ലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയ പുന്നപ്ര സ്വദേശിനി ഉഷ ജോസഫ്

ചികിത്സയുണ്ട്,
ആരോഗ്യമേഖലയുടെ
ചികിത്സാപ്പിഴവിന്

ഡോക്ടർമാരുടെ കുറവ്, സൗകര്യങ്ങളില്ലാത്ത ആരോഗ്യകേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ തുടർക്കഥയാവുന്നു. ഭരണക്രമം കാര്യക്ഷമതയില്ലാതെ തുടരുന്നു. നമ്മുടെ ഹെൽത്ത് സിസ്റ്റം ഇങ്ങനെ തുടർന്നാൽ മതിയോ?- ഡോ. യു. നന്ദകുമാർ എഴുതുന്നു.

റേ ഇപ്‌സാ ലോക്- ക്വിറ്റർ (Res ipsa loquitur)-
മറ്റു തെളിവുകളില്ലാതെതന്നെ കുറ്റകരമായ ശ്രദ്ധക്കുറവ് (criminal negligence) സ്ഥാപിക്കാനാവുന്ന അവസ്ഥയെ ഇങ്ങനെ വിളിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ ഉദരത്തിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ കണ്ടെത്തുന്നത് 'റേ ഇപ്‌സാ ലോക്- ക്വിറ്റർ' ആണെന്ന് സംശയരഹിതമായി പറയാം.

ശ്രദ്ധക്കുറവിന് തെളിവുണ്ട് എന്നു പറയുമ്പോൾ, ആര്, എപ്പോൾ, എങ്ങനെ പ്രവർത്തിച്ചപ്പോഴാണ് ശ്രദ്ധക്കുറവ് സംഭവിച്ചത് എന്നു പറയാനാവില്ല. അതിന് കൂടുതൽ അന്വേഷണം ആവശ്യമാണ്. വ്യക്തികൾ പ്രവർത്തിക്കുന്നത് അദൃശ്യമായ ചട്ടക്കൂടിനുള്ളിലാണ് എന്നു പറയുന്നതാണ് ശരി. അദൃശ്യ ചട്ടക്കൂടുകൾ വൈദ്യശാസ്ത്രത്തിൽ മാത്രമല്ല, ഏതു മേഖലയിലും കാണാം; വിദ്യാഭ്യാസം, തീവണ്ടിയോട്ടം, റസ്റ്റോറൻറ്റുകൾ, സ്പോർട്സ്, ടെലിവിഷനിലെ അന്തിചർച്ചകൾ എന്നിങ്ങനെ ഒന്നിലധികം വ്യക്തികൾ പ്രവർത്തിക്കുന്ന എന്തിലും. ഇതിനൊണ് പൊതുവിൽ സിസ്റ്റം എന്ന് വിശേഷിപ്പിക്കുന്നത്.

സിസ്റ്റത്തിന്റെ
ഗുണനിലവാരം

സിസ്റ്റം ഒരവസ്ഥയെ സൂചിപ്പിക്കുന്നു. എന്നാൽ അവസ്ഥയുടെ ഘടകങ്ങൾ എന്തെല്ലാമെന്നറിയാനും വേണ്ടിവന്നാൽ മെച്ചപ്പെടുത്താനും സിസ്റ്റത്തെ അളക്കാൻ കഴിയണം. കൃത്യമായി അളക്കാനായാൽ പ്രവർത്തനക്ഷമത അഥവാ ഗുണത (quality assurance) കണ്ടെത്താനാകും. ഉൽപ്പാദന- നിർമാണ മേഖലകളിൽ അനിവാര്യമായ ക്വാളിറ്റി പ്രോഗ്രാം സത്യത്തിൽ സേവനമേഖലകളിലും ഉപയോഗിച്ചുവരുന്നു; ചില മാറ്റങ്ങൾ ഉൾക്കൊണ്ടാണെന്നു മാത്രം.

ആരോഗ്യമേഖല, ആശുപത്രികൾ എന്നിവിടങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും ചില ലക്ഷ്യങ്ങൾ അഥവാ പ്രതീക്ഷിതഫലം (outcomes) ഉദ്ദേശിച്ച് നടപ്പാക്കുന്നതായിരിക്കും. അതായത് രോഗിയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നടക്കുന്ന ഓരോ പ്രവർത്തനവും നിശ്ചിത ക്രിയാതന്ത്രത്തെ (process) അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയവയായിരിക്കണം. ചിട്ടപ്രകാരമുള്ള പ്രവർത്തനരീതി എല്ലാ അവസരങ്ങളിലും ഒരുപോലെ നടക്കുകയും വേണം. അങ്ങനെയെങ്കിൽ ആശുപത്രി സേവനങ്ങളുടെ ഗുണത ഉറപ്പാക്കാം. രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവും കാര്യക്ഷമമായതും ആയ സേവനം ഉറപ്പായി എന്നു കരുതാം. ആശുപത്രികളിൽ ക്വാളിറ്റി ഉറപ്പാക്കൽ സത്യത്തിൽ പുതിയ കാര്യമല്ല. ക്വാളിറ്റിയുടെ കണക്കുശാസ്ത്രം ഫ്ലോറൻസ് നൈറ്റിംഗേൽ (Florence Nightingale) മുതൽ ആരംഭിച്ചതാണ്.

ചികിത്സയിലെ ശ്രദ്ധക്കുറവിന് തെളിവുണ്ട് എന്നു പറയുമ്പോൾ, ആര്, എപ്പോൾ, എങ്ങനെ പ്രവർത്തിച്ചപ്പോഴാണ് ശ്രദ്ധക്കുറവ് സംഭവിച്ചത് എന്നു പറയാനാവില്ല. അതിന് കൂടുതൽ അന്വേഷണം ആവശ്യമാണ്.
ചികിത്സയിലെ ശ്രദ്ധക്കുറവിന് തെളിവുണ്ട് എന്നു പറയുമ്പോൾ, ആര്, എപ്പോൾ, എങ്ങനെ പ്രവർത്തിച്ചപ്പോഴാണ് ശ്രദ്ധക്കുറവ് സംഭവിച്ചത് എന്നു പറയാനാവില്ല. അതിന് കൂടുതൽ അന്വേഷണം ആവശ്യമാണ്.

സിസ്റ്റം ഇങ്ങനെയാണ് എന്ന ചിന്തക്കപ്പുറം കണക്കുകളുടെ അടിസ്ഥാനത്തിൽ ഗുണത വിനിമയവിഷയമാകുമ്പോൾ മാത്രമേ ആശുപത്രിയിൽ സംഭവിക്കുന്ന പിഴവുകൾ കണ്ടെത്താനോ നിയന്ത്രിക്കാനോ സാധിക്കൂ. അതിനാൽ ആശുപത്രികളിൽ തങ്ങളുടെ ദൗത്യരേഖകൾക്ക് (mission statement) അനുസൃതമായി ക്വാളിറ്റി സംവിധാനം ആസൂത്രണം ചെയ്തിരിക്കണം. ആശുപത്രിയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂടിച്ചേരലാണ് സംവിധാനത്തിന്റെ ആത്മാവ്. അതിൽ നേഴ്സ്, ഡോക്ടർ, ടെക്നൊളജിസ്റ്റ് തുടങ്ങി വ്യത്യസ്ത പ്രൊഫഷണലുകളെ ഉൾപ്പെടുത്താം. പരിശീലനം കിട്ടിയവർ തീർച്ചയായും ഇതിനൊരു മുതൽക്കൂട്ടാകും. ഫലപ്രദമായ ക്വാളിറ്റി സംവിധാനത്തിനുമാത്രമേ മനുഷ്യസഹജമായ പിഴവുകൾ (human errors) നിയന്ത്രിക്കാനാവൂ. മനുഷ്യർ പ്രവർത്തിക്കുന്നിടത്തെല്ലാം പിഴവുണ്ടാവും; അത് യാത്രയിലായാലും ബഹിരാകാശത്തായാലും ആശുപത്രിയിലായാലും ഉണ്ടാവുക തന്നെചെയ്യും. അവ നിയന്ത്രിക്കാനാണ് മാനേജ്മെന്റ് ശാസ്ത്രം ശ്രമിക്കുന്നത്.

ആഗോളതലത്തിൽ 2023-ൽ മൂന്നു കോടിയോളം നഴ്‌സുമാരുള്ളതായി കണക്കാക്കുന്നു. ലോക ജനസംഖ്യയിലെ 17% മാത്രം വരുന്ന വികസിത രാജ്യങ്ങളാണ് നഴ്‌സുമാരിൽ പകുതി പേരെയും തൊഴിലിൽ പ്രവേശിപ്പിക്കുന്നത്.

ക്വാളിറ്റി കേന്ദ്രങ്ങൾ മെഡിക്കൽ കോളേജുകളിൽ നടപ്പാക്കാൻ ഇനിയും അമാന്തമരുത്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനസമയം മുതൽ ആശുപത്രി സേവനങ്ങളുടെ ക്വാളിറ്റി ഉറപ്പാക്കൽ എന്ന ആശയമുൾക്കൊള്ളാനും അതിന്റെ സാങ്കേതിക വശങ്ങളുമായി പൊരുത്തപ്പെടാനും ഇടയാകും എന്നതാണ് പ്രധാനം. അവിടുത്തെ വിദ്യാർത്ഥികളാണല്ലോ ഭാവിയിൽ ഇതര ആശുപത്രികൾ മാനേജ് ചെയ്യേണ്ടത്. വ്യത്യസ്ത ജോലികളിൽ ഏർപ്പെടുന്നവരുമായി തുല്യരെന്ന രീതിയിൽ ഇടപെടാനും പരസ്പര ബഹുമാനത്തോടെ പ്രവർത്തനഗുണത നടപ്പാക്കാനും ഉതകുന്ന മാനസികാവസ്ഥയിലേയ്ക്ക് യുവ ഡോക്ടർമാരെ തയ്യാറാക്കേണ്ടതുണ്ട്. വലിയ പണച്ചെലവുണ്ടാവുന്ന പരിഷ്കരമാണിതെന്ന തോന്നൽ ശരിയല്ല. ഘട്ടംഘട്ടമായി ആശുപത്രികളെ മാറ്റിയെടുത്താൽ ചെലവ് ചുരുക്കാനാകും, സംഘർഷങ്ങൾ മാനേജ് ചെയ്യുന്നത് സുഗമമാവും.

ക്വാളിറ്റി ഉറപ്പാക്കാൻ ഒന്നിലേറെ സംവിധാനങ്ങൾ ലഭ്യമാണ്. ഡോണബീഡിയൻ മാതൃക (Donabedian model) പരക്കെ അംഗീകരിക്കപ്പെട്ടുവരുന്നു. മൂന്നു ദിശകളിലൂടെ ആശുപത്രി ഗുണതയെ സമീപിക്കുന്നു.

ഒന്ന്, ഘടനാപരമായ പരിവർത്തനം:
അടിസ്ഥാന സംവിധാനം ഒരുക്കുക, സ്റ്റാഫിന് മെച്ചപ്പെട്ട പരിശീലനവും തുടർപരിശീലനവും നൽകുക എന്നിവയ്ക്ക് മുൻഗണന നൽകുന്നു.

രണ്ട്, ആശുപത്രിയിലെ എല്ലാ പ്രവർത്തനങ്ങളെയും നിശ്‌ചിത ക്രിയാതന്ത്രത്തിൽ (process) നിലനിർത്തുക:
ക്ലിനിക്കൽ നടപടിക്രമങ്ങളിൽ മാർഗരേഖകൾ പാലിക്കപ്പെടുന്നു എന്നും ഉത്തമ രീതിശാസ്ത്രങ്ങൾ (best practices) തന്നെ നടപ്പിലാക്കപ്പെടുന്നു എന്നും ഉറപ്പാക്കണം.

മൂന്ന്, നിർദ്ദിഷ്ട പരിണത ഫലങ്ങൾ (outcomes) സാധ്യമാക്കുകയാണല്ലോ ആശുപത്രികളുടെ ധർമം. അതിനാൽ രോഗികൾക്ക് ലഭിക്കുന്ന പരിണിത ഫലങ്ങൾ മോണിറ്റർ ചെയ്യുന്നത് ക്വാളിറ്റിയുമായി ബന്ധമുള്ള പ്രവർത്തനമാണ്. ഇവയെ Improving Structure, Optimizing Processes, Monitoring Outcomes എന്നറിയപ്പെടുന്നു.

ആശുപത്രി സേവനങ്ങളുടെ ക്വാളിറ്റി ഉറപ്പാക്കാൻ ഒന്നിലേറെ സംവിധാനങ്ങൾ ലഭ്യമാണ്. ഡോണബീഡിയൻ മാതൃക (Donabedian model) പരക്കെ അംഗീകരിക്കപ്പെട്ടുവരുന്നു. മൂന്നു ദിശകളിലൂടെ ആശുപത്രി ഗുണതയെ സമീപിക്കുന്നു.
ആശുപത്രി സേവനങ്ങളുടെ ക്വാളിറ്റി ഉറപ്പാക്കാൻ ഒന്നിലേറെ സംവിധാനങ്ങൾ ലഭ്യമാണ്. ഡോണബീഡിയൻ മാതൃക (Donabedian model) പരക്കെ അംഗീകരിക്കപ്പെട്ടുവരുന്നു. മൂന്നു ദിശകളിലൂടെ ആശുപത്രി ഗുണതയെ സമീപിക്കുന്നു.

നഴ്സിങ് ജീവനക്കാരുടെ പങ്ക്

സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളേജുകളുടെയും ഗുണനിലവാരം നിർണയിക്കുന്നതിൽ നഴ്‌സിംഗ് സ്റ്റാഫിന്റെ പ്രവർത്തനക്ഷമതയ്ക്ക് വലിയ പങ്കുണ്ട്. ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ട്, തസ്തികകൾ ഉണ്ടാവുന്നില്ല എന്നൊക്കെ പറയുമ്പോൾ നഴ്സിംഗ് എന്ന വലിയ വിഭാഗത്തെ വിസ്മരിച്ചുകൂടാ. മൂന്നു ഷിഫ്റ്റിലായി 24-മണിക്കൂറും കർമനിരതരാകേണ്ടവരാണ് നഴ്സിംഗ് വിഭാഗം. വാർഡ്, ഒ.പി, തീവ്രപരിചരണവിഭാഗം, ഓപ്പറേഷൻ തിയേറ്റർ, പേ വാർഡുകൾ എന്നിങ്ങനെ പലേടത്തും പ്രവർത്തിക്കേണ്ടവരായതിനാൽ നഴ്‌സുമാരുടെ എണ്ണം എത്ര കൂടിയാൽ സേവനം മെച്ചപ്പെടുത്താം എന്നു പറയാൻ പ്രയാസം. നഴ്സിംഗ് ജോലിയിലുള്ളവരിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരായതിനാൽ അവരുടെ കുടുംബ ബാധ്യത, പ്രസവം, ശിശുപരിപാലനം എന്നിവ കൂടി ചേർത്തുവേണം മാനവശേഷിയെക്കുറിച്ച് ചിന്തിക്കേണ്ടത്.

ഒരു ഷിഫ്റ്റിൽ നിരവധി ടാസ്കുകളുണ്ടാവാം; അതാകട്ടെ, ദിവസവും വ്യത്യസ്തമായിരിക്കും. രോഗികളുടെ തത്സമയ ആവശ്യങ്ങൾ, പ്രത്യേക പരിചരണാവശ്യങ്ങൾ, അഡ്‌മിഷൻ, ഡിസ്‌ചാർജ്ജ്, ട്രാൻസ്ഫർ, തുടങ്ങി പലതും ഷിഫ്റ്റനുസരിച്ച് മാറും. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം നിജപ്പെടുത്തിയ നഴ്‌സ്‌- രോഗി അനുപാതമാതൃക ചിന്തനീയമാണ്. ഒന്നാം ഷിഫ്റ്റിൽ 1:4, രണ്ടാം ഷിഫ്റ്റിൽ 1:5, മൂന്നാം ഷിഫ്റ്റിൽ 1:8 എന്നിങ്ങനെയാണ് നഴ്‌സ്‌: രോഗി അനുപാതം. കാലിഫോർണിയ സംസ്ഥാനം സമാന അനുപാതം പിന്തുടരുന്നു. ഇവിടെ വാർഡുകളിൽ 1:5, അത്യാഹിത വിഭാഗത്തിൽ 1:4, തീവ്രപരിചരണ വിഭാഗത്തിൽ 1:2 എന്ന അനുപാതം ഷിഫ്റ്റിന്റെ മാറ്റം പരിഗണിക്കാതെ പിന്തുടരുന്നു.

ഡോക്ടർമാർ അനുഭവിക്കുന്ന വർക്ക്- ലോഡ് സഹിക്കാവുന്നതിലും അധികമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡോക്ടർ, ജനസംഖ്യാനുപാതം 1:7000 ആണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചില ജില്ലകളിൽ 1:1000 എന്ന ആരോഗ്യകരമായ അനുപാതം നിലനിർത്താനുമായിട്ടുണ്ട്.

ലോകാരോഗ്യ സംഘടന മറ്റൊരു സമീപനം സ്വീകരിക്കുന്നു. സ്ഥാപനത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെയാകെ പരിഗണിച്ചാണ് ഓരോ തലത്തിലും എത്രപേർ ആവശ്യമെന്ന് നിർണയിക്കുന്നത്. കൃത്യമായി നഴ്‌സുമാരുടെ മാനവശേഷി കണ്ടെത്താൻ ഇത് സഹായിക്കുമെങ്കിലും നടപ്പിലാക്കുക എളുപ്പമല്ല. കണക്കെടുപ്പ് സങ്കീർണ്ണവും, തൊഴിൽ വ്യാപ്തി കണ്ടെത്തുന്നതിന് പരിശീലനവും ആവശ്യമാണ്.

മൂന്നു വിധം പ്രവർത്തനങ്ങൾ വർക്ക്- ലോഡിലുണ്ട്: പ്രവർത്തനങ്ങളുടെ തലം (task level), ഔദ്യോഗിക തലം (job-level), യൂണിറ്റ് തലം (unit level).
യൂണിറ്റ് തലം എന്നത് നഴ്‌സ് പ്രവർത്തിക്കുന്ന മേഖലയെ സൂചിപ്പിക്കുന്നു: അത്യാഹിതവിഭാഗം, തീവ്ര പരിചരണം, വാർഡ് എന്നിവ വ്യത്യസ്ത യൂണിറ്റായി കാണാം. ഇതിൽ ഓരോ തലത്തിലും വർക്ക്- ലോഡ് വ്യത്യസ്തമാണ്, ശാരീരികവും മാനസികവുമായ സ്ട്രെസ്സിലും മാറ്റമുണ്ടാവും. ഇതെല്ലം മാനവശേഷി കണക്കാക്കാനാവശ്യമായ ഘടകങ്ങളാണ്. തൊഴിലിടങ്ങളിലെ ക്ഷീണം, (burnout), പിഴവുകൾ എന്നിവയെ വർക്ക്- ലോഡ് സ്വാധീനിക്കും.

ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ട്, തസ്തികകൾ ഉണ്ടാവുന്നില്ല എന്നൊക്കെ പറയുമ്പോൾ നഴ്സിംഗ് എന്ന വലിയ വിഭാഗത്തെ വിസ്മരിച്ചുകൂടാ. മൂന്നു ഷിഫ്റ്റിലായി 24-മണിക്കൂറും കർമനിരതരാകേണ്ടവരാണ് നഴ്സിംഗ് വിഭാഗം. അമിതാധ്വാനം, പരിശീലനത്തിന്റെ പരിമിതി, തൊഴിലുപേക്ഷിക്കൽ എന്നിവ നഴ്സിംഗ് മേഖലയെ അലട്ടുന്നു.
ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ട്, തസ്തികകൾ ഉണ്ടാവുന്നില്ല എന്നൊക്കെ പറയുമ്പോൾ നഴ്സിംഗ് എന്ന വലിയ വിഭാഗത്തെ വിസ്മരിച്ചുകൂടാ. മൂന്നു ഷിഫ്റ്റിലായി 24-മണിക്കൂറും കർമനിരതരാകേണ്ടവരാണ് നഴ്സിംഗ് വിഭാഗം. അമിതാധ്വാനം, പരിശീലനത്തിന്റെ പരിമിതി, തൊഴിലുപേക്ഷിക്കൽ എന്നിവ നഴ്സിംഗ് മേഖലയെ അലട്ടുന്നു.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ 2030 ആകുമ്പോൾ നഴ്‌സിംഗ് രംഗത്തെ മാനവശേഷിപ്രശ്നം അതിരൂക്ഷമാകും. ഇന്ത്യയിലും പ്രശ്നമുണ്ട്. ഇവിടെ അമിതാധ്വാനം, പരിശീലനത്തിന്റെ പരിമിതി, തൊഴിലുപേക്ഷിക്കൽ എന്നിവ നഴ്സിംഗ് മേഖലയെ അലട്ടുന്നു. ആഗോളതലത്തിൽ 2023-ൽ മൂന്നു കോടിയോളം നഴ്‌സുമാരുള്ളതായി കണക്കാക്കുന്നു. ലോക ജനസംഖ്യയിലെ 17% മാത്രം വരുന്ന വികസിത രാജ്യങ്ങളാണ് നഴ്‌സുമാരിൽ പകുതി പേരെയും തൊഴിലിൽ പ്രവേശിപ്പിക്കുന്നത്. തന്മൂലം നേഴ്സ്- ജനസംഖ്യ അനുപാതം 37:10,000 മാത്രമാണ്. ഇന്ത്യയിലിത് 1:670 ആണ്; ലോകാരോഗ്യ സംഘടന പറയുന്നത് 1:300 വേണമെന്നാണ്. ചില പ്രത്യേക തലങ്ങളിൽ നഴ്സിംഗ് സേവനം പരിമിതപ്പെടും. മുതിർന്നവർ, പ്രത്യേക പരിഗണന വേണ്ടവർ, സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ളവർ എന്നീ ഇടങ്ങളിലാവും വലിയ പ്രശ്നം. എന്തായാലും ആശുപത്രികളുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥയിൽ ഇക്കാര്യത്തിനും സ്വാധീനമുണ്ട്.

കേരളത്തിൽ നിന്ന് ധാരാളം നഴ്‌സ്‌മാർ പാശ്ചാത്യ രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പാർക്കുന്നു. അവരിൽ കൂടുതൽ പേരും തിരികെ വരാനിടയില്ല എന്ന സത്യം നിൽക്കുന്നു. ഇത് വെറുമൊരു കുടിയേറ്റം മാത്രമായി കാണാനാവില്ല. ആരോഗ്യ മേഖലയിലെ അടിസ്ഥാന ശിലകളിൽ അസ്ഥിരതയുണ്ടാക്കാൻ പോന്നതാണിത്. ഗംഗാ ലക്ഷ്മി നടത്തിയ പഠനത്തിൽ ഇങ്ങനെ പറയുന്നു:
"The sudden reduction of the number of experienced nurses has raised the dependence on insufficiently qualified staff for healthcare. This has threatened the quality of patient care, resulting in delayed treatment, congested hospitals, and deterioration of public health outcomes. This trend is especially concerning in Kerala because of the high rate of the aging population, in the demography of the state." സമീപകാലത്തേയ്ക്കും ദീർഘകാലത്തേയ്ക്കും ഉപയുക്തമായ നയരൂപീകരണം ഇനിയും നീട്ടിവയ്ക്കാനാവില്ല.

രോഗികളുടെ എണ്ണം വർധിക്കുന്നത് പ്രവർത്തനക്ഷമതയെയും ഗുണതയെയും ബാധിക്കുമെന്നതിൽ തർക്കമില്ല. റിപ്പോർട്ടനുസരിച്ച് പലപ്പോഴും രോഗികൾക്ക് ലഭിക്കുന്ന കൂടിക്കാഴ്ച രണ്ടു മിനിറ്റിൽ കവിയാറില്ല. അങ്ങനെ ആരോഗ്യരംഗം സിസ്റ്റം ഓവർലോഡ് എന്ന അവസ്ഥയിൽ പെട്ടുപോകുന്നു.

ഡോക്ടർമാരുടെ വർക്ക് ലോഡ്

ആരോഗ്യമളക്കുന്ന പ്രധാന ഇൻഡെക്സുകൾ നോക്കിയാൽ കേരളം എന്തുകൊണ്ടും മുന്നിലാണ്; രോഗങ്ങളെ ചികിൽസിക്കാൻ ആശുപത്രികളും അനുബന്ധ കാര്യങ്ങളും ഉണ്ടായേ തീരൂ. ചികിത്സിക്കാൻ ഡോക്ടർമാരും അനുബന്ധ സേവനദാതാക്കളും ചേർന്ന കൂട്ടായ്മയാണ് ആരോഗ്യരംഗത്തിന്റെ അവിഭാജ്യ ഘടകം. അതിലാകട്ടെ ഇപ്പോൾ നഴ്‌സ്‌മാരുടെ ക്ഷാമം പോലെ സർക്കാർ മേഖലയിൽ ഡോക്ടർമാരുടെ ക്ഷാമവും ആരോഗ്യരംഗത്തെ സമ്മർദ്ദത്തിലാക്കുന്നു.

ആരോഗ്യ സ്ഥാപനങ്ങളിലെ നിർവഹണ ഓഡിറ്റ് റിപ്പോർട്ട് (2024) അനുസരിച്ച് ഡോക്ടർമാർ അനുഭവിക്കുന്ന വർക്ക്- ലോഡ് സഹിക്കാവുന്നതിലും അധികമാണ്. ഔദ്യോഗിക റിപ്പോർട്ടായതിനാൽ വിശ്വസനീയവുമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡോക്ടർ, ജനസംഖ്യാനുപാതം 1:7000 ആണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചില ജില്ലകളിൽ 1:1000 എന്ന ആരോഗ്യകരമായ അനുപാതം നിലനിർത്താനുമായിട്ടുണ്ട്.

ഡോക്ടർമാരുടെ എണ്ണം കുറയുന്ന ഇടങ്ങളിൽ ചികിത്സയുടെ ഗുണതയെയും പ്രതികൂലമായി ബാധിക്കുന്നു. ഉദാഹരണത്തിന് ഡോക്ടർ- രോഗി കൂടിക്കാഴ്ച ചുരുങ്ങിവരികയാണ്. രോഗികളുടെ എണ്ണം വർധിക്കുന്നത് പ്രവർത്തനക്ഷമതയെയും ഗുണതയെയും ബാധിക്കുമെന്നതിൽ തർക്കമില്ല. റിപ്പോർട്ടനുസരിച്ച് പലപ്പോഴും രോഗികൾക്ക് ലഭിക്കുന്ന കൂടിക്കാഴ്ച രണ്ടു മിനിറ്റിൽ കവിയാറില്ല. അങ്ങനെ ആരോഗ്യരംഗം സിസ്റ്റം ഓവർലോഡ് (system overload) എന്ന അവസ്ഥയിൽ പെട്ടുപോകുന്നു. ചികിത്സാപിഴവുകൾ മാത്രമല്ല, വേണ്ടത്ര പരിശോധനകൾക്ക് ഇടമില്ലാതാവുകയും ചെയ്യാനുള്ള സാധ്യതയേറും.

ഡോക്ടർമാരുടെ എണ്ണം കുറയുന്ന ഇടങ്ങളിൽ ചികിത്സയുടെ ഗുണതയെയും പ്രതികൂലമായി ബാധിക്കുന്നു.
ഡോക്ടർമാരുടെ എണ്ണം കുറയുന്ന ഇടങ്ങളിൽ ചികിത്സയുടെ ഗുണതയെയും പ്രതികൂലമായി ബാധിക്കുന്നു.

അലക്സ്, സരിത, ജോയ്, എന്നിവർ നടത്തിയ പഠനം (2025) ഇതിന്റെ ആഘാതം വിലയിരുത്താൻ ശ്രമിക്കുന്നു. ആരോഗ്യരംഗത്തെ ഏതാനും സ്ഥാപനങ്ങളുടെ ഓഡിറ്റ് എന്ന രീതിയിൽ നടത്തിയ പഠനം ചില ശ്രദ്ധേയ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. ഇന്ത്യയിലെ പൊതുജനാരോഗ്യ നിലവാരരേഖ (The Indian Public Health Standards - IPHS) അനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെങ്കിലും വേണം. ജില്ലാ ആശുപത്രികളിൽ 28 മുതൽ 66 വരെ ഡോക്ടർമാർ ഉണ്ടാവണം. ആശുപത്രി കിടക്കയുടെ എണ്ണമാണ് ഇതിന് മാനദണ്ഡം. പഠനം പരിഗണിച്ചത് 62 ആശുപത്രികളായിരുന്നു. അവിടെ 614 ഡോക്ടർമാരുടെ ആവശ്യമുണ്ട്; 513 തസ്തികകൾ ഔദ്യോഗികമായി അനുവദിച്ചിട്ടുണ്ട്, 484 പേർ അവിടെ ജോലി ചെയ്യുന്നു. ഇവിടെ 24% കമ്മിയുള്ളതായി കണക്കാക്കാം.

അവർ പറയുന്നത് കേൾക്കാം: "This shortage is not merely organizational, it displays as overwork, declined consultation quality, pauses in diagnosis, and reduced patient satisfaction."

പഠനവിധേയമായ 67 ആശുപത്രികളിൽ 85 ഡോക്ടർമാർ (185- ൽ 85) ദിവസേന 100നും 400നും ഇടയ്ക്ക് രോഗികളെ കാണുന്നു. അഞ്ച് മണിക്കൂറാണ് ഒ.പി സമയമെന്ന് കണ്ടാൽ രോഗിക്കു വേണ്ടി എത്ര മിനിറ്റ് ഡോക്ടർക്ക് ചെലവാക്കാനുണ്ടാവും?

ഭീമമാണ് സ്വകാര്യ നിക്ഷേപങ്ങളും ഏറ്റെടുക്കലും. ആരോഗ്യരംഗത്തെയും മെഡിക്കൽ കോളേജുകളെയും ഇത് മാറ്റിമറിക്കും. അതിന് അധിക കാലം വേണ്ട; പത്തോ പതിനഞ്ചോ വർഷം പോലും വേണ്ടാ എന്നു തോന്നുന്നു.

ഉയരുന്ന ചികിത്സാചെലവ്

സമഗ്ര വാർഷിക മോഡുലർ സർവേ (comprehensive annual modular survey - CAMS) റിപ്പോർട്ടിൽ ആരോഗ്യമേഖലയിലെ മറ്റൊരു സംഘർഷം കൂടി പ്രകടമാണ്. ആരോഗ്യത്തിന് വേണ്ടി മടിശീലയിൽ നിന്നുള്ള ചെലവ് (out of pocket expenses) ഭീമാകാരമാണ്. സ്വന്തം നീക്കിയിരിപ്പിൽ നിന്നോ കടം വാങ്ങിയോ ചികിത്സക്കായി ചെലവാക്കേണ്ടിവരുന്ന പണമാണ് ഇവിടെ പരിഗണിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കാലത്ത്, 2022 - 23ൽ, ഗ്രാമീണ കുടുംബങ്ങൾ 8655 രൂപയും പട്ടണത്തിലെ കുടുംബങ്ങൾ 10,341 രൂപയും സ്വന്തം കീശയിൽ നിന്ന് കണ്ടെത്തേണ്ടിവരുന്നു. സാമ്പത്തികമായി പിന്നാക്കം ജീവിക്കുന്നവർക്ക് വല്ലാത്ത ഭാരമാണ് ഇത് ഏൽപ്പിക്കുന്നത്. മരുന്നുകളുടെ ലഭ്യതക്കുറവും ഡോക്ടർമാരെ കണ്ടുമുട്ടാനുള്ള പ്രയാസവും രോഗികളെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് നയിക്കുന്നു. ഇതും സാമ്പത്തിക ഭാരം ദുസ്സഹമാക്കും.

ഓഡിറ്റ് റിപ്പോർട്ട് (2025) അനുസരിച്ച് സമാന കാര്യങ്ങൾ ആവർത്തിക്കപ്പെടുന്നു. ഡോക്ടർമാരുടെ കുറവ്, സൗകര്യങ്ങളില്ലാത്ത ആരോഗ്യകേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ തുടർക്കഥയാവുന്നു. ഭരണക്രമം (governance) കാര്യക്ഷമതയില്ലാതെ തുടരുന്നു എന്നതിന്റെ കണക്കുകൾ റിപ്പോർട്ട് പറയുന്നു. മരുന്നും ഉപകരണങ്ങളും വാങ്ങുന്നതും വിന്യസിക്കുന്നതും കാര്യക്ഷമമല്ലാത്ത രീതിയിൽ തുടരുമ്പോഴും അതിൽ ശ്രദ്ധിക്കാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിയുന്നില്ല. ഇതും രോഗനിർണയവും ചികിത്സയും ഉദാസീനമാകാൻ കാരണമാകും.

ഇന്ത്യയിലെ പൊതുജനാരോഗ്യ നിലവാരരേഖ അനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെങ്കിലും വേണം. ജില്ലാ ആശുപത്രികളിൽ 28 മുതൽ 66 വരെ ഡോക്ടർമാർ ഉണ്ടാവണം.
ഇന്ത്യയിലെ പൊതുജനാരോഗ്യ നിലവാരരേഖ അനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെങ്കിലും വേണം. ജില്ലാ ആശുപത്രികളിൽ 28 മുതൽ 66 വരെ ഡോക്ടർമാർ ഉണ്ടാവണം.

മെഡിക്കൽ കോളേജുകളിൽ
എന്തു സംഭവിക്കുന്നു?

മെഡിക്കൽ കോളേജുകൾ പലതരം വികസനങ്ങൾ കാത്തുകിടക്കുന്നു. എന്നാൽ ബജറ്റിലെ നീക്കിയിരിപ്പിൽ കുറവു വരുന്നതായി കാണുന്നു. പോയ വർഷത്തേക്കാൾ 400 കോടി രൂപയുടെ കുറവ് ഇക്കൊല്ലമുണ്ട്. സർക്കാർ മെഡിക്കൽ കോളജുകൾക്ക് ഇക്കുറി ലഭിക്കുന്നത് 260 കോടി രൂപ; രൂപയുടെ വിലയിടിവും അതിവേഗം വികസിക്കുന്ന ടെക്നോളജിയുടെ ചെലവും പരിഗണിച്ചാൽ ഇത് മതിയാവുമെന്ന് പറയാനാവില്ല. ചില പ്രൊജക്ടുകൾക്ക് പണം കണ്ടിട്ടുണ്ടെന്ന നല്ല കാര്യം മറക്കുന്നില്ല. മുതിർന്നവർക്കുള്ള വാക്സിനുകൾ, ആർത്തവ വിരാമ ക്ലിനിക്, ഡയാലിസിസ് കേന്ദ്രങ്ങൾ, പാലിയേറ്റീവ് ചികിത്സ എന്നിവ അവയിൽ ചിലത്. ടാർഗെറ്റ്ഡ് പ്രോജക്ടുകൾ നല്ലതെന്ന് പറയാമെങ്കിലും മെഡിക്കൽ കോളേജുകളെ ഒപ്പം ശാക്തീകരിക്കുംവിധം നിക്ഷേപങ്ങൾ ഉയരേണ്ടത് അടിയന്തരമായി പരിഗണിക്കപ്പെടണം. ഇത് സാരമില്ലെന്ന് കരുതുന്നവരുണ്ട്, അത് മറക്കുന്നില്ല. നാം അഭിമുഖീകരിക്കുന്ന പ്രശ്നം ആവിർഭവിച്ചു വരുന്നേയുള്ളൂ എന്നതിനാൽ പലർക്കും ഇപ്പോഴത് കാണാമറയത്താണ്.

സ്വകാര്യ നിക്ഷേപ അജണ്ടകൾ

മെഡിക്കൽ കോളേജുകളിൽ നിക്ഷേപശോഷിപ്പുണ്ടായാൽ അവിടേയ്ക്ക് മറ്റുള്ളവരെത്തും. ഇപ്പോൾ കേരളം അതിവേഗം അന്താരാഷ്ട്ര സ്വകാര്യ കുത്തകകളുടെ ഇടമായി മാറിത്തുടങ്ങി. അവർ കാണുന്ന സാദ്ധ്യതകൾ എന്തെല്ലാമെന്ന് നോക്കാം.

  • ഉയർന്ന സാക്ഷരത, ആരോഗ്യം സ്വീകരിക്കാനുള്ള സന്നദ്ധത (health seeking behaviour).

  • വിദേശത്തുനിന്നുള്ള പണമൊഴുക്ക്: വിദേശ പണത്തെ നാട്ടിലെ പണപ്പെരുപ്പം, നാണയ മൂല്യശോഷണം എന്നിവ ബാധിക്കുന്നില്ല.

  • വർധിച്ചുവരുന്ന മുതിർന്ന പൗരർ: സങ്കീർണമായതും ദീർഘകാലം നീളുന്നതുമായ രോഗങ്ങൾ ഭൂരിപക്ഷം മുതിർന്ന പൗരരെയും അലട്ടുന്നുണ്ട്. അവരുടെ രോഗാവസ്ഥകൾ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ കൂടുതലാണ്.

  • ആശുപത്രികളിലുള്ള വിശ്വാസം: ചെറു ക്ലിനിക്കുകൾ പൂട്ടലിന്റെ വക്കത്താണ്. പല കാരണങ്ങളാൽ അവയ്ക്ക് ഫലപ്രദമായി പ്രവർത്തിക്കാനാവുന്നില്ല. മെച്ചപ്പെട്ട സൗകര്യം കാംക്ഷിക്കുന്നവർ ചെറു ക്ലിനിക്കുകൾ ഉപേക്ഷിക്കുന്നു.

  • ഇൻഷുറൻസ് ലഭ്യത: ക്രമേണ ഏതു പ്രായത്തിലുള്ളവർക്കും ഏതെങ്കിലും ഇൻഷുറൻസ് പദ്ധതിയിൽ ചേരാനാവും എന്ന നിലയിലേക്ക് മേഖലയിൽ കാണാവുന്ന ഉണർവ്.

  • മെച്ചപ്പെട്ട നിക്ഷേപതന്ത്രം: നിലവിലെ സാധ്യതകളല്ല, അടുത്ത ദശകങ്ങളിൽ ആരോഗ്യ വിപണി വികസിക്കുന്നതെങ്ങനെ എന്ന പഠനങ്ങളാണ് വിദേശ നിക്ഷേപകർ നോക്കുന്നത്. നാളത്തെ സാധ്യതകളെ പണമായി മാറ്റുന്ന രീതി അവിടെ പരീക്ഷിക്കപ്പെടുന്നു.

ഭീമമാണ് സ്വകാര്യ നിക്ഷേപങ്ങളും ഏറ്റെടുക്കലും. ആരോഗ്യരംഗത്തെയും മെഡിക്കൽ കോളേജുകളെയും ഇത് മാറ്റിമറിക്കും. അതിന് അധിക കാലം വേണ്ട; പത്തോ പതിനഞ്ചോ വർഷം പോലും വേണ്ടാ എന്നു തോന്നുന്നു.

ആരോഗ്യരംഗം നേരിടുന്ന സമ്മർദ്ദങ്ങളെല്ലാം കണ്ടെത്തുക അസാധ്യമെങ്കിലും ചിലതെല്ലാം നമുക്ക് മനസ്സിലാകുന്നുണ്ട്.

ഒന്ന്: ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിൽ വൻ വർദ്ധനവുണ്ടാകും. താരപ്പകിട്ടുള്ള പ്രഫഷണൽ സേവനങ്ങളുമായി ആശുപത്രികൾ നിരക്കുമ്പോൾ മെഡിക്കൽ കോളേജുകളെ ആർക്കുവേണം എന്ന ചോദ്യം പ്രസക്തമാകും.

രണ്ട്: ചികിത്സാ ചെലവ് കുത്തനെ ഉയരും. പുതിയ ആശുപത്രികൾ നിക്ഷേപകർക്ക് (investors) അവകാശപ്പെട്ടതാണ്. അതിൽ പൊതുജന താല്പര്യങ്ങൾക്ക് പരിമിത ഇടമേയുള്ളൂ. അതിനാൽ ആശുപത്രി പ്രവർത്തനത്തിന്റെ ലക്‌ഷ്യം നിക്ഷേപകരുടെ പണം കുറച്ചുസമയത്തിനുള്ളിൽ തിരിച്ചുനൽകുക എന്നതായിരിക്കും. ലാഭകരമായ സേവനങ്ങൾ, പൊതുതാല്പര്യങ്ങൾക്ക് മുകളിൽ തന്നെ നിൽക്കും.

മൂന്ന്: തീരുമാനങ്ങൾ കൈകൊള്ളുന്നതും അധികാരം പ്രയോഗിക്കുന്നതും അജ്ഞാതവും അദൃശ്യവുമായ കരങ്ങളിലേയ്ക്ക് മാറും. കേന്ദ്രീകൃതമായ അധികാരവ്യവസ്ഥ ഇപ്പോഴും നമുക്ക് പരിചിതമാണ്; ഇത് കൂടുതൽ കർക്കശമാകാനാണ് വഴി. ഒരു ഡോക്ടറുടെ കൺസൾട്ടേഷനിൽ അയാൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നുപോലും കരുതാനാവില്ല.

നാല്: പൊതുതാല്പര്യ സ്ഥാപനങ്ങളായ സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും വലിയ സമ്മർദ്ദത്തിന് വിധേയമാകും. മെഡിക്കൽ കോളേജുകൾ ഭാവി തലമുറയ്ക്ക് ആകർഷകമായ തൊഴിലിടമല്ലാതാകും എന്നുറപ്പാണ്. എന്തൊക്കെയായാലും ചെയ്യുന്ന തൊഴിലിന് കൃത്യമായ വേതനവും അധിക ജോലിക്ക് അധിക വരുമാനവും ആരെയും അലോസരപ്പെടുത്തില്ലെല്ലോ. ഇന്നത്തെ മെഡിക്കൽ ബ്യൂറോക്രസിയിൽ കുറെപ്പേർക്കെങ്കിലും അസഹിഷ്ണുത തോന്നിതുടങ്ങിയിട്ടുണ്ട്. പൊതു സ്ഥാപനങ്ങളുടെ ശോഷണം തീർച്ചയായും നമ്മെ ഭയപ്പെടുത്തേണ്ട കാര്യമാണ്. ചികിത്സാകേന്ദ്രങ്ങളിൽ എത്താനുള്ള പ്രാപ്യത (access) ചുരുങ്ങുകയും കുറെപ്പേരെങ്കിലും ആരോഗ്യസേവനത്തിന് പുറത്താവുകയും ചെയ്യും.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, സർക്കാർ മെഡിക്കൽ കോളേജുകൾ ആരോഗ്യസേവനത്തിന്റെ ഇടം എന്ന അവസ്ഥയിൽ നിന്ന് പിന്മാറുന്നത് ദുഃഖത്തോടെയെങ്കിലും കാണേണ്ടിവരും. മുൻപന്തിയിൽ കാണപ്പെടുന്ന മെഡിക്കൽ പ്രോസീജ്യറുകൾ മിക്കതും ഇപ്പോൾ തന്നെ സ്വകാര്യ ആശുപത്രികളിലാണ് നടക്കുന്നത് എന്ന തോന്നൽ ശക്തമാണ്. കൂടുതൽ ഉണർവോടെ ശക്തമായ പൊതുജനാരോഗ്യ പദ്ധതികൾ ഉണ്ടാവുകയും മെഡിക്കൽ കോളേജുകളെ ഉയർന്ന ശ്രേണിയിലേയ്ക്ക് വികസിപ്പിക്കുകയും മാത്രമാണ് പോംവഴി.

മെഡിക്കൽ കോളേജുകൾ പലതരം വികസനങ്ങൾ കാത്തുകിടക്കുന്നു. എന്നാൽ ബജറ്റിലെ നീക്കിയിരുപ്പിൽ കുറവു വരുന്നതായി കാണുന്നു. പോയ വർഷത്തേക്കാൾ 400 കോടി രൂപയുടെ കുറവ് ഇക്കൊല്ലമുണ്ട്.
മെഡിക്കൽ കോളേജുകൾ പലതരം വികസനങ്ങൾ കാത്തുകിടക്കുന്നു. എന്നാൽ ബജറ്റിലെ നീക്കിയിരുപ്പിൽ കുറവു വരുന്നതായി കാണുന്നു. പോയ വർഷത്തേക്കാൾ 400 കോടി രൂപയുടെ കുറവ് ഇക്കൊല്ലമുണ്ട്.

കേരളത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യുന്ന ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 180 (2024 മെയ് 23) വീണ്ടും വായിക്കാം

References:

1.Developing Quality Assurance in Hospitals: A Step-by-Step Approach; (2025) https://bns.institute/nursing-foundation/quality-assurance-in-hospitals-step-by-step/

2.Singh Sarvendra – Donabedian Model: Structure, Process, and Outcome for Healthcare Quality Assessment: (2025) - https://medicearth.in/total-quality-management/donabedian-model-healthcare-quality/

3. Sharma SK, Rani R. Nurse-to-patient ratio and nurse staffing norms for hospitals in India: A critical analysis of national benchmarks. J Family Med Prim Care. 2020 Jun 30;9(6):2631-2637. doi: 10.4103/jfmpc.jfmpc_248_20. PMID: 32984099; PMCID: PMC7491754.

4. Lakshmi, Ganga - The Price of Care: Disparities in Income and Job Satisfaction among Nurses in Kerala and the UK: International Journal for Multidisciplinary Research – Vol 7, Issue 6, Nov-Dec 2025

5. Alex Albert, Saritha R, Joy Riyamol – Tradeoff Between Doctors and Service Delivery in Kerala Government Hospitals – An Analysis: July 2025, IJIRT , Volume 12 Issue 2

6. https://www.onmanorama.com/news/kerala/2025/08/10/kerala-health-sector-scrutiny.html

7. D HS, Thekkumakara Surendran A, Gaitonde R, Nambiar D. Health in Kerala: exploring achievements and remaining challenges of health systems reform using an equity lens. Int J Equity Health. 2025 Apr 2;24(1):89. doi: 10.1186/s12939-025-02414-5. PMID: 40176134; PMCID: PMC11966890.

8. Muraleedharan, Nishanth - The Quiet Takeover: How Global Investors Are Buying Kerala’s Hospitals — and What It Means for India: (2025).


Summary: Dr U Nandakumar writes about healthcare system and Medical Negligence in Kerala. Is it enough for our health system to continue like this?


ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു.

Comments