നമ്മുടെ പുതിയ തലമുറ എഴുതുന്നു, തീക്ഷ്​ണാനുഭവങ്ങളുടെ കോവിഡ്​ കാലം

കോവിഡിനെക്കുറിച്ച്​ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും വ്യത്യസ്തമായ വായനാനുഭവത്തിലേക്ക് വെബ്‌സീൻ പാക്കറ്റ് 39 വായനക്കാരെ കൊണ്ടുപോകുന്നു.

Truecopy Webzine

20 മാസമായി നാം, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ജീവിതം ജീവിച്ചുതീർക്കുകയാണ്. നമ്മൾ എന്നാൽ, ലോകത്തെ ജനത മുഴുവൻ, ലോകത്തെ രാജ്യങ്ങൾ മുഴുവൻ...
അതിരുകളില്ലാതെ പടരുന്ന ഒരു മഹാമാരിയുടെ കാലം.

ഈ കാലം നമ്മുടെ പുതിയ തലമുറ എങ്ങനെയാണ് കഴിച്ചുകൂട്ടുന്നത് എന്ന ഒരു അന്വേഷണം നടത്തുകയാണ് ട്രൂ കോപ്പി വെബ്‌സീൻ. കോവിഡിനെ ശാരീരികമായി മാത്രമല്ല, വ്യക്തിപരമായും സാമൂഹികമായും രാഷ്ട്രീയമായും സർഗാത്മകമായും എങ്ങനെയാണ് തീക്ഷ്ണമായി ഈ തലമുറ ഉൾക്കൊണ്ടത് എന്ന് സ്വന്തം അനുഭവങ്ങളിലൂടെ ഇവർ പറയുകയാണ്. കോവിഡിനെക്കുറിച്ച്​ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും വ്യത്യസ്തമായ വായനാനുഭവത്തിലേക്ക് വെബ്‌സീൻ പാക്കറ്റ് 39 വായനക്കാരെ കൊണ്ടുപോകുന്നു.

ആർദ്ര അക്ഷരി

‘‘മാസങ്ങൾ കഴിയുന്തോറും പുതിയ പുസ്തകങ്ങൾ തുറക്കാതെയും കണ്ടു തുടങ്ങിയ സിനിമകൾ മുഴുമിപ്പിക്കാതെയും ആരോടും അധികം സംസാരിക്കാതെയും ഒരു വാക്ക് പോലും എഴുതാതെയും കാറ്റാടി കണക്കായി കാര്യങ്ങൾ. ചുറ്റിനും പ്രതീക്ഷക്ക് വക തരുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ആളുകൾക്ക് രോഗം ബാധിക്കുമ്പോഴും മരിക്കുമ്പോഴും എന്നതുൾപ്പെടെ കോവിഡ് ലോകത്ത് നടക്കുന്ന സർവ്വതിനോടും പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി എനിക്കനുഭവപ്പെടുന്ന ഒരുതരം നിർവ്വികാരത എന്നെത്തന്നെ പേടിപ്പെടുത്താനും തുടങ്ങി. ഈ സമയം ഞാനൊരു യാത്രക്കിടയിലാണെന്ന് സങ്കൽപ്പിച്ച് ഒരു മാസത്തോളം വീട്ടിലേക്ക് എനിക്ക് തന്നെ നിരന്തരം ചെറിയ കത്തുകൾ എഴുതിക്കൊണ്ടിരുന്നു. കണ്ട സിനിമകളെപ്പറ്റിയും വായിച്ച പുസ്തകങ്ങളെപ്പറ്റിയും കുട്ടിക്കാലത്തെപ്പറ്റിയും കാണാൻ കഴിയാതെ വീർപ്പുമുട്ടികിടക്കുന്ന കാഴ്ചകളെപ്പറ്റിയുമെല്ലാം കത്തിലെഴുതി. പതിയെ ഇതിൽ നിന്നെല്ലാം അവനവനെ അടർത്തിയെടുക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും തളരാതെ ഒപ്പം ചേർന്ന് പോവുകയാണ് ഏറ്റവും വലിയ അതിജീവനം എന്നും ഈ സമയവും കടന്നുപോകുമെന്നും സമയമെടുത്താണെങ്കിലും ഇതിനിടയിൽ സ്വയം പഠിപ്പിച്ചെടുത്തു. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിൽ കത്തെഴുത്ത് വലിയ രീതിയിൽത്തന്നെ ഉപകരിച്ചിട്ടുണ്ടെന്ന് പറയട്ടെ.''

ആർദ്ര അക്ഷരി
മൂർദ്ധാവിൽ തറച്ച ആണി | വെബ്സീനിൽ വായിക്കൂ... »

അഭിരാമി എസ്. ആർ.

‘‘ഫോൺ കോളുകളോ ചാറ്റ് ഹെഡ്ഡുകളോ മീഡിയേറ്റു ചെയ്യുന്ന സൗഹൃദഭാഷണങ്ങളോട് താൽപര്യമില്ലാത്ത, ആളുകളെ നേരിൽ കണ്ടു സംസാരിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന എന്നെ പോലെയുള്ള ഓൾഡ് സ്‌കൂളുകാർക്ക് നല്ലൊരു തിരിച്ചടി തന്നെയായിരുന്നു കോവിഡ്. ഇക്കാരണത്താൽ എനിക്കു നഷ്ടമായ സുഹൃദ്ബന്ധങ്ങളും നിരവധിയാണ്. കോവിഡ് സമ്മാനിച്ച ഒറ്റപ്പെടലിന്റെ മറ്റൊരു പ്രത്യുൽപ്പന്നമാണ് എനിക്കുണ്ടാക്കുവാൻ കഴിഞ്ഞ എന്റെ സർഗ്ഗാത്മക രചനകൾ. കോവിഡിന്റെ സാമ്പത്തികശാസ്ത്രം പ്രതികൂലമായി ബാധിച്ച മനുഷ്യരിൽ ഒരാൾ കൂടിയാണ് ഞാൻ. സ്വകാര്യസ്ഥാപനത്തിൽ തുച്ഛവേതനക്കാരനായ അച്ഛന്റെ ശമ്പളം ജോലിയില്ലാതെ വീട്ടിലിരുന്ന സമയത്ത് വെട്ടിക്കുറച്ചത് നന്നായി ബുദ്ധിമുട്ടിച്ചു. (സർക്കാരിന്റെ കിറ്റിനെ കളിയാക്കുന്നവരോട് ഞങ്ങളൊക്കെ എന്തു പറയുവാനാണ്!)

അഭിരാമി എസ്. ആർ. |
കോവിഡുകാല പ്രതിസന്ധികൾ: ചില സ്വകാര്യാന്വേഷണങ്ങൾ | വെബ്സീനിൽ വായിക്കൂ... »

പുണ്യ സി.ആർ.

‘‘ഇക്കുറി ഓണത്തെ ഓർമകളിലൊതുക്കാതെ അത്തം തൊട്ട് തന്നെ പൂക്കളമിടാനും തിരുവോണ നാളിൽ അമ്മമ്മയെ കാണാൻ പോകാനും തീരുമാനിച്ചിരിക്കവെയാണ് വീട്ടിൽ പലർക്കും പനിയും ശരീരവേദനയുമുണ്ടാകുന്നത്. ഉടനെ ആശുപത്രിയിൽ പോയി കോവിഡ് പരിശോധന നടത്തി. എല്ലാവരും കോവിഡ് പോസിറ്റീവ്! പനിയും കടുത്ത തലവേദനയും ദേഹാസ്വസ്ഥതകളും കാരണം കിടപ്പിലായ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഒന്നെഴുന്നേറ്റിരിക്കാൻ പോലുമാകാതെ ഏറ്റവും അവശയായത് അമ്മയായിരുന്നു. പ്ലസ് വൺ പരീക്ഷയെഴുതാൻ പോകുന്ന അനിയത്തി ശാരീരികമായും, പരീക്ഷാ ടെൻഷൻ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കത്താലും തളർന്ന മട്ടായി. ഉറക്കമില്ലാതെയും ഉണർന്നിരിക്കാനാവാതെയും ഞങ്ങളുടെ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി.''

പുണ്യ സി.ആർ.
ഞങ്ങൾ എല്ലാവരും പോസിറ്റീവ് ആണ് | വെബ്സീനിൽ വായിക്കൂ... »

സ്മിത ഗിരീഷ്

‘‘കൊറോണക്കാലമല്ലേ, നിങ്ങൾ അപരിചിതർ ഇങ്ങനെ വീടുകളിൽ വരുന്നത് ശരിയല്ല എന്നു പറഞ്ഞ് അയാൾ എനിക്കുമുന്നിൽ വാതിലടച്ചുപോയി. സത്യമാണത്. എനിക്ക് പരിഭവം തോന്നിയില്ല. പക്ഷേ ജീവിച്ചിരിക്കുന്ന ഒരാൾ, മുൻപ് കണ്ടയാളോട്, താൻ മരിച്ചുപോയി എന്നൊക്കെപ്പറഞ്ഞാലോ? ചിന്തകൾ കുരുക്കി. ഗ്രില്ലിട്ട വീടിന്റെ ഭാഗത്തേക്ക് നടന്നു. അവിടെ ആൾത്താമസമില്ല എന്ന് മനസ്സിലായി. അവിടെ നരേന്ദ്രേട്ടൻ വരാന്തയിലെ ചുമരിൽ ഫ്രെയിം ചെയ്തു വെച്ച ഫോട്ടോയിലിരുന്ന് എന്നെ പരിചയ ഭാവത്തിൽ നോക്കി.''

സ്മിത ഗിരീഷ്:
നരേന്ദ്രേട്ടന്റെ വീട് | വെബ്സീനിൽ വായിക്കൂ... »

നിഷി ജോർജ്

‘‘ഏറെക്കാലമായി ഓൺലൈൻ ക്ലാസുകളിൽ മാത്രമാണ് കുട്ടികളെ കാണുന്നത്. വിദ്യാർത്ഥികൾക്കിടയിൽ പരസ്പരമോ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിലോ വലിയ അടുപ്പങ്ങളുടെ സാധ്യതകളില്ല. കൊറോണക്കാലത്ത് കലാലയങ്ങളിൽ അഡ്മിഷൻ നേടിയ കുട്ടികളെ സംബന്ധിച്ച് ഒരേ ക്ലാസിലുള്ള കുട്ടികൾക്കുതന്നെ പരസ്പരം അടുക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടില്ല. കുട്ടികളുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയോ മാനസികാവസ്ഥയോ വീട്ടിലെ സാമ്പത്തികാവസ്ഥയോ എന്താണെന്നത് കൃത്യമായി അറിയില്ല.''

നിഷി ജോർജ്:
താൽക്കാലികമെങ്കിലും ആഹ്ലാദിക്കാതിരിക്കുന്നതെങ്ങനെ? | വെബ്സീനിൽ വായിക്കൂ... »

നൗഫൽ എൻ.

‘‘കഴിഞ്ഞ ആറുമാസമായി വാടക കൊടുക്കാൻ ഇല്ലാത്ത അവസ്ഥയിൽ തിരുവനന്തപുരം നഗര ഹൃദയത്തിലെ ഓഫീസ് തൽക്കാലത്തേക്ക് പൂട്ടിയിട്ടാലോ എന്നാലോചിക്കുന്നതായി കഴിഞ്ഞ ദിവസം ഫോണിൽ പറഞ്ഞത് എണ്ണം പറഞ്ഞ നല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധക സ്ഥാപത്തിന്റെ ഉടമ കൂടിയായ സുഹൃത്താണ്. പി.എസ്.സി. പഠനച്ചെലവും വീട്ടുചെലവും നാട്ടിലെ ട്യൂട്ടോറിയലുകളിൽ ഓടി നടന്നു ക്ലാസെടുത്ത് കിട്ടുന്ന കാശുകൊണ്ട് നടത്തിയിരുന്ന കൂട്ടുകാരി എത്രയോ കാലമായി ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നു. ഒരു വർഷത്തിലേറെയായി വരുമാനം നിലച്ചിട്ട് എന്നവൾ നിസ്സംഗതയോടെ പറഞ്ഞത് എനിക്ക് ഓർമയുണ്ട്.''

നൗഫൽ എൻ.
ഒട്ടും ഹാപ്പിയല്ലാത്ത മനുഷ്യരുടെ ഓണക്കാലം | വെബ്സീനിൽ വായിക്കൂ... »

വി.കെ. അനിൽകുമാർ

‘‘ബിജു കുറ്റൂരാനെയാണ് ആദ്യം വിളിച്ചത്. വാർപ്പ് പണികഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ്. ബിജു കുറ്റൂരാൻ ആരാണെന്നോ? ഉത്തരമലബാറിലെ തെയ്യം ഇതിഹാസമായ തെക്കും കർണ്ണമൂർത്തിയുടെ മകൻ. കാലിക്കടവിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. വാർക്കപ്പണിയെടുത്താണ് ഇപ്പോൾ കുടുംബം പോറ്റുന്നത്. ബിജു കുറ്റൂരാൻ മുഴുവൻ സമയ തെയ്യക്കാരനാണ്. കോലം കെട്ടിക്കിട്ടുന്ന വരുമാനം കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നതാണ്. നല്ല തിരക്കുള്ള തെയ്യക്കാരനായി ബിജു മാറിക്കഴിഞ്ഞിരുന്നു. പക്ഷേ രോഗകാലം എല്ലാം തകിടംമറിച്ചു. രണ്ട് കളിയാട്ടക്കാലം നഷ്ടമായി. എല്ലാം കീഴ്‌മേൽമറിഞ്ഞു. സുഖമില്ലാത്ത ഭാര്യയും സ്‌കൂളിൽ പഠിക്കുന്ന രണ്ട് മക്കളും. നാലാളുള്ള വീട്ടിൽ ഉപയോഗിക്കാനാകുന്ന ഒരൊറ്റ ഫോൺ മാത്രമേയുള്ളു. രണ്ടുകുട്ടികൾക്കും ഒരേസമയം ക്ലാസുണ്ടായാൽ ഒരാൾ മാത്രം കാണും. ജോലിക്കുപോകുമ്പോൾ ഫോൺ കൊണ്ടുപോകാനാകില്ല. ജീവിതത്തിനു മുന്നിൽ പകച്ചുപോവുകയാണ്. ദൈവമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. തെയ്യത്തിലൂടെ ആൾക്കാരെ വിസ്മയിപ്പിച്ച ഒരു സാധുമനുഷ്യന്റെ ജീവിതമാണ്. ദൈവമായി ഒരുനാടിന്റെ രക്ഷനകാനാകാൻ അവതരിച്ച മനുഷ്യൻ സങ്കടങ്ങൾ പറയുമ്പോൾ നിസ്സഹായനായി കേട്ടിരിക്കാനേ കഴിഞ്ഞുള്ളു.''

വി.കെ. അനിൽകുമാർ
മനുഷ്യർ മാത്രമല്ല, ഇവിടെ ദൈവങ്ങളും കരയുന്നുണ്ട് | വെബ്സീനിൽ വായിക്കൂ... »

കെ.എസ്​. രതീഷ്​

‘‘ഒപ്പമിരിക്കാൻ നേരമില്ലാതിരുന്ന മാഷിനും കഥാകൃത്തിനും ‘ഇപ്പൊ നേരമേ ഉള്ളൂ' എന്നോർത്ത് ചെറിയ ഒരു ചിരി ഭാര്യയുടെ മുഖത്തുണ്ട്. അതിലേറെ ചിരിക്കാനും സംസാരിക്കാനും ഒരുപാട് നേരം. വിവാഹ വീഡിയോ രണ്ട് പിള്ളാരെ സാക്ഷിയാക്കി ലാപ്ടോപ്പിൽ ഒന്നുരണ്ട് തവണ കണ്ടെന്നു പറയുമ്പോൾ നിങ്ങൾക്ക് ഊഹിക്കാല്ലോ വീട്ടിനുള്ളിലേക്ക് വ്യാപിച്ച ചിരിയുടെ ആഴം. എന്തോ, പ്രണയവും രതിയും ഞങ്ങൾക്ക് തിരിച്ചുപിടിക്കാൻ ഈ അടച്ചിരുപ്പ് സഹായിച്ചു. വീടിന്റെ മുകളിൽ അമ്പതോളം ഇനം പത്തുമണിയും എട്ടുമണിയും പൂക്കൾ അവൾ നട്ടു വളർത്തിയത് ഞാൻ ഫോട്ടോയും വീഡിയോയുമാക്കി സ്‌കൂൾ ഗ്രൂപ്പിലിട്ടു. ഗപ്പി കുളം ഉണ്ടാക്കി, കുറേ പ്രാവുകൾ വന്നു കൂടി. വഴിയിൽ കിടന്ന ഒരു പട്ടിയും അയൽക്കാരി പൂച്ച പെറ്റിട്ട രണ്ട് പൂച്ചകളും ചേർന്ന് എന്റേതും കൂട്ടുകുടുംബമായി. സത്യത്തിൽ വീട് ഇത്രയും വലിയ ഇതിവൃത്തമുള്ളതാണെന്ന് കോവിഡ് ബോധ്യപ്പെടുത്തിയെന്നു വേണം പറയാൻ.''

കെ.എസ്. രതീഷ്
ആ അണുവെന്നെ പൂട്ടിയിട്ടതും ഈ കഥവന്നെന്നെ തുറന്നു വിട്ടതും...! | വെബ്സീനിൽ വായിക്കൂ... »

‘‘അബുദബിയിലെ ഓയിൽ ആൻറ്​ ഗ്യാസ് കമ്പനികളിലൊന്നിൽ നഴ്‌സാണ് സജിന. ആറു മണിക്കൂർ, കൂടിയാൽ എട്ടു മണിക്കൂർ ജോലിയുണ്ടായിരുന്നൊരുത്തിയാണ്. കോവിഡ് കാരണം പന്ത്രണ്ടു മണിക്കൂർ പണിയായി അവൾക്ക്. അതിരാവിലെ രാത്രിനേരത്തെ ലോക്ക്ഡൗൺ തീരും മുമ്പേ അവൾ പോകും. പണിയില്ലാത്ത ദിവസം എനിക്കുറങ്ങണം, രാവിലെ വിളിക്കല്ലേ എന്നലാറം ഓഫാക്കിയിരുന്നവളാണ്. അവളുടെ ജീവിതരീതി മാറിവരുന്നതു ഞാൻ തെല്ലു കൗതുകത്തോടെ കണ്ടിട്ടുണ്ട്. വീട്ടിലടച്ചിരിക്കേണ്ടി വന്നാൽ പുസ്തകം തുറക്കാമെനിക്ക്. പന്ത്രണ്ടു മണിക്കൂർ നീളുന്ന ജോലി കഴിഞ്ഞു വന്നവൾ അതിരാവിലെ എണീക്കുന്നു, ചെടികൾ നനക്കുന്നു, ഇലയൊതുക്കുന്നു. പുതിയ ജീവിതരസങ്ങളുണ്ടാക്കുന്നു. ഒരിക്കലും ഉടുക്കാത്ത പലതുമെടുത്തു ചുറ്റുന്നു. വെറുതേ അണിഞ്ഞൊരുങ്ങുന്നു, സെൽഫികളെടുക്കുന്നു, സ്റ്റാറ്റസു മാറ്റിമാറ്റി വെക്കുന്നു. ആദ്യം ഞാൻ വിചാരിച്ചു ഇതെന്ത് വട്ടാണെന്ന്, പിന്നീട് മനസ്സിലാക്കി ഓരോരുത്തർക്കുമീ കാലക്കേട് കടക്കാൻ എന്തെന്തു സൂത്രങ്ങളുണ്ടൊപ്പിക്കാവുന്നവയായിട്ട്.''

റഫീക്ക് തിരുവള്ളൂർ
അൽ ഹുസ്ൻ ആപ്പിലെ പച്ചവെളിച്ചം | വെബ്സീനിൽ വായിക്കൂ... »

കരുണാകരൻ

‘‘ആ ദിവസങ്ങളിൽ, ജോലി സംബന്ധമായി, ഞാൻ താമസിച്ചിരുന്നത് കോട്ട പോലുള്ള ഒരു അറേബ്യൻ വില്ലയിലായിരുന്നു, കുവൈറ്റിൽ. കോവിഡ് - 19 എന്ന മഹാമാരിക്ക് പിറകെ വന്ന ലോക്ക്?ഡൗൺ ദിനങ്ങളായിരുന്നു അത്. കുറേ മുറികളും കുറേ കോണിപ്പടികളും കുറേ വാതിലുകളുമുള്ള ആ വില്ലയിൽ, എന്റെ തന്നെ കാലടികൾ ഉണ്ടാക്കുന്ന ഒച്ചയ്ക്കും അതിന്റെ മാറ്റൊലിയ്?ക്കും ഒപ്പം, അതൊരു ഏകാന്ത തടവ് പോലെയുമായിരുന്നു. ഏറെയും എഴുതാൻ ആഗ്രഹിച്ചുകൊണ്ടും ചിലപ്പോൾ എഴുതിയും ഞാൻ ആ ദിവസങ്ങളെ പാട്ടിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കൈയ്യിൽ കരുതിയിരുന്ന ഒരു നോവൽ ചിലപ്പോൾ വായിച്ചു. മനുഷ്യരാശിക്ക് മോഹമൊന്നും ഇല്ലെന്നു തോന്നിക്കുന്ന ഒരു കഥയായിരുന്നു അതും. അങ്ങനെയൊരു രാത്രിയാണ്, പാതി ഉറക്കത്തിൽ, കട്ടിലിൽ ഇരിക്കുന്ന മനുഷ്യനെ ഞാൻ കണ്ടത്. അയാൾ പക്ഷെ എന്നെ കണ്ടതേ ഇല്ല.''

കരുണാകരൻ പേക്കിനാക്കളുടെ മ്യൂസിയം: മഹാമാരിയും എഴുത്തുകാരനും | വെബ്സീനിൽ വായിക്കൂ... »


Comments