കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് ശേഷം വിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ

കോവിഡ് രണ്ടാം തരംഗം ഗുരുതര വെല്ലുവിളി

ജനിതക വ്യതിയാനം വന്ന പുതിയ വൈറസുകളെ കണ്ടെത്താനുള്ള ഇന്ത്യയുടെ പരിമിതി കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തെ ദുർബലമാക്കുന്നു എന്നതൊരു യാഥാർത്ഥ്യമാണ്.

പ്രതീക്ഷിച്ചതുപോലെ, കോവിഡിന്റെ ശക്തമായ അടുത്ത തരംഗം ഇന്ത്യയിൽ ആരംഭിച്ചു. ഏപ്രിൽ 10നു മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,31,968 കേസുകളാണ്. കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കിടയിൽ നാലാമത്തെ തവണയാണ് ഒരു ലക്ഷത്തിനു മുകളിൽ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏകദേശം 780 മരണങ്ങളുമുണ്ടായി.

ഈ കണക്കുകൾ സൂചിപ്പിക്കുന്നത് വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്. രോഗത്തിന്റെ വ്യാപ്തി, ഒരു പക്ഷേ, ഇതിനേക്കാൾ ശക്തമായിരിക്കാനാണ് സാധ്യത. ഐ.സി.എം.ആർ കുറച്ചു നാളുകൾ മുൻപ് നടത്തിയ സെറോപ്രിവലൻസ് പഠനം പ്രകാരം ഇന്ത്യയിൽ 21 കേസുണ്ടാകുമ്പോഴാണ് ഒരു കേസ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കർണാടകയിൽ 27ൽ ഒരു കേസും, തമിഴ്‌നാട്ടിൽ 24ൽ ഒരു കേസും ആണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ടിങ്ങ് നടക്കുന്ന കേരളത്തിൽ മൂന്നിലൊരു കേസ് ആണ് കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നത്. രോഗം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളമൊഴികെ മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന ഈ പരിമിതി കണക്കിലെടുത്താൽ പുതിയ തരംഗത്തിന്റെ വ്യാപ്തി, ലഭിക്കുന്ന കണക്കുകളേക്കാൾ പതിന്മടങ്ങാണെന്ന് ഊഹിക്കാം.

കേരളവും പ്രതിസന്ധിയിലേക്ക്​

ഗുരുതര സാഹചര്യം സംജാതമായിക്കഴിഞ്ഞു എന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ഡൗൺ നടപ്പിലാക്കിക്കഴിഞ്ഞു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപൂർണമായ ലോക്ഡൗൺ നടപ്പിലാക്കണമോ എന്ന ആലോചനയിലാണ് മഹാരാഷ്ട്ര സർക്കാർ. കർണാടക ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും പുതിയ കോവിഡ് തരംഗം പ്രതിസന്ധി സൃഷ്ടിച്ചു കഴിഞ്ഞു. കേരളവും പതുക്കെ അത്തരമൊരു അവസ്ഥയിലേയ്ക്ക് നീങ്ങുന്നതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി റേറ്റ് ആരംഭകാലത്ത് കേരളത്തിൽ ഒരു ശതമാനത്തിലും താഴെയായിരുന്നു. പിന്നീടത് 15 ശതമാനം വരെ എത്തുകയും മാർച്ചോടെ രണ്ടു ശതമാനമായി കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അത് വീണ്ടുമുയർന്നു ആറു ശതമാനമായിരിക്കുന്നു

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) നോക്കുമ്പോൾ ഈ മാറ്റം വ്യക്തമാണ്. നൂറുപേരെ പരിശോധിക്കുമ്പോൾ അതിൽ എത്രപേർക്ക് രോഗമുണ്ട് എന്ന് കണക്കാക്കുന്നതാണ് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി റേറ്റ്. ആരംഭകാലത്ത് കേരളത്തിൽ ടി.പി.ആർ റേറ്റ് ഒരു ശതമാനത്തിലും താഴെയായിരുന്നു. പിന്നീടത് 15 ശതമാനം വരെ എത്തുകയും, രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടശേഷം മാർച്ചോടെ രണ്ടു ശതമാനമായി കുറയുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ അത് വീണ്ടുമുയർന്നു ആറു ശതമാനമായിരിക്കുന്നു. ഈ വ്യത്യാസം ശുഭകരമായ സൂചനയല്ല നൽകുന്നത്.

ആരോഗ്യ മന്ത്രി കെ.കെ. ശെെലജ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നു

കോവിഡ് പടർത്തുന്നത് ആർ.എൻ.എ വൈറസ് എന്ന വിഭാഗത്തിൽ പെടുന്ന വൈറസായതിനാൽ ജനിതക വ്യതിയാനങ്ങൾ വളരെ വേഗം സംഭവിക്കുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. ""കോവിഡിനെതിരെ ആർജ്ജിതമായ പ്രതിരോധത്തെ മറികടക്കാൻ സാധിക്കുന്ന ഇമ്യൂൺ എസ്‌കേയ്പ് മ്യൂട്ടേഷൻ സംഭവിച്ച വൈറസുകൾ ഉണ്ടായിട്ടുണ്ട് എന്നു വേണം അനുമാനിക്കാൻ. നമ്മുടെ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന്റെ ഒരു കാരണം ഇതാണ്. രോഗം വന്നു പോയവരിലും വീണ്ടും രോഗം വരുന്നതിനുള്ള ഒരു കാരണം ഇതാണ്.'' - തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും, കേരള സർക്കാരിന്റെ കോവിഡ് എക്‌സ്‌പേർട്ട് കമ്മിറ്റിയിലെ അംഗവുമായ ഡോ. അനീഷ് ടി.എസ് ഈ സാഹചര്യത്തിന്റെ ഗൗരവം ഇങ്ങനെയാണ് വിശദമാക്കുന്നത്.

എങ്കിലും കേരളത്തിൽ അത്തരത്തിൽ രോഗവ്യാപനം രൂക്ഷമാക്കാൻ സാധിക്കുന്ന തരത്തിൽ ജനിതക വ്യതിയാനം വന്ന വൈറസിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് അയച്ച സാമ്പിളുകളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണിത് പറയാൻ സാധിക്കുന്നത്. ഏറ്റവും പുതിയ സാമ്പിളുകൾ രണ്ടു ദിവസങ്ങൾ മുൻപാണയച്ചത്. ആ പഠനത്തിന്റെ റിപ്പോർട്ടുകൾ വന്നാലേ നിലവിലെ സാഹചര്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കൂ. ഇന്ത്യയിലെ മറ്റൊരു പ്രധാന പ്രശ്‌നം, മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വൈറസിന്റെ ജനിതക വ്യതിയാന പഠനങ്ങൾ കൃത്യമായി നടത്തുന്നില്ല എന്നതാണ്. നിലവിൽ
ജനിതക വ്യതിയാന പഠനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന മൂന്നു സംസ്ഥാനങ്ങൾ കേരളം, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവയാണ്. അവയിൽ ഏറ്റവും കാര്യക്ഷമമായി നടക്കുന്നത് കേരളത്തിലാണ്. ജനിതക വ്യതിയാനം വന്ന പുതിയ വൈറസുകളെ കണ്ടെത്താനുള്ള ഇന്ത്യയുടെ പരിമിതി കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തെ ദുർബലമാക്കുന്നു എന്നതൊരു യാഥാർത്ഥ്യമാണ്.

അവനവനു ചുറ്റും സുരക്ഷാകവചം തീർക്കണം

ഇമ്യൂൺ എസ്‌കേപ് മ്യൂട്ടേഷൻ വന്ന വൈറസുകൾ, രോഗം വന്നു പോകുന്നതു വഴി ഒരു സമൂഹം ആർജിച്ച ഹേർഡ് ഇമ്മ്യൂണിറ്റിയെ മറികടക്കാൻ പ്രാപ്തമാണ് എന്ന യാഥാർഥ്യം കേരള മോഡലിനെ കൂടുതൽ പ്രസക്തമാക്കുന്നു. ഇന്ത്യയിൽ തന്നെ മറ്റു മിക്ക സംസ്ഥാനങ്ങളിലും, ലോകത്തിന്റെ തന്നെ പല ഭാഗങ്ങളിലും രോഗവ്യാപനം പിടിച്ചു നിർത്തുന്നതിനു പകരം, എത്രയും പെട്ടെന്ന് ഹേർഡ് ഇമ്മ്യൂണിറ്റി കരസ്ഥമാക്കാം എന്നും, അതുവഴി രോഗത്തെ തടയാം എന്നുമായിരുന്നു വ്യാമോഹിച്ചത്. പക്ഷേ, ആ പ്രതിരോധം മറികടക്കാൻ കഴിയുന്ന വൈറസുകൾ ഉണ്ടാകുന്നത് ആ രോഗപ്രതിരോധ മാതൃകയെ അപ്രസക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്.

രോഗം വളരെ വേഗം വ്യാപിച്ചാൽ കൂടുതൽ ജനിതകവ്യതിയാനങ്ങൾ ഉണ്ടാകും. അതിനനുസരിച്ച് രോഗവ്യാപനം കൂടും. ഈ വിഷമവൃത്തത്തിൽ നിന്ന്​മറികടക്കാൻ രോഗവ്യാപനത്തിന്റെ തോത് പിടിച്ചു നിർത്തിയേ മതിയാകൂ

""കോവിഡിനെതിരെ കേരളം ഇതുവരെ തുടർന്നു വന്ന പ്രതിരോധമാർഗങ്ങൾ കൂടുതൽ പ്രസക്തമായിരിക്കുന്ന സ്ഥിതിവിശേഷമാണിപ്പോൾ സംജാതമായിരിക്കുന്നത്. രോഗം പിടിപെടാതെ നോക്കുക എന്നത് വളരെ പ്രധാനമാണ്. മാസ്‌ക് ധരിച്ചും, ശാരീരിക അകലം പാലിച്ചും, കൈകൾ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീർക്കണം. രോഗവ്യാപനം കടിഞ്ഞാണില്ലാതെ രൂക്ഷമായാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് അതു നിയന്ത്രിക്കാൻ സാധിക്കാതെ വരും. കൂടുതൽ ആളുകൾ മരിക്കുന്ന സാഹചര്യം ഉണ്ടാകും.'' - ജാഗ്രത കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഡോ. അനീഷ് വ്യക്തമാക്കുന്നു.

കോവിഡിനെതിരെ കേരളം ഇതുവരെ തുടർന്നു വന്ന പ്രതിരോധമാർഗങ്ങൾ കൂടുതൽ പ്രസക്തമായിരിക്കുന്ന സ്ഥിതിവിശേഷമാണിപ്പോൾ സംജാതമായിരിക്കുന്നത്. രോഗം പിടിപെടാതെ നോക്കുക എന്നത് വളരെ പ്രധാനമാണ്

കോവിഡ് ബാധിതനായ ഒരാളിൽ വൈറസുകളുടെ കോപ്പികൾ ഉത്പാദിപ്പിക്കപ്പെടുകയും, ആ കോപ്പികൾ മറ്റൊരാളുടെ ശരീരത്തിലേയ്ക്ക് സംക്രമണം ചെയ്യപ്പെടുകയും ചെയ്യും. അത് അയാളിൽ നിന്ന് മറ്റൊരാളിലേയ്ക്കും, തുടർന്ന് ഒരുപാടുപേരിലേയ്ക്കും വളരെ വേഗം പകരുന്നതിനനുസരിച്ച് ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾ സൃഷ്ടിക്കപ്പെടും. രോഗം വളരെ വേഗം വ്യാപിച്ചാൽ കൂടുതൽ ജനിതകവ്യതിയാനങ്ങൾ ഉണ്ടാവും. അതിനനുസരിച്ച് രോഗവ്യാപനം കൂടും. ഈ വിഷമവൃത്തത്തിൽ നിന്ന്​ മറികടക്കാൻ രോഗവ്യാപനത്തിന്റെ തോത് പിടിച്ചു നിർത്തിയേ മതിയാകൂ. കേരളം സ്വീകരിച്ച രോഗപ്രതിരോധ മാതൃകയുടെ പ്രാധാന്യം ഇതാണ്.

ലോക്ഡൗൺ വീണ്ടുമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ അതീവ ജാഗ്രത ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ടി വരും. പുതിയൊരു വെല്ലുവിളിയാണ് നമുക്ക് മുൻപിൽ ഉയർന്നിരിക്കുന്നത്. കോവിഡ് മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ല. അതു വഴിത്തിരിവിലെത്തി നിൽക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. കൂടുതൽ ആർജ്ജവത്തോടെ ഈ സാഹചര്യത്തോട് നാം പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതിരോധത്തിന്റെ കോട്ട വിള്ളലുകൾ അടച്ച് പഴയതിനേക്കാൾ ശക്തിയോടെ കാത്തുസൂക്ഷിക്കുക എന്നതാണ് നമുക്ക് മുൻപിലുള്ള വഴി. ▮


Comments