ഡോ. നവ്യ തൈക്കാട്ടിൽ

മരണങ്ങൾക്കുമുന്നിൽ ഞങ്ങൾ, ഡോക്​ടർമാരുടെ ജീവിതം

സംഭവിക്കുന്ന ഓരോ മരണത്തിനും മുമ്പിലും പിമ്പിലുമായി ഒരുപാട് കഥകൾ കാണും. എല്ലാത്തിനും മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഒരാശുപത്രിയിലുള്ളൂ. പക്ഷെ അവയിൽ ചില മരണങ്ങൾ, ചികിത്സകരുടെ മനസ്സിൽ മായാതെ നിൽക്കും, എന്തൊക്കെയോ കാരണങ്ങളാൽ അവരുടെ ഉള്ളുലച്ച മരണങ്ങളായി. രോഗികളുടെ മരണങ്ങൾക്ക്​ സാക്ഷിയാകേണ്ടിവരുന്ന തീവ്രാനുഭവം ഒരു ഡോക്​ടറുടെ മനസ്സ്​ പകർത്തിവെക്കുന്നു

നിയും ഒരുതരി ജീവൻ ബാക്കിയുണ്ടോയെന്ന് സന്ദേഹിപ്പിക്കുന്ന ശരീരത്തിലെ ഇളംചൂട്, എത്ര തിരഞ്ഞാലും തൊട്ടറിയാൻ സാധിക്കാതെ, എന്നെന്നേക്കുമായി നിലച്ച മിടിപ്പിന്റെ അലകൾ, പ്രാണവായുവിനായി ഇനിയുയരാത്ത നെഞ്ചിൽനിന്ന് കുഴലുകളിലൂടെ ചെവികളിലേയ്‌ക്കൊഴുകുന്ന കനത്ത നിശബ്ദത, ടോർച്ച് വെളിച്ചത്തിലും ഇരുട്ടിന്റെ ആഴക്കയങ്ങൾ മാത്രമായി മാറിയ വികസിച്ചുറച്ച കൃഷ്ണമണികൾ - മരണം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു...

ഈ സ്ഥിരീകരണ പ്രക്രിയയിലൂടെ ഒരുപാടുതവണ കടന്നുപോകുന്നവരാണ് ഓരോ ഡോക്​ടർമാരും. യാന്ത്രികമായി ചെയ്യുന്ന ഈ പ്രക്രിയയ്ക്ക് മുൻപും പിൻപും പലപ്പോഴും വ്യത്യസ്തമായ അനുഭവങ്ങളാണ് ഡോക്​ടർക്കും ഉണ്ടാകാറുള്ളത്. തീർത്തും പ്രൊഫഷണലായി രോഗവും മരണവും കാണേണ്ടത് ഒരു ഡോക്ടറുടെ ഉത്തരവാദിത്തമാണെന്നുതന്നെ പറയാം. പരിശീലനകാലത്ത് ദിവസവും അനേകം മരണങ്ങൾ കാണും, അവ ആർദ്രതയോടെയും എന്നാൽ പ്രഫഷണൽ നിർമമതയോടെയും കാണാൻ ഓരോരുത്തരും അറിയാതെ സ്വയം പരിശീലിക്കും.

ഏറെ നാളായി രോഗബാധിതരായവർ ആസന്നമാണെന്നുറപ്പുള്ള മരണങ്ങളിലേയ്ക്ക് വഴുതിവീഴുമ്പോൾ, ഒരു സ്വാഭാവിക പ്രതിഭാസമായി അതിനെ കാണാനും ബന്ധുക്കളെ അറിയിക്കാനും താരതമ്യേന എളുപ്പമാണ്. എങ്കിലും അപ്രതീക്ഷിതവും ആകസ്മികവുമായ മരണങ്ങൾ, പ്രഫഷണൽ അതിർവരമ്പുകളെ ഭേദിച്ച്, പലപ്പോഴും ഉള്ളുലയ്ക്കുക തന്നെ ചെയ്യും.

ഏറെ നാളായി രോഗബാധിതരായവർ ആസന്നമാണെന്നുറപ്പുള്ള മരണങ്ങളിലേയ്ക്ക് വഴുതിവീഴുമ്പോൾ, ഒരു സ്വാഭാവിക പ്രതിഭാസമായി അതിനെ കാണാനും ബന്ധുക്കളെ അറിയിക്കാനും താരതമ്യേന എളുപ്പമാണ്. / Photo: Unsplash
ഏറെ നാളായി രോഗബാധിതരായവർ ആസന്നമാണെന്നുറപ്പുള്ള മരണങ്ങളിലേയ്ക്ക് വഴുതിവീഴുമ്പോൾ, ഒരു സ്വാഭാവിക പ്രതിഭാസമായി അതിനെ കാണാനും ബന്ധുക്കളെ അറിയിക്കാനും താരതമ്യേന എളുപ്പമാണ്. / Photo: Unsplash

മെഡിക്കൽ വിദ്യാഭ്യാസ പരിശീലനകാലം കഴിഞ്ഞയുടനെ, ജോലിചെയ്തിരുന്ന ഒരു ചെറിയ ആശുപത്രിയിലേക്ക്, തൊട്ടിലിൽ കിടന്നിരുന്ന കുഞ്ഞിനെയും കൊണ്ട് ഓടി വന്ന അമ്മയെ ഓർക്കുന്നു. ‘റിസസിറ്റേഷൻ' മുറിയിൽ കിടത്തിയ കുഞ്ഞിന്റെ മരണം, കൂടെയുണ്ടായിരുന്ന ശിശുരോഗവിദഗ്ദ്ധൻ സ്ഥിരീകരിച്ചു. ശരീരം വിട്ടുപോകാൻ തുടങ്ങുന്ന ജീവന്റെ ഇളംചൂട്, മിടിപ്പിനായി തിരഞ്ഞപ്പോൾ ഞാനും അറിഞ്ഞു. പുറത്ത്​ ആകാംഷയോടെ നിൽക്കുന്ന ആ അമ്മയോട് എന്തുപറയും എന്ന്​ ഞാൻ ആശങ്കപ്പെട്ടു. ഏറെ കാലത്തെ പരിചയസമ്പന്നതയുള്ള ശിശുരോഗ വിദഗ്ദ്ധനെ ഞാൻ നോക്കി. ശാന്തമായി ഉറങ്ങുന്ന ആ ഓമനമുഖത്ത് നോക്കി, ‘എന്റെ ഇളയ മകളുടെ അതേ പ്രായം' എന്നു നെടുവീർപ്പിട്ട്​, അദ്ദേഹം ന്യൂസ് ബ്രേക്കിങ്ങിനായി പുറത്തേക്കിറങ്ങി. വളരെ പ്രൊഫഷണലായി അദ്ദേഹം കാര്യങ്ങൾ ചെയ്തെങ്കിലും, അന്ന് ഡ്യൂട്ടിയിൽ മുഴുവൻ അദ്ദേഹത്തെ ആ ഓമനമുഖം അലട്ടുന്നതായി തോന്നി.

രോഗബാധിതരായ കുഞ്ഞുങ്ങളുടെ ആരോഗ്യനില പലപ്പോഴും പെട്ടെന്ന് വഷളാവാനും, മരണത്തിന് കീഴ്‌പ്പെടാനും സാധ്യതയുണ്ട്. അത് അഭിമുഖീകരിക്കേണ്ടിവരുന്നതും, കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അത് അവതരിപ്പിക്കേണ്ടിവരുന്നതും വേദനാജനകമായ അനുഭവം തന്നെയാണ്.

മരിച്ച വ്യക്തിയുമായി, പ്രായംകൊണ്ടോ രൂപംകൊണ്ടോ സാദൃശ്യമുള്ള, നമുക്ക് പ്രിയപ്പെട്ടവരാരെങ്കിലും ഉണ്ടെങ്കിൽ, ആ മരണം ഏറെ നേരം അലട്ടിക്കൊണ്ടേയിരിക്കും എന്ന്​ അന്ന് തിരിച്ചറിഞ്ഞു. മരണങ്ങൾ അഭിമുഖീകരിക്കുമ്പോൾ കഴിവതും ‘സെൽഫ്​ ഐഡൻറിഫിക്കേഷൻ' ചിന്തകൾ ഒഴിവാക്കാൻ ബോധപൂർവം ശ്രമിക്കാറുണ്ട്. രോഗിയുമായി, പ്രഫഷണൽ ഡിറ്റാച്ച്മെൻറ്​ ചികിത്സയിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനും, രോഗിയുടെ നില അറിയിക്കുന്നതിലും ആവശ്യമാണെന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

കുഞ്ഞുങ്ങളുടെ അത്യാഹിത വിഭാഗത്തിലും, തീവ്രപരിചരണ വിഭാഗത്തിലുമാണ്, ഏറ്റവും വെല്ലുവിളികളുയർത്തുന്ന സാഹചര്യങ്ങളുള്ളതായി തോന്നിയിട്ടുള്ളത്. രോഗബാധിതരായ കുഞ്ഞുങ്ങളുടെ ആരോഗ്യനില പലപ്പോഴും പെട്ടെന്ന് വഷളാവാനും, മരണത്തിന് കീഴ്‌പ്പെടാനും സാധ്യതയുണ്ട്. അത് അഭിമുഖീകരിക്കേണ്ടിവരുന്നതും, കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അത് അവതരിപ്പിക്കേണ്ടിവരുന്നതും വേദനാജനകമായ അനുഭവം തന്നെയാണ്.

ലേബർ റൂമിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണങ്ങൾ ഡോക്​ടർമാരെ പാടെ തളർത്തുന്നവയാണ്. സന്തോഷത്തോടെയും നിറയെ പ്രതീക്ഷയോടെയും, ആശുപത്രിയിലേക്ക് വരുന്ന ഒരേയൊരു വിഭാഗം ഗർഭിണികൾ ആയിരിക്കണം. ‘തള്ളയും പിള്ളയും രണ്ടായി വേറിട്ടുകിട്ടണം' എന്ന്​ പണ്ടുള്ളവർ പറയാറുള്ളത്, ഏറ്റവുമധികം ഇക്കാലത്ത് ആഗ്രഹിക്കുന്നത് പ്രസവശുശ്രൂഷ നൽകുന്ന ഡോക്ടർമാരായിരിക്കും! അനേകം സങ്കീർണസാധ്യതകളുള്ള ഒന്നാണല്ലോ പ്രസവം. അത്യപൂർവമാണെങ്കിൽ പോലും, സങ്കീർണതകളിലൂടെ കടന്നുപോകുന്ന പ്രസവം, ചികിത്സകരെ സംബന്ധിച്ച് പേടിസ്വപ്നമാണ്. നിന്ന നിൽപ്പിൽ മണിക്കൂറുകളോളം പരിശ്രമിച്ചാലും ഒരുപക്ഷെ ചിലരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചെന്നുവരില്ല. ഏറ്റവും വൈകാരികമായി ആളുകൾ മരണത്തോട് പ്രതികരിക്കുന്നത് കണ്ടിട്ടുള്ളത് പലപ്പോഴും ലേബർ റൂമുകളുടെ മുന്നിലാണ്.

‘തള്ളയും പിള്ളയും രണ്ടായി വേറിട്ടുകിട്ടണം' എന്ന്​ പണ്ടുള്ളവർ പറയാറുള്ളത്, ഏറ്റവുമധികം ഇക്കാലത്ത് ആഗ്രഹിക്കുന്നത് പ്രസവശുശ്രൂഷ നൽകുന്ന ഡോക്ടർമാരായിരിക്കും! / Photo: Unsplash
‘തള്ളയും പിള്ളയും രണ്ടായി വേറിട്ടുകിട്ടണം' എന്ന്​ പണ്ടുള്ളവർ പറയാറുള്ളത്, ഏറ്റവുമധികം ഇക്കാലത്ത് ആഗ്രഹിക്കുന്നത് പ്രസവശുശ്രൂഷ നൽകുന്ന ഡോക്ടർമാരായിരിക്കും! / Photo: Unsplash

മരിച്ച വ്യക്തിയുടെ ഉറ്റവർ എങ്ങനെ മരണവാർത്ത സ്വീകരിക്കും എന്ന സംശയം മരണം അറിയിക്കാൻ പോകുന്ന ഡോക്​ടർക്കുണ്ടാകാറുണ്ട്. ചിലർ വളരെ ശാന്തമായി ഉൾക്കൊള്ളും, മറ്റു ചിലർ കൈയിൽ പിടിച്ചു വിതുമ്പും. എന്നാൽ അപ്രതീക്ഷിത മരണത്തിൽ, വികാരക്ഷോഭത്താൽ തിളച്ചുമറിയുന്നവരും വിരളമായെങ്കിലും ഉണ്ടായിരിക്കും. ഒരു രോഗിയുടെ ഒഴിവാക്കാനാവാത്ത മരണം പോലും, ചികിത്സകരുടെ പരാജയം മാത്രമായി കാണാൻ ശ്രമിക്കുന്ന, ആശുപത്രി ആക്രമണങ്ങൾ സാധാരണയായി മാറിയ ഇക്കാലത്ത്, രോഗികളുടെ മരണവും, ആ വിവരം അറിയിക്കുക എന്നതും പലപ്പോഴും ശ്രമകരമാണ്.

സാമൂഹിക അസമത്വം കൊണ്ടും, ‘പ്രിവിലെജുകൾ' ഇല്ലാത്തതുകൊണ്ടും, ആളുകൾ രോഗത്തിനും, അപകടങ്ങൾക്കും, മരണത്തിനും കീഴ്‌പ്പെടുന്ന സാഹചര്യങ്ങൾക്ക് പലപ്പോഴും സാക്ഷ്യംവഹിക്കേണ്ടി വരാറുണ്ട്. ഒരു ഡോക്ടർ എന്ന നിലയിലല്ലാതെ, ഒരു സാമൂഹ്യജീവി എന്ന നിലയിൽ, വ്യവസ്ഥിതിയോടുതന്നെ വല്ലാത്ത അമർഷം തോന്നുന്ന അവസരങ്ങളാണ് അത്തരം മരണങ്ങൾ. തങ്ങളുടെ പ്രൊഫഷന്റെ പരിധിയ്ക്കു പുറത്തുള്ളതും, തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കാത്തതുമായ അത്തരം അനേകം പ്രശ്‌നങ്ങൾ ക്രമേണ കണ്ടു ശീലമായി മാറും.

മരിച്ച വ്യക്തിയുടെ ഉറ്റവർ എങ്ങനെ മരണവാർത്ത സ്വീകരിക്കും എന്ന സംശയം മരണം അറിയിക്കാൻ പോകുന്ന ഡോക്​ടർക്കുണ്ടാകാറുണ്ട്. ചിലർ വളരെ ശാന്തമായി ഉൾക്കൊള്ളും, മറ്റു ചിലർ കൈയിൽ പിടിച്ചു വിതുമ്പും.

തൂങ്ങിയ കയറിൽ നിന്ന് ഊരി നേരെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്ന യുവതിയുടെ മരണമാണ് മറ്റൊരോർമ. സമയം പാതിരാത്രിയോടടുത്തതുകൊണ്ട്, ഉറക്കച്ചടവിലാണ് ആ മരണം സ്ഥിരീകരിച്ചത്. അടുത്ത ദിവസം ചെയ്യേണ്ട പോസ്റ്റുമോർട്ടത്തിനായി ശരീരം ഡ്യൂട്ടി റൂമിനടുത്തുള്ള ചെറിയ മോർച്ചറിയിൽ സൂക്ഷിക്കാൻ കൊണ്ടുപോയി. വീണ്ടും കിടന്നപ്പോൾ, ഒരു മതിലിനപ്പുറം നിശ്ശബ്ദം കിടക്കുന്ന, ഒരു പരിചയവുമില്ലാത്ത ആ സ്ത്രീ കടന്നുപോയ സാഹചര്യങ്ങളും, തന്റെ മരണത്തിനുമുൻപ് കടന്നുപോയ മാനസികസംഘർഷങ്ങളും വെറുതെ സങ്കൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഡിസംബറിലെ ആ തണുത്ത രാത്രിയിൽ, ആ ശരീരം സ്പർശിച്ചപ്പോൾ അനുഭവിച്ച തണുപ്പിന്റെ ഓർമ പൊള്ളിക്കുന്നതായി തോന്നി. കൂടുതൽ ഓർക്കാനിടം തരാതെ അത്യാഹിത വിഭാഗത്തിൽ രോഗികൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

അത്യാഹിത വിഭാഗത്തിൽ ട്രയാജ് (Triage) പ്രോട്ടോക്കോൾ ആണ് പാലിക്കേണ്ടത്.
അതനുസരിച്ച്​, മരണം സംഭവിച്ചാൽ, തുടർനടപടികൾക്കായി അത്യാഹിത വിഭാഗത്തിലെ ‘ബ്ലാക് ഏരിയ'യിലേക്ക് മാറ്റുന്ന, തുണികൊണ്ട് മറച്ച ശരീരങ്ങളാണ് മരിച്ച വ്യക്തികൾ. ഇനിയും ജീവൻ രക്ഷിക്കാൻ സാധ്യമായ, മറ്റ് അത്യാഹിത രോഗികളിലേക്ക്, ഡോക്ടർമാർ ഉടൻ തിരിയേണ്ടതുണ്ട്. മരണം ഒരു സ്വാഭാവിക പ്രക്രിയയാണ്, അത്യാഹിത വിഭാഗത്തിലും തീവ്രപരിചരണ വിഭാഗത്തിലും.

മരണശേഷം, മരിച്ചവർ ഡോക്​ടർമാരുമായി സംവദിക്കുന്നത് പോസ്റ്റ് മോർട്ടം ടേബിളിലാണ്. വർഷങ്ങളായി താൻ ശരീരത്തിൽ പേറുന്ന മുറിവുകൾ മുതൽ, താനറിയാതെ തന്റെ ധമനികളെ ചുരുക്കിക്കൊണ്ടിരിക്കുന്ന നെയ്​പാളികൾ, ചെറുപ്രായത്തിൽ വീണ വീഴ്ചകളിൽ ഒടിഞ്ഞുചേർന്ന എല്ലുകൾ, അന്നുരാവിലെ വീട്ടിൽ നിന്നിറങ്ങുംമുൻപ് കഴിച്ച ഭക്ഷണം, അങ്ങനെ നൂറുകണക്കിന് കഥകൾ അവർ നിശ്ചലരായി നിശ്ശബ്ദം പറയും. പഴക്കം ചെന്നതും, മറവുചെയ്ത് പിന്നീട് പുറത്തെടുത്തതും, വെള്ളം നിറഞ്ഞുവീർത്തതും, അപകടങ്ങളിൽ ഛിന്നഭിന്നമായതും, ഒരു പോറൽ പോലും ഏൽക്കാതെ ഉറക്കത്തിലെന്ന പോലെയുള്ള ശരീരങ്ങളും അവിടെയെത്തും. മരണത്തിനുമുൻപ് എത്ര സൂക്ഷ്മതയോടെയും, പ്രഫഷണലിസത്തോടെയുമാണോ ഒരു വ്യക്തിയുടെ രോഗവിവരങ്ങൾ കേട്ടത്, അതേ സൂക്ഷ്മതയോടെ തന്നെ ആ ശരീരങ്ങളെ മരണശേഷവും ഡോക്ടർ കേൾക്കണം. അവർക്ക് പറയാനുള്ള കഥകളിൽ പലതും, ഉറക്കം കെടുത്തുന്നവയുണ്ടാകും. അവയിൽ ചിലത് വർഷങ്ങളോളം കോടതി മുറികളിൽ പലയാവർത്തി പറയേണ്ടിവന്നേക്കും. ഫൊറൻസിക് വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോക്ടർമാർ, മരണങ്ങളെ, അതിന്റെ മറുകോണിൽ നിന്ന് നോക്കിക്കാണുന്നവരാണ്.

മരണത്തിനുമുൻപ് എത്ര സൂക്ഷ്മതയോടെയും, പ്രഫഷണലിസത്തോടെയുമാണോ ഒരു വ്യക്തിയുടെ രോഗവിവരങ്ങൾ കേട്ടത്, അതേ സൂക്ഷ്മതയോടെ തന്നെ ആ ശരീരങ്ങളെ മരണശേഷവും ഡോക്ടർ കേൾക്കണം. / Photo: Unsplash
മരണത്തിനുമുൻപ് എത്ര സൂക്ഷ്മതയോടെയും, പ്രഫഷണലിസത്തോടെയുമാണോ ഒരു വ്യക്തിയുടെ രോഗവിവരങ്ങൾ കേട്ടത്, അതേ സൂക്ഷ്മതയോടെ തന്നെ ആ ശരീരങ്ങളെ മരണശേഷവും ഡോക്ടർ കേൾക്കണം. / Photo: Unsplash

രോഗവും, ദുരിതവും, മരണവും ദിവസവും അഭിമുഖീകരിക്കുന്നതിനാൽ തന്നെ, ജീവിതത്തിന്റെ നിരർഥകത നിരന്തരം ഓർമിപ്പിക്കപ്പെടുന്നവരാണ് ഡോക്​ടർമാർ. എന്നാൽ ഏതൊരു പ്രൊഫഷൻ പോലെയും, തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞാൽ, അത്തരം തിരിച്ചറിവുകൾ ജോലിസ്ഥലത്ത് ഉപേക്ഷിച്ച്​വ്യക്തിജീവിതത്തിലെ ചെറിയ സന്തോഷങ്ങളുടെയും, പ്രശ്നങ്ങളുടെയും ഇടയിലേക്ക് തിരിച്ചുപോകാൻ ശ്രമിക്കുന്നവർ തന്നെയാണ് ഭൂരിഭാഗം ഡോക്ടർമാരും.

സംഭവിക്കുന്ന ഓരോ മരണത്തിനും മുമ്പിലും പിമ്പിലുമായി ഒരുപാട് കഥകൾ കാണും. മരിച്ചവരുടെ ജീവിതങ്ങൾ, അവരുടെ പ്രിയപ്പെട്ടവർ, അവർ കടന്നുപോയ ജീവിതമുഹൂർത്തങ്ങൾ... എല്ലാത്തിനും മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഒരാശുപത്രിയിലുള്ളൂ. സ്‌ട്രെച്ചറിൽ കിടത്തിയ വെള്ളത്തുണി മൂടിയ ശരീരം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതുവരെ.
പക്ഷെ അവയിൽ ചില മരണങ്ങൾ, ചികിത്സകരുടെ മനസ്സിൽ മായാതെ നിൽക്കും, എന്തൊക്കെയോ കാരണങ്ങളാൽ അവരുടെ ഉള്ളുലച്ച മരണങ്ങളായി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments