കോവിഡും​ മൈക്രോ പ്ലാസ്​റ്റിക്കും: ശാസ്​ത്രീയ പഠനം അനിവാര്യം

വീടുകളിലും മറ്റു സ്ഥാപനങ്ങളിലും നിന്നുള്ള കോവിഡ് മാലിന്യ ശേഖരണത്തിന് നിലവിൽ സംവിധാനമില്ല. പല സ്ഥലങ്ങളിലും സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ് അടങ്ങിയ പ്ലാസ്റ്റിക് മാലിന്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നില്ല. ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുമ്പോൾ അതിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് രൂപപ്പെടാൻ സാധ്യതകൾ കൂടുതലാണ്. ഇത്തരത്തിൽ രൂപപ്പെടുന്ന മൈക്രോ പ്ലാസ്റ്റിക്കുകൾ വൈറസ്​ വാഹകരാകാനുള്ള സാധ്യത എ​ത്രത്തോളമുണ്ട്​ എന്ന കാര്യം ശാസ്​ത്രീയമായി പരിശോധിക്കപ്പെടണം.

2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് SARS-CoV-2 എന്ന വൈറസ് മൂലം ഉണ്ടാവുന്ന കോവിഡ്- 19 എന്ന രോഗം ആദ്യമായി സ്ഥിരീകരിച്ചത്. വളരെ വേഗം രോഗം പടരുകയും 180 ലധികം രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്​തു. ഇതുവരെ 16 കോടിയിലധികം പേർക്ക് ബാധിച്ച രോഗം 38 ലക്ഷം പേരുടെ മരണത്തിനിടയാക്കി. (WHO Corona Virus (COVID-19) Dashboard, 2021). അപകടകരമായ രീതിയിൽ കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ മൈക്രോ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട പരിശോധന ആവശ്യമാണ്​ എന്ന വാദമാണ്​ ഇവിടെ ഉന്നയിക്കുന്നത്.

എന്താണ് മൈക്രോ പ്ലാസ്റ്റിക്?

ഒരു നാനോമീറ്റർ മുതൽ അഞ്ച്​ മില്ലിമീറ്റർ വരെ വലിപ്പമുള്ള പ്ലാസ്റ്റിക് ശകലങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക്ക്​ എന്ന് പറയുന്നത്. ഇവയെ പ്രാഥമിക മൈക്രോ പ്ലാസ്റ്റിക്കുകൾ എന്നും ദ്വിതീയ മൈക്രോ പ്ലാസ്റ്റിക്കുകൾ എന്നും രണ്ടായി തരംതിരിക്കാം.

1) പ്രാഥമിക മൈക്രോ പ്ലാസ്റ്റിക്:പുതിയ ഉൽപ്പന്നങ്ങളുടെ നിർമാണത്തിന്​ ഒരു നാനോ മീറ്റർ മുതൽ അഞ്ചു നാനോ മീറ്റർ വരെ വലിപ്പത്തിൽ ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കുകളെയാണ് പ്രാഥമിക മൈക്രോ പ്ലാസ്റ്റിക്​ എന്നറിയപ്പെടുന്നത്. ടൂത്ത് പേസ്റ്റ്, ഫെയ്സ് വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങളിലാണ് പൊതുവെ ഇവയുടെ ഉപയോഗം കാണാൻ സാധിക്കുക. ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഗണിച്ച്​ രാജ്യങ്ങൾ ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

2) ദ്വിതീയ മൈക്രോ പ്ലാസ്റ്റിക്കുകൾ :നമ്മൾ ദിവസേന ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചൂട്, മർദ്ദം, കാറ്റ്, അൾട്രാ വയലറ്റ് രശ്മികൾ, തിരമാല തുടങ്ങിയ ഘടകങ്ങൾക്ക് വിധേയമായി ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളായി മാറുന്നു. ഇത്തരം പ്ലാസ്റ്റിക്കുകളെ ദ്വിതീയ മൈക്രോ പ്ലാസ്റ്റിക് എന്നറിയപ്പെടുന്നു. (UNEP, 2016).

മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വളരെ അപകടകരമായ തോതിൽ ഭൂമിയിലെ ആവാസവ്യവസ്ഥകളിൽ കണ്ടെത്തിയിട്ടുണ്ട്. മീനുകളിലും, പച്ചക്കറികളിലും, വെള്ളത്തിലും, നാം ശ്വസിക്കുന്ന വായുവിലും എന്തിനേറെ സ്ത്രീകളുടെ ഗർഭപാത്രത്തിൽ വരെ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു

കോവിഡും മൈക്രോ പ്ലാസ്​റ്റിക്കും

കോവിഡ് ബാധിച്ച ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായിൽ നിന്ന് പുറത്ത് വരുന്ന സ്രവത്തുള്ളികളിൽ വൈറസ് കാണപ്പെടാൻ സാധ്യതയുണ്ട്. ഇത് മറ്റൊരാളിലേക്ക് രോഗം പകരാൻ ഇടയാക്കുന്നു.
ഈ തുള്ളികളിൽ കാണപ്പെടുന്ന വൈറസ് നാല് മുതൽ ഏഴ് ദിവസം വരെ പ്ലാസ്റ്റിക് പ്രതലങ്ങളിൽ അതിജീവിക്കുന്നതായി ഐ.ഐ.ടി ബോംബെ പുറത്തിറക്കിയ പഠനത്തിൽ പറയുന്നു (Chatterjee, 2020).

കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മൾ ഉപയോഗിക്കുന്ന മാസ്‌ക്, കയ്യുറ, പി.പി.ഇ കിറ്റ്, കോവിഡ് പരിശോധന കിറ്റ് എന്നിവ പൂർണമായോ ഭാഗികമായോ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾകൊണ്ട് നിർമിച്ചിരിക്കുന്നവയാണ്. കോവിഡ് ബാധിതനായ ഒരാൾ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും വൈറസ് ഈ വസ്തുക്കളിൽ കാണപ്പെടും. ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോഴോ ഉപയോഗ ശേഷമോ ഈ വസ്തുകളിൽ നിന്ന് പതിനായിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകൾ രൂപപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

2010-2014 കാലയളവിൽ ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിൽ നടത്തിയ പഠനമനുസരിച്ച് വീടുകൾക്കുള്ളിലെ പൊടിപടലങ്ങളിൽ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് (zhang, 2020). കോവിഡ് ബാധിതനായ ഒരാൾ താമസിക്കുന്ന മുറിയിൽ ഇത്തരത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഉണ്ടെങ്കിൽ അവയിലേക്ക് കൊറോണ വൈറസ് പടരാൻ എത്ര സാധ്യതയുണ്ടെന്ന കാര്യത്തിൽ ശാസ്​ത്രീയ സ്​ഥിരീകരണം ആവശ്യമാണ്​.

പാലക്കാട് പുതുശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബയോ മെഡിക്കൽ ട്രീറ്റ്‌മെൻറ്​ പ്ലാന്റിലാണ് നിലവിൽ കോവിഡ് മാലിന്യം കൈകാര്യം ചെയ്യുന്നത്. മുമ്പുണ്ടായിക്കൊണ്ടിരുന്ന മെഡിക്കൽ മാലിന്യങ്ങളോടൊപ്പം ഇന്ന് 18 ടണ്ണിലധികം മാലിന്യങ്ങൾകൂടി ദിവസവും കേരളത്തിലുണ്ടാവുന്നുണ്ട്. കോവിഡ് മാലിന്യം ശേഖരിക്കാനും, സംഭരിക്കാനും പ്രത്യേക മാർഗ്ഗനിർദ്ദേശം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കിയിട്ടുണ്ട്. എന്നാലും, വീടുകളിലും മറ്റു സ്ഥാപനങ്ങളിലും നിന്നുള്ള കോവിഡ് മാലിന്യ ശേഖരണത്തിന് നിലവിൽ സംവിധാനമില്ല. പല സ്ഥലങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ് അടങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നില്ല. ഇത്തരത്തിലുള്ള മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുമ്പോൾ അതിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് രൂപപ്പെടാൻ സാധ്യതകൾ കൂടുതലാണ്. ഇത്തരത്തിൽ രൂപപ്പെടുന്ന മൈക്രോ പ്ലാസ്റ്റിക്കുകൾ വൈറസ്​ വാഹകരാകാനുള്ള സാധ്യത എ​ത്രത്തോളമുണ്ട്​ എന്ന കാര്യം പരിശോധിക്കപ്പെടണം.

2019 ൽ പ്രസിദ്ധീകരിച്ച ഔമി Consumption of Microplastics എന്ന പഠനം അനുസരിച്ച് ഭക്ഷണപാനീയങ്ങൾ വഴിയും ശ്വാസനം വഴിയും മനുഷ്യന്റെ ഉള്ളിലേക്ക് ഒരു വർഷം 74000 വരെ മൈക്രോ പ്ലാസ്റ്റിക് ശകലങ്ങൾ എത്തുന്നുണ്ട് (D.cox, 2019). നിലവിലെ സാഹചര്യത്തിൽ ഇത് കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്നറിയുന്നതിന് പഠനങ്ങൾ ആവശ്യമാണ്. വളരെ ഭാരം കുറഞ്ഞതിനാൽ മൈക്രോ പ്ലാസ്റ്റിക്​ കാറ്റിന്റെ സഹായത്തോടെ 100ലധികം കിലോമീറ്ററുകൾ സഞ്ചരിക്കും (Allen, 2019). ഇത്തരത്തിൽ സഞ്ചരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിലും​ ശാസ്​ത്രീയ പരിശോധന ആവശ്യമാണ്​.

ഗ്രന്ഥസൂചിക:
Allen, S. (2019, May). Atmospheric transport and deposition of microplastics in a remote mountain catchment.
Retrieved May 25, 2021, from nature geoscience: https://www.nature.com/articles/s41561-019-0335-5.epdf
Chatterjee, s. (2020, December). Why coronavirus survives longer on impermeable than porous surfaces. Retrieved May 25, 2021, from Physics of fluids: https://aip.scitation.org/doi/full/10.1063/5.0037924
D.cox, K. (2019). Human Consumption of Microplastics. Retrieved May 25, 20121, from ACS Publications: https://pubs.acs.org/doi/10.1021/acs.est.9b01517
UNEP. (2016). Microplastics: trouble in the food chain. Retrieved May 25, 2021, from uneplive.unep.org: https://uneplive.unep.org/media/docs/early_warning/microplastics.pdf
WHO Corona Virus (COVID-19) Dashboard. (2021, May 25). Retrieved May 25, 2021, from world health organization: https://covid19.who.int/
zhang, J. (2020). Microplastics in house dust from 12 countries and associated human exposure. Retrieved May 25, 2021, from science direct: https://www.sciencedirect.com/science/article/pii/S016041201931952X

Comments