photo:pexels.com

കോവിഡിന്റെഅമേരിക്കൻ വർത്തമാനം

അമേരിക്കയിൽ 2022 ഡിസംബർ ഒന്നു മുതൽ 31 വരെ, ഒരു ശതമാനത്തിൽനിന്ന്​ 40 ശതമാനത്തിലേക്ക് കോവിഡ്​ രോഗവ്യാപനമുണ്ടായി. ഏറ്റവും കൂടുതൽ വ്യാപനം ന്യൂയോർക്ക്, ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിലാണ്.

ധുനിക മനുഷ്യൻ നേരിട്ട ഏറ്റവും വലിയ മഹാമാരികളിലൊന്നാണ് കോവിഡ്- 19. ചൈനയിലുത്ഭവിച്ച് ലോകമാകെപ്പടർന്ന ആ വൈറസ് രോഗം, ചരിത്രത്തെ കോവിഡിനു മുമ്പും ശേഷവും എന്ന്​ രണ്ടായി വിഭജിച്ചു. മനുഷ്യരുടെ സാമൂഹ്യജീവിതത്തെ അത്​ നിശ്ചലമാക്കി. ശീലങ്ങളെല്ലാം തിരുത്തിയെഴുതപ്പെട്ടു. ‘നരവംശനവാതിഥി'കളുടെ കാഴ്ചപ്പാടുകൾ മുതിർന്നവരുടേതിൽനിന്ന്​ തികച്ചും വ്യത്യസ്തമായി. പ്രകൃതി അവരെ സംബന്ധിച്ച്​ നാലു ചുവരുകൾക്കുള്ളിലെന്നല്ല, കമ്പ്യൂട്ടറിന്റെയോ ടെലിവിഷന്റെയോ മൊബൈൽ ഫോണിന്റെയോ സ്‌ക്രീനുകൾക്കുള്ളിലേക്കു പരിമിതപ്പെട്ട മായക്കാഴ്ച മാത്രമായി. സൗഹൃദങ്ങൾ ശബ്ദങ്ങളായോ നിഴൽരൂപങ്ങളായോ പരിണമിച്ചു.

അമേരിക്കയിൽ കോവിഡ് ബാധിച്ചവരുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെയും എണ്ണം 2022 ഡിസംബറിൽ ക്രമാതീതമായി വർദ്ധിച്ചു.

വാക്സിനുകളുടെ കണ്ടുപിടിത്തത്തോടെയും പ്രതിരോധമാർഗങ്ങളവലംബിച്ചും ലോകം ആ രോഗത്തെ തുരത്തുകയാണെന്ന് ആശ്വാസം കൊള്ളുന്നതിനിടെ, ഇപ്പോൾ ചൈനയിൽ വീണ്ടും കോവിഡ് അഴിഞ്ഞാടുകയാണെന്ന വാർത്ത വന്നിരിക്കുന്നു; അതു വീണ്ടും ഭൂമിയെ വിഴുങ്ങുകയാണെന്നും. അമേരിക്കയിൽ ആക്രമണം നടത്തുന്ന കോവിഡ് വകഭേദത്തെ XBB 1.5 എന്നു ശാസ്ത്രലോകം വിളിക്കുന്നു. ഫലപ്രദമായ വാക്സിൻ എടുക്കാത്തവരെയും ഇതുവരെ കോവിഡ് വന്നിട്ടില്ലാത്തവരെയുമാണ് ഈ പുതിയ വകഭേദം ആക്രമിക്കുന്നത്.

അമേരിക്കയിൽ കോവിഡ് ബാധിച്ചവരുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെയും എണ്ണം 2022 ഡിസംബറിൽ ക്രമാതീതമായി വർദ്ധിച്ചു. സെപ്റ്റംബറിനുശേഷം ആഴ്ചയിൽ ഏതാണ്ട് 2500 മുതൽ 3000 വരെ രോഗികൾ മരിച്ചതായാണ് പുതിയ റിപ്പോർട്ട്​. ഔദ്യോഗികവെളിപ്പെടുത്തലനുസരിച്ച് പത്തുലക്ഷത്തിലധികം ആളുകൾ ഇതുവരെ മരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ കണക്ക് അതിലധികമായിരിക്കാനാണ്​ സാധ്യത.

ചരിത്രത്തെ കോവിഡിനു മുമ്പും ശേഷവും എന്ന്​ രണ്ടായി വിഭജിച്ചു. മനുഷ്യരുടെ സാമൂഹ്യജീവിതത്തെ അത്​ നിശ്ചലമാക്കി. ശീലങ്ങളെല്ലാം തിരുത്തിയെഴുതപ്പെട്ടു./photo:pexels
ചരിത്രത്തെ കോവിഡിനു മുമ്പും ശേഷവും എന്ന്​ രണ്ടായി വിഭജിച്ചു. മനുഷ്യരുടെ സാമൂഹ്യജീവിതത്തെ അത്​ നിശ്ചലമാക്കി. ശീലങ്ങളെല്ലാം തിരുത്തിയെഴുതപ്പെട്ടു./photo:pexels

ഇപ്പോഴത്തെ വേരിയന്റിന്റെ വ്യാപനശേഷി വളരെക്കൂടുതലാണ് എന്നതിൽ സംശയമില്ല. ഏറ്റവും പുതിയ സി.ഡി.സി (സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ) കണക്കുകൾ പേടിപ്പെടുത്തുന്നതാണ്. 2022 ഡിസംബർ ഒന്നു മുതൽ 31 വരെ, ഒരു ശതമാനത്തിൽനിന്ന്​ 40 ശതമാനത്തിലേക്ക് രോഗവ്യാപനമുണ്ടായി. ഏറ്റവും കൂടുതൽ വ്യാപനം ന്യൂ യോർക്ക്, ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിലാണ്.

മുമ്പുണ്ടായിരുന്ന ഒമിക്രോൺ വകഭേദത്തെക്കാൾ അഞ്ചിരട്ടി വ്യാപനശേഷിയുണ്ട്, പുതിയ വകഭേദത്തിന്​. ഒമിക്രോണിനാവട്ടെ, ആദ്യ കൊറോണ വൈറസിനെ അപേക്ഷിച്ച് അഞ്ചിരട്ടി വ്യാപനശേഷിയുണ്ടായിരുന്നു. വ്യാപനശേഷി കൂടുതലാണെങ്കിലും മുൻ വകഭേദങ്ങളുടെയത്രയും അപകടകാരിയല്ല ഇപ്പോഴത്തേത് എന്നു വിദഗ്ദ്ധർ പറയുന്നതാണ് ഏക ആശ്വാസം. ഏതായാലും ഉടനെയൊന്നും മാസ്‌കുകളിൽനിന്നോ യാത്രാവിലക്കുകളിൽനിന്നോ മറ്റു നിയന്ത്രണങ്ങളിൽനിന്നോ മുക്തി നേടാൻ ലോകത്തിനു സാധ്യമാകുമെന്നു തോന്നുന്നില്ല. KN95 മാസ്‌ക് തന്നെ വേണമെന്നാണ് സി.ഡി.സി നിർദ്ദേശിക്കുന്നത്, അതിപ്പോൾ ഓൺലൈനിലുൾപ്പെടെ വിപണിയിലെത്തിയിട്ടുണ്ട്.

അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്, ചൈനക്കാരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്നാണ്. അവരുടെ വാക്സിനുകൾ തദ്ദേശീയമായി നിർമിക്കപ്പെട്ടവയാണ്. മറ്റു രാജ്യങ്ങളിൽ ഉൽപ്പാദിപ്പിച്ച പ്രതിരോധവാക്സിനുകൾ അവർ നിരോധിച്ചിരിക്കുകയാണ്. അതിനാൽ അവരുടെ വാക്സിനുകൾ തന്നെയാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലുള്ളത്.

XBB 1.5 ബാധിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചുവരുന്നേയുള്ളു എന്നാണ്, സെൻറ്​ ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയുടെ ആരോഗ്യഗവേഷണ വിഭാഗം മേലധ്യക്ഷനും സാംക്രമികരോഗശാസ്ത്രവിഭാഗം ഡയറക്ടറുമായ ഡോ. സിയാദ് അൽ അലി പറയുന്നത്. അതിനാൽ ഈ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയാണു വേണ്ടത്. ഈ വകഭേദം കൊണ്ട് വീണ്ടും അസുഖം ബാധിക്കുന്നവർക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ടാകാമെന്നു പഠനങ്ങൾ തെളിയിക്കുന്നു. അമേരിക്കയിലെ നാഷണൽ സ്‌കൂൾ ഓഫ് ട്രോപിക്കൽ മെഡിസിനിലെ ഡീനും ടെക്സാസിലെ ചിൽഡ്രൻസ് സെന്റർ ഫോർ വാക്സിൻ ഡെവലപ്മെന്റിന്റെ (CVD) കോ- ഡയറക്ടറുമായ ഡോ. പീറ്റർ ജെ. ഹോട്ടെസിന്റെ അഭിപ്രായത്തിൽ, പുതിയ വേരിയൻറ്​ പിടിപെട്ടാൽ അഞ്ചു മുതൽ ഏഴു ദിവസംവരെ ശക്തമായ പനിയും തൊണ്ടവേദനയും ശ്വാസതടസ്സവുമുണ്ടാകും. ഈ കോവിഡ് നെഗറ്റീവാകാൻ 14 ദിവസംവരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

 ഏതായാലും ഉടനെയൊന്നും മാസ്‌കുകളിൽനിന്നോ യാത്രാവിലക്കുകളിൽനിന്നോ മറ്റു നിയന്ത്രണങ്ങളിൽനിന്നോ മുക്തി നേടാൻ ലോകത്തിനു സാധ്യമാകുമെന്നു തോന്നുന്നില്ല./ photo: unsplash
ഏതായാലും ഉടനെയൊന്നും മാസ്‌കുകളിൽനിന്നോ യാത്രാവിലക്കുകളിൽനിന്നോ മറ്റു നിയന്ത്രണങ്ങളിൽനിന്നോ മുക്തി നേടാൻ ലോകത്തിനു സാധ്യമാകുമെന്നു തോന്നുന്നില്ല./ photo: unsplash

അടുത്ത കാലത്ത് ചൈനയിൽ മരണസംഖ്യ കൂടിയതിനു കാരണം പലതാണ്. ഒന്നാമതായി, പൂഴ്ത്തിവയ്ക്കപ്പെട്ട വിവരങ്ങൾ പുറത്തുവന്നു എന്നതാണ്. അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്, ചൈനക്കാരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്നാണ്. അവരുടെ വാക്സിനുകൾ തദ്ദേശീയമായി നിർമിക്കപ്പെട്ടവയാണ്. മറ്റു രാജ്യങ്ങളിൽ ഉൽപ്പാദിപ്പിച്ച പ്രതിരോധവാക്സിനുകൾ അവർ നിരോധിച്ചിരിക്കുകയാണ്. അതിനാൽ അവരുടെ വാക്സിനുകൾ തന്നെയാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലുള്ളത്. ചൈനയിൽവച്ചുതന്നെ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ മറ്റു രാജ്യങ്ങളിൽ പടരുന്നതിന്റെ തീവ്രത പഠിച്ചാൽ മാത്രമേ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ കഴിയൂ എന്നതാണ് നിലവിലുള്ള അവസ്ഥ.

ചൈനയിൽ, ഔദ്യോഗികവും അനൗദ്യോഗികവുമായ കണക്കുകൾ തമ്മിൽ എപ്പോഴും വലിയ വൈരുദ്ധ്യമുണ്ട്. ദിനംപ്രതി 2100 രോഗികൾ മരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മരണനിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് വിദഗ്ദ്ധരും പറയുന്നത്. അതെന്തായാലും ഈ മാരകരോഗത്തിന്റെ വ്യാപനം തടയാൻവേണ്ട എല്ലാ പ്രതിരോധമാർഗ്ഗങ്ങളും മറ്റു രാജ്യങ്ങളിലുള്ളവർ സ്വീകരിച്ചേ മതിയാകൂ.

ഈ വർഷം ഏറ്റവും കൂടുതൽ വ്യാപനമുള്ള അഞ്ചു സംസ്ഥാനങ്ങൾ കാലിഫോർണിയ, ഫ്ലോറിഡ, ടെക്സാസ്, ന്യൂ യോർക്ക്, ഇല്ലിനോയി എന്നിവയാണ്.

അമേരിക്കയിൽ 2023 ജനുവരി ആറിന്​ അവസാനിച്ച ആഴ്ചയിലെ പുതിയ കേസുകൾ 76,496 ആണ്. തൊട്ടു മുമ്പുള്ള ആഴ്ചയിലേതിനെക്കാൾ ഏതാണ്ട് 30 ശതമാനം കൂടിയിരിക്കുന്നു. അടുത്ത നാലാഴ്ച കൊണ്ട് മരണനിരക്ക് 1500 മുതൽ 5000 വരെ ഉയർന്നേക്കാമെന്ന ഭീതിദമായ മുന്നറിയിപ്പുമുണ്ട്. കഴിഞ്ഞയാഴ്ച മരണനിരക്കിൽ 8.3 ശതമാനം വർദ്ധിച്ചു. കോവിഡ് മൂലം ഇതിനകം അമേരിക്കയിൽ 11 ലക്ഷത്തോളം മരണങ്ങളാണുണ്ടായിട്ടുള്ളത്​. ഈ വർഷം ഏറ്റവും കൂടുതൽ വ്യാപനമുള്ള അഞ്ചു സംസ്ഥാനങ്ങൾ കാലിഫോർണിയ, ഫ്ലോറിഡ, ടെക്സാസ്, ന്യൂ യോർക്ക്, ഇല്ലിനോയി എന്നിവയാണ്.

ചൈനയിൽ, ഔദ്യോഗികവും അനൗദ്യോഗികവുമായ കണക്കുകൾ തമ്മിൽ എപ്പോഴും വലിയ വൈരുദ്ധ്യമുണ്ട്. ദിനംപ്രതി 2100 രോഗികൾ മരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്/ photo:unsplash
ചൈനയിൽ, ഔദ്യോഗികവും അനൗദ്യോഗികവുമായ കണക്കുകൾ തമ്മിൽ എപ്പോഴും വലിയ വൈരുദ്ധ്യമുണ്ട്. ദിനംപ്രതി 2100 രോഗികൾ മരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്/ photo:unsplash

നേരത്തേ കോവിഡ് വന്നിട്ടുള്ള അഞ്ചിലൊരാൾക്ക് ഇപ്പോഴും ‘ലോംഗ് കോവിഡു’ണ്ടെന്ന്​ കണക്കുകൾ പറയുന്നു. മിക്കവർക്കും ഓർമക്കുറവും ശ്വാസതടസ്സവും വിട്ടുമാറാത്ത ചുമയും ഉണ്ടാകാറുണ്ട്. തളർച്ച, ഗന്ധമില്ലായ്മ, തലവേദന, നേരിയ പനി എന്നിവയും ലോംഗ് കോവിഡ് ലക്ഷണങ്ങളാണ്. എന്നാൽ കൃത്യമായി വാക്സിനെടുത്തവർക്ക് ലോംഗ് കോവിഡിന്റെ തീവ്രത കുറവായാണ് അനുഭവപ്പെടുന്നത്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് പ്രായക്കൂടുതലുള്ള ആളുകൾ പാർക്കുന്ന വൃദ്ധസദനങ്ങളിലും ഹോസ്പിറ്റലുകളിലുമാണ്. കോവിഡ് വ്യാപനമാണെന്നു തിരിച്ചറിയുന്നതിനു തൊട്ടുമുമ്പായിരുന്നു അവയെല്ലാം. അതുകൊണ്ട് ഹോസ്പിറ്റലുകളിൽ സന്ദർശനത്തിനെത്തിയിരുന്നവർ മാസ്‌ക് ധരിക്കുകയോ മറ്റു പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. വ്യാപനം തിരിച്ചറിഞ്ഞതോടെയാണ് സി.ഡി.സിയുടെ ശക്തമായ നിർദ്ദേശങ്ങൾ വന്നത്.

ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് അമേരിക്കൻ നഗരങ്ങളിൽ കൂടുതൽപേരും. അവർ വീട്ടിലിരുന്നു ജോലി ചെയ്തുതുടങ്ങി. വലിയ ഓഫീസ് കെട്ടിടങ്ങളിലെ മുറികൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങി. മീറ്റിംഗുകളധികവും ഓൺലൈനിലായി.

മനുഷ്യകുലത്തിന്റെ ഉൽപ്പത്തി മുതൽ മനുഷ്യൻ കൂട്ടമായി, ഗോത്രങ്ങളായാണു ജീവിച്ചുപോന്നത്. നായാടിയും കൃഷിചെയ്തും ഭൂഖണ്ഡാന്തരയാത്രകൾ നടത്തിയും അവർ പുലർന്നുപോന്നത് പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയാണ്. പുരോഗതിയുടെ ഏതോ ഘട്ടങ്ങളിൽ കൂട്ടുകുടുംബവ്യവസ്ഥയും അണുകുടുംബവ്യവസ്ഥയുമൊക്കെയുണ്ടായി. അപ്പോഴും സമൂഹജീവി എന്ന നിലയിലുള്ള വ്യക്തിത്വം ഒരു പരിധിവരെ സൂക്ഷിക്കാൻ മനുഷ്യനു കഴിഞ്ഞിരുന്നു. സ്വാർത്ഥതയ്ക്കപ്പുറത്തേക്കു വളരുന്നൊരു പാരസ്പര്യം അയൽക്കാരുമായോ സുഹൃത്തുക്കളുമായോ നാട്ടുകാരുമായോ സഹപ്രവർത്തകരുമായോ നിലനിർത്താൻ അവർക്കുസാധിച്ചു. അതുകൊണ്ടുതന്നെ, പ്രശ്നങ്ങളിൽ താങ്ങായും സാന്ത്വനമായും എപ്പോഴും അവർക്കുചുറ്റും സ്നേഹത്തിന്റെ തണൽമരങ്ങളുണ്ടായിരുന്നു. ഏതെങ്കിലും അജ്ഞാതകേന്ദ്രങ്ങളിൽനിന്നുള്ള വൈദ്യുതകാന്തികതരംഗങ്ങളായല്ല, മറിച്ച് ഭൗതികസമ്പർക്കത്തിലൂടെയായിരുന്നു ആ പാരസ്പര്യം നിലനിന്നുപോന്നത്.

മനുഷ്യർക്കു പരസ്പരം കണ്ടാലറിയാതായി.  ഈയവസ്ഥ, മനുഷ്യരാശി ഇതഃപര്യന്തമുണ്ടാക്കിയ എല്ലാ നേട്ടങ്ങളെയും കാലക്രമത്തിൽ തകർത്തെറിയും. ഒരു ജീവിക്ക് അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ജീവിയെ തിരിച്ചറിയാൻ കഴിയാതായാൽ പ്രപഞ്ചത്തിന്റെ താളം തെറ്റും. photo: pinterest
മനുഷ്യർക്കു പരസ്പരം കണ്ടാലറിയാതായി. ഈയവസ്ഥ, മനുഷ്യരാശി ഇതഃപര്യന്തമുണ്ടാക്കിയ എല്ലാ നേട്ടങ്ങളെയും കാലക്രമത്തിൽ തകർത്തെറിയും. ഒരു ജീവിക്ക് അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ജീവിയെ തിരിച്ചറിയാൻ കഴിയാതായാൽ പ്രപഞ്ചത്തിന്റെ താളം തെറ്റും. photo: pinterest

ആ സംസ്‌കാരമാണ് കോവിഡ് തകർത്തുകളഞ്ഞത്. ജനങ്ങളുടെ ചിന്താഗതിയും ജീവിതരീതിയും മാറിപ്പോയിരിക്കുന്നു. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് അമേരിക്കൻ നഗരങ്ങളിൽ കൂടുതൽപേരും. അവർ വീട്ടിലിരുന്നു ജോലി ചെയ്തുതുടങ്ങി. വലിയ ഓഫീസ് കെട്ടിടങ്ങളിലെ മുറികൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങി. മീറ്റിംഗുകളധികവും ഓൺലൈനിലായി. അഭിമുഖങ്ങൾ വെർച്വലായി. മറ്റു നഗരങ്ങളിലേക്ക്​ യാത്ര ചെയ്തിരുന്നവർ അവയൊഴിവാക്കി. കുട്ടികൾ ഓൺലൈൻ ക്ലാസുകളിലായതോടെ വിദ്യാലയങ്ങൾ അവർക്കന്യമായി. ഓൺലൈനിൽ ഓർഡർ നൽകിയാൽ വിഭവങ്ങൾ വീട്ടിലെത്തുന്ന സംവിധാനമുണ്ടായതോടെ മാർക്കറ്റുകളും ഷോപ്പിംഗുകളും ഇല്ലാതായി. ആളുകൾ പരസ്പരം കണ്ടുമുട്ടിയിരുന്ന പൊതുസ്ഥലങ്ങളെല്ലാംതന്നെ വിജനങ്ങളായി.

മനുഷ്യർക്കു പരസ്പരം കണ്ടാലറിയാതായി.

ഈയവസ്ഥ, മനുഷ്യരാശി ഇതഃപര്യന്തമുണ്ടാക്കിയ എല്ലാ നേട്ടങ്ങളെയും കാലക്രമത്തിൽ തകർത്തെറിയും. ഒരു ജീവിക്ക് അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ജീവിയെ തിരിച്ചറിയാൻ കഴിയാതായാൽ പ്രപഞ്ചത്തിന്റെ താളം തെറ്റും. അമേരിക്കയിൽ അതു കൂടുതൽ പ്രതിഫലിക്കും. എന്തെന്നാൽ, പിടിച്ചടക്കലിന്റെയും അധിനിവേശത്തിന്റെയും വിജയത്തിന്​കൂട്ടായ്മയാവശ്യമുണ്ടെന്ന് ആദ്യം മനസ്സിലാക്കിയ വിഭാഗത്തിൽപ്പെട്ടവരാണ് അമേരിക്കക്കാർ. ▮


തമ്പി ആൻറണി

കഥാകൃത്ത്, നോവലിസ്​റ്റ്​, നടൻ, സിനിമാ നിർമാതാവ്​. ഇടിചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ (നാടകം), മല ചവിട്ടുന്ന ദൈവങ്ങൾ (കവിത സമാഹാരം), ഭൂതത്താൻകുന്ന്, കൂനംപാറ കവലയും, ഏകാന്തതയുടെ നിമിഷങ്ങൾ (നോവലുകൾ) വാസ്കോഡിഗാമ, പെൺബൈക്കർ, മരക്കിഴവൻ (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments