ഒന്നു വീതം മൂന്നു നേരം മരുന്നും മലയാളിയും ചില കനേഡിയൻ അനുഭവങ്ങളും

താൻ കഴിക്കുന്ന മരുന്ന് എന്താണെന്നറിയാൻ രോഗിക്ക് അവകാശമുണ്ട്. അതിനവരെ ബോധവാന്മാരാക്കേണ്ട ചുമതല ഉത്തരവാദിത്തപ്പെട്ടവർക്കില്ലേ.ഇവിടെ, കാനഡയിൽ, മരുന്നുമായി ബന്ധപ്പെട്ട കൗൺസിലിംഗ് നടത്തുമ്പോൾ എന്റെ നാട്ടിൽ ഈ മേഖലയിൽ നടക്കുന്ന അവഗണനയെപ്പറ്റി ഞാൻ ആശങ്കപ്പെടുന്നു.

ടൗണിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഒരു ഫാർമസിയിലാണ്, ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് പുതുതായി താമസിക്കാൻ വന്നപ്പോൾ ആദ്യമായി ജോലി കിട്ടിയത്. കോവിഡ് കാലമായിരുന്നു അത്. അഡിക്ഷനുള്ള ആളുകളെ ചികിത്സിക്കുന്ന ചെറിയ ക്ലിനിക്കും അതിനോടു ചേർന്നൊരു ചെറിയ ഫാർമസിയും. അവിടത്തെ ലോക്കൽ ആളുകളാണ് മരുന്നു വാങ്ങാൻ വരുന്നത്. തിരക്കില്ലാത്ത ദിവസങ്ങളിൽ അവരോടു സംസാരിക്കാൻ അവസരങ്ങൾ ലഭിക്കും, അത്​ വലിയ അനുഭവങ്ങളും വെളിപാടുകളും പ്രതീക്ഷകളും ജീവിതത്തിലേക്കു കൊണ്ടുവന്നിട്ടുണ്ട്.

അവിടെ വന്നിരുന്നവരിൽ മിക്കവരും തദ്ദേശീയരാണ് (Indigenous). പലരും അഡിക്ഷൻ ഉണ്ടാക്കുന്ന മരുന്നുകൾക്കടിമപ്പെട്ടിട്ട് അതിൽ നിന്ന്​ മുക്തി നേടാൻ, അതിനെതിരേയുള്ള മരുന്നു കഴിക്കുന്നവരാണ്. ചിലർക്ക് ദിവസവും ഫാർസിസിസ്റ്റിന്റെ കൈയ്യിൽനിന്ന് നേരിട്ട്​ മരുന്നുവാങ്ങി അവിടെത്തന്നെ നിന്ന് കഴിച്ച് പേപ്പറിൽ ഒപ്പിട്ട് പോകേണ്ടതുണ്ട്. മരുന്ന്​ കൃത്യമായി കഴിച്ച് വീണ്ടും അഡിക്ഷനുള്ള മരുന്നിലേക്ക്​ തിരിച്ചു പോകാതെയുള്ള ‘നല്ലനടപ്പ്​’ ഡോക്ടർക്കു ബോധ്യമായാൽ, അങ്ങനെയുള്ളവർ ആഴ്ചയിൽ ഒരിക്കൽ വന്നാൽ മതി; ഒരാഴ്ചത്തേക്കുള്ള മരുന്ന് വീട്ടിലേക്കു കൊണ്ടുപോകാൻ പറ്റും.

ലീനാ തോമസ് കാപ്പൻ

അവിടെ ചെല്ലുന്നതിനു മുമ്പേ ഇത്തരം ആളുകളോട് എങ്ങനെയാവും ഇടപെടേണ്ടിവരുക എന്ന ഭയമുണ്ടായിരുന്നു. കാരണം, കോവിഡ് കാല മായിരുന്നതുകൊണ്ട് ഡോക്ടർ, ക്ലിനിക്കിൽ വരുന്ന ഒരു അസിസ്റ്റൻറ്​ പെൺകുട്ടിയുടെ സഹായത്തോടെ ഓൺലൈനിലാണ് കൺസൾട്ടിംഗ് നടത്തുക. അതാണെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം പകൽ മൂന്നോ നാലോ മണിക്കൂറു നേരത്തേക്കു മാത്രം. അതു കഴിഞ്ഞാൽ ആ കെട്ടിടത്തിൽ ഞാൻ മാത്രം. അവിടെ വരുന്നവർ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുകയോ അക്രമവാസന കാണിക്കുകയോ ചെയ്താൽ പൊലീസിനെ അറിയിക്കാനായി ഒരു ചെറിയ ബട്ടൺ അമർത്തിയാൽ മതി, പൊലീസെത്തും എന്ന നിർദ്ദേശം കൂടിയായപ്പോൾ ആശങ്കക്ക് കുറച്ചുകൂടി കനം കൂടി.

