ഡോ. പ്രസന്നൻ പി.എ.

ആദ്യ പാഠം: രോഗിയെ ശരിയായി
ഐഡന്റിഫൈ ചെയ്യുക

രോഗമെന്ന നിസ്സഹായാവസ്ഥയിൽ രക്ഷ തേടി വരുന്ന വ്യക്തിക്ക്, ചികിൽസിക്കാൻ ചുമതലപ്പെട്ടവരിൽ നിന്നുണ്ടാകുന്ന തെറ്റിന്റെ ഇംപാക്റ്റ് പലപ്പോഴും രോഗമേൽപ്പിക്കുന്നതിനേക്കാൾ സങ്കീർണമായിരിക്കും. അതുകൊണ്ട് തെറ്റു പറ്റാതിരിക്കാൻ ആരോഗ്യ സംവിധാനം എന്ത് പ്രതിരോധ നടപടികൾ എടുക്കുന്നു എന്നത് പ്രധാനമാണ്- ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യനായ ഡോ. പ്രസന്നൻ പി.എ. എഴുതുന്നു.

രാവിലെ ആറു മണി.
മെഡിക്കൽ വാർഡ് 7
നേഴ്‌സ് ട്രീസ മോർഫിൻ അടങ്ങിയ പെയിൻ മെഡിക്കേഷൻ കൊടുക്കാനായി റൂം നമ്പർ 34 ലേക്ക് പോകുന്നു, ഒപ്പം നേഴ്‌സ് ലിൻഡയും.
പതിവ് 'ഹലോ, ഹൗ ആർ യു' ക്കുശേഷം ലിൻഡ പേഷ്യന്റിന്റെ കൈയിൽ കെട്ടിയ ആം ബാൻഡ് നോക്കി വായിക്കുന്നു:
നെയിം: ജോൺ വില്യംസ് ഹൊവാർത്ത്,
ഡേറ്റ് ഓഫ് ബർത്ത്: 24 ഓഗസ്റ്റ് 1970,
ഹോസ്‌പിറ്റൽ നമ്പർ: പി.ക്യു 156453.
പേരും തീയതിയും കേട്ട് ജോൺ തലയാട്ടി ശരിവെക്കുന്നു.
ഈ സമയം ട്രീസ കമ്പ്യൂട്ടറിൽ ഡോക്ടറുടെ ഓർഡറും ലിൻഡ വായിച്ച കാര്യങ്ങളും ഒത്തു നോക്കുന്നു, മരുന്ന് കൊടുക്കുന്നു.

ഹെൽത്ത് പ്രൊഫഷണൽസ് ആത്യന്തികമായി മനുഷ്യരാണ്. മനുഷ്യൻ ഇടപെടുന്ന ഏതു രംഗത്തും തെറ്റു പറ്റുന്നതുപോലെ ആരോഗ്യ ശുശ്രൂഷാ (health care) വിഭാഗത്തിലും തെറ്റു പറ്റാൻ സാദ്ധ്യതയുണ്ട്. ജീവൻ അപകടത്തിലാവുന്ന മേഖല ഏതായാലും, വിമാനം പറത്തുന്ന പൈലറ്റിനായാലും, പാലം നിർമിക്കുന്ന എഞ്ചിനീയർക്കായാലും, സംഭവിക്കുന്ന തെറ്റുകളുണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കും. രോഗമെന്ന നിസ്സഹായാവസ്ഥയിൽ രക്ഷ തേടിവരുന്ന വ്യക്തിക്ക്, ചികിൽസിക്കാൻ ചുമതലപ്പെട്ടവരിൽ നിന്നുണ്ടാകുന്ന തെറ്റിന്റെ ഇംപാക്റ്റ് പലപ്പോഴും രോഗമേൽപ്പിക്കുന്നതിനേക്കാൾ സങ്കീർണമായിരിക്കും.

അതുകൊണ്ട് തെറ്റുകൾ (medical / surgical) സംഭവിക്കാതിരിക്കാൻ ആരോഗ്യസംവിധാനം (healthcare system) എന്ത് പ്രതിരോധ നടപടികൾ എടുക്കുന്നു എന്നത് പ്രധാനമാണ്. ഏറ്റവും അടിസ്ഥാനപരമായി ഓസ്‌ട്രേലിയൻ സിസ്റ്റം എടുത്തിട്ടുള്ള പോളിസിയാണ് രോഗിയെ ശരിയായ രീതിയിൽ ഐഡന്റിഫൈ ചെയ്യുക എന്നത്. അതാണ് ലിൻഡയും ട്രീസയും ചെയ്തതത്.

തെറ്റുപറ്റാതിരിക്കാൻ ഓസ്‌ട്രേലിയൻ സിസ്റ്റം എടുത്തിട്ടുള്ള അടിസ്ഥാന പോളിസിയാണ് രോഗിയെ ശരിയായ രീതിയിൽ ഐഡന്റിഫൈ ചെയ്യുക എന്നത്.  / Photo: Rawpixels
തെറ്റുപറ്റാതിരിക്കാൻ ഓസ്‌ട്രേലിയൻ സിസ്റ്റം എടുത്തിട്ടുള്ള അടിസ്ഥാന പോളിസിയാണ് രോഗിയെ ശരിയായ രീതിയിൽ ഐഡന്റിഫൈ ചെയ്യുക എന്നത്. / Photo: Rawpixels

Australian Commission on Safety and Quality in Health Care, രോഗിയെ തിരിച്ചറിയാൻ ഏറ്റവും ചുരുങ്ങിയ മൂന്ന് സംഗതികൾ (three nationally agreed core patient identifiers) ഉറപ്പു വരുത്തിയിട്ടുണ്ട്:
- പേര് മുഴുവനായിരിക്കണം. ചുരുക്കപ്പേരുകൾ ഉപയോഗിക്കരുത്. ഉദാഹരണമായി ജോൺ എന്ന് മാത്രമെഴുതുമ്പോൾ ജോൺ എന്നു പേരുള്ള ഒന്നിലധികം പേരുണ്ടാകാൻ സാദ്ധ്യതയുണ്ട്.
- ജനനതിയ്യതി വ്യക്തിയെ തിരിച്ചറിയുന്നതിൽ കൂടുതൽ കൃത്യത നൽകുന്നു. വയസ്സ് മാത്രമാകുന്നത് കൺഫ്യൂഷന് കാരണമാകാം.
- ഹോസ്പിറ്റൽ നമ്പർ കൂടി ചേരുമ്പോൾ ആൾ മാറിപ്പോകാനുള്ള സാദ്ധ്യത കുറയുന്നു.
മരുന്ന് കൊടുക്കുമ്പോഴും, സർജറിക്ക് കൊണ്ടു പോകുമ്പോഴും ഈ ഐഡന്റിഫിക്കേഷൻ തെറ്റ് സംഭവിക്കാനുള്ള സാഹചര്യം പരമാവധി കുറക്കുന്നു.

2017- ലെ കണക്കനുസരിച്ച് ഓസ്ട്രേലിയയിൽ, അബദ്ധവശാൽ സർജിക്കൽ ഐറ്റംസ് രോഗിയുടെ ശരീരത്തിനുള്ളിൽ പെട്ടുപോകുന്നത് 1,00,000 ഒപ്പേറഷനുകളിൽ 8.2 തവണയാണ്. കൂടുതലും രക്തം ഒപ്പിയെടുക്കാനുപയോഗിക്കുന്ന സ്പോഞ്ച് ആണ്.

തെറ്റായ ഭാഗത്ത് സർജറി ചെയ്യുക (Wrong-site surgery) എന്നത് ഒഴിവാക്കാനും സർജിക്കൽ ഉപകരണങ്ങളുടെ കൃത്യതയോടെയുള്ള ഉപയോഗം ഉറപ്പുവരുത്താനുമായി ലോകാരോഗ്യസംഘടന (WHO) തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങുന്ന യൂണിവേഴ്‌സൽ പ്രോട്ടോകോൾ (Universal Protocol) ഓസ്‌ട്രേലിയയിലും നടപ്പിലാക്കിയിട്ടുണ്ട്.
മൂന്ന് സ്റ്റെപ്പായിട്ടാണ് ഓപ്പറേഷൻ തിയ്യറ്ററിൽ യൂണിവേഴ്‌സൽ പ്രോട്ടോകോൾ പ്രാവർത്തികമാക്കുന്നത്:

1. വെരിഫിക്കേഷൻ: സർജറിക്ക് രോഗിയെ പോസ്റ്റ് ചെയ്യുമ്പോഴും, തിയറ്ററിലേക്ക് രോഗി വരുമ്പോഴും, പുതിയ ഒരാൾ ചികിത്സയിൽ ഇടപെടുമ്പോഴും, സർജറി കഴിഞ്ഞ് രോഗിയെ തിയറ്ററിൽ നിന്ന് മാറ്റുമ്പോഴും രോഗിയുടെ ഐഡന്റിഫിക്കേഷനും, ചെയ്ത സർജിക്കൽ പ്രൊസീജ്യറും, രോഗിയോ ബന്ധുവോ ഒപ്പിട്ടു നൽകിയ സമ്മതപത്രവും വെരിഫൈ ചെയ്തിരിക്കണം. ടീമിലെ രണ്ടു പേർ സ്വതന്ത്രമായിട്ടാണ് ഇത് ചെയ്യേണ്ടത്. അനസ്തേഷ്യക്കു മുമ്പും, രോഗി മയക്കത്തിൽ നിന്ന് ഉണർന്നശേഷവും ഈ വിവരങ്ങൾ രോഗിയുടെ പങ്കളിത്തത്തോടെ ഉറപ്പുവരുത്തണം. സ്കാൻ, ബ്ലഡ് റിപ്പോർട്ടുകളുമായി ഒത്തുപോകുന്നുണ്ടോ എന്നതും ഈ വെരിഫിക്കേഷൻ പ്രക്രിയയിൽ ഉൾപ്പടുത്തണം. ഇതെല്ലാം മാനുവലോ, ഇലൿട്രോണിക്കോ ആയി രേഖപ്പെടുത്തുകയും വേണം.

Photo: caresfield.com
Photo: caresfield.com

2. മാർക്കിങ്: ഓപ്പറേഷൻ ചെയ്യേണ്ട ഭാഗം ഒരു സംശയത്തിനും ഇടയില്ലാത്ത വിധം മാഞ്ഞുപോകാത്ത പെർമനന്റ് മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തണം. ഇത് ഒപ്പേറഷൻ ചെയുന്ന സർജൻ നേരിട്ട് ചെയ്യേണ്ടതാണ്. പൂർണ ബോധത്തോടെയിരിക്കുന്ന സമയത്ത് അടയാളപ്പെടുത്തിയ ഭാഗം രോഗിയെ അറിയിക്കണം. രോഗിക്ക് അതിനുള്ള സാഹചര്യമില്ലെങ്കിൽ ഒപ്പമുള്ള ആളെ നിർബന്ധമായും കാണിച്ചിരിക്കണം. അടയാളപ്പെടുത്തിയതും, രോഗിയെ അറിയിച്ചതും കൃത്യമായി രേഖപ്പെടുത്തണം.

