ആരോഗ്യപദ്ധതിയെ കുറിച്ചുള്ള ചിന്ത അനേകം സങ്കീർണമായ ഘടകങ്ങൾ ഒത്തുചേർന്നതാണ്. അതിൽ ആരോഗ്യവുമായി നേർബന്ധമില്ലെന്ന് കരുതപ്പെടുന്ന വിദ്യാഭ്യാസം, കൃഷി, മൃഗപരിപാലനം, വനശാസ്ത്രം, പരിസ്ഥിതി എന്നിവയും ഉൾപ്പെടുന്നു. ഈ മേഖലകളിൽ സംഭവിക്കുന്ന പുരോഗതിയും അശ്രദ്ധയും ആരോഗ്യരംഗത്തും പ്രതിഫലിക്കും. ഇതറിയാൻ സ്വാതന്ത്രാനന്തര കേരളത്തിലുണ്ടായ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മതി.
ആരോഗ്യമെന്ന് പറയുമ്പോൾ ഇന്ന് നാം ചിന്തിക്കുന്നത് പൊതുജനാരോഗ്യമേഖലയുടെ പ്രവർത്തന മേഖലയെക്കുറിച്ചാണ്. അതും പല ഘടകങ്ങൾ നിറഞ്ഞതാണെന്ന് കാണാം. മെഡിക്കൽ കോളേജുകൾ, ആരോഗ്യ സേവന വകുപ്പ് (Health Services Department), സ്വതന്ത്ര സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും എന്നിങ്ങനെ പലതും ഉൾപ്പെടും. ഇവ ഓരോന്നും വ്യത്യസ്ത രീതിയിൽ ആരോഗ്യ രംഗത്തെ സ്വാധീനിക്കുന്നു.
മെഡിക്കൽ കോളേജുകളുടെ ഗുണനിലവാര ചർച്ച നടക്കേണ്ടതുതന്നെയാണ്. അവിടെ വരുന്ന സാധാരണക്കാരായ രോഗികൾക്ക് പോകാൻ മറ്റൊരിടമില്ല എന്നത് വിഷയത്തെ സങ്കീർണമാക്കുന്നു.
അതിനാൽ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ ഇവയെ വേർതിരിച്ചു കാണാൻ സാധിക്കണം. അടിസ്ഥാനപരമായി ചിന്തിച്ചാൽ മെഡിക്കൽ കോളേജുകൾ മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ഭാവിയിൽ ആരോഗ്യരംഗത്തെ താങ്ങിനിർത്താൻ ആവശ്യമുള്ള മനുഷ്യവിഭവം കാലികമായ ഗുണനിലവാരം ചോർന്നുപോകാതെ ഉറപ്പാക്കുക എന്നതാണ് കോളേജുകളുടെ പരമപ്രധാന ദൗത്യം. ആരോഗ്യ സർവ്വകലാശാലകൾ, ദേശീയ മെഡിക്കൽ കമ്മീഷൻ എന്നീ ഏജൻസികൾ ഇതിൽ പങ്കാളികളാണ്. ഇതോടൊപ്പം മെഡിക്കൽ കോളേജുകൾ മറ്റു ചില കാര്യങ്ങളിൽ കൂടി ഗൗരവതരമായ ഇടപെടലുകൾ നടത്തേണ്ടതായുണ്ട്. നാടിന്റെ ആരോഗ്യപദ്ധതിയിൽ നയപരമായ നേതൃത്വം, ഗവേഷണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് കാലാകാലങ്ങളിൽ നൽകേണ്ട നൈപുണ്യ പരിശീലനം എന്നിവ അവയിൽ പെടും.
സർക്കാർ സമിതികൾ, പ്ലാനിംഗ് ബോർഡ്, ശാസ്ത്ര സാങ്കേതിക കൗൺസിൽ എന്നിവയുടെ സക്രിയ പങ്കാളിത്തമാണ് ഇവിടെ ഉദാഹരണമായി കാണാവുന്നത്. ഇതിനുപുറമെയാണ് മെഡിക്കൽ കോളേജുകളുടെ ആശുപത്രി എന്ന പ്രവർത്തനം; ഇത് പ്രധാനമല്ലെന്നല്ല, ചർച്ചകളിൽ ഇതുമാത്രം നിറഞ്ഞുനിൽക്കുന്നത് ആരോഗ്യരംഗത്തെ ഇതര ഘടകങ്ങളെക്കൂടി ബാധിക്കുമെന്ന് അറിയണം എന്നുമാത്രം. ത്രിതല ആശുപത്രി സംവിധാനത്തിൽ മുകൾത്തട്ടിലാണ് മെഡിക്കൽ കോളേജ് ആശുപത്രികൾ.

ഈ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജുകളുടെ ഗുണനിലവാര ചർച്ച നടക്കേണ്ടത്. അവിടെ വരുന്ന സാധാരണക്കാരായ രോഗികൾക്ക് പോകാൻ മറ്റൊരിടമില്ല എന്നത് വിഷയത്തെ സങ്കീർണമാക്കുന്നു. അതുകൊണ്ട്, മെച്ചപ്പെട്ട ചികിത്സ (curative care), പ്രാപ്യത (access), നിയന്ത്രിതമായ ചെലവ് (out of pocket expenses), നീതിയും അന്തസ്സും ഉറപ്പാക്കൽ (ensuring equity and dignity) എന്നിവ കർശനമായും ഉറപ്പാക്കേണ്ടതുണ്ട്. മെഡിക്കൽ കോളേജുകൾ പാഠശാലകൾ കൂടിയാണല്ലോ. അവിടുത്തെ പോരായ്മകൾ ക്രമേണ പൊതുജനാരോഗ്യരംഗത്തേയും പ്രതികൂലമായി സ്വാധീനിക്കും.