പതിയെപ്പതിയെ അവരിൽ പലരുമായും സൗഹൃദം സ്ഥാപിച്ചെടുക്കാൻ സാധിച്ചു. വീട്ടിലെ ഒരാളോടെന്ന പോലെ അവരുടെ കഥകളും വേദനകളും വേവലാതികളുമൊക്കെ മരുന്നിനോടൊപ്പം സംസാരത്തിന്റെ ഭാഗമായി.

പലരും ഡിപ്രഷന്റെ മരുന്നു കഴിക്കുന്നുണ്ട്. ചെറുപ്പത്തിലുണ്ടായ മനസികാഘാതത്തിന്​ നിരന്തരമായി കൗൺസിലിംഗ് തേടുന്നുണ്ട്.

ചില ചെറുപ്പക്കാർ ഒരാഴ്ച മരുന്ന് കഴിക്കാൻ വരും, പിന്നെ ഒരു ദിവസം കാണാതാകും. അപ്പോൾ ജയിലിലെ ഫാർമസിസിറ്റ് അവർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നും ഡോസും ചോദിച്ച്​ വിളിക്കും; അവർ അവിടെയാണെന്ന് അറിയിക്കും. രണ്ടാഴ്ചയോ ചിലപ്പോൾ മാസങ്ങളോ കഴിയുമ്പോൾ വീണ്ടും അവർ ഫാർമസിയിലെത്തും. അവരിൽ പലർക്കും വിദ്യാഭ്യാസമില്ല.

ഫാർമസി അടിച്ചുതുടച്ച് വൃത്തിയാക്കാൻ വരുന്ന ചേട്ടന് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയില്ല. ചെറുപ്പത്തിൽ രണ്ടോ മൂന്നോ കൊലപാതകങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ട് പിന്നീട് അത് ഒരു ട്രോമയായി ഉറങ്ങാൻ പറ്റാതായപ്പോളാണ് ഇത്തരം മരുന്നു കഴിച്ചുതുടങ്ങി പിന്നീട് അഡിക്ഷനായി മാറിയത്. അടുത്തിടെ ഭാര്യ മരിച്ചു.

പന്ത്രണ്ടാം ക്ളാസിൽ പഠിക്കുന്ന മകൾ അപ്പനെ ഡേറ്റിംഗ് തുടങ്ങാനായി നിർബന്ധിച്ച് ഡേറ്റിംഗ് സൈറ്റുകളെല്ലാം ഫോണിലാക്കി കൊടുത്തിട്ടുണ്ട്.

വളരെ പ്രായമുള്ള മറ്റൊരു ചേട്ടന്​, കുതിരകളെ നോക്കുന്ന ജോലിയാണ്. കുറച്ചു വായിക്കാനറിയാം. എഴുത്ത്​ വശമില്ല.

ഇങ്ങനെ ഓരോന്നും കേൾക്കുമ്പോൾ ആശ്ചര്യം കൊണ്ട് എന്റെ വായ പലപ്പോഴും പകുതി തുറന്നിരിക്കുകയാണോയെന്ന് എനിക്കു സംശയം തോന്നും. അതു ഞാൻ ഉറപ്പിച്ചത് അവർ കഴിക്കുന്ന മരുന്നിന്റെ പേരും ഡോസും കഴിക്കുന്ന സമയവുമെല്ലാം കൃത്യമായി പറയുന്നത് കേൾക്കുമ്പോഴാണ്. ഡോക്ടർ ഒരു മരുന്നു മാറ്റി വേറൊന്നാക്കിയാൽ അതിനെപ്പറ്റി ഒരു രോഗി അറിയണ്ട എല്ലാ കാര്യവും ഞാനും ഡോക്ടറും പറയുന്നതു കൂടാതെ, അവർക്ക് പ്രത്യേകമായി അറിയേണ്ടതെല്ലാം അവർ ചോദിച്ചു മനസ്സിലാക്കും. പല മരുന്നും ഗവൺമെന്റിന്റെ ഇൻഷുറൻസ് കവർ ചെയ്യും. ബാക്കി വരുന്ന തുച്ഛമായ പൈസ മാനേജർ പറഞ്ഞ പ്രകാരം ഞാൻ ഇളവുചെയ്യും. സ്വന്തം പൈസ അല്ലാതിരുന്നിട്ടുകൂടി അവർ ആ പൈസയോടും മരുന്നിനോടും ആരോഗ്യപ്രവർത്തരുടെ സേവനത്തോടും അതിനേക്കാളുപരി അവരുടെ ശരീരത്തോടും കാണിക്കുന്ന പ്രതിബദ്ധത എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. വളരെ ഭയപ്പെട്ടാണ് അവരുടെ ഇടയിലേക്ക് ജോലിക്കായി ചെന്നതെങ്കിലും നാലു മാസം കഴിഞ്ഞപ്പോൾ പുതിയ ജോലി കിട്ടി അവിടെനിന്ന് ​പോരുമ്പോൾ ഒരുപാടു ജീവിതകഥകൾ അവരുടെ സ്‌നേഹത്തോടൊപ്പം കൂടെപ്പോന്നു.

നാട്ടിൽവച്ച് മരുന്നിനെ സംബന്ധിച്ചുണ്ടായ ചില അനുഭവങ്ങൾ ഇതോടൊപ്പം ചേർത്തുവയ്ക്കുന്നു.

82 വയസ്സുള്ള സ്ത്രീ എന്റെ മുൻപിലിരുന്ന് നെടുവീർപ്പിട്ട് ഉറക്കമില്ലാത്ത രാത്രികളെപ്പറ്റി സംസാരിക്കുകയാണ്. ഒഴുകിവീഴുന്ന കണ്ണീർ തോർത്തുമുണ്ടിന്റെ അറ്റംകൊണ്ട് തുടച്ചുമാറ്റുന്നുണ്ട് ഇടയ്ക്കിടക്ക്. ആശുപത്രിവാസം കഴിഞ്ഞുവന്നിട്ട് രണ്ടു മാസത്തോളമാകുന്നു. ഒരു ദിവസം പോലും ഉറങ്ങാൻ പറ്റിയിട്ടില്ല. പതിനാലു മരുന്നുണ്ട്; പകുതി രാവിലെയും പകുതി വൈകുന്നേരവും കഴിക്കും. കഴിക്കുന്ന മരുന്നുകളെപ്പറ്റി ഒരു ധാരണയുമില്ല. വിദേശത്തുനിന്ന്​ മക്കൾ പണമയയ്ക്കുന്നതുകൊണ്ട് മരുന്നു വാങ്ങാനോ ഡോക്ടറെ കാണാനോ ചികിത്സയ്‌ക്കോ ഒന്നും ഒരു പ്രയാസവുമില്ല. പക്ഷെ ഈ കാര്യങ്ങളൊന്നും ഈ അമ്മയെ ഉറങ്ങാൻ സഹായിക്കുന്നില്ല.

ആശുപത്രിയിൽ അമ്മയെ നോക്കുന്ന ഡോക്ടറെയും അവിടത്തെ കമ്പ്യൂട്ടർ സെക്ഷനിൽ ജോലിചെയ്യുന്നവരെയും പരിചയമുള്ളതുകൊണ്ട് ഞാൻ, അവരുടെ രോഗത്തിന്റെയും മരുന്നുകളുടെയും വിശദാംശങ്ങൾ നോക്കാൻ അമ്മയോട് അനുവാദം ചോദിച്ചു. നാട്ടിലുള്ള മകനോട് ഇക്കാര്യത്തിൽ എന്റെ പ്ലാനിനെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹത്തിനും സന്തോഷമായി. ‘അമ്മയ്‌ക്കെങ്ങനെയെങ്കിലും രാത്രി ഉറക്കം കിട്ടിയാൽ വലിയ ഉപകാരമായി; എന്തു വേണമെങ്കിലും നോക്കിക്കോളൂ' എന്നാണ്​ മകൻ പറഞ്ഞത്.

ഡോക്ടറോട് പറഞ്ഞപ്പോൾ, ‘ഉറക്കമില്ലെന്നു പരാതി പറഞ്ഞപ്പോൾ, രാത്രി ഉറക്കഗുളിക കൊടുത്തിട്ടുണ്ട്, പിന്നെന്താണ് പ്രശ്‌നം? ഞാൻ കരുതി ഇപ്പോൾ നന്നായി ഉറങ്ങുന്നുണ്ടെന്ന്'' എന്നുപറഞ്ഞ് അദ്ദേഹം ഫാർമസിയിൽ നിന്ന് മരുന്നുകളുടെ വിശദാംശങ്ങളെടുക്കാൻ അനുവാദം നൽകി.

ഉറങ്ങാനുള്ള മരുന്നു കഴിച്ചിട്ടും ഈ അമ്മയ്ക്ക് എന്താണ് ഒരു പോള കണ്ണടയ്ക്കാൻ പറ്റാത്തതെന്ന ചിന്ത ഇതിനകം എന്റെ ഉറക്കം കെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ മരുന്നുകളുടെ കുറിപ്പടിയുമായി ഞാൻ പിറ്റേന്നു വൈകുന്നേരം അമ്മയുടെ വീട്ടിലെത്തി. എല്ലാ മരുന്നും വേർതിരിച്ചിട്ട് ഏതൊക്കെയാണ് രാവിലെയും വൈകുന്നേരവും കഴിക്കുന്നതെന്ന് സഹായത്തിനു നിൽക്കുന്ന പെൺകുട്ടിയോടു ചോദിച്ചു മനസ്സിലാക്കി. എല്ലാ മരുന്നും അവയുടെ പേരോടുകൂടിയ പാക്കറ്റുകളിലായിരുന്നത് എന്റെ പരിശ്രമത്തിന് വലിയ മുതൽക്കൂട്ടായിരുന്നു, അത്​ വലിയ സമാധാനം തന്നു. ഒന്നു വീതം മൂന്നു നേരം, രാത്രി മാത്രം, ഒന്നു വീതം രാവിലെ എന്നൊക്കെയെഴുതിയ വെള്ളക്കവറുകളിലായിരുന്നെങ്കിൽ എനിക്ക് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താനേ സാധിക്കില്ലായിരുന്നു.

വൈകിട്ട്​ കഴിക്കാനുള്ള മരുന്നുകളുടെ കൂടെയായിരുന്നു എന്റെ അന്വേഷണത്തിന്റെ മറുപടി ഉണ്ടായിരുന്നത്. മരുന്നിന്റെ പെട്ടിയിൽ മറഞ്ഞുകിടന്ന ഒരു ചെറിയ മരുന്നുപൊതി. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ ഒരു പരിധിവരെ പുറംതള്ളി ബ്ലഡ്പ്രഷർ കുറയ്ക്കുന്ന ഡൈ യുറെറ്റിക് വിഭാഗത്തിൽപ്പെട്ട മരുന്ന്. ഹൃദയത്തിന്റെ പ്രവർത്തനത്തിൽ മാന്ദ്യം സംഭവിക്കുമ്പോൾ ചിലരിലുണ്ടാകുന്ന നീർക്കെട്ടിനെ വരുതിയിൽ വരുത്താനും ഈ വിഭാഗം മരുന്നുകൾ ഉപയോഗപ്പെടുത്താറുണ്ട്. ഈ മരുന്ന് ദിവസം ഒരു നേരം കഴിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇടവിട്ടിടവിട്ട് മൂത്രമൊഴിക്കാൻ മുട്ടുന്നതും മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്നതും ഈ മരുന്നിന്റെ പ്രവർത്തനരീതിയുടെ പ്രധാന ഭാഗമാണ്. അതുകൊണ്ടുതന്നെ രാവിലെയാണ് ഈ മരുന്ന് കഴിക്കാൻ നിഷ്‌കർഷിക്കുന്നത്. പകൽ ഇടവിട്ട് മൂത്രമൊഴിക്കാൻ സൗകര്യമുണ്ടാകുന്നതുകൊണ്ട് രാത്രി മൂത്രശങ്കയുണ്ടായി ഉറക്കം തടസ്സപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാനാണ് രാവിലെ കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത്. ഇനി ഈ മരുന്ന് രണ്ടുനേരം കഴിക്കാനാണ് ഡോക്ടർ നിർദ്ദേശിക്കുന്നതെങ്കിൽ രാവിലെ ഒരു ഡോസും വൈകുന്നേരം നാലു മണിക്കു മുമ്പേ രണ്ടാമത്തെ ഡോസും കഴിക്കേണ്ടതുണ്ട്. കാരണം രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പേ മൂത്രമൊഴിച്ചു പോകാനായുള്ള സമയവും അവസരവും കിട്ടാനാണ് ഈ സമയനിബന്ധന.

ആ മരുന്ന് കൈയിലെടുത്തിട്ട് ഞാൻ അമ്മയെയും പെൺകുട്ടിയെയും നോക്കി ചോദിച്ചു; ‘ഈ മരുന്ന് രാത്രിയിലെ പെട്ടിയിലാക്കാൻ കാരണമെന്തെങ്കിലുമുണ്ടോ?'
‘പ്രത്യേകിച്ച് കാരണമൊന്നുമില്ല. മൊത്തം മരുന്നുകളെ അമ്മയുടെ ആഗ്രഹപ്രകാരം സൗകര്യത്തിനായി രണ്ടായി തിരിച്ചു എന്നേയുള്ളു’, പെൺകുട്ടി അമ്മയെ ഏറുകണ്ണിട്ടു നോക്കി ചിരിച്ച്​ പറഞ്ഞു.

‘എനിക്കു മരുന്നു കഴിക്കാൻതന്നെ മടിയാണ്. അപ്പോൾ രണ്ടു നേരം അതിനെപ്പറ്റി ചിന്തിച്ചാൽ മതിയല്ലോ എന്നുകരുതി ഞാനാ അവളോട് ഈ എളുപ്പവഴി പറഞ്ഞത്’, അമ്മയും ചിരിച്ചു.

‘അപ്പോൾ അമ്മ മൂത്രമൊഴിക്കാനായി രാത്രി പല പ്രാവശ്യം എഴുന്നേൽക്കുന്നില്ലേ?' ഞാൻ ചോദിച്ചു.
‘ഉണ്ട്, രാത്രി എനിക്കതിനേ നേരമുള്ളൂ', അമ്മ നെടുവീർപ്പിട്ടു.
‘അപ്പോൾ അമ്മയ്ക്ക് അതിനു പരാതിയൊന്നുമില്ലേ? ഉറക്കമില്ലായ്മ മാത്രമാണല്ലോ സങ്കടമായി പറഞ്ഞത്?'

‘എനിക്ക് 82 വയസായി. അപ്പോൾ ഇങ്ങനെ മൂത്രമൊഴിക്കാൻ മുട്ടുകയും അതു നിയന്ത്രിക്കാൻ പറ്റാതാവുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമല്ലേ? സങ്കടപ്പെട്ടതുകൊണ്ട് എന്താ കാര്യം? ഇവൾക്കാണ് അതിന്റെയൊക്കെ ബുദ്ധിമുട്ട്. ഒരു പരാതിയുമില്ലാതെ രാത്രി എന്റെയൊപ്പം എഴുന്നേറ്റ് മൂത്രമൊഴിക്കാൻ കൊണ്ടുപോകും.'

ഞാൻ അമ്മയുടെ കട്ടിലിനോട് കുറച്ചുകൂടി ചേർന്നിരുന്ന് അവരെ ചേർത്തുപിടിച്ചു. ഈ മരുന്ന് കഴിക്കുന്ന സമയമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അത് രാവിലത്തേക്കാക്കിയാൽ പകൽ മുഴുവൻ മൂത്രമൊഴിച്ചു കളഞ്ഞ് വൈകീട്ടാകുമ്പോഴേക്കും മരുന്നിന്റെ പ്രവർത്തനരീതികൊണ്ടുള്ള മൂത്രശങ്കയ്ക്കു വളരെയധികം കുറവുവരുമെന്നും അപ്പോൾ നന്നായി ഉറങ്ങാൻ പറ്റുമെന്നും പറഞ്ഞു. അങ്ങനെ ഉറക്കം കിട്ടിത്തുടങ്ങിയാൽ ഉറക്കഗുളിക നിർത്താനും പറ്റും. ഉറക്കഗുളിക കഴിക്കുമ്പോൾ ഉറങ്ങാൻ പറ്റാതെ ദിവസം മുഴുവനും മന്ദിച്ചിരിക്കുന്ന പ്രശ്‌നവും അതോടെ മാറും. മാത്രവുമല്ല, ഉറക്കപ്പിച്ചിൽ എഴുന്നേറ്റുനടന്ന്​ വല്ലയിടത്തും മറിഞ്ഞുവീഴാനും അങ്ങനെ വീഴുമ്പോൾ ഈ പ്രായത്തിൽ എല്ലുകൾ പൊട്ടാനും സാധ്യതകളേറെയാണ്.

അമ്മയുടെ കണ്ണുകളിൽ ‘നീ പറഞ്ഞത് സത്യമോ' എന്നൊരു ചോദ്യമായിരുന്നപ്പോൾ.

മരുന്നെടുത്ത് രാവിലത്തെ പെട്ടിയിലാക്കി ഞാൻ പെൺകുട്ടിയുടെ നേർക്ക് നീട്ടി, ഇനിയിതെന്നും രാവിലെ കൊടുക്കണമെന്ന് നിർദ്ദേശിച്ചു. മറ്റു മരുന്നുകളും രാവിലെ, വൈകുന്നേരം എന്ന രീതിയിൽ കൃത്യമായി അതാതു പെട്ടികളിൽ വെച്ച് ഞാൻ യാത്ര പറഞ്ഞിറങ്ങി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മയുടെ വീട്ടിൽ നിന്ന്​ ഒരു ഫോൺകോൾ വന്നു. അങ്ങേത്തലയ്ക്കൽ പെൺകുട്ടിയാണ്, അവൾ ഞാൻ തന്നെയാണ് ഫോൺ എടുത്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തിയശേഷം ഫോൺ അമ്മയ്ക്കുകൊടുത്തു. വലിയ ഒരു കരച്ചിലായിരുന്നു അപ്പുറത്ത്: ‘മോളേ, കുറെ നാളുകൂടി ഞാൻ ശരിക്കുറങ്ങി. ഈ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. സമയം കിട്ടുമ്പോൾ ഇതുവഴി ഒന്നുവരണം. എനിക്ക് നിന്നെ ഒന്നുകാണണം’, അമ്മ ആർത്തിരമ്പുന്ന സന്തോഷത്തിലായിരുന്നു.

ഫോൺ വെക്കും മുമ്പേ പെൺകുട്ടി പറഞ്ഞു, ‘അമ്മ രാത്രി മൂത്രമൊഴിക്കാൻ എഴുന്നേൽക്കാത്തതുകൊണ്ട് എനിക്കും ഉറങ്ങാൻ പറ്റുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്’, അവളുടെ തൊണ്ട ചെറുതായി ഇടറി.

എനിക്ക് സന്തോഷത്തേക്കാളേറെ സങ്കടവും അമർഷവുമാണ് അപ്പോൾ തോന്നിയത്. മരുന്ന് ശരിയായി ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെ എന്നറിയാത്ത ഒരു സാമൂഹ്യവ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം ഓരോ രോഗിയും കടന്നുപോകുന്ന അവസ്ഥകളിൽ ഒന്നു മാത്രമാണിത്. നമ്മൾ കഴിക്കുന്ന മരുന്ന് എന്താണെന്നും എന്തിനാണെന്നും അറിയാൻ ശ്രമിക്കാത്തിടത്തോളം കാലം നമ്മുടെ ശരീരത്തോടും രോഗാവസ്ഥകളോടും നീതി പുലർത്താൻ നമുക്കു കഴിയില്ല. നമുക്ക് അന്വേഷണങ്ങൾ ഇല്ലാത്തിടത്തോളം കാലം അതു പറഞ്ഞുതരേണ്ട ആരോഗ്യപ്രവർത്തകർ അവരുടെ സുരക്ഷിതവലയത്തിൽ ഒതുങ്ങിയിരിക്കും.

അപസ്മാരത്തിനുപയോഗിക്കുന്ന ചുരുക്കം ചില മരുന്നുകൾ മൈഗ്രൈൻ അഥവാ കൊടിഞ്ഞി എന്ന വിഭാഗം തലവേദനയ്ക്ക് ഉപയോഗിക്കാം. മൈഗ്രേയ്നുമായി വന്ന രോഗിക്ക് ഈ വിഭാഗം മരുന്ന് കുറിച്ചുകിട്ടി. ഫാർമസിയിലെത്തി മരുന്ന് വാങ്ങുമ്പോൾ ഇതെന്തിനുള്ള മരുന്നാണെന്ന്​ അവിടെ മരുന്നെടുത്തുകൊടുത്ത ആളോടു ചോദിച്ചു. ചേട്ടാ, ഇത് അപസ്മാരത്തിനുള്ള മരുന്നാണെന്ന് ഗൂഗിളിൽ കണ്ടെത്തിയ അറിവ് കടയ്ക്കുള്ളിൽനിന്ന്​ ഉറക്കെ ഒരു ശബ്ദമായി രോഗിയുടെ കാതിൽ തട്ടിത്തെറിച്ചു. ഒപ്പം ചുറ്റുമുണ്ടായിരുന്നവരുടെ മനസ്സിലും.

എനിക്കെന്തിനാണ് ഈ ഡോക്ടർ അപസ്മാരത്തിനു മരുന്നുതന്നത്? എന്ന് ഭ്രാന്തു പിടിച്ചതുപോലെ അവിടെ നിന്നലറി, മരുന്ന് വലിച്ചെറിഞ്ഞയാൾ ഫാർമസിയിൽ നിന്നിറങ്ങി. പിന്നീട് മകളുടെ കല്യാണങ്ങൾ ഓരോന്നായി മാറിപ്പോകുന്നത് അയാൾക്ക് അപസ്മാരമുണ്ടെന്ന്​ നാട്ടുകാർ പറഞ്ഞു നടക്കുന്നതു കൊണ്ടാണെന്ന് ഉറ്റസുഹൃത്ത് പറഞ്ഞറിഞ്ഞപ്പോഴേക്കും ആ കുടുംബം മാനസികമായി തകർന്ന് ആത്മഹത്യയുടെ വക്കിലായിരുന്നു. അപ്പോഴാണ് ഒരു നിമിത്തം പോലെ ഞാനിതറിയുന്നതും തക്ക സമയത്ത് ഇടപെട്ട് അതിൽനിന്നവരെ സഹായിച്ച് മകളുടെ വിവാഹം നടത്തുന്നതിലേക്ക് എത്തിക്കാനായതും.

പ്രമേഹരോഗത്തിനെതിരേ കഴിക്കുന്ന മെറ്റഫോമിൻ എന്ന മരുന്നിന്റെ extended release ഫോർമുലേഷൻ, ദിവസത്തിൽ ഒരു നേരം കഴിക്കാനായി രൂപകൽപന ചെയ്തിട്ടുള്ളതാണ്. വയറ്റിൽ ദഹിക്കാതെ മലത്തിൽക്കൂടി വിസർജ്ജിച്ചുപോകുന്ന പ്രത്യകതരം സെല്ലുലോസുകൊണ്ടുള്ള ഒരു ആവരണം ഈ രൂപകല്പനയുടെ അവശ്യഘടകമാണ്. അത്​ മലത്തിൽ കണ്ട ഒരു രോഗി മരുന്ന്​ പ്രയോജനപ്പെടാതെ അതേപടി പോകുകയാണെന്നു തെറ്റിദ്ധരിച്ച് ഡോക്ടറിലും മരുന്നിലും വിശ്വാസം നഷ്ടപ്പെട്ട് മരുന്നു കഴിക്കുന്നതു നിർത്തി. പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകാതെ വൃക്ക തകരാറിലേക്കെത്തുന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് സംസാരിക്കാനായതും തെറ്റിദ്ധാരണ മാറ്റി പ്രമേഹത്തിനെതിരെയുള്ള മരുന്നു കഴിക്കാൻ സമ്മതിക്കുന്നതിലേക്കെത്തിയതും ഓർക്കുന്നു.

പറമ്പിലേക്കിറങ്ങുമ്പോഴും പശുവിനെ കറക്കുമ്പോഴും മേലാസകലം ചൊറിഞ്ഞു തടിച്ച് പൊട്ടുന്ന അവസ്ഥയിൽ രണ്ടോ മൂന്നോ ഡോക്ടർമാരെ മാറിമാറി കണ്ട് ഓരോരുത്തരും കൊടുത്ത അലർജിക്കെതിരേയുള്ള മരുന്നുകഴിച്ച് രാവിലെ ഉറങ്ങിയെഴുന്നേൽക്കാൻ പറ്റാതെ, ഭർത്താവും മക്കളും ഏതുനേരത്തും ഉറങ്ങുന്ന അമ്മയെ കുറ്റപ്പെടുത്തി ആത്മഹത്യ ചെയ്യാൻ പോയൊരു ചേച്ചിയാണ് ആദ്യമായി എന്റെ ഉറക്കം കളഞ്ഞതും എഴുത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചതും.

