ആരോഗ്യമേഖലയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ
മുറിവേൽക്കുന്ന പ്രതിച്ഛായകൾ

‘‘കേരളത്തിലെ ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂഷനൽ റിവ്യൂ ബോർഡോ എത്തിക്കൽ കമ്മിറ്റിയോ അനുമതി നൽകിയ പഠനങ്ങളിൽ എത്ര എണ്ണം സംവിധാനത്തിന്റെ പരാജയത്തെക്കുറിച്ച്, ഗുണനിലവാരത്തെപ്പറ്റി പഠിക്കാറുണ്ട് എന്ന് അന്വേഷിക്കണം. വിമർശനാത്മകമായ ഒരു പഠനത്തിനും അനുമതി നൽകാൻ തയ്യാറാകുന്നില്ല. ആ സ്ഥാപനത്തിന്റ, സർക്കാരിന്റെ ഒക്കെ പ്രതിച്ഛായ തന്നെയാണ് ഇതിന് പിന്നിൽ’’- ആരോഗ്യമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ട്രൂകോപ്പി നടത്തുന്ന ചർച്ചയിൽ ഇടപെട്ട് എഴുതുന്നു, ജെറിൽ ജോയ്.

ലപ്പുഴ മെഡിക്കൽ കോളജിലുണ്ടായ ശസ്ത്രക്രിയ ചികിത്സാപ്പിഴവു മൂലം രോഗിയുടെ വയറ്റിൽ ‘കത്രിക’ കണ്ടെത്തി എന്നത് കഴിഞ്ഞ ആഴ്ചത്തെ മാധ്യമ തലക്കെട്ട് ആയിരുന്നു. അഞ്ച് വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് ഈയടുത്ത് എക്സ് റേ എടുത്തപ്പോഴാണ് മനസിലായത്. സർക്കാർ ഉടൻ ശസ്ത്രക്രിയ നടത്തിയ ഡോക്ടറേയും നഴ്സിനെയും സസ്പൻസ് ചെയ്യുന്നു.

ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കുന്ന വാർത്തയാണ് ഇത്തരം ചികിത്സാ പിഴവുകൾ. ആരോഗ്യ പ്രവൃത്തകർക്ക് തങ്ങളുടെ മുന്നിലെത്തുന്ന രോഗിക്ക് നിലവാരമുള്ള ചികിത്സ നൽകാനാകാതെ വരികയും തങ്ങളുടെ അശ്രദ്ധ മൂലം രോഗിക്ക് എന്തെങ്കിലും ദോഷങ്ങൾ / അപകടങ്ങൾ ഉണ്ടാകുകയും ഒക്കെയാണ് ഇത്തരം സാഹചര്യങ്ങളിൽ സംഭവിക്കുക.

അഞ്ച് വർഷം മുൻപ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക മറന്നുവെച്ചത്.
അഞ്ച് വർഷം മുൻപ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക മറന്നുവെച്ചത്.

രോഗികളും ബന്ധുക്കളും ആരോഗ്യ പ്രവർത്തകർക്കെതിരെ തിരിയുന്നു. പോലീസിൽ പരാതിപ്പെടുന്നു. ആരോഗ്യ പ്രവർത്തകർ ഉത്തരവാദിത്വം ഏറ്റെടുക്കാനാവാതെ സ്വയം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു. സോഷ്യൽ മീഡിയ രണ്ടായി തിരിയുന്നു. രാഷ്ട്രീയ സാഹചര്യം മനസിലാക്കി പ്രതിപക്ഷം സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നു. സർക്കാരാവട്ടെ ഉടനടി ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുന്നു. രോഗിക്ക് ചെറിയ ധനസഹായം നൽകുന്നു. വില്ലനെ കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി മന്ത്രി പറയുന്നു, മാധ്യമങ്ങൾ അടുത്ത വാർത്തയിലേക്ക് നാം സഞ്ചരിക്കുന്നു.

നാം പതിവായി ചോദിക്കുന്നത്, ‘ആരാണ് തെറ്റ് ചെയ്തത്’ എന്നു മാത്രമാണ്.

മാനുഷികമായ തെറ്റുകൾ / human errors എന്ന രീതിയിലാണ് ഈ പ്രശ്നങ്ങളെ പൊതുവെ കാണുന്നതും സമീപിക്കുന്നതും. സങ്കീർണ പ്രശ്നങ്ങളെ ലളിതവത്കരിക്കുകയെന്നത് മനുഷ്യ മനസ്സിന്റെ പ്രത്യേകതയാണ്. മനുഷ്യസഹജമായതു കൊണ്ടുതന്നെ നമ്മളെല്ലാം ഈയൊരു വൈജ്ഞാനിക പക്ഷപാതം / കോഗ്നിറ്റിവ് ബയസിൽ കൂടി കടന്നു പോകാറുമുണ്ട്. കൂടാതെ പരസ്പരം പഴിചാരി ചളിവാരിയെറിഞ്ഞ് രക്ഷപ്പെടുക കൂടിയാണ് പുതിയ കാലത്തിന്റെ യുക്തി. ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ധൈര്യം ആരും കാണിക്കാറില്ല. ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യണമെങ്കിൽ വിഷയത്തെ കുറച്ചു കൂടി സമഗ്രമായ രീതിയിൽ പരിശോധിക്കേണ്ടതായി വരും.

അതുകൊണ്ടു തന്നെ ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുമാത്രമെ മുന്നോട്ട് പോകാനാകൂ.

  • ആരോഗ്യരംഗം എന്ന സംവിധാനം എങ്ങനെയാണ് ഈവിധം പെരുമാറാൻ തുടങ്ങിയത്?

  • എങ്ങനെയാണ് നിരന്തരം ഈ പിഴവുകൾ ഉണ്ടാകുന്നത്?

  • എവിടെയാണ് പ്രശ്നം കിടക്കുന്നത്?

ആരോഗ്യരംഗം ഒരു ലളിതയന്ത്രമല്ല. ഒരു ബട്ടൺ ഞെക്കിയാൽ എപ്പോഴും ഒരേപോലെ റിസൽട്ട് കിട്ടുന്ന ഒന്നല്ല. ഈ ആധുനിക കാലത്ത് ആരോഗ്യ രംഗത്തെ സങ്കീർണ്ണ വ്യവസ്ഥയായി (Complex System) മനസ്സിലാക്കേണ്ടതുണ്ട്. അപ്പോൾ സങ്കീർണ്ണ വ്യവസ്ഥ എന്നാൽ എന്ത് എന്നുള്ള ചോദ്യം വരും.

ഒരു ഘടകം മാത്രം മാറ്റിനോക്കിയാൽ പ്രശ്നം മനസിലാകില്ല. പല ഘടകങ്ങൾ തമ്മിൽ ഇടപെട്ടപ്പോൾ രൂപപ്പെട്ട പൊതു അവസ്ഥ (collective state) ആണ് പിഴവ്.
ഒരു ഘടകം മാത്രം മാറ്റിനോക്കിയാൽ പ്രശ്നം മനസിലാകില്ല. പല ഘടകങ്ങൾ തമ്മിൽ ഇടപെട്ടപ്പോൾ രൂപപ്പെട്ട പൊതു അവസ്ഥ (collective state) ആണ് പിഴവ്.

John H. Holland- ന്റെ അഭിപ്രായത്തിൽ, സങ്കീർണ്ണ വ്യവസ്ഥ എന്നത് നിരവധി ഏജന്റുമാർ- ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ, രോഗികൾ, അഡ്മിനിസ്ട്രേഷൻ- തമ്മിലുള്ള സ്ഥിരമായ ഇടപെടലുകൾ, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ, ഫീഡ്‌ബാക്ക് ലൂപ്പ് (feedback loop), പ്രവചനാതീത ഫലങ്ങൾ ഇവയൊക്കെ ചേർന്നുണ്ടാകുന്ന ജീവിച്ചിരിക്കുന്ന സംവിധാനം എന്നതാണ്. ഒരു ഘടകത്തിൽ ചെറിയ മാറ്റം വന്നാൽ അത് മറ്റിടങ്ങളിൽ വലിയ പ്രതിഫലനം സൃഷ്ടിക്കും. ഇതിനെ രേഖീയമല്ലാത്ത / വക്രമായത് (non-linearity) എന്നൊക്കെ വിളിക്കാം.

ഡോക്ടർ അശ്രദ്ധമായി ‘കത്രിക’ വയറ്റിൽ മറന്നു എന്നു പറയുന്നത് ഒരു linear explanation ആണ്, അഥവാ ലളിതമായ കാര്യ- കാരണ മോഡൽ.

പക്ഷേ നമ്മൾ ചോദിക്കണ്ട ചില ചോദ്യങ്ങളുണ്ട്:
ആ ദിവസം എത്ര സർജറി ചെയ്തു?
ഓപ്പറേഷൻ തീയറ്ററിൽ (OT) മതിയായ സ്റ്റാഫുണ്ടായിരുന്നോ?
Surgical Safety Checklist നോക്കാനും വിളിച്ചു പറയാനും സമയം ലഭിച്ചോ?
നഴ്സ്- രോഗി അനുപാതം എത്ര?
ഹാൻഡോവർ എങ്ങനെ നടന്നു?

ഒരു ഘടകം മാത്രം മാറ്റിനോക്കിയാൽ പ്രശ്നം മനസിലാകില്ല. പല ഘടകങ്ങൾ തമ്മിൽ ഇടപെട്ടപ്പോൾ രൂപപ്പെട്ട പൊതു അവസ്ഥ (collective state) ആണ് പിഴവ്.

പിഴവ് “ഉണ്ടാകുന്നത്” എങ്ങനെ?

Complex System- ൽ ഒരു പ്രധാന ആശയം ആവിർഭാവം/ emergence ആണ്. ഒരു ആരോഗ്യ പ്രവർത്തകരും തങ്ങൾക്കോ രോഗികൾക്കോ കുഴപ്പം വരണമെന്ന് ആഗ്രഹിക്കുന്നവരല്ല. എന്നിട്ടും വ്യവസ്ഥ / system ചില സാഹചര്യങ്ങളിൽ അങ്ങനെ പെരുമാറുന്നു.

കണക്കുകൾ സൂചിപ്പിക്കുന്നത് രോഗി- ഡോക്ടർ, രോഗി- നഴ്സ് അനുപാതം തികച്ചും അപര്യാപ്തമെന്നാണ്. | Representative image
കണക്കുകൾ സൂചിപ്പിക്കുന്നത് രോഗി- ഡോക്ടർ, രോഗി- നഴ്സ് അനുപാതം തികച്ചും അപര്യാപ്തമെന്നാണ്. | Representative image

സ്റ്റാഫ് കുറവ് → ജോലി ഭാരം വർധിക്കുന്നു → ക്രോണിക് സ്ട്രെസ്→ ശ്രദ്ധ ചുരുങ്ങുന്നു → പ്രോട്ടോക്കോൾ bypass → അപകടസാധ്യത: ഇത് ഒരു നേരിട്ടുള്ള ശൃംഖലയല്ല. പരസ്പരം ബാധിക്കുന്ന വലയമാണ്.

പ്രധാനമായും മൂന്നു അടരുകളാണുള്ളത് (Layer).

  1. വ്യവസ്ഥിതിയുടെ തകരാറ്: സ്റ്റാഫുകളുടെ എണ്ണം കുറവ് , resource കളുടെ കുറവ് മൂലമോ ഉണ്ടാകുന്നത്.

  2. നടപടിക്രമത്തിലെ /പ്രോട്ടോകോൾ പിഴവുകൾ: ഡോക്യുമെൻ്റേഷനിലെ പിഴവുകൾ, ഹാൻഡോവർ സമയത്തെ പിഴവുകൾ, Surgical Safety Checklist പിഴവുകൾ മൂലം ഉണ്ടാകുന്നത്.

  3. മാനുഷികമായ തെറ്റുകൾ: ആയാസം കൊണ്ടോ ജോലി ക്ഷീണം കാരണമോ, അറിവിന്റെ പ്രശ്നം മൂലമോ ഉണ്ടാകുന്നത്.

ഇത് എങ്ങനെയാണ് കൂടിക്കുഴഞ്ഞ് കിടക്കുന്നതെന്ന് നോക്കാം.

കണക്കുകൾ സൂചിപ്പിക്കുന്നത് രോഗി- ഡോക്ടർ, രോഗി- നഴ്സ് അനുപാതം തികച്ചും അപര്യാപ്തമെന്നാണ്. സർക്കാർ ആശുപത്രിയിൽ ദിനംപ്രതി വരുന്ന രോഗികളുടെ എണ്ണം കൂടുതലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വളരെ കുറവുമാണ്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് പാരാമെഡിക്കൽ സ്റ്റാഫുകളുടെയും ഒഴിവുകൾ പലപ്പോഴും നികത്തപ്പെടുന്നുമില്ല.

ഉദാഹരണത്തിന് WHO- യുടെ ഗൈഡ്ലൈൻസ് പ്രകാരവും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ ശുപാർശ പ്രകാരവും ഒരു വാർഡിൽ നഴ്സ്- രോഗി അനുപാതം 1:6 ആണ്. ഐ.സി.യുവിലെ നഴ്സ്- രോഗി അനുപാതം 1:1 ആണ്*. എന്നാൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ വാർഡിൽ ഒരു നഴ്സ് നോക്കേണ്ടിവരുന്നത് 50- 60 രോഗികളെയാണ്. മെഡിക്കൽ കോളജിൽ 100 വരെ പോകാറുമുണ്ട്. ഇത്തരം ഗൈഡ്ലൈൻസ് ഇവിടെ ഒരിക്കലും പാലിക്കപ്പെടുന്നില്ല. ഒരു ജോലിസ്ഥലത്ത് കുറഞ്ഞ ആളുകൾ കൂടുതൽ ജോലി ചെയ്യേണ്ടി വരുമ്പോൾ കടുത്ത സമ്മർദ്ദമായിരിക്കും ഫലം.

കൂടുതൽ പ്രശ്നങ്ങൾ / പിഴവുകൾ പ്രത്യക്ഷപ്പെടുന്നത് എമർജൻസി ഡിപ്പാർട്ട്മെൻ്റിലും ശസ്ത്രക്രിയ / ഓപ്പറേഷൻ തിയറ്ററിലുമാണ്. അവിടെ പാലിക്കേണ്ട പ്രോട്ടോക്കോളുകളുണ്ട്. ഓരോ പ്രോട്ടോക്കോളും ഉറപ്പുവരുത്തലാണ്. പലപ്പോഴും പ്രോട്ടോകോളുകൾ പാലിക്കാൻ സാധിക്കാത്തതാണ്, ചികിത്സാപ്പിഴവുകളുണ്ടാക്കുന്നത്. സമയം ഇല്ല, ആളുകൾ ഇല്ല എന്നതുകൊണ്ടാണ് പ്രോട്ടോക്കോൾ പാലിക്കാൻ സാധിക്കാതെ വരുന്നത്.

 WHO- യുടെ ഗൈഡ്ലൈൻസ് പ്രകാരവും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ ശുപാർശ പ്രകാരവും ഒരു വാർഡിൽ നഴ്സ്- രോഗി അനുപാതം 1:6 ആണ്. ഐ.സി.യുവിലെ നഴ്സ്- രോഗി അനുപാതം 1:1 ആണ്*. എന്നാൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ വാർഡിൽ ഒരു നഴ്സ് നോക്കേണ്ടിവരുന്നത് 50- 60 രോഗികളെയാണ്. മെഡിക്കൽ കോളജിൽ 100 വരെ പോകാറുമുണ്ട്. | Representative image
WHO- യുടെ ഗൈഡ്ലൈൻസ് പ്രകാരവും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ ശുപാർശ പ്രകാരവും ഒരു വാർഡിൽ നഴ്സ്- രോഗി അനുപാതം 1:6 ആണ്. ഐ.സി.യുവിലെ നഴ്സ്- രോഗി അനുപാതം 1:1 ആണ്*. എന്നാൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ വാർഡിൽ ഒരു നഴ്സ് നോക്കേണ്ടിവരുന്നത് 50- 60 രോഗികളെയാണ്. മെഡിക്കൽ കോളജിൽ 100 വരെ പോകാറുമുണ്ട്. | Representative image

സമയത്തിന്റെ ലഭ്യത നോക്കാം. ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർമാർ പോലും ദിനംപ്രതി 10 -15 ഓ അതിലധികമോ ശസ്ത്രക്രിയ ചെയ്യുന്നവരാണ്. ഒരു മേജർ സർജറിയുടെ സങ്കീർണതയനുസരിച്ച് 1.5 മണിക്കൂർ തൊട്ട് നാലു മണിക്കൂർ ദൈർഘ്യം വരെ ആവാം. അതുകൊണ്ട് ഭൂരിഭാഗവും മൈനർ ശസ്ത്രക്രിയ ആവും ചെയ്യുന്നുണ്ടാകുക (ചെറിയ സിസ്റ്റ് റിമൂവൽ, അബ്സെസ് ഡ്രെയിനേജ്). എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ ശരാശരി 30 മിനിട്ടാണ് ലഭിക്കുക. അതിൽ തന്നെ പ്രീ- ഓപ് പ്രിപറേഷൻ, അനസ്‌തീഷ്യ ഇൻഡക്ഷൻ സമയം, ഇൻസ്ട്രുമെന്റ് സെറ്റപ്പ്, പോസ്റ്റ്- ഓപ് സ്റ്റാബിലൈസേഷൻ, കേസുകൾക്കിടയിലെ ടേൺഅറൗണ്ട് സമയം എന്നിവ കൂടി കാണണ്ടതായി വരും. അങ്ങനെ വരുമ്പോൾ സമയത്തിന്റെ ലഭ്യത പിന്നെയും കുറയും.

