അവനൊരുദിവസം തേടിവരുമെന്ന് ആദ്യം മുതലേ ഞാൻ ഭയന്നിരുന്നു!
അതിന് കാരണങ്ങളും ഉണ്ടായിരുന്നു. അവനിവിടേക്ക് വരാതിരിക്കുവാനുള്ള എല്ലാ മാർഗങ്ങളും ഞാനെടുത്തു.
പടികൊട്ടിയടച്ചു. പുറത്തു പോകൽ കുറച്ചു. കഴിയുന്നതും കൺമുന്നിൽ പെടാതിരിക്കാൻ ശ്രമിച്ചു. അവനുണ്ടെന്നു സംശയിക്കപ്പെടുന്നിടം അവഗണിച്ചു. മുഖംമൂടി ധരിച്ചു. ശുദ്ധീകരിച്ചു. മന്ത്രങ്ങൾ ഉരുവിട്ടു.
പക്ഷെ, ജൂണിലെ ഒരു സന്ധ്യയിൽ ക്ഷണിക്കപ്പെടാത്ത അഥിതിയായി, പക മുറ്റിയ ശത്രു... അവൻ എന്നെ തേടിയെത്തി.
എന്റെ വീട്ടിലെ ആരുടെയോ കൂടെ, അവർ പോലുമറിയാതെ അവൻ അകത്തു കയറി. ഞാനറിഞ്ഞതേയില്ല,.. ആരും അറിഞ്ഞില്ല. വളരെ ബുദ്ധിമാനായ ശത്രുവായിരുന്നല്ലോ അവൻ! തൂണിലും തുരുമ്പിലും വസിക്കാൻ കെൽപ്പുള്ള, ചിറകുള്ള അരൂപി.
സ്ഥലകാലങ്ങളൊക്ക നിരീക്ഷിച്ച് പമ്മി നിന്ന ശേഷം, അഞ്ചാം ദിവസം അവനെന്റെ കണ്ണ് വെട്ടിച്ച്, മുളകിട്ട് കരുകരെ ചുവപ്പിച്ച്, തീ പാറിച്ചു. കണ്ണുസോക്കെടോ കൺകുരുവോ എന്നറിയാതെ തുള്ളി മരുന്നൊഴിച്ചു ഞാൻ സമാധാനിച്ചു. എട്ടാം ദിനമെന്റെ കൈനഖപ്പാളികളിൽ കരിപടർന്നു.
ഓ, ഒരു ഫംഗൽ ഇൻഫെക്ഷനായി ഞാനതിനെ നിസ്സാരവൽക്കരിച്ചു. ഇതെല്ലം അവന്റെ മുന്നൊരുക്കങ്ങളായിരുന്നെന്ന് ആരറിഞ്ഞു?
വരാനുള്ള യുദ്ധത്തിന്റെ പടയൊരുക്കങ്ങളായിരുന്നെന്ന്?
എന്റെ ശരീരത്തെ അരിഞ്ഞു വീഴ്ത്തുന്നതിനു മുൻപുള്ള കോപ്പുകൂട്ടലുകൾ!
ഞാനിതൊന്നുമറിയാതെ ചിരിച്ചും കളിച്ചും!
ഹേയ്... ഇതതൊന്നുമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചും ഉള്ളിൽ സംശയിച്ചും തിരസ്‌കരിച്ചും നിരാകരിച്ചും!
പതിനൊന്നാം ദിനം!
പതിനൊന്നാം ദിനമാണവൻ കലിയുടെ അവതാരമെടുത്തത്! വാളും പരിചയും കാലാൾപ്പടകളും യുദ്ധമുറകളുമായെന്നോടെതിരിടാൻ തുടങ്ങിയത്! അവനെനിക്കു ചുറ്റും കടുത്ത മഞ്ഞു പെയ്യിച്ചു. ഹിമാലയക്കുളിരിൽ വിറച്ചു വിറങ്ങലിച്ച്, നാല് കമ്പിളിയിട്ടുമൂടി ഞാൻ മഞ്ഞുകട്ടയിൽ കിടന്ന ആ രാത്രി! അന്നവനെന്നിൽ ആദ്യമായി തീപ്പനിയിറക്കി, ചുട്ടുപൊള്ളിച്ചു, കത്തിച്ചു, പുകച്ചു. തലയോട്ടി നെരിപ്പോടാക്കി. തലച്ചോറ് തിളപ്പിച്ചൂറ്റി. പിച്ചും പേയും രാപ്പകൽ ഞാൻ ചിലച്ചു. വിട്ടുപോയ ആത്മാക്കളെന്നെ തേടി വന്നു. അവർ എന്നെ കൂട്ടാനെത്തിയതായിരുന്നിരിക്കണം.
എനിക്ക് പേടി തോന്നിയില്ല, വേദനയെന്ന ഒരൊറ്റ വികാരം മാത്രം... മറ്റേതോ ലോകത്തിലായിരുന്നു ഞാനപ്പോൾ! തലയോട്ടി കൂടം കൊണ്ടടിച്ചു പിളരുന്നു. ചെന്നിക്കുത്തിന്റെ പുക കണ്ണുകളിലൂതിയിറങ്ങുന്നു. നെഞ്ചിൻകൂട് പൊളിച്ച് വരണ്ട കഫം നിറഞ്ഞ ചുമ! ഹൃദയഭിത്തിയിൽ കത്തി കുത്തിയിറക്കുന്നു.
തൊണ്ടക്കുഴി കനലായ്, ഉമിനീരിറക്കാനാവാതെ. ശ്വാസകോശം ഉറുമ്പരിക്കുന്ന കിരുകിരുപ്പ്. ശ്വസന സഹായികൾ താൽക്കാലിക ആശ്വാസം. എല്ലു നുറുക്കും സന്ധിവേദന. പച്ച മാംസം മുറിക്കുന്ന നൊമ്പരം! നെഞ്ച് പൊത്തി വാവിട്ടു ഞാൻ നിലവിളിച്ചു. ശരീരകോശങ്ങളിലെല്ലാം അവൻ അധികാരം പിടിച്ചടക്കുന്നു.
കൈ വെക്കാത്ത ഒരു ഭാഗം പോലുമില്ല, ഒരിഞ്ചു പോലുമില്ല. പ്രാണൻ നിലത്തു കിടന്നുരുളുന്നത് നോക്കി എന്നെക്കാൾ ഉച്ചത്തിൽ നിലവിളിക്കുകയാണെന്റെ ശരീരം. നഖത്തിനടിയിലവൻ മൊട്ടുസൂചിയിറക്കുമ്പോൾ ഞാൻ കമിഴ്ന്നുകിടന്ന് തലയിണയിൽ മുഖമമർത്തി! കരയാനുള്ള ശക്തി കുറയുകയാണ്. ശബ്ദവും അവൻ പിടിച്ചടക്കുകയാണ്. ദിവസങ്ങളോളം, രാപകലില്ലാതെ ശരീരത്തിന്റെ രണ്ടറ്റത്തു നിന്നും അഴുക്കുചാലൊരുപോലെയൊഴുകി എന്നെ നിര്ജ്ജലീകരിച്ചു.
ഞാൻ വരണ്ടു, ഉണങ്ങി, കരിഞ്ഞു.
മേലാകെ ഒരു കരിംചായം പുരട്ടി, അവനെന്റെ രൂപമേ മാറ്റുന്നു.
രുചിയോ മണമോ ഇല്ലാതെ ഞാൻ എന്തൊക്കെയോ കുടിച്ചു, ചവച്ചു, ഇറക്കി.
മക്കളും ഭർത്താവും ജോലി കഴിഞ്ഞുവന്ന് പി.പി.ഇ കിറ്റിൽ പൊതിഞ്ഞുകെട്ടി എന്നെ ശുശ്രുഷിച്ചു.
എല്ലാവരും ആതുരസേവനം ഉപജീവനമാക്കിയവർ. പനിനിവാരണികളും വേദനസംഹാരികളും മാറിമാറിയവർ തന്നു. ഇഞ്ചി, മഞ്ഞൾ, വെളുത്തുളളി, വെള്ളം കുടി. എന്തൊക്കെയോ പച്ചിലമരുന്ന് തിളപ്പിച്ച ആവി പിടിത്തം. നേഴ്സ് മകനെന്നെ, കൊഞ്ചുപോലെ കമഴ്ത്തിയിട്ടു, പുറത്തു കൊട്ടുമ്പോൾ എല്ലൊടിയുമൊയെന്നു ഭയന്നു.
കഫമിളകി ചുമച്ചും കുരച്ചും ഞാൻ വലഞ്ഞു, വളഞ്ഞു. നിർത്താത്ത ചുമ നല്ല ലക്ഷണമല്ലെന്നവർ തമ്മിൽ തമ്മിൽ പറഞ്ഞു. അപ്പോഴേക്കും എന്റെ ശത്രു, ഈ ചെയ്തതൊന്നും പോരാതെ, ന്യൂമോണിയയുടെ കൂട്ടുപിടിച്ചു. എനിക്കെതിരെ തിരിഞ്ഞു. ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു.
‘മതിയാക്കൂ, മതിയാക്കൂ... നീ എന്നെ വേഗം കൊണ്ടുപോകൂ' എന്ന് ഞാൻ മന്ത്രിച്ചു.
ഇതിലും നല്ലത് മരണമായിരിക്കുമെന്നാദ്യമായി എനിക്ക് തോന്നിത്തുടങ്ങി.
അവൻ കഴുത്തിൽ പിടിമുറുക്കിയിറുക്കുമ്പോഴേക്കും ഞാൻ ആശുപത്രിയിലേക്കെടുക്കപ്പെട്ടു. വൈദ്യൻമാരെന്റെ ശരീരത്തിൽ ആന്റി ബയോട്ടിക്കിന്റെ ശൂലങ്ങൾ കുത്തിയിറക്കി, എനിക്കായി കുറെ പടയാളികളെയിറക്കി- വെളുത്ത രക്താണുക്കൾ!
അവരെനിക്കുവേണ്ടി പകലും രാത്രിയും യുദ്ധം ചെയ്തിട്ടുണ്ടാവണം. പനിമാപിനിയിൽ സൂചി നൂറ്റിനാലിൽ നിന്ന് നൂറിലേക്കു താണു. അവൻ അപ്പോഴും പല അടവുകളെടുത്തു. പനി കൂട്ടി - കുറച്ച്. എനിക്കെടുക്കാൻ അടവുകളൊന്നും ഇല്ലായിരുന്നു. കട്ടിൽ തന്നെ ശരണം. മയക്കം. തളർച്ച. ക്ഷീണം.
പതിനൊന്നാം ദിവസം അവൻ ഞാനില്ലാതെ പടിയിറങ്ങുമെന്നു ധാരണയുണ്ടായി.
ഇരുപത്തിനാല് മണിക്കൂർ പനിനിർത്തലിനുശേഷം അവനും കൂട്ടുകൊലയാളികളും എന്റെ ശരീരം വിട്ടു.
ഞാനില്ലാതെ മടങ്ങി. കിടക്ക വിട്ടെഴുന്നേറ്റ ഞാൻ മെല്ലെ പിച്ച നടന്നു. രണ്ടു ചുവടുകൾ ആയിരം കാതം പോലെ, രണ്ടാഴ്ച്ച കണ്ണാടി കാണാതിരുന്ന എന്റെ രൂപം ...
അത് മറ്റാരോ ആയിരുന്നു!
അവൻ കടിച്ചുവലിച്ചൊരു എല്ലിൻ കൂന!
വിഷാദത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിയും പൊങ്ങിയും ഞാനൊരു പൊങ്ങുതടി പോലെ, പിന്നെയൊരു പ്രയാണമായിരുന്നു. ബാക്കി കിട്ടിയ ജീവനും കൊണ്ടുള്ളൊരു ഓട്ടം. മറവി എന്നെ അലോസരപ്പെടുത്തി. ദൈനംദിനം വസ്തുക്കളുടെ പേരുകൾ പോലും ഓർത്തെടുക്കുവാൻ പാടുപെട്ടു... ബ്രെയിൻ ഫോഗ് എന്നാണതിന്റെ ഓമനപ്പേര്!
ഞാൻ മെല്ലെ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു. കുടഞ്ഞുകളയാൻ ആവുന്ന ശ്രമിച്ചിട്ടും കടുത്ത വിഷാദം എന്നെ പിടികൂടി...
ഇന്നും ഞാനെന്റെ യുദ്ധം തുടരുന്നു.
ഈ അഞ്ചുമാസം കഴിഞ്ഞിട്ടും അവൻ പല ഭാവത്തിൽ, രൂപത്തിൽ പോസ്റ്റ് കോവിഡ് സിൻഡ്രം എന്ന വിളിപ്പേരിൽ ഭീഷണിപ്പെടുത്തുന്നു. ഇടക്കെല്ലാം ശരീരമാസകലം അലർജി പടർത്തിയും അത് പഴുപ്പിച്ചും പൊട്ടിയൊലിപ്പിച്ചും ഹൃദയത്തിൽ നീർക്കെട്ടുണ്ടാക്കിയും ശ്വാസകോശത്തിൽ കലകളുണ്ടാക്കിയും ക്ഷീണവും മറവിയും മന്ദതയുമുണ്ടാക്കിയും സന്ധികളിൽ നീരുണ്ടാക്കിയും ഇടതൂർന്ന തലമുടി പൊഴിയിപ്പിച്ചും അവന്റെ ബാക്കിപത്ര രോഗങ്ങളാൽ ഞാൻ വലയുന്നു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ഓരോ തവണയും വൈദ്യൻമാർ കണ്ണ് മിഴിക്കുന്നു.
അവൻ പുതിയ ആളാണത്രെ!
അവനെക്കുറിച്ച് കൂടുതലൊന്നും ആർക്കും അറിയില്ലത്രേ!
പഠനങ്ങൾ നടക്കുന്നതെയുള്ളത്രെ!
അവനിനിയും വരാൻ സാധ്യതയുണ്ടത്രേ!
പ്രമേഹക്കാരോടും മറ്റും അവന് പ്രത്യേക താൽപര്യമാണത്രെ!
എല്ലാരോടും അവനിങ്ങനെയല്ലത്രേ!
ചിലരെ അവൻ വല്ലാതെ അവഗണിക്കുമത്രേ!
ഇഷ്ടക്കാരിൽ അവൻ പൂണ്ടു വിളയാടുമത്രെ!
അവൻ വടി വെട്ടാൻ പോയിട്ടേ ഉള്ളത്രെ !
അതാണത്രേ, ഇതാണത്രേ..!
എങ്കിലും ഞാൻ ഭാഗ്യവതിയെന്നല്ലാവരും പറയുന്നു!
അതെ, ഇനിയും മറുമരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തയീ മാരകരോഗത്തിൽനിന്ന് രക്ഷപ്പെട്ടവൾ! ശാസ്ത്രത്തെ മാനിക്കാത്ത കുറെ വിഡ്ഢികളുള്ള ഈ അമേരിക്കയിൽ ഒരു ഭരണകൂട വ്യവസ്ഥയുടെ പിടിപ്പുകേടിൽ, 2,46,000 ജനങ്ങൾ മരിക്കേണ്ടി വന്ന ഈ നാട്ടിൽ, അവൻ കൊല്ലാതെ വെറുതെ വിട്ട ഞാൻ ഭാഗ്യവതി തന്നെ!
എന്റെ ആത്മാവിന്റെ മുറിവുകൾ എന്നുണങ്ങുമോ ആവോ?
(മീനു എലിസബത്ത്: അമേരിക്കയിൽ ടെക്സസിലെ ഡാലസിൽ താമസിക്കുന്നു. കോളമിനിസ്റ്റും എഴുത്തുകാരിയുമാണ്)