എം.ടി എഴുതുന്നു; കോവിഡുണ്ടാക്കിയ ഡിപ്രഷനിൽനിന്ന് എനിക്കിതേവരെയും മുക്തനാവാൻ കഴിഞ്ഞിട്ടില്ല

Truecopy Webzine

‘‘ജീവിതവും മരണവും മുഖാമുഖം നോക്കിനിൽക്കുന്ന ഈയൊരു ഘട്ടത്തിൽ കോവിഡുണ്ടാക്കിയ ഡിപ്രഷനിൽനിന്ന് എനിക്കിതേവരെയും മുക്തനാവാൻ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്ന് ഞാനൊന്നും എഴുതുന്നില്ല''.

‘‘ലോകമാകെയും പ്ലേഗ് പടർന്നുപിടിച്ച ഒരു കാലത്താണ് അൽബേർ കാമു പ്ലേഗ് എന്ന നോവലെഴുതിയത്. 2020 ൽ അതുപോലൊരു മഹാമാരിയുടെ നടുവിൽ നിൽക്കുമ്പോൾ ആ നോവലിൽ കാമു അവതരിപ്പിച്ച ഭയവും വേദനയും ലോക ത്തിന്റെ യാഥാർഥ്യമായി തീരുകയാണെന്ന് എനിക്ക് തോന്നുന്നു. മരണം അന്നത്തെപ്പോലെ ഇന്നും ലോകത്തെയും മനുഷ്യരെയും ശാസ്ത്രത്തെയും കീഴ്‌പ്പെടുത്തിക്കൊണ്ട് ജയിച്ചുനിൽക്കുന്നു. ജീവിതവും മരണവും മുഖാമുഖം നോക്കിനിൽക്കുന്ന ഈയൊരു ഘട്ടത്തിൽ കോവിഡുണ്ടാക്കിയ ഡിപ്രഷനിൽനിന്ന് എനിക്കിതേവരെയും മുക്തനാവാൻ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്ന് ഞാനൊന്നും എഴുതുന്നില്ല. കഴിഞ്ഞുപോയ പലതും ഓർക്കുന്നു. അധികം വായിക്കരുത് എന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും വായനയിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു.''

‘‘കോവിഡ് കാലത്തെ ഡിപ്രഷന്റെ നടുവിൽ നിന്നാണ് ഞാൻ ശോഭീന്ദ്രൻ മാഷിന്റെ ‘മൊളക്കാൽമുരു' വായിച്ചത്. അതെന്നെ വിദ്യാർത്ഥിയായിരുന്ന കാലത്തിലേക്കും അധ്യാപകനായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലേക്കും കൊണ്ടുപോയി. കോളെജ് പഠനം കഴിഞ്ഞ നാളുകളിൽ ഒരധ്യാപകജീവിതം അനുഭവിക്കാൻ എനിക്കും ഇടവന്നിട്ടുണ്ട്.''

‘‘പട്ടാമ്പി ബോർഡ് സ്‌കൂളിലും ചാവക്കാട് സ്‌കൂളിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നിന്ന് എനിക്കൊരു കത്ത് വന്നു. എത്രയോ വർഷങ്ങൾക്കു മുമ്പ് ഞാൻ പഠിപ്പിച്ചിരുന്ന ഒരു കുട്ടിയുടെ കത്തായിരുന്നു അത്. ഈ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വന്ന ആ കത്ത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എത്രകാലം കഴിഞ്ഞാലും തന്റെ അധ്യാപകനെ ഓർക്കുന്ന ഒരു വിദ്യാർത്ഥി നൽകുന്ന സന്തോഷം വളരെ വലുതാണ്. അധ്യാപകനായി കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അക്കാലം ഇന്നും എന്റെ മനസ്സിൽ മനോഹരമായ ഒരനുഭവമായി നിലനിൽക്കുന്നു.''

അധ്യാപകനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ. ശോഭീന്ദ്രൻ എഴുതിയ ‘മൊളക്കാൽമുരു: ഒരു ഡെക്കാൻ ഗ്രാമജീവിതകഥ' എന്ന അനുഭവക്കുറിപ്പുകൾ എം.ടിയുടെ ആമുഖത്തോടെ ട്രൂ കോപ്പി വെബ്‌സീനിൽ ആരംഭിക്കുന്നു

ട്രൂകോപ്പി വെബ്സീൻ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ...


Comments