സർക്കാർ നടപ്പാക്കാത്ത സ്റ്റാഫ് നിയമനങ്ങളെപ്പറ്റി സൂചിപ്പിച്ചു. ഉദാഹരണത്തിന് ഓപ്പറേഷൻ തീയറ്ററുകളിൽ (OT) ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ സ്ക്രബ് നേഴ്സിനൊപ്പം സർക്കുലേറ്റിംഗ് നേഴ്സ് (Circulating nurse) അല്ലെങ്കിൽ ഫ്ലോർ നേഴ്സ് നിർബന്ധമാണ്**. എന്നാൽ സ്റ്റാഫ് ക്ഷാമം മൂലം സർക്കാർ ആശുപത്രികളിലെ OT- കളിൽ അങ്ങനെ സംവിധാനമേ ഇല്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയപ്പിഴവു സംഭവിക്കുമ്പോൾ കൂടെയുണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രമാണ്.

എമർജൻസി ഡിമാർട്ട്മെന്റിന്റെ (ED) കാര്യം നോക്കാം. ഗുരുതരമായ പരിചരണം ആവശ്യമുള്ളവരാണ് ED-യിലേക്ക് വരേണ്ടത്. എന്നാൽ വർദ്ധിച്ചു വരുന്ന രോഗികളുടെ തിരക്ക് ഈ ഡിപ്പാർട്ട്മെന്റിന്റെ താളം തെറ്റിക്കുന്നു. ഇവിടേക്ക് വരുന്ന രോഗികളുടെ പാറ്റേൺ പരിശോധിക്കുമ്പോൾ മനസ്സിലാകും, അത്യാവശ്യക്കാരായ രോഗികൾ മാത്രമല്ല സാധാരണ ചികിത്സ ആവശ്യമുള്ളവരും ഇവിടെയെത്തും. ഒ.പിയിൽ ക്യൂനിന്ന് ടിക്കറ്റെടുത്ത് ഡോക്ടറെ കാത്തുനിന്ന് ചികിത്സ തേടാനുള്ള ക്ഷമയില്ലായ്മ, ജനങ്ങളുടെ അറിവില്ലായ്മ ഒക്കെ കാരണമാകാം. കൂടാതെ ഒരു ട്രയാജ് നഴ്സിന്റെ അഭാവം കൂടിയാവുമ്പോൾ ED- യിൽ തിരക്ക് സ്വാഭാവികമായി കൂടുകയും ഗുരുതര പരിചരണം വേണ്ട രോഗികളെ സാധാരണ ചികിത്സ മാത്രം വേണ്ടവരിൽനിന്ന് വേർതിരിക്കാനാവാതെ ആരോഗ്യ പ്രവർത്തകർ കുഴയുകയും ചെയ്യും. അതും ചികിത്സാപ്പിഴവുകളിലേക്ക് നയിക്കും.

 ഓപ്പറേഷൻ തീയറ്ററുകളിൽ (OT) ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ സ്ക്രബ് നേഴ്സിനൊപ്പം സർക്കുലേറ്റിംഗ് നേഴ്സ് (Circulating nurse) അല്ലെങ്കിൽ ഫ്ലോർ നേഴ്സ് നിർബന്ധമാണ്.സ്റ്റാഫ് ക്ഷാമം മൂലം സർക്കാർ ആശുപത്രികളിലെ OT- കളിൽ അങ്ങനെ സംവിധാനമേ ഇല്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയപ്പിഴവു സംഭവിക്കുമ്പോൾ കൂടെയുണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രമാണ്. | Representative image
ഓപ്പറേഷൻ തീയറ്ററുകളിൽ (OT) ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ സ്ക്രബ് നേഴ്സിനൊപ്പം സർക്കുലേറ്റിംഗ് നേഴ്സ് (Circulating nurse) അല്ലെങ്കിൽ ഫ്ലോർ നേഴ്സ് നിർബന്ധമാണ്.സ്റ്റാഫ് ക്ഷാമം മൂലം സർക്കാർ ആശുപത്രികളിലെ OT- കളിൽ അങ്ങനെ സംവിധാനമേ ഇല്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയപ്പിഴവു സംഭവിക്കുമ്പോൾ കൂടെയുണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രമാണ്. | Representative image

രോഗികൾ കൂടുകയും വേണ്ടത്ര സമയവും സ്റ്റാഫും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ ആരോഗ്യ പ്രവർത്തകർ തന്നെ കണ്ടെത്തുന്ന അനൗചാരികമായ അഡാപ്റ്റേഷൻ മെക്കാനിസം ആണ് പ്രോട്ടോക്കോൾ മറികടക്കൽ. Surgical Safety Checklist കൾ ഒഴിവാക്കുക, ഡോക്യുമെൻ്റഷൻ പൂർത്തിയാക്കൽ വൈകിക്കുക, ഹാൻഡ് ഓവർ വാക്കാൽ മാത്രമാക്കുക തുടങ്ങിയവ സമ്മർദ്ദത്തിലായ സംവിധാനം ചെയ്യുന്ന survival strategy പാറ്റേണുകളാണ്. ഈ അഡാപ്റ്റേഷനുകൾ പിന്നീട് risk factor ആയി മാറും.

Burnout എന്ന മുന്നറിയിപ്പ്

ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യാത്തതല്ല പ്രശ്നം, മറിച്ച് കൂടുതൽ ജോലിഭാരം വരുത്തുന്ന പ്രശ്നങ്ങളാണ്. വർദ്ധിച്ചു വരുന്ന ജോലിഭാരം വിട്ടുമാറാത്ത സമ്മർദ്ദത്തിലേക്കും / ക്രോണിക് സ്ട്രെസിലേക്കും നയിക്കും. കാലം ചെല്ലുമ്പോൾ ഇത് burnout-ലേക്ക് നയിക്കും. അമിതമായ തളർച്ച, താൽപര്യമില്ലായ്മയൊക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ്. കൂടുതൽ ചികിത്സാ പിഴവുകൾ വരുത്താൻ ഇത് ധാരാളം.

ക്രോണിക് സ്ട്രെസ് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. ജോലിസമ്മർദ്ദം നമ്മുടെ ജഡ്ജ്മെൻ്റിനെ കാര്യമായി ബാധിക്കും. മാത്രമല്ല ശ്രദ്ധക്കുറവ് വർദ്ധിക്കുകയും ചെയ്യും. വിട്ടുമാറാത്ത സമ്മർദ്ദം / ക്രോണിക് സ്ട്രെസ് മാനസികമായി ക്ഷീണിപ്പിക്കുകയും രോഗികളോടുള്ള സഹാനുഭൂതി / empathy കുറക്കുകയൂം ചെയ്യും. Burnout വ്യക്തിയുടെ പരാജയമല്ല. അത് സംവിധാനത്തിന്റെ അസന്തുലിതാവസ്ഥയെ ചൂണ്ടിക്കാണിക്കുന്ന മുന്നറിയിപ്പാണ് (warning signal).

ഡിഫൻസീവ് മെഡിസിൻ

ചികിത്സാപിഴവുകൾക്കുശേഷം പഴിചാരൽ / blame culture ശക്തമാകുമ്പോൾ ആരോഗ്യ പ്രവർത്തകർ defensive medicine എന്ന രീതിയിലേക്ക് നീങ്ങാൻ നിർബന്ധിതരാവുന്നു. അതായത് ആരോഗ്യ പ്രവർത്തകർ തങ്ങൾക്ക് കുഴപ്പം വരാതെ സ്വന്തം കാര്യം നോക്കിയശേഷം രോഗിയെ പരിചരിക്കുക എന്ന രീതി. ഇത് മറ്റൊരു അഡാപ്റ്റേഷൻ സ്ട്രാറ്റജിയാണ്. ഇത് കൂടുതൽ ടെസ്റ്റുകൾ ചെയ്യുന്നതിലേക്കും, അപകടസാധ്യത ഒഴിവാക്കുന്നതിലേക്കും documentation overemphasis തുടങ്ങിയ കാര്യങ്ങളിലേക്കും നയിക്കുന്നു. പരോക്ഷത്തിൽ ഇത് വീണ്ടും ജോലിഭാരം കൂട്ടുന്നു. ജോലിഭാരം → സമ്മർദ്ധം → കൂടുതൽ പിഴവുകൾ: ഇത് ഒരു reinforcing feedback loop ആണ്.

വിമർശങ്ങളോടുള്ള പ്രതികരണങ്ങൾ

ഇതിന്റെ പേരിൽ സർക്കാരിനെയോ ആരോഗ്യ സംവിധാനത്തെയോ വിമർശിച്ചാലുടൻ കേരള മോഡലുമായി അനുകൂലികൾ ചാടി വീഴും. ശരിയാണ്, മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യരംഗത്ത് നമ്മൾ മുൻപിൽ തന്നെയാണ്. ഒട്ടുമിക്ക ആരോഗ്യ സൂചികകളിലും കേരളം മുന്നിലാണ്.

ചികിത്സാപിഴവുകൾക്കുശേഷം പഴിചാരൽ / blame culture ശക്തമാകുമ്പോൾ ആരോഗ്യ പ്രവർത്തകർ defensive medicine എന്ന രീതിയിലേക്ക് നീങ്ങാൻ നിർബന്ധിതരാവുന്നു.
ചികിത്സാപിഴവുകൾക്കുശേഷം പഴിചാരൽ / blame culture ശക്തമാകുമ്പോൾ ആരോഗ്യ പ്രവർത്തകർ defensive medicine എന്ന രീതിയിലേക്ക് നീങ്ങാൻ നിർബന്ധിതരാവുന്നു.

പക്ഷേ “നാം മികച്ചവരാണ്” എന്ന പൊതുബോധം ചിലപ്പോൾ ആത്മവിശ്വാസം കലർന്ന അലംഭാവം ആയി മാറാറുണ്ട്. സങ്കീർണ വ്യവസ്ഥകളിൽ, Complex systems- ൽ, സ്വയം തിരുത്തൽ ഇല്ലെങ്കിൽ ചെറിയ പ്രശ്നങ്ങൾ അടിഞ്ഞുകൂടും. വിമർശനം എന്നാൽ ശത്രുതയല്ല. അത് ഫീഡ്ബാക്ക് ആണ്. എന്നാൽ പലപ്പോഴും വിമർശിക്കുന്നവരെ എതിർചേരിയിലേക്ക് തള്ളിയിടാനുള്ള ത്വരയയാണ് കണ്ടുവരുന്നത്. സർക്കാർ സംവിധാനത്തിന്റെ പോരായ്മകൾക്കെതിരെ തുറന്നു സംസാരിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഉദാഹരണം. നിഷേധത്തിന്റെ സ്വരം വരുന്നത് അത് എളുപ്പമായത് കൊണ്ടാണ്. അല്ലാതെ ശരിയായതുകൊണ്ടല്ല. വിമർശനത്തിന്റെ കാതൽ ഉൾക്കൊണ്ട് മാറ്റം വരുത്തണമെങ്കിൽ എല്ലാവരുടെ ഭാഗത്ത് നിന്നും നല്ല അധ്വാനം ആവശ്യമാണ്.

ഗവേഷണങ്ങളുടെ അഭാവം

വെറും മെഡിക്കൽ മോഡൽ മാത്രമായിരുന്ന കാലത്തുനിന്ന് ആരോഗ്യരംഗം ഇന്ന് എത്തി നിൽക്കുന്നത് മാനസിക- സാമൂഹിക മെഡിക്കൽ മോഡലിലാണ് (psycho social medical model). വ്യക്തികളും സമൂഹവുമെല്ലാം ഉൾച്ചേർന്നിരിക്കുന്ന ഇത്തരം സങ്കീർണ വ്യവസ്ഥകൾ മനസ്സിലാക്കാൻ ധാരാളം പഠനങ്ങൾ അനിവാര്യമാണ്. അത് സംഭവിക്കുന്നുണ്ടോ?

കേരളത്തിൽ ആരോഗ്യരംഗത്തെ clinical outcome-നെ കുറിച്ച് ഡാറ്റ ഉണ്ടെങ്കിലും ചില പ്രധാന സൂചികകളും അവയിലേക്ക് നയിക്കുന്ന പഠനങ്ങളും കുറവാണ്. അവയിൽ ചിലത്:

  • System failure analysis, Near-miss reporting: അപകടങ്ങളോ പിഴവുകളോ ഒഴിവായ സംഭവങ്ങളുടെ റിപ്പോർട്ടിംഗ്.

  • Burnout audit: ദീർഘകാല മാനസിക-ശാരീരിക ക്ഷീണം എത്രമാത്രം നിലനിൽക്കുന്നു എന്ന് കാണിക്കുന്ന സംഘടിതമായ സർവേകൾ.

  • Workflow studies: ഒരു സ്ഥാപനത്തിൽ ജോലി എങ്ങനെ ആരംഭിച്ച് എങ്ങനെ അവസാനിക്കുന്നു, ഇടയ്ക്കുള്ള ഘട്ടങ്ങളിൽ സമയനഷ്ടം, ആവർത്തന പ്രവർത്തനം, ആശയവിനിമയ തടസം എന്നിവ എവിടെയാണ് ഉണ്ടാകുന്നത് എന്ന് പഠിക്കുന്ന ശാസ്ത്രീയ നിരീക്ഷണ പ്രക്രിയ.

  • Error mapping studies: പിഴവുകൾ എവിടെയാണ് ആവർത്തിച്ച് സംഭവിക്കുന്നത് എന്ന് പ്രക്രിയയുടെ ഘട്ടങ്ങളെ മാപ്പ് രൂപത്തിൽ ചിത്രീകരിച്ച്, അപകട സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്ന വിശകലന രീതി.

ഇത്തരം പഠനങ്ങൾ നടത്തണമെങ്കിൽ പഠനം നടത്തുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടതായി വരും. നമ്മെ അസ്വസ്ഥമാക്കുന്ന ആ ചോദ്യങ്ങളെ നമ്മൾ ഭയപ്പെടുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളജിലെ Institutional review board- ഓ Ethical committee- യോ അനുമതി നൽകിയ പഠനങ്ങളിൽ എത്ര എണ്ണം system failure- നെപ്പറ്റി, ഗുണനിലവാരത്തെപ്പറ്റി പഠിക്കാറുണ്ട് എന്ന് അന്വേഷിക്കണം. വിമർശനാത്മകമായ ഒരു പഠനത്തിനും അനുമതി നൽകാൻ തയ്യാറാകുന്നില്ല എന്നതാണ് യഥാർത്ഥ്യം. ആ സ്ഥാപനത്തിന്റ, സർക്കാരിന്റെ ഒക്കെ പ്രതിച്ഛായ തന്നെയാണ് ഇതിന് പിന്നിൽ. ഒരു സംഭവം നടന്നശേഷം അന്വേഷണം നടത്തുന്നത് മാത്രം മതിയാകില്ല. സംഭവിക്കാതിരുന്ന പിഴവുകളും (near misses) പഠിക്കേണ്ടതാണ്.

WHO അംഗീകരിച്ച ഗ്ലോബൽ പേഷ്യന്റ് സേഫ്റ്റി ആക്ഷൻ പ്ളാൻ 2021-2030*** (Global patient safety action plan) ആരോഗ്യരംഗ സംവിധാനത്തെ High Reliability Organizations ആക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. High Reliability Organizations എന്നത് വലിയ അപകടസാധ്യതയും സങ്കീർണ്ണതയുമുള്ള പ്രവർത്തന മേഖലകളിൽ, ദീർഘകാലം വലിയ പിഴവുകളോ ദുരന്തങ്ങളോ സംഭവിക്കാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ആണവ നിലയങ്ങൾ, ഏവിയേഷൻ രംഗം തുടങ്ങിയ മേഖലയാണ് ആദ്യമായി HRO ആയി പരിഗണിച്ചത്. എന്നാൽ പിന്നീട് ആരോഗ്യമേഖലയും HRO- യുടെ തത്വങ്ങൾ ഉപയോഗിച്ച് എങ്ങനെ നിലവാരം ഉയർത്താമെന്ന് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. Failure- നെ മുൻകൂട്ടി കാണുന്ന സംസ്കാരം, ചെറിയ പിഴവുകൾ പോലും ഗൗരവത്തോടെ കാണുന്ന സമീപനം, Open reporting system, Staff wellbeing എന്നിവ പ്രാഥമിക ഘടകമായി ഉൾക്കൊള്ളുന്ന സംവിധാനങ്ങളാണ്.

രോഗിയെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരും നയം രൂപീകരിക്കുന്ന രാഷ്ട്രീയ പ്രവർത്തകരും ചോദ്യങ്ങൾ ഉയർത്തുന്ന ഗവേഷകരും രോഗിക്ക് ദോഷം വരണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ ഒരോ വ്യക്തിക്കും തോന്നുന്ന നല്ല മനസ്സ് മാത്രം മതിയാകില്ല. കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമെ സാമൂഹികവ്യവസ്ഥകളെ മെച്ചപ്പെടുത്താൻ സാധിക്കൂ. ഒരു വ്യക്തിയെ സസ്പെൻഡ് ചെയ്യുന്നത് മാധ്യമങ്ങളിൽ തലക്കെട്ടുണ്ടാക്കിയേക്കാം, എന്നാൽ ഒരു സംവിധാനം പുനർസംഘടിപ്പിക്കുന്നത് തലക്കെട്ട് സൃഷ്ടിക്കില്ല. പക്ഷേ അത് നിലവാരമുള്ള രോഗീ പരിചരണം ഉറപ്പ് വരുത്തും.

*https://www.indiannursingcouncil.org/uploads/pdf/16001723668133537865f60b14e8d657.pdf

**WHO (2009). WHO Guidelines for Safe Surgery: Safe Surgery Saves Lives.

*** https://www.who.int/publications/i/item/9789240032705.


Summary: Rising medical negligence cases in Kerala: Dr. Jeril Joy writes about systemic faults in the backdrop of the Usha Joseph case at Alappuzha TD Medical College.


ജെറിൽ ജോയ്​

മൈസൂർ യൂണിവേഴ്​സിറ്റിയിലെ സൈക്കോളജി ഡിപ്പാർട്ടുമെൻറിൽ റിസർച്ച്​ സ്​കോളർ.

Comments