വെളുപ്പിന്റെ
വിപണിയിലെ
മെർക്കുറി ശരീരങ്ങൾ

ഫെയർനെസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സൗന്ദര്യവർധക വിപണിയുടെ വ്യാജ വാഗ്ദാനങ്ങളെക്കുറിച്ചും ഈ മേഖലയിലെ വിദഗ്ധർ സംസാരിക്കുന്നു. ഡ്രഗ്സിനു സമാനമായ അപകടകരമായ ഒരു നെറ്റ്‍വർക്ക് എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെയും സാമൂഹിക ബോധത്തെയും രോഗാതുരമാക്കുന്നത് എന്ന അന്വേഷണം: നിവേദ്യ കെ.സി. തയ്യാറാക്കിയ റിപ്പോർട്ട്.

മനുഷ്യരുടെ സൗന്ദര്യസങ്കൽപ്പങ്ങളെ വിപണിമൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റി, അവയുടെ വിൽപ്പനയ്ക്ക് അപകർഷതാബോധത്തെപ്പോലും ദുരുപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തു വിപണി ഇന്ന് വലിയൊരു വ്യവസായമായി മാറിയിട്ടുണ്ട്. മുഖക്കുരു മാറ്റും, കറുത്ത പാട് ഇല്ലാതാക്കും, ചർമത്തിന് നിറം കൂട്ടും, മുഖം കൂടുതൽ വെളുക്കും: സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന വാഗ്ദാനങ്ങൾ ഇവയാണ്. ഇവ വിശ്വസിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ നല്ലൊരു പങ്ക് കൗമാരക്കാരും യുവാക്കളുമാണ്. സോഷ്യൽ മീഡിയയുടെ വളർച്ചയോടെ ഈ വിപണിയുടെ സ്വാധീനം വ്യാപകമായിട്ടുമുണ്ട്.

‘സൗന്ദര്യം വർധിപ്പിക്കാൻ’ ശരീരത്തിൽ പുരട്ടുന്ന ഒരുൽപ്പന്നം, സുപ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കിയാലോ? മലപ്പുറം അരീക്കോട് സ്വദേശിയായ പെൺകുട്ടിയുടെ അനുഭവം ഉയർത്തുന്ന ചോദ്യം ഇതാണ്. ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിന്റെ ഉപയോഗത്തിനുശേഷം ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിക്കപ്പെട്ട സംഭവം കേവലം ഒരുൽപ്പന്നത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയിൽ ഒതുങ്ങുന്നതല്ല. സൗന്ദര്യത്തെക്കുറിച്ച് രൂപപ്പെടുത്തിയെടുത്ത സാമൂഹിക ബോധവും അതിനെ വിൽപ്പനച്ചരക്കാക്കുന്ന വിപണിയും ഉപഭോക്തൃസുരക്ഷ ഉറപ്പാക്കേണ്ട നിയമ- ഭരണ സംവിധാനങ്ങളും ഒരേസമയം പരിശോധനയ്ക്ക് വിധേയമാകേണ്ട സാഹചര്യം കൂടിയാണിത്.

2025 ആഗസ്റ്റിലാണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യത്തിലൂടെ ഫെയർനെസ് ക്രീമിനെക്കുറിച്ച് അറിയുന്നത്. മുഖക്കുരുവും പിഗ്മെന്റേഷനും മാറ്റുമെന്നായിരുന്നു പരസ്യം. രാത്രി സ്ഥിരമായി ഉപയോഗിച്ചാൽ ഫലം ലഭിക്കുമെന്ന അവകാശവാദം വിശ്വസിച്ചാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകൾ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചതായി തോന്നിയെങ്കിലും പിന്നീട് പഠിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങി. കാലുകളിൽ നീർക്കെട്ട്, രക്തസമ്മർദത്തിലെ വ്യതിയാനം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ക്രമേണ ഗുരുതരമായി. മൂത്രത്തിലൂടെ വലിയ അളവിൽ പ്രോട്ടീൻ നഷ്ടപ്പെടുന്നതായി തുടർന്നുള്ള പരിശോധനകളിൽ കണ്ടെത്തി. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് രക്തത്തിൽ അപകടകരമായ അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. പെൺകുട്ടി ഉപയോഗിച്ചിരുന്ന ക്രീം പരിശോധിച്ചപ്പോൾ 1.25 ശതമാനം മെർക്കുറി അടങ്ങിയിരുന്നു. മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചത്.

മലപ്പുറത്ത് നടന്ന പഠനത്തിൽ, രോഗികളിൽ 11 പേരുടെ രക്തത്തിലോ മൂത്രത്തിലോ നടത്തിയ പരിശോധനയിൽ ഒൻപത് പേരിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി.

ഈ പെൺകുട്ടിയുടെ അനുഭവം ഒറ്റപ്പെട്ടതല്ലെന്ന സൂചനയാണ് മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂരിന്റെ അനുഭവവും പറയുന്നത്. കാസര്‍കോടുള്ള ഒരു സുഹൃത്ത് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിറം വര്‍ധിക്കുന്ന രീതിയിലുള്ള ഫലം ലഭിച്ചു. പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്ന് സലിം പറയുന്നു.

