ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 5 ൽ രാജേഷ് ആർ. വർമ്മയുടെ 'നായിന്റ മോൻ' എന്ന നോവെല്ലയ്ക്ക് സൂരജ കെ.എസ് വരച്ച ചിത്രം.

കോവിഡ് വാക്സിനെക്കുറിച്ചുള്ള ആ വിവരങ്ങൾ കണ്ണുതുറപ്പിക്കുന്നതാണ്

ഴിഞ്ഞ പാക്കറ്റിലെ കോവിഡ് പാക്കേജിലുണ്ടായിരുന്ന ഡോ. ബി. ഇക്ബാലിന്റെയും ഡോ. ജയകൃഷ്ണന്റെയും ലേഖനങ്ങൾ, കോവിഡിനുശേഷമുള്ള ലോകത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ച നൽകി. കോവിഡിനെപ്പോലൊരു മഹാമാരി മനുഷ്യന്റെ ശരീരത്തെ മാത്രമല്ല, ഈ പ്രപഞ്ചത്തിന്റെ ഭാവിയെക്കൂടി ബാധിക്കാൻ തക്ക ഗുരുതരമായ ഒരു സാമൂഹിക പ്രശ്നം കൂടിയാണെന്ന് ഇക്ബാൽ പറയുന്നു. കോളറയും ക്ഷയവും പോലുള്ള മഹാമാരികൾ ദരിദ്രരെയാണ് കൂടുതലും ബാധിച്ചിട്ടുള്ളത്. എന്നാൽ, പുതിയ കാലത്തെ കോവിഡുപോലുള്ള മഹാമാരികൾ എല്ലാത്തരം മനുഷ്യരെയുമാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ രോഗവ്യാപനശാസ്ത്രത്തിലെ തിരിച്ചറിവുകൾ കൊണ്ടുമാത്രം ഈ രോഗത്തിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനാകില്ല. അത്, സാമൂഹികവും സാമ്പത്തികവുമായ ഒട്ടേറെ പരിഹാരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ തന്നെ സാമൂഹിക ജീവിതത്തിൽ നമുക്കുണ്ടായ തിരിച്ചറിവുകൾ അതിനുള്ള തെളിവാണ്. ഒരു പബ്ലിക് ഹെൽത്ത് ആക്റ്റിവിസ്റ്റുകൂടിയായ ഇക്ബാൽ, ഇതേക്കുറിച്ചെല്ലാം ആഴത്തിൽ തുറന്നെഴുതുന്നുണ്ട്.

ഡോ.ബി. ഇക്ബാൽ

കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ട് എന്ന ഡോ. ജയകൃഷ്ണന്റെ ലേഖനം, കേരളത്തിലും വാക്സിൻ നൽകാൻ തുടങ്ങുന്ന സമയത്തുതന്നെ പ്രസിദ്ധീകരിച്ചത് ഉചിതമായി. ലോകത്ത് വിതരണത്തിന് തയാറായ ഫൈസർ വാക്സിൻ, മോഡേണ വാക്സിൻ, കോവി ഷീൽഡ് വാക്സിൻ എന്നിവയെ വിശദമായി, അവയുടെ ഗുണദോഷങ്ങൾ വിവരിച്ച് ലേഖനം പരിചയപ്പെടുത്തുന്നു. വാക്സിന്റെ ഫലപ്രാപ്തി മാത്രമല്ല, അതിന്റെ വിതരണവുമായി ബന്ധപ്പെട്ട നൈതിക പ്രശ്നങ്ങൾ കൂടി ജയകൃഷ്ണൻ ചർച്ച ചെയ്യുന്നു എന്നതാണ് ഈ ലേഖനത്തിന്റെ പ്രസക്തി. ആർക്കൊക്കെ വാക്സിൻ നൽകണം എന്നതിൽ മുതൽ ഏത് രാജ്യങ്ങളിലും മേഖലകളിലും ഇത് വിതരണം ചെയ്യണം എന്ന കാര്യത്തിൽ വരെ സങ്കുചിതമായ വർണ, വർഗ, സാമ്പത്തിക താൽപര്യങ്ങളും ദേശാഭിമാനവുമായി ബന്ധപ്പെട്ട ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. സാമ്പത്തികശേഷിയുള്ള രാജ്യങ്ങൾ വാക്സിൻ നിർമാണ കമ്പനികൾക്ക് ഇപ്പോഴേ വൻ ഓർഡറുകൾ നൽകിയിട്ടുണ്ട് എന്നും പല രാജ്യങ്ങളും അഡ്വാൻസ് മാർക്കറ്റ് കമ്മിറ്റ്മെന്റിന്റെ പേരിൽ ഫലപ്രാപ്തി അത്ര ഉറപ്പില്ലാത്ത വാക്സിൻ വാങ്ങേണ്ട സ്ഥിതിയിലുമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ആധുനിക മെഡിക്കൽ സയൻസിന്റെ നൈതികതയുമായി ബന്ധപ്പെട്ട വിഷയം കൂടിയാണിത്. ലോകാരോഗ്യസംഘടനയെപ്പോലൊരു അംബ്രല്ലാ ഓർഗനൈസേഷൻ ഉണ്ടായിട്ടും, ലോകത്തെയാകെ ഗ്രസിച്ച ഒരു മഹാമാരിയുടെ കാര്യത്തിൽ ജനകീയവും നൈതികവും തുല്യതയുടെ അടിസ്ഥാനത്തിലുള്ളതുമായ തീരുമാനമെടുക്കാൻ ലോകത്തിന് കഴിയുന്നില്ല എന്നാണ് കോവിഡ് വാക്സിൻ തെളിയിക്കുന്നത്. വാക്സിൻ വികസിപ്പിച്ചിട്ടുള്ള യു.എസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികൾ, അതാതുരാജ്യങ്ങളുടെ ഭരണകൂടങ്ങൾ പ്രതിനിധീകരിക്കുന്ന സങ്കുചിത ജിയോ പൊളിറ്റിക്കൽ ഇഷ്യൂകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ എന്താണ് സംഭവിക്കുക? വാക്സിൻ ലഭ്യമായാൽ തന്നെ, മനുഷ്യരെ തമ്മിൽ വിഭജിച്ചുഭരിക്കുന്ന ഭരണകൂടങ്ങളുള്ള രാജ്യങ്ങളിൽ ആർക്കൊക്കെയായിരിക്കും ഇത് ലഭിക്കുക? എന്തായിരിക്കും മുൻഗണനകൾ?വാക്സിൻ എത്തിയെങ്കിലും കോവിഡിന്റെ ആഫ്റ്റർ ഇഫക്റ്റ്സ് രൂക്ഷമാകാൻ പോകുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ആയിഷ ബി ദോഹ, ഖത്തർ


‘നായിന്റെ മോൻ': ഇതാണ് പുതിയ കഥ

ട്രൂ കോപ്പി വെബ്സീൻ സാഹിത്യത്തിലെ ഏറ്റവും പുതിയ ധാരകളെ അടയാളപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഉദാഹരണത്തിന് കഴിഞ്ഞ പാക്കറ്റിൽ രാജേഷ് ആർ. വർമ്മ എഴുതിയ ‘നായിന്റെ മോൻ' എന്ന നോവെല്ലയും സതി അങ്കമാലിയുടെ, സജീവൻ പ്രദീപിന്റെ കവിതകളുടെ വായനയും പ്രത്യേകം എടുത്തുപറയാം.

രാജേഷ് ആർ. വർമ്മ

എഴുതാനുള്ളത് മുൻപിൻ നോക്കാതെ എഴുതുക എന്ന പുതിയ കഥാകൃത്തുക്കളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് രാജേഷ് ആർ. വർമ്മയുടെ രചനയെ മൗലികമാക്കുന്നത്. നമ്മുടെ ജീവിതത്തെ നിർണയിക്കുന്ന ധാരണകൾക്കും ആശയങ്ങൾക്കും മേൽ ഒരുവിധ നിയന്ത്രണവുമില്ലാതെ കടന്നകയറുകയാണ് കഥാകൃത്ത്, അങ്ങനെ നാം ജീവിക്കുന്ന ജീവിതത്തെ കറുത്ത ഫലിതം കൊണ്ട് കീറിമുറിക്കുന്നു. സ്വന്തം കപടജീവിതത്തെ സ്വയം കൊന്നുകളയുന്ന ഒരുതരം ആഖ്യാനം. മലയാള കഥ സഞ്ചരിക്കുന്ന ഏറ്റവും പുതിയ ഉയരങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ‘നായിന്റെ മോൻ'. മലയാളകഥയിൽ ഭാഷയിലും നരേഷനിലും ഏറെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു തലമുറയുടെ കാലം കൂടിയാണിത്. ഒരുതരം സങ്കോചവുമില്ലാത്ത തുറന്നെഴുത്ത് കഥയിലുണ്ടാകുന്നുണ്ട്, മുമ്പത്തെ കഥ തൊട്ടും തൊടാതെയും മാറ്റിവച്ചിരുന്ന/ബാക്കിവെച്ചിരുന്ന അവശിഷ്ടങ്ങളിൽനിന്നാണ് ഏറ്റവും പുതിയ എഴുത്തുകാർ കഥയെഴുതുന്നത്. അതുകൊണ്ട്, അവർ നടത്തുന്ന ഓരോ കാൽവെപ്പും ‘നായിന്റെ മോൻ' പോലെ അഗമ്യഗമനങ്ങളായി മാറുന്നു.
സജീവൻ പ്രദീപന്റെ കവിതകളെക്കുറിച്ച് മലയാളത്തിൽ വന്ന ഏറ്റവും മികച്ച വായനയാണ് സതി അങ്കമാലി വെബ്സീനിലൂടെ നടത്തുന്നത്. കവിതയെക്കുറിച്ച പൊതുബോധത്തെ അരികുകളിൽനിന്നെത്തിയ അപരത്വങ്ങൾ റദ്ദാക്കിക്കളഞ്ഞിട്ടുണ്ട്. ഇന്ന് എഴുതപ്പെടുന്ന ഓരോ വരിയും അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രഖ്യാപനങ്ങളാണ്;
‘‘ഞങ്ങടെ പെണ്ണുങ്ങൾ ഞങ്ങളിൽ നിന്ന് മാറികിടന്നില്ല. ശബരിമലമുണ്ട് ഞങ്ങളും ഞങ്ങളുടെ കുട്ടികളും നാടകത്തിന്ന്, ഊരി കളഞ്ഞു''
എന്നീ വരികളെപ്പോലെ. ഫെമിനിസം, ജെന്റർ, ജാതി വ്യവഹാരങ്ങളെ പുരോഗമനപരമായി പൊളിച്ചെഴുതുന്ന കവിതകൾ ഒരുവിധ നിരൂപണത്തള്ളലുകളുമില്ലാതെ ശ്രദ്ധ നേടുന്ന കാലത്തെ വെബ്സീൻ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

അരുന്ധതി ഗോപൻ കളമശ്ശേരി, എറണാകുളം


എം.ടിയെ വായിച്ചു, കണ്ണുനിറഞ്ഞു

റെക്കാലത്തിനുശേഷമാണ് എം.ടി എഴുതിയ ഒരു കുറിപ്പ് വായിക്കുന്നത്. ശോഭീന്ദ്രൻ മാഷുടെ അനുഭവക്കുറിപ്പിനുള്ള അവതാരികയാണെങ്കിലും അത് എം.ടിയുടെ പതിവു കുറിപ്പുകളെപ്പോലെ ഹൃദയസ്പർശിയായിരുന്നു. അധ്യാപകനായി ജീവിച്ച പഴയ കാലത്തെക്കുറിച്ച് അദ്ദേഹം എഴുതിയത് വായിച്ച് കണ്ണുനിറഞ്ഞു.

എം.ടി. വാസുദേവൻ നായർ

പണ്ട്, പട്ടാമ്പി സ്‌കൂളിൽ പഠിപ്പിച്ച ഒരു കുട്ടിയുടെ കത്ത് ഈയിടെ കിട്ടിയപ്പോൾ സന്തോഷം തോന്നി എന്ന് അദ്ദേഹം എഴുതിയത് വായിച്ചപ്പോൾ, ഒരു അധ്യാപകൻ കൂടിയായിരുന്ന ഞാനും എന്റെ സ്‌കൂൾ കാലഘട്ടം ഓർത്തുപോയി. ഇപ്പോഴും പലയിടങ്ങളിലും വച്ച് അപ്രതീക്ഷിതമായി മുമ്പ് പഠിപ്പിച്ചിരുന്ന വിദ്യാർഥികളെ കാണുമ്പോൾ, അവർ സ്നേഹത്തോടെ, അന്നത്തെ അതേ ബഹുമാനത്തോടെ മുന്നിൽവന്നുനിൽക്കും. അത് മറ്റൊരു തൊഴിലിനും കിട്ടാത്ത ഒരു ചാരിതാർഥ്യമാണെന്നുതോന്നുന്നു. അതിനുകാരണം, എം.ടി സൂചിപ്പിച്ച, മുമ്പ് അധ്യാപക സമൂഹം പുലർത്തിയിരുന്ന നന്മയായിരുന്നു. വിദ്യാർഥിയുടെ പൊതിച്ചോറ് മോഷ്ടിച്ച് വിശപ്പുമാറ്റുന്ന അധ്യാപകന്റെ കഥയെക്കുറിച്ച് എം.ടി എഴുതുന്നുണ്ടല്ലോ. കാരൂരിന്റെ ആ കഥ വെറും കഥയായിരിക്കാൻ ഇടയില്ല. കാരണം, അത്തരം ദാരിദ്ര്യങ്ങളുടെയും ഇല്ലായ്മകളുടെയും നിരവധി അനുഭവങ്ങൾ ഞങ്ങളുടെ തലമുറയിലെ പല അധ്യാപകർക്കുമുണ്ട്. ആ തലമുറയിൽപെട്ട അധ്യാപകൻ കൂടിയായ ശോഭീന്ദ്രൻ മാഷുടെ അനുഭവക്കുറിപ്പുകൾ വായിക്കാൻ അതുകൊണ്ടുതന്നെ കാത്തിരിക്കുന്നു.

കെ.ശിവശങ്കരൻ കണ്ണൂർ


അത് പൊതുബോധത്തിന്റെ അയിത്താചരണമായിരുന്നു

കോവിഡ് കാലത്തെ മാലിന്യശേഖരണത്തിലെ ജെന്റർ ഇഷ്യുകൾ വിശദമാക്കുന്ന സോയ തോമസിന്റെ ലേഖനം- ‘സ്ത്രീ തൊഴിലാളികളെ വൈറസ് എന്നപോലെയാണ് പലരും കണ്ടത്'- പൊതുസമൂഹം ചർച്ച ചെയ്യേണ്ട ഒന്നാണ്. മാലിന്യം ശേഖരിക്കുക എന്ന പണി, വീട്ടിലെ തൊഴിൽ വിഭജനത്തിന്റെ അതേ പാറ്റേണിലുള്ളതാണ് എന്ന സോയയുടെ നിരീക്ഷണം കൃത്യമാണ്. കേരളത്തിൽ മാലിന്യം, പ്രത്യേകിച്ച് ഗാർഹിക മാലിന്യങ്ങൾ, തികച്ചും അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യുന്നത് എന്ന് കാണാൻ കഴിയും.

സോയ തോമസ്​

സംസ്‌കരണത്തിന് ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും മാലിന്യം ഉറവിടങ്ങളിൽനിന്ന് ശേഖരിച്ച് സംസ്‌കരണ ഘട്ടത്തിൽ വരെയെത്തിക്കുന്ന പണി ആരോഗ്യപരമായി മാത്രമല്ല, സാമൂഹികവുമായ വിവേചനത്തിന്റെ ഇരകളാക്കി സ്ത്രീകളെ മാറ്റുന്നു. അതിവേഗം മധ്യവർഗാഭിമുഖ്യങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിൽ ഈ സ്ത്രീകൾ മറ്റൊരു ‘അധഃകൃത വർഗ'മായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് ഇവരോട് പൊതുസമൂഹം പാലിച്ച അകലം, ആരോഗ്യപരമായ ഉൽക്കണ്ഠളുടെ പേരിൽ മാത്രമല്ല എന്ന് കാണാൻ വിഷമമില്ല. അത് പ്രബലമായി വരുന്ന ഒരുതരം പൊതുബോധത്തിന്റെ അയിത്താചരണമായിരുന്നു. പ്രളയത്തിന്റെ കാലത്ത് ആരും വിളിക്കാതെ തന്നെ കൂട്ടമായി എത്തി സഹജീവികളെ രക്ഷിച്ച നമ്മുടെ മൽസ്യത്തൊഴിലാളികളെ അക്കാലത്തും പ്രളയവാർഷികങ്ങളിലും ഫെയ്സ്ബുക്കിൽ നമ്മൾ ഫ്ളക്സ് വച്ച് പൂജിക്കുന്നുണ്ടെങ്കിലും അവർക്ക് തുല്യ സമൂഹമെന്ന നിലക്കുള്ള പരിഗണന ലഭിക്കുന്നുണ്ടോ? അവർ ഇപ്പോഴും അരികുജീവിതം തന്നെയാണ് നയിക്കുന്നത്. പ്രളയമായാലും കോവിഡായാലും പൊതുസമൂഹത്തിന്റെ പരികൽപനകൾ മാറുന്നില്ല, അത് കൂടുതൽ അപകടകരമാകുകയേയുള്ളൂ എന്ന പാഠമാണ് സോയയുടെ ലേഖനം വിശദീകരിക്കാൻ ശ്രമിക്കുന്നത്.

കെ.എം.റിയാസ് ​​​​​​​പെരിന്തൽമണ്ണ, മലപ്പുറം


ഒരു കിടിലൻ ക്വോട്ട്

ടച്ചു പൂട്ടിയിരിക്കുമ്പോൾ 300 വർഷങ്ങൾക്കു മുമ്പുള്ള ഒരു ഫ്രഞ്ച് വിധവയുടെ കൂടെ കഴിയുന്നതല്ലേ അഭികാമ്യം എന്ന സച്ചു തോമസിന്റെ വരി ഒരു കിടിലൻ ക്വോട്ട് ആണ്. വായനയുടെയും ഭാവനയുടെയും അപാരമായ റിവേഴ്‌സ് റൺ.

സച്ചു തോമസ്​

വെബ്‌സീൻതിങ്കളാഴ്ചയുടെ ആ ദിവസം ഞാൻ ഉറങ്ങിയില്ല. സച്ചുവിന്റെ വരിയും പിടിച്ച് ഞാനുമേറെ പിറകോട്ട് സഞ്ചരിച്ചു. വഴിയിൽ ഞാൻ ബുദ്ധനെ കണ്ടു, ക്ലിയോപാട്രയെ കണ്ടു. ബറാബസ് എന്നെ മകളേ എന്നു വിളിച്ചു. മെസോസോയിക്ക് കാലഘട്ടത്തിലെ ഒരു കൂറ്റൻ ദിനോസർ എന്റെ വീട്ടിന്റെ പടിഞ്ഞാറെ മുറ്റത്തിരുന്ന് ഒരു കോഴിയെപ്പോലെ മുട്ടകൾ നെഞ്ചിനടിയിലേക്ക് വാരിക്കൂട്ടി അടവെക്കുകയായിരുന്നു ഞാനുറങ്ങുമ്പോൾ!ട്രൂ കോപ്പി വെബ്‌സീൻ ഒരു പുത്തൻ വായനാ സഞ്ചാരം തന്നെ.

ജെന്നിഫർ കെ.മാർട്ടിൻ കെന്റക്കി, യു.എസ്.എ


കോൺഗ്രസ്: പൊടിപോലും കാണാനില്ല

നാമിക അജയ് കഴിഞ്ഞ പാക്കറ്റിൽ എഴുതിയതിനോട് യോജിപ്പാണെനിക്ക്. കോൺഗ്രസ് ഇല്ലാതാവരുതെന്ന് ആത്മാർത്ഥമായും വിശ്വസിക്കുന്ന ഒരു ഗാന്ധി വിശ്വാസിയാണ് ഞാൻ.

അനാമിക അജയ്

പ്രളയമായാലും കോവിഡ് ആയാലും പ്രാദേശിക തലത്തിൽ എന്തു സംഭവിച്ചാലും സി പി എമ്മിന്റെയും ബിജെപിയുടെയും പ്രവർത്തകരുടെ സാന്നിധ്യം കാണാം എന്ന അനാമികയുടെ വിലയിരുത്തൽ ശരിയാണ്, മുസ്‌ലിം ലീഗിനെ കൂടെ ഇതിനോടൊപ്പം ചേർക്കണം. ഇതു മൂന്നുമാണ് കേരളത്തിലെ കേഡർ പാർട്ടികൾ. ഇലക്ഷൻ വരുമ്പോൾ ടി.വി.യിൽ താമസം തുടങ്ങുന്നവർ മാത്രമായി ചുരുങ്ങിയതാണ് കോൺഗ്രസിന്റെ പതനത്തിന്റെ ഒരു കാരണം. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഉണ്ടാക്കുന്ന വിസിബിലിറ്റിയാണ് വേണ്ടത്. അല്ലാതെ സോഷ്യൽ മീഡിയയിലോ ചാനലുകളിലെ അന്തിച്ചർച്ചകളിലോ എത്ര നേരമിരുന്നു എന്നു നോക്കിയല്ല ജനങ്ങൾ വോട്ടു ചെയ്യുക.ഈ ബാലപാഠമാണ് കോൺഗ്രസുകാർ ഗ്രൂപ്പുഭേദമെന്യേ മനസ്സിലാക്കേണ്ടത്.

സി.അജയൻ ​​​​​​​പൂങ്കുന്നം, തൃശൂർ


​​​​​​​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] യിലേക്ക് അയക്കാം.


TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർജിൻസി ബാലകൃഷ്ണൻ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർഅലി ഹൈദർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ ഔട്ട്പുട്ട് എഡിറ്റർ

മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഫസലുൽ ഹാദിൽ ഓഡിയോ/വീഡിയോ എഡിറ്റർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർ


വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക.
സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]



Comments