മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം

‘‘സ്വരം താഴ്ത്തി മാത്രം സംസാരിക്കേണ്ട, അത്രയും ഗോപ്യമായി സൂക്ഷിക്കേണ്ട രഹസ്യമായിട്ടാണ് തലമുറകളായി മാനസികാരോഗ്യം എന്ന വിഷയത്തെ മലയാളി കൈകാര്യം ചെയ്തിരുന്നത്. ആസ്ത്രേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലുമൊക്കെ മാനസികാരോഗ്യത്തിനു ലഭിക്കുന്ന മികച്ച പരിഗണന ഇവിടെ ലഭിക്കാത്തത് എന്തുകൊണ്ടാണ്?’’- IMA പ്രസിദ്ധീകരണമായ ‘IMA നമ്മുടെ ആരോഗ്യം’ മാസികയുടെ 2025 ആഗസ്റ്റ് ലക്കത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ എഡിറ്റോറിയൽ, ‘പത്രാധിപർ സംസാരിക്കുന്നു’.

മാനസികാരോഗ്യം, മലയാളിയുടെ മുൻഗണനകളിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ ഒരിക്കലും കടന്നുവന്നിരുന്നില്ല. സ്വരം താഴ്ത്തി മാത്രം സംസാരിക്കേണ്ട, അത്രയും ഗോപ്യമായി സൂക്ഷിക്കേണ്ട രഹസ്യമായിട്ടാണ് തലമുറകളായി നാം ഈ വിഷയം കൈകാര്യം ചെയ്തിരുന്നത്. ഒരു വേലായുധനോ സ്വപ്നാടനമോ ബാലൻ മാഷോ നവംബറിന്റെ നഷ്ടമോ ഒക്കെ ചിലപ്പോൾ നമ്മുടെ സ്മൃതികളി ലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ കടന്നെത്തിയിരിക്കാമെന്നു മാത്രം.

ഇപ്പോഴും സാമൂഹികമായി ആ അവസ്ഥക്ക് വലിയ മാറ്റമൊന്നമുണ്ടായില്ലെങ്കിലും മലയാളിയുടെ മറ്റു പല ധാരണകളെയും പോലെ മാനസികാരോഗ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ ചെറിയ തോതിലെങ്കിലും നവീകരികരിക്കാൻ നാം തയാറാവുന്നത് കോവിഡിനു ശേഷമാണ്. രോഗവും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രോഗ സംക്രമണത്തെക്കുറിച്ചും രോഗം മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കാവുന്ന സ്വാഗതാർഹമല്ലാ ത്ത തുടർചലനങ്ങളെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമൊക്കെയുള്ള ശരാശരി മലയാളിയുടെ ധാരണകളെ മുഴുവൻ അപ്ഗ്രേഡ് ചെയ്യാൻ കഴിഞ്ഞു എന്നതിനപ്പുറം മാനസികാരോഗ്യത്തിന്റെ നിർണ്ണായക പ്രാധാന്യത്തെക്കുറിച്ച് ആ രോഗം നമ്മളോട് ഉറച്ച സ്വരത്തിൽ സംസാരിച്ചു.

‘ഭ്രാന്തൻ’, ‘വട്ടൻ’, ‘പൊട്ടൻ’ തുടങ്ങിയ അനാശാസ്യ മുദ്രകൾ പതിപ്പിക്കുന്നതിനപ്പുറത്ത് ശാരീരിക അസുഖങ്ങളെ പോലെ തന്നെയാണ് മാനസിക രോഗങ്ങളെന്നും അവ കൃത്യമായി ചികിത്സിക്കപ്പെടേണ്ടതാണെന്നും ഒളിച്ചുവെക്കേണ്ടതല്ലെന്നുമുള്ള ഒരു പുതു സാമൂഹിക അവബോധത്തിലേക്ക് പതുക്കെ മലയാളി ജ്ഞാനസ്നാനം ചെയ്യുകയായിരുന്നു. ആസ്ത്രേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലുമൊക്കെ മാനസികാരോഗ്യത്തിനു ലഭിക്കുന്ന മികച്ച പരിഗണന അനതിവിദൂരഭാവിയിൽനമുക്കും ലഭ്യമായേക്കാം എന്നാശിക്കാം.

