ഒരു മാസമായിട്ടും പരാതിയൊഴിയാതെ മെഡിസെപ്

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കമുള്ള മെഡിസെപ്​ ഇൻഷൂറൻസ്​ പദ്ധതി, തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ നിരവധി പരാതികൾക്കിടയാക്കിയിരിക്കുകയാണ്​. പട്ടികയിലുള്ള പല ആശുപത്രികളിലും ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. പല ആശുപത്രികളിലും ചില വകുപ്പുകളിൽ മാത്രമെ പരിരക്ഷ ലഭിക്കുന്നുള്ളൂ എന്നും പരാതിയുണ്ട്. സർക്കാരിന്റെ വിജ്ഞാപനം ഇതുവരെ ലഭിക്കാത്തതിനാലാണ് ഇൻഷുറൻസ് ആനുകൂല്യം നൽകിത്തുടങ്ങാത്തതെന്നാണ് ചില ആശുപത്രികൾ അറിയിക്കുന്നത്.

നിലവിൽവന്ന് ഒരുമാസം പിന്നിടുമ്പോൾ, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആനുകൂല്യം മിക്ക ആശുപത്രികളിലും ലഭ്യമാകുന്നില്ലെന്ന് പരാതി. സ്വകാര്യ ആശുപത്രികളിൽ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും മെഡിസെപ് പരിരക്ഷ ലഭിക്കില്ലെന്നതും ഒ.പി. ചികിത്സയ്ക്ക് ആനുകൂല്യമില്ല എന്നതും പരാതികളിൽ ചിലതാണ്. എന്നാൽ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിക്കാൻ സ്വകാര്യ ലോബിയുടെ ശ്രമമുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ഒരുക്കം പൂർത്തിയാകുന്നതിനുമുമ്പുതന്നെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് (MEDISEP) ജൂലൈ ഒന്നിനാണ് നിലവിൽവന്നത്. 30 ലക്ഷത്തിലേറെ ആളുകൾക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017-2018 വർഷത്തെ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനുള്ള സർക്കാരിന്റെ താത്പര്യം വ്യക്തമാക്കിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടാം പിണറായി സർക്കാരാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തത്. സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉൾപ്പെടെയുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഓറിയന്റൽ ഇൻഷുറൻസുമായി സഹകരിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

നിരവധിയാളുകൾക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും പല ഭാഗത്തുനിന്നും പദ്ധതിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇൻഷുറൻസ് പദ്ധതിക്കു കീഴിൽ പണരഹിത ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ എംപാനൽഡ് ലിസ്റ്റ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മെഡിസെപ് വെബ്‌സൈറ്റിൽ (medisep.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ പട്ടികയിലുള്ള പല ആശുപത്രികളിലും ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ഉയരുന്ന പരാതി. പല ആശുപത്രികളിലും ചില വകുപ്പുകളിൽ മാത്രമെ പരിരക്ഷ ലഭിക്കുന്നുള്ളൂ എന്നും പരാതിയുണ്ട്. സർക്കാരിന്റെ വിജ്ഞാപനം ഇതുവരെ ലഭിക്കാത്തതിനാലാണ് ഇൻഷുറൻസ് ആനുകൂല്യം നൽകിത്തുടങ്ങാത്തതെന്നാണ് ചില ആശുപത്രികൾ അറിയിക്കുന്നത്.

അടിസ്ഥാന തുകയ്ക്ക് പുറമെ 12 മാരക രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയകൾക്കും അധിക പരിരക്ഷ ലഭിക്കും. / Photo: Flickr

മെഡിസെപ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിരുന്നു. ചില സ്വകാര്യ ആശുപത്രികൾ കരാർ ലംഘിക്കുന്നതായി ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ അറിയിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കൻ തീരുമാനമുണ്ടായത്. സർക്കാർ ആശുപത്രികളിൽ പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. എന്നാൽ മിക്ക ആശുപത്രികളിലും മെഡിസെപ് ഹെൽപ് ഡെസ്‌ക് രൂപീകരിച്ചിട്ടില്ല.

ആനുകൂല്യങ്ങൾ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പദ്ധതിയിൽ അംഗങ്ങളാകാം. 500 രൂപയാണ് പ്രതിമാസം പ്രീമിയമായി അടയ്‌ക്കേണ്ടത്. പോളിസി കാലാവധിയായ മൂന്നുവർഷത്തേക്ക് മൂന്നുലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുക. ഇതിൽ 1.5 ലക്ഷം രൂപ അതത് വർഷം തന്നെ വിനിയോഗിക്കണം. ശേഷിക്കകുന്ന 1.5 ലക്ഷം മൂന്നുവർഷത്തിനകം ഉപയോഗിക്കണം. 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കഴിഞ്ഞാൽ മാത്രമെ മെഡിസെപ് ആനുകൂല്യം ലഭിക്കുകയുള്ളൂ. ഒ.പി. ചികിത്സയ്ക്ക് മെഡിസെപ് പരിരക്ഷയില്ല. ഒ.പി. ചികിത്സയ്ക്ക് സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള റീ ഇംപേഴ്‌സ്‌മെന്റ് സൗകര്യം തുടരും.

മരുന്നിന്റെ വില, ചികിത്സാനടപടികളുടെ ചെലവ്, ഡോക്ടർ ഫീസ്, റൂം വാടക, ടെസ്റ്റുകളുടെ ചെലവ്, ഭക്ഷണച്ചെലവ്, ആശുപത്രിവാസത്തിന് മുമ്പും പിൻപുമുള്ള ചെലവ് എന്നിവയൊക്കെ ഇൻഷുറൻസ് പരിധിയിൽ വരും. ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് 15 ദിവസം മുമ്പും 15 ദിവസം ശേഷവുമുള്ള മെഡിക്കൽ, ലബോറട്ടറി ചികിത്സാച്ചെലവുകളും പരിരക്ഷയിൽ ഉൾപ്പെടും.

അടിസ്ഥാന തുകയ്ക്ക് പുറമെ 12 മാരക രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയകൾക്കും അധിക പരിരക്ഷ ലഭിക്കും. 35 കോടിയിൽ കുറയാത്ത പോളിസിത്തുക ഉൾപ്പെടുത്തി രൂപീകരിക്കുന്ന അധികഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. കരൾ മാറ്റിവെക്കൽ (18 ലക്ഷം രൂപ വരെ), ബോൺമാരോ, സ്‌റ്റെംസെൽ ട്രാൻസ്​പ്ലാന്റേഷൻ റിലേറ്റഡ് (9.46 ലക്ഷം), ബോൺമാരോ, സ്‌റ്റെംസെൽ ട്രാൻസ്​പ്ലാന്റേഷൻ അൺറിലേറ്റഡ് (17 ലക്ഷം) കോക്ലിയർ ഇംപ്ലാൻറ്​ (6.39 ലക്ഷം), റീനൽ ട്രാൻസ്​പ്ലാന്റേഷൻ (4 ലക്ഷം), മുട്ട് മാറ്റിവെക്കൽ (3 ലക്ഷം), ടോട്ടൽ ഹിപ് റീപ്ലെയ്‌സ്‌മെൻറ്​ (4 ലക്ഷം), ഓഡിറ്ററി ബ്രെയിൻ സ്‌റ്റെം ഇംപ്ലാൻറ്​ (18.24 ലക്ഷം), ഐസലേറ്റഡ് ഹാർട്ട്/ലങ് ട്രാൻസ്​പ്ലാൻറ്​ (15 ലക്ഷം), ഹാർട്ട് ലങ്/ ഡബിൾ ലങ് ട്രാൻസ്​പ്ലാൻറ്​ (20 ലക്ഷം), കാർഡിയാക് റീ സിംക്രനൈസേഷൻ തെറാപ്പി (6 ലക്ഷം), എ.സി.ഡി. ഡ്യുവൽ ചേംബർ (5 ലക്ഷം) എന്നിവയ്ക്കാണ് അധിക പരിരക്ഷ ലഭിക്കുന്നത്.

ആയുർവേദം, ഹോമിയോ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. സൗന്ദര്യവർധക ചികിത്സകൾ, തേയ്മാനം മാറ്റാനുള്ളവ, റൂട്ട്കനാൽ പോലെയുള്ള ദന്ത ചികിത്സകൾ, വന്ധ്യതാചികിത്സ എന്നിവയ്ക്കും പരിരക്ഷ ലഭിക്കുകയില്ല. / Photo: Flickr

പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകൾക്കും നവജാതശിശുവിന് ജൻമനായുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
മെഡിസെപ് പദ്ധതിയിൽ പണരഹിത ചികിത്സ ലഭിക്കുന്നതിന് അംഗീകൃത ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ജനറൽ വാർഡിലാണ് പ്രവേശിപ്പിക്കുന്നതെങ്കിൽ ദിവസ വാടക 1000 രൂപയിൽ കൂടാൻ പാടില്ല. സെമി പ്രൈവറ്റ് വാർഡ് - 1500, പ്രൈവറ്റ് വാർഡ് -2000, ഐ.സി.യു., സി.സി.യു., എൻ.ഐ.സി.യു. - 5000, വെന്റിലേറ്റർ - 2000, ക്രിട്ടിക്കൽ വാർഡ് ബെഡ് - 1000 എന്നിങ്ങനെയാണ് മറ്റു പരിധികൾ.

ആനുകൂല്യം ലഭിക്കാത്തവ

ആശുപത്രിയിൽ പ്രവേശിപ്പിക്കാതെയുള്ള ചികിത്സയ്ക്ക് മെഡിസെപ് ആനൂകല്യം ലഭിക്കില്ല. ആയുർവേദം, ഹോമിയോ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. സൗന്ദര്യവർധക ചികിത്സകൾ, തേയ്മാനം മാറ്റാനുള്ളവ, റൂട്ട്കനാൽ പോലെയുള്ള ദന്ത ചികിത്സകൾ, വന്ധ്യതാചികിത്സ എന്നിവയ്ക്കും പരിരക്ഷ ലഭിക്കുകയില്ല. മയക്കുമരുന്ന്, മദ്യം, ലഹരിവസ്തുക്കൾ എന്നിവയുടെ ദുരുപയോഗവും ആസക്തിയുംകൊണ്ടുള്ള രോഗങ്ങൾ, അപകടം കാരണം ആവശ്യമായി വരുന്നതല്ലാത്ത പ്ലാസ്റ്റിക് സർജറി, സ്വയം പരിക്കേൽപ്പിക്കൽ, ആത്മഹത്യാശ്രമം എന്നിവയൊന്നും പദ്ധതിയുടെ പരിധിയിൽ വരുന്നില്ല.

ഗുണഭോക്താക്കൾ ആരൊക്കെ

മെഡിസെപ് ഡേറ്റാബേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാരും പെൻശൻകാരും അവരുടെ ആശ്രിതരും പദ്ധതി ആനുകൂല്യത്തിന് അർഹരായിരിക്കും. അച്ഛനും അമ്മയും പദ്ധതിയിൽ അംഗങ്ങളാണെങ്കിൽ ഏതെങ്കിലും ഒരാളുടെ ആശ്രിതരായേ കുട്ടികളെ പദ്ധതിയിൽ ചേർക്കാനാവൂ. മാതാപിതാക്കൾ പദ്ധിതിയിലംഗങ്ങളായ പെൻഷൻകാരാണെങ്കിൽ അവരെ ആശ്രിതരായി ചേർക്കാനാവില്ല. പെൻഷൻകാരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, അംഗപരിമിതരല്ലാത്ത മക്കൽ എന്നിവരെയും ചേർക്കാനാവില്ല. പെൻഷൻകാരുടെ പങ്കാളി, ശാരീരിക പരിമിതികളുള്ള മക്കൾ എന്നിവരെ ചേർക്കാം.
ആശ്രിതരായ കുട്ടികൾ ജോലിയിൽ പ്രവേശിക്കുകയോ വിവാഹിതരാവുകയോ 25 വയസ് പൂർത്തിയാകുകയോ ചെയ്യുന്നതുവരെ മാത്രമെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.

18004250237 എന്ന ടോൾഫ്രീ നമ്പറിൽ മെഡിസെപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുറമെ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേതുൾപ്പെടുയുള്ള അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാന സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും താത്പര്യമുണ്ടെങ്കിൽ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, നിയമസഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്റ്റാഫ്, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും പദ്ധതിയുടെ ഭാഗമാണ്. ഇപ്പോൾ 30 ലക്ഷത്തിലേറെ പേരാണ്​ പദ്ധതിയിലുള്ളത്​.

ആനൂകൂല്യം കിട്ടാൻ എന്തുചെയ്യണം

മെഡിസെപ് പദ്ധതിയിൽ അംഗങ്ങളായവർക്കും ആശ്രിതർക്കും സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി പോകാം. മെഡിസെപ് ആനുകൂല്യം ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക മെഡിസെപ് വെബ്‌സൈറ്റിലുണ്ട്. എംപാനൽ ചെയ്ത എല്ലാ ആശുപത്രികളിലും എല്ലാ ചികിത്സകളുമില്ല. ചില ആശുപത്രികളിൽ ചില ചികിത്സകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. എംപാനൽ ചെയ്ത ആശുപത്രികളുടെ വിശദമായ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും ഏതൊക്കെ വിഭാഗങ്ങളിലാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. അവ നോക്കി ഉറപ്പുവരുത്തിയിട്ടുവേണം ആശുപത്രികളെ സമീപിക്കാൻ.
എംപാനൽ ചെയ്ത ആശുപത്രികളിലെ ഹെൽപ് ഡെസ്‌ക്കിൽ മെഡിസെപ് ഐ.ഡി. കാർഡും തിരിച്ചറിയൽ രേഖയായി വോട്ടർ ഐ.ഡി. കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയിലേതെങ്കിലുമൊന്നും നൽകിയാൽ പണരഹിത ചികിത്സ ലഭിക്കും.

18004250237 എന്ന ടോൾഫ്രീ നമ്പറിൽ മെഡിസെപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. മെഡിസെപ്പിനെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാനുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഉപയോഗിച്ച് മെഡിസെപ് പോർട്ടലിൽ നൽകുന്ന പരാതികൾ ഇൻഷുറൻസ് കമ്പനി പരിഹരിക്കും. അങ്ങനെ പരിഹരിക്കപ്പെടാത്തവ പരിശോധിക്കാൻ ജില്ലാതല സമിതി, സംസ്ഥാനസമിതി, അപ്പലേറ്റ് അതോറിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്.

വിമർശനങ്ങൾ, പരാതികൾ

സർക്കാർ ജീവനക്കാരും പെൻഷൻകാരും താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മെഡിസെപ് പദ്ധതിയിൽ അംഗങ്ങളാകും. ഇൻഷുറൻസ് പ്രീമിയമായി 500 രൂപ ഈടാക്കിയ ശേഷമാണ് മാസശമ്പളം നൽകുകയെന്നതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പങ്കാളിത്ത പെൻഷൻകാർക്ക് അംഗമാകണമെങ്കിൽ പ്രീമിയം തുകയായ 18,000 രൂപ ഒറ്റത്തവണയായി അടയ്ക്കണമെന്നത് പ്രശ്‌നമാണ്. ഒ.പി. ചികിത്സയ്ക്ക് ആനുകൂല്യമില്ലെന്നതും 24 മണിക്കൂർ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചാലേ ആനുകൂല്യം ലഭിക്കൂ എ്ന്നതും പദ്ധതിയുടെ പോരായ്മയായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. ദമ്പതിമാരിൽ രണ്ടുപേരും പദ്ധതിയിൽ അംഗങ്ങളാണെങ്കിൽ രണ്ടുപേരിൽ നിന്നും പ്രീമിയം തുക ഈടാക്കും. പക്ഷെ ഒരാൾക്ക് മാത്രമെ ക്ലെയിം ചെയ്യാൻ സാധിക്കൂ.

അത്യാധുനിക സൗകര്യങ്ങളുള്ള പല ആശുപത്രികളും പദ്ധതിയുടെ ഭാഗമല്ലെന്നതും വിമർശനത്തിനിടയാക്കുന്നു. തിരുവനന്തപുരത്ത്​ കരാർ ഒപ്പിട്ട ചില സ്വകാര്യ ആശുപത്രികൾ ഇപ്പോൾ പിന്മാറാനുള്ള തയാറെടുപ്പിലാണ്​. ഇത്തരം നിസ്സഹകരണങ്ങൾ ആറ്​ ജില്ലകളിലുണ്ട്​. ഇവർക്കെതിരെ നടപടിയെടുക്കാവുന്ന ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്​മെൻറ്​ നിയമം സർക്കാർ നടപ്പാക്കിയിട്ടുമില്ല.

പട്ടികയിലുള്ള ആശുപത്രികളിൽ പലയിടത്തും സുപ്രധാന വകുപ്പുകൾ പദ്ധതിയുടെ ഭാഗമല്ലെന്നതും പരാതിക്കിടയക്കുന്നു. സർക്കാർ നിശ്ചയിച്ച ചെലവ് പരിധിയേക്കാൾ കൂടുതലാണ് മുറിവാടക ഉൾപ്പെടെ പല ആശുപത്രികളിലും. കൂടുതലാകുന്ന തുക രോഗി നൽകേണ്ടിവരും.

മുഴുവൻ തുകയും അംഗങ്ങളിൽ നിന്ന് പ്രീമിയമായി ഈടാക്കി സർക്കാരിന് യാതൊരവിധ സാമ്പത്തിക പങ്കാളിത്തമില്ലാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രീമിയം തുകയായ 720 കോടിയിലേറെ രൂപയാണ് പ്രതിവർഷം സ്വകാര്യ ഇൻഷുറൻസ് കമ്പനിക്ക് കിട്ടുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രീമിയം പിരിച്ചെടുത്ത് ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നതുമാത്രമാണ് സർക്കാരിന്റെ റോൾ. തമിഴ്‌നാടും ആന്ധ്രപ്രദേശുമടക്കമുള്ള സംസ്ഥാനങ്ങളിൽ 60-40 ശതമാനമാണ് ഇൻഷുറൻസ് പദ്ധതികളിലെ സർക്കാർവിഹിതം. തമിഴ്‌നാട്ടിൽ പ്രതിമാസം 300 രൂപയാണ് പ്രീമിയം. പക്ഷെ നാലുവർഷത്തേക്കാണ് 10 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്നത്. ഇവിടെ പദ്ധതി കാലാവധി മൂന്നുവർഷമാക്കി ചുരുക്കിയത് ഇൻഷുറൻസ് കമ്പനിയെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്. ഒ.പി. ചികിത്സയ്ക്ക് സഹായം കിട്ടില്ലെന്നതും ന്യൂനതയായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ഒ.പി. ചികിത്സയ്ക്കടക്കം പരിരക്ഷ നൽകുന്നുണ്ട്.

പണം എവിടെ നിന്ന്

ഒരു വർഷം പ്രീമിയമായി 10 ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ആറായിരം രൂപ വീതം ഈടാക്കുമ്പോൾ 720 കോടിയിലേറെ രൂപ ലഭിക്കും. ഒരാളിൽ നിന്ന് പ്രതിവർഷം 5664 രൂപയാണ് ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്. 4800 രൂപയും 18 ശതമാനം ജി.എസ്.ടി.യായി 864 രൂപയും. ബാക്കി 336 രൂപ സംസ്ഥാന സർക്കാരിനുള്ളതാണ്. ഇതാണ് കോർപസ് ഫണ്ട്. ഒരുവർഷം 40 കോടിയിലധികം രൂപ ഈയിനത്തിൽ സർക്കാരിന് ലഭിക്കും. ഇതിൽ നിന്നാണ് മാരകരോഗങ്ങളുടെ ചികിത്സയ്ക്കായി അധിക തുക നൽകുന്നത്.

Comments