2024-ലെ പകർച്ചവ്യാധിയായി മുണ്ടിനീര്,
ഒഴിവാക്കപ്പെട്ട വാക്സിൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മുണ്ടിനീര് പടരുന്ന സാഹചര്യം 2024-ലുണ്ടായി. കേരളത്തിൽ മാത്രം ഇപ്പോൾ 70,000 ലേറെ പേർക്കാണ് രോഗമുള്ളത്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിന്റെ 30 ഇരട്ടി വർധനയാണ് ഈ വർഷമുണ്ടായത്. കേന്ദ്രത്തിന്റെ സാർവത്രിക രോഗപ്രതിരോധ പരിപാടിയിൽനിന്ന് മുണ്ടിനീരിനുകൂടിയുള്ള വാക്‌സിൻ പിൻവലിച്ചതിനാലാണ് സർക്കാർ ആശുപത്രികളിൽ മംപ്‌സ് വാക്‌സിൻ ലഭ്യമല്ലാത്തത്. അതുകൊണ്ടുതന്നെ, ഈ വാക്സിൻ പുനഃസ്ഥാപിക്കാൻ കേന്ദ്രത്തിനുമുന്നിൽ സമ്മർദമുയരേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കേരളത്തിൽ കുട്ടികൾക്കിടയിലും ഏതാനും മുതിർന്നവരിലും മുണ്ടിനീര് (മംപ്‌സ്) പടരുന്ന സാഹചര്യം കണക്കിലെടുത്ത് എം.എം.ആർ വാക്‌സിൻ (measles- mumps- rubella vaccine- MMR) അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര തീരുമാനം കാത്തിരിക്കുകയാണ് കേരളം. കേരളത്തിൽ ഈ രോഗം ബാധിച്ചവരുടെ എണ്ണം 70,000- ലേറെയായി. കഴിഞ്ഞ വർഷം 2324 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 30 മടങ്ങ് വർധനയാണ് ഈ വർഷമുണ്ടായത്.

മീസിൽസും റുബെല്ലയും പ്രതിരോധിക്കാനുള്ള എം.ആർ വാക്‌സിൻ ഇപ്പോൾ കുട്ടികൾക്ക് സൗജന്യമായി നൽകുന്നുണ്ട്. കുട്ടികൾക്ക് ഒന്നര വയസ്സിനകം എം.എം.ആർ വാക്‌സിൻ നൽകിയിരുന്നു. എന്നാൽ, 2016-ൽ കേന്ദ്രത്തിന്റെ സാർവത്രിക വാക്‌സിനേഷൻ പദ്ധതിയിൽനിന്ന് മുണ്ടിനീര് വാക്‌സിൻ എടുത്തുമാറ്റി, മീസിൽസ്- റുബെല്ല (എം.ആർ) വാക്‌സിൻ മാത്രമാക്കി മാറ്റി. മുണ്ടിനീര് ഗുരുതര രോഗമല്ലെന്നും വാക്‌സിന് പ്രതിരോധശേഷി കുറവാണ് എന്നുമുള്ള വിലയിരുത്തലിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വാക്‌സിൻ നിർത്തിയത്. എം.എം.ആർ വാക്‌സിൻ മീസിൽസിന് 93 ശതമാനവും റുബെല്ലയ്ക്ക് 97 ശതമാനവും പ്രതിരോധം നൽകുന്നുണ്ട്. എന്നാൽ മുണ്ടിനീരിന് 78 ശതമാനം മാത്രമാണ് പ്രതിരോധം എന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ, കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ മുണ്ടിനീര് പടരുന്നതിനാൽ, മംപ്‌സ് പ്രതിരോധ മരുന്നുകൂടി ഉൾപ്പെടുന്ന എം.എം.ആർ വാക്‌സിൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

കേരളത്തിൽ കുട്ടികൾക്കിടയിലും ഏതാനും മുതിർന്നവരിലും മുണ്ടിനീര് (മംപ്‌സ്) പടരുന്ന സാഹചര്യം കണക്കിലെടുത്ത് എം.എം.ആർ വാക്‌സിൻ (measles- mumps- rubella vaccine- MMR) അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര തീരുമാനം കാത്തിരിക്കുകയാണ് കേരളം.
കേരളത്തിൽ കുട്ടികൾക്കിടയിലും ഏതാനും മുതിർന്നവരിലും മുണ്ടിനീര് (മംപ്‌സ്) പടരുന്ന സാഹചര്യം കണക്കിലെടുത്ത് എം.എം.ആർ വാക്‌സിൻ (measles- mumps- rubella vaccine- MMR) അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര തീരുമാനം കാത്തിരിക്കുകയാണ് കേരളം.

സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതർക്കു ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തിൽ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.
ശിശുരോഗവിദഗ്ധരുടെ അഖിലേന്ത്യ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്‌സും ഈ ആവശ്യമുന്നയിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നിയോഗിച്ച വാക്‌സിൻ നയരൂപീകരണ സമിതി രണ്ടു ഘട്ടങ്ങളിലായി എം.എം.ആർ വാക്‌സീൻ നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.

മുണ്ടിനീരിനുള്ള വാക്‌സിൻ ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ലഭ്യമാകുന്നത്. കേന്ദ്രത്തിന്റെ സാർവത്രിക രോഗപ്രതിരോധ പരിപാടിയിൽനിന്ന് മുണ്ടിനീരിനുകൂടിയുള്ള വാക്‌സിൻ പിൻവലിച്ചതിനാലാണ് സർക്കാർ ആശുപത്രികളിൽ മംപ്‌സ് വാക്‌സിൻ ലഭ്യമല്ലാത്തത്. സ്വകാര്യമേഖലയിൽ 650 രൂപയാണ് വാക്‌സിന് വില. അതുകൊണ്ടുതന്നെ, സാധാരണക്കാർക്ക് ഈ ചികിത്സ ഫലത്തിൽ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണി​പ്പോഴുള്ളത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി മുണ്ടിനീര് സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ വ്യാപകമായി പടർന്നുപിടിക്കുന്നുണ്ട്. ഇക്കൊല്ലം മലപ്പുറം ജില്ലയിൽ 13,643 കേസുകളും കണ്ണൂർ ജില്ലയിൽ 12,800 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. പാലക്കാട് 5000പേർക്കും തിരുവനന്തപുരത്ത് 1575 പേർക്കുമാണ് രോഗബാധ റിപ്പോർട്ടു ചെയ്തത്. മുൻ വർഷത്തെക്കാൾ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഇത്തവണ ഉണ്ടായത്. ഈ രോഗം എല്ലാവർക്കും സുപരിചിതമായിരുന്നെങ്കിലും അത്തരമൊരു രോഗത്തെ സർവ്വസാധാരണമായി കാണാറില്ലായിരുന്നു. എന്നാൽ അടുത്തിടെയാണ് കേരളത്തിൽ മുണ്ടിനീരിന്റെ കേസുകൾ വർധിപ്പിച്ചുവരുന്ന സാഹചര്യമുണ്ടായത്. മുമ്പ് കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം ഇന്ന് മുതിർന്നവരിലും കാണപ്പെടുന്നു.

കോവിഡിനുമുമ്പ്, മുണ്ടിനീര് കേസുകൾ ഇത്ര വ്യാപകമായിരുന്നില്ലെന്നുമാത്രമല്ല, അപൂർവവുമായിരുന്നു. എന്നാൽ ഇപ്പോൾ ഓരോ ആഴ്ചയിലുമെന്നോണം രോഗബാധിതർ ആശുപത്രികളിലെത്തുന്നുണ്ട്.

മുണ്ടിനീര് വൈറസ് രോഗമാണ്. മംപ്സ് വൈറസ് എന്ന പേരിൽ അറിയപ്പെടുന്ന Paramiko എന്ന വിഭാഗത്തിൽ പെട്ട ഒരു വൈറസാണ് മുണ്ടിനീര് പരത്തുന്നത്. രോഗത്തിന്റെ ലക്ഷണങ്ങളും സങ്കീർണതകളും പകരുന്ന രീതിയും രോഗബാധിതരായാൽ എങ്ങനെ ചെറുക്കാമെന്നും വിശദീകരിക്കുകയാണ് ഡോക്ടർ ജ്യോതിമോൾ.

പകരുന്ന രീതി

‘‘സംസാരത്തിലൂടെയോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ആണ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. സാധാരണയായി ഇത് സ്കൂൾ വിദ്യാർത്ഥികളിലും ചെറുപ്പക്കാരിലുമാണ് കൂടുതലായി കണ്ടുവരാറുള്ളത്. ഈ അസുഖം ബാധിച്ച എല്ലാവരിലും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. 30- 40 ശതമാനം വരെ ആളുകളിൽ സബ് ക്ളിനിക്കൽ അവസ്ഥയിൽ, അതായത് രോഗലക്ഷണം പുറമേ കാണിക്കാതെയും അതേസമയം, വൈറസ് വാഹകരായും ആളുകൾ ഉണ്ടാകും. ഈ രോഗത്തിന്റെ Incubation period 18 ദിവസമാണ്. മുണ്ടിനീര് ഒരാളിൽ നിന്ന് മറ്റൊരാളിലെത്താൻ എടുക്കുന്ന സമയത്തെയാണ് Infectivity period എന്നുപറയുന്നത്. സാധാരണയായി ലക്ഷണങ്ങൾ തുടങ്ങുന്നതിന് ഏഴ് ദിവസം മുമ്പ് തൊട്ട് മുണ്ടിനീര് തുടങ്ങി ഏഴ് ദിവസം കഴിയുന്നതുവരെയുള്ള രണ്ടാഴ്ച കാലയളവാണ് സാധാരണ Infectivity period ആയി കാണാക്കുക. മുണ്ടിനീരിന്റെ ഭാഗമായി ഗ്രന്ഥിവീക്കവുമുണ്ടാകാം. വീക്കം തുടങ്ങുന്നതിനു തൊട്ടുമുൻപും വീക്കം ഉണ്ടായിരിക്കുന്ന സമയവുമാണ് Maximum Infectivity എന്നുപറയുന്നത്’’.

‘‘സാധാരണയായി പനി, കവിളില്ലെലിന്റെയും ചെവിയുടെയും ജോയിന്റ് ഭാഗത്തെ വേദന, സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമുള്ള വേദന ഇവയാണ് മുണ്ടിനീരിന്റെ പ്രാഥമിക ലക്ഷണങ്ങൾ. പീന്നീട് ചെവിയുടെ തൊട്ട് താഴെയും മുൻപിലും ആയി രണ്ട് വശത്തും സ്ഥിതി ചെയ്യുന്ന പരോട്ടിഡ് ഉമിനീർ ഗ്രന്ഥിയിൽ സാവധാനം വീക്കം തുടങ്ങും. ചിലപ്പോൾ ഒരു ഗ്രന്ഥിയ്ക്കോ അല്ലെങ്കിൽ രണ്ട് ഗ്രന്ഥിക്കോ വീക്കം ആവാം. രണ്ട് ഗ്രന്ഥിക്കളിലായി ആരംഭിച്ച് Submandibular,Sublingual തുടങ്ങി മറ്റ് ഉമിനീർ ഗ്രന്ഥികളിലേക്ക് അവ പകരാനുള്ള സാധ്യതയുമുണ്ട്. ചിലപ്പോൾ പകരാതിരിക്കാം. രണ്ട് കവിളിന്റെയും താഴെ ഭാഗത്തായി വീക്കം വന്ന് മുഖത്തിന്റെ ആകൃതി മാറുകയും ചെയ്യും’’.

സങ്കീർണതകൾ പലത്

‘‘ഈ രോഗത്തിന് ചില സങ്കീർണതകൾ നിലനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടാണ്. വയറുവേദനയും ഇതിന്റെ സങ്കീർണതയിൽ ഉൾപ്പെടുത്താം. പുരുഷന്മാരിൽ വൃക്ഷണങ്ങളിൽ വീക്കം വരുകയും സ്ത്രീകളിൽ fallopian tube നും അണ്ഡാശയത്തിനും ചേർന്ന് വീക്കം വരാം. അണ്ഡാശയത്തിനാണ് പ്രധാനമായും വീക്കം ഉണ്ടാവുക. Oophoritis നീർക്കെട്ട് എന്നാണിതിനെ പറയുക. Prostatitis ഗ്രന്ഥിയ്ക്കും പാൻക്രിയാസ് ഗ്രന്ഥിയ്ക്കും വീക്കം വരാം. ഇതിൽ അണ്ഡാശയത്തിനും വീക്ഷണത്തിനും വീക്കം വരുന്ന ആൾക്ക് പീന്നീട് വന്ധ്യത വരാനുള്ള സാധ്യതയുമുണ്ട്.അതുകൊണ്ട് തന്നെ അത്തരത്തിലുള്ള സങ്കീർണതകൾ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. സാധാരണയായി ഇവയാണ് ഇതിന്റെ പ്രധാനപ്പെട്ട സങ്കീർണതകൾ. അതുകൂടാതെ ഹൃദയത്തിന്റെ മസിലുകൾക്ക് വീക്കം (Myocarditis), പല ജോയിന്റുകളിൽ വേദന, കേൾവിയ്ക്ക് സഹായിക്കുന്ന ഞരമ്പുകളിൽ ചിലപ്പോൾ വീക്കം വരാനും അതുമൂലം കേൾവിക്കുറവ് സംഭവിക്കാനുമുള്ള സാധ്യത’’.

‘‘മസ്തിഷ്കത്തിൽ നീര് വന്നതിന്റെ ഭാഗമായി Hydrocephalus എന്ന അവസ്ഥയ്ക്ക് കാരണമാവാം. മുഖത്തിന്റെ ഞരമ്പുകൾ, സ്പൈനൽ കോഡ് തുടങ്ങിയവയ്ക്ക് പ്രശ്നങ്ങൾ വരാം. സാധാരണയായി ഇത്തരം സങ്കീർണതകളിലേക്ക് പോവാറില്ലെങ്കിലും കേസിന്റെ എണ്ണം കൂടുംതോറും ആണ് സങ്കീർണതകളും വർധിക്കാനുള്ള സാധ്യതയും കൂടുന്നത്. അതുകൊണ്ടുതന്നെ മുണ്ടിനീര് എന്ന അസുഖത്തെ ഗൗരവത്തോടെ കാണേണ്ടുന്ന സാഹചര്യം നിലവിലുണ്ട്. ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം മുണ്ടി നീര് വന്നു കഴിഞ്ഞാൽ പെട്ടെന്നുണ്ടാവുന്ന ഗർഭഛിദ്രം ഉണ്ടാവാൻ 25% സാധ്യതയുണ്ട്. 6 മാസത്തിന് താഴെയുള്ള അതായത് മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ മുണ്ടിനീര് പൊതുവേ കണ്ടുവരാറില്ല. കാരണം മുലപ്പാലിലുള്ള ആൻറിബയോട്ടിക്സ് മുണ്ടിനീര് വരാതിരിക്കാൻ സഹായിക്കും’’.

 ഡോ. ജ്യോതിമോൾ
ഡോ. ജ്യോതിമോൾ

ചികിത്സാ മാർഗങ്ങൾ

‘‘പനി വന്ന് കഴിഞ്ഞാൽ സാധാരണയായി ഉപയോഗിക്കുന്ന പാരാസെറ്റമോൾ ഉപയോഗിച്ച് പനിയെ ചെറുക്കാവുന്നതാണ്. ഡോക്ടറുടെ കുറിപ്പടിയോടെ വിറ്റാമിൻ ഗുളികകൾ കഴിക്കാം. പൂർണമായും വിശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടികൾ ആണെങ്കിൽ മൂന്നാഴ്ച കാലമെങ്കിലും സ്കൂളുകളിൽ അയക്കാതിരിക്കാൻ ശ്രമിക്കുക. രോഗിയെ isolated ചെയ്യുക എന്നതും പ്രധാനമാണ്. ഒരുപാട് വെള്ളം കുടിക്കുക. പച്ചക്കറികൾ പഴവർഗ്ഗങ്ങൾ തുടങ്ങി പോഷക ഗുണമുള്ള ആഹാരങ്ങൾ കഴിക്കുക തുടങ്ങിയവ പ്രധാനപ്പെട്ടതാണ്’’.

വാക്സിനേഷനിലൂടെ ചെറുക്കാം.

‘‘മുണ്ടിനീരിനെതിരായ വാക്സിനേഷൻ സാധാരണയായി ചെയ്യേണ്ടത് ഒമ്പതാം മാസത്തിൽ കൊടുക്കുന്ന Measles വാക്സിനേഷനോടൊപ്പമാണ്. രണ്ടാമത്തെ ഡോസ് വാക്സിനേഷൻ ഒന്നേകാൽ വയസ്സിനും ഒന്നര വയസിനും ഇടയിലുള്ള എം.എം.ആറിലെ മാംപ്സിന്റെ വാക്സിനേഷൻ കൂടി ചെയ്യുക. അഞ്ചാമത്തെ വയസ്സിൽ ഒരു ബൂസ്റ്റർ ഡോസ് കൂടിയെടുക്കാവുന്നതാണ്. മുതിർന്നവരിൽ ആണെങ്കിൽ കൗമാരക്കാരാണെങ്കിൽ ആറ് മാസം ഇടവിട്ട് വാക്സിനേഷൻ എടുക്കാം.അത് ഫലപ്രദമാണ്. മറ്റുള്ളവരിലേക്ക് പടരാതെ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം’’- ഡോ. ജ്യോതിമോൾ പറഞ്ഞു.

മുണ്ടിനീരിനുള്ള വാക്‌സിൻ ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ മാത്രമാണുള്ളത്. സ്വകാര്യമേഖലയിൽ 650 രൂപയാണ് വാക്‌സിന് വില. അതുകൊണ്ടുതന്നെ, സാധാരണക്കാർക്ക് ഈ ചികിത്സ ഫലത്തിൽ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണി​പ്പോഴുള്ളത്.

വേണം, ജാഗ്രത

മുണ്ടിനീര് പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. നീര്,തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുത്. ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക. ഡോക്ടറെ കണ്ട് ചികിത്സ തേടുക.

ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ ഇവയുടെ കണികകൾ വായുവിൽ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു.

പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി എന്നിവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കിൽ കേൾവി തകരാറിനും, ഭാവിയിൽ പ്രത്യുൽപാദന തകരാറുകൾ ഉണ്ടാകുന്നതിനും സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.

രോഗപ്പകർച്ച ഒഴിവാക്കാൻ ശ്രദ്ധിക്കുക. അസുഖബാധിതർ പൂർണമായും രോഗം ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക.

മുണ്ടിനീരിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കാൻ ശ്രദ്ധിക്കുക. പനി പോലെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുടിവെള്ളം പങ്കിടാൻ അനുവദിക്കരുത്. രോഗികൾ ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴച്ചാറുകൾ പോലെയുള്ള പാനീയങ്ങൾ കുടിക്കേണ്ടതില്ല.

ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നൽകാൻ സഹായിക്കും.

സാധാരണയായി രണ്ട് ആഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്. എങ്കിലും രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗ ലക്ഷണം പ്രകടമാകാൻ സാദ്ധ്യത ഉള്ള സമയം) 12 മുതൽ 25 ദിവസം വരെ ആയതിനാൽ രോഗമുള്ളവരുമായി സമ്പർക്കത്തിലായവർ ശ്രദ്ധ പുലർത്തുന്നത് രോഗവ്യാപനം തടയുന്നതിന് സഹായകമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

സർക്കാർ ആശൂപത്രികളിലെ ആശൂപത്രി വികസന സമിതികൾക്ക് സൗജന്യ നിരക്കിൽ എം എം ആർ വാക്സിൻ ദുർബല ജനവിഭാഗത്തിൽ പെട്ടവർക്കെങ്കിലും നൽകാൻ ആരോഗ്യവകുപ്പുമായി ആലോചിച്ച് തീരുമാനിക്കാമെന്ന നിർദേശമാണ് ഡോ. ബി. ഇക്ബാൽ മുന്നോട്ടുവക്കുന്നത്.

സർക്കാർ ആശുപത്രികൾക്ക് ചെയ്യാവുന്നത്

മുണ്ടിനീരിന്റെ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, മുൻപ് ലഭ്യമായിരുന്ന കേന്ദ്ര സർക്കാർ നിർത്തലാക്കിയ വാക്സിൻ തുടരേണ്ടതിന്റെ ആവശ്യകത പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ബി. ഇക്ബാൽ ചൂണ്ടിക്കാണിക്കുന്നുണ്ട്: ‘‘സർക്കാർ ആശൂപത്രികളിലെ ആശൂപത്രി വികസന സമിതികൾക്ക് സൗജന്യ നിരക്കിൽ എം എം ആർ വാക്സിൻ