ആസ്ത്രേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലുമൊക്കെ മാനസികാരോഗ്യത്തിനു ലഭിക്കുന്ന മികച്ച പരിഗണന അനതിവിദൂരഭാവിയിൽനമുക്കും ലഭ്യമായേക്കാം എന്നാശിക്കാം.
ആസ്ത്രേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലുമൊക്കെ മാനസികാരോഗ്യത്തിനു ലഭിക്കുന്ന മികച്ച പരിഗണന അനതിവിദൂരഭാവിയിൽനമുക്കും ലഭ്യമായേക്കാം എന്നാശിക്കാം.

പ്രാചീന ഭാരതീയ മനോരോഗ ചികിത്സ മുതൽ ആധുനിക കാലത്തെ ട്രാൻസ്ജെന്ററുടെ മാനസിക പ്രശ്‌നങ്ങളെ വരെ അഭിസംബോധന ചെയ്യുന്ന ഒൻപതു ലേഖനങ്ങളാണ് ഇത്തവണ ‘IMA നമ്മുടെ ആരോഗ്യം’ മാസിക വായനക്കാർക്കു വേണ്ടി കാത്തുവെക്കുന്ന ഉപഹാരം. മികച്ച എഴുത്തുകാരും പ്രഗൽഭ ചികിത്സകരുമായ ഡോ. സി.ജെ. ജോൺ, ഡോ. പി.എൻ. സുരേഷ്‌കുമാർ, ഡോ. ആൽഫ്രഡ് സാമുവൽ, ഡോ. എം. ഗൗതം കിരൺ, ഡോ. വറുഗീസ് പുന്നൂസ്, ഡോ. യു. വിവേക്, ഡോ. അരുൺ ബി നായർ, ഡോ. പി.വി. ജോസ് എന്നിവർ മാനസികാരോഗ്യത്തെ വ്യത്യ സ്തമായ വീക്ഷണ കോണു ളിലൂടെ നോക്കിക്കാണുന്നു. മാനസികാരോഗ്യത്തിൽ താൽപര്യമുള്ളവർക്ക് ഒരു കൈപ്പുസ്തകം എന്ന നിലയിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ലക്കത്തിന്റെ രൂപകല്പന നിർവഹിച്ചിട്ടുള്ളത്.

പുതിയ കാലത്ത് സാമൂഹികമായും രാഷ്ട്രീയമായും ശാരീരികമായിപ്പോലും ഡോക്ടർ സമൂഹം ആക്രമിക്കപ്പെടുന്ന ഒരു അവസ്ഥയിൽ, ഡോക്ടർമാരോടുള്ള കടപ്പാടും നന്ദിയും കൊണ്ട് സ്വയ മലിഞ്ഞുപോവുന്ന ഒരു എഴുത്തുകാരന്റെ സ്നേഹാഞ്ജലിയാണ് കെ.എം. നരേന്ദ്രന്റെ ‘നിങ്ങൾ ഉള്ളതുകൊണ്ടുമാത്രം’ എന്ന മികച്ച ലേഖനം. വായിച്ചു കഴിഞ്ഞാൽ, ഈ തൊഴിൽ തെര ഞ്ഞെടുത്തതിൽ ഏതു ഡോക്ടർക്കും അഭിമാനവും സംതൃപ്തിയും നൽകുന്ന ഒരു ലേഖനം.

