രണ്ടു വർഷമായി ലോകത്തിലെ മനുഷ്യർ മഹാമാരിയുടെ കടലിലൂടെ നീന്തുന്നു. എന്നിട്ടും നമ്മൾ ഇപ്പോഴും അനിശ്ചിതത്വത്തിന്റെ തീരത്തുമാത്രമാണ്, കയറേണ്ട കര എത്രയോ ദൂരത്താണെന്നാണ് ശാസ്ത്രജ്ഞർ വിരൽ ചൂണ്ടുന്നത്.
2021 നവംബർ അവസാന വാരം മാത്രമാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ശാസ്ത്രലോകം കണ്ടെത്തിയ സൂചന തരുന്നത്. അതിനുശേഷം രണ്ടുമാസം തികയുന്നതിനുമുമ്പ് അവയുടെ പകർച്ചാവേഗത മൂലം ഒട്ടുമിക്ക രാജ്യങ്ങളിലേയും മനുഷ്യശരീരങ്ങളിൽ ഇവ പ്രവേശിച്ച്, പടർന്ന്, നിലവിലുണ്ടായിരുന്ന ഡെൽറ്റാ വകഭേദത്തെ നിഷ്‌ക്കാസിതമാക്കി ഓട്ടപ്രദക്ഷിണം നടത്തിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ തന്നെ ഒമിക്രോൺ വ്യാപനത്തോടെ ആളുകളിൽ മിക്കവരിലും തീവ്രലക്ഷണങ്ങളോടെ കോവിഡ് വൈറസ് ബാധയുണ്ടായിക്കഴിഞ്ഞു. ഇപ്പോൾ ഇത് ഒന്നടങ്ങിത്തുടങ്ങിയിട്ടുണ്ട്.
കോവിഡ് വൈറസിന് മുമ്പത്തെപ്പോലെ കത്തിപ്പടരാൻ ‘ഉണക്കപ്പുല്ലുകൾ’ നഷ്ടമായിക്കഴിഞ്ഞുവെന്നും ഇനി രോഗം തനിയെ കെട്ടടങ്ങുമെന്നുമുള്ള വിശ്വാസം, ഹേർഡ് ഇമ്യൂണിറ്റി ശാസ്ത്രത്തിന്റെ തന്നെ പിന്തുണയോടെ നിലവിലുണ്ട്.
മിക്കവാറും പേരിൽ അറിഞ്ഞോ അറിയാതെയോ വൈറസ് ബാധയുണ്ടായതിനാൽ കോവിഡ് വൈറസിന് മുമ്പത്തെപ്പോലെ കത്തിപ്പടരാൻ ‘ഉണക്കപ്പുല്ലുകൾ’ നഷ്ടമായിക്കഴിഞ്ഞുവെന്നും ഇനി രോഗം തനിയെ കെട്ടടങ്ങുമെന്നുമുള്ള വിശ്വാസം, ഹേർഡ് ഇമ്യൂണിറ്റി ശാസ്ത്രത്തിന്റെ തന്നെ പിന്തുണയോടെ നിലവിലുണ്ട്. ഇത് ഫലപ്രഥമായ ഇമ്യൂണിറ്റി നിലനിൽക്കുന്ന സമയദൂരത്തിന്റെ അകലം വരെ സുരക്ഷ തരുമായിരിക്കും എന്നുകരുതാം.
രോഗബാധക്കുപുറമേ, മുതിർന്നവരിൽ മിക്കവരും രണ്ട് ഡോസ് വാക്‌സിനും ചിലർ മൂന്നാമത്തെ ഡോസും എടുത്തുകഴിഞ്ഞു. അതിനാൽ, പ്രകൃത്യാലും കൃത്രിമമായും രണ്ടുതരത്തിലും നമുക്ക് ആർജിത സുരക്ഷിതത്വം കിട്ടിയെന്നും അതുകൊണ്ട്ഭാവിയിൽ കോവിഡ് അണുബാധ വീണ്ടും വന്നാൽ തന്നെ ഗുരുതരമാകാനടിയില്ലെന്നും പേടിക്കേണ്ടതില്ലെന്നും ധാരണയുണ്ട്. ഇതിനെ പിന്തുണക്കുന്ന ചില പഠനങ്ങൾ ഖത്തറിൽ നിന്ന് ലഭ്യമായത് ഫെബ്രുവരിയിൽ ന്യൂ ഇംഗ്ലണ്ട് ജേർണലിൽ (New England Journal of Medicine ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന ആൽഫ, ബീറ്റ, ഡെൽറ്റ ഗ്രൂപ്പിൽപ്പെട്ട വൈറസുകൾ മൂലം ഒരിക്കൽ രോഗം വന്നവരിൽ രണ്ടാമത് വരാതിരിക്കാനുള്ള സാധ്യത 60- 90% കുറവാണ്. പക്ഷെ, ഒമിക്രോണിൽ ഈ സാധ്യത 56 % മാത്രമാണ്.
സമാധാനിക്കാൻ വകയുള്ളത്, ഏതുതരമായാലും രണ്ടാമത് വരുന്ന കോവിഡ് അണുബാധയിലെ ഗുരുതരാവസ്ഥ 70- 100 % വരെ കുറഞ്ഞിരിക്കുമെന്നതാണ്. തെളിച്ചുപറഞ്ഞാൽ, ഒമിക്രോൺ ഒരിക്കൽ ബാധിച്ചവരിൽ പകുതിയിലധികം പേർക്കും വീണ്ടും വരാൻ സാധ്യതയുണ്ടെങ്കിലും അവരിൽ 75% ത്തോളം തീവ്രത കുറവായിരിക്കും. അതുപോലെ, ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്, വീണ്ടും രോഗമുണ്ടായിട്ടുള്ളവരിൽ ആദ്യ രോഗത്തെ അപേക്ഷിച്ച് മരണസാധ്യത 60% കുറവാണെന്നതാണ്. അതുകൊണ്ടായിരിക്കണം, ഒമിക്രോൺ പെട്ടെന്ന് വ്യാപിച്ച് ഒന്നര മാസം കൊണ്ട് കുറഞ്ഞു തുടങ്ങിയപ്പോൾ ആഫ്രിക്കയിലെ ഒരു സംഘം ഡോക്ടർമാർ ഇത് ഒരു അനുഗ്രഹമെന്ന് വ്യംഗ്യാർഥത്തിൽ പ്രസ്താവിച്ചത്.
നിലവിലുള്ള കോവിഡിന് അധികം രൂപാന്തരം സംഭവിക്കാതെ, ഭാവിയിൽ വീണ്ടും രോഗം വ്യാപിച്ചാലും അത് വ്യാപ്തിയിലും, ഗുരുതരാവസ്ഥയിലും തീവ്രത കുറയാനാണ് സാധ്യത എന്ന് വായിച്ചെടുക്കാം.
ഈ കാലത്തിനിടയിൽ നമ്മൾ മനസ്സിലാക്കിയത്, നിലവിലുള്ള വാക്‌സിനുകൾ ഫുൾഡോസ് നൽകിയാലും കോവിഡ് അണുബാധയിൽ നിന്നോ മറ്റുള്ളവരിലേക്ക് പകരുന്നതിലോ കുറവുണ്ടാകില്ലെന്നാണ്. അതേസമയം, രോഗം ഗുരുതരമാകുന്നതിലും മരണസാധ്യത കുറയ്ക്കുന്നതിനും കാര്യമായ സംഭാവന ഇവ മനുഷ്യരാശിക്ക് നൽകുന്നുമുണ്ട്. ഇത് പത്തിരട്ടിയോളം വരുമെന്നാണ് നിലവിലെ സ്ഥിതിവിവരക്കണക്ക് കാണിക്കുന്നത്.
വാക്‌സിൻ എടുക്കാത്തവരിലെ ആദ്യ രോഗബാധയുടെ ഗുരുതരാവസ്ഥ വളരെ കുടുമ്പോഴും അവരിൽ, വീണ്ടും രോഗം വന്നവരിൽ ആശുപത്രി ചികിത്സ വേണ്ടി വരുന്നവരുടെ എണ്ണം പകുതി കുറവാണ് എന്നാണ് യു.കെയിലെ റിപ്പോർട്ട് വിശകലനം. ഇതിൽ നിന്ന്, നിലവിലുള്ള കോവിഡിന് അധികം രൂപാന്തരം സംഭവിക്കാതെ, ഭാവിയിൽ വീണ്ടും രോഗം വ്യാപിച്ചാലും അത് വ്യാപ്തിയിലും, ഗുരുതരാവസ്ഥയിലും തീവ്രത കുറയാനാണ് സാധ്യത എന്ന് വായിച്ചെടുക്കാം.
എന്നാൽ, കോവിഡ് ഭീഷണിക്ക് അവസാന വിസിൽ മുഴക്കാനായിട്ടില്ല. എപ്പോഴും എവിടേയും വൈറസിന് മ്യൂട്ടേഷൻ സംഭവിച്ച് ഒമിക്രോൺ പോലുള്ള രൂപഭേദങ്ങളുണ്ടായി പ്രത്യാക്രമണം ഉണ്ടാക്കാനുള്ള സാധ്യത ലോകാരോഗ്യ സംഘടന തള്ളിക്കളയുന്നില്ല. ഇപ്പോൾ, ദിവസവും ലഭ്യമാകുന്ന ശാസ്ത്രവിവരങ്ങൾക്കൊപ്പം ധാരാളം അനിശ്ചിതത്വങ്ങളും ഉള്ളതിനാൽ പ്രവചനം അസ്ഥാനത്താണ് എന്നാണ് ഈ പറഞ്ഞതിന്റെ ചുരുക്കം. ഒമികോണിന്റെ പാശ്ചാത്തലത്തിൽ 2022 ഫെബ്രുവരി 7 ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച രേഖ പ്രകാരം, മുമ്പ് കോവിഡ് വന്നവരും ബൂസ്റ്റർ ഡോസടക്കം എത്ര ഡോസെടുത്താലും, തൊണ്ണൂറ് ദിവസം കഴിഞ്ഞാൽ ‘വാക്‌സിനെടുക്കാത്ത' പ്രതിരോധമില്ലാത്തവരെപ്പോലെ പരിഗണിച്ച് സമ്പർക്ക നിയന്ത്രണ നടപടികൾ എടുത്തിരിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. ഡെന്മാർക്കിൽ നിന്ന് വന്ന പുതിയ റിപ്പോർട്ടുകളിൽ ഇതിന്റെ സൂചനയുണ്ട്.
വൈറസുകളിലെ ജനിതക വ്യതിയാനം പെട്ടെന്നുണ്ടായതല്ലെന്നും കാലഗണനയനുസരിച്ച് പ്രാഥമിക വ്യതിയാനങ്ങളുടെ ഉറവിട സമയം 2020ന്റെ പകുതിയിലെന്നോ സംഭവിച്ചിട്ടുണ്ടാകാമെന്നുമാണ് ഇവല്യൂഷൻ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
ഒമികോണിന്റെ പിറവി തന്നെ ആദ്യം കണ്ടുപിടിക്കപ്പെട്ട നവംബറിന് എത്രയോ മുമ്പ് ആകാമെന്നാണ് ഇപ്പോഴത്തെ നിഗമനങ്ങൾ. നേച്ചർ മാഗസിനിൽ ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഒമിക്രോണിന്റെ ഉറവിടത്തെ കുറിച്ച് ജനിതക ബയോളജി ശാസ്ത്രജ്ഞരുടെ അഭിപ്രായം പങ്കവെക്കുന്നുണ്ട്. 2021 നവംബർ അവസാന വാരം ദക്ഷിണാഫ്രിക്കയിൽ പ്രിട്ടോറിയ നഗരത്തിലെ രോഗികളിൽ നിന്ന് ആദ്യമായി തിരിച്ചറിയപ്പെട്ട വൈറസുകളിലെ ജനിതക വ്യതിയാനം പെട്ടെന്നുണ്ടായതല്ലെന്നും കാലഗണനയനുസരിച്ച് പ്രാഥമിക വ്യതിയാനങ്ങളുടെ ഉറവിട സമയം 2020ന്റെ പകുതിയിലെന്നോ സംഭവിച്ചിട്ടുണ്ടാകാമെന്നുമാണ് ഇവല്യൂഷൻ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ഇതുവരെ ഇത് അറിയപ്പെടാതെ ‘ക്യാറ്റ് ആൻറ് മൗസ്’ കളിച്ച് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. കാരണമായി ചൂണ്ടിക്കാണിക്കുന്നത്, ഇതിലുള്ള 50 ലധികം വ്യതിയാനങ്ങളിൽ മുപ്പതിലധികം വൈറസിന്റെ സ്‌പൈക് ഭാഗത്ത് തന്നെയുണ്ടായിട്ടുണ്ട്. ഇത് ഒറ്റയടിക്ക് ഉണ്ടാകാൻ സാധ്യതയില്ലാത്തതും പല സ്റ്റേജുകളിലൂടെ മാത്രം സംഭവിക്കാവുന്നതുമായ പ്രക്രിയയാണ്.
ഒമിക്രോണിന്റെ ഉത്ഭവത്തെക്കുറിച്ച് മൂന്ന് തിയറി സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ട് വെക്കുന്നത്.
ഒന്ന്: മനുഷ്യരിൽ നിന്ന് - പ്രതിരോധ ശക്തി കുറയുന്ന രോഗമുള്ളവരിൽ കോവിഡ് അണുബാധ ദീർഘനാൾ (പന്ത്രണ്ട് ആഴ്ചയിലധികം ) നീണ്ടുനിൽക്കാറുണ്ട് . ഇങ്ങനെ ഏതെങ്കിലും ഒരു ലോങ്ങ് കോവിഡ് രോഗിയുടെ ശരീരത്തിൽ മാസങ്ങളോളം വൈറസ് അതിജീവിച്ചുനിന്നപ്പോൾ അവ ദീർഘനാളായി പല തവണ വിഭജിച്ച് പെരുകുകയും റാൻഡം ആയി പല നാളുകൾക്കിടയിൽ ജനിതക വ്യതിയാനം സംഭവിക്കുകയുമായിരിക്കാം. അവ ആ വ്യക്തിയിൽ നിന്ന് സമീപത്തെ മറ്റുള്ളവരിലേക്ക് എത്തിയതാകാം. പിന്നീട് പുറമേക്ക് വ്യാപകമായി പടർന്നതും ആകാം.
രണ്ട്: ഏതെങ്കിലും രാജ്യത്ത് മനുഷ്യരിൽ സംഭവിച്ച, കണ്ടുപിടിക്കാൻ വിട്ടുപോയ ‘മിസ്ഡ് മ്യൂട്ടേഷനാ’യിരിക്കാം ഇത്. ലോകത്തെല്ലായിടത്തും കോവിഡ് രോഗികളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് വൈറസിന്റെ ജനിതക സീക്വൻസിങ്ങ് നടത്തി, അവയുടെ വിവരം അന്താരാഷ്ട്ര തലത്തിൽ ജനിതക ബാങ്കിൽ പങ്കുവെക്കപ്പെടുന്നുണ്ട്. ഇതുവരെ 75 ലക്ഷത്തിലധികം സാമ്പിളുകളിലെ വൈറസുകളുടെ ജീനോ ടൈപ് മാപ്പ് ചെയ്ത് ശേഖരിച്ചിട്ടുണ്ട് (GIS AID data base). ഇങ്ങനെയുള്ള ജനിതക മാപ്പിങ്ങ് കാര്യക്ഷമമായി നടത്താത്ത ഏതെങ്കിലും രാജ്യത്ത് വ്യതിയാനം ശ്രദ്ധയിൽപ്പെടാത്തതുകൊണ്ട് സംഭവിച്ചതാകാം, അവിടങ്ങളിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് അറിയാതെ പടർന്നതാകം എന്നാണ് ഇതുപ്രകാരമുള്ള തിയറി. പക്ഷെ മുകളിൽ സൂചിക്കപ്പെട്ട രണ്ട് തിയറികൾക്കും ശാസ്ത്രീയ സാധ്യത കുറവാണ്.
മൂന്ന്: കോവിഡ് വൈറസ് ആദ്യമേ മനുഷ്യരിൽ നിന്ന് സമ്പർക്കം വഴി മൃഗങ്ങളിൽ എത്തിയിരുന്നു. അങ്ങനെ മൃഗങ്ങളെ ബാധിച്ച കോവിഡ് വൈറസുകൾക്ക് മ്യൂട്ടേഷൻ സംഭവിച്ച് തിരിച്ച് മനുഷ്യരിൽ എത്തപ്പെട്ടതാണ് എന്നതാണ് ഈ തിയറി. പാൻഡമിക്കിന്റെ ആദ്യവർഷത്തിൽ തന്നെ പലയിടത്തും മൃഗശാലകളിലും യൂറോപ്യൻ രാജ്യങ്ങളിൽ ‘മിങ്ക്' (MINK) എന്ന ഒരു തരം നീർനായ്ക്കളിലും കോവിഡ് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ അവയ്‌ക്കൊന്നും മൃഗങ്ങളിലല്ലാതെ മനുഷ്യരിലേക്ക് തിരിച്ച് ബാധിക്കാൻ കഴിവില്ലെന്നായിരുന്നു മനസ്സിലാക്കിയിരുന്നത്. എന്നാൽ ആദ്യം മൃഗങ്ങളിലെത്തിയ വൈറസിന്റെ പിൻമുറക്കാർ തലമുറകളിലൂടെ ആർജിതമായ ശേഷിയാൽ, ജനിതകമായി രൂപാന്തരപ്പെട്ട് മനുഷ്യരിലേക്ക് പടരാൻ കഴിവ് നേടിയെടുത്തതായാണ് നിഗമനം. ഇതിനെ സാധുകരിക്കുന്ന വിധത്തിലാണ് ഒമിക്രോണിലുണ്ടായ അമ്പതിലധികം ജനിതക വ്യതിയാനങ്ങൾ. ഇവയിൽ സ്‌പൈക്ക് ഭാഗത്തുണ്ടായ മുപ്പതിലധികം വ്യതിയാനങ്ങളിൽ പലതും വൈറസുകൾക്ക് പക്ഷിവർഗത്തിൽ പെട്ട കോഴികൾ, ടർക്കികൾ, ജന്തുക്കളായ എലികൾ ഇവയിലെ സ്വീകരണികളുമായി സന്ധിക്കാൻ പറ്റുന്ന വിധത്തിലുമാണ്. ചിലത് മനുഷ്യരിൽ സാധ്യമാകാത്തതുമാണ്. അതിനാൽ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലെത്തിയ വൈറസ് തിരിച്ച് ‘റിവേഴ്‌സ് സൂണോസിസ്' (Reverse Zoonosis) ആയി മനുഷ്യരിൽ തിരിച്ചെത്തി വ്യാപിച്ചതാണ് ഒമിക്രോൺ എന്ന ഈ തിയറിക്കാണ് കൂടുതൽ സ്വീകാര്യത.
ഇപ്പോൾ തന്നെ ആരും അറിയാതെ അവരവരുടെ ഊഴം കാത്ത് വല്ല കോവിഡ് വകഭേദങ്ങളും മൃഗങ്ങളിലോ മനുഷ്യർക്കിടയിലോ ലോകത്തിലെവിടെയെങ്കിലും ഒളിച്ചിരുന്ന് ചെറുതായി പടരുന്നുണ്ടോ എന്നതും തള്ളിക്കളയാനാവില്ല.
ഇതിന്റെ റൂട്ട് മാപ്പ് ഇങ്ങനെ വ്യക്തമാക്കാം. രോഗബാധയുള്ള മനുഷ്യരുടെ വിസർജ്യങ്ങളിൽ നിന്ന് വൈറസ് സീവേജ് ശേഖരങ്ങളിലെത്തുന്നു. അവിടെ നിന്ന് ഡ്രൈനേജുകളിലെ എലികളിലെത്തുന്നു. തുടർന്ന് ഇവ എലികളിലൂടെ പടരുകയും ഇതിനിടെ പല ജനിതക രൂപഭേദങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവയിൽ ഏതെങ്കിലും ആകസ്മികമായി സമ്പർക്കത്തിൽ പെട്ട ഒരാളിലെത്തി, മറ്റു മനുഷ്യരിലേക്ക് വ്യാപിച്ചതായി അനുമാനിക്കുന്നു. അതുകൊണ്ടായിരിക്കാം എലികളിലെ ജീവിതകാലങ്ങളിൽ ഒമിക്രോൺ വൈറസുകളിലുണ്ടായ വ്യതിയാനങ്ങൾ ശാസ്ത്രജ്ഞർക്ക് ട്രേയ്‌സ് ചെയ്യാനാകാതെ പോയത്. ലോകത്തെ എവിടെനിന്നും ആളുകളും ഒപ്പം വൈറസും എത്തുന്ന നഗരമായ ജോഹന്നാസ് ബർഗിൽനിന്ന് അധികം അകലെയല്ല ഒമിക്രോൺ ആദ്യം കണ്ടത്തിയ പ്രിട്ടോറിയ. ഏതായാലും, ഒമിക്രോണിന്റെ ഉറവിടത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ അന്തിമ റിപ്പോർട്ട് വരുന്നതുവരെ മൂന്നാമത്തെ തിയറിയാണ് ശരിയായി തോന്നുന്നത്.
ഇതിവിടെ സൂചിപ്പിക്കുന്നത്, ഒമിക്രോൺ ഭീഷണി തിരോഭവിച്ചാലും ഈ വഴികളിലൊക്കെ ഭാവിയിൽ ജന്തുക്കളും പക്ഷികളും വഴി കോവിഡ് വൈറസിന് ‘വാമന രൂപത്തിൽ ' പ്രച്ഛന്നവേഷത്തിലെത്താൻ കഴിവുണ്ടെന്നാണ്. ഇത് വരാതിരിക്കാൻ ലോകരാജ്യങ്ങൾ പാൻഡമിക്കിന്റെ ഇന്നത്തെ അവസ്ഥയിൽ എന്താണ് ചെയ്യുന്നത് എന്നൊരു ചോദ്യം നിലനിൽക്കുന്നു. ഇതുതന്നെ മറ്റൊരു ചോദ്യവും ഉയർത്തുന്നുണ്ട് - ഇപ്പോൾ തന്നെ ആരും അറിയാതെ അവരവരുടെ ഊഴം കാത്ത് വല്ല കോവിഡ് വകഭേദങ്ങളും മൃഗങ്ങളിലോ മനുഷ്യർക്കിടയിലോ ലോകത്തിലെവിടെയെങ്കിലും ഒളിച്ചിരുന്ന് ചെറുതായി പടരുന്നുണ്ടോ എന്നതും തള്ളിക്കളയാനാവില്ല. മനുഷ്യരുടെ ഏതൊക്കെ പ്രവൃത്തികളിലൂടെ എങ്ങനെയൊക്കെയാണ് വ്യതിയാനങ്ങളുണ്ടായി കോവിഡ് വൈറസ് ജന്തുക്കളിൽ നിന്ന് മനുഷ്യരിലെത്തിയതെന്ന് ചിന്തിക്കാനുള്ള വിവേകം ഈ അവസരത്തിലെങ്കിലുമുണ്ടാവണം. ലോകത്തിലെ മനുഷ്യർ പ്രകൃതിയും അവയിലെ ജീവജാലങ്ങളുമായി നടത്തുന്ന ഇടപെടലുകളും വികസന പ്രവർത്തനങ്ങളും ഇതിനനുസരിച്ചാണ് ഇനി വേണ്ടത്.
ഒരു തവണ രോഗാണുബാധയുണ്ടായവർക്കും ഒപ്പം വാക്‌സിൻ ലഭിച്ചവർക്കും ഉണ്ടാകുന്ന ‘ഹൈബ്രിഡ് ഇമ്യൂണിറ്റി', കോവിഡിന്റെ ഏതു വകഭേദമായാലും രോഗ തീവ്രതയും മരണങ്ങളും കുറക്കുമെന്നത് നമുക്കറിയാവുന്ന കാര്യമാണ്. എന്നിട്ടും വാക്‌സിൻ ലഭ്യതയുടെ കാര്യത്തിൽ വലിയ അന്തരം സമ്പന്ന - ദരിദ്ര രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുമ്പോൾ സമ്പന്ന രാജ്യങ്ങളും വാക്‌സിൻ കമ്പനികളും ‘വാക്‌സിൻ ഇക്യൂറ്റിക്ക്' എന്താണ് ചെയ്യുന്നത്? ആഫ്രിക്കൻ രാജ്യങ്ങളിൽ 80% പേരിലും വാക്‌സിൻ എത്തിയിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടനാ തലവൻ പറയുന്നത്. ഇപ്പോഴുള്ള വാക്‌സിനുകൾ മനുഷ്യർക്കിടയിലെ വൈറസ് വ്യാപനം തടയാൻ അത്ര പ്രാപ്തമല്ല. വൈറസ് വ്യാപനം മനുഷ്യരിൽ ഇനിയും കുറേ നാൾ നീണ്ടുനിന്നാൽ ഇനിയും മ്യൂട്ടേഷനുകൾക്ക് സാധ്യതകളുണ്ട്. ഇത് തടയാനുള്ള ഒരു വഴി ഫലപ്രദമായ വാക്‌സിൻ കണ്ടെത്തി നൽകലാണ്. ഇതിനായി അന്താരാഷ്ട്ര തലത്തിൽ എന്ത് ഭാവി പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്?
ഒരു വൈറസ് മനുഷ്യരാശിയെയാകെ ഒരു വിവേചനവുമില്ലാതെ ബാധിച്ച്കിടക്കയിലും കടക്കെണികളിലും ആക്കിക്കഴിഞ്ഞിട്ടും ലോകത്തിലെ വലിയ ശക്തികളായ റഷ്യയുടേയും അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോയുടെയും സൈനിക ശക്തികൾ ശൈത്യത്തിൽ തണുത്തുറയ്ക്കുന്ന ഉക്രൈനിന്റെ അതിർത്തികളിൽ പടക്കോപ്പുകളുമായി കൊമ്പുകോർക്കുകയാണ്. സാമ്പത്തിക ലാഭം മാത്രം നേട്ടമായി കണക്കാക്കുന്ന ഒരു വ്യവസ്ഥ അധീശത്വം നേടിയിട്ടുള്ള കാലത്ത് ചികിത്സയുടെ കാര്യത്തിലും മനുഷ്യർ ‘പാൻഡമിക്കിന്റെ കലക്കവെള്ളത്തിൽ മീൻ പിടിക്കുക’യാണ്.
ഇന്ത്യയിൽ പലയിടത്തും കോവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ നിന്ന് നീക്കിയ പല മരുന്നുകളും നിർബാധം ഇപ്പോഴും ചികിത്സയിൽ വ്യാപാരത്തിന്റെ വിപണന സാധ്യതയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
പാൻഡമിക്കിന്റെ ആദ്യവർഷങ്ങളിൽ വേണ്ട അറിവുകളില്ലാത്തതിനാൽ ചികിത്സകർക്ക് പല മരുന്നുകളും ശരിയായ തെളിവുകൾ ലഭ്യമല്ലാതിരുന്നിട്ടും പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരുന്നു. പിന്നീട് അവ ഫലപ്രദമല്ലെന്ന് കണ്ടതിനാൽ പിൻവലിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ പലയിടത്തും ഇങ്ങനെ കോവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ നിന്ന് നീക്കിയ പല മരുന്നുകളും നിർബാധം ഇപ്പോഴും ചികിത്സയിൽ വ്യാപാരത്തിന്റെ വിപണന സാധ്യതയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. വില കൂടിയ റംഡെസിവീറും, (Remdesivir) ഫാവി പിരാവറും (Favipiravar) ഔഷധക്കമ്പനികളുടെ ലാഭം പല ഇരട്ടി കൂട്ടി. പലയിടത്തും ജനങ്ങൾ കോവിഡാണെന്ന സംശയം വരുമ്പോൾ തന്നെ ഡോക്ടർമാരോട് കൺസൾട്ട് ചെയ്യാൻ പോലും മിനക്കെടാതെ മരുന്നുകടകളിൽ നിന്ന് അനാവശ്യമായ ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ വാങ്ങിക്കഴിച്ച് കീശ കാലിയാക്കുന്നു. മരുന്നുകടകളിൽ നിന്ന് വീടുകളിലേക്ക് നേരിട്ട് കിറ്റുകളെത്തിക്കുന്ന രീതിയും പലയിടങ്ങളിലും ഉണ്ടായിരുന്നു. സ്വകാര്യ മെഡിക്കൽ ഷോപ്പുകൾക്കുപുറമേ പല സംസ്ഥാനങ്ങളിലും സർക്കാരുകൾ മത്സരിച്ച് നേരിട്ട് വിറ്റാമിൻ ഗുളികകളും, സിങ്ക് (Zinc) ഗുളികകളും, ‘ഐവർ മിക്ടിൻ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾ ചേർന്ന ‘കോവിഡ് ' ഔഷധക്കിറ്റുകളും നൽകി ഖജാനാവ് കാലിയാക്കിയിട്ടുണ്ട് എന്നാണ് വാർത്തകൾ.
ഒമിക്രോണിനെതിരെ, ഫലപ്രദമല്ലെന്നറിഞ്ഞിട്ടും വൻകിട സ്വകാര്യ ആശുപത്രികൾ, ഒറ്റ ഡോസിന് 60,000 രൂപയിലധികം ചെലവ് വരുന്ന മോണോ ക്ലോണൽ ആന്റിബോഡികൾ, ചികിത്സാ മാനദണ്ഡം മറികടന്ന് രോഗികൾക്ക് നൽകുന്നു, ഇത് തടയാൻ സംസ്ഥാന സർക്കാറുകൾക്ക് കർശന നിർദ്ദേശം നൽകേണ്ട സ്ഥിതി വന്നു. കഴിഞ്ഞ വർഷം മരുന്നുകടകളിൽ ആൻറി ബയോട്ടിക്കുകളുടെ വിൽപന 30 ശതമാനം വർദ്ധിച്ചതായി വാർത്തയുണ്ട്. കോവിഡിനുശേഷം, ആൻറിബയോട്ടിക്കുകളെ മറികടക്കുന്ന രോഗാണുക്കൾ പെരുകാൻ ഇവയുടെ അനിയന്ത്രിത ഉപയോഗം വഴിമരുന്നായിട്ടുണ്ട് എന്നതാണ് വാസ്തവം. മിക്കവാറും പേരിൽ ചെറിയ രോഗലക്ഷണങ്ങളുണ്ടാക്കുന്ന ഒമിക്രോൺ ബാധ മരുന്നില്ലാതെ വിശ്രമം കൊണ്ടുതന്നെ ഭേദമാകും. രോഗികളുടെ ഭയം മുതലെടുത്ത് ശാസ്ത്രീയ പിൻബലമില്ലെങ്കിലും പോസ്റ്റ് കോവിഡ് രോഗചികിത്സ ‘ആയുഷ് 'ചികിത്സകർ നല്ലൊരു വിളവെടുപ്പ് കാലമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
മനുഷ്യർ ഒരിക്കലും ദുരിതങ്ങളും വിഷമതകളും തങ്ങളുടെ ഓർമകളിൽ അധിക കാലം സൂക്ഷിച്ചുവെക്കാൻ ആഗ്രഹിക്കാത്തവരാണ്. ‘പാൻഡമിക്ക് അമ്നേഷ്യ' യുടെ (Pandemic Amnesia) മറവികൾ, ദുരന്തം പഠിപ്പിച്ച പാഠങ്ങളെ ഡിലീറ്റ് ചെയ്യുന്നതിനുമുമ്പേ മാനവരാശി ഇനി വിവേകം വീണ്ടെടുത്ത് പ്രവർത്തിച്ച് തുടങ്ങേണ്ടതുണ്ട്. വൈറസുകളിൽ നിന്ന് ഭൂമിയിലെ മനുഷ്യർ എന്തു പാഠങ്ങളാണ് പഠിച്ചത്?- കോവിഡ് മൂലം മരിക്കുന്ന ഓരോരുത്തരും ജീവിച്ചിരിക്കുന്നവരോട് ഈ ചോദ്യം ചോദിച്ചാണ് മൺമറയുന്നത്.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.