‘കമ്പി പുറത്തേക്ക് വന്നതല്ല’ ; മെഡി. കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന് അസ്ഥിരോഗവിഭാഗം മേധാവി

മറ്റു രോഗികള്‍ക്കും സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അതാണ് ഈ രോഗിയ്ക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം തന്നെ ഇതേ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകള്‍ നടത്തിയ മറ്റു രോഗികളുടെ എക്‌സ്‌റേകളും ഇതിന് തെളിവാണ്.

Think

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തള്ളി ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. വസ്തുതകള്‍ അറിയാതെ മെഡിക്കല്‍ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന, തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികള്‍ക്ക് നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാല്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നു. ഈ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാല്‍ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്തുനിന്ന് എല്ലിനോട് ചേര്‍ന്നാണ് താല്‍ക്കാലികമായി നാല് ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റും. കമ്പി പുറത്തേക്ക് വന്നതല്ല, അത് അങ്ങനെ പുറത്തേക്ക് തന്നെ വെക്കേണ്ട കമ്പിയാണ്. അത് നാലാഴ്ചത്തേക്ക് മാത്രമായാണ് വെക്കുന്നത്. അതിന് ശേഷം എടുക്കാന്‍ വേണ്ടിയാണ് പുറത്തേക്ക് വെക്കുന്നതെന്നും ജേക്കബ് മാത്യു പറഞ്ഞു.

മറ്റു രോഗികള്‍ക്കും സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അതാണ് ഈ രോഗിയ്ക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം തന്നെ ഇതേ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകള്‍ നടത്തിയ മറ്റു രോഗികളുടെ എക്‌സ്‌റേകളും ഇതിന് തെളിവാണ്.

1.8 മില്ലീ മീറ്റര്‍ കമ്പിയാണ് ഇടാന്‍ നിര്‍ദേശിച്ചത്. അതേ അളവിലുള്ള കമ്പി തന്നെയാണ് ഇട്ടതെന്നാണ് കരുതുന്നത്. ആരോഗ്യമന്ത്രി വിളിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചിട്ടുണ്ടെന്നും വീണ്ടും ശസ്ത്രക്രിയ നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ ജേക്കബ് മാത്യു ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജേക്കബ് മാത്യു പറഞ്ഞു.

കോതിപ്പാലം സ്വദേശി അജിത്തിന്റെ ശസ്ത്രക്രിയ മാറിചെയ്തുവെന്നായിരുന്നു രാവിലെ വന്ന പരാതി. കൈക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്നാണ് ആരോപണം. ബൈക്ക് അപകടത്തെത്തുടര്‍ന്ന് അജിത്തിന്റെ കൈക്ക് പൊട്ടലുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.

അജിത്തിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തി ചികിത്സാപ്പിഴവ് തെളിയിക്കപ്പെട്ടാല്‍ ഡോക്ടറിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എ.സി.പി രാമചന്ദ്രന്‍ അറിയിച്ചു. ഡി എം ഒയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Comments