ക്രിക്കറ്റിലും ടെന്നീസിലുമൊക്കെ അൺപ്രെഡിക്ടബിലിറ്റി കൊണ്ടാവാം, പലപ്പോഴും വളരെ ശ്രദ്ധിക്കപ്പെടുന്ന South paws എന്നറിയപ്പെടുന്ന ഇടതുകൈയന്മാർ നമ്മുടെ സാമൂഹിക ജീവിതത്തിൽ പരിഹാസവും അവഗണനയും ബുദ്ധിമുട്ടുകളുമാണ് പലപ്പോഴും അഭിമുഖീകരിക്കാറുള്ളത്. ഭിന്നശേഷിക്കാരെ പോലെ തന്നെ ഇടതുകൈയന്മാരും സ്കൂൾ കാലം മുതൽ പരിഹാസം കലർന്ന കൗതുകത്തിന്റെ ഇരകളാവാറാണ് പതിവ്. സഹാനുഭൂതിയോടെ അവരെ കാണുകയും ആത്മവിശ്വാസത്തോടെ ലോകത്തെ അഭിസംബോധന ചെയ്യാൻ അവരെ ഉണർത്തുകയും ചെയ്യുന്ന ഒരു അസാധാരണ ലേഖനം ഈ ലക്കത്തിൽ വായിക്കാം. ഐറിഷ് സാഹിത്യകാരനായ കോൾഫറുടെ ലോകപ്രശസ്ത കഥാലോകത്തിലെ അൽഭുത നായകനായ ആർട്ടെമിസ് ഫൗളിന്റെ വീര സാഹസിക കൃത്യങ്ങളിൽ ഇടതു കൈ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലത്തിൽ ജനിച്ചുവെങ്കിലും തിന്മയുടെ ശക്തികൾക്കെതിരെ വീരോചിതം പൊരുതാൻ നിയുക്തനായ ഈ കഥാപാത്രം ഇടതു കൈയന്മാരുടേതുകൂടിയാണ് ഈ ലോകം എന്ന് വിളിച്ചു പറയുന്നു. അവർക്ക് ആത്മവിശ്വാസം പകരുന്നു. സമാനമായ രീതിയിൽ വാമ ഹസ്തക്കാർക്ക് ആ മഹത്തായ സന്ദേശം കൈമാറുകയാണ്, ‘ഇടതു കൈ ചെയ്യുന്നത്’ എന്ന ഡോ. വി. ജിതേഷിന്റെ ലേഖനം.

ഭിന്നശേഷിക്കാരെ പോലെ തന്നെ ഇടതുകൈയന്മാരും സ്കൂൾ കാലം മുതൽ പരിഹാസം കലർന്ന കൗതുകത്തിന്റെ ഇരകളാവാറാണ് പതിവ്
ഭിന്നശേഷിക്കാരെ പോലെ തന്നെ ഇടതുകൈയന്മാരും സ്കൂൾ കാലം മുതൽ പരിഹാസം കലർന്ന കൗതുകത്തിന്റെ ഇരകളാവാറാണ് പതിവ്

ആത്മഹത്യകൾക്ക് മാനസിക സംഘർഷങ്ങളുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ദുർബലരായ മനുഷ്യർക്ക് പലപ്പോഴും കടുത്ത മാനസിക ആഘാതങ്ങൾ താങ്ങാൻ കഴിഞ്ഞു എന്നു വരില്ല. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് നമു ക്കുറപ്പുങ്കെിലും ആത്മഹത്യകൾ നടക്കുന്നു. സിനിമകളിലെ ആത്മഹത്യകൾ യഥാർത്ഥ ജീവിതത്തിലെ ആത്മഹത്യകളേക്കാൾ ചിലപ്പോൾ നമ്മെ തകർത്തു കളഞ്ഞേക്കും. സിനിമക്കുള്ളിലെ സിനിമാറ്റിക് അസേർഷൻ (Cinematic assertion) കാണിയെ അത്രമാത്രം തൃപ്തിപ്പെടുത്തിയേക്കാം എന്നതുകൊണ്ടാണത് സംഭവിക്കുന്നത്.

ലോക സിനിമയിലെ രണ്ടു ആത്മഹത്യകൾ സുശിക്ഷിതരായ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. കിം കി ഡുക്കിന്റെ ക്ലാസിക് സിനിമയായ സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിംഗ് എന്ന അസാദ്ധ്യ ചലച്ചിത്രത്തിൽ മൊണാസ്റ്ററിയിലെ പ്രധാന പുരോഹിതൻ (monk) അദ്ദേഹത്തിന്റെ ജീവിതത്തിലെ ദൗത്യങ്ങൾ എല്ലാം പൂർത്തിയായി എന്ന തിരിച്ചറിവിൽ ബുദ്ധിസ്റ്റ് ഫിലോ സഫിയുടെ പുസ്തകം കത്തിച്ച് അനുഷ്ഠാനപരമായി ആത്മഹനനത്തിന്റെ ക്രിയകളിലൂടെ കടന്നുപോവുന്നതിന്റെ ദൃശ്യങ്ങൾ നമ്മെ നിരന്തരം വേട്ടയാടും.

സെല്ലുലോയ്ഡ് വസന്തം അപ്രതീക്ഷിതമായി പൂത്തുലഞ്ഞ ഇറാനിലെ ചലച്ചിത്രകാരനായ അബ്ബാസ് കിയാറോസ്തമിയുടെ കാൻ ഫെസ്റ്റിവലിൽസമ്മാനിതമായ ടേസ്റ്റ് ഓഫ് ചെറി എന്ന സിനിമ ആത്മഹത്യ ചെയ്യാൻ മോഹിക്കുന്ന ഒരു മദ്ധ്യവയസ്കന്റെ കഥയാണ്. ആത്മഹത്യയുടെ സാമൂഹികവും മതപരവും ഫിലസോഫിക്കലുമായ അടരുകളെ യാണ് ഈ അസാധാരണ ചലച്ചിത്രം അഭിസംബോധന ചെയ്യുന്നത്. മലയാള സിനിമയിലെ ആത്മഹത്യകൾ എന്ന ലേഖനത്തിൽ ഡോ. മനോജ് കോലോത്ത് മലയാള സിനിമയിലെ അഞ്ച് ആത്മഹത്യകളുടെ മാനസികതലങ്ങൾ ഗാഢമായ ക്ലിനിക്കൽ പരിശോധനക്ക് വിധേയമാക്കുകയാണ്. ആ ആത്മഹത്യകൾ അവയുടെ പശ്ചാത്തലത്തിൽ നീതീകരിക്കപ്പെടുന്നുോ എന്ന സൗന്ദര്യാത്മക പ്രശ്‌നവും ഡോ. മനോജ് ഉന്നയിക്കുന്നു.

2002-ൽ മാതൃഭൂമി വിഷുപ്പതിപ്പിലെ കഥാ മത്സര ജേതാവായ സുനീഷ് കൃഷ്ണനാണ് മറക്കാനാവാത്ത രോഗിയെ ഇത്തവണ വായനക്കാർക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. തുടക്കക്കാരായ ആതുര ശുശ്രൂഷകർ കടന്നുപോവുന്ന ആംബി വാലൻസും ടെൻഷനും, പങ്കിടുന്ന ചെറിയ ആഹ്‌ളാ ദങ്ങളും സംതൃപ്തിയുമൊക്കെ ഒരു ചലച്ചിത്രത്തിലെന്നപോലെ ചുരുൾ നിവരുകയാണ് മലയോര മേഖലയുടെ സിരാകേന്ദ്രത്തിൽ. ഏതു കള്ളനിൽ നിന്നും വലിയ പാഠങ്ങൾ നമുക്കോരോരുത്തർക്കും പഠിക്കാനുണ്ടെന്ന വിലയേറിയ തിരിച്ചറിവാണ് ആ മനോഹരമായ ആഖ്യാനത്തിന്റെ ശേഷപത്രം.

സ്ത്രീകൾ, പ്രത്യേകിച്ച് വനിതാ ഡോക്ടർമാർ എഴുത്തുകാരികളാവുമ്പോൾ പുരുഷാധിപത്യ ലോകത്ത് ഒട്ടും സുഖകരമല്ല അവരുടെ സർഗ്ഗാത്മകജീവിതം എന്ന് ഖേദത്തോടെ പക്ഷേ ഒട്ടും കാലുഷ്യമില്ലാതെ വിളിച്ചു പറയുകയാണ് ഡോ. ശ്രീരേഖാ പണിക്കർ. മലയാളത്തിന്റെ അക്ഷര പുരുഷാകാരമായ എം.ടിയുടെ അനുഗ്രഹം തലക്കു മുകളിൽ ഒരു അദൃശ്യ സംരക്ഷണ കവചമായി നിൽക്കുന്നതിനാൽ ഡോ. ശ്രീരേഖ എല്ലാ പ്രതിബന്ധ ങ്ങളേയും സ്വാഭാവികമായി കാണുന്നു, ശബ്ദരഹിതമായി അവയെ അതിജീവിക്കുന്നു. ഉള്ളിൽ അവിരാമം ജ്വലിച്ചുകൊണ്ടിരിക്കുന്ന സർഗ്ഗാത്മകത ഒരേസമയം വേദനയും ലഹരിയുമാണ് അവർക്ക് സമ്മാനിക്കുന്നത്. പദങ്ങളുടെ മാന്ത്രികനും കാമുകനുമായിരുന്ന ആ കവി എത്രയോ കാലം മുമ്പ് ആ വിഹ്വലത ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ:
‘‘വേദന വേദന ലഹരി പിടിക്കും വേദന,
ഞാനതിൽ മുഴുകട്ടെ,
മുഴുകട്ടെ മമ ജീവനിൽ നിന്നൊരു
മുരളീ മൃദുരവമൊഴുകട്ടെ’’.

കാൾ മാക്‌സിന്റെ ജീവൻ ഡോ. ജോൺ സ്നോ ആണോ രക്ഷിച്ചത് എന്നന്വേഷിക്കുന്നു ഡോ. ബി. ഇക്ബാൽ. സങ്കരവൈദ്യത്തിന്റെ വെല്ലുവിളികളെ ഇഴ പിരിക്കുന്നു, ഡോ. ശങ്കർ മഹാദേവൻ. കുട്ടി കളുടെ നേത്രരോഗങ്ങളെക്കുറിച്ച് മികവുറ്റ ബോധവൽക്കരണം നടത്തുന്നു, ഡോ. ആർ. ആർ. വർമ്മ.

ഇന്ന് കേരളത്തിലെ കാൽനട യാത്രക്കാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെരുവുനായ കളുടെ ആക്രമണമാണ് എന്ന് അർത്ഥശങ്കക്കിടയില്ലാതെ പറയാം. സർക്കാർ കണക്കുകൾ അനുസരിച്ച് 2024 ൽ മാത്രം 3,16,793 പേരാണ് ഗവ. ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി എടുത്താൽ അത് ഇരട്ടിയെങ്കിലുമാവും എന്നുറപ്പാണ്. 2024- ൽ 26 പേരും 2025-ൽ മെയ് വരെ 16 പേരും പേ വിഷബാധയേറ്റു മരിച്ചു. അതിൽ 5 പേർ കൃത്യമായി വാക്‌സീൻ സ്വീകരിച്ചവരായിരുന്നു. ഞെട്ടിക്കുന്ന കണക്കുകളാണിവ. പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങളെ മുഴുവൻ ഒറ്റയടിക്ക് റദ്ദാക്കാൻ മാത്രം കെൽപ്പുള്ള ഈ സ്ഥിതിവിവരങ്ങളുടെ ഗുരുതരാവസ്ഥ നമ്മുടെ ഭരണകൂടങ്ങൾക്കും കോടതികൾക്കുപോലും തിരിച്ചറിയാനാവുന്നില്ലേ എന്ന സംശയം പൊതുസമൂഹത്തിന്റെ ഉൽക്കണ്ഠയാവുന്നത് ഒട്ടും ആശാസ്യമായ വസ്തു തയല്ല. എ.ബി.സി, വാക്‌സിനേഷൻ, ഐസോലേഷൻ, ആനിമൽ ഹസ്ബൻഡറി നിയമത്തിന്റെ നൂലാമാലകൾ ..... ശരാശരി മലയാളി അരക്ഷിതരും അതുകൊണ്ടുതന്നെ അക്ഷമരുമാ വുകയാണ്. നെതർലാന്റ്‌സിനും ആസ്ത്രേലിയക്കും മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും സാദ്ധ്യമായ Zero stray dog Policy നമുക്കെന്തുകൊണ്ട് അന്യമാവുന്നു? ഗാഢമായ പരിചിന്തനവും ശാസ്ത്രീയ കാഴ്ചപ്പാടും, ആത്മാർത്ഥവും ഫലപ്രദവുമായ ഭരണകൂട നടപടികളം കൊണ്ടു മാത്രമേ അക്ഷരാർത്ഥത്തിൽ ഈ ജീവന്മരണപോരാട്ടത്തിൽ നമുക്ക് വിജയിക്കാൻ കഴിയൂ. ശക്തവും ശാസ്ത്രീയവുമായ അഭിപ്രായങ്ങളും പ്രോ ആക്ടീവ് നിലപാടുകളുമുള്ള, സാമൂഹിക പ്രതിബദ്ധത കൊണ്ട് അടയാളപ്പെടുത്തിയ ഐ.എം.എ പോലുള്ള സംഘടനകളുമായി ഭരണകൂടങ്ങൾ ഇത്തരം കാര്യങ്ങളിൽ ആശയവിനിമയം നടത്തുമ്പോഴാണ് യഥാർത്ഥ ജനകീയ ഭരണ കൂടങ്ങൾ രൂപം കൊള്ളുന്നത് എന്ന് ഭാവി തലമുറകൾ നിശ്ചയമായും തിരിച്ചറിയും.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments