും ബോധ്യപ്പെടുന്നില്ല. കാരണം ചൂഷകർ അത്രയും ശക്തരായ അരൂപികളാണ്. അവർ പ്രവർത്തിക്കുന്നത് മിക്കപ്പോഴും രോഗിയുടെ നിസ്സഹായമായ അവസ്ഥയിലായിരിക്കും.
ഈ രംഗത്തെ ഗവേഷകർ പറയുന്നത് നോക്കാം: “ഇന്ത്യൻ ആരോഗ്യരംഗത്തെ കാണാക്കൈ, കാര്യങ്ങൾ കുറിക്കുന്ന ഡോക്ടറോ, വിതരണം ചെയ്യുന്ന ഫാർമസിസ്റ്റോ, വിവിധതരം ചുങ്കങ്ങൾ തീർപ്പാക്കുന്ന ആശുപത്രി ഉടമകളോ അല്ല. മറിച്ച്, അതിശക്തരായ, നിരന്തരം ശക്തിപ്പെടുന്ന, ഒരു കണക്കിലും ഉൾപ്പെടുത്താൻ കഴിയാത്ത ആഗോള മൂലധനത്തിന്റെ സമ്മർദ്ദയന്ത്രങ്ങളാണ്.”

ഈ കെണിയിൽനിന്ന് ജനങ്ങളെ എങ്ങനെ രക്ഷപ്പെടുത്താം? ഒരു രോഗി, കുത്തുപാളയെടുക്കാതെ രോഗമുക്തനാകുന്നതെങ്ങനെ? 20-ാം നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ പകർച്ചവ്യാധികളാലും മറ്റും ഉഴലുകയായിരുന്ന കേരളത്തിലെ ആരോഗ്യരംഗത്തെ, ലോകത്തിനുതന്നെ മാതൃകയാക്കത്തക്കവിധം മാറ്റിയെടുത്തത് സാമൂഹിക ഇടപെടലുകളും ശക്തമായ സർക്കാർ പൊതു ആരോഗ്യ സംവിധാനങ്ങളുമാണ്. ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ, ഈയൊരു കൂട്ടായ്മ പതിന്മടങ്ങ് കരുതലോടെയും ഇച്ഛാശക്തിയോടെയും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അത് പുതിയ ആശുപത്രികളാലോ, ഇൻഷൂറൻസ് കമ്പനികളാലോ നടക്കുന്നതല്ല. സർക്കാരും ജനകീയ പ്രസ്ഥാനങ്ങളും ചേർന്നുള്ള ഉത്തരവാദിത്വത്തോടെയും ഭാവനാപൂർണ്ണമായും നടക്കേണ്ട പുനഃരാവിഷ്കരണമാണ് അതിനു വേണ്ടത്.
ലോകാരോഗ്യ സംഘടനയിലെ മുൻ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നു: “ഇൻഷൂറൻസിന്റെ വിപുലീകരണത്തിലൂടെയും ആശുപത്രികളുടെ നിർമ്മാണത്തിലൂടെയുമല്ല ആരോഗ്യപരിരക്ഷയുടെ ഭാവി കാണേണ്ടത്; പ്രത്യുത, കാര്യക്ഷമമായ ഭരണരീതി, ധനകാര്യം, ഉത്തരവാദിത്വം, പൊതുജന വിശ്വാസം എന്നീ രംഗങ്ങളിലെല്ലാം വിപുലമായി നടക്കേണ്ടുന്ന പുനഃസംഘാടനത്തിലൂടെയാണ്.”
എന്താണ് നടക്കേണ്ടത്?
a) കേന്ദ്രസർക്കാർ ചെയ്യേണ്ടത്:
രാജ്യത്തെ ആരോഗ്യരംഗവും ഔഷധരംഗവും പൂർണ്ണമായും കോർപ്പറേറ്റ് നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. അതിന് സഹായകമാണ് കേന്ദ്രസർക്കാർ നടപടികൾ. 2022 ഏപ്രിൽ ഒന്ന് മുതൽ അവശ്യമരുന്നുവില 12.12% വർദ്ധിപ്പിക്കാൻ മരുന്നുകമ്പനിക്ക് അനുമതി നൽകിയത് ഇതിന്റെ ഭാഗമാണ്.
ഔഷധവിലനിർണ്ണയം ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് പൊതുജനാരോഗ്യപ്രവർത്തകരും ട്രേഡ് യൂണിയനുകളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ അത് കൂട്ടാക്കുന്നില്ല. മൊത്തവിലസൂചികയിലെ വർദ്ധനവിന്റെ അടിസ്ഥാനത്തിലാണ് അവശ്യമരുന്ന് വില വർധിപ്പിക്കാൻ അനുമതി നൽകിയതെന്നാണ് വ്യാഖ്യാനം. വിലനിയന്ത്രണാധികാരത്തിൽ നിന്നും നാഷണൽ ഫാർമഷ്യൂട്ടേൺ പ്രൈസിംഗ് അതോറിറ്റി (NPPA) പിൻവാങ്ങി. 16% ഔഷധങ്ങൾക്കാണ് വില നിയന്ത്രണം. എങ്കിലും അവയ്ക്ക് ഇന്നും വില വർദ്ധിക്കുകയാണ്. ജി.എസ്.ടി കൂടിയാകുമ്പോൾ വില പിന്നേയും കൂടും. മരുന്നുകൾക്ക് ജി.എസ്.ടി ബാധകമാക്കരുതെന്ന ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല. ഉൽപാദനചെലവുമായി യാതൊരു ബന്ധവുമില്ലാതെ വിലനിർണ്ണയം വന്നതോടെ ഔഷധങ്ങൾക്ക് യഥേഷ്ടം വില നിശ്ചയിക്കാനും കൊള്ളലാഭമുണ്ടാക്കാനും അവസരമൊരുക്കുകയാണ്.

പൊതുമേഖലാ ഔഷധനിർമ്മാണ കമ്പനികളെയും വാക്സിൻ കമ്പനികളെയും പുനരുജ്ജീവിപ്പിക്കുക എന്നതും അത്യാവശ്യമാണ്. കുറേക്കൂടി ഉപകാരപ്രദമായ ഗ്രീൻ ഫീൽഡ്- ബ്രൗൺഫീൽഡ് പ്രോജക്ടുകൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ അംഗീകാരമില്ലാതെ തന്നെ 100% വരെ വിദേശനിക്ഷേപം അനുവദിച്ചതും അപകടകരമാണ്. ജി.എസ്.ടി നടപ്പാക്കിയശേഷം രാജ്യത്ത് എവിടെനിന്നും എവിടേക്കും മരുന്നുകൾ കൊണ്ടുപോയി വിതരണം ചെയ്യാം. എന്നാൽ, ഇതിൽ വ്യാജ മരുന്നുകൾ, മായം ചേർത്ത മരുന്നുകൾ, ഗുണനിലവാരമില്ലാത്തവ എന്നൊക്കെ കടുന്നുവരുന്നതായും അപകടം ഉണ്ടാക്കുന്നതായും അനുഭവങ്ങൾ കാണിക്കുന്നു.
b) ജൻ ഔഷധീകേന്ദ്രങ്ങൾ:
വലിയ ലക്ഷ്യത്തോടെ ആരംഭിച്ച ജൻഔഷധി കേന്ദ്രങ്ങൾ കേവലം രാഷ്ട്രീയ പ്രചാരണമാക്കാനും കേന്ദ്രസർക്കാറിന് മടിയില്ല. 2008-ൽ മൻമോഹൻസിങ് സർക്കാറാണ് ജൻഔഷധി സ്റ്റോറുകൾ തുടങ്ങുന്നതിന് തീരുമാനമെടുത്തത്. പൊതുമേഖലാ ഔഷധകമ്പനികളുടെ കൂട്ടായ്മയിൽ, പെട്രോളിയം രാസവസ്തു വകുപ്പിനു കീഴിൽ ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ നേതൃത്വത്തിൽ ജനഔഷധി സ്റ്റോറുകൾ തുടങ്ങാനാണ് ഉദ്ദേശിച്ചത്. ഇതിന്റെ നിർവഹണ ഏജൻസി, ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ യൂനിറ്റ്സ് ഓഫ് ഇന്ത്യ (BPPI) ആണ്. പൂർണമായും കേന്ദ്രസർക്കാർ ഫണ്ട് ചെയ്ത് ഔഷധങ്ങൾ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും വിതരണം നടത്തുകയുമായിരുന്നു ലക്ഷ്യം. അങ്ങനെ കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ജൻഔഷധി ബ്രാൻഡിൽ മരുന്നുകൾ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
2014- ൽ അധികാരത്തിലെത്തിയ ബി ജെ പി സർക്കാർ, ഈ സംവിധാനത്തെ മാറ്റിമറിച്ചു. ഇതിൽ പങ്കാളികളായ അഞ്ച് പൊതുമേഖലാ ഔഷധ നിർമാണ കമ്പനികളും പൂട്ടി. തുടർന്ന് സ്വകാര്യ കമ്പനിയെ ജൻഔഷധി പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തി. ജൻഔഷധി സ്റ്റോറുകളിലേക്ക് ഔഷധങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾക്ക് അതിന്റെ വിതരണത്തിലും വിപണനത്തിലും യാതൊരു ഉത്തരവാദിത്വവുമില്ല; അതൊക്കെ BPPI- യിൽ നിക്ഷിപ്തമാണ്. 2008- ൽ ജൻഔഷധി സ്കീം എന്നത് 2015- ൽ PM-JAY എന്നും 2016- ൽ PM-BJP എന്നും തുടർന്ന് PM-BJP കേന്ദ്രം എന്നും പുനർനാമകരണം ചെയ്തിരിക്കുന്നു.
ആരോഗ്യ ഔഷധരംഗത്തെ സ്വകാര്യ, കോർപ്പറേറ്റ് ആധിപത്യത്തിന് കീഴ്പ്പെടുത്താതേയും രാഷ്ട്രീയ ഗിമ്മിക്കുകൾ കാണിക്കാതെയും ജീവിത യാഥാർഥ്യങ്ങൾ കണക്കിലെടുത്ത് ജനങ്ങളുടെ ആരോഗ്യത്തെ ‘പൊതുസമ്പത്താ’യി (PubliC good) കണക്കാക്കി നിയമനടപടികൾ കൈക്കൊള്ളുകയും നടപ്പാക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.
സഹകരണ ആശുപത്രികൾ:
കോർപ്പറേറ്റ് കടന്നാക്രമണങ്ങൾക്കുള്ള പ്രതിരോധം എന്ന നിലയിൽ സഹകരണ സ്ഥാപനത്തിന് ഇന്ന് വർധിച്ച പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, ആ രീതിയിൽ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാൻ സമൂഹത്തിനും സർക്കാരിനും കഴിയണം.
സഹകരണ ആശുപത്രികളാണ് ആരോഗ്യ രംഗത്ത് ഇക്കാര്യം നിർവ്വഹിക്കുന്നത്. വരവ് ചെലവുകൾ വഴി നിത്യനിദാനകാര്യങ്ങൾ ഒത്തുപോകാമെങ്കിലും പുതിയ ഏതുതരം വളർച്ചയ്ക്കും വേണ്ട മൂലധനം സഹകരണ സ്ഥാപനങ്ങൾക്ക് ഇന്നൊരു പ്രശ്നമാണ്. അതിനുള്ള സർക്കാർ സഹായങ്ങളാണ് പ്രധാനമായും വേണ്ടത്. ഗ്രാന്റ്, കടത്തിന് പലിശ ഒഴിവാക്കൽ, കടം ലഭിക്കാനുള്ള ഉദാര സംവിധാനം എന്നിവ പ്രധാനമാണ്. കൂടാതെ സഹകരണ ആശുപത്രികളിൽ വൈദ്യുതി, വെള്ളം എന്നിവ സൗജന്യമായോ കുറഞ്ഞ നിരക്കുകൾക്കോ നൽകാൻ സംവിധാനം വേണം.
സ്വകാര്യ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ആശുപത്രികൾ അവിടെ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന തലവരിപ്പണവും ഫീസും ഉപയോഗിക്കാൻ കഴിയും. സഹകരണ ആശുപത്രികൾക്ക് അതില്ല. മാത്രമല്ല, സ്വകാര്യ, കോർപ്പറേറ്റ് ആശുപത്രികൾ കൃത്യമായ സേവന- വേതന വ്യവസ്ഥകൾ, പ്രവൃത്തിസമയം എന്നിവയൊന്നിലും സർക്കാർ മാനദണ്ഡം പാലിക്കുന്നില്ല. സഹകരണസ്ഥാപനങ്ങൾക്ക് മാന്യമായ വേതനം കൊടുത്തും ജോലിസമയം കൃത്യതപ്പെടുത്തിയും മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.

സഹകരണ ആശുപത്രികൾ മിക്കതും സർക്കാർ നടപ്പാക്കുന്ന ഇൻഷൂറൻസ് സംവിധാനങ്ങൾ ലഭ്യമാക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഇൻഷൂറൻസ് വഴി ഈ പണം ലഭിക്കുന്നതിന് വളരെ കാലതാമസം നേരിടുന്നു. ഇതും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആധുനിക സംവിധാനങ്ങൾക്കായി മൂലധനം ഇറക്കിക്കൊണ്ടേ സഹകരണ ആശുപത്രികൾക്ക് വളരാൻ കഴിയൂ. ഈ മൂലധന ദൗർലഭ്യം പരിഹരിക്കുന്നതിന്നാവണം സർക്കാർ മുൻതൂക്കം നൽകേണ്ടത്.
c) ചില കേരളീയ ചിന്തകൾ:
ഏറ്റവും പ്രധാനം പൊതു ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയുമാവണം. രോഗപ്രതിരോധമെന്നാൽ, വാക്സിനേഷൻ മാത്രമല്ല; ആരോഗ്യ സംരക്ഷണത്തിനുള്ള സാമൂഹിക ഘടകങ്ങളാണ് അതിൽ പ്രധാനം. പോഷകാഹാരം, ശുദ്ധവായു, നല്ല കുടിവെള്ളം എന്നിവയുടെ ലഭ്യത എല്ലാവർക്കും ഉറപ്പാക്കാൻ കഴിയണം. സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലെല്ലാം ചെലവിന്റെ 80% വും വഹിക്കുന്നത് സർക്കാരാണ്. കേരള മാതൃക തന്നെ മനുഷ്യാധ്വാന വികാസത്തിന്റേയും പ്രകൃതിവിഭവഉപയോഗത്തിന്റെയും ഒരു കൂട്ടുൽപ്പന്നമാണ്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം, പ്രകൃതിവിഭവ സംരക്ഷണം എന്നിവ നല്ല രീതിയിൽ തുടരണം. മലിനീകരണം പൂർണ്ണമായും ഇല്ലാതാകണം. സർക്കാർ ചെലവിന്റെ കൂടിയ അനുപാതം, ആരോഗ്യത്തെ പൊതുസമ്പത്തായി (Public Good) കണക്കാക്കി ഈ രംഗത്ത് ചെലവാക്കണം. മരാമത്തു പണികൾക്കല്ല മറിച്ച് ആരോഗ്യ - വിദ്യാഭ്യാസ - പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് കേരള സർക്കാർ ഇനി മുൻഗണന നൽകേണ്ടത്.
പ്രതിശീർഷം 8000- 9000 രൂപ ചെലവാക്കത്തക്കവിധം പൊതു ആരോഗ്യ ചെലവ് (അതായത് സംസ്ഥാന സർക്കാരിന്റെ ആകെ ചെലവിന്റെ 15% ഓളം) കണ്ടെത്താൻ കഴിയണം. ഇതാകട്ടെ, പുതിയ മെഡിക്കൽ കോളേജുകൾക്കായിരിക്കരുത്; നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്താനായിരിക്കണം. ഇത് നികുതിപ്പണത്തിൽ നിന്നുതന്നെയാകണമെന്നില്ല. സർക്കാർ ഇൻഷൂറൻസ് സംവിധാനം, കമ്പനികളുടെ CSR വിഹിതം, (ഇത് കെട്ടിടനിർമ്മാണത്തിനുമാകാം), സമൂഹത്തിൽ നിന്നുള്ള മൊത്തം ആരോഗ്യ സെസ്സ് (Pooled Prepaid System എന്നും പറയാം) എന്നിവയൊക്കെ ഒന്നിച്ച് പരിഗണിക്കണം.
കേന്ദ്രതലത്തിൽ പൊതുമേഖലയിലെ മരുന്ന്, വാക്സിൻ കമ്പനികൾ ദുർബലപ്പെട്ടത് വലിയ പ്രശ്നമാണ്. പേറ്റന്റ് നിയമഭേദഗതിയും പ്രതികൂലമായിത്തീർന്നിട്ടുണ്ട്. HAL, IDPL എന്നിവ ദുർബലമായി. വാക്സിൻ കമ്പനികളായ IIL, BIBLOC, HLL Biotech Ltd. എന്നിവയും ശക്തമല്ലാതായി. പൊതുമേഖലാ ശാക്തീകരണത്തിൽ കേന്ദ്രസർക്കാറും അതിന്റെ സാമ്പത്തിക നയങ്ങളും തൽപ്പരരല്ല. കേരളത്തിലാണെങ്കിൽ, KSDP യുടെ ഗുണപരവും ഗണപരവും ആയ ശേഷികൾ മെച്ചപ്പെട്ടതാണെങ്കിലും കമ്പനി പ്രതിസന്ധിയിലാണ്. കേരളത്തിൽ വലിയതോതിൽ പ്രചാരത്തിലുള്ള പ്രമേഹം, രക്തസമ്മർദം, തലകറക്കം, യൂറിക് ആസിഡ് എന്നിവക്കൊക്കെയുള്ള മരുന്നുകൾ ഗുണനിലവാരത്തോടെ KSDP ഉണ്ടാക്കി വിൽക്കാൻ കഴിഞ്ഞാൽ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
രോഗം വന്നശേഷം ചികിത്സ എന്നതിൽനിന്ന് രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ് പ്രധാനം. ഇതിൽ പലതും പണച്ചെലവുള്ളതല്ല. ആരോഗ്യ പരിപാലനത്തിലൂടെ ആയുസ്സ് നിലനിർത്താൻ കഴിയുമെങ്കിലും രോഗാതുരത ഉയർന്നുനിൽക്കുന്ന സമൂഹത്തിന്റെ ജീവിതഗുണത (quality of life) പലപ്പോഴും കുറവായിരിക്കും.
റോഡപകടങ്ങളാണ് കേരളത്തിലെ ചികിത്സാചെലവിലെ ഒരു പ്രധാന ഘടകം. 2025- ൽ ഏതാണ്ട് അര ലക്ഷം റോഡപകടങ്ങളിൽ 3733 പേർ മരിക്കുകയും 57,872 പേർക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി. ഇതിൽ മുക്കാൽ പങ്കും പലതരം അനാസ്ഥകളാലാണ്. റോഡപകടങ്ങൾ കർശനമായി നിയന്ത്രിക്കാനുള്ള നിയമവും അതിന്റെ നിർവഹണവുമാണ് പ്രധാനം. റോഡുകളുടെ അറ്റകുറ്റപ്പണികളും പ്രധാനമാണ്. പണക്കാർക്കും സ്വാധീനമുള്ളവർക്കും പല രീതിയിൽ ഊരിപ്പോരാനും, പോലീസ്സിനേയും നിയമവ്യവസ്ഥയെ തന്നെയും നോക്കുകുത്തികളാക്കുകയും ചെയ്യുന്നവയാണ് ഇന്നത്തെ പല നിയമങ്ങളും. ഇൻഷൂറൻസ് കമ്പനികൾ, അഭിഭാഷകർ, ഡോക്ടർമാർ എന്നിവർ ചേർന്ന അവിശുദ്ധ ബന്ധം പ്രവർത്തിക്കുന്നതായും ആരോപണങ്ങളുണ്ട്. ഇതൊക്കെ പരിശോധിക്കേണ്ടതാണ്.
കേരളത്തിന്റെ “ഏകാരോഗ്യ കർമപരിപാടി” ശക്തിപ്പെടുത്തുക എന്നതും പ്രധാനമാണ്. ഇതിന് 2023- ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ച ‘One Health’ ഗവേഷണകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തണം. രോഗാതുരത കുറയ്ക്കുക, മെച്ചപ്പെട്ട ആരോഗ്യ വിദ്യാഭ്യാസം നൽകുക, രോഗപ്രതിരോധം, കൗമാര കൗൺസലിംങ്ങ്, പോഷകാഹാരലഭ്യത, തുടക്കത്തിലെ രോഗങ്ങൾ കണ്ടെത്താനുള്ള സംവിധാനം, ഊർജിതമായ സ്കൂൾ ആരോഗ്യ പദ്ധതി തുടങ്ങി വിവിധതരം സാമൂഹിക ഇടപെടലിന്നുള്ള പരിപാടികൾ ഉണ്ടാകേണ്ടതുണ്ട്.
ഇതിനുപുറമെ, സ്വകാര്യ ആശുപത്രികൾ രോഗികളുടെ മേൽ അമിതഭാരം ചുമത്തുന്ന സ്ഥിതി മാറ്റിയെടുക്കാൻ ശാസ്ത്രീയ ചികിത്സയും മാനദണ്ഡങ്ങളും പെരുമാറ്റചട്ടങ്ങളും ആവിഷ്കരിക്കുകയും ചികിത്സാഫീസുകൾ നിശ്ചയിക്കുകയും അവ പ്രദർശിപ്പിക്കുകയും വേണം. ഇവയെല്ലാം ഉൾപ്പെടുത്തി ചെറുകിട സഹകരണ ആശുപത്രികളെ സംരക്ഷിക്കുംവിധം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പുനഃരാവിഷ്കരിച്ച് നടപ്പാക്കണം.
ആരോഗ്യരംഗത്തെ വികേന്ദ്രീകരണനടപടികളും, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടലും, ജനകീയ പിന്തുണാസംവിധാനങ്ങളും ഇനിയും മെച്ചപ്പെടുത്തണം. സർക്കാരും ചാരിറ്റബിൾ ആശുപത്രികളും സഹകരണ സംവിധാനങ്ങളും ചേർന്ന് സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ ചികിത്സ ഉറപ്പാക്കുന്ന സർക്കാർ - സ്വകാര്യ - സഹകരണ മാതൃകകൾ ഉണ്ടായിവരണം. സഹകരണ ആശുപത്രികളെ സഹായിക്കാൻ പ്രത്യേക പദ്ധതികൾ വേണം.
ഒരു കാലത്ത് മാതൃകാപരമായി പ്രവർത്തിച്ചിരുന്ന സ്കൂൾ ആരോഗ്യപരിപാടി പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുനഃരുജ്ജീവിപ്പിക്കുകയും അത് കോളേജുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയും വേണം. കുട്ടികളിൽ അമിതവണ്ണം കൂടിവരുന്നത് രോഗമാണെന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യസ്ഥിതി നിരന്തരം പരിശോധിക്കാനുള്ള കൗൺസലിങ്ങ് ശാസ്ത്രീയമായും കാലികമായും പുനഃസംഘടിപ്പിക്കണം. വയോജനങ്ങൾക്ക് ന്യൂനോകോക്കൽ വാക്സിനും ഫ്ലൂവാക്സിനും യഥാസമയം ഉറപ്പാക്കി ശക്തമായ “ശ്വാസകോശ സുരക്ഷാ സംവിധാനം” ഉറപ്പാക്കാൻ കഴിയണം.
പല കാരണങ്ങളാൽ ആൾക്കാർ കൂടുതലായി ചികിത്സ തേടുന്നതിനാലാണ് അഥവാ ചികിത്സക്കായുള്ള കേരളത്തിലെ ഉയർന്ന ഡിമാന്റ് മനസ്സിലാക്കിയാണ് വിദേശമൂലധനവും കോർപ്പറേറ്റ് ആശുപത്രികളും ഇവിടേക്ക് വലിയതോതിൽ ലക്ഷ്യമിടുന്നത്. ഇപ്പോൾ തന്നെ ഉയർന്നുനിൽക്കുന്ന ചികിത്സാചെലവ് വർധിപ്പിക്കാനെ ഇതിടയാക്കൂ. ഈ സാഹചര്യത്തിൽ, രോഗാതുരത കുറയ്ക്കാനും മാനസികാരോഗ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യാനും, സർക്കാരും, സഹകരണ - മിഷനറി - കോർപ്പറേറ്റ് ഇതര ആശുപത്രികളും യോജിച്ച് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കാൻ കഴിയണം. അപ്പോൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള സർക്കാർ ശൃംഖലയെ ആൾശേഷികൊണ്ടും അർഥശേഷികൊണ്ടും ശക്തിപ്പെടുത്തണം. ഇതിനുള്ള പണം സർക്കാർ കണ്ടെത്തണം.
പുതിയ മെഡിക്കൽ കോളേജ് എന്നതിലുപരി നിലവിലുള്ളവയെ ശക്തിപ്പെടുത്തുന്നതിന്നാവണം ഊന്നൽ. ഇവിടുത്തെ മനുഷ്യശേഷിയുടെ ക്രമീകരണം ശ്രദ്ധിക്കേണ്ടതാണ്. പകർച്ചവ്യാധികളും പകർച്ചേതരവ്യാധികളും ചേർന്നുണ്ടാകുന്ന ഉയർന്ന രോഗാതുരത കുറയ്ക്കാനുള്ള സാമൂഹിക ഇടപെടലാണ് മൂന്നാമത്തെ പ്രധാന ഘടകം. പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ പകരാതിരിക്കാനും വേണ്ട ഉടൻ പ്രവർത്തനക്ഷമമായ സംവിധാനം പ്രധാനമാണ്. അതിന് സഹായകമായ Disease Control System ജില്ലാതലത്തിൽ പ്രാവർത്തികമാക്കണം. കൂടുതൽ പണം എവിടെ ചെലവാക്കണം എന്നത് ഈയൊരു മുൻഗണനയിൽ തീരുമാനിക്കണം.
ഈ രീതിയിൽ വിഭാവനം ചെയ്യുന്ന ഒരു ആരോഗ്യ സംവിധാനം കേരളത്തിൽ ഉണ്ടായിവരണം. “കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം” എന്ന അവസ്ഥ പുനഃസ്ഥാപിക്കാനുള്ള കരുത്തേറിയ ഒരു സംവിധാനത്തിന്നായി എല്ലാ വിഭാഗം ഏജൻസികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശാലമായൊരു ജനകീയാരോഗ്യ പ്രസ്ഥാനം വളർത്തിയെടുക്കേണ്ടതുണ്ട്.
കേരളത്തിലെ ആരോഗ്യരംഗത്ത് നിരന്തരം ഇടപെട്ടു പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ഒരു ജനകീയാരോഗ്യ പ്രസ്ഥാനം എന്ന നിലയ്ക്കാണ് പരിഷത്ത് അതിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ചികിത്സയേക്കാൾ രോഗപ്രതിരോധത്തിനും സാമൂഹിക ഘടകങ്ങളായ സുരക്ഷിതമായ കുടിവെള്ളം, മാലിന്യനിർമാർജനം, പോഷകാഹാരലഭ്യത, വൃത്തിയുള്ള വീടും ചുറ്റുപാടും, ആരോഗ്യ വിദ്യാഭ്യാസം, ലിംഗസമത്വം, തൊഴിൽ സുരക്ഷ, പ്രതിരോധ കുത്തിവെയ്പുകൾ എന്നിവയ്ക്കായിരുന്നു പരിഷത്ത് ഊന്നൽ നൽകിയത്. ഒപ്പം തന്നെ, രോഗചികിത്സയ്ക്കുള്ള ഉത്തരവാദിത്വം സമൂഹത്തിനാണെന്ന നിലപാടും പരിഷത്ത് കൈക്കൊണ്ടു. മേൽസൂചിപ്പിച്ചതരത്തിൽ, വിശാലമായൊരു ജനകീയാരോഗ്യ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത്.
▮
Reference
1. Ameen Shahul (2026): The Silent Syndicate How Big Finance is Destroying India’s Health Care, Hatchet India, New Delhi.
2. Saminan Nundy, Keshav Desisayee and Sanjay Nagral. (2018): Healers or Predators? Health Care Corruption in India, OUP, New Delhi.
3. Abanthika Ghosh: Games Hospitals Play (2015), Bloomsburg India, New Delhi.
4. Arun Gadre & Abhay Shulka(2016): Dissenting Diagnosis, Random House, New Delhi
5. Harsh Mander (2026): A Matter of Life and Death: The Unfinished Journey to Secure Health for All: Speaking Tiger, New Delhi.
6. ഡോ.കെ.പി. അരവിന്ദൻ (എഡി.) (2025), കേരള പഠനം രണ്ട്; കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂർ.
7. ഡോ.കെ.പി. അരവിന്ദൻ (2026), കേരളത്തിന്റെ ആരോഗ്യമേഖല പുതിയ സർക്കാരിന്റെ മുന്നിലെ വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും. രിസാല, മെയ് 2026, കോഴിക്കോട്.
8. ഡോ.ബി. ഇക്ബാൽ (2026)., ആരോഗ്യ കേരളം അമേരിക്കയിലേക്കോ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മെയ് 03-09, കോഴിക്കോട്.
9.ഡോ.ബി. ഇക്ബാൽ (2026)- കേരളത്തിന്റെ ആരോഗ്യഭാവി, കലാകൗമുദി, സെപ്തംബർ 13-10.
10. രാജീവ് സദാനന്ദൻ, ഡോ.പല്ലവി മുരളീധരൻ (2026)- കേരളത്തിന്റെ ആരോഗ്യചെലവിന് പണമെവിടെ; ഒരു ആരോഗ്യ ധനകാര്യ വീക്ഷണം, സെപ്തം.11, True copy think media.
11. Ravi Duggal (2026): Is it Time to Change How Public Health care is Funded and Provided
12. Ravi Duggal (2026): Private Health Insurance. Has no Future in India, or Anywhere else in the World.
