ലിംഗനീതിരാഷ്ട്രീയത്തെക്കുറിച്ച് പുരോഗമനപരമായ നയരൂപീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ലിംഗനീതി രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടുന്ന ജീവശാസ്ത്ര / സാമൂഹികപരമായ ആശയങ്ങൾ വിവിധ തലങ്ങളിൽ നിന്നുള്ളതാണ്.
മുൻപ് പൊതു സംസാരത്തിൽ പോലും പരിഗണന നൽകാത്ത വിഷയങ്ങളായിരുന്നു സ്ത്രീസഹജമായ ആർത്തവം. ഗർഭപാത്രത്തിന്റെ മാസം തോറുമുള്ള കണ്ണുനീരായും പെണ്ണ് പൂക്കുന്നതുമായൊക്കെ കാൽപ്പനികത കലർന്ന ആർത്തവം അടുത്ത കാലത്ത് നമ്മുടെ സാംസ്കാരികലോകത്ത് അത്യന്തം രാഷ്രീയവൽക്കരിക്കപ്പെടുന്ന വിഷയമായി മാറി. മതവിശ്വാസങ്ങളിൽ ആർത്തവവും, അതു സംബന്ധിച്ചുണ്ടാകുന്ന ആചാരങ്ങളെല്ലാം കാലാനുസൃതമായി മാറ്റണമോ എന്നത് സുപ്രീം കോടതിയുടെ പരിഗണനയിൽ കിടക്കുന്ന വിഷയമാണ്.

ഇത് ഒരു ഭാഗത്ത് സജീവമായി നിലനിൽക്കുമ്പോഴാണ് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസം 3 ദിവസം ആർത്തവ അവധി നൽകാമെന്ന നയപരമായ തീരുമാനം വരുന്നത്. തീരുമാനം സ്ത്രീസൗഹാർദനയമാണെന്ന കാര്യത്തിൽ തർക്കമില്ല. എങ്കിലും ഇത്തരം നയപരമായ തീരുമാനങ്ങൾ ഉയർത്തുന്ന ചില ചോദ്യങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു:
- ആർത്തവദിനങ്ങളിൽ അവധി നൽകണമോ?
- ആർത്തവം സ്ത്രീയുടെ സ്വകാര്യതയാണോ?
- ആർത്തവം പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണോ?
- ആർത്തവദിനങ്ങളിൽ അവധി നൽകുന്നതിനു പകരം നൽകാവുന്ന സംവിധാനങ്ങൾ എന്തൊക്കെയാണ്?
ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം പരിശോധിക്കാം. 2017- ൽ തമിഴ്നാട്ടിലെ പാളയംകോട്ടയെന്ന സ്ഥലത്തെ ഒരു ഏഴാം ക്ലാസുകാരിയുടെ ആത്മഹത്യ, ആർത്തവദിവസങ്ങളിൽ അവൾ അധ്യാപകരിൽ നിന്ന് കേൾക്കേണ്ടിവന്ന ശകാരത്തെ തുടർന്നായിരുന്നു. ആർത്തവ രക്തക്കറ സ്ക്കൂൾ ബെഞ്ചിലായതിനെ തുടർന്ന് കുട്ടിയനുഭവിക്കേണ്ടി വന്ന മാനസിക പീഡനത്തെടുർന്നായിരുന്നു ഈ ജീവനൊടുക്കൽ. ദേശീയതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു ഇത്. ഇതേ തമിഴ് നാട്ടിൽ തന്നെയാണ് ഇന്ത്യയുടെ 'പാഡ് മാൻ ആയ അരുണാചലം മുരുകാനന്ദവുമുള്ളതെന്നോർക്കണം.
ആർത്തവാരോഗ്യത്തെപ്പറ്റി അവബോധമുണ്ടെന്ന നമ്മുടെ പൊതുബോധത്തിനേറ്റ അടിയായിരുന്നു ലജ്ജാകരമായ ഈ സംഭവം. ആർത്തവം എന്ന ജൈവികപ്രക്രിയയെ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും തീണ്ടാപ്പാടകലെ നിർത്തുന്ന വലിയൊരു സമൂഹം നമുക്ക് ചുറ്റുമുണ്ടെന്നതിന്റെ തെളിവാണിത്.
2015- ൽ പുറത്തിറങ്ങിയ നാഷനൽ ഗൈഡ്ലൈൻസ് ഓൺ മെൻസ്ട്രുൽ ഹൈജീൻ ആന്റ് മാനേജ്മന്റിന്റെ കണക്കുപ്രകാരം ആർത്തവാരംഭത്തിലുള്ള കോടിക്കണക്കിന് ഇന്ത്യൻ പെൺകുട്ടികൾ ആർത്തവ ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

‘അവധി’ എന്ന വാക്ക് ഇവിടെ കൂടുതൽ പരിശോധന ആവശ്യപ്പെടുന്നു. ആർത്തവം എന്ന ജൈവപ്രക്രിയ പ്രത്യുൽപ്പാദനപ്രായത്തിലുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് 30 വർഷത്തോളം നിലനിൽക്കുന്ന പ്രതിഭാസമാണ്. മെനാർക്കി (ആദ്യ ആർത്തവം) മുതൽ മെനോപോസ് (ആർത്തവാന്ത്യം) വരെ നിലനിൽക്കുന്ന ഈ ജൈവികചക്രത്തിനിടയിലൂടെയാണ് ഒരു ശരാശരി സ്ത്രീയുടെ യുപി / ഹൈസ്ക്കൂൾ കാലഘട്ടം, കലാലയ / ഗവേഷണഘട്ടം., തൊഴിലിടങ്ങൾ എന്നീ കാലങ്ങൾ കഴിഞ്ഞുപോവുന്നത്. സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന കാലത്ത് ആർത്തവം തികച്ചും സ്വകാര്യവിഷയമായിരുന്നു. ആർത്തവ കാലങ്ങളിൽ അവരനുഭവിച്ചിരുന്ന ശാരീരിക ക്ലേശങ്ങൾ വീടുകളിലെ വിശ്രമത്താൽ പരിഹരിക്കപ്പെട്ടിരുന്നു.
എന്നാൽ, ഇപ്പോൾ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ രംഗത്തും ഉയർന്ന സ്ത്രീപ്രാതിനിധ്യമുണ്ട്. പെൺകുട്ടികളും സ്ത്രീകളും പൊതുമണ്ഡലങ്ങളിലേയ്ക്ക് ധാരാളമായി മുന്നേറി വരുന്നു. ഇവരിൽ ബഹുഭൂരിഭാഗവും ആർത്തവ പ്രായത്തിലുള്ളവരാണ്. അതുകൊണ്ടുതന്നെ ആർത്തവം ഗൗരവമേറിയ പൊതു ആരോഗ്യ വിഷയമാണ്.
ആർത്തവചക്രം എല്ലാവരിലും പൊതുസ്വഭാവം പാലിക്കുന്നില്ല. ചിലർക്ക് ക്ലേശകരമായ ആർത്തവ ദിനങ്ങളാണെങ്കിൽ മറ്റു ചിലർക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ ആർത്തവ അവധിയെ സാമാന്യവൽക്കരിച്ചു കാണാൻ പറ്റില്ല. പൊതുവേ, മെനാർക്കി ഘട്ടത്തിലുള്ള പെൺകുട്ടിക്ക് പെട്ടെന്നുണ്ടാകുന്ന ശാരീരിക മാറ്റങ്ങളും, അതോടൊപ്പമുണ്ടാകുന്ന അദൃശ്യമായ സാമൂഹിക വിലക്കുകളും സഹപാഠികളുടെ കളിയാക്കലുമെല്ലാം വൈകാരിക ഉത്കണ്ഠ ഉണ്ടാക്കാറുണ്ട്. ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഈ ജൈവികപ്രക്രിയയുമായി പൊരുത്തപ്പെടാനുള്ള മാനസികാവബോധവും, വൈകാരിക പിന്തുണയുമൊക്കെ മിക്ക രക്ഷിതാക്കളും അധ്യാപകരും നൽകിവരുന്നുണ്ട്.
ഇത്തരത്തിലുള്ള സമീപനങ്ങളൊന്നും അനുഭവിക്കാതെയാണ് ഇന്നത്തെ മുതിർന്ന സ്ത്രീകൾ അവരുടെ സ്കൂൾപഠനകാലം പിന്നിട്ടത്. ‘അവൾ ഔട്ടായി’ എന്ന കോഡ് ഭാഷയോ അല്ലെങ്കിൽ സമാന ആശയം വരുന്ന മറ്റെന്തെങ്കിലുമോ കോഡുപയോഗിച്ചാണ് ആർത്തവ ദിനങ്ങളെ അഭിസംബോധന ചെയ്തിരുന്നതുതന്നെ. അന്ന് ആവശ്യത്തിന് ശുചിമുറികളില്ലാത്ത ഒരു സർക്കാർ പെൺവിദ്യാലയത്തിൽ പഠിച്ച ഈ ലേഖികയ്ക്ക് ആർത്തവ ശുചിത്വം തീരെ പാലിക്കാത്ത ടോയ്ലറ്റുകൾ ഇപ്പോഴും നല്ല ഓർമ്മയുണ്ട്.
മെച്ചപ്പെട്ട ശുചിമുറികൾ ഇന്ന് ഒട്ടേറെ വിദ്യാലയങ്ങളിലുണ്ട്. ആർത്തവകാല ശാരീരിക ക്ലേശങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വിശ്രമിക്കാനും ആ സമയത്ത് പാലിക്കേണ്ട ശുചിത്വത്തിനുമുള്ള സൗകര്യമാണ് സ്കൂളുകളിൽ വേണ്ടത്. ഉപയോഗിച്ചുകഴിഞ്ഞ സാനിറ്ററി നാപ്കിന്റെ സംസ്ക്കരണം പ്രശ്നമായി പലയിടത്തുംവന്നു. അത് പരിഹരിക്കാൻ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പുനരുപയോഗിക്കാവുന്ന 'മെൻസ്ട്രുൽ കപ്പ്' ഇപ്പോൾ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെ ആർത്തവാരോഗ്യത്തെപ്പറ്റി കേരളീയ പൊതുമണ്ഡലത്തിൽ നല്ല തോതിൽ അവബോധം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മാസം 3 ദിവസം അവധി നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത് അത്തരം ദിവസങ്ങളെ പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെ നേരിടാനാണ്. അതിനായി അവർക്ക് വിശ്രമവും വേദനാസംഹാരികളും എപ്പോഴും ഉറപ്പുനൽകുന്ന സ്കൂൾ സംവിധാനമാണ് വേണ്ടത്. ആർത്തവം നൈസർഗികമായ ജൈവികപ്രക്രിയയാണെന്ന വസ്തുത ഉൾക്കൊണ്ട് അതിനെ ചേർത്തുപിടിക്കാനാണ് ശ്രമിക്കേണ്ടത്.

ആർത്തവം പൊതുയിടങ്ങളിലെ സ്ത്രീപങ്കാളിത്തം ഉയർന്നതുകൊണ്ടുതന്നെ പൊതു ആരോഗ്യവിഷയമവുമാണ്. ആർത്തവദിനങ്ങളിൽ വിദ്യാലയങ്ങളിലേയ്ക്കും സംഘടിത / അസംഘടിത തൊഴിലിടങ്ങളിലേയ്ക്കും പോകുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാൻ മാത്രം സുസജ്ജമായ പൊതു ശുചിമുറികൾ നഗര, ഗ്രാമ ഭേദമന്യേനെ ലഭ്യമാണോയെന്ന് ആദ്യം പരിശോധിക്കണം. സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷിൻ സ്ഥാപിച്ചതുകൊണ്ടോ, മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തതുകൊണ്ടോ മാത്രം ആർത്തവശുചിത്വം പൂർണ്ണമാവില്ല. അതേപോലെ പ്രധാനമാണ് ആർത്തവദിനങ്ങളിലെ കൈകളുടെ ശുചിത്വവും, ടോയ്ലറ്റുകളിലെ ആവശ്യാനുസരണമുള്ള ജലവിതരണവും. എല്ലാ ഷീ / പബ്ലിക്ക് ടോയ് ലറ്റുകളിലും ഇതു കൂടി ഉറപ്പുവരുത്തേണ്ടതാണ്. കൃത്യമായി കൈകഴുകാത്തതുകൊണ്ട് ബാക്ടീരിയൽ രോഗങ്ങൾ ബാധിക്കുന്ന എത്രയോ പെൺകുട്ടികളും സ്ത്രീകളും നമുക്കിടയിലുണ്ടെന്ന് പഠനങ്ങളിൽ പറയുന്നു.
ആർത്തവം എന്ന വിഷയം സ്കൂൾ, കോളേജ് പാഠ്യ പദ്ധതികളിലെ ജീവശാസ്ത്രപുസ്തകങ്ങളിൽ മാത്രം പൊതിഞ്ഞുവെയ്ക്കേണ്ടതല്ല. പല വിദ്യാലയങ്ങളിലും കലാലയങ്ങളിലും കൗമാര ആരോഗ്യ ബോധവത്ക്കരണം പെൺകുട്ടികൾക്ക് മാത്രം കിട്ടുന്ന ക്ലാസായി മാറിയിരിക്കുന്നു. ആരോഗ്യപരമായ ആർത്തവ - സൗഹൃദ സമൂഹം ഉണ്ടാവണമെങ്കിൽ വളർന്നുവരുന്ന ആൺകുട്ടികളും ഈ വിഷയത്തെക്കുറിച്ച് അവബോധമുള്ളവരാകേണം. 2006- ൽ ഇറങ്ങിയ റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക്ക് എന്ന സിനിമയിലെ നായകൻ പെൺസുഹൃത്തുക്കൾക്കായി സാനിറ്ററി നാപ്കിൻ വാങ്ങാൻ പോകുന്ന രംഗം തമാശയുടെ മേമ്പൊടി ചേർത്താണ് അവതരിപ്പിച്ചതെങ്കിലും ഇത് പുതിയൊരു ലിംഗരാഷ്ട്രീയത്തിലേക്കുള്ള ദിശാമാറ്റമായിരുന്നു. അതുകൊണ്ടുതന്നെ കൗമാരക്കാരായ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആർത്തവത്തെക്കുറിച്ചും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെയുള്ള തുറന്ന ചർച്ചകൾക്ക് ക്ലാസുമുറികളിൽ അവസരം കൊടുക്കണം. ആർത്തവദിനങ്ങളിൽ വിശ്രമിക്കാൻ മേലധികാരിയായ പുരുഷനോടോ, ക്ലാസധ്യാപകനോടോ പോയി മടിച്ചു, ബുദ്ധിമുട്ടി ചോദിക്കേണ്ട ആവശ്യമില്ല എന്നു സ്ത്രീകളും പെൺകുട്ടികളും മനസിലാക്കണം. കളിയാക്കലുകളുടേയോ, അടക്കംപറച്ചിലുകളുടെയോ ഇടയിലൂടെയല്ല സഹജീവികളായ സ്ത്രീകൾ കടന്നുപോകേണ്ടതെന്ന് പുരുഷസമൂഹവും മനസിലാക്കണം.
മനുഷ്യവംശം നിലനിർത്താനുള്ള നൈസർഗികമായ ജൈവചക്രം ഓരോ സ്ത്രീയുടെ സ്വത്വമാണെന്ന തിരിച്ചറിവു തന്നെയാണ് ലിംഗനീതിരാഷ്ട്രീയത്തിന്റെ കാതൽ. ലിംഗനീതി എന്ന വിഷയം കെട്ടിയിറക്കപ്പെട്ടും പകുതി വെന്തും പഠിപ്പിക്കപ്പെടുന്നതിനു പകരം ആർത്തവത്തെപ്പറ്റിയും അതിന്റെ ജീവശാസ്ത്ര- സാംസ്ക്കാരിക വശങ്ങളെപ്പറ്റിയും യുക്തിസഹമായും സാമൂഹിക വീക്ഷണത്തോടെയും സമീപിക്കാൻ യുവ തലമുറയ്ക്ക് സാധിക്കണം. കലാലയങ്ങളിലോ, തൊഴിലിടങ്ങളിലോ ഇൻസിനറേറ്റർ പോലുള്ള ആർത്തവ - സൗഹൃദ സാമഗ്രികൾ സ്ഥാപിക്കണമെന്നു പറയുമ്പോൾ, അത് പാഴ്ച്ചെലവാണെന്നു പറഞ്ഞു തള്ളുന്ന പൊതുബോധം നിർദോഷമായ അജ്ഞതയായി കണ്ട് പിന്തുണയ്ക്കുന്നതെല്ലാം ലിംഗനീതിരാഷ്ട്രീയത്തിന്റെ ദിശ ശരിയായ പാതയിലേക്കാണോ എന്നു ചിന്തിക്കേണ്ടിയിരിയ്ക്കുന്നു.

ഇതുമായി ചേർത്തു വായിക്കേണ്ടതാണ്, വേതനത്തോടുകൂടി ആർത്തവാവധി അനുവദിക്കുന്നത് സംബന്ധിച്ച് ഈയിടെ സുപ്രീം കോടതി മുന്നോട്ടു ചിന്തകൾ. വേതനത്തോടു കൂടിയോ അല്ലാതെയോ ആർത്തവാവധി അനുവദിക്കുന്നതുവഴി, കോർപറേറ്റ് / സ്വകാര്യ മേഖലകളിൽ സ്ത്രീപ്രാതിനിധ്യം കുറയുമോ എന്നതാണത്. തികച്ചും ലാഭകേന്ദ്രീകൃതമായ കോർപ്പറേറ്റ് / സ്വകാര്യ മേഖലകളിൽ, ആർത്തവ അവധി നൽകുന്നതിന് വൈമുഖ്യം കാട്ടുമെന്ന് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്കൾ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണ്. റോതക്കിലെ മഹർഷി ദയാനന്ദ സർവകലാശാലയിലെ ശുചീകരണത്തൊഴിലാളികളായ സ്ത്രീകൾ ആർത്തവദിനത്തിൽ ഭാരിച്ച ജോലി ചെയ്യാൻ വിസമ്മതിച്ചപ്പോൾ തെളിവ് ചോദിച്ച സംഭവവും ഇതിനോടൊപ്പം വായിക്കാം. സുപ്രീംകോടതി ജസ്റ്റിസ് നാഗരത്ന ശക്തമായ ഭാഷയിൽ അപലപിച്ച ഈ വിഷയം ആർത്തവത്തെക്കുറിച്ചുള്ള പാട്രിയാർക്കൽ മുൻവിധികളുടെ ആഴം തുറന്നു കാട്ടുന്നു. ആർത്തവ അവധിയുടെ മറവിൽ സ്ത്രീ അവധി ആഘോഷിക്കും, പല സ്ത്രീകളും മാസത്തിൽ രണ്ടു തവണ ആർത്തവമുണ്ടെന്ന് പറഞ്ഞുവന്നാലോ എന്നൊക്കെയുള്ള ആശങ്കകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലും ചിലർ പങ്കുവെച്ചതായി കണ്ടു. ഇത് വിരൽചൂണ്ടുന്നത് സ്ത്രീയെ ആർത്തവത്തിന്റെ പേരിൽ പ്രതിസ്ഥാനത്ത് നിർത്തുന്ന സ്ത്രീവിരുദ്ധത തന്നെയാണ്.
ഇതേ സ്ത്രീവിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും വരുന്ന മറ്റൊരു അവധിയാണ് മെറ്റേണിറ്റി / ചൈൽഡ് കെയർ ലീവ്. 1961- ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് പ്രകാരം പ്രസവാവധി പൊതുമേഖലയിൽ അനുവദിക്കപ്പെട്ടു. ഇന്ന് അത് 180 ദിവസം ശമ്പളത്തോടു കൂടിയുള്ള അവധിയായി അസംഘടിത, സ്വകാര്യ മേഖലകളിലേയ്ക്കും വ്യാപിപ്പിച്ചുവരുന്നു. ഗർഭകാലം / പ്രസവനാന്തരകാലഘട്ടം, നവജാത ശിശു പരിചരണം എന്നിവയുൾപ്പെട്ട ഈ കാലഘട്ടം കൂടുതൽ സങ്കീർണ്ണവും ശ്രമകരവുമാണ്. ശാരീരികമായും, വൈകാരികമായും ബുദ്ധിമുട്ടിയേറിയ പ്രസവം എന്ന പ്രകിയയുമായി താരതമ്യം ചെയ്യുമ്പോൾ ജൈവികചക്രത്തിന്റെ ആദ്യ പടിയായ ആർത്തവം അത്ര വിഷമതകൾ നിറഞ്ഞതല്ല. അതുകൊണ്ടാവാം നിർബന്ധിതമായ നിയമപരിരക്ഷയോടെ ആർത്തവാവധി തൊഴിലിടങ്ങളിൽ പ്രാവർത്തികമാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. മുതലാളിത്ത സമ്പദ്ഘടനയിൽ തൊഴിൽദാതാക്കളുടെ താൽപര്യവും കൂടി കണക്കിലെടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് സമഗ്രമായി പഠിച്ചുകൊണ്ടേ ഇന്ത്യയിൽ ആർത്തവാവധിനയങ്ങൾ രൂപപ്പെടുത്താൻ കഴിയൂ.

അതിനുപകരം, ആർത്തവദിനത്തിൽ അവധി എടുക്കണമോ വേണ്ടയോ എന്നത് സ്ത്രീയുടെ തെരഞ്ഞെടുപ്പാവണം. കാരണം, ശാരീരികമായ ബുദ്ധിമുട്ടുകളുടെ നില തികച്ചും വ്യക്തിപരമാണ്. ആ ദിവസങ്ങളിൽ ജോലിഭാരം കുറയ്ക്കുക, വർക്ക് ഫ്രം ഹോം തുടങ്ങിയ നയങ്ങൾ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആർത്തവാവധിയ്ക്കുപകരം നൽകാവുന്നതാണ് .
1992-ൽ ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രിയായ കാലത്താണ് ആദ്യമായി ഒരു ഇന്ത്യൻ സംസ്ഥാനം ഗവൺമെന്റ് ഉദ്യോഗസ്ഥകൾക്ക് വേതനത്തോടുകൂടിയുള്ള രണ്ടു ദിവസത്തെ അവധി അനുവദിച്ചത്. വേതനത്തോടു കൂടിയുള്ള ആർത്തവാവധി അനുവദിച്ച ആദ്യ യൂറോപ്യൻ രാജ്യമായി സ്പെയിൻ മാറിക്കഴിഞ്ഞു. പല സൗത്തേഷ്യൻ രാജ്യങ്ങളിലും ഇത് നടപ്പിലാക്കി കഴിഞ്ഞു.
സ്ത്രീയുടെ സ്വകാര്യ അനുഭവമായ ആർത്തവത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ നല്ല പങ്കു വഹിച്ചിട്ടുണ്ട്. ഗർഭപാത്രത്തിന്റെ കരച്ചിലായി ആർത്തവത്തെ കാണുന്ന കാല്പനികതയോടൊക്കെ വിടവാങ്ങി സ്ത്രീസമൂഹം ബഹുദൂരം മുന്നോട്ടു പോയി. പരിണാമഘട്ടങ്ങളിൽ പുരുഷനോടൊപ്പം ഇര തേടിയ സ്ത്രീയ്ക്ക് ആർത്തവത്തിന്റെ രക്തശോഷണത്തോടൊപ്പം വേട്ട ചെയ്യുമ്പോഴുള്ള രക്തശോഷണവും താങ്ങില്ല എന്ന ആദിമ മനുഷ്യന്റെ തീർപ്പാണ്ണ് സ്ത്രീയെ കുടുംബത്തിനകത്ത് ഒതുക്കിനിർത്തിയെതെന്ന് ചില ചരിത്രപഠനങ്ങളുണ്ട്.
സ്ത്രീകൾ, അപ്രാപ്യമെന്നു കരുതപ്പെട്ടിരുന്ന ഉയരങ്ങളിലേക്ക് എത്തിക്കഴിഞ്ഞ ഈ കാലത്തും ആർത്തവത്തിന് സാമൂഹിക വിലക്ക് (social taboo ) നേരിടുന്നുണ്ട്. പുതുതലമുറയിലെ ശ്രദ്ധേയയായ ഇന്ത്യൻ ഇംഗ്ലീഷ്കവി രൂപി കൗർ, 2021-ൽ ആർത്തവ രക്തക്കറ പുരണ്ട തന്റെ വസ്ത്രത്തോടെയുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോ, സ്വകാര്യതാ പോളിസി നയത്തിന്റെ ഭാഗമായി ഇൻസ്റ്റഗ്രാം ഉടനെ പിൻവലിച്ചിക്കുകയും ചെയ്തു. തുടർന്നുണ്ടായ ഓൺലൈൻ പോരാട്ടങ്ങളിൽ നിന്ന് മനസിലാവുന്നത് ആർത്തവം ഇന്നും അദൃശ്യമായ സാമൂഹിക വിലക്ക് നേരിടുന്നുണ്ടെന്നു തന്നെയാണ്. രാഷ്ട്രീയവൽക്കരിക്കപ്പെട്ട ആർത്തവം എന്നും യുക്തിയുടേയും വികാരത്തിന്റേയും ഇടയിൽ പെൻഡുലം പോലെ ചലിയ്ക്കും.
READ: കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