മെഡിക്കൽ കോളേജുകളുടെ പ്രശ്നങ്ങൾ
മെഡിക്കൽ കോളേജുകൾക്കുണ്ടെന്ന് പറയപ്പെടുന്ന പ്രശ്നങ്ങളെ പ്രധാനമായും ഇങ്ങനെ പരിഗണിക്കാം:
1) നയപരം.
2) ബ്യൂറോക്രാറ്റിക്.
3) ടെക്നോളജി സംബന്ധമായ.
മറ്റു കാര്യങ്ങളും തീർച്ചയായും ഉണ്ടാകാം. മെഡിക്കൽ കോളേജ് ആശുപത്രികളുടെ ഗുണതയുമായി ഇവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് രണ്ടായിരത്തോളം കിടക്കകളുള്ള വലിയ ആശുപത്രിയാണത്. പ്രതിവർഷം 80,000 കിടപ്പുരോഗികൾ ഇവിടെ ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്നു. ഔട്ട്-പേഷ്യൻറ്റ് സന്ദർശകർ 7,50,000 പേരുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിദിനം 2500 ഡോക്ടർ- രോഗി സമ്പർക്കം നടക്കുന്നു എന്നർത്ഥം.
നയപരം: മെഡിക്കൽ കോളേജുകളുടെ പ്രവർത്തന മേഖലകൾ തീരുമാനിച്ചുകഴിഞ്ഞാൽ (വിദ്യാഭ്യാസം, തുടർ വിദ്യാഭ്യാസം, ഗവേഷണം, നയരൂപീകരണ പങ്കാളിത്തം, രോഗപ്രതിരോധം, ചികിത്സ) ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനുള്ള നയപരമായ ഉത്തരവാദിത്തം സർക്കാരിലും പൊതുജനങ്ങളിലും നിക്ഷിപ്തമാണ്. ഇവിടെയാണ് ചർച്ചകളുടെ പോരായ്‌മ ശ്രദ്ധിക്കപ്പെടേണ്ടത്. മെഡിക്കൽ കോളേജുകൾ റഫറൽ ആശുപത്രികളാണെന്ന് സങ്കല്പിക്കപ്പെട്ടിരിക്കുന്നു. എൺപതുകൾ മുതൽ അങ്ങനെയായിരുന്നു എങ്കിലും റഫറൽ രേഖകൾ സംരക്ഷിക്കുന്നതും തുടർ ചികിത്സയുമായി ബന്ധപ്പെടുത്തുന്നതിലും കാര്യമായ ശ്രമം ഉണ്ടായില്ല. ഏതാനും വർഷങ്ങൾക്കുമുമ്പ് ശ്രമം പുനരുജ്ജീവിപ്പിച്ചുവെങ്കിലും ഗുണപരമായ മാറ്റം കാണാനായില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സങ്കല്പിക്കാം. രണ്ടായിരത്തോളം കിടക്കകളുള്ള വലിയ ആശുപത്രിയാണത്. പ്രതിവർഷം 80,000 കിടപ്പുരോഗികൾ ഇവിടെ ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്നു. ഔട്ട്-പേഷ്യൻറ്റ് സന്ദർശകർ 7,50,000 പേരുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിദിനം 2500 ഡോക്ടർ- രോഗി സമ്പർക്കം നടക്കുന്നു എന്നർത്ഥം. ഇതോടൊപ്പം വരുന്ന കൂട്ടിരുപ്പുകാർ, മറ്റു സന്ദർശകർ എല്ലാം ചേരുമ്പോൾ പകൽ എട്ടുമണി മുതൽ ഉച്ചതിരിഞ്ഞ് മൂന്നു മണിവരെ വലിയ ആൾക്കൂട്ട സാധ്യതയുണ്ട്. ലാബുകൾ, ഫാർമസി, ഫോറൻസിക് വിഭാഗങ്ങളിൽ വരുന്നവരെക്കൂടി ചേർത്താൽ സംഖ്യ വർധിക്കും.

ഒരു രോഗിക്ക് കൃത്യം പത്ത് മിനിറ്റ് OP സേവനത്തിന് നൽകിയാൽ അവശ്യം വേണ്ട മാനവശേഷി കണക്കുകൂട്ടാവുന്നതേയുള്ളു. കൃത്യമായി റഫറൽ അടിസ്ഥാനത്തിൽ ചികിൽസിക്കാനും റെക്കോർഡ് സൂക്ഷിക്കാനും നിലവിലുള്ളതിനേക്കാൾ എത്രയോ കൂടുതൽ പ്രഫഷണലുകൾ വേണമെന്ന് കണ്ടെത്താവുന്നതേയുള്ളൂ. നയപരമായി റഫറൽ തീരുമാനമെടുത്തു കഴിഞ്ഞാൽ അതിനാവശ്യമായ വിഭവ വിന്യാസം അത്യാവശ്യമാണെല്ലോ.
മറ്റു മെഡിക്കൽ കോളേജുകളുടെയും പ്രശ്നങ്ങൾ സമാനമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 16,000 മുതൽ 18,000 വരെ പ്രസവം നടക്കുന്നുവെന്നാണ് കണക്ക്. രോഗികളുടെ എണ്ണം കൂടുമ്പോൾ അവർക്ക് ആൾക്കൂട്ട സ്വഭാവമുണ്ടാകുന്നതിന്റെ പൊരുൾ ഇതാണ്. ആരോഗ്യത്തെ കുറിച്ചുള്ള ധാരണകളിലും ആരോഗ്യസേവനം നേടാനുള്ള (health seeking behaviour) ശ്രമത്തിലും കേരളം വടക്കൻ സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. മെഡിക്കൽ കോളേജ് ആശുപത്രികൾ സംഘർഷഭൂമിയാകുന്നതിൽ നയപരമായ ദൗർബല്യങ്ങളുണ്ട്; എന്നാലവ മീഡിയയിലോ കോടതിയിലോ ചർച്ച ചെയ്യപ്പെടുന്നില്ല.
ആരോഗ്യം ഒരു അടിസ്ഥാന അവകാശമായി നാമിന്ന് അംഗീകരിച്ചിട്ടുണ്ട്. കോടതിവിധികളാകട്ടെ ആരോഗ്യത്തെ ഭരണഘടനയുടെ 21 -ാം വകുപ്പുമായി ചേർത്ത് വായിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഇതിന് കാരണമുണ്ട്: മനുഷ്യവികസനത്തിന്റെ പ്രധാന സൂചകങ്ങളിൽ ഒന്നാണത്. പൂർണമായും അടിസ്ഥാന അവകാശമായി ഭരണഘടന പറയുന്നില്ലെങ്കിലും ആരോഗ്യം നിലനില്പിന്റെയും പൗരാവകാശത്തിന്റെയും ചിഹ്നമായി തുടരും. ലോകാരോഗ്യ സംഘടനയും സമാന നിലപാട് എടുക്കുന്നു. മനുഷ്യാവകാശരേഖകളിൽ ആരോഗ്യം സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലാ അംഗരാജ്യങ്ങളും ഒന്നോ അതിലധികമോ മനുഷ്യാവകാശ സംബന്ധിയായ രേഖകളിൽ ഒപ്പുവെച്ചിട്ടുമുണ്ട്.

നമ്മുടെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികൾക്കായി ഒരുക്കിയിരിക്കുന്ന പൊതു വാർഡുകൾ നോക്കൂ. ഡോർമിറ്ററി മാതൃകയിൽ ചിട്ടപ്പെടുത്തിയ വാർഡുകൾ 1950 -കളിലെ ആശയങ്ങൾക്കനുസൃതമായി പണിതതാണ്. പല വാർഡുകളിലും കട്ടിലിന്റെ എണ്ണത്തെക്കാളധികം രോഗികളുണ്ടാകും; അതിനിടയിൽ അവരുടെ കൂട്ടിരിപ്പുകാരും. രോഗികൾക്ക് അവശ്യം വേണ്ട സ്വകാര്യത (privacy), അന്തസ്സ് (dignity), ആശയവിനിമയ ജാഗ്രത (confidentiality) എന്നിവയ്ക്ക് കോട്ടം തട്ടും വിധമാണ് വാർഡുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ സംരക്ഷിക്കപ്പെടേണ്ട രഹസ്യാത്മകത ഏതു സമയവും നഷ്ടപ്പെടും എന്നത് ഗൗരവമായി കാണേണ്ടതാണ്. പ്രത്യേകിച്ച് സോഷ്യൽ മീഡിയ, സ്മാർട്ട് ഫോൺ എന്നിവ വ്യാപകമാകുമ്പോൾ.
മെഡിക്കൽ കോളേജ് ആശുപത്രികളിലെ പൊതു വാർഡുകൾ നോക്കൂ. ഡോർമിറ്ററി മാതൃകയിൽ ചിട്ടപ്പെടുത്തിയ വാർഡുകൾ 1950 -കളിലെ ആശയങ്ങൾക്കനുസൃതമായി പണിതതാണ്. പല വാർഡുകളിലും കട്ടിലിന്റെ എണ്ണത്തെക്കാളധികം രോഗികളുണ്ടാകും; അതിനിടയിൽ അവരുടെ കൂട്ടിരിപ്പുകാരും.
വാർഡുകളിൽ രോഗികളുടെ തിക്കും തിരക്കും ഗുണതയെ ബാധിക്കും; ചികിത്സാപ്പിഴവുകളും ചികിത്സാ വിളംബവും തള്ളിക്കളയാനുമാവില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി വൈറസ് രോഗങ്ങൾ ബാധിച്ചവർ ആശുപത്രികളിൽ കിടപ്പുരോഗികളാവുന്നത് സാധാരണയാകുന്നു. ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങൾ ഇതിന്റെ തുടർരോഗങ്ങളായി പ്രത്യക്ഷപ്പെടാം. അതിനാൽ, ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാനുള്ള മുൻകരുതൽ ആവശ്യമായിവരുന്നു. ആശുപത്രി വാർഡുകളുടെ രൂപകല്പനയിൽ ഉണ്ടാകേണ്ട മാറ്റങ്ങളും പരിഗണനാർഹമാണ്. ഇന്ത്യയിലെ ആരോഗ്യസംവിധാനങ്ങളുടെ മാർഗരേഖ (Indian Health Facility Guidelines, 2014) അനുസരിച്ച്, രണ്ടുകിടക്കകൾ തമ്മിൽ കുറഞ്ഞത് 48 ഇഞ്ച് അകലമുണ്ടായിരിക്കണം. രേഖയിൽ സുരക്ഷിത ഡിസൈനുകൾ ചർച്ച ചെയ്യുന്നുണ്ട്. സമൂഹത്തിൽനിന്ന് പിടിപെടുന്ന രോഗങ്ങങ്ങളേക്കാൾ ആശുപത്രി വാർഡുകളിൽ നിന്ന് പകർന്നുകിട്ടുന്ന അണുബാധകൾക്ക് തീക്ഷ്ണതയേറും.
ഇന്ത്യ 2016- ൽ സമഗ്രമായ ഡിസബിലിറ്റി നിയമം നടപ്പാക്കി. ഐക്യരാഷ്ട്രസഭയുടെ ഉപദേശവും കൂടി ഇതിനു പിന്നിലുണ്ട്. ഇതനുസരിച്ച് ഡിസബിലിറ്റിയുള്ളവർക്ക് സുഗമമായ യാത്ര ഉറപ്പാക്കണം; സേവനങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന പ്രാപ്യതയുടെ ചുവടുകൾ നടപ്പാക്കേണ്ടതുണ്ട്. മെഡിക്കൽ കോളേജ് പോലുള്ള മൂന്നാംതല (tertiary) ആശുപത്രികളിൽ എല്ലാ രോഗികളെയും ഡിസബിലിറ്റിയുള്ളവരായി കാണേണ്ടതല്ലേ? ഇതനുസരിച്ച് ആശുപത്രി കവാടങ്ങൾ, ശുചിമുറികൾ, റാമ്പുകൾ, ലിഫ്റ്റ്, സ്റ്റെയർകേസ് എന്നിവ ഡിസബിലിറ്റിയുള്ളവർക്ക് പ്രയാസമില്ലാതെ കടന്നുപോകാനുതകും വിധം ഡിസൈൻ ചെയ്തിരിക്കണം. സമാന സൗകര്യങ്ങൾ ലഭിക്കാൻ മുതിർന്ന പൗരർക്കും അവകാശമുണ്ട്.

ഇങ്ങനെ നോക്കിയാൽ മെഡിക്കൽ കോളേജുകളെ സമകാലീന നിയമങ്ങൾക്കനുസൃതമായി മാറ്റപ്പെടുത്തേണ്ടതുണ്ട്. ആശുപത്രികളെ ആൾക്കൂട്ടത്തിന്റെ അരങ്ങ് എന്നതിൽ നിന്ന് രോഗങ്ങളുടെയും ചികിത്സയുടേയും നിരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും വേദിയായി മാറ്റേണ്ട സമയമായി. സ്വകാര്യത കുറഞ്ഞ വാർഡുകളിൽ പരിശീലനത്തിനായി എത്തുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ അവസ്ഥ ചിന്തിച്ചുനോക്കൂ. രോഗിയുടെ ശരീരത്തിനപ്പുറം രോഗവും പരിതാപവും സാമൂഹിക നോട്ടത്തിന് പാത്രമാകുന്നത് അനുതാപം പരിശീലിപ്പിക്കുന്നതിന് മാതൃകയല്ല. രോഗികളും കൂട്ടിരുപ്പുകാരും ഒരുവശത്തും ആരോഗ്യപ്രവർത്തകർ മറുവശത്തുമായ ബൈനറികളിൽ സംഘർഷ സാധ്യതയുണ്ട്. ലഘു സംഘർഷങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അനുദിനം സംഭവിക്കുന്നുവെങ്കിലും അവ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പലതിലും ആരോഗ്യപ്രവർത്തകർ ഭീഷണിയോ ശാരീരിക ആക്രമണമോ അനുഭവിക്കുന്നു. ഏതാണ്ട് 75% ആരോഗ്യപ്രവർത്തകരും ഏതെങ്കിലും രീതിയിൽ പീഡനം അനുഭവിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യഥാർത്ഥ അനുഭവം ഇതിലും ഏറെയായിരിക്കാനാണ് സാധ്യത.

അടുത്തിടെ ഒരു ജൂനിയർ ഡോക്ടർ തന്റെ വൈദ്യപരിശീലനത്തിനിടെ തൊഴിലിടത്തിൽ വെച്ച് കുത്തേറ്റു മരിച്ച സംഭവമുണ്ടായി. അതിനുശേഷം ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷ മെച്ചപ്പെടുത്താൻ ഭൗതിക സാഹചര്യത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായതെന്ന് പഠിച്ചാൽ കാര്യത്തിന്റെ ഗൗരവം മനസ്സിലാകും. മധ്യപ്രദേശിൽ നിന്നൊരു പഠനവും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ആരോഗ്യ രംഗത്തെ പീഡനം വാക്കാലോ മാനസികമായോ ശാരീരികമായോ സംഭവിക്കാം. ഉദ്ദേശം 96% പേർ വാക്കാലുള്ള പീഡനം അനുഭവിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ആശുപത്രി സംഘർഷങ്ങളിൽ 87% കേസുകളും ഒത്തുതീർപ്പിലെത്താറാണ് പതിവ്. ആശുപത്രികളിൽ നിലവിലുള്ള തിക്കും തിരക്കും പരിമിതപ്പെടുത്തി, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മെച്ചപ്പെട്ട സൗകര്യമൊരുക്കിയാൽ സംഘർഷങ്ങളിൽ അയവ് വരും. മെഡിക്കൽ കോളേജുകളിലെ സംഘർഷത്തെയും ആശുപത്രി ഡിസൈൻ, രോഗികളുടെ അവകാശം എന്നിവയെയും ചേർത്ത് നമ്മുടെ നാട്ടിൽ പഠനങ്ങൾ നടന്നതായി കാണുന്നില്ല.
ബ്യൂറോക്രസി: രാഷ്ട്രീയ നേതൃത്വത്തേക്കാളും, പ്രൊഫഷണൽ നൈപുണ്യത്തേക്കാളും മുന്നിലായി ബ്യൂറോക്രസി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും താഴെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ മുതൽ തലപ്പത്തുള്ള സെക്രട്ടറി വരെയുള്ളവർ ആരോഗ്യസംവിധാനത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രതിസ്ഥാനത്തുണ്ടാവില്ല. ചർച്ചകളിലും പഠനങ്ങളിലും അവർ അദൃശ്യരായി നിലകൊള്ളുന്നു. മാനേജ്‌മെൻറ്റ് ശാസ്ത്രത്തിൽ നിരന്തരം കേൾക്കുന്ന പദങ്ങളായ അക്കൗണ്ടബിലിറ്റി (accountability), റെസ്പോൺസിബിലിറ്റി (responsibility) എന്നിവ അവരെ ബാധിക്കുന്നതായി കേൾവി പോലുമില്ല. ഏഷ്യൻ ബ്യൂറോക്രസികളിൽ ഏറ്റവും ശക്തമായത് ഇന്ത്യയിലാണെന്ന് BBC ലേഖകനായ ക്രിസ് മോറിസ് (Chris Morris) വർഷങ്ങൾക്കുമുമ്പ് അഭിപ്രായപ്പെടുകയുണ്ടായി. ഏഷ്യൻ രാജ്യങ്ങളിലെ ബ്യൂറോക്രസികളെ ഒന്ന് മുതൽ പത്ത് വരെ സ്കെയിലിൽ വിഭജിച്ചപ്പോൾ ഇന്ത്യൻ ബ്യൂറോക്രസിയുടെ സ്കോർ 9.41 ആയിരുന്നു. ഏറ്റവും മോശപ്പെട്ട ബ്യൂറോക്രസിക്ക് പത്തിൽ പത്തു ലഭിക്കും എന്ന രീതിയിൽ നിജപ്പെടുത്തിയ സ്കെയിലാണുപയോഗിച്ചത്. അഴിമതിയും ബ്യൂറോക്രസിയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. (ഹോങ്‌കോങ് ആസ്ഥാനമായ കൺസൾറ്റൻറ് ഗ്രൂപ്പാണ്- Political and Economic Risk Consultancy-പഠനത്തിനുപിന്നിൽ).
അനുദിനം വികസിക്കുന്ന ആരോഗ്യശാസ്ത്രത്തിന്റെ മികവ് സമൂഹത്തിലെത്താൻ കാലതാമസമുണ്ടാകുന്നതിന് ബ്യൂറോക്രസിയുടെ സംഭാവന ചെറുതല്ല. കുറഞ്ഞത് മൂന്ന് പ്രതിബന്ധങ്ങളെങ്കിലും പറയാതിരിക്കാനാവില്ല.

ഒന്നാമതായി; വിഭവവിന്യാസത്തിലും വിനിയോഗത്തിലുമുള്ള കെടുകാര്യസ്ഥത. ഇത് മനുഷ്യവിഭവങ്ങളിലും ധനവിനിയോഗത്തിലും ഒരുപോലെ കാണപ്പെടും. ഇഴഞ്ഞുനീങ്ങുന്ന പദ്ധതി നടത്തിപ്പ്, തീരുമാനങ്ങളെടുക്കുന്നതിൽ കാണുന്ന മെല്ലെപ്പോക്ക് എന്നിവ ഔഷധങ്ങളുടെയും ഉപകരണങ്ങളുടെയും വിതരണ സംവിധാനത്തെ ബാധിക്കും. അടിസ്ഥാനസൗകര്യം (infrastructure) ഒരുക്കുന്നതിൽ പരിമിതിയുണ്ടാകുന്നതിനാൽ ആരോഗ്യരംഗത്തെ ക്രിയാത്മകത നഷ്ടപ്പെടും. പലപ്പോഴും തത്സമയ തീരുമാനമാവശ്യമുള്ള ആരോഗ്യരംഗത്ത് ഇതെല്ലാം തടസ്സമാകും. കോവിഡ് പോലെയുള്ള അടിയന്തര ഘട്ടത്തിൽ ആരോഗ്യപ്രതിസന്ധിയിലേയ്ക്ക് സിസ്റ്റം വീണുപോകും. ബ്യൂറോക്രസിക്ക് മുകളിൽ നിന്ന് രാഷ്ട്രീയ നേതൃത്വം നേരിട്ട് ഇടപെടേണ്ട ഘട്ടം അടിക്കടിയുണ്ടാകുന്നത് വിരളമല്ല. ഇത്തരം ആരോഗ്യ പ്രതിസന്ധികളുണ്ടാകുന്നതിൽ ഏറിയ പങ്കും സംഭവിക്കുന്നത് സേവനലഭ്യത പരിമിതമായ ഗ്രാമീണ മേഖലകളിലായിരിക്കും.
മാറ്റങ്ങൾ, പുതുനിർമിതികൾ എന്നിവയെ ബ്യൂറോക്രസി ഭയത്തോടും ആശങ്കയോടുമാണ് കാണുന്നത്. ആശുപത്രിയായി മാത്രമല്ല ആധുനിക രീതിയിൽ വൈദ്യപരിശീലനം നടത്തേണ്ട ഇടം കൂടിയാണ് മെഡിക്കൽ കോളേജുകൾ. അവിടെ മാറ്റങ്ങളെ ചെറുക്കുന്നവർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ ഗുണനിലവാരത്തകർച്ച ഉണ്ടാകുമെന്നുറപ്പ്.
രണ്ടാമതായി; ബ്യൂറോക്രസിയെ ആരും ഓഡിറ്റിന് വിധേയമാക്കുന്നില്ല. എത്താതിരുന്ന ഉപകരണങ്ങളുടെയും പരിപാലിക്കപ്പെടാതെ അറം പറ്റിയ എക്യുപ്മെന്റുകളുടെയും ഉത്തരവാദിത്വം എടുക്കാനായി ആരും എത്താറില്ല. ആരോഗ്യപ്രവർത്തകർ ഉപകരണങ്ങൾ കേടാക്കിയെന്ന വാർത്തകൾക്ക് പഞ്ഞമില്ല; അതൊന്നും നിരാകരിച്ചുപോലും കണ്ടിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുക്കാതെ, വിശദീകരണം നൽകാതെ ഒരു സിസ്റ്റം നടന്നുപോകുന്നുവെങ്കിൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. സത്യത്തിൽ ആരോഗ്യരംഗത്തെ കുറിച്ചും, അതിലെ പ്രവർത്തകരെ കുറിച്ചും ജനവിശ്വാസവും മതിപ്പും നഷ്ടപ്പെടുന്നതിനുപിന്നിൽ ഇങ്ങനെ ചില കഥകൾ കൂടിയുണ്ട്. ആശുപത്രി സംഘർഷങ്ങളുടെ പിന്നിൽ ഇതുകൂടി കാണണം.
മൂന്നാമതായി; മാറ്റങ്ങൾ, പുതുനിർമിതികൾ (innovation) എന്നിവയെ ബ്യൂറോക്രസി ഭയത്തോടും ആശങ്കയോടുമാണ് കാണുന്നത്. ആശുപത്രിയായി മാത്രമല്ല ആധുനിക രീതിയിൽ വൈദ്യപരിശീലനം നടത്തേണ്ട ഇടം കൂടിയാണ് മെഡിക്കൽ കോളേജുകൾ. അവിടെ മാറ്റങ്ങളെ ചെറുക്കുന്നവർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ ഗുണനിലവാരത്തകർച്ച ഉണ്ടാകുമെന്നുറപ്പ്. അത്തരം സിസ്റ്റവുമായി പൊരുത്തപ്പെടാനാകാത്തവർ സർവീസ് വിട്ട് വിദേശത്തേയ്‌ക്കോ സ്വകാര്യ സ്ഥാപനങ്ങളിലേയ്‌ക്കോ മാറിപ്പോകും. പുതിയ വെല്ലുവിളികൾ സ്വീകരിക്കാനോ സക്രിയ ഇടപെടലുകൾ നടത്താനോ കെൽപ്പുള്ളവർ വിരലിലെണ്ണാവുന്നവരിലേയ്ക്ക് ചുരുങ്ങും. കഴിഞ്ഞ നാലു ദശകങ്ങളായി സർവീസ് വിട്ടുപോയവർ ഇരുനൂറിലധികം വരും. തൊണ്ണൂറുകൾ മുതൽ സ്വകാര്യമേഖലയിലുണ്ടാകുന്ന വൻ കുതിപ്പ് ഗൗരവത്തോടെ നോക്കിക്കാണണം.

ആരോഗ്യരംഗത്തെ ബ്യൂറോക്രസിയുടെ പിടുത്തത്തിൽ നിന്ന് മുക്തമാക്കിയാൽ മാത്രമേ മെഡിക്കൽ കോളേജുകൾക്ക് പണ്ടുണ്ടായിരുന്ന പദവി വീണ്ടെടുക്കാനാകൂ. അല്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ ദശകത്തിനുള്ളിൽ വൈദ്യവിദ്യാഭ്യാസരംഗത്ത് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ചിലത് ഗുണനിലവാര സൂചികയിൽ മുന്നിലെത്തും. സമൂഹവും വിദ്യാർത്ഥികളും ഡോക്ടർമാരും മാറ്റങ്ങൾ സസൂക്ഷ്മം കണ്ടുതുടങ്ങിയിരിക്കുന്നു.
ഇക്ബാൽ കമ്മിറ്റി പറഞ്ഞത്
തൊണ്ണൂറുകളിലെ ജനകീയാസൂത്രണകാലത്ത് അധികാര വികേന്ദ്രീകരണം നടക്കുമെന്നും മെഡിക്കൽ കോളേജുകൾ സ്വതന്ത്ര സ്ഥാപനങ്ങളാകുമെന്നും കരുതിയവരുണ്ട്. അതു നടന്നില്ല. മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ സർക്കാർ നിയമിച്ച ഇക്‌ബാൽ കമ്മിറ്റി റിപ്പോർട്ട് ഏപ്രിൽ 2007-ൽ പുറത്തുവന്നു. ഡോ. ബി. ഇക്‌ബാൽ അധ്യക്ഷനായ ആറംഗ സമിതി ഡിസംബർ 2006-ന് പ്രവർത്തനം ആരംഭിച്ചു. പ്രധാനമായും രണ്ട് അജണ്ടയാണ് സമിതിക്കുണ്ടായിരുന്നത്. മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള മാർഗരേഖ, കേരളത്തിലെ മെഡിക്കൽ കോളേജുകളെയും അനുബന്ധ സ്ഥാപനങ്ങളെയും മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ എന്നിവയായിരുന്നു അവ. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിൽ ധാരാളം സ്വപ്നങ്ങൾ കണ്ട റിപ്പോർട്ടായിരുന്നു അത്.
ഇക്‌ബാൽ കമ്മിറ്റിയുടെ കാലം, വർധിച്ചുവരുന്ന സ്വകാര്യവത്കരണം ഉയർത്തുന്ന സ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠയുടെയും കൂടി ആയിരുന്നു. മെഡിക്കൽ, ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25-ൽ നിന്ന് 116- ലേയ്ക്ക് ഉയർന്നു. 2000 മുതൽ ഏഴു വർഷത്തിൽ വന്ന മാറ്റം ഇങ്ങനെയായിരുന്നു. ഏറ്റവും ആധുനിക ചിന്തയും വികസനോന്മുഖനയവും മെഡിക്കൽ യൂണിവേഴ്സിറ്റി വഴി സ്ഥാപിക്കാമെന്ന ധാരണ കമ്മിറ്റി സർക്കാരിനെ ബോധ്യപ്പെടുത്തി.
അവയിൽ ചിലത്:
-“New windows of opportunity beckon us in the new millennium if we are brave enough to utilize them. All over the world, higher education has come to be widely accepted as the most important requisite in the success of the new economy. In the emerging information and knowledge-based technologies, which now include Bio-medicine, the human brain has become the most important raw material”.
-‘‘In the 21st century, Epidemiology is as important in understanding human health and disease as Molecular Medicine. Together they form the twin pillars of modern Bio-medical research. Kerala is a society undergoing a demographic and health epidemiological transition. On the one hand, infectious diseases have not vanished and new communicable diseases are emerging and on the other hand the prevalence of the ‘costlier to treat’ lifestyle diseases are going up. Kerala leads the country in the prevalence of heart disease, diabetes and hypertension as well as in accidents and suicides’’.
പഠനത്തിനും ഗവേഷണത്തിനും പിന്തുണയും ഉത്തേജനവും നൽകുക എന്നത് കമ്മിറ്റി മുന്നോട്ടുവെച്ച ആശയമായിരുന്നു. അതൊന്നും ആവശ്യമില്ലെന്നാരും ഇതുവരെ പറഞ്ഞിട്ടുമില്ല. കമ്മിറ്റി മെഡിക്കൽ കോളേജുകളുടെ ഭാവിയെക്കുറിച്ചും ചിന്തിക്കാതിരുന്നില്ല. യൂണിവേഴ്സിറ്റി സ്ഥാപിതമാകുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളും അനുബന്ധ സ്ഥാപനങ്ങളും കോൺസ്റ്റിറ്റുവെൻറ് കോളേജുകളായി രൂപാന്തരപ്പെടുമെന്ന് കമ്മിറ്റി നിർദേശിച്ചു:
“The Government Colleges can be treated as Constituent Colleges of the University with certain privileges and rights especially with regard to larger representations in the University Bodies like the Governing Council, Academic Council and Senate. The statute of the University can spell out the details of these rights and privileges’’.
ഇതൊന്നും സംഭവിച്ചില്ല.
ഇന്നത്തെ ആരോഗ്യ സർവകലാശാല വെറും അഫിലിയേറ്റിങ് സ്ഥാപനം മാത്രമാണ്. പ്രസിദ്ധമായ വിദേശ യൂണിവേഴ്സിറ്റികളെ പോലെ മാറ്റിയെടുക്കാനുള്ള അജണ്ട ഇപ്പോഴില്ല. എന്നാൽ മെഡിക്കൽ കോളേജുകളുടെ ഇന്നത്തെ മെല്ലെപ്പോക്കും വിശ്വാസത്തകർച്ചയും പരിഹരിക്കാൻ മാർഗ്ഗമാരായണം; ഇന്നതിന് അടിയന്തര സ്വഭാവം വന്നിരിക്കുന്നു. ഇപ്പോഴെങ്കിലും ചിന്തിച്ചില്ലെങ്കിൽ അടുത്ത ദശകത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് മറ്റേത് സർക്കാർ ആശുപത്രിയും പോലെ രൂപമാറ്റം വരും.

സർക്കാർ മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണം (autonomy) നൽകുകയാണ് ഒരു മാർഗം. ഓരോ മെഡിക്കൽ കോളേജും സ്വതന്ത്ര സ്ഥാപനമാകുമ്പോൾ ഫാക്കൽറ്റി നിയമനം അതാത് കോളേജുകളിലേയ്ക്ക് നടത്താനാകും. ഫാക്കൽറ്റി സ്ഥിരമായി ഒരേ കോളേജിൽ പ്രവർത്തിക്കുന്നതിനാൽ കേരളത്തിലെ മറ്റ് ഓട്ടോണോമസ് സ്ഥാപനങ്ങൾ പോലെ പുരോഗമിച്ച ഒരു സിസ്റ്റം സാധ്യമാകും. ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. തൃശൂർ മെഡിക്കൽ കോളേജിൽ സൈനസ് ഓപ്പറേഷൻ ചെയ്യാൻ താക്കോൽ- സുഷിര ശസ്ത്രക്രിയ ഉപകരണം വാങ്ങിയെന്നിരിക്കട്ടെ. ഒരു ഡോക്ടർ ട്രെയിനിങ് കഴിഞ്ഞ് അത് ചെയ്തുകൊണ്ടിരിക്കുമ്പോൾ അയാൾക്ക് കോട്ടയത്തേയ്ക്ക് ട്രാൻസ്ഫർ. പകരം വന്നയാളിന് താല്പര്യം ഇതിലല്ല, സ്പെഷ്യൽ പ്രാവീണ്യം മറ്റൊന്നാണ്. അപ്പോൾ ഈ ഉപകരണം ഐഡിൽ ചെയ്യപ്പെടും. ക്രമേണ അതിനെ ചുറ്റിപ്പറ്റി ആരോപണങ്ങളുമുണ്ടാകും.
കേരളത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ ട്രാൻസ്ഫർ ഇല്ലാത്തവയാണെന്ന കാര്യവും നമുക്ക് ഓർമിക്കാം. മെഡിക്കൽ കോളേജുകളെ ഗുണമേന്മസ്ഥാപനങ്ങളാക്കാൻ ഇത് അത്യാവശ്യമാണ്, സംശയം വേണ്ട.
ടെക്നോളജി സംബന്ധമായ: ഇപ്പോൾ നടക്കുന്ന ഇ- റെക്കോർഡ് സംവിധാനം പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകൾ വരെ വ്യാപിപ്പിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കിയാൽ കാര്യക്ഷമത മെച്ചപ്പെടും. സ്ഥലപരിമിതി മെഡിക്കൽ കോളേജുകളുടെ പരാധീനതയാണ്. പുതിയ വാർഡുകൾ മെച്ചപ്പെട്ട ഡിസൈൻ, സുരക്ഷ, കൂട്ടിരിപ്പുകാരുടെ സൗകര്യങ്ങൾ എന്നിവയ്ക്കും കൂടി സ്ഥാനമുണ്ടാകണം.
ഒരിടത്തുനിന്ന് മറ്റിടങ്ങളിലേയ്ക്ക് രോഗികളെ ട്രാൻസ്ഫർ ചെയ്യാൻ ഇലക്ട്രിക്ക് വീൽചെയർ, ഹോയിസ്റ്റ് എന്നീ ടെക്നോളജികൾ വരും കാലത്ത് ആവശ്യമായിവരും. വേണ്ടത്ര മാനവശേഷി ലഭ്യമല്ലെന്നത് ആശുപത്രിയിൽ വലിയ പ്രശ്നമായി അവശേഷിക്കുന്നു. പറ്റുന്നിടത്തെല്ലാം ടെക്നോളജി ഉപയോഗപ്പെടുത്തുക എന്നതാണ് പരിഹാരം. നൂതന സാങ്കേതികവിദ്യ ചികിത്സ, പുനരധിവാസ ചികിത്സ, സാന്ത്വന ചികിത്സ, ജീറിയാട്രിക്സ് എന്നീ മേഖലയിലേയ്ക്കും എത്തണം.
മെഡിക്കൽ കോളേജുകൾ തീർച്ചയായും സമൂഹത്തിൽ നിലനിൽക്കേണ്ടതാണ്. വർധിച്ചുവരുന്ന രോഗാതുരത കൂടി കാണുമ്പോൾ വിഷയം ഗൗരവമുള്ളതാകുന്നു. കേരളം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ മെച്ചം എന്നു പറയുന്നതിൽ കാര്യമില്ല, നാം നമ്മുടെ മുൻകാല കണക്കുകളുമായാണ് താരതമ്യം ചെയ്യണ്ടത്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ രോഗങ്ങളുടെ വരവും പോക്കും എങ്ങനെ കണക്കിൽ പ്രതിഫലിക്കുന്നു എന്നതാണ് നമ്മുടെ നിലനിൽപ്പിനാധാരം. മറ്റു പല സംസ്ഥാനങ്ങളും കേരളവുമായുള്ള വിടവ് (gap) അടച്ചുകൊണ്ടുവരികയുമാണ്. അതുകൂടി കണ്ടു വേണം നാം കാര്യങ്ങളെ വിലയിരുത്താൻ.
▮
References:
1.Khanna, V., Dumka, N., & Kotwal, A. (2024). Is India ready for fundamental right to health?. International Journal Of Community Medicine And Public Health, 11(4), 1730–1734. https://doi.org/10.18203/2394-6040.ijcmph20240920
2.https://www.who.int/news-room/fact-sheets/detail/human-rights-and-health
3.https://india.healthfacilityguidelines.com/Guidelines/ViewPDF/HFG-India/part_b_inpatient_accommodation_unit
4.Rights of Persons With Disabilities Act, 2016
5.Nath, Ravindra; Sharma, Anuj1; Prerna, Prerna2; Rathi, Vidushi3; Ish, Pranav4,. Violence against Doctors - Threat to Indian Health-care System. Journal of Advanced Lung Health 3(3):p 87-89, Sep–Dec 2023. | DOI: 10.4103/jalh.jalh_26_23
6.Khiyani S, Mishra S, Sahu R, Das A, Pathak A. Pattern of Violence Among Healthcare Workers in a Tertiary Care Government Hospital and a Multi-Specialty Private Hospital in Sagar, India: A Cross-Sectional Study. Cureus. 2023 Nov 3;15(11):e48231. doi: 10.7759/cureus.48231. PMID: 38050497; PMCID: PMC10693911.
7.Morris Chris - India's bureaucracy is 'the most stifling in the world'; BBC, Jun 2010
8.G.O. (Rt) No. 3507/2006/H&FWD dated 02.12.2006 to prepare a Project Report for the setting up of a Medical University.
9.https://www.homeobook.com/pdf/govtorder11.pdf