ഒരു സൗന്ദര്യവർധക ഉൽപ്പന്നത്തിന്റെ ഉപയോഗവും ഗുരുതരമായ ആരോഗ്യപ്രശ്നവും തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെയാണ് സംഭവം പൊതുശ്രദ്ധയിലേക്ക് വരുന്നത്. പൊലീസ് അന്വേഷണം ആരംഭിക്കുകയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ആരോഗ്യവകുപ്പ്, പൊലീസ്, ഡ്രഗ്സ് കൺട്രോൾ വിഭാഗം തുടങ്ങിയ സംവിധാനങ്ങളിൽ നിന്ന് കമ്മിഷൻ വിശദീകരണം തേടി. എന്നാൽ, ഇത് ഒരു പെൺകുട്ടിക്ക് സംഭവിച്ച ആരോഗ്യപ്രശ്നം മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് വാസ്തവം.

മലപ്പുറത്തെ
പഠനത്തിൽ
തെളിഞ്ഞത്

ഫെയർനെസ് ക്രീമുകളുടെ ഉപയോഗവും മെംബ്രനസ് നെഫ്രോപ്പതി (Membranous Nephropathy – MN) എന്ന വൃക്കരോഗവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന പഠനം 2021 ജൂലൈ മുതൽ 2023 സെപ്റ്റംബർ വരെ മലപ്പുറം കോട്ടയ്ക്കലിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്നിട്ടുണ്ട്. ഈ കാലയളവിൽ ആശുപത്രിയിൽ കണ്ടെത്തിയ 22 മെംബ്രനസ് നെഫ്രോപ്പതി കേസുകളിൽ 15 എണ്ണവും NELL-1 പോസിറ്റീവായിരുന്നു. ഇവരിൽ 13 പേരും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് ലൈസൻസില്ലാത്ത ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

2021 ജൂലൈ മുതൽ 2023 സെപ്റ്റംബർ വരെ മലപ്പുറം കോട്ടയ്ക്കലിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന പഠനത്തിലെ ​കണ്ടെത്തലുകൾ: രോഗികളുടെ പ്രായം, ലിംഗം, വൃക്കയുടെ പ്രവർത്തനം, ഫെയർനെസ് ക്രീം ഉപയോഗിച്ചിരുന്ന കാലയളവ്, രക്തത്തിലെയും മൂത്രത്തിലെയും മെർക്കുറിയുടെ അളവ്, ചികിത്സയ്ക്കുശേഷമുള്ള രോഗാവസ്ഥ എന്നിവ.
2021 ജൂലൈ മുതൽ 2023 സെപ്റ്റംബർ വരെ മലപ്പുറം കോട്ടയ്ക്കലിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന പഠനത്തിലെ ​കണ്ടെത്തലുകൾ: രോഗികളുടെ പ്രായം, ലിംഗം, വൃക്കയുടെ പ്രവർത്തനം, ഫെയർനെസ് ക്രീം ഉപയോഗിച്ചിരുന്ന കാലയളവ്, രക്തത്തിലെയും മൂത്രത്തിലെയും മെർക്കുറിയുടെ അളവ്, ചികിത്സയ്ക്കുശേഷമുള്ള രോഗാവസ്ഥ എന്നിവ.

ക്രീമുകൾ ഉപയോഗിച്ചിരുന്നവരുടെ ശരാശരി പ്രായം 30 വയസ്സായിരുന്നു. ശരാശരി നാലുമാസമാണ് ഇവർ ക്രീമുകൾ ഉപയോഗിച്ചിരുന്നത്. രോഗികളിൽ 11 പേരുടെ രക്തത്തിലോ മൂത്രത്തിലോ നടത്തിയ പരിശോധനയിൽ ഒൻപത് പേരിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി. ക്രീമുകളുടെ രാസപരിശോധനയിലും അനുവദനീയമായ അളവിന്റെ 104 മടങ്ങിലധികം മെർക്കുറി കണ്ടെത്തി.

ക്രീം ഉപയോഗം നിർത്തിയതിനു പിന്നാലെ രോഗാവസ്ഥയിൽ പുരോഗതിയുണ്ടായി. ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയ ഒരു രോഗിയിൽ ക്രീം ഉപയോഗം നിർത്തി മൂന്നുമാസത്തിനുശേഷം രക്തത്തിലെ മെർക്കുറിയുടെ അളവ് 22.1 μg/L-ൽനിന്ന് 2.42 μg/L ആയി കുറഞ്ഞു.

മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീമുകളും NELL-1 പോസിറ്റീവ് മെംബ്രനസ് നെഫ്രോപ്പതിയും തമ്മിൽ ബന്ധമുണ്ടാകാമെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത്തരം ക്രീമുകളിലെ മെർക്കുറി രോഗപ്രതിരോധസംവിധാനത്തെ ബാധിക്കുന്നതിലൂടെ വൃക്കകളെ തകരാറിലാക്കാനുള്ള സാധ്യതയും പഠനം ചർച്ച ചെയ്യുന്നു. എന്നാൽ ഈ ബന്ധം കൂടുതൽ പഠനങ്ങളിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ഒരൊറ്റ ആശുപത്രിയിൽ നടത്തിയ പഠനമായതിനാൽ കണ്ടെത്തലുകൾക്ക് ചില പരിമിതികളുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

മെർക്കുറിയുടെ അളവ് കൂടുതലുള്ള ഫെയ്സ് ക്രീമുകൾ ഉപയോഗിക്കുമ്പോൾ NELL1 ആന്റിബോഡി വർധിക്കുകയും അതുവഴി മെംബ്രനസ് നെഫ്രോപ്പതി ഉണ്ടാകുകയും ചെയ്യാം.

മെർക്കുറിയും
വൃക്ക തകരാറും

എന്താണ് മെർക്കുറി? ചർമത്തിൽ പുരട്ടുന്ന ഒരു വസ്തു എങ്ങനെയാണ് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുന്നത്?

കോഴിക്കോട് ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റായും ഹീമോഡയാലിസിസ്, പെരിറ്റോണിയൽ ഡയാലിസിസ് വിഭാഗം മേധാവിയുമായ ജ്യോതിഷ് ഗോപിനാഥൻ ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു:

“ഓരോ കിഡ്നിയിലും 10 ലക്ഷം മുതൽ 13 ലക്ഷം വരെ അരിപ്പകളുണ്ട്. ഈ അരിപ്പകളിലൂടെ രക്തം ഒഴുകുമ്പോഴാണ് രക്തം ശുദ്ധീകരിക്കപ്പെടുന്നതും ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറത്തുപോകുന്നതും. അരിപ്പകളുടെ ദ്വാരങ്ങളിലുണ്ടാകുന്ന ചില രോഗങ്ങൾ കാരണം മാലിന്യങ്ങൾക്കൊപ്പം പ്രോട്ടീനും മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. പ്രോട്ടീൻ നഷ്ടപ്പെടുന്നതോടെ രക്തത്തിലെ പ്രോട്ടീന്റെ അളവ് കുറയുകയും അതിന്റെ ഭാഗമായി ശരീരത്തിൽ നീര് വരികയും കൊളസ്ട്രോൾ കൂടുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയാണ് നെഫ്രോട്ടിക് സിൻഡ്രോം.

വൃക്കകളെ ബാധിക്കുന്ന രീതിയിൽ ഈ രോഗാവസ്ഥയ്ക്ക് ചില വ്യത്യാസങ്ങളുണ്ട്. ഇതിൽ നാലോ അഞ്ചോ പാറ്റേണുകൾ കാണാറുണ്ട്. അതിലൊന്നാണ് മെംബ്രനസ് നെഫ്രോപ്പതി. മുമ്പ് മെംബ്രനസ് നെഫ്രോപ്പതി ഉണ്ടാകുന്നതിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഏതാനും വർഷങ്ങൾക്കു മുമ്പ് ചില പ്രത്യേകതരം ആന്റിബോഡികൾ വൃക്കകളിൽ നടത്തുന്ന ദോഷകരമായ പ്രവർത്തനങ്ങൾ മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നതെന്ന് കണ്ടെത്തി. ഇതിൽ ആദ്യം കണ്ടെത്തിയ ആന്റിബോഡിയാണ് PLA2R ആന്റിബോഡി.

ആദ്യകാലങ്ങളിൽ മെംബ്രനസ് നെഫ്രോപ്പതി തിരിച്ചറിയാൻ ബയോപ്സി ചെയ്യേണ്ടിയിരുന്നു. എന്നാൽ, PLA2R ആന്റിബോഡിയും മെംബ്രനസ് നെഫ്രോപ്പതിയും തമ്മിലുള്ള ബന്ധം ശക്തമായതിനാൽ, PLA2R ആന്റിബോഡി കണ്ടെത്തിയാൽ തന്നെ മെംബ്രനസ് നെഫ്രോപ്പതിയാണെന്ന് മനസ്സിലാക്കി ചികിത്സ നൽകാൻ സാധിക്കും. ചില കേസുകളിൽ PLA2R ആന്റിബോഡി നെഗറ്റീവായി വരാറുണ്ട്. അത്തരം കേസുകളിൽ പ്രധാനമായി കാണപ്പെടുന്ന മറ്റൊരു ആന്റിബോഡിയാണ് NELL1. മെംബ്രനസ് നെഫ്രോപ്പതി ഉണ്ടാകുന്നതിൽ NELL1 ആന്റിബോഡിക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്’’.

2021 ജൂലൈ മുതൽ 2023 സെപ്റ്റംബർ വരെ മലപ്പുറം കോട്ടയ്ക്കലിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന പഠനത്തിലെ ​കണ്ടെത്തലുകൾ: പഠനത്തിൽ പരിശോധിച്ച അഞ്ച് ഫെയർനെസ് ക്രീമുകളിലും മെർക്കുറിയുടെ അളവ് അനുവദനീയമായ പരിധിയായ 1 ppm-നെക്കാൾ വളരെ കൂടുതലായിരുന്നു.
2021 ജൂലൈ മുതൽ 2023 സെപ്റ്റംബർ വരെ മലപ്പുറം കോട്ടയ്ക്കലിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന പഠനത്തിലെ ​കണ്ടെത്തലുകൾ: പഠനത്തിൽ പരിശോധിച്ച അഞ്ച് ഫെയർനെസ് ക്രീമുകളിലും മെർക്കുറിയുടെ അളവ് അനുവദനീയമായ പരിധിയായ 1 ppm-നെക്കാൾ വളരെ കൂടുതലായിരുന്നു.

