Coldrif എന്ന ചുമമരുന്ന് കഴിച്ചുണ്ടായ അപകടത്തിൽ, മരുന്നിൻെറ ഗുണനിലവാരവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നമാണ് മുന്നോട്ട് വരുന്നത്. ഇക്കാര്യത്തിൽ ഇപ്പോഴും ശക്തമായ നിയന്ത്രണസംവിധാനം രാജ്യത്തില്ല എന്നതാണ് യാഥാർത്ഥ്യം. അതല്ലെങ്കിൽ നിലവിലെ നിയമങ്ങളും ചട്ടക്കൂടുകളും ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല. അതിനൊരു പരിഹാരം ഡോ. ആർ. എ. മഷേൽക്കർ കമ്മിറ്റി റിപ്പോർട്ട് പറയുന്നതു പോലെ, നാഷണൽ ഡ്രഗ് അതോറിറ്റി രൂപീകരിക്കുകയും എല്ലാ മരുന്ന് നിർമാണ യൂണിറ്റുകളും അതിൻെറ പരിധിയിൽ കൊണ്ടുവരികയും എല്ലാ മരുന്നുകളും കർശന ഗുണനിലവാര പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുക എന്നതാണ്. അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണം.
അതേസമയം, സംസ്ഥാനതലത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുണ്ട്. ഏതാണ്ട് രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷത്തിൽ താഴെ ബാച്ച് മരുന്നുകളാണ് ഒരു വർഷം കേരളത്തിലെത്തുന്നതും വിൽക്കുന്നതും. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ, ഏതാണ്ട് രാജ്യത്താകെ വിറ്റഴിക്കുന്നതിൻെറ പത്ത് ശതമാനത്തിലധികം, അതായത് 15,000 കോടിയിലധികം രൂപയുടെ മരുന്ന് കേരളത്തിൽ വിൽക്കുന്നുണ്ട്. ഒരു വർഷം മൂന്ന് ലക്ഷത്തിനടുത്ത് ബാച്ച് മരുന്നിന്റെ ഗുണനിലവാര പരിശോധന നടത്താൻ നിലവിൽ സംവിധാനമില്ല. തിരുവനന്തപുരത്തും കാക്കനാടും തൃശ്ശൂരിലും കോന്നിയിലുമുള്ള ഡ്രഗ്ഗ് ടെസ്റ്റിങ് ലാബുകളിലൂടെ ആകെ മരുന്നുകളുടെ വളരെ ചെറിയ ശതമാനമേ ടെസ്റ്റ് ചെയ്യാൻ സാധിക്കൂ.

ഇക്കാര്യത്തിൽ നിർദ്ദേശിക്കാൻ സാധിക്കുന്ന ഒരു കാര്യം, നിലവിൽ ഫാർമസി ട്രെയിനിങ് കോളേജുകൾ നിരവധിയുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയ്നിംഗ് ഉള്ള എല്ലാ കോളേജുകളിലും മരുന്നിൻെറ ഗുണനിലവാരം പരിശോധിക്കാനുള്ള യന്ത്രങ്ങളും മറ്റ് സംവിധാനങ്ങളും ലഭ്യമാണ്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തി, അതിന് നിയമപരമായ സാധുത നൽകുന്ന രീതിയിൽ, ഡ്രഗ്സ് കൺട്രോൾ ജനറലിന്റെ അനുമതിയോടെ, സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിയന്ത്രണത്തിൽ, ഈ സ്ഥാപനങ്ങളിലൂടെ കർശനമായ ഗുണനിലവാര പരിശോധനകൾ നടത്താൻ സാധിക്കും.
നാഷണൽ ഡ്രഗ് അതോറിറ്റി രൂപീകരിക്കുകയും എല്ലാ മരുന്ന് നിർമാണ യൂണിറ്റുകളും അതിൻെറ പരിധിയിൽ കൊണ്ടുവരികയും എല്ലാ മരുന്നുകളും കർശന ഗുണനിലവാര പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുക എന്നതാണ് പരിഹാരം.
മറ്റൊരു പ്രധാന പ്രശ്നം, മരുന്ന് വിതരണം ചെയ്യുന്ന സ്റ്റോറുകളുടെ കാര്യത്തിലാണ്. മറ്റ് രാജ്യങ്ങളിൽ മെഡിക്കൽ സ്റ്റോറുകളിലും ഫാർമസികളിലും നിശ്ചിത യോഗ്യത, അതായത് ഡിപ്ലോമ ഇൻ ഫാർമസി, അതല്ലെങ്കിൽ ബിരുദം ഉള്ളവരുടെ പേരിലായിരിക്കും കടയുടെ ലൈസൻസ്. അവരാണ് മരുന്ന് ഡിസ്പെൻസ് ചെയ്യുന്നതും എടുത്ത് കൊടുക്കുന്നതുമെല്ലാം. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് അതിന് സ്കൂൾ വിദ്യാഭ്യാസയോഗ്യത മാത്രം മതിയാവും. അപ്പോൾ സ്വാഭാവികമായും മരുന്നുകൾ മാറിക്കൊടുക്കാനുള്ള സാധ്യതയും, നിലവാരം കൃത്യമായി നോക്കാതെ സ്റ്റോക്ക് ചെയ്യുന്ന സാഹചര്യവുമടക്കമുള്ള നിരവധി പ്രശ്നങ്ങളുണ്ടാകും.
ഡ്രഗ്ഗ് ഇൻസ്പെക്ടറുമാരുടെയൊക്കെ കാര്യത്തിൽ, പണ്ടുകാലത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. മുമ്പുണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി മെഡിക്കൽ സ്റ്റോറുകളും മറ്റും നമുക്കിപ്പോഴുണ്ട്. ഡ്രഗ്ഗ് ഇൻസ്പെക്ടർമാരുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ സാമ്പിൾ എടുത്ത് പരിശോധിക്കാവുന്ന സംവിധാനവും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇതൊക്കെ സംസ്ഥാന അടിസ്ഥാനത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്.
