ആഗസ്റ്റ്; കരുതിയിരിക്കേണ്ട കോവിഡ് മാസം

കേരളത്തിൽ കോവിഡിന്റെ സാമൂഹ്യവ്യാപനം എത്ര, ഭാവിയിൽ വ്യാപനത്തിന്റെ തോത്, അത് നേരിടാനുള്ള സജ്ജീകരണങ്ങൾ, അശാസ്ത്രീയ അവകാശവാദങ്ങൾ, വാക്‌സിൻ ഗവേഷണത്തിന്റെ പുരോഗതി, കോവിഡിനാൽ രൂപപ്പെടുന്ന മാനുഷികവും രാഷ്ട്രീയവുമായ പുതിയ ലോകക്രമം എന്നിവയെക്കുറിച്ചാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗം മുൻ മേധാവിയും പ്രഫസറുമായ ഡോ. കെ.പി. അരവിന്ദൻ സംസാരിക്കുന്നത്.

കെ. കണ്ണൻ: കേരളത്തിൽ ദൈനംദിന കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച്, കേരളത്തിൽ ഇപ്പോൾ സ്ഥിതി എത്ര ഗുരുതരമാണ്? അതായത്, സംസ്ഥാനത്ത് പലയിടങ്ങളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടുകഴിഞ്ഞു. ഇതിൽനിന്ന് സാമൂഹ്യവ്യാപനം എന്ന ഘട്ടത്തിലേക്കുള്ള ദൂരം എത്രയാണ്?
ഡോ. കെ.പി. അരവിന്ദൻ: കേരളത്തിൽ ചിലയിടങ്ങളെങ്കിലും ക്‌ളസ്റ്ററുകൾക്കപ്പുറമുള്ള ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് ഉറവിടമില്ലാകേസുകളുടെ വർദ്ധനവ് കാണിക്കുന്നത്. കേരളം മുഴുവൻ സാമൂഹ്യവ്യാപനഘട്ടത്തിലേക്ക് എത്തി എന്ന് പറയാനായിട്ടില്ലെങ്കിലും, ആ ദിശയിലേക്കുതന്നെയാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ക്‌ളസ്റ്റർ മാനേജ്‌മെന്റ് നടപടികൾ വിജയം കണ്ടില്ലെങ്കിൽ ആഗസ്റ്റ് ആവുമ്പോഴേക്ക് ആ സ്ഥിതി വന്നെത്തുമെന്ന് തോന്നുന്നു.
ചോദ്യം: കൊറോണ വൈറസ് ഒരു വ്യക്തിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് തുടക്കത്തിലുണ്ടായിരുന്ന അവ്യക്തതകൾ ഇപ്പോൾ നീങ്ങിയിട്ടുണ്ടോ? അതായത്, രോഗമുണ്ടായിട്ടും ലക്ഷണമില്ലാതിരിക്കുന്ന അവസ്ഥ, രോഗം വന്നശേഷം വീണ്ടും വരുമോ എന്ന ആശങ്ക, വൈറസിന്റെ ജനിതക മാറ്റമുണ്ടാക്കുന്ന സങ്കീർണതകൾ എന്നിവയെക്കുറിച്ച് ശാസ്ത്രത്തിന് വ്യക്തമായ നിഗമനത്തിലെത്താനായിട്ടുണ്ടോ?
അവ്യക്തതകൾക്ക് കുറേയേറെ മാറ്റം വന്നിട്ടുണ്ട്. ഉദാഹരണത്തിന് രോഗം ഉണ്ടായിട്ടും ലക്ഷണം ഇല്ലാതിരിക്കുന്ന അവസ്ഥ വളരെ വ്യാപകമാണെന്ന് ഇന്ന് മനസ്സിലായിട്ടുണ്ട്. എന്നാൽ ഈ അവസ്ഥയിൽ രോഗം പകർത്താനുള്ള സാധ്യത എത്രയുണ്ട് എന്ന കാര്യത്തിൽ പൂർണമായ ധാരണയിൽ എത്തിയിട്ടില്ല.

വൈറസിന്റെ ജനിതകമാറ്റം കാരണം എത്രമാത്രം മാത്രം അതിന്റെ സ്വഭാവത്തിലും രോഗവ്യാപനത്തിനുള്ള കഴിവിലും അതുമൂലമുള്ള മരണനിരക്കിലുമൊക്കെ മാറ്റം വന്നിട്ടുണ്ടെന്ന്​ കണ്ടെത്താൻ ഇനിയും സമയമെടുക്കും. ഒട്ടേറെ സ്ഥലങ്ങളിൽ രോഗം ബാധിച്ചവരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വൈറസിന്റെ മ്യൂട്ടേഷനുകളും ആ വ്യക്തികളുടെ രോഗസ്ഥിതിയും ബന്ധപ്പെടുത്തുന്ന പഠനങ്ങളിൽ നിന്നുമാത്രമേ ഇത് മനസ്സിലാവുകയുള്ളൂ.

ചോദ്യം: ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനുപുറകിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകളുണ്ടോ?
ജനസാന്ദ്രത, സാമൂഹിക അകലം പാലിക്കൽ എത്രകണ്ട് നടപ്പാക്കാൻ കഴിയുന്നു എന്നിവയാണ് രണ്ടു പ്രധാന ഘടകങ്ങൾ. നമ്മുടെ തീരപ്രദേശത്തും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റിടങ്ങളിലും രോഗാണു എത്തിക്കഴിഞ്ഞാൽ വേഗത്തിൽ പടരാൻ സഹചര്യങ്ങളുണ്ട്.

ചോദ്യം: ജനസാന്ദ്രത കണക്കിലെടുക്കുമ്പാൾ മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേതിനു തുല്യമായ അതിരൂക്ഷമായ രോഗവ്യാപനം കേരളത്തിൽ ഉണ്ടാകാനിടയുണ്ടോ?
കേരളത്തിന്റെ തീരപ്രദേശം അടങ്ങുന്ന പടിഞ്ഞാറൻ മേഖല മുഴുവൻ ഇടതടവില്ലാതെ വാസകേന്ദ്രങ്ങളുള്ള പ്രദേശമാണ്. അതുകൊണ്ട് വൻനഗരങ്ങളിൽ ഉള്ളതുപോലെയുള്ള രോഗവ്യാപനം ഇവിടെയും ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ നമ്മുടെ പ്രവർത്തനഫലമായി അതുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.
ചോദ്യം: സമൂഹവ്യാപനം തീവ്രമായാലും ഇല്ലെങ്കിലും, വാക്‌സിൻ എന്ന ഒരു പരിഹാരത്തിലെത്തുന്നതുവരെ ജീവിതം മുമ്പത്തെപ്പോലെയാകില്ല എന്നുറപ്പാണല്ലോ. അതുകൊണ്ട്, രോഗം അകറ്റിനിർത്താനും പകർച്ച പരമാവധി കുറയ്ക്കാനും വരാനിരിക്കുന്ന നാളുകളിൽ എന്തുതരം മുൻകരുതലുകളാണ് അനിവാര്യം?
-സാമൂഹിക അകലം പാലിക്കൽ.
-മുഖാമുഖം സംസാരിക്കുമ്പോൾ ചുരുങ്ങിയത് ഒന്നര മീറ്റർ എങ്കിലും അകലം പാലിക്കുക.
-മാസ്‌ക് ധരിക്കുക.
- പുറത്തുപോയി പോയി കടകളിലും എ.ടിഎം തുടങ്ങിയ ഇടങ്ങളിലും പല വസ്തുക്കളും തൊട്ടശേഷം സോപ്പും വെള്ളവും, അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.
- വായുസഞ്ചാരം കുറവുള്ള ഉള്ള അടഞ്ഞ ഇടങ്ങൾ, പ്രത്യേകിച്ചും കൂടുതൽ ആളുകളുള്ളവ കഴിവതും ഒഴിവാക്കുക. ചെറിയ എ.സി മുറികൾ, ലിഫ്റ്റുകൾ, വാഹനങ്ങൾ എന്നിവയിലൂടെയെല്ലാം വ്യാപനത്തിന് സാധ്യതയുണ്ട്.
- പ്രായമായവർ, മറ്റ് ദീർഘസ്ഥായീ രോഗങ്ങളുള്ളവർ എന്നിവരെ അവരുടെ വീടുകളിൽ സംരക്ഷിക്കുക. അവർ കഴിവതും പുറത്തു പോകാതിരിക്കുക. പുറത്തുപോയി തിരിച്ച് വീട്ടിൽ വരുന്നവരിൽ നിന്ന് അവർക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക.
ചോദ്യം: സാമൂഹ്യവ്യാപന ഭീഷണിയുള്ള സാഹചര്യത്തിൽ, ഇതിനെ നേരിടാനുള്ള ആശുപത്രി, ചികിത്സ സംവിധാനം ഇവിടെ എത്രത്തോളം സജ്ജമാണ്? സ്വകാര്യ ആശുപത്രി നെറ്റ്‌വർക്കിനെ എത്രത്തോളം ഇക്കാര്യത്തിൽ ഇടപെടുത്താനാകും?
രോഗവ്യാപന തോത് നിയന്ത്രിക്കാതെ കേസുകൾ അതിവേഗം കൂടിയാൽ പര്യാപ്തമായ ആശുപത്രി, ചികിത്സ സംവിധാനങ്ങൾ ന്യൂയോർക്കിലും ലണ്ടനിലും പോലും ഇല്ല എന്നു നാം കണ്ടു. കേരളത്തിന്റെ കാര്യവും അതുതന്നെ. നമ്മുടെ വിഭവപരിമിതികൾക്കകത്തുനിന്ന് പരമാവധി ആശുപത്രി കിടക്കകളും ഐ.സി.യു സൗകര്യങ്ങളും വെന്റിലേറ്ററുകളും ഒക്കെ ഒരുക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. സ്വകാര്യ ആശുപത്രി സംവിധാനങ്ങൾ കൂടി ഉപയോഗിക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ രോഗവ്യാപനവേഗത കുറയ്ക്കുക എന്നതുതന്നെയാണ് നമ്മുടെ മുന്നിലുള്ള പ്രധാന മാർഗ്ഗം.
ചോദ്യം: മഴ അതിശക്തമായാൽ അത് കോവിഡ് വ്യാപനത്തെ എങ്ങനെ ബാധിക്കും?
ശക്തമായ മഴ മാത്രമെങ്കിൽ കൂടുതൽ പേർ പുറത്തിറങ്ങാത്തതുകൊണ്ട് രോഗവ്യാപനം കുറഞ്ഞേക്കും. എന്നാൽ മഴ കാരണമുള്ള വെള്ളപ്പൊക്കം, കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം എന്നിവ ദോഷകരമായിരിക്കും.
ചോദ്യം: സാമൂഹ്യവ്യാപനം മെഡിക്കൽ വിദഗ്ധരും ഭരണകൂടവും തമ്മിലുള്ള തർക്കവും വിവാദവുമായി പലപ്പോഴും മാറിപ്പോകുന്നത് എന്തുകൊണ്ടാണ്?
സാമൂഹ്യവ്യാപനം എന്ന പ്രക്രിയയും സാമൂഹ്യവ്യാപനഘട്ടവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതാണ് തെറ്റിദ്ധാരണകൾക്കും അനാവശ്യ വിവാദങ്ങൾക്കും കാരണം. മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർ ഒരുപാട് സമയം കളയുന്ന ചോദ്യമാണ് ‘ഇവിടെ കോവിഡിന്റെ സാമൂഹ്യവ്യാപനം ഉണ്ടോ' എന്നത്. ഇത് പാലിൽ വെള്ളം ഉണ്ടോ എന്നതുപോലെ നിരർത്ഥകമായ ചോദ്യം ആണ്. നാം ചോദിക്കേണ്ടത് പാലിൽ എത്ര വെള്ളം ഉണ്ട് എന്നതാണ്. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ആരോ വെള്ളം ചേർത്തതെന്ന് മനസ്സിലാക്കാം. അതുപോലെ, കോവിഡിന്റെ കാര്യത്തിൽ നാം ചോദിക്കേണ്ട ചോദ്യം സാമൂഹ്യ വ്യാപനം എത്ര എന്നാണ്. ഇവിടെയാണ് ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചനങ്ങളുടെ പ്രാധാന്യം. WHO കോവിഡ് വ്യാപനത്തെ നാല് ഘട്ടങ്ങളായി തിരിക്കുന്നു.

കേസുകൾ ഇല്ല. ഒന്നോ അതിലധികമോ കേസുകൾ; പുറത്തുനിന്ന് വന്നവരോ തദ്ദേശീയമായി കണ്ടെത്തിയതോ. വ്യത്യസ്ത സമയങ്ങളിലോ സ്ഥലങ്ങളിലോ ആയി ഉണ്ടാവുന്ന കേസ്- ക്‌ളസ്റ്ററുകൾ. പ്രാദേശികമായി ഉത്ഭവിക്കുന്ന വലിയ ഔട്ട്‌ബ്രേക്കുകൾ (സാമൂഹ്യവ്യാപനം).

കേരളത്തിൽ മൊത്തമെടുത്താൽ ഇപ്പോഴും മൂന്നാം ഘട്ടത്തിലാണ്. പക്ഷെ, ചിലയിടങ്ങളിൽ നാലാം ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. ക്‌ളസ്റ്റർ ഘട്ടത്തിൽ നിന്ന് പലപ്പോഴും വളരെ പെട്ടെന്നാണ് സാമൂഹ്യവ്യാപന ഘട്ടത്തിലേക്ക് കടക്കുക. ഒരിക്കൽ അവിടെയെത്തിക്കഴിഞ്ഞാൽ നിയന്ത്രണം വളരെ വിഷമം പിടിച്ചതാണ്. രോഗികളുടെ എണ്ണവും തീവ്രരോഗമുള്ളവരും പെട്ടെന്നു പെരുകും. ആശുപത്രി കിടക്കകളും ICUകളും വെന്റിലേറ്ററുകളും ഒന്നും തികയാതെ വരും. മരണം കുതിച്ചുയരും. ഇറ്റലിയിലും, ന്യൂയോർക്കിലും, മുംബൈയിലും, ഡൽഹിയിലും ഒക്കെ ഇതാണ് സംഭവിച്ചത്. നഗരപ്രദേശങ്ങൾ ആയതുകൊണ്ട് പടരാൻ എളുപ്പമായിരുന്നു ഇവിടെയൊക്കെ എന്നതും കാണേണ്ടതാണ്.

കേരളം ഏതാണ്ട് മുഴുവൻ നഗരസ്വഭാവമുള്ള ഒരു പ്രദേശമാണ്. നഗരങ്ങളിലേതുപോലെ ധാരമുറിയാതുള്ള വാസകേന്ദ്രങ്ങളാണ് സംസ്ഥാനം മുഴുവൻ. ഏതാനും കേന്ദ്രങ്ങളിൽ സാമൂഹ്യവ്യാപന ഘട്ടം സംജാതമായാൽ പെട്ടെന്ന് സംസ്ഥാനം മുഴുവൻ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന കാര്യം നാം മറന്നുകൂടാ.
ചോദ്യം: കോവിഡ് പ്രതിരോധത്തിന് ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തുക എന്ന പേരിൽ പ്രതിരോധമരുന്നിന്റെ പരസ്യവുമായി ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ പരസ്യം കണ്ടിരുന്നു. ഈ അവകാശവാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
യാതൊരടിസ്ഥാനവുമില്ല. തെളിയിക്കപ്പെടാത്ത പ്രതിരോധ മരുന്നുകൾ പ്രചരിപ്പിക്കുന്നത് ജനങ്ങളുടേ ജാഗ്രത കുറയ്ക്കാൻ ഇടയാക്കും. ഇത് കുറ്റകരമായി കണ്ട് നടപടിയെടുക്കാൻ സർക്കാരുകൾ തയ്യാറാവണം.
ചോദ്യം: സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ചികിത്സാ അനുഭവങ്ങൾ പ്രയോഗിക്കാൻ അവസരം വേണമെന്നും ഗവേഷണാവകാശ ധ്വംസനത്തിനെതിരെ പ്രതിരോധമുയർത്തണമെന്നും ഈ കോവിഡ് കാലത്തും ആയുർവേദ ചികിത്സകരടക്കമുള്ളവർ പറയുന്നുണ്ട്. ആയുർവേദവും ഹോമിയോപ്പതിയും അടക്കമുള്ള മറ്റു ചികിത്സാരീതികളുടെ ശാസ്ത്രീയതയും ഫലപ്രാപ്തിയും പരീക്ഷിക്കപ്പെട്ട സന്ദർഭം കൂടിയല്ലേ ഇത്?
തോന്നിയതെന്തും ആർക്കും പരീക്ഷിക്കാനുള്ള സമയമല്ലിത്. പരീക്ഷണത്തിന് ഉപയോഗിക്കാൻ മാത്രം യുക്തിസഹമായ എന്തും ക്‌ളിനിക്കൽ ട്രയലുകളിൽ രജിസ്റ്റർ ചെയ്ത് പരീക്ഷണവിധേയമാവുന്നവരുടെ അറിവോടെയുള്ള സമ്മതത്തിനു വിധേയമായി പരീക്ഷിക്കാൻ ഒരു തടസ്സവുമില്ല. അതൊന്നും ചെയ്യാതെ പൊള്ളയായ അവകാശവാദങ്ങളുമായി വന്ന് ആയുഷ് മന്ത്രാലയത്തെ കൂട്ടുപിടിച്ച്​ എന്തും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് ഒരു കൂട്ടർ ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാൻ പാടില്ല.
ചോദ്യം: ഒരു സമൂഹത്തെ ശാസ്ത്രമനോഭാവമുള്ളവരാക്കി, യുക്തിബോധമുള്ളവരാക്കി മാറ്റുന്ന അടിസ്ഥാനങ്ങളാണ് കേരളീയ പൊതുസമൂഹത്തെ വ്യത്യസ്തരാക്കുന്നതെന്ന് പറയാറുണ്ട്. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് പുരോഗനമപരമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ ഒരു ‘മോഡൽ' കൂടിയാണ് കേരളം. എന്നാൽ, കോവിഡിന്റെ പാശ്ചാത്തലത്തിൽ, ഈ മഹാമാരിയുമായുള്ള മലയാളി സമൂഹത്തിന്റെ അഭിമുഖീകരണം ശാസ്ത്രീയവും മാനുഷികവുമായിരുന്നു ഇതുവരെ എന്നു പറയാമോ? കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനെ എതിർക്കുന്നതും രോഗികൾക്ക് ഭ്രഷ്ട് കൽപ്പിക്കുന്നതും ആരോഗ്യപ്രവർത്തകരെ ആക്ഷേപിക്കുന്നതുമായ സംഭവങ്ങൾ ഇവിടെയും നടക്കുന്ന പാശ്ചാത്തലത്തിലാണ് ഈ ചോദ്യം.
എല്ലാ പുരോഗമന ചിന്തയ്ക്കും നടുവിൽ കടുത്ത യാഥാസ്ഥിതികതയും ആൾദൈവങ്ങളും രോഗശാന്തിശുശ്രൂഷകളും മന്ത്രവാദവുമെല്ലാം നിലനിൽക്കുന്ന സമൂഹമാണ് നമ്മുടേത് എന്ന് മറന്നുകൂടാ. അങ്ങനെ നോക്കിയാൽ കൊറോണക്കാലം ഇതെല്ലാം പിന്നോട്ട് നീങ്ങിക്കൊടുക്കുന്ന കാലമായിട്ടാണ് അനുഭവപ്പെട്ടത്. സയൻസിനും ആധുനിക വൈദ്യത്തിനും മാത്രമേ ഇതിന്​ പരിഹാരം കാണാനാവൂ എന്ന ചിന്ത തന്നെയാണ് ജനങ്ങൾക്കിടയിൽ ബഹുഭൂരിപക്ഷത്തിനുമുള്ളത്. എന്നാൽ മാനുഷിക മൂല്യങ്ങളുടെ കാര്യത്തിൽ അങ്ങിങ്ങായി വീഴ്ച്ചകളുണ്ടായിട്ടുണ്ട്. ശവസംസ്‌കാരം തടയുന്നതും, കോവിഡ് പോസിറ്റിവ് ആയവരെ ബഹിഷ്‌കരിക്കുന്നതുമൊക്കെ പലയിടത്തും കാണപ്പെട്ടു എന്നത് ദൗർഭാഗ്യകരമാണ്. പക്ഷെ ഇവിടങ്ങളിലൊക്കെ സമൂഹമനഃസാക്ഷി ഉണരുകയും ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ കഴിയുകയും ചെയ്തു എന്നത് ആശ്വാസത്തിനു വക നൽകുന്നുണ്ട്.
ചോദ്യം: ഇന്ത്യയുടെ ആദ്യത്തെ നോവൽ കൊറോണവൈറസ് വാക്‌സിൻ എന്ന വിശേഷണവുമായി ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്‌സിൻ എന്ന വാക്‌സിൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മനുഷ്യരിലെ പരീക്ഷണം തുടങ്ങാൻ പോകുന്നതായി വാർത്തകളുണ്ട്. വാക്‌സിനുകളുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെ നിജസ്ഥിതി എന്താണ്?
ഭാരത് ബയോടെക് എന്ന കമ്പനിയുടെ വാക്‌സിനെ പറ്റി വിവാദങ്ങൾ ഉണ്ടാവാനുള്ള കാരണം, എല്ലാ പരീക്ഷണങ്ങളും അതിവേഗത്തിലാക്കണമെന്ന് നിർദേശിച്ച് ICMR ഡയറക്ടർ പരീക്ഷണത്തിൽ പങ്കെടുക്കുന്ന ആശുപത്രികൾക്ക് എഴുതിയ കത്താണ്. ഇത് എല്ലാ നൈതികചട്ടങ്ങൾക്കും വിരുദ്ധമാണെന്നതിനാൽ വിമർശിക്കപ്പെട്ടു. ഏതായാലും ഈ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ ചുരുങ്ങിയത് ആറു മാസമെങ്കിലും എടുക്കും എന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. മുഴുവൻ വൈറസിനെയും നിർവീര്യമാക്കി ഉണ്ടാക്കുന്ന ഈ വാക്‌സിൻ അന്താരാഷ്ട്രതലത്തിൽ ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് എത്രകണ്ടു ഫലപ്രദമായിരിക്കും എന്ന് കണ്ടുതന്നെ അറിയണം.
ചോദ്യം: ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിക്കുകയും ആദ്യഘട്ട പരീക്ഷണം വിജയകരമായി എന്ന് റിപ്പോർട്ടുചെയ്യപ്പെട്ടതുമായ വാക്‌സിന്റെ അടുത്തഘട്ട പരീക്ഷണത്തിന്റെ ഭാഗമായ ട്രയൽ 10,000 മനുഷ്യരിൽ നടക്കുമെന്നു പറയുന്നു. കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന പ്രക്രിയ എങ്ങനെയാണ്?
ആദ്യ പഠനങ്ങളുടെ ഫലം ശരിയാണെങ്കിൽ ഓക്‌സ്‌ഫോർഡ് വാക്‌സിൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ വാക്‌സിൻ ഉൽപ്പാദനം ഇന്ത്യയിൽ നടക്കും എന്നതും നമ്മെ സംബന്ധിച്ച്​ വളരെ ആശാവഹമാണ്. ഏതു വാക്‌സിനും മാർക്കറ്റിൽ എത്തുന്നതിനുമുമ്പ് മുമ്പ് നാലു ഘട്ടങ്ങളിലൂടെ കടന്നുപോകണം.

ആദ്യമായി ലബോറട്ടറിയിൽ പല പഠനങ്ങളും നടത്തുകയും മൃഗങ്ങളിൽ പരീക്ഷിക്കുകയും മറ്റും ചെയ്യണം. ഒന്നാംഘട്ട ട്രയൽ എന്ന് വിളിക്കുന്ന പരീക്ഷണങ്ങൾ രോഗമില്ലാത്ത വളണ്ടിയർമാരിൽ പാർശ്വഫലങ്ങൾ എന്തൊക്കെയുണ്ട് എന്ന് അറിയാനുള്ളതാണ്. വളണ്ടിയർമാരിൽ തന്നെ നടത്തുന്ന രണ്ടാംഘട്ടത്തിൽ പാർശ്വഫലങ്ങൾക്ക് പുറമേ പ്രതിവസ്തുക്കളുടെ ഉൽപാദനം മുതലായ കാര്യങ്ങൾ കൂടി പരിശോധിക്കുന്നു. മൂന്നാംഘട്ടമാണ് യഥാർത്ഥ ഫലപ്രാപ്തി പഠനം. ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നവരും നൽകാത്തവരുമായി രണ്ട് ഗ്രൂപ്പുകളെ താരതമ്യം ചെയ്തു ഫലപ്രാപ്തി തെളിയിക്കണം. ഇതെല്ലാം കഴിഞ്ഞ് മാത്രമേ ഒരു വാക്‌സിൻ വ്യാപകമായി ഉപയോഗിക്കാനാവൂ.
ചോദ്യം: ഒരു വാക്‌സിൻ 42 ദിവസം കൊണ്ട് പ്രാഥമിക ഗവേഷണം നടത്തി ഹ്യുമൺ ട്രയലിൽ എത്തുന്നത് ആദ്യമായാണല്ലോ. നൈതികതയിലോ ശാസ്ത്രീയതയിലോ ഒട്ടും കുറവ് വരുത്താതെ, ഗവേഷണത്തിന്റെ വേഗം കൂട്ടാനാകുമോ?
42 ദിവസം കൊണ്ട് പ്രാഥമിക ഗവേഷണം നടത്തി ഹ്യുമൺ ട്രയലിൽ എത്തുന്ന വാക്‌സിനുകൾ ഒന്നും തന്നെയില്ല. നേരത്തെ പരാമർശിച്ച ICMR ഡയറക്ടറുടെ മണ്ടത്തരം ഒഴിച്ചു നിർത്തിയാൽ ഇന്ത്യയിൽ പോലും ആരും അത്തരത്തിൽ ചിന്തിക്കുന്നില്ല. എന്നാൽ കോവിഡ് ലോകമെമ്പാടും മനുഷ്യജീവനും സാമ്പത്തിക ക്രമത്തിനും വരുത്തി വെക്കുന്ന നാശനഷ്ടങ്ങൾ പരിഗണിച്ച് എല്ലാവരും വാക്‌സിൻ ഗവേഷണം പരമാവധി വേഗത്തിലാക്കിയിട്ടുണ്ട്. ഒഴിച്ചുകൂടാൻ പറ്റാത്തവയൊഴിച്ച് പല ക്രമങ്ങളും ഒഴിവാക്കുക പോലും ചെയ്തിട്ടുണ്ട്. ഇതെല്ലാം പരമാവധി നൈതിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെയാണ്.

ചോദ്യം: ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വാക്‌സിൻ, വിജയകരമായി പുറത്തുവരുന്നു എന്നിരിക്കട്ടെ. എങ്കിൽ അത് ആർക്കെല്ലാം, ഏതു രാജ്യത്തിന് മുൻഗണനാക്രമത്തിൽ ലഭ്യമാക്കണം എന്നീ കാര്യങ്ങൾ നീതിപൂർവകമായി തീരുമാനിക്കപ്പെടാനുള്ള സംവിധാനമുണ്ടോ?
ഇന്നത്തെ അവസ്ഥയിൽ ഇല്ല എന്നുതന്നെ പറയേണ്ടിവരും. പ്രായക്കൂടുതൽ ഉള്ളവർ, മറ്റു രോഗങ്ങൾ ഉള്ളവർ, ജനസാന്ദ്രത കൂടുതൽ ഉള്ള ചേരികളിൽ വസിക്കുന്നവർ എന്നിവർക്കൊക്കെയായിരിക്കണം മുൻഗണന. ഇതിനായി പ്രോട്ടോക്കോൾ ഉണ്ടാക്കി അത് കർശനമായി നടപ്പാക്കണം.
ചോദ്യം: മസാചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) യുടെ ഒരു മോഡലിങ് സ്റ്റഡി (modelling study) റിപ്പോർട്ട് ഈയിടെ പുറത്തുവന്നിരുന്നു. വാക്‌സിന്റെയോ മരുന്നുകളുടെയോ അഭാവത്തിൽ 2021ലെ ശൈത്യകാലം അവസാനിക്കുമ്പോഴേക്കും ഇന്ത്യയിൽ രോഗികളുടെ ദൈനംദിന വർധന 2.87 ലക്ഷമാകുമെന്ന് അതിൽ പറയുന്നു. വൈറോളജി, എപ്പിഡമിയോളജി തുടങ്ങിയ ശാസ്ത്രീയ അടിസ്ഥാനങ്ങൾ ഇത്തരം അനുമാനങ്ങളെ ശരിവെക്കുന്നുണ്ടോ?
50-60% ശതമാനം പേർക്ക് രോഗം വന്നു പോയിക്കഴിഞ്ഞാലെ രോഗാണു പിൻവാങ്ങൂ എന്ന ധാരണ പ്രകാരമുള്ള മോഡലുകളാണിത്. ഇപ്പോൾ ഉള്ള അറിവ് വെച്ച് ഇത് ശരിയാണെന്നു തോന്നുന്നില്ല. 20-30% പേർക്ക് രോഗം വന്നു കഴിഞ്ഞാൽ തന്നെ രോഗവ്യാപന തോത് ഗണ്യമായി കുറയുമെന്നാണ് ഇപ്പോഴുള്ള അനുമാനം. അങ്ങനെയെങ്കിൽ ദിവസേന 2.87 ലക്ഷം കേസെന്നതൊക്കെ സംഭാവ്യമാണെന്നു തോന്നുന്നില്ല.
ചോദ്യം: കോവിഡുമായി ബന്ധപ്പെട്ട, തത്വചിന്താപരമായ വ്യാഖ്യാനങ്ങളിൽ ഒന്ന്, സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്കുള്ള അധികാരത്തിന്റെ കടന്നുകയറ്റം എളുപ്പമാക്കി എന്നതാണ്. അതായത്, രോഗത്തിന്റെ മറവിൽ, സാമൂഹിക- വ്യക്തി ജീവിതങ്ങൾക്കുമേലുള്ള ഭരണകൂടങ്ങളുടെ സ്വേച്ഛാപരമായ നിയന്ത്രണങ്ങൾ കോവിഡിനുശേഷവും തുടരുമെന്നും പിന്നീട് സ്ഥാപനവൽക്കരിക്കപ്പെടുമെന്നുമുള്ള ആശങ്കകൾ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിനൊപ്പം സഹവസിച്ചുകൊണ്ട്, അതിനെ ഒരു യാഥാർഥ്യമായി അംഗീകരിക്കേണ്ടിവരും എന്ന വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പുകൾ, ഇന്ത്യയിലേതടക്കമുള്ള സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾ അക്ഷരാർഥത്തിൽ ഏറ്റെടുക്കുമെന്ന ഭയത്തിന് അടിസ്ഥാനമുണ്ടോ?
ജനാധിപത്യം നഷ്ടപ്പെടാതെ നോക്കേണ്ടത് ജനങ്ങളാണ്. കോവിഡിനെതിരെ ധൈര്യപൂർവം പട പൊരുതുന്ന ജനങ്ങൾക്ക് അതിനുള്ള കഴിവുമുണ്ടാവും. രോഗവ്യാപനത്തേയും അതുണ്ടാക്കുന്ന മരണത്തേയും നാശനഷ്ടങ്ങളേയും നേരിടാൻ ഒരു ക്രിയാത്മക നിർദേശങ്ങളും നൽകാൻ കഴിയാത്ത തത്വചിന്തകരുടെ പരിമിതികൾ കൂടി നമ്മെ മനസ്സിലാക്കിത്തരുന്ന സമയമാണ് ഇത്തരം മഹാമാരികൾ. യൂറോപ്പിൽ മധ്യകാലങ്ങളിലെ പാപപുണ്യങ്ങളുടെ ദൈവശാസ്ത്രം പൊളിഞ്ഞുവീഴാൻ തുടങ്ങിയത് അക്കാലത്തെ പ്‌ളേഗുകളുടെ കാലത്തായിരുന്നു എന്ന് ഓർക്കാൻ പറ്റിയ സമയമാണിത്.
ചോദ്യം: മനുഷ്യരാശിയെ ആകെ ബാധിച്ച ഈ പകർച്ചവ്യാധി യഥാർഥത്തിൽ, മനുഷ്യനെ കുറെക്കൂടി ഒരു സ്വതന്ത്ര സത്തയായി വികസിപ്പിക്കാനുള്ള സാധ്യത എത്രത്തോളമാണ്? ഉദാഹരണത്തിന് മതം, ദൈവം, വിശ്വാസം, യാഥാസ്ഥിതികത തുടങ്ങി, പലപ്പോഴും മനുഷ്യവിരുദ്ധതയോളം എത്തുന്ന അയുക്തികതകളിൽനിന്ന് ശാസ്ത്രത്തിന്റെയും ബൗദ്ധികതയുടെയും ജൈവികമായ ഇടപെടലുകളാൽ ജീവിതത്തെ പുനഃസംഘടിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് ചോദ്യം.
യൂറോപ്പിലെ നവോത്ഥാന മനുഷ്യൻ അങ്ങിനെ ആയിത്തീർന്നതും പിന്നീട് യുക്തിയുഗത്തിനും സയൻസിനും രൂപം നൽകിയതുമൊക്കെ ചരിത്രം. ആ സഹസ്രാബ്ദത്തിന്റെ ആദ്യപകുതിയിൽ മരണ താണ്ഡവമാടിയ മഹാമാരികൾ ഈ മാറ്റങ്ങൾക്കു കാരണമായി എന്ന് പലരും കരുതുന്നു. കോവിഡ് കാലം ആ തോതിലല്ലെങ്കിലും വലിയ മാറ്റങ്ങൾക്ക് വഴി തെളിക്കും. ഇത്രനാൾ ആരാധനാലയങ്ങൾ അടഞ്ഞുകിടന്ന മറ്റൊരു കാലം ആർക്കും ഓർമിക്കാൻ കഴിയില്ല. കോവിഡിന്റെ സയൻസ് നമ്മുടെ കണ്മുന്നിലാണ് ഓരോ ദിവസവും ചുരുളഴിഞ്ഞത്. സയൻസിന്റെ ചിന്തയാണ് മനുഷ്യന്റെ രക്ഷ എന്നത് സമൂഹമനസ്സിൽ ആഴത്തിൽ പതിഞ്ഞ മാസങ്ങളാണ് കടന്നുപോയത്.

ഇതോടൊപ്പം കൂട്ടായ്മകളുടെ പ്രാധാന്യം, മത്സര മുതലാളിത്തത്തിന്റെ പരിമിതികൾ എന്നിവയൊക്കെ തുറന്നു കാട്ടപ്പെട്ടു. ഇതെല്ലാം ആഗോള മനുഷ്യസമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതെളിക്കും എന്നു കരുതാതിരിക്കാൻ വയ്യ.
ചോദ്യം: കോവിഡ്, കോവിഡാനന്തര കാലത്ത് വൈദ്യശാസ്ത്രത്തിനുമേലുള്ള രാഷ്ട്രീയവൽക്കരണം, അതിന്റെ ആധിപത്യപരവും സങ്കുചിതവുമായ അർഥത്തിൽ, വ്യാപകമാകാനിടയുണ്ടോ?
കോവിഡാനന്തര കാലത്ത് വൈദ്യശാസ്ത്രത്തിന് രാഷ്ട്രീയത്തിനുമേലും രാഷ്ട്രീയത്തിന് വൈദ്യശാസ്ത്രത്തിനുമേലും കൂടുതൽ സ്വാധീനമുണ്ടാവും. വൈദ്യശാസ്ത്രം ‘പൊളിറ്റിക്കൽ ഇക്കോണമി'യിൽ വഹിക്കുന്ന പങ്ക് ഏറെ വർദ്ധിക്കാനിടയുണ്ട്. ഇതിനും ഗുണപരമായ സാധ്യതകൾ ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്.
ചോദ്യം: കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കോവിഡ് കാല റിപ്പോർട്ടിങ്ങിനെ എങ്ങനെ കാണുന്നു?
പൊതുവിൽ കേരളത്തിലെ മാധ്യമങ്ങൾ കോവിഡിനെ പറ്റിയുള്ള ശരിയായ വിവരങ്ങൾ നൽകുന്നതിലും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നല്ലതായി തുടങ്ങിയെങ്കിലും രണ്ടോ മൂന്നോ മാധ്യമ ഗൂപ്പുകൾ പിന്നീട് രാഷ്ട്രീയ പ്രേരിതമായ സ്ഥിരം ശൈലിയിലേക്കും വിവാദങ്ങൾ കൊഴുപ്പിക്കുന്നതിലേക്കും തിരിഞ്ഞു എന്നതും വസ്തുതയാണ്.
ചോദ്യം: ആരോഗ്യപ്രവർത്തകരുടെ പുതിയ തലമുറ, കേരളത്തിലെ കോവിഡ് പ്രതിരോധ-ചികിത്സ സംവിധാനത്തിൽ നിർണായക ഇടപെടലുകൾ നടത്തുന്നുണ്ട്. ഈ മേഖലയിലെ മുതിർന്ന ഒരാൾ എന്ന നിലയിൽ, പൊതുജനാരോഗ്യമേഖലയിലെ പുതുതലമുറയെക്കുറിച്ചുള്ള അനുഭവം എന്താണ്?
വളരെ ആശാവഹമാണ് പൊതുജനാരോഗ്യരംഗത്ത് പുതുതായി കടന്നു വന്ന യുവതലമുറയുടെ ഇടപെടൽ. ആരോഗ്യകാര്യങ്ങളെ പറ്റി ലളിതമായും സുവ്യക്തമായും സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന വലിയൊരു നിര തന്നെ ഇപ്പോൾ ഉണ്ടായി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇവരുടെ ശക്തമായ സാന്നിദ്ധ്യം ഒരു വശത്ത് അശാസ്ത്രീയതയുടെ കച്ചവടക്കാരേയും മറുവശത്ത് ആരോഗ്യമേഖലയിലെ പരമ്പരാഗത കോർപ്പറേറ്റ് ശക്തികളേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഭാവിയിലേക്ക് വലിയൊരു മുതൽക്കൂട്ടാണിത്.


Comments