തുടച്ചുനീക്കാനാകാതെ കുഷ്ഠരോഗം,
കാമ്പയിനുമായി കേരളം

കുഷ്ഠരോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതിനെതുടർന്ന് ‘സ്പർശ്’ എന്ന പേരിൽ കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.

രു കാലത്ത് ഗുരുതരമായ ആരോഗ്യ​പ്രശ്നം എന്നതിലുപരി, സാമൂഹിക വിവേചനത്തിനുകൂടി കാരണമായിരുന്ന കുഷ്ഠ​രോഗം ഇപ്പോഴും കേരളത്തിൽ പൂർണമായും തുടച്ചുനീക്കാനാകാത്ത ഒരു ആരോഗ്യപ്രശ്നമായി തുടരുകയാണ്. 2022-2023 ലെ കണക്കുകൾ പ്രകാരം 0.14 ശതമാനമാണ് കുഷ്ഠരോഗത്തിന്റെ (Leprocy) കേരളത്തിലെ നിരക്ക്. കേരളത്തിൽ കുഷ്ഠരോഗ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേഷിച്ച് വളരെ കുറവാണെങ്കിലും പതിനായിരത്തിന് 0.14 എന്ന നിലയിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 0.14 എന്ന കണക്കിൽ കുട്ടികളും ഉൾപ്പെടുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ 133 പേർക്കാണ് കുഷ്ഠരോഗം കണ്ടെത്തിയത്. ഇതിൽ 117 പേർക്ക് തീവ്രത കൂടിയ രോഗമായിരുന്നു. രോഗം കണ്ടെത്താൻ വൈകിയതിനെതുടർന്ന് ഇവരിൽ ഏഴുപേർക്ക് അംഗവൈകല്യമുണ്ടായി. ഇപ്പോൾ, 600 പേരാണ് സംസ്ഥാനത്ത് ഈ രോഗത്തെതുട​ർന്ന് ചികിത്സയിലുള്ളത്.

ലോകത്തിലെ കുഷ്ഠരോഗബാധിതരിൽ 60 ശതമാനവുമുള്ളത് ഇന്ത്യയിലാണ്. ഓരോ വർഷവും രാജ്യത്ത് 1,20,000- 1,30,000 വരെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് ആഗോളതലത്തിൽ തന്നെ ഓരോ വർഷവും റിപ്പോർട്ടു ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ 58.8 ശതമാനമാണ്.

ലോകത്തിലെ കുഷ്ഠരോഗബാധിതരിൽ 60 ശതമാനവുമുള്ളത് ഇന്ത്യയിലാണ്

കുറയുന്ന കോഴിക്കോട്,
കൂടുന്ന കാസർകോട്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യുന്ന ജില്ല കോഴിക്കോടാണ്. സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന നിരക്കാണിത്. 2023-2024 വർഷത്തെ കണക്കുകൾ പ്രകാരം ജില്ലയിൽ കുഷ്ഠരോഗികളുടെ എണ്ണത്തിൽനേരിയ കുറവുണ്ടായി. കഴിഞ്ഞവർഷം 75 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തിടത്ത് 2023 ഏപ്രിൽ മുതൽ 2024 ജനുവരി വരെയുള്ള കണക്കുപ്രകാരം 40 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ശരാശരി 64 കേസുകൾ റിപ്പോർട്ട് ചെയ്തിടത്താണ് 40 എന്ന സംഖ്യയിലേക്ക് പുതിയ കേസുകൾ ചുരുങ്ങുന്നത്. നിലവിൽ കുഷ്ഠരോഗ ബാധിതരായി 103 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അതിലുൾപ്പെടന്ന 22 പേർ പുനർചികിത്സ നടത്തുന്നവരാണെന്നാണ് ആരോഗ്യവകുപ്പ് കണക്കുകളിൽ പറയുന്നത്. അതിൽ 98 മൾട്ടിബാസിലറി ബാധിച്ചവരും മൂന്ന് കുട്ടികളും 21 ഇതരസസ്ഥാനക്കാരുമാണുള്ളത്. ഇവരിൽ രണ്ടുപേർക്ക് രോഗംമൂലം അംഗപരിമിതിയും വന്നുകഴിഞ്ഞു.

സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്യുന്ന കോഴിക്കോട് ജില്ലയിൽ 0.241 എന്ന നിലയിലാണ് രോഗവ്യാപന നിരക്ക്. സംസ്ഥാനത്ത് അത് 0.2 എന്ന നിരക്കിലാണ്. കുട്ടികളിലെ രോഗബാധ നിരക്ക് 0.89ൽ നിന്ന് 0.6 ആയി കുറക്കുക എന്നതും ആരോഗ്യവകുപ്പിന്റെ ലക്ഷ്യമാണ്. കുട്ടികളിൽ വൈകല്യത്തിന്റെ നിരക്ക് വർധിക്കുന്നത് നിയന്ത്രിക്കാനും കഴിഞ്ഞ കാലയളവിൽ ജില്ലക്ക് സാധിച്ചിട്ടുണ്ട്. ബാലമിത്ര 2.0 പദ്ധതിയിലൂടെയാണ് കുട്ടികളിലെ രോഗബാധിതരെ കണ്ടെത്തുന്നത്. സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. കുഷ്ഠരോഗബാധയിലൂടെ വൈകല്യം സംഭവിച്ച കുട്ടികൾ ഇന്ന് കോഴിക്കോട് ജില്ലയിലില്ല.

കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം

2018- 2019: 68
2019- 2020: 75
2020- 2021: 36
2021- 2022: 69
2022- 2023: 75
2022- 2024: 40

കോഴിക്കോട് ജില്ലയിൽ രോഗബാധ നിരക്ക് കുറയുന്നു എന്നത് ആശ്വാസകരമാണെങ്കിലും കാസർഗോഡ് ജില്ലയിൽ കുഷ്ഠരോഗ നിരക്ക് വർധിച്ചുവരുന്നു എന്നാണ് ഒരാഴ്ച മുമ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുഷ്ഠരോഗ കേസുകളുടെ എണ്ണം ക്രമാതീതമായി കൂടി വരുന്ന സാഹചര്യത്തിൽനിർമ്മാർജനത്തിനായി നഗരസഭ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കുഷ്ഠരോഗ ബോധവൽക്കരണത്തിന് സംസ്ഥാന ആരോഗ്യവകുപ്പ് ഇറക്കിയ പോസ്റ്റർ

പ്രതിരോധത്തിന് ‘സ്പർശ്’

രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതിനെതുടർന്ന് ‘സ്പർശ്’ എന്ന പേരിൽ കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ദേശീയ കുഷ്ഠരോഗ നിർമാർജന ദിനമായ ജനുവരി 30 മുതൽ കുഷ്ഠരോഗത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാഴ്ച നീളുന്ന കാമ്പയിൻ. കുഷ്ഠരോഗം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. വാർഡ് തലം മുതൽ പഞ്ചായത്ത് ബ്ലോക്ക്, ജില്ല തലം വരെ താഴെത്തട്ടിൽ നിന്ന് ബോധവൽക്കരണ പരിപാടികൾക്ക് ആരോഗ്യവകുപ്പ് നേതൃത്വം നൽകും. രോഗവ്യാപന നിരക്ക് പതിനായിരത്തിൽ 0.1 എന്ന നിരക്കിൽ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

കുഷ്ഠരോഗം പൂർണമായി ഇല്ലാതാക്കാനുള്ള ശക്തമായ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ കീഴിൽ നടത്തിവരുന്നുണ്ട്. രോഗത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുക, രോഗിയുമായി അടത്ത് ബന്ധം പുലർത്തിയിരുന്നവരെ കൃത്യമായി നിരീക്ഷിക്കുക, കുട്ടികളിലെ കുഷ്ടരോഗബാധ, നഗരപ്രദേശങ്ങളിലെ രോഗബാധ, രോഗബാധയെ തുടർന്ന് വൈകല്യമുണ്ടാകുന്നത് തടയുക തുടങ്ങി നിരവധി ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് കേരളത്തിലെ ആരോഗ്യവകുപ്പ് കുഷ്ഠരോഗത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്.

പുതിയ കേസുകൾ (Active Cases) കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമായി ജില്ലകൾ തിരിച്ച് മെഡിക്കൽ ക്യാമ്പുകളും നടത്തുന്നുണ്ട്. രോഗലക്ഷണങ്ങൾ (Syptoms) പ്രകടമാകുന്നവർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കുന്നു. റെയിൽവേ സ്റ്റ്ഷനുകൾ ബസ് സ്റ്റാൻഡുകൾ തുടങ്ങി നിരന്തരം ആളുകളെത്തുന്ന പൊതുവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണപരിപാടികൾ നടത്തുന്നത്.

സംസ്ഥാനത്തുനിന്ന് കുഷ്ഠരോഗം 2025- ഓടെ പൂർണ്ണമായി നിർമാർജനം ചെയ്യാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി, ആരോഗ്യവകുപ്പ് നിരവധി കാമ്പയിനുകൾക്ക് തുടക്കം കുറിച്ചിട്ടുള്ളതായി മന്ത്രി വീണാ ജോർജ്.

കുഷ്ഠരോഗബാധിതർ നേരിടുന്ന പ്രധാന പ്രതിസന്ധി സാമൂഹ്യ ഇടങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന അന്യതാബോധമാണ്. രോഗത്തിന് കൃത്യമായ ചികിത്സയുണ്ടെങ്കിലും, സാമൂഹികമായ ഒഴിവാക്കലുകൾ മൂലം ഇവർ കടന്നുപോകുന്ന മാനസിക സമ്മർദ്ദങ്ങൾ അത്ര ചെറുതല്ല. സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടുന്ന അവഗണന, ഒറ്റപ്പെടൽ, വേർതിരിവ് എന്നിവ കടുത്ത മാനസിക പിരിമുറുക്കങ്ങളിലേക്കും വിഷാദത്തിലേക്കും വരെ രോഗികളെ കൊണ്ടെത്തിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഈ സോഷ്യൽ സ്റ്റിഗ്മയെ (Social stigma) മറികടക്കാനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പ് നേതത്വം നൽകുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

കുഷ്ഠരോഗം നിർമാർജം ചെയ്യാനുള്ള
പ്രവർത്തന പരിപാടികൾ

  • രോഗബാധിതരെ കണ്ടെത്തുന്നതിന് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തുക. (Active case detection an regular surveillance)

  • രോഗനിർണയം വേഗത്തിലാക്കുന്നതിന് വീടുകൾതോറും സർവേകൾ സംഘടിപ്പിക്കുക. (Husehold contact survey of early detection of cases)

  • സമയബന്ധിതമായി ചികിത്സ ഉറപ്പുവരുത്തുക (Timely referral an complete treatment)

  • ചികിത്സ പൂർണമായതിനുശേഷവും നിരീക്ഷണം തുടരുക (Post treatment surveillance)

  • വളരെ നേരത്തെ തന്നെ രോഗനിർണയം നടത്തുക (early case detection)

  • രോഗം തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ സ്വയം ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യുക വഴി കുഷ്ഠരോഗ നിർമാർജ്ജനം ഉറപ്പുവരുത്തുക (ELSA (Eradication of Leprosy Through Self Reporting Awarenes)

  • രോഗികൾക്കുണ്ടാകുന്ന സാമൂഹ്യ സമ്മർദ്ദം കുറക്കുക (Sigma reduction)

  • പരിശീലനവും ശേഷി വർധിപ്പിക്കലും(Training and capacity building)

  • രോഗത്തെ കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുക (Community Awareness)

രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതിനെതുടർന്ന് ‘സ്പർശ്’ എന്ന പേരിൽ കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്

എന്താണ് കുഷ്ഠരോഗം?
എങ്ങനെ പകരുന്നു?

മൈക്കോബാക്ടീരിയം ലെപ്രോ (Mycobacterium Leprae) എന്ന ബാക്ടീരിയ വഴി പകരുന്ന രോഗമാണ് കുഷ്ഠം. ചികിത്സയിലൂടെ ഭേദമാക്കാം. ഹാൻസസൻ (Hansen Diseas) രോഗമെന്നും ഇതറിയപ്പെടുന്നു. ചർമം (skin), പെരിഫെറൽ ഞരമ്പുകൾ (Peripheral Nerves), ശ്വാസകോശം (Mucosal Surfaces of the upper respiratory tract), കണ്ണുകൾ (eyes) തുടങ്ങിയവയെ കുഷ്ഠരോഗം ബാധിക്കുന്നു. പ്രായഭേദമന്യേ എല്ലാവരിലും രോഗം കാണപ്പെടുന്നു. ചികിത്സയിലൂടെ തടയാൻ സാധിക്കുമെങ്കിലും വളരെ മുമ്പ് തന്നെ രോഗനിർണയം നടത്താൻ സാധിച്ചില്ലെങ്കിൽ വൈകല്യം സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യസമയത്ത് രോഗം തിരിച്ചറിയാൻ കഴിഞ്ഞാൽ 6 മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയിലൂടെ വൈകല്യ സാധ്യതയെ ഇല്ലാതാക്കാം.

കുഷ്ഠം പകർച്ചവ്യാധി കൂടിയാണ്. വായുവിലൂടെയാണ് രോഗം പകരുന്നത്. ചികിത്സ നേടാത്ത രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തുമ്പോൾ മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന സ്രവങ്ങളിലൂടെയാണ് കുഷ്ഠം പകരുന്നത്. ചികിത്സയിലിരിക്കുന്ന രോഗിയിൽ നിന്നും വായുവിലൂടെ ഈ രോഗം പകരില്ല. വായു വഴിയാണ് പകരുന്നത്. കുട്ടികളിലാണ് പകർച്ചക്ക് സാധ്യത കൂടുതലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

രണ്ട് തരത്തിലാണ് രോഗം കാണപ്പെടുന്നത്:

1) പോസിബിലറി കേസ്: ഇത്തരം കേസുകളിൽ ചർമ്മത്തിൽ ഒന്നുമുതൽ അഞ്ചുവരെയായിരിക്കും മുറിവുകൾ കാണപ്പെടുന്നത്. സ്‌കിൻ സ്മിയറിൽ(the smear is meaning of estimating the number of acid-fast bacteria present) ആസിഡ് ഫാസ്റ്റിന്റെ സാന്നിധ്യം ഉണ്ടായിരിക്കില്ല. (Paucibacillary case:a case of lesprosy with 1 to 5 skin lesions, without demondstrated presence of becilli in a skin smear).

2) മൾട്ടിബേസിലറി കേസ്: ഇത്തരം കേസുകളിൽ രോഗികളുടെ ചർമ്മത്തിൽ അഞ്ചിൽ കൂടുതൽ മുറിവുകൾ കാണപ്പെടുന്നു. (Multibacillary case: a case of leprosy more than five skin lesion or with nerve involvement (pure neuritis or any skin lesions and neuritis) or with the demonstrated precence of bacilli in a slit-skin smear, nember of skin lesions.)

രോഗലക്ഷണം: തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്പർശനശേഷി കുറവോ ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങൾ ആകാം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ സമയം എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നതാണ്.

മുമ്പ് പറഞ്ഞതുപോലെ കുഷ്ടം മറ്റ് രോഗങ്ങളിൽ നിന്നും വ്യത്യസ്തമാണ്. രോഗബാധിതരാകുന്ന ഓരോരുത്തരേയും ഓരോ തരത്തിലാണ് രോഗം ബാധിക്കുന്നത്. ഓരോരുത്തരേയും അവരുടെ രോഗപ്രതിരോധശേഷി (Immunity Power) അനുസരിച്ചായിരിക്കും രോഗം ബാധിക്കുന്നത്. രണ്ട് തരത്തിലാണ് രോഗത്തെ വിവരിക്കുന്നത്.