ഫെയ്സ് ക്രീമുകളിലെ മെർക്കുറി എങ്ങനെയാണ് വൃക്കകളെ ബാധിക്കുന്നതും മെംബ്രനസ് നെഫ്രോപ്പതിക്ക് കാരണമാകുന്നതും? മെർക്കുറിയുടെ അംശം കൂടുതലുള്ള ക്രീമുകളുടെ ഉപയോഗവും NELL1 ആന്റിബോഡിയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നു ഡോ. ജ്യോതിഷ്:

‘‘ഫെയ്സ് ക്രീമുകളിലെ മെർക്കുറിയുടെ അംശം മെംബ്രനസ് നെഫ്രോപ്പതി ഉണ്ടാകാൻ കാരണമാകാറുണ്ട്. നെഫ്രോട്ടിക് സിൻഡ്രോമിന്റെ ഭാഗമായി നടത്തിയ ബയോപ്സിയിൽ മെംബ്രനസ് നെഫ്രോപ്പതിയാണെന്ന് തെളിയിക്കുന്ന പഠനങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇത് പുതിയൊരു വിഷയമല്ല. മെർക്കുറിയുടെ അളവ് കൂടുതലുള്ള ഫെയ്സ് ക്രീമുകൾ ഉപയോഗിക്കുമ്പോൾ NELL1 ആന്റിബോഡി വർധിക്കുകയും അതുവഴി മെംബ്രനസ് നെഫ്രോപ്പതി ഉണ്ടാകുകയും ചെയ്യാം. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഇത്തരം കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘‘ഫെയ്സ് ക്രീമുകൾ നിയന്ത്രണമില്ലാതെ വിപണിയിൽ വിൽക്കപ്പെടുന്നതും അവയുടെ വിൽപ്പന തടയാൻ കഴിയാത്തതുമാണ് വലിയൊരു പ്രശ്നം’’- ഡോ. ജ്യോതിഷ് ഗോപിനാഥ്.

ഇതുമായി ബന്ധപ്പെട്ട പലതരം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഈ ഫെയ്സ് ക്രീമുകൾ വിപണിയിൽ ഇപ്പോഴും സജീവമാണ് എന്നതാണ് നമ്മെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. ഇത്ര അളവിൽ ഉപയോഗിച്ചാൽ മാത്രമേ ഇത്തരം രോഗങ്ങൾ ഉണ്ടാകൂ എന്നതിന് ഇതുവരെ ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്റെ അഭിപ്രായത്തിൽ, ഒരു പ്രത്യേക ബ്രാൻഡ് മാത്രമല്ല ഇവിടെ പ്രശ്നം. ഇത്തരം ഫെയ്സ് ക്രീമുകൾ നിയന്ത്രണമില്ലാതെ വിപണിയിൽ വിൽക്കപ്പെടുന്നതും അവയുടെ വിൽപ്പന തടയാൻ കഴിയാത്തതുമാണ് വലിയൊരു പ്രശ്നമായി ഞാൻ കാണുന്നത്’’- ജ്യോതിഷ് ഗോപിനാഥ് കൂട്ടിച്ചേർത്തു.

​എത്ര അളവിൽ
മെർക്കുറിയാകാം?

ഈ സംഭവത്തിൽ ഏറ്റവും ഗൗരവത്തോടെ പരിശോധിക്കേണ്ടത് ക്രീമിൽ കണ്ടെത്തിയ മെർക്കുറിയുടെ അളവാണ്. ആശുപത്രി അധികൃതർ പുറത്തുവിട്ട വിവരമനുസരിച്ച്, കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ 12,500 PPM (Parts Per Millon) മെർക്കുറി കണ്ടെത്തി. അതായത് 1.25%.

ഇന്ത്യയിലെ 2020-ലെ കോസ്മെറ്റിക് നിയമപ്രകാരം, കണ്ണിന്റെ ഭാഗത്ത് മാത്രം ഉപയോഗിക്കുന്ന ചില സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലെ പ്രിസർവേറ്റീവായി മെർക്കുറിക്ക് പ്രത്യേക പരിധിയുണ്ട്. എന്നാൽ മറ്റ് ഫിനിഷ്ഡ് കോസ്മെറ്റിക് ഉൽപ്പന്നങ്ങളിൽ, ഉദ്ദേശ്യപൂർവമല്ലാതെയുള്ള മെർക്കുറി സാന്നിധ്യം 1 PPM പാടില്ലെന്നാണ് ചട്ടം. ഈ പരിധിയുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രി പുറത്തുവിട്ട പരിശോധനാഫലത്തിലെ അളവ് 12,500 മടങ്ങാണ്. ഒരു സൗന്ദര്യവർധക ഉൽപ്പന്നത്തിന്റെ ഘടനയും സുരക്ഷയും എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്ന വിവരമാണിത്.

ഉൽപ്പന്നത്തിന്റെ പരസ്യത്തിൽ പറയുന്ന അവകാശവാദങ്ങൾക്കപ്പുറം അതിൽ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉപഭോക്താവിന് ലഭ്യമാകേണ്ടതിന്റെ ആവശ്യകതയാണ് മുന്നോട്ട് വയ്ക്കുന്നത്.

ഡോ.  ജ്യോതിഷ് ഗോപിനാഥൻ
ഡോ. ജ്യോതിഷ് ഗോപിനാഥൻ

ഇത്രയും വലിയ അളവിൽ മെർക്കുറിയുടെ ഉപയോഗം എങ്ങനെയാണ് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുക എന്ന് വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റും IADVL ആന്റി- ക്വാക്കറി കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ ഡോ. ജെന്നി മാത്യു:

‘‘മെർക്കുറി അടങ്ങിയ ഉൽപ്പന്നങ്ങൾ ഒരിക്കലും ചർമ്മത്തിൽ ഉപയോഗിക്കാൻ പാടില്ല. മെർക്കുറി വളരെ ശക്തമായ രാസവസ്തുവാണ്. ചർമ്മത്തിന് പെട്ടെന്ന് ബ്രൈറ്റ്നസ് നൽകാൻ കഴിയുന്നതുകൊണ്ടാണ് ക്രീമുകളിൽ ഇത് ചേർക്കുന്നത്. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായാണ് ഇത്തരം ക്രീമുകളിൽ മെർക്കുറി ഉപയോഗിക്കുന്നത്.

അനുവദനീയമായ അളവ് ഒരു പി.പി.എം. (Parts Per Million) ആണെങ്കിലും ഇത്തരം ക്രീമുകളിൽ അതിന്റെ 10,000 മടങ്ങ് വരെ കൂടുതൽ മെർക്കുറി ഉപയോഗിക്കുന്നുണ്ട്. ഇത് അറിയാതെ സംഭവിക്കുന്നതല്ല, മനഃപൂർവം ചെയ്യുന്നതാണ്. മെർക്കുറി ചർമ്മത്തിൽ പ്രവർത്തിക്കുന്നത് മെലാനിൻ സിന്തസിസുമായി ബന്ധപ്പെട്ട പാതയിലാണ്. അവിടെ കോപ്പറിനുപകരം മെർക്കുറി എത്തുമ്പോൾ എൻസൈമുകളുടെ പ്രവർത്തനം തടസ്സപ്പെടും. അതുകൊണ്ടാണ് ചർമ്മത്തിന് പെട്ടെന്ന് നിറം വെക്കുന്നത്.

മെർക്കുറി ഹെവി മെറ്റലാണ്. അതുകൊണ്ടുതന്നെ അത് വിഷാംശമുള്ള ഒന്നാണ്. ഇത് ചർമ്മത്തിന്റെ സംരക്ഷണാവരണത്തെ, അതായത് സ്കിൻ ബാരിയറിനെ, തകരാറിലാക്കും. അതിന്റെ കൂടെ ശക്തമായ സ്റ്റിറോയിഡുകളും ചേർക്കുന്നുണ്ട്.

ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നവരുടെ മുഖം ഡെർമോസ്കോപ്പി ഉപയോഗിച്ച് പരിശോധിക്കുമ്പോൾ ചർമ്മം ചുവന്നതായി കാണാം. രക്തക്കുഴലുകൾ വ്യക്തമായി കാണുന്ന രീതിയിലുമായിരിക്കും. സാധാരണ ചർമ്മത്തിൽ രക്തക്കുഴലുകൾ ഇങ്ങനെ പുറത്തേക്ക് കാണില്ല. മെർക്കുറി ഉപയോഗിക്കുമ്പോൾ ചിലർക്ക് ഇറിറ്റേഷനും ചൊറിച്ചിലുമൊക്കെ ഉണ്ടാകാം. എന്നാൽ സ്റ്റിറോയിഡ് കൂടി ചേർക്കുമ്പോൾ മെർക്കുറി ഉണ്ടാക്കുന്ന ഇറിറ്റേഷൻ കുറയും. സ്റ്റിറോയിഡിനും ഒരു ബ്രൈറ്റ്നിങ് ഇഫക്ട് ഉണ്ട്. അങ്ങനെ രണ്ടും കൂടി ചേരുമ്പോൾ ഒരാഴ്ചകൊണ്ട് തന്നെ ഒരാൾ വിളറിയതുപോലെ വെളുക്കും. പക്ഷേ, അതോടൊപ്പം മെർക്കുറി ശരീരത്തിലെത്തുകയും ചെയ്യും.

പലപ്പോഴും ഇത്തരം ക്രീമുകളുടെ ഉപയോഗം മൂലമാണ് രോഗങ്ങളുണ്ടാകുന്നതെന്ന് തിരിച്ചറിയാൻ വൈകാറുണ്ട്. പ്രത്യേകിച്ച്, മെംബ്രനസ് നെഫ്രോപ്പതി പോലുള്ള രോഗങ്ങൾ ഒരു കാരണവുമില്ലാതെ വരുന്നതായി തോന്നാം. സാധാരണ ജനിതക കാരണങ്ങളാണ് ഇത്തരം വൃക്കരോഗങ്ങൾക്ക് പിന്നിലെന്ന് കരുതാറുണ്ട്. കഴിഞ്ഞ ദിവസം മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ അനുഭവം പങ്കുവെച്ചപ്പോഴാണ് പലർക്കും ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് തിരിച്ചറിയാനായത്. 23-ാം വയസ്സിൽ വൃക്ക മാറ്റിവെക്കേണ്ടിവന്നവർ വരെ ഈ കൂട്ടത്തിലുണ്ട്. ഇത് വൃക്കകളെ മാത്രമല്ല, തലച്ചോറിനെയും ബാധിക്കും. ഓർമക്കുറവ്, ക്ഷീണം, തരിപ്പ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം’’- കോഴിക്കോട് ലിസ സ്കിൻ ക്ലിനിക്, Atmos Derm ക്ലിനിക്, ബോഡി സ്റ്റുഡിയോ എന്നിവയുടെ മെഡിക്കൽ ഡയറക്ടർ കൂടിയായ ജെന്നി മാത്യു പറയുന്നു.

സെലിബ്രിറ്റികളുടെ പരസ്യങ്ങളിൽ ആകൃഷ്ടരായി ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

ഡ്രഗ്സിനു സമാനമായ
നെറ്റ്‍വർക്ക്

പല ക്രീമുകളിലും വലിയ അളവിൽ മെർക്കുറി ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇത്തരം ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലെത്തുന്നുണ്ട്. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സെലിബ്രിറ്റികൾ ഇത്തരം ഉൽപ്പന്നങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുമ്പോൾ, നിറത്തിന്റെ പേരിൽ അപമാനിക്കപ്പെടാതിരിക്കാൻ പലരും കുറുക്കുവഴി തേടുകയാണ്. ഈ സാഹചര്യം മുതലെടുത്ത് തങ്ങളുടെ ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലെത്തിക്കാൻ നിർമ്മാതാക്കൾ വിവരങ്ങൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന രീതിയുമുണ്ട്:

ഡ്രഗ്സ് പോലെ വലിയൊരു നെറ്റ്‌വർക്ക് തന്നെ ഇതിനു പിന്നിലുണ്ടെന്ന് ഡോ. ജെന്നി മാത്യു പറയുന്നു:

‘‘Aina എന്ന ക്രീമിൽ 10,500 പി.പി.എം. (Parts Per Million) അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എന്നിട്ടും ഇപ്പോഴും ഈ ക്രീം വിപണിയിലുണ്ട്. Aina- യുടെ മാർക്കറ്റിങ് ടീമിന്റെ ഒരു വീഡിയോയിൽ, ഈ ക്രീം തങ്ങളുടെ ഉൽപ്പന്നമല്ലെന്നും ഇതിന് സർട്ടിഫിക്കറ്റ് ഉണ്ടെന്നുമൊക്കെയാണ് അവർ പറയുന്നത്. അപ്പോൾ ആളുകൾക്ക് തോന്നും, ഒറിജിനൽ ക്രീമിന് പ്രശ്നമില്ലെന്നും ഡ്യൂപ്ലിക്കേറ്റ് ക്രീമുകളാണ് പ്രശ്നമെന്നും.

Youth Face, Faiza, Aina, Goree, FTune തുടങ്ങിയ ക്രീമുകളെല്ലാം ഒരേ വിഭാഗത്തിൽപ്പെടുന്നവയാണ്. ഒരു ക്രീം നിരോധിക്കുമ്പോൾ മറ്റൊരു പേരിൽ വീണ്ടും വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വാർത്തകൾ പുറത്തുവരുമ്പോൾ ഈ ക്രീമുകൾ നിർമിക്കുന്നവർ തന്നെ വീഡിയോയുമായി രംഗത്തെത്തും. അപ്പോൾ ആളുകൾ വിചാരിക്കും, ഇവർ ആ കൂട്ടത്തിൽപ്പെടുന്നവരല്ലെന്ന്. അതാണ് ഏറ്റവും വലിയ തമാശ’’- ജെന്നി മാത്യു പറഞ്ഞു.

ഡോ. ജെന്നി മാത്യു.
ഡോ. ജെന്നി മാത്യു.

അമിതമായി ക്രീമുകൾ ഉപയോഗിക്കരുത്

ചെറിയ പ്രായത്തിൽ തന്നെ ചർമ്മത്തിന്റെ നിറം മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത് ആശങ്കാജനകമാണ്. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളും തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ച്, സെലിബ്രിറ്റികളുടെ പരസ്യങ്ങളിൽ ആകൃഷ്ടരായി ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ചർമ്മസംരക്ഷണത്തെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകുന്നതിനൊപ്പം, ഇത്തരം ഉൽപ്പന്നങ്ങളുടെ വിപണനത്തിലും പ്രചാരണത്തിലും ശക്തമായ നിയന്ത്രണങ്ങൾ ആവശ്യമാണ്.

ചെറിയ പ്രായത്തിൽ അമിതമായി ക്രീമുകൾ ഉപയോഗിക്കരുത് എന്നതാണ് ഏറ്റവും പ്രധാനമെന്ന് ഡോ. ജെന്നി മാത്യു പറയുന്നു:

‘‘സൺസ്ക്രീൻ, മോയ്സ്ചറൈസർ തുടങ്ങിയ അടിസ്ഥാന സ്കിൻ കെയർ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. കണ്ണിൽ കാണുന്ന സെറമുകളൊന്നും വാങ്ങി ഉപയോഗിക്കരുത്. അത് സ്കിൻ ബാരിയറിനെ ബാധിക്കുകയും ചർമ്മത്തിലൂടെ ശരീരത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും ചെയ്യാം.

ബ്രൈറ്റ്നസ് നൽകുമെന്നുകണ്ടാൽ ഉടനെ വാങ്ങി ഉപയോഗിക്കുന്ന പ്രവണതയുണ്ട്. സ്വയം തീരുമാനിച്ച് വൈറ്റനിങ് ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നത് നിർത്തണം. ആവശ്യമുണ്ടെങ്കിൽ ഡോക്ടറെ കാണണം.

വൈറ്റനിങ് എന്ന് പറയുമ്പോൾ ഒരാളുടെ സ്വാഭാവിക ചർമ്മനിറം മറ്റൊരു നിറത്തിലേക്ക് മാറ്റാൻ കഴിയുമെന്നല്ല അർത്ഥം. അവരുടെ ചർമ്മം ആരോഗ്യകരമായി നിലനിർത്തുക, ചർമ്മത്തിൽ നിറവ്യത്യാസമുണ്ടെങ്കിൽ അവ പരിഹരിക്കുക എന്നതാണ് പ്രധാനം. ഇപ്പോഴത്തെ കുട്ടികൾക്ക് വെയിലു കൊള്ളുമ്പോൾ പെട്ടെന്ന് ടാൻ അടിക്കുന്ന പ്രശ്നമുണ്ട്. അതൊക്കെ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിന് ക്രീം തേച്ചതുകൊണ്ട് മാത്രം കാര്യമില്ല. അതിന് കുറച്ച് പരിശ്രമിക്കണം, ഡോക്ടറെ കാണണം, സമയമെടുക്കും, കാത്തിരിക്കണം.

ക്രീം തേക്കുക എന്നത് എളുപ്പമാണ്. ഒരു നമ്പറിൽ വിളിച്ചാൽ സാധനം വീട്ടിലെത്തും. അതുകൊണ്ടുതന്നെ ആളുകൾ അതിലേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നു. സെലിബ്രിറ്റികൾ ഇത്തരം ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നതും വലിയ പ്രശ്നമാണ്. പണം വാങ്ങി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുത്.

ഇത്തരം ഉൽപ്പന്നങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ വരണം. ഉൽപ്പന്നങ്ങൾ അംഗീകൃതമാണോ എന്ന് കൃത്യമായി പരിശോധിക്കണം. അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ അനുവദിക്കരുത്. മറ്റൊരു പ്രധാന കാര്യം, ആരോഗ്യരംഗവുമായി ബന്ധമില്ലാത്തവർ ഇത്തരം ഉൽപ്പന്നങ്ങളെക്കുറിച്ച് വീഡിയോകൾ ചെയ്യരുത് എന്നതാണ്’’- ജെന്നി മാത്യു കൂട്ടിചേർത്തു.

‘‘ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ അതിന്റെ പാക്കേജിങ്ങും ലേബലും ഉൾപ്പെടെയുള്ള വിവരങ്ങൾ ഒരു തവണയെങ്കിലും പൂർണമായി പരിശോധിക്കണം’’- ഡോ. ജെന്നി മാത്യു.

ഇത്തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. ചർമ്മത്തിന്റെ നിറം മാറ്റാമെന്ന വാഗ്ദാനത്തിൽ ആകൃഷ്ടരായി ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. അതിനായി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് ഡോ. ജെന്നി മാത്യു പറയുന്നു:

‘‘പെട്ടെന്ന് ചർമ്മത്തിന്റെ നിറം മാറുന്നുണ്ടെങ്കിൽ അതിൽ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കണം. സ്വാഭാവികമായി ചർമ്മത്തിന്റെ നിറം ഇത്തരത്തിൽ പെട്ടെന്ന് മാറില്ല. അതുകൊണ്ടുതന്നെ വൈറ്റനിങ് ക്രീമുകൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യം.

അംഗീകൃതവും വിശ്വാസ്യതയുള്ളതുമായ ബ്രാൻഡുകളുടെ ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഏതൊരു ഉൽപ്പന്നം വാങ്ങുമ്പോഴും അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പരിശോധിക്കണം. മാനുഫാക്ചറിങ് നമ്പർ, കാലാവധി, നിർമ്മാണ തീയതി, നിർമ്മാതാവിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ ഉൽപ്പന്നത്തിൽ ഉണ്ടായിരിക്കണം. വ്യാജ ക്രീമുകളിൽ പലപ്പോഴും ഇത്തരം വിവരങ്ങൾ ഉണ്ടാകില്ല. അറബിയിലോ മറ്റേതെങ്കിലും ഭാഷയിലോ എന്തെങ്കിലും എഴുതി വെച്ചിട്ടുണ്ടാകും എന്നല്ലാതെ, കൃത്യമായ വിവരങ്ങൾ ഉണ്ടാകണമെന്നില്ല.

ഏതൊരു ഉൽപ്പന്നം വാങ്ങുമ്പോഴും ഇതെല്ലാം പരിശോധിക്കണം. വെറുമൊരു ജാറിൽ അടച്ചുതരുന്ന ക്രീമുകൾ വാങ്ങരുത്. വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഉൽപ്പന്നം കൃത്യമായ പാക്കേജിങ്ങും ലേബലിങ്ങുമില്ലാതെ വെറുമൊരു ജാറിൽ നൽകി വിൽക്കുമോ എന്ന് ചിന്തിച്ചാൽ മതി. സീൽ ചെയ്ത ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക.

ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട ചില ക്രീമുകൾ സ്റ്റിറോയിഡ് ചേർത്ത്, മറ്റൊരു ബ്രാൻഡിന്റെ ലോഗോ ഒട്ടിച്ച് മെഡിക്കൽ സ്റ്റോറുകളിൽ നിന്നുപോലും നൽകുന്നുണ്ട്. അത്തരം ക്രീമുകൾ ഉപയോഗിക്കരുത്.

ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ അതിന്റെ പാക്കേജിങ്ങും ലേബലും ഉൾപ്പെടെയുള്ള വിവരങ്ങൾ ഒരു തവണയെങ്കിലും പൂർണമായി പരിശോധിക്കണം. 100 രൂപയിൽ താഴെയുള്ള ഇത്തരം ക്രീമുകൾ ബ്യൂട്ടി പാർലറുകളിൽ വിൽക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. ഇതിനെതിരെ റിപ്പോർട്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ബൾക്കായി ക്രീമുകൾ വാങ്ങി മറ്റൊരു ബ്രാൻഡ് നെയിം ഉപയോഗിച്ച് വിൽക്കുന്ന രീതിയുമുണ്ട്. സംശയം തോന്നുന്ന സാധനം ടെസ്റ്റിന് അയകുക തന്നെ വേണം.

മെർക്കുറിയുടെ ഫ്യൂമുകൾ വീട്ടിലുള്ള മറ്റുള്ളവരെയും ബാധിക്കാം. ഒരു പഠനത്തിൽ ഒരേ വീട്ടിലെ മൂന്ന് പേർക്ക് മെംബ്രനസ് നെഫ്രോപ്പതി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ചെറിയ കുട്ടികളിലും ഗർഭിണികളിലും മെർക്കുറി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

ചർമ്മത്തിൽ ഉപയോഗിക്കുന്നതിനെക്കാൾ അപകടകരമാണ് മെർക്കുറി ശ്വസിക്കുന്നതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങൾ. കുട്ടികളിൽ ഇറിറ്റബിലിറ്റി, മൂഡ് സ്വിങ്സ് തുടങ്ങിയ പെരുമാറ്റപരമായ മാറ്റങ്ങളും ഉണ്ടാകാം.

മെർക്കുറി അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതിലും അവ ശരിയായ രീതിയിൽ സംസ്കരിക്കുന്നതിലും ഒരുപോലെ ശ്രദ്ധ വേണം. ഉപയോഗിച്ച ക്രീമുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. ഏത് വഴിയിലൂടെയാണ് മെർക്കുറിയുടെ സാന്നിധ്യം ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നതെന്ന് കൃത്യമായി പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരം ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ഉപേക്ഷിക്കുമ്പോഴും അതീവ ജാഗ്രത ആവശ്യമാണ്’’- ഡോ. ജെന്നി മാത്യു പറയുന്നു.

നിയമമുണ്ട്, പക്ഷെ…

സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനും ഇന്ത്യയിൽ നിയമപരമായ നിയന്ത്രണങ്ങളുണ്ട്. 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടും 2020-ലെ കോസ്മെറ്റിക്സ് റൂൾസുമാണ് ഇതിൽ പ്രധാനം.

ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ 17C, 17D, 17E വകുപ്പുകൾ യഥാക്രമം തെറ്റായ ലേബലുകളുള്ളതും വ്യാജവും മായം ചേർത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളെ സംബന്ധിച്ച വ്യവസ്ഥകളുള്ളതാണ്. ആരോഗ്യത്തിന് ഹാനികരമായതോ വിഷാംശമുള്ളതോ ആയ ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം ഉൽപ്പന്നങ്ങളുടെ നിർമാണവും വിപണനവും തടയുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും വ്യവസ്ഥയുണ്ട്.

‘‘വെറുമൊരു ജാറിൽ അടച്ചുതരുന്ന ക്രീമുകൾ വാങ്ങരുത്. വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഉൽപ്പന്നം കൃത്യമായ പാക്കേജിങ്ങും ലേബലിങ്ങുമില്ലാതെ വെറുമൊരു ജാറിൽ നൽകി വിൽക്കുമോ എന്ന് ചിന്തിച്ചാൽ മതി’’.
‘‘വെറുമൊരു ജാറിൽ അടച്ചുതരുന്ന ക്രീമുകൾ വാങ്ങരുത്. വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഉൽപ്പന്നം കൃത്യമായ പാക്കേജിങ്ങും ലേബലിങ്ങുമില്ലാതെ വെറുമൊരു ജാറിൽ നൽകി വിൽക്കുമോ എന്ന് ചിന്തിച്ചാൽ മതി’’.

പ്രത്യേകിച്ച് ഓൺലൈൻ വിപണിയിൽ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഉറവിടം, നിർമ്മാതാവ്, ഘടകങ്ങൾ, ലൈസൻസ് എന്നിവ പരിശോധിക്കുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമല്ല. തെറ്റായ ലേബലിങ്ങും വ്യാജ അവകാശവാദങ്ങളും നിയന്ത്രണമില്ലാത്ത വിൽപ്പനയും ഉപഭോക്തൃസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്.

മെർക്കുറി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാറായ മിനമാറ്റ കൺവെൻഷനിലും ചർമം വെളുപ്പിക്കാനായി ഉപയോഗിക്കുന്ന മെർക്കുറി അടങ്ങിയ സോപ്പുകളുടെയും ക്രീമുകളുടെയും നിർമാണം, ഇറക്കുമതി, കയറ്റുമതി എന്നിവ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളുണ്ട്. സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ മെർക്കുറി ചേർക്കുന്നത് ഒഴിവാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമാണിത്.

നിയമങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്ര കരാറുകളും ഉണ്ടായിട്ടും അപകടകരമായ ഉൽപ്പന്നങ്ങൾ വിപണിയിൽ തുടരുന്നത് ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ചർമത്തിന്റെ നിറം മാറ്റാമെന്ന വാഗ്ദാനങ്ങൾക്കപ്പുറം, ഇത്തരം ഉൽപ്പന്നങ്ങൾ ആരോഗ്യത്തിന് ഉയർത്തുന്ന ഭീഷണിയാണ് ഗൗരവമായി കാണേണ്ടത്. വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നിയമലംഘനങ്ങൾ തടയുന്നതിലും അധികൃതരുടെ ഉത്തരവാദിത്തം നിർണായകമാണ്. അതേസമയം, സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും നിറം വെളുപ്പിക്കാമെന്ന വാഗ്ദാനങ്ങളും ഉപഭോക്താക്കളെ അപകടകരമായ ഉൽപ്പന്നങ്ങളിലേക്ക് നയിക്കുമ്പോൾ, ഇത്തരം ഉൽപ്പന്നങ്ങളുടെ ഘടകങ്ങളും സുരക്ഷയും തിരിച്ചറിയാനുള്ള ബോധവൽക്കരണവും ആവശ്യമാണ്. ചർമത്തിന്റെ നിറം മാറ്റുന്നതിനുള്ള ആഗ്രഹം ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാൻ നിയമനടപടികൾക്കൊപ്പം ഉപഭോക്തൃജാഗ്രതയും അനിവാര്യമാണ്.

Comments