ആരോഗ്യപ്രവർത്തകർക്കുണ്ടാകുന്ന അശ്രദ്ധ അത്യന്തം അപകടകരമാണ്. പ്രസവശസ്ത്രക്രിയക്കു ശേഷം വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട്ടെ ഹർഷിന മുതൽ കൈവിരലിനു പകരം നാവിന്റെ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി നാല് വയസുകാരി വരെ നീളുന്നു സമീപകാലത്ത് കേരളം കണ്ട ചികിത്സാപ്പിഴവുകൾ.
പൊതുജനാരോഗ്യമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന, ആരോഗ്യസുരക്ഷാ സംവിധാനത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേരളത്തെ സംബന്ധിച്ച് ഇത്തരം സംഭവങ്ങൾ അനിവാര്യമായും സംഭവിക്കാൻ പാടില്ലാത്തതാണ്. ഈ രണ്ട് സംഭവങ്ങളും നടന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് എന്നതും സംഭവത്തിന്റെ ഗുരുതരാവസ്ഥ കാണിക്കുന്നു. സാധാരണ മനുഷ്യർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകളിലെ ആരോഗ്യസുരക്ഷാ സംവിധാനം കൂടുതൽ കാര്യക്ഷമമാകേണ്ടതിന്റെ പാഠം കൂടിയാണ് ഈ ചികിത്സാപ്പിഴവുകൾ.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലാണ് കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത്. ചെറുവണ്ണൂർ മധുര സ്വദേശിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. മെയ് 16 രാവിലെ ഒമ്പതരയോടെയാണ് മുൻകൂട്ടി തീരുമാനിച്ച വിധം കുട്ടിയുടെ ഇടതുകയ്യിലെ ആറാം വിരൽ നീക്കാൻ കുടുംബം ഒ.പിയിലെത്തിയത്. ആറാം വിരൽ മുടിയിൽ തട്ടിയും മറ്റും മുറിയുന്ന സാഹചര്യത്തിലാണ് ഇത് നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയ പൂർത്തിയാക്കി വാർഡിൽ കൊണ്ടുവന്ന കുഞ്ഞിന്റെ വായിൽ പഞ്ഞി വെച്ചിരിക്കുന്നത് കണ്ട കുടുംബം ഇതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് പിഴവ് മനസിലായത്.
വായിലല്ല, കൈയിലാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ, നാവിനുതാഴെ ഒരു കെട്ടുണ്ടായിരുന്നുവെന്നും ഇത് ഡോക്ടർമാർ കണ്ടെത്തി ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നുമായിരുന്നു മറുപടി. ശസ്ത്രക്രിയക്കുമുമ്പ് കുട്ടിയുടെ വീട്ടുകാരുമായി ഡോക്ടർ ഇക്കാര്യം സംസാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, ഡോക്ടർ ശസ്ത്രക്രിയ മാറി ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ, രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാതിരുന്ന ചെറിയ വൈകല്യം കണ്ടതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത് എന്ന വിചിത്രമായ വിശദീകരണമാണ് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തിയത്. ആറാം വിരൽ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ നാക്കിനടിയിലെ കെട്ട് ഡോക്ടർമാർ കണ്ടെത്തി എന്ന മട്ടിൽ, ചികിത്സാപ്പിഴവിനെ ന്യായീകരിക്കുന്ന വിശദീകരണമായിരുന്നു ഇത്.
എന്നാൽ, ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ രേഖപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചു. കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
കുട്ടിക്ക് നാവിലെ കെട്ട് (tongue tie) മാറ്റാൻ ചെയ്ത ശസ്ത്രക്രിയയിലൂടെ ഒരു തരത്തിലുള്ള കുഴപ്പങ്ങളും ഉണ്ടാകില്ലെന്നാണ്, ശസ്ത്രക്രിയയിലെ പിഴവുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സസ്‌പെൻഷനിലായ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസന്റെ വാദം. കുട്ടിയുടെ കുടുംബത്തോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കളുടെ കൺസെന്റ് ഇല്ലാതെ നടത്തിയ ശസ്ത്രക്രിയ മെഡിക്കൽ രംഗത്തെ ശ്രദ്ധക്കുറവ് (Medical negligence) തന്നെയാണ് എന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ഒന്നടങ്കം പറയുന്നു. രോഗിയുടെ ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ ശസ്ത്രക്രിയ കൂടിയാകുമ്പോൾ, നൂറ് ശതമാനം ശ്രദ്ധ നൽകേണ്ട ഡോക്ടറുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ആശ്രദ്ധ മൊത്തം ആരോഗ്യ സംവിധാനത്തെ തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നത്.
ചികിത്സാപ്പിഴവിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ സസ്പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയില പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചികിത്സാപ്പിഴവ് ആദ്യ സംഭവമല്ല. 2017 നവംബർ 30ന് പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ചതുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്ന് അഞ്ചുവർഷമായി ദുരിതം അനുഭവിക്കുന്ന പന്തീരങ്കാവ് സ്വദേശി ഹർഷിന നീതിക്കായി ഇന്നും തെരുവിൽ സമരം ചെയ്യുകയാണ്. ഹർഷിന ഉന്നയിച്ച പരാതിയിലെ കാര്യങ്ങൾ അന്വേഷണത്തിനൊടുവിൽ പൊലീസ് ശരിവെച്ചിട്ടും അവർക്ക് നിരന്തരസമരം നടത്തേണ്ടിവന്നു. സർക്കാർ വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപയെന്ന നഷ്ടപരിഹാരം വേണ്ടെന്ന് വെച്ച ഹർഷിന തുടർചികിത്സക്ക് നാട്ടുകാരോട് സഹായം അഭ്യർഥിച്ച് തുടങ്ങിയിരിക്കുകയാണ്. അവർ ഉന്നയിക്കുന്ന പ്രതിഷേധവും, പരാതിയും യാതൊരു ദയയുമില്ലാതെ അവഗണിക്കുന്ന സർക്കാർ സംവിധാനങ്ങൾ തന്നെയാണ് ഇവിടെ പ്രതിസ്ഥാനത്ത്.
ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ടതല്ലെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ സംഭവിച്ച ഐ സി യു പീഡനക്കേസും ഇതിനോടൊപ്പം കൂട്ടിവായിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ് അർഥബോധാവസ്ഥയിലിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിലും കുറ്റവാളിയെ സംരക്ഷിക്കാനാണ് സർക്കാർ സംവിധാനങ്ങൾ കൂട്ടുനിന്നത്.
മെഡിക്കൽ കോളേജിൽ നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട്, അത്തരം സാഹചര്യങ്ങൾക്കിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഐ.എം.എയുടെ മുഖ പ്രസിദ്ധീകരണമായ ‘നമ്മുടെ ആരോഗ്യം’ എഡിറ്റർ ഡോ. എം. മുരളീധരൻ: ‘‘ഒരു സിസ്റ്റം പ്രവർത്തിക്കുമ്പോൾ, ആരോഗ്യരംഗത്തുമാത്രമല്ല എല്ലാ മേഖലകളിലും സ്വാഭാവിക ബലഹീനതകളുണ്ടാകും. ഉദാഹരണത്തിന്, ഒരു ചെയിന്റെ ഏറ്റവും ബലം കുറഞ്ഞ ഭാഗമായിരിക്കും അതിന്റെ ഏറ്റവും പ്രധാന ഭാഗം. സിസ്റ്റമൊക്കെ കുറ്റമറ്റതായിരിക്കും, എന്നാൽ അതിൽ ബലം കുറഞ്ഞ ഒരു കണ്ണി ഉണ്ടായിരിക്കും. അതിൽ തൊടുമ്പോഴാണ് മൊത്തം സിസ്റ്റത്തിന്റെ ബലക്കുറവ് മനസിലാക്കുന്നത്. ഞാനൊരു ഡോക്ടറാണെന്ന കാര്യം മാറ്റിവെച്ച് പുറത്തുനിന്നുള്ള ഒരാളായി സംസാരിക്കുമ്പോൾ, സാധാരണഗതിയിൽ റോഡിലിറങ്ങിയാൽ എത്ര അപകടങ്ങളുണ്ടാകും, ഇതൊക്കെ ആരെങ്കിലും വേണമെന്ന് കരുതി ചെയ്യുന്നതാണോ. ഒരിക്കലുമല്ല. മറിച്ച് അതൊക്കെ സംഭവിച്ചുപോകുന്നതാണ്. ഇത്തരം കൈപ്പിഴകൾ മനുഷ്യസഹജമാണ്. അത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്.
മർഫി നിയമം എന്നൊന്നുണ്ട്. അതനുസരിച്ച് anything that can go wrong, will go wrong എന്നാണ്. ഒരു ലക്ഷ്യത്തിലേക്ക് എത്താൻ നമ്മുടെ മുന്നിൽ ഒരുപാട് വഴികളുണ്ടായിരിക്കും. അതിലൊരു വഴി വളരെ ദുരന്തത്തിലേക്കുള്ളതായിരിക്കും. ആ വഴി ഒരിക്കലെങ്കിലും ആരെങ്കിലും ഉപയോഗിക്കുമെന്നാണ് പറയുന്നത്. ഈ പ്രശ്‌നത്തെയും നമുക്ക് മർഫി നിയമം വെച്ച് സിസ്റ്റത്തിന്റെ പോരായ്മ എന്നതിനപ്പുറത്തേക്ക് മനുഷ്യസഹജമെന്ന് പറയാൻ സാധിക്കും.
ഈ കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതിൽ മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. ജോലിഭാരം ഒരു പ്രധാന ഘടകമാണ്. സർക്കാർ ആശുപത്രികളിൽ വരുന്ന രോഗികളുടെ എണ്ണം പരിശോധിക്കുമ്പോൾ ഒരു ഡോക്ടർ ഒരു ദിവസം 400 രോഗികളെയെങ്കിലും പരിശോധിക്കുന്നുണ്ട്. ഇതൊന്നും ആരും അറിയുന്നില്ല. 400 രോഗികളെ നോക്കുന്ന ഒരു ഡോക്ടർ ഒരു രോഗിയുടെ പ്രധാനപ്പെട്ട ഫൈന്റിങ് വിട്ടുപോയാൽ, അയാളെ കുറ്റപ്പെടുത്തിയതുകൊണ്ടു മാത്രം കാര്യമില്ല. അതാണ് ഇവിടുത്തെ പ്രധാനപ്പെട്ട പ്രശ്‌നം. ഇങ്ങനത്തെ അബദ്ധങ്ങൾ ഉറപ്പായും അവിടെ സംഭവിച്ചുപോകും. അവിടെയാണ് മാനവശേഷിയുടെ (Manpower) പ്രാധാന്യം. പത്ത് പേർ ചെയ്യേണ്ട ജോലി ഒരാൾ ചെയ്യേണ്ട സാഹചര്യമാണ്. ജനറൽ അനസ്തീഷ്യ നൽകിയ 16 സർജറികളും മറ്റ് 5 ശസ്ത്രക്രിയകളുമായിരുന്നു അന്നേദിവസം പീഡിയാട്രിക് സർജറിയിൽ ചെയ്യാനുണ്ടായിരുന്നത്. ഇവർ എന്താ മനുഷ്യന്മാരല്ലേ? നിരന്തരം ഇതിങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോൾ അവർക്കും അബദ്ധം പറ്റാൻ സാധ്യതയുണ്ട്.
സാധാരണഗതിയിൽ സർജറി ചെയ്യുമ്പോൾ രോഗികൾ മാറിപ്പോകാതിരിക്കാൻ ഒരു ആം ബാൻഡ് (Arm band) കെട്ടികൊടുക്കും. അനസ്തീഷ്യ കൊടുക്കും മുമ്പുതന്നെ സർജറിയുടെ പേരുൾപ്പടെ ബാൻഡിൽ എഴുതും. സർജറി ചെയ്യുന്നതിനുമുമ്പ് ഇതൊക്കെ മൂന്ന് തവണയെങ്കിലും പരിശോധിക്കണമെന്നാണ് രീതി. അന്നേദിവസം മൂന്നോ നാലോ ടങ് ടൈ സർജറിയുണ്ടായിരുന്നു. ഈ കുട്ടിയെ പ്രാഥമികമായി പരിശോധിച്ചപ്പോൾ അതിന് ടങ് ടൈയുണ്ടായിരുന്നിരിക്കാം. അങ്ങനെയായിരിക്കും സർജറി ചെയ്തത്. ആ കുട്ടിക്കുണ്ടായിരുന്ന ആറാം വിരൽ (Polydacty) ആയിരത്തിൽ ഒരു കുട്ടിക്ക് മാത്രമാണുണ്ടാവുക. എന്നാൽ ടങ് ടൈ നൂറിൽ ഒരാൾക്കുണ്ടാകും. ആ കുട്ടിയെ പരിശോധിച്ചപ്പോൾ ടങ് ടൈ കണ്ടതായിരിക്കാം. രണ്ടാമത്, നേരത്തെ പറഞ്ഞ ആ ബാൻഡ് വേണ്ടവിധത്തിൽ കെട്ടിയിട്ടുണ്ടാകില്ല. അങ്ങനെയത് അഴിഞ്ഞുപോവുകയോ മറ്റോ ചെയ്തിട്ടുണ്ടാകും. ഇങ്ങനെയെന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായിട്ടാണ് ഇത് സംഭവിച്ചത്.
എത്ര ശ്രദ്ധിച്ചാലും തെറ്റു സംഭവിക്കാം. ഇതാണോ നമ്പർ വൺ കേരളമെന്നൊക്കെ രാഷ്ട്രീയക്കാർ ചോദിക്കുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു തെറ്റ് ഡോക്ടർക്ക് സംഭവിച്ചുപോയി. അദ്ദേഹം തെറ്റ് അംഗീകരിക്കുകയും കുട്ടിയുടെ കുടുംബത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു. കുടുംബം മാപ്പ് കൊടുക്കുകയും ചെയ്തു.
വായിൽ നടത്തിയ ശസ്ത്രക്രിയ കുട്ടിക്ക് ഒരു ദോഷവും ചെയ്യില്ല എന്നു മാത്രമല്ല ഗുണവും ചെയ്യും. നടന്ന സംഭവത്തെ ന്യായീകരിക്കുകയല്ല. അത് തെറ്റ് തന്നെയാണ്. എന്നാൽ കുട്ടിക്ക് മെച്ചം മാത്രമാണുണ്ടായിട്ടുള്ളത്’’.
ഈ വിഷയത്തിൽ ഡോക്ടറുടെ പിഴവിനെ ന്യായീകരിച്ച് കെ.ജി.എം.സി.ടി.എ പുറത്തിറക്കിയ വാർത്താകുറിപ്പ് ചർച്ചക്ക് കാരണമായിരുന്നു. അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും മാധ്യമസൃഷ്ടിയാണെന്നുമാണ് അവരുടെ വാദം. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെയിരുന്നാൽ ഇപ്പോൾ പ്രത്യക്ഷപ്രശ്‌നങ്ങളില്ലെങ്കിലും ഭാവിയിൽ സംസാര വൈകല്യത്തിന് കാരണമാകുമെന്നുള്ളതുകൊണ്ടും പിന്നീട് ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിനാലുമാണ് ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയക്ക് വിധേയമാക്കിയതെന്നുമാണ് കെ.ജി.എം.സി.ടി.എ പറയുന്നത്.
നാവിന് കെട്ടുണ്ട് എങ്കിൽ ആ രോഗനിർണയം നടത്തി അത് ബന്ധുക്കളെഅറിയിക്കുകയും അതിനുശേഷം മാത്രം ശസ്ത്രക്രിയ നടത്തുകയും ചെയ്യുകയാണ് ഡോക്ടർ ചെയ്യേണ്ടിയിരുന്നത്. മറ്റൊരു ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിക്കുന്ന കുട്ടിയെ ബന്ധുക്കൾ അറിയാത്ത ഒരു ശസ്ത്രക്രിയ നടത്തിയതിന് ഒരുതരത്തിലും ന്യായീകരണമില്ല.
ഏതൊരു ശസ്ത്രക്രിയക്കും സമ്മതം ആവശ്യമാണ് എന്നാണ് ഡോ. മുരളീധരൻ ചൂണ്ടിക്കാട്ടുന്നത്: ‘മനുഷ്യ ശരീരത്തിൽ കത്തി വെക്കണമെങ്കിലോ കുത്തിവെപ്പ് എടുക്കണമെങ്കിലോ കൺസെന്റ് ആവശ്യമാണ്. മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ എന്ത് ചെയ്യണമെങ്കിലും അയാളുടെ സമ്മതം അത്യാവശ്യമാണ്. അതില്ലാതെ എന്ത് ചെയ്യുന്നതും നൂറ് ശതമാനം തെറ്റാണ്. അത് ഗുരുതരമായ മെഡിക്കൽ പ്രശ്‌നമാണ്. ആ ഡോക്ടറും ഡിപ്പാർട്ട്‌മെന്റും കുറ്റം സമ്മതിച്ച് കഴിഞ്ഞു. പിന്നെ ആര്‍ക്കും അതിൽ പ്രശ്‌നമുണ്ടാകേണ്ട ആവശ്യമില്ല’.
മികച്ചതും ചെലവ് കുറഞ്ഞതുമായ ആരോഗ്യപരിചരണം ഉറപ്പുവരുത്തുന്ന സർക്കാർ ആതുരാലയങ്ങളിലാണ് ഇത്തരം സംഭവങ്ങൾ എന്നത് ഇത്തരം പിഴവുകളുടെ ഗൗരവം വർധിപ്പിക്കുന്നു. നാല് വയസുകാരി കുട്ടിയും ഹർഷിനയും മാത്രമല്ല, സമീപകാലത്ത്, ഇത്തരം നിരവധി ചികിത്സാപ്പിഴവുകൾ സംഭവിച്ചിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ 2022 ഡിസംബർ ആറിന് പ്രസവശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവമുണ്ടായി. കൈനകരി കുട്ടമംഗലം കായിത്തറ രാംജിത്തിന്റെ പങ്കാളി അപർണയും (22) പെൺകുഞ്ഞുമാണ് മരിച്ചത്. ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. അശ്രദ്ധ മൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കണ്ടെത്തിയത്.
2024 ഏപ്രിൽ 27ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവശേഷം ചികിത്സയിലായിരുന്ന അമ്പലപ്പുഴ കരൂർ തൈവേലിക്കണം വീട്ടിൽ അൻസാറിന്റെ പങ്കാളി ഷിബിന (31) മരിച്ചു. ഡോക്ടർമാരുടെ ആഭ്യന്തര അന്വേഷണത്തിൽ ചികിത്സാപ്പിഴവില്ലെന്ന് കണ്ടെത്തി. മന്ത്രി അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏറ്റവുമൊടുവിൽ പുന്നപ്ര സ്വദേശിനിയായ ഉമൈബ എന്ന 70 കാരിയുടെ മരണവും അന്വേഷണത്തിലാണ്. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇവർക്ക് തലച്ചോറിൽ അണുബാധയുണ്ടായി. സൂപ്രണ്ട് ഇവരെ ഐ.സി.യുവിലേക്കുമാറ്റാൻ നിർദേശിച്ചെങ്കിലും ജീവനക്കാർ തയാറായില്ലത്രേ. തുടർന്നാണ് രോഗം മൂർഛിച്ച് മരിച്ചത്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
എന്നാൽ, ചികിത്സാപ്പിഴവുകളെ ആരോഗ്യമേഖലയും സർക്കാർ സംവിധാനവും സുതാര്യമായല്ല സമീപിക്കുന്നത് എന്നതിന് നിരവധി തെളിവുകളുണ്ട്. സർക്കാർ പ്രതിക്കൂട്ടിലാകുമെന്ന ഭയത്താൽ പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കുന്ന നിലപാട് പല സംഭവങ്ങളിലും കാണാം. വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ സംഭവം തന്നെ മികച്ച ഉദാഹരണമാണ്.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് അല്ല എന്ന് സ്ഥാപിക്കാനായിരുന്നു തുടക്കം മുതലുള്ള ശ്രമം. അല്ലാതെ, ഈ സത്രീ വർഷങ്ങളായി അനുഭവിക്കുന്ന ഗുരതരമായ ആരോഗ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനായിരുന്നില്ല ആരോഗ്യ സംവിധാനങ്ങൾ ശ്രമിച്ചത്.
2017ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ നടന്നത്. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻസ്ട്രമെന്റൽ രജിസ്റ്റർ ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല എന്നായിരുന്നു ആദ്യ വിശദീകരണം. അതിന് മുമ്പ് 2012-ലും 2016-ലും സിസേറേയൻ നടത്തിയത് താമരശ്ശേരി ആശുപത്രിലാണ്. എന്നാൽ ആ കാലഘട്ടത്തിലൊന്നും ഇൻസ്ട്രമെന്റൽ രജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടത്തെയാണെന്ന് മെഡിക്കൽ സംഘത്തിന് കണ്ടെത്താനും കഴിഞ്ഞില്ല.
കത്രിക കുടുങ്ങിയത് മെഡിക്കൽ കോളേജിൽ വച്ച് അല്ലെന്ന് സർക്കാർ വാദമുണ്ടായെങ്കിലും അന്വേഷണത്തിനൊടുവിൽ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും തന്നെയാണ് കുറ്റക്കാരായി പൊലീസ് കണ്ടെത്തിയത്. കുന്ദമംഗലം കോടതിയിൽകുറ്റപത്രവും സമർപ്പിച്ചിരുന്നു. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പ്രതി ചേർത്ത കേസിൽ ഐ പി സി 338 പ്രകാരം 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയത്. അതോടെ ഒരു സ്ത്രീനടത്തിയ സന്ധിയില്ലാത്ത മനുഷ്യാവകാശ പോരാട്ടം വിജയിച്ചു എന്ന് കരുതിയെങ്കിലും ഹർഷിനക്ക് നീതി ഇന്നും അകലെയാണ്. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ടെത്തി ഹർഷീനയ്ക്ക് ചില ഉറപ്പുകൾ നൽകിയെങ്കിലും അവ പാലിക്കപ്പെട്ടില്ല. സെക്രട്ടറിയേറ്റിന് മുന്നിലും കോഴിക്കോട് മെഡിക്കൽകോളേജിന് മുന്നിലും അവർ സമരം നടത്തി.
ഏറ്റവുമൊടുവിൽ, അവർക്ക്‍ വീണ്ടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. കൈകളിലെ അസഹനീയമായ വേദനയും വയറ്റിൽ ശസ്ത്രക്രിയ നീക്കിയ ഭാഗത്തെ അസാധാരണമായ വളർച്ചയും മൂലം ഹർഷിന ഈയിടെ വീണ്ടും ചികിത്സ തേടി. ഈ മാസം 21നാണ് ഹർഷിനയുടെ ശസ്ത്രക്രിയ. തുടർ ചികിത്സക്ക് പണമില്ലാതെ അവർ ക്രൗഡ് ഫണ്ടിംഗിനിറങ്ങിയിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ ധന സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു. വേദന സഹിച്ചാണ് ഇത്രയും കാലം നിയമ പോരാട്ടം നടത്തിയതെന്നും മറ്റ് വഴികളില്ലാത്തത് കൊണ്ടാണ് ക്രൗഡ് ഫണ്ടിംഗിനിറങ്ങുന്നതെന്നും അവർ പറയുന്നു.
ആധുനിക സംവിധാനങ്ങളും വിദഗ്ധരും സർക്കാർ മെഡിക്കൽ കോളേജുകളുടെ മുതൽക്കൂട്ട് തന്നെയാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയടക്കം വിവിധ ശസ്ത്രക്രിയകളും ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളും അവ ഉറപ്പുവരുത്തുന്നു. എന്നാൽ, മെഡിക്കൽ കോളേജുകളിൽ സംഭവിക്കുന്ന ഇത്തരം പിഴവുകൾ നിസ്സാരമായി തള്ളേണ്ടതല്ല. അവ നിയമപരമായി തന്നെ നേരിടണം. ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം, പ്രതികൾക്കെതിരെ നടപടിയും വേണം.
എന്നാൽ, ഇപ്പോൾ സംഭവിക്കുന്നതെന്താണ്? ചികിത്സാപ്പിഴവുകളെ വിവാദങ്ങൾ എന്ന നിലയ്ക്കാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. വിവാദം ഒഴിവാക്കാൻ തുടക്കത്തിൽ ചില അന്വേഷണങ്ങൾ പ്രഖ്യാപിക്കും. അവക്ക് തുടർനടപടിയുണ്ടാകില്ല. മാത്രമല്ല, ഇത്തരം പിഴവുകൾക്കിടയാക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശാസ്ത്രീയമായ പരിഹാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും സർക്കാർ വിമുഖത കാണിക്കുന്നു. ആശുപത്രികളിലെ സംവിധാനങ്ങളിലും ഡോക്ടർ- രോഗി അനുപാതത്തിലും ചികിത്സാ പ്രോട്ടോക്കോളുകളിലുമെല്ലാം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിലേക്ക് ഇത്തരം ചികിത്സാപ്പിഴവുകൾ വികസിക്കുന്നില്ല.