ഫാർമസിയിൽ ഒരു ‘ഫാർമസിസ്റ്റ്​’ തന്നെ മരുന്നെടുത്തുകൊടുക്കേണ്ടതുണ്ട്. ആദ്യമായാണ് ഒരാൾ മരുന്ന് കഴിച്ചുതുടങ്ങുന്നതെങ്കിൽ ആ മരുന്നിനെപ്പറ്റി കൗൺസിലിംഗ് കൊടുക്കേണ്ടതുമുണ്ട്; പിന്നെ മുകളിൽ പറഞ്ഞ സാഹചര്യങ്ങളിലൊക്കെ മരുന്ന് കൊടുക്കുന്നതിനുമുമ്പ് ഡോക്ടർ മരുന്നിനെപ്പറ്റി ചെറുതായ വിവരണമെങ്കിലും കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഡോക്ടറെ സന്ദർശിക്കുന്നതിന്​ രോഗിയിൽ നിന്നീടാക്കുന്ന പണത്തോടും തന്റെ ജോലിയോടും ആത്മാർത്ഥത പുലർത്തേണ്ട ഉത്തരവാദിത്വം ഡോക്ടർക്കുണ്ട്. ഇവിടെ ഒരു രോഗിക്ക്​ പുതിയ മരുന്നു കൊടുക്കുമ്പോൾ ഡോക്ടർ അതിനെപ്പറ്റി പറഞ്ഞ്​ രോഗിയുടെ മനസ്സിന്റെ ഭാരം കുറച്ചിട്ടാണ് കുറിപ്പടി കൊടുത്തുവിടുന്നത്. ഫാർമസിയിൽ മരുന്ന് വാങ്ങാനെത്തുമ്പോൾ ഫാർമസിസ്റ്റിന്റെ കൗൺസിലിംഗ് കൂടിയാകുമ്പോൾ ആ മരുന്ന് അതിന്റെ എല്ലാ പ്രയോജനത്തോടുമൊപ്പം ഉപയോഗിക്കാൻ രോഗിക്കു പ്രാപ്തി കൈവരും.

2006 ൽ മാതൃഭൂമിയിൽ ‘ലേബൽ: മരുന്നിന്റെ തലക്കുറി’ എന്ന ലേഖനം പ്രസിദ്ധീകരിച്ചശേഷം നാളിതുവരെ ഒരുപാട് ആളുകളോട് അവരുടെ മരുന്നുമായി ബന്ധപ്പെട്ട്​ സംസാരിക്കാൻ അവസരമുണ്ടായിട്ടുണ്ട്. അവർക്ക് അവരുടെ മരുന്നിന്റെ പേര് എന്താണെന്നറിയില്ല, എന്തിനാണ് കഴിക്കുന്നതെന്നറിയില്ല, എങ്ങനെ കഴിച്ചാലാണ് പൂർണമായും മരുന്നിന്റെ ഗുണം ശരീരത്തിന് ലഭ്യമാകുന്നതെന്നറിയില്ല. വിപണിയിൽ ഏതൊരു ഉല്പന്നവും വാങ്ങുമ്പോൾ നമ്മുടെ മുതൽമുടക്ക് ഗുണനിലവാരം എന്ന ഘടകത്തിലൂടെ തിരിച്ചു ലഭ്യമാകണം എന്ന നിഷ്‌കർഷയുള്ള നമ്മൾ, മരുന്നു മാത്രം ‘ഒന്നു വീതം മൂന്നു നേരം' എന്നുമാത്രം വായിച്ച് സംതൃപ്തിയുടെ അളവ് കുറച്ചുവയ്ക്കുന്നു.

ബിരുദാനന്തരബിരുദമുള്ളവർ പോലും തങ്ങൾ കഴിക്കുന്ന മരുന്നിന്റെ പേരുപോലും പറയാനോ വായിക്കാനോ താല്പര്യമോ കഴിവോ ആർജ്ജിക്കാതെ ആരോഗ്യം സംരക്ഷിക്കാൻ നിർബന്ധിതരാകുന്നു. കേരളത്തിൽ ഇനിയെങ്കിലും മരുന്നിന്റെ സാക്ഷരത കൈവരിക്കാൻ ശ്രമിക്കേണ്ടതില്ലേ. താൻ കഴിക്കുന്ന മരുന്ന് എന്താണെന്നറിയാൻ രോഗിക്ക് അവകാശമുണ്ട്. അതിനവരെ ബോധവാന്മാരാക്കേണ്ട ചുമതല ഉത്തരവാദിത്തപ്പെട്ടവർക്കില്ലേ. ഇനി അവർക്ക് അതില്ലെങ്കിൽ ഒരു ഫാർമസിസ്​റ്റ്​ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇവിടെ, കാനഡയിൽ, മരുന്നുമായി ബന്ധപ്പെട്ട കൗൺസിലിംഗ് നടത്തുമ്പോൾ എന്റെ നാട്ടിൽ ഈ മേഖലയിൽ നടക്കുന്ന അവഗണനയെപ്പറ്റി ഞാൻ കൂടുതൽ ബോധവതിയാകുകയും ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയും മറ്റു മാർഗ്ഗങ്ങളും വഴി നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Comments