ഒരു പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതി അളക്കുന്ന പ്രധാനപ്പെട്ട രണ്ട് സൂചികകളാണ് ശിശുമരണനിരക്കും മാതൃമരണനിരക്കും. ഇതിൽ ശിശുമരണ നിരക്ക് സാമൂഹ്യ വികസനത്തിന്റെയും മാതൃമരണനിരക്ക് ആശുപത്രി സൗകര്യങ്ങളുടെ സൂചികകൾക്കൊപ്പം സമൂഹത്തിലെ സ്ത്രീപദവിയുടെ സൂചികകൾ കൂടിയായാണ് പരിഗണിക്കപ്പെട്ടു വരുന്നത്. ഇതിൽ രണ്ടിലും കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി അപേക്ഷിച്ച് പതിറ്റാണ്ടുകളായി മുന്നിലാണ്. രാജ്യത്ത് നടത്തപ്പെട്ട സാമ്പിൾ രജിസ്റ്റേഷൻ സർവ്വേ (എസ്.ആർ.എസ്) 2021- 2023 വർഷത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ കുറഞ്ഞ് വരുന്ന ശിശുമരണനിരക്കിനെക്കുറിച്ചും അല്പം കൂടിയ മാതൃമരണനിരക്കിനെക്കുറിച്ചും സോഷ്യൽമീഡിയകളിലും പത്രമാധ്യമങ്ങളിലും രാഷ്ട്രീയ ചർച്ചകൾ നടന്നിരുന്നു. ഇതുപ്രകാരം കേരളത്തിലെ ഒരു വയസ്സിൽ താഴെ പ്രായമായിട്ടുള്ള വരിലെ ശിശുമരണനിരക്ക് ആയിരം ജനനങ്ങളിൽ 5-ഉും ഇന്ത്യയിലേത് 25-ഉും ആണ്. മുൻവർഷത്തിലെ നിരക്കായ 6 ൽ നിന്ന് ഒന്ന് കുറഞ്ഞാണ് കേരളം 5-ലെത്തിയത്'. ഇതുസംബന്ധിച്ച് കേരളത്തിലെ ശിശുമരണനിരക്ക് അമേരിക്കയേക്കാൾ കുറവാണെന്ന് താരതമ്യം ചെയ്ത് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ടായിരുന്നു. ശിശുമരണനിരക്ക് ഏറ്റവും കൂടുതലുള്ള വടക്കൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും മധ്യ പ്രദേശിലും ഇത് 37 ആയിരിക്കുമ്പോൾ ഗോവ, സിക്കീം തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിൽ 6-ഉും ഏറ്റവും കുറവ് ലഡാക്കിൽ 4-ഉും മണിപ്പൂരിൽ 3-ഉും ആണ്.
അതേ അവസരത്തിൽ സാമ്പിൾ രജിസ്ട്രേഷൻ സർവ്വേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ മാതൃമരണനിരക്ക് ലക്ഷം പ്രസവങ്ങളിൽ മുൻവർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 18-ൽ നിന്ന് 30 ആയി വർദ്ധിച്ചിട്ടുമുണ്ട്. ഒപ്പം ഇന്ത്യയിലെ മാതൃമരണനിരക്ക് 93-ൽ നിന്ന് 88 ആയി ചെറുതായി കുറഞ്ഞിട്ടുമുണ്ട്. ഈ രണ്ടു സ്ഥിതിവിവര കണക്കുകൾ ഉയർത്തുന്ന ചില വിശകലനങ്ങളാണ് ഇതിലെ വിഷയം. ഇത് വിശദീകരിക്കാൻ സാമ്പിൾ രജിസ്ട്രേഷൻ സർവ്വേ(എസ്. ആർ. എസ്) എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

1) എസ്.ആർ.എസ് ഒരു സാമ്പിൾ സർവ്വേയാണ്:
മേൽനൽകിയിട്ടുള്ള എസ്.ആർ.എസ് സ്ഥിതിവിവരകണക്കുകൾ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സാമ്പിൾ ജനവിഭാഗങ്ങളിൽ മാത്രം തുടർച്ചയായി റെക്കോർഡ് ചെയ്യപ്പെടുന്ന ജനനമരണ വിവരങ്ങളെ അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് ചെയ്യുന്ന നിരക്കുകളാണ്. അല്ലാതെ സെൻസസ് സർവ്വേപോലെ രാജ്യത്തെ മുഴുവൻ ജനങ്ങളിലും സംഭവിച്ചിട്ടുള്ള മരണങ്ങളുടെ എണ്ണമല്ല എന്നും മനസ്സിലാക്കണം. ഇതിൽ തന്നെ ശിശുമരണനിരക്കിന്റെ കണക്കുകൾ വർഷം തോറും ലഭ്യമാകുമ്പോൾ മാതൃമരണനിരക്കിന്റെ കണക്കുകൾ മൂന്നുവർഷം കൂടുമ്പോൾ ഒന്നിച്ച് മാത്രമാണ് ലഭ്യമാകുന്നത്. ശിശുമരണങ്ങളെ അപേക്ഷിച്ച് മാതൃമരണങ്ങൾ വളരെ വിരളമായത് കൊണ്ടും ഛേദകം ഒരു ലക്ഷം ജനനങ്ങളെ കണക്കാക്കി ചെയ്യുന്നത് കൊണ്ടുമാണിത്. ഇത് യഥാർത്ഥത്തിൽ ആകെ സംഭവിച്ചിട്ടുള്ള മരണങ്ങളുടെ അടുത്ത് എണ്ണത്തിൽ കൂടിയോ, കുറഞ്ഞോ വരാം. പോരാതെ മാതൃമരണനിരക്ക് എസ്റ്റിമേറ്റ് ചെയ്യുന്നത് ശരാശരിയുടെ റെയ്ഞ്ചിലാണ് (95% Confidence limits). ഇത് കേരളത്തിൽ ശരാശരി 30-ഉം അതിന്റെ റേയ്ഞ്ച് 2 തൊട്ട് 58 വരെയുമാണ്. അതുപോലെ ഇന്ത്യയുടേത് 88 എന്നത് ശരാശരിയും റെയ്ഞ്ച് 79 തൊട്ട് 96 വരെയുമാണ്. ഇതിനർഥം ശരിയായ എണ്ണം ഇവയ്ക്കിടയിലെവിടേയോ ആയിരിക്കും എന്നതു മാണ്.
2) ഇതിൽ കണക്കുകൾ കൂട്ടി എക്സ്ട്രാപൊളേറ്റ് ചെയ്യുന്ന രീതി ആണ്:
ഇനി സാമ്പിളുകളുടെ കാര്യം പരിശോധിച്ചാൽ എസ്.ആർ.എസിൽ രാജ്യത്താകെ ഗ്രാമങ്ങളും നഗരങ്ങളുമായി ഏകദേശം 84 തൊട്ടു 88 ലക്ഷത്തോളം ജനങ്ങളെ ഉൾപ്പെടുത്തിയ ശാസ്ത്രീയ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട 8842-ഓളം സാമ്പിൾ യൂണിറ്റുകളാണ് ഉള്ളത്. നിലവിലെ ജനനനിരക്ക് പ്രകാരം ഈ ജനസംഖ്യയിൽ ഒരു വർഷം 162120 ജനനങ്ങൾ നടക്കാൻ സാധ്യതയുണ്ട്. അപ്പോൾ ഇവിടെ 2021 തൊട്ട് 2023 വരെയുള്ള മൂന്നു വർഷങ്ങളിൽ ആക 486360 പ്രസവങ്ങൾ നടന്നിരിക്കും. ഇവരിൽ ഏകദേശം 428 അമ്മമാർ പ്രസവത്തെതുടർന്ന് മരിച്ചിരിക്കും എന്നും അനുമാനിക്കാം. ഇതിനെയാണ് 145 കോടിയിലധികമുള്ള ഇന്ത്യയിലെ മാതൃമരണനിരക്കാക്കി കണക്കുകൾ കൂട്ടി എക്സ്ട്രാപൊളേറ്റ് ചെയ്യുന്നത്. ഇത് പ്രകാരം മാതൃമരണനിരക്ക് കണക്കാക്കുമ്പോൾ ഒരുലക്ഷത്തിൽ 88 ആയിരിക്കും ഉണ്ടായിട്ടുണ്ടാവുക.

അത്പോലെ കേരളത്തിൽ എസ്.ആർ.എസ് സർവ്വേയിൽ 280 സാമ്പിളിങ്ങ് യൂണിറ്റുകളായി 368000-ത്തോളം ജനനങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ നിലവിലുള്ള ജനനനിരക്ക് പ്രകാരം പ്രതിവർഷം 4747 പ്രസവങ്ങൾ നടക്കുമ്പോൾ 2021 തൊട്ട് 2023 വരെ വർഷങ്ങളിൽ ഏകദേശം 14241 പ്രസവങ്ങൾ നടന്നിരിക്കും. ഇവരിൽ 4 തൊട്ട് 5 വരെ അമ്മമാർ പ്രസവത്തോടനുബന്ധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഈ നിരക്കാണ് 3.40 കോടിയിലധികമുള്ള കേരള സംസ്ഥാനത്തിന്റെ മാതൃമരണനിരക്കായ 30 ആയി എക്സ്ട്രാപൊളേറ്റ് ചെയ്തിട്ടുള്ളത്. ഇതുപോലെ ശിശുമരണനിരക്കിന്റെ കാര്യമെടുത്താലും മുകളിൽ നൽകിയ സാമ്പിളിൽ നടന്ന ശിശുമരണങ്ങളുടെ കണക്കെടുത്താണ് ഒരു വർഷം നടക്കുന്ന ഇന്ത്യയിലെ 2.5 കോടിയും കേരളത്തിലെ 4 ലക്ഷത്തിനടുത്തും ജനിക്കപ്പെട്ട കുട്ടികളിലെ ശിശുമരണത്തിലേക്ക് എക്സ്ട്രാപൊളേറ്റ് ചെയ്ത് കണക്ക് കൂട്ടുന്നത്. വിവാദങ്ങൾ നടത്തുന്നവർ ഇവയൊന്നും ആകെ നടന്ന മരണങ്ങളുടെ യഥാർത്ഥ കണക്കെടുപ്പല്ല ഇത് എന്നും പകരം സാമ്പിൾ സർവേയുടെ ഫലമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇത് യാഥാർത്ഥ്യത്തിന് അടുത്തെത്താം.
ശിശുമരണനിരക്ക്: കാരണങ്ങൾ
ഇന്ത്യയിൽ ശിശുമരണ നിരക്കിൽ ഗ്രാമങ്ങളും (ആയിരത്തിൽ 28-ഉം) നഗരങ്ങളും (ആയിരത്തിൽ 18) തമ്മിൽ വലിയ അന്തരമുണ്ട്. എന്നാൽ കേരളത്തിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ശിശുമരണനിരക്കിൽ ഒട്ടും വ്യത്യാസമില്ല (5) എന്നും തിരിച്ചറിയണം. സംസ്ഥാനത്തിലെ ജനങ്ങളിലെ സാമൂഹ്യനിലവാരത്തിൻ്റേയും, ചികിത്സാ ലഭ്യതകളുടേയും സൂചനകളാണ് ഇത്. ശിശുമരണനിരക്കിലെ ഇന്നത്തെ ഇന്ത്യൻശരാശരിയായ 25 എന്ന നിലയിൽ കേരളം ഈനൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ എത്തിയിരുന്നു. ഇതിന് സാധ്യമാക്കിയ പ്രധാനകാരണങ്ങൾ ഹൈ ടെക് ആശുപത്രികൾക്ക് ഉപരി സാമൂഹ്യതുല്യതയിൽ ഊന്നിയവികസനം, സ്ത്രീകളുടെ ഉയർന്ന ആരോഗ്യസാക്ഷരത, സ്ത്രീകളിലെ പോഷകാഹാരലഭ്യത, ഗതാഗതസൗകര്യങ്ങൾ, ഗ്രാമനഗരവ്യത്യാസമില്ലാതെ ലഭ്യമായ അടിസ്ഥാനചികിത്സാ സൗകര്യങ്ങൾ, ശുദ്ധജലലഭ്യത, കക്കൂസ് ഉപയോഗം, ശുചിത്വശീലം, സംസ്ഥാനം മാറിമാറി ഭരിച്ച സർക്കാരുകളുടെ രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയാണ് എന്നാണ് അന്ന് വിദഗ്ധർ വിലയിരുത്തിയത്. ഒപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്ന ഡോക്ടർമാർ, ഫീൽഡ് തല ആരോഗ്യപ്രവർത്തകരായ ജെ.പി.എച്ച്.എൻമാർ, അങ്കണവാടി പ്രവർത്തകർ ഇവർ ഉണ്ടാക്കിയെടുത്ത മികച്ച ഗർഭ ശിശുപരിരക്ഷ രീതികൾ എന്നിവയുമാണ്. പിന്നീട് വന്ന ആശാവർക്കർമാർ ഇതിനെ ഒരുചുവടു കൂടി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ 75-% ശിശുമരണങ്ങളും തടയാനായിട്ടുണ്ടായിരുന്നു. പിന്നീടുള്ള 25-% ശിശുമരണങ്ങൾ നേരിട്ട് പ്രസവത്തിലെ വിഷമതകൾ, കുട്ടികളുടെ വളർച്ചക്കുറവ്, ജന്മനാ ഉള്ള വൈകല്യങ്ങൾ ഇവയാണ്. ഇവ പരമാവധി കുറയ്ക്കുന്നതിൽ ഇപ്പോൾ കൂടുതൽ സ്വകര്യങ്ങളുള്ള ആശുപത്രികളും ചികിത്സകരും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇപ്പോഴുള്ള ശിശുമരണങ്ങളിൽ അഞ്ചിൽ നാലും (4/5) നവജാതശിശുകളിൽ പ്രസവിച്ച് ഒരു മാസത്തിനുള്ളിൽ ഇങ്ങനെയുള്ള കാരണങ്ങളാൽ സംഭവിക്കുന്നതാണ്. ഈ മരണങ്ങൾ അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലും സംഭവിക്കുന്നതാണ്. അതിനുശേഷം ഒരു വയസ്സിനിടയിൽ സംഭവിക്കുന്ന ശ്വാസകോശ രോഗങ്ങൾ, വയറിളക്കം തുടങ്ങിയ കാരണങ്ങൾ മൂലമുള്ള മരണങ്ങൾ ഇവിടെ തീർത്തും വിരളമാണ്. ശിശുമരണനിരക്ക് 5-ൽ നിന്ന് ഇനിയും കുറയ്ക്കാൻ വിഷമവുമായിരിക്കും.

സർക്കാരിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വെച്ച് കേരളത്തിലെ ശിശുമരണകാരണങ്ങൾ ആരോഗ്യവകുപ്പ് മെഡിക്കൽ സർട്ടിഫൈ ചെയ്യപ്പെട്ട 834 മരണങ്ങൾ പരിശോധിച്ചപ്പോൾ അതിൽ 32.31-% വും ജന്മനാ വൈകല്യങ്ങൾ കൊണ്ടും 23% തൂക്കകുറവോ മാസം തികയാതെ പ്രസവിച്ചത്കൊണ്ടോ 15%-ത്തോളം ശ്വാസതടസ്സമോ ശ്വാസകോശ രോഗങ്ങൾ കൊണ്ടോ സംഭവിച്ചതുമായിരുന്നു. കേരളത്തിൽ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളിൽ 100 ശതമാനവും പരിക്കുകകൾ മൂലം കുട്ടികൾ മരണപ്പെടുന്നില്ല എന്നത് എടുത്ത് പറയേണ്ടുന്ന ഒരു കാര്യമാണ്. അതുപോലെ ന്യുമോണിയ, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികൾ കൊണ്ടും ശിശുക്കൾ മരണപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കണം. 2014 തൊട്ട് 2023 വരെയുള്ള പത്ത് വർഷങ്ങളിൽ പ്രതിവർഷം ശിശുമരണങ്ങൾ എണ്ണത്തിൽ ക്രമമായി കുറഞ്ഞുവന്ന് 2970-ൽ നിന്ന് 2032-ൽ എത്തിയിട്ടുണ്ട്. ഇതിൽ മൂന്നിലൊന്ന് പേർക്ക് (791) കുട്ടികൾക്ക് തൂക്കം 1 കിലോവിലും താഴെയായിരുന്നു. ഇതേസമയത്ത് തന്നെ കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ മരണപ്പെട്ടവരിൽ ജനനസമയത്ത് വേണ്ടത്ര - ശരീരഭാരമില്ലാത്ത കുട്ടികൾ (2.5 കിലോഗ്രം) 11%-ത്തിൽ നിന്ന് 14% ആയി വളർന്നിട്ടുണ്ട് എന്ന കാര്യവും മറുഭാഗത്ത് പരിശോധിക്കപ്പെടണം. ഇവരിൽ തന്നെ മാസം തികയാതെ പ്രസവിക്കുന്ന കുട്ടികൾ 1.4%-ത്തിൽ നിന്ന് 7.2% ആയി ഉയർന്നിട്ടുമുണ്ട്. 2019 മുതൽ 2024 വരെ കേരളത്തിലെ ആശുപത്രികളിൽ ജനിച്ച 21.1 ലക്ഷം കുട്ടികളിൽ 11 മുതൽ 14% വരെയുള്ളവർക്ക് തൂക്കക്കുറവ് ഉണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൾ. സാമ്പത്തികമായി അത്ര ദരിദ്രർ അല്ലാത്ത പോഷകാഹാരക്കുറവ് ഇല്ലാത്ത അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഇത് എങ്ങിനെ സംഭവിക്കുന്നുവെന്ന കാരണങ്ങൾക്ക് അന്വേഷണങ്ങൾ വേണ്ടതുണ്ട്.
ഇതേ അവസരത്തിൽ ഇന്ത്യയിലാകെ നോക്കിയാൽ മരണപ്പെട്ട ശിശുക്കളിൽ മൂന്നിലൊന്നിലധികം ചേർക്ക് (36%) വേണ്ടത്ര തൂക്കമില്ലെന്നും ന്യൂമോണിയ മൂലം 17%-വും വയറിളക്കം മൂലം 7%വും മരണപ്പെട്ടെന്നും കാണാം. കൂടാതെ പ്രസവസമയത്തെ പരിക്കുകളോ ശ്വാസതടസ്സമോ ആണ് 10% കുട്ടികൾ മരണപ്പെടാൻ കാരണമാകുന്നത്. ഇത് അവിടങ്ങളിൽ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ചൂണ്ടി കാണിക്കുന്നത്. ശാരീരിക വൈകല്യമുള്ള കുട്ടികൾ മരണത്തെ അതിജീവിക്കുമ്പോൾ അവരുടെ രോഗാതുരജീവിതവും ഭാവിയിൽ കണക്കിലെടുക്കേണ്ടുന്ന കാര്യമാണ്. ഇപ്പോൾ ഗുരുതരമായ തകരാറുകളോ വൈകല്യമോ ഉള്ള ശിശുക്കളെ ഗർഭാവസ്ഥകളിൽ തന്നെ സ്കാൻ ചെയ്ത് കണ്ടെത്തി ആവശ്യമുള്ളത് ചികിത്സിക്കാനും ജീവനസാദ്ധ്യതയില്ലാത്ത ശിശുക്കളെ അലസിപ്പിക്കാനും സാദ്ധ്യമാകുന്നത് ശിശുമരണങ്ങൾ കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. കുട്ടികളിലെ ഹൃദയ വൈകല്യങൾ ചികിത്സിക്കാൻ സർക്കാർപദ്ധതികളുമുണ്ട്. 2017 തൊട്ട് ഇത്തരത്തിൽ 8450-ഓളം സൗജന്യ സർജറികൾ ചെയ്തിട്ടുണ്ട് എന്നാണ് കേരളത്തിൽ നിന്ന് ലഭ്യമായ വിവരം. ഇതും കുറേ കുട്ടികളുടെ അതിജീവിത സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടാവണം.
മാതൃമരണങ്ങൾ: കാരണങ്ങൾ
ഗർഭാവസ്ഥ മുതൽ പ്രസവത്തിനു ശേഷം ആറ് ആഴ്ചക്കുള്ളിൽ സംഭവിക്കുന്ന ഏതു മരണവും മാതൃമരണമായി പരിഗണിക്കാം. ചികിത്സതേടാൻ, ചികിത്സ ലഭിക്കാൻ, അല്ലെങ്കിൽ ശരിയായ ചികിത്സ കിട്ടാൻ ഇതിൽ ഏതെങ്കിലും തരത്തിലുള്ള കാലതാമസമാണ് ഗർഭിണികളുടെ മരണകാരണങ്ങൾ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഇതിനൊന്നും ഈ കാലതാമസങ്ങൾ തീരെ ഉണ്ടായിട്ടില്ല എന്ന് കാണാം. ഇന്ത്യയിലെ കൂടിയ മാതൃമരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ, ഇപ്പോഴും നഗരങ്ങളിൽ 76% ആശുപത്രികളിൽ പ്രസവിക്കുമ്പോൾ ഗ്രാമങ്ങളിൽ ഇത് 57% മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിയണം. ചികിത്സ ലഭ്യതയും ജനങ്ങളിലെ സ്വീകാര്യതയും അവിടെ ഇപ്പോഴും വിഷയങ്ങൾ ആണ്. വർഷങ്ങളായി കേരളത്തിൽ ഗ്രാമ നഗരവ്യത്യാസമില്ലാതെ ആശുപത്രി പ്രസവങ്ങൾ 99%-നു മുകളിലാണ്.

ഇന്ത്യയിലുണ്ടാകുന്ന മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങൾ 30%-ത്തോളം പ്രസവസമയത്തെ രക്തസ്രാവവും 15% എക്ലാംപ്സിയയുമാകുമ്പോൾ പ്രസവത്തോടനുബന്ധിച്ച മറ്റ് കോംപ്ലിക്കേഷനുകൾ മൂലമാണ് 20% മരണപ്പെടുന്നത്. കൂടാതെ അബോർഷനെയും പ്രസവത്തോടനുബന്ധിച്ച അണുബാധകളെയും തുടർന്ന് 10% വീതം സ്ത്രീമരണങ്ങളും ഉണ്ടാകുന്നുണ്ട്. കേരളത്തിൽ ഇവയൊക്കെ നിയന്ത്രിച്ച് നേരിട്ട് ഗർഭാവസ്ഥയുമായി ബന്ധമില്ലാതെയുള്ള മറ്റ് അനുബന്ധ രോഗവസ്ഥകൾ (ഹൃദയരോഗം, കരൾ/വൃക്കരോഗം ) ഉള്ളവരാണ് മരണപ്പെടുന്നത് എന്നാണ് വിശകലനം. രക്തസ്രാവം, എക്ലാംസിയ, ആംമ്നിയോട്ടിക്ക് ഫ്ലൂയിഡ് എംബോളിസം എന്നിവയാണ് മറ്റ് കാരണങ്ങൾ. പ്രസവതടസ്സം, അണുബാധ എന്നിവമൂലം കേരളത്തിൽ മാതൃമരണങ്ങൾ തീരെ കുറവാണ്. ഇത് ഇവിടെയുള്ള ആശുപത്രികളുടെ സൗകര്യങ്ങളുടെയും ചികിത്സകരുടെയും പ്രവർത്തനങ്ങളുടെയും മികവാണ്.
സർക്കാർ രേഖകൾ പ്രകാരം കേരളത്തിൽ 2023-ൽ റിപ്പോർട്ട്ചെയ്യപ്പെട്ട 119 മാതൃമരണങ്ങളിൽ 5 എണ്ണം മാത്രമാണ് (പ്രസവദിവസം) പ്രസവ സമയത്തോ , അതേ ദിവസമോ സംഭവിച്ചിരിക്കുന്നത്. അതിനർത്ഥം പ്രസവ ചികിത്സകളിൽ ലഭിക്കുന്നതിൽ താമസം ഉണ്ടായില്ല/പ്രസവ തടസ്സങ്ങൾ ഉചിതമായി മാനേജ് ചെയ്യപ്പെട്ടു എന്നും അനുമാനിക്കാം. എന്നാൽ സംഭവിച്ച മാതൃ മരണങ്ങളിൽ 13എണ്ണവും ആത്മഹത്യയായിരുന്നു എന്നത് കൂടുതൽ സാമൂഹിക ഗവേഷണങ്ങൾക്ക് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സ്ത്രീകളുടെ ഗർഭാവസ്ഥകളിലെ മാനസിക ആരോഗ്യത്തിന്റെ വെല്ലുവിളികളും തിരിച്ചറിയേണ്ടതുണ്ട്.
ഭാവി പ്രവർത്തനങ്ങൾ
മുമ്പ്കാലത്ത് ‘ചുരുങ്ങിയ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യമെന്നതായിരുന്നു’ കേരള ആരോഗ്യ മാതൃകയായി അമർത്യ സെൻ അടക്കമുള്ളവർ കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത് വിപരീത ദിശയിൽ ആയിട്ടുണ്ട്. ഇന്ത്യയിൽ ശരാശരി ഒരാളിന്റെ പ്രതിശീർഷ ആരോഗ്യച്ചെലവ് 6000 രൂപയ്ക്ക് അടുത്താണെങ്കിൽ കേരളത്തിൽ ഇത് ഇരട്ടിയിലധികമായി 12000 രൂപയിലും മുകളിലാണ് (National Health Accounts – India) ഇപ്പോഴുള്ളത്. കേരളത്തിൽ 50%-ലധികം സിസേറിയൻ മൂലം നടത്തപ്പെടുന്ന പ്രസവങ്ങളിൽ 70%വും നടക്കുന്നത് സ്വകാര്യ ആശുപത്രികളിൽ വെച്ചാണ്. പ്രസവത്തിന് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ശരാശരി ചെലവ് ഇരുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ എത്തി നിൽക്കുന്നുണ്ട്. നേട്ടങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ സിസേറിയൻ (50-%ത്തിലധികം ) വഴി പ്രസവിക്കുന്ന കേരളം ഏറ്റവും കൂടുതൽ പ്രസവ ചെലവുള്ള സംസ്ഥാനമായി ഇപ്പോൾ മാറിയിട്ടുണ്ട്. കേരളത്തിലെ ചെറുകിട സ്വകാര്യ ആശുപത്രികളാകെ അന്യം നിന്ന് പോകുകയും, വലിയ സ്വകാര്യ ആശുപത്രികൾ വിദേശ ആഗോള നിക്ഷേപകർ വൻ ലാഭം കണ്ടു വിലക്കെടുക്കുകയും ചെയ്തു കൊണ്ടിരിക്കയാണ്. നമ്മുടെ നേട്ടങ്ങളിൽ മതിമറന്ന് അഭിരമിക്കാതെ അഭിമാനിക്കുകയും ജനങ്ങൾക്ക് സാമ്പത്തിക ഭാരമില്ലാതെ കൂടുതൽ മെച്ചമായി അവയൊക്കെ നിലനിർത്താൻ ശ്രമിക്കുകയും ഒപ്പം കോട്ടങ്ങൾ കണ്ടെത്തി ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടതണ്ട്.