3. ടൈം ഔട്ട് അഥവാ സർജിക്കൽ പോസ് (surgical pause): ഇത് സർജറി തുടങ്ങുന്നതിനോ രോഗിയുടെ ശരീരത്തിൽ ഇൻസ്ട്രുമെന്റ് തൊടുന്നതിനോ മുമ്പ് രോഗി, രോഗിയുടെ റിപ്പോർട്ടുകൾ, സർജിക്കൽ പ്രൊസീജ്യർ, ഓപ്പറേഷൻ ചെയ്യുന്ന ശരീരഭാഗം, ഉപയോഗിക്കുന്ന ഇൻസ്ട്രുമെന്റിന്റെ ടൈപ്പ്, എണ്ണം എന്നിവ ഒരിക്കൽ കൂടി ഉറപ്പുവരുത്താനാണ് ടൈം ഔട്ട്. ടൈം ഔട്ടിൽ ചെയ്യണ്ട കാര്യങ്ങളുടെ ലിസ്റ്റ് മുൻകൂട്ടി തയാറാക്കണം. ടീമിലെ എല്ലാവരും ഈ ലിസ്റ്റിലുള്ള കാര്യങ്ങൾ നേരിട്ട് ചെയ്യേണ്ടതാണ്.

ഓപ്പറേഷനുശേഷം രോഗിയെ മാറ്റുന്നതിന് സർജിക്കൽ ഉപകരണങ്ങളുടെ എണ്ണം മുമ്പുള്ള ലിസ്റ്റിലേതുമായി ഒത്തുനോക്കി രേഖപ്പെടുത്തേണ്ടത് സർജിക്കൽ ടീമിന്റെ ചുമതലയാണ്. Standards for Peri operative Nursing in Australia (the ACORN Standards) അനുസരിച്ച് ടീമിലെ രണ്ടു പേർ സ്വതന്ത്രമായി ഇൻസ്ട്രുമെന്റുകൾ എണ്ണി തിട്ടപ്പെടുത്തണം. സർജിക്കൽ കൗണ്ട് എന്നറിയപ്പെടുന്ന ഈ സാങ്കേതികരീതിയാണ് അബദ്ധവശാൽ സർജിക്കൽ ഐറ്റംസ് രോഗിയുടെ ശരീരത്തിനുള്ളിൽ പെട്ടുപോകുന്നത് (unintentionally retained surgical items-RSIs) തടയാൻ ലോകം മുഴുവൻ സ്വീകരിച്ചിരിക്കുന്നത്. ഇത് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്താൻ 2008 മുതൽ 2022 വരെ നടത്തിയ പഠനങ്ങളുടെ വിശകലനം (meta analysis) ഒരു ഓസ്‌ട്രേലിയൻ ജേർണൽ പ്രസിദ്ധീകരിച്ചിരുന്നു. സർജിക്കൽ കൗണ്ട് ഭാഗികമായി മാത്രമേ RSI തടയുന്നുള്ളൂവെന്നാണ് അനാലിസിസിൽ തെളിഞ്ഞത്.

ഓപ്പറേഷൻ ചെയ്യേണ്ട ഭാഗം ഒരു സംശയത്തിനും ഇടയില്ലാത്ത വിധം മാഞ്ഞുപോകാത്ത പെർമനന്റ് മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തണം. / Photo: ReSurge International
ഓപ്പറേഷൻ ചെയ്യേണ്ട ഭാഗം ഒരു സംശയത്തിനും ഇടയില്ലാത്ത വിധം മാഞ്ഞുപോകാത്ത പെർമനന്റ് മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തണം. / Photo: ReSurge International

2017- ലെ കണക്കനുസരിച്ച് ഓസ്ട്രേലിയയിൽ RSI സംഭവിക്കുന്നത് 1,00,000 ഒപ്പേറഷനുകളിൽ 8.2 തവണയാണ്. RSI- ൽ കൂടുതലും രക്തം ഒപ്പിയെടുക്കാനുപയോഗിക്കുന്ന സ്പോഞ്ച് ആണ്. പിന്നെ പെട്ടുപോകുന്നത് സർജിക്കൽ ഏരിയ വൃത്തിയാക്കാനുള്ള ചെറു ടവലുകളും. വളരെ അപൂർവ്വമായാണ് സൂചികളും മറ്റു ഉപകരണങ്ങളും RSI ആയി മാറുന്നത്. എമർജൻസിയായിട്ടോ, ഒരു പാട് സമയമെടുക്കുന്നതോ, സാധാരണയിലധികം സ്റ്റാഫ് വേണ്ടിവരുന്നതോ ആയ ശസ്ത്രക്രിയകളിലും അമിതമായ ശരീരവണ്ണമുള്ള ആളുകളിലും അപ്രതീക്ഷിതമായി സർജറിക്കിടയിലുണ്ടാകുന്ന കോംപ്ലിക്കേഷൻസ് സമയത്തുമാണ് RSI സംഭവിക്കാനുള്ള റിസ്ക് വളരെയധികം കൂടുന്നത്.

ചികിത്സാ പിഴവ് സംഭവിച്ചാൽ 24 മണിക്കൂറിനുള്ളിൽ രോഗികളോടും, ബന്ധപ്പെട്ടവരോടും സത്യസന്ധമായി തുറന്നു പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് ഹെൽത്ത് കെയർ പ്രൊഫഷനലുകളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നിയമപരമായ ഉത്തരവാദിത്തമാണ്

സർജിക്കൽ കൗണ്ടിനൊപ്പമോ കൗണ്ട് മാച്ച് ആകാതെ വരുമ്പോഴോ എക്സ്റേ, സ്കാൻ, റേഡിയോ ഫ്രീക്വൻസി, ബാർകോഡുള്ള (unique data- matrix code) സർജിക്കൽ ഇൻസ്ട്രുമെന്റസ് എന്നീ സാങ്കേതിക രീതികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ RSI റിസ്ക് കുറക്കാമെന്ന് ഈ വിശകലനത്തിൽ കണ്ടു. എന്നാൽ അവ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. കർശനമായ സർജിക്കൽ കൗണ്ട് തന്നെയായിരിക്കും RSI സംഭവിക്കാതിരിക്കാൻ ഇപ്പോൾ പ്രായോഗികമായ മാർഗം.[acorn].

2000- ത്തിൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനപ്രകാരം മരണകാരണമാകുന്ന 18,000 പിഴവുകളാണ് ചികിത്സാരംഗത്ത് (medical errors) ഓസ്‌ട്രേലിയയിൽ ഒരു കൊല്ലം സംഭവിക്കുന്നത്.[ncbi]

ചികിത്സയിൽ ഗൗരവകരമായ എന്തെങ്കിലും പിഴവ് (Serious Adverse Patient Safety Event-SAPSE) സംഭവിച്ചാൽ അത് പരിഹരിക്കാനുള്ള തുടർ ചികിത്സാനടപടികൾ എടുക്കുന്നതിനൊപ്പം പിഴവ് 24 മണിക്കൂറിനുള്ളിൽ രോഗികളോടും, ബന്ധപ്പെട്ടവരോടും സത്യസന്ധമായി തുറന്നു പറയുകയും (open discolsure), ഖേദം പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് ഹെൽത്ത് കെയർ പ്രൊഫഷനലുകളുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും നിയമപരമായ ഉത്തരവാദിത്തമാണ് (Statutory Duty of Candour- SDC). വിശദമായ SDC മീറ്റിംഗ് മൂന്നു ദിവസത്തിനുള്ളിൽ നടത്തിയിരിക്കണം.

ഓപ്പറേഷനുശേഷം രോഗിയെ മാറ്റുന്നതിന് സർജിക്കൽ ഉപകരണങ്ങളുടെ എണ്ണം മുമ്പുള്ള ലിസ്റ്റിലേതുമായി ഒത്തുനോക്കി രേഖപ്പെടുത്തേണ്ടത് സർജിക്കൽ ടീമിന്റെ ചുമതലയാണ്.
ഓപ്പറേഷനുശേഷം രോഗിയെ മാറ്റുന്നതിന് സർജിക്കൽ ഉപകരണങ്ങളുടെ എണ്ണം മുമ്പുള്ള ലിസ്റ്റിലേതുമായി ഒത്തുനോക്കി രേഖപ്പെടുത്തേണ്ടത് സർജിക്കൽ ടീമിന്റെ ചുമതലയാണ്.

ചികിത്സാപിഴവ് സംഭവിക്കാതിരിക്കാനും അഥവാ സംഭവിച്ചാൽ അതിനുവേണ്ട തുടർനടപടിയെടുക്കാനുമുള്ള സംവിധാനമുണ്ടെങ്കിലേ സർക്കാറിനു കീഴിലുള്ളതും സ്വകാര്യമേഖലയിലുള്ളതുമായ ആരോഗ്യ സ്ഥാപനങ്ങൾക്ക് തുടർന്ന് പ്രവർത്തിക്കാനുള്ള അക്രഡിറ്റേഷൻ നൽകുകയുള്ളൂ.

ശസ്ത്രക്രിയ സുരക്ഷിതവും ഫലപ്രദവുമാക്കാൻ പെരി ഓപ്പറേറ്റീവ് മെഡിസിൻ എന്നൊരു വിഭാഗം റഫറൽ ആശുപത്രികളിൽ തുടങ്ങിയിട്ടുണ്ട്. ശസ്ത്രക്രിയക്കു മുൻപും ശേഷവും ലഭ്യമാകുന്ന പെരി ഓപ്പറേറ്റീവ് മെഡിസിൻ സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടം മൂലം ശസ്ത്രക്രിയാസംബന്ധമായ സങ്കീർണതകൾ വളരെയധികം കുറക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ഉയർന്ന തോതിലുള്ള വൃത്തിയും (personal and hospital hygiene) വിവേകപൂർണമായ ആന്റിബയോട്ടിക് ഉപയോഗവും (judicious use of antibiotics) ഉറപ്പുവരുത്താനുള്ള ഇൻഫെക്ഷൻ കൺട്രോൾ യൂണിറ്റും ആശുപത്രികളിൽ നിന്ന് രോഗിക്ക് ബാധിക്കാവുന്ന സീരിയസ് കോംപ്ലിക്കേഷൻസ് കുറക്കുന്നു.

ജാക്ക് ആന്റ് കോക്ക് എന്ന ആറു വയസ്സുകാരൻ ചികിത്സാപിഴവു മൂലം മരിച്ചതിനെതുടർന്ന് ബ്രിട്ടനിലുണ്ടായ പ്രമാദമായ സംഭവമാണ് Hadiza Bawa-Garba and Isabel Amaro കേസ്. ഒരു സിസ്റ്റത്തിന്റെ പരാജയത്തിന് വ്യക്തികൾ ബലിയാടാകേണ്ടിവരുന്നതിന് ദുഃഖകരമായ ഉദാഹരണമായിരുന്നു അത്. ആ കേസിനുശേഷം ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ആശുപത്രി സംവിധാനത്തിലും, ഹെൽത്ത് പ്രൊഫഷണലുകളുടെ പരിശീലനരീതികളിലും പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയുണ്ടായി.


Summary: രോഗമെന്ന നിസ്സഹായാവസ്ഥയിൽ രക്ഷ തേടി വരുന്ന വ്യക്തിക്ക്, ചികിൽസിക്കാൻ ചുമതലപ്പെട്ടവരിൽ നിന്നുണ്ടാകുന്ന തെറ്റിന്റെ ഇംപാക്റ്റ് പലപ്പോഴും രോഗമേൽപ്പിക്കുന്നതിനേക്കാൾ സങ്കീർണമായിരിക്കും.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments