മരുന്ന് കിട്ടാതെ അമ്മയുടെ കാൻസർ ചികിത്സ മുടങ്ങുന്നു, മുഖ്യമന്ത്രിക്ക് മകളുടെ പരാതി

തിരുവനന്തപുരം ആർ.സി.സിയിൽ കാൻസർ ചികിത്സയിലുള്ള തന്റെ അമ്മയ്ക്ക് മരുന്ന് ലഭിക്കുന്നില്ലെന്നും മരുന്ന് വിതരണം​ ചെയ്യുന്ന ഓൺലൈൻ മരുന്നു കമ്പനി അമിത കൊറിയർ ചാർജ് ഈടാക്കുന്നതായും പരാതിപ്പെട്ട് അഭിഭാഷക ജെസിൻ എസ്. മുഖ്യമന്ത്രിക്ക് പരാതി നൽകി.

Think

തിരുവനന്തപുരം റീജ്യനൽ കാൻസര്‍ സെന്ററില്‍ കാൻസർ ചികിത്സ നടത്തുന്ന തന്റെ അമ്മ കഴിച്ചുകൊണ്ടിരുന്ന മരുന്ന് മാസങ്ങളായി ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയും മരുന്ന് വിതരണം ചെയ്യുന്ന ഓൺലൈൻ മരുന്നു കമ്പനി അമിത കൊറിയർ ചാർജ് ഈടാക്കുന്നതായും പരാതിപ്പെട്ട് അഭിഭാഷക ജെസിൻ എസ്. മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഈ പ്രശ്‌നങ്ങളെല്ലാം സൂചിപ്പിച്ച് പരാതി നല്‍കിയിരുന്നുവെങ്കിലും ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്ന അറിയിപ്പുമാത്രമാണ് ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. പല ജില്ലകളിലെയും കാൻസർ രോഗികൾ ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

2018 മുതല്‍ ജെസിന്റെ അമ്മ Chronic myeloid leukemia രോഗത്തിന് ആര്‍.സി.സിയില്‍ ചികിത്സയിലാണ്. Novartis Pharmaceutical കമ്പനിയുടെ Nilitinob എന്ന കാപ്‌സ്യൂളാണ് ഇവര്‍ കഴിച്ചിരുന്നത്. എന്നാല്‍, ആര്‍.സി.സിയിൽനിന്ന് പതിവായി ലഭിച്ചുകൊണ്ടിരുന്ന ഈ മരുന്ന് കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ലഭിച്ചില്ല. സ്റ്റോക്കില്ലെന്നാണ് ഫാര്‍മസി ജീവനക്കാരന്‍ അറിയിച്ചത്. Nilitinob എന്ന മരുന്നിന്റെ പേറ്റന്റ് കാലവധി കഴിഞ്ഞപ്പോള്‍ അതുവരെ മെഡിസിൻ നൽകിയിരുന്ന കമ്പനിയെ മാറ്റി Tata 1Mg എന്ന ഓൺലൈൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയെ മരുന്ന് വിതരണം ഏല്‍പ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ജെസിന്‍ പറയുന്നത്. മരുന്ന് വിതരണം ചെയ്യുന്നതിൽ കമ്പനി ഗുരുതര വിഴ്ച്ച വരുത്തിയെന്നും പരാതിയിലുണ്ട്. ചികിത്സിലിരിക്കുന്ന അമ്മ മൂന്നാഴ്ച്ചയോളം മരുന്നില്ലാതെ കഴിയേണ്ട അവസ്ഥയുണ്ടായെന്നും ഇത് അവർക്ക് കടുത്ത മാനസിക-ആരോഗ്യ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ജെസിൻ പറഞ്ഞു.

Tata 1Mg കമ്പനിയുടെ ഔട്ട്‌ലെറ്റ് കേരളത്തിലില്ല. കോൾഡ് സ്റ്റോറേജ് ഫെസിലിറ്റിയിൽ മരുന്നു തരുന്നു എന്ന് പറഞ്ഞ് പാവപ്പെട്ട രോഗികളിൽ നിന്ന് ഒരു പ്രാവശ്യം മരുന്നു അയച്ചുതരാൻ ഈ കമ്പനി 2895 രൂപയാണ് ഇടാക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ തുക അമേരിക്കയിൽ കൊറിയർ അയയ്ക്കുന്നതിന് തുല്യമായ ചാർജ്ജാണ്. മാത്രമല്ല കമ്പനി കൊറിയർ ചാർജ്ജ് അടിക്കടി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചില സമയങ്ങളില്‍ കൊറിയര്‍ തുക നല്‍കിയാലും മരുന്ന് ലഭിക്കാറില്ലെന്നാണ് ജെസിന്‍ പറയുന്നത്. പല രോഗികളും ഭക്ഷണം കഴിക്കേണ്ട തുക പോലും മാറ്റിവച്ചും മറ്റുള്ളവരിൽനിന്ന് വാങ്ങിയുമൊക്കെയാണ് കൊറിയർ ചാർജ്ജിനുള്ള തുക കണ്ടെത്തുന്നതെന്ന് ജെസിൻ പറയുന്നു.

കമ്പനി പറയുന്ന തുക കൊടുത്താലും ഓർഡറിൽ പറയുന്നതിനനുസരിച്ച് മരുന്ന് രോഗിക്ക് ലഭിക്കാറില്ലത്രേ. കഴിഞ്ഞ നവംബറിൽ കമ്പനിയുടെ ഇ മെയിൽ ഐഡിയിലേക്ക്, രേഖകൾ സഹിതം മരുന്ന് ആവശ്യപ്പെടുകയും അവരുടെ ടോൾ ഫ്രീ നമ്പരിൽ നിരന്തരം വിളിക്കുകയും ചെയ്തു. എന്നാൽ മറുപടിയുണ്ടായില്ല. തുടർന്ന് സർവ്വീസ് പ്രൊവഡറായ രണ്ടു പേർക്ക് ഇ മെയിലും വാട്സ്ആപ്പിലും മെസേജ് അയച്ചപ്പോഴാണ് വീണ്ടും രേഖകൾ ആവശ്യപ്പെട്ട് മറുപടി വന്നതെന്നും ജെസിൻ പറയുന്നു.

മരുന്ന് കൃത്യമായി വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്നാവശ്യ​പ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതി ആരോഗ്യ വകുപ്പിന് കൈമാറി എന്നറിയിച്ചുവെങ്കിലും യാതൊരു നടപടിയും കൈ കൊണ്ടില്ല എന്ന് പരാതിയിൽ പറഞ്ഞു.

അമ്മയുടെ ചികിത്സ മുടങ്ങാതിരിക്കാൻ NATCO യുടെ Nilotinib Capsules ഹോസ്പിറ്റലിൽ നിന്ന് വാങ്ങി ചികിത്സ തുടങ്ങി. ഇതേതുടർന്ന് അമ്മയ്ക്ക് ശാരീരിക-മാനസിക ബുദ്ധിമുട്ടുണ്ടായി. ഈ മരുന്നിനായി ഒരു മാസത്തിനിടെ നാലു തവണയാണ് വാർധക്യത്തിന്റെ അവശതയുള്ള 72 വയസ്സുള്ള അച്ഛൻ ആർ.സി.സിയിലും മെഡിക്കൽ കോളേജാശുപത്രിയിലും കയറിയിറങ്ങിയത്. മറ്റു ജില്ലകളിലെ കാൻസർ രോഗികളും  മരുന്നിനായി കയറിയിറങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ട്, ഇതൊരു അടിയന്തര ജീവൽ പ്രശ്നമായി പരിഗണിച്ച് കാൻസർ രോഗികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ജെസിൻ എസ്.

പ്രശ്നപരിഹാരത്തിന് രണ്ട് നിർദേശങ്ങളും ജെസിൻ പരാതിയിൽ മുന്നോട്ടുവക്കുന്നുണ്ട്:

-കാരുണ്യ പദ്ധതി പ്രകാരം കാൻസർ രോഗികൾക്ക് പതിവായി നൽകിയിരുന്ന മെഡിസിൻ സ്ട്രിപ്പ് മുടങ്ങാതെ നൽക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പല തവണ രോഗികളും പ്രായമായ കൂട്ടിരിപ്പ്കാരും ആശുപത്രിയിൽ മരുന്നിനായി കയറിയിറങ്ങുന്നത് ഒഴിവാക്കുക.

-Tata 1Mg എന്ന കമ്പനിയുടെ ഔട്ട്​ലെറ്റ് കേരളത്തിൽ തുടങ്ങി മരുന്നു വിതരണം ചെയ്യുക. രോഗികളിൽ നിന്ന് അമിതമായി വാങ്ങുന്ന 2895 രൂപ ഒഴിവാക്കാനും കൊറിയർ ചാർജ്ജ് അടിക്കടി ഉയർത്തുന്നത് തടയാനും മരുന്നു വിതരണത്തിലേർപ്പെടുന്ന കൊറിയർ കമ്പനികൾക്ക് മൊത്തമായി മരുന്നു വിതരണത്തിന് ഏകീകൃത ചാർജ്ജ് സർക്കാർ ഏർപ്പെടുത്തുക.

Comments