മൈക്കോബാക്ടീരിയം ലെപ്രോ (Mycobacterium Leprae) എന്ന ബാക്ടീരിയ വഴി പകരുന്നതാണ് കുഷ്ഠരോഗം

ചികിത്സാരീതി: ലോകരോഗ്യ സംഘടന കുഷ്ഠരോഗ നിർണയം, ചികിത്സ, പ്രതിരോധം എന്നിവയെ മുന്നിൽ കണ്ടുകൊണ്ട് 2018-ൽ മാർഗനിർദേശങ്ങൾപ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച്, റിഫാംപിസിൻ(Rifampicin), ഡാപ്‌സോൺ (Dapsone), ക്ലോഫാസിമിൻ (Clofazimine) എന്നിങ്ങനെ മൂന്ന് മരുന്നുകളാണ് കുഷ്ഠരോഗ ബാധിതർക്ക് നൽകേണ്ടത്. പി.ബി (Paucibacillary) വിഭാഗത്തിൽ വരുന്ന രോഗികൾക്ക് 6 മാസം ചികിത്സയും എം.ബി (Multibacillary) വിഭാഗത്തിൽ വരുന്ന രോഗികൾക്ക് 12 മാസം ചികിത്സയുമാണ് നിർദേശിച്ചിരിക്കുന്നത്.

ഇപ്പോൾ, കുഷ്ഠരോഗത്തിന് പുതിയ ചികിത്സാക്രമം നടപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രോഗുതുരത കുറഞ്ഞ പോസി ബാസിലറി കേസുകളിലും ഇനി മൂന്ന് മരുന്നുകൾ നൽകും; മൾട്ടി ഡ്രഗ് തെറാപ്പി. ആറു മാസമായിരിക്കും ആന്റിബയോട്ടിക് സംയോജിത ചികിത്സാപദ്ധതിയുടെ കാലാവധി.

ചികിത്സയുടെ ചരിത്രം: വളരെ പഴക്കം ചെന്ന രോഗാവസ്ഥയാണ് കുഷ്ഠം. പ്രാചീന ആയുർവേദ ഗ്രന്ഥങ്ങളിലടക്കം മഹാവ്യാധി എന്ന നിലയിലാണ് ഈ രോഗത്തെ പരിഗണിച്ചിരുന്നത്. എന്നാൽ അക്കാലയളവിൽ ശാസ്ത്രീയ ചികിത്സാരീതി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. ബി.സി രണ്ടായിരത്തിൽ ഇന്ത്യയിൽ കുഷ്ഠരോഗമുണ്ടായിരുന്നു എന്നാണ് ചില ചരിത്രകാരർ പറയുന്നത്. പിന്നീട് ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കുന്നതിലൂടെയാണ് മനുഷ്യരാശിക്ക് ഈ അസുഖത്തിൽ നിന്നും മോചനം ലഭിക്കുന്നത്. തുടർന്ന് 1955 മുതൽ ഇന്ത്യയിൽ കുഷ്ഠരോഗ നിർമാർജ്ജന യത്‌നം ആരംഭിച്ചു. ഒരു ഘട്ടത്തിൽ കുഷ്ഠരോഗ ചികിത്സക്ക് മാത്രമായി നമ്മുടെ രാജ്യത്ത് ആശുപത്രികൾ പ്രവർത്തിച്ചിരുന്നു.

ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്ന ചികിൽസാ മാർഗ നിർദേശങ്ങൾ

കുഷ്ഠരോഗ ചികിത്സയിൽ
കോവിഡ് വരുത്തിയ പ്രതിസന്ധികൾ

2021-നുശേഷം കോവിഡ് മഹാമാരി ലോകക്രമത്തിൽ തന്നെ വലിയ തോതിൽ മാറ്റം വരുത്തി. ആരോഗ്യരംഗം പൂർണമായി വിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആ ഘട്ടത്തിൽ കുഷ്ഠരോഗ ചികിത്സ പരിമിതപ്പെടാൻ തുടങ്ങി. തുടർന്നാണ് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ കുഷ്ഠ രോഗം സ്വയം കണ്ടെത്തുന്നതിനായി പദ്ധതി ആരംഭിക്കുന്നത്. അത്തരത്തിലാണ് ഇ-സഞ്ജീവിനി പോർട്ടൽ ആരംഭിക്കുന്നത്. ഇതിലൂടെ സ്വയം രോഗം തിരിച്ചറിഞ്ഞ ആളുകൾക്ക് ഡോക്ടറുടെ സേവനവും ലഭ്യമാകാനുള്ള സൗകര്യമുണ്ടെന്നും അതിലൂടെ പുതിയ കേസുകൾ കണ്ടെത്താൻ സാധിച്ചെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നു.

കുഷ്ഠരോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന ഘടത്തിൽ, 2025 ആകുമ്പോഴേക്കും കേരളം കുഷ്ഠരോഗ വിമുക്തമാകുമെന്ന് 2022-ൽ ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ‘രോഗലക്ഷണങ്ങൾ അവഗണിക്കരുതെന്നും ശരിയായ ചികിത്സ നൽകണമെന്നുമാണ് ഞങ്ങളുടെ അഭ്യർഥന. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ആരോഗ്യവകുപ്പ് നിരവധി കാമ്പയിനുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്‌’- വീണ ജോർജ് പറയുന്നു.

ഇ-സഞ്ജീവിനി പോർട്ടൽ

എന്താണ് അശ്വമധം 5.0?: കുഷ്ഠരോഗം സംസ്ഥാനത്ത് ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നതിനാൽ കുഷ്ഠ രോഗത്തെപറ്റിയുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ച് രോഗനിർണയത്തിനും ചികിത്സക്കും സംസ്ഥാന ആരോഗ്യവകുപ്പ് കുഷ്ഠരോഗ നിർണയ പ്രചരണ കാമ്പയിൻ- 'അശ്വമേധം'- നടപ്പിലാക്കുന്നു. സമൂഹത്തിലെ കുഷ്ഠരോഗബാധിതരെ ഗൃഹസന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ് കാമ്പയിൻ. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ പരിശോധിക്കുന്നു. കേരളത്തിൽ ഇപ്പോഴും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യുന്നതിനാൽ രോഗലക്ഷണങ്ങൾ, പകരുന്ന രീതി ,രോഗനിർണയം ചികിത്സ സംവിധാനങ്ങൾ,നിർമാർജന പ്രവർത്തനങ്ങൾ എന്നിവയെ പറ്റിയുള്ള അവബോധം സമൂഹത്തിലുണ്ടാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. അശ്വമേധം കാമ്പയിൻ്റെ ഭാഗമായി, പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ രണ്ടാഴ്ചത്തേക്ക് വീടുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങൾ കണ്ടെത്തും. ചർമ്മത്തിൽ സ്പർശിക്കുന്ന, മങ്ങിയ, ചുവന്ന പാടുകൾ, മുഴകൾ എന്നിവയുള്ളവരെ അവഗണിക്കരുത് എന്ന സന്ദേശം നൽകും.

അശ്വമേധം-5.0-കുഷ്ഠരോഗ നിർണ്ണയ പ്രചാരണ പരിപാടിയുടെ പാലക്കാട് നടന്ന ജില്ലാതല ഉദ്ഘാടനം

കൃത്യമായ സമയത്ത് രോഗം തിരിച്ചറിയുക എന്നതാണ് കുഷ്ഠരോഗത്തെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാന കാര്യം. തിരിച്ചറിയുക മാത്രമല്ല സർക്കാർ ആരോഗ്യ സംവിധാനം ഉറപ്പുവരുത്തുന്ന സൗജന്യ ചികിത്സ സ്വീകരിക്കുകയും വേണം. കുഷ്ഠരോഗം എന്ന അവസ്ഥയെ പൂർണമായി അവസാനിപ്പിക്കുക എന്നത് സർക്കാരുകളുടെ മാത്രം ഉത്തരവാദിത്തമല്ല. ഓരോ വ്യക്തിയും ഇതിന്റെ ഭാഗമാകണം. കുഷ്ഠരോഗബാധിതരാകുന്ന മനുഷ്യർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും സാമൂഹ്യ അവഗണനയും ഇല്ലാതാക്കുകയും രോഗികൾക്ക് ആവശ്യമായ മാനസിക ചികിത്സകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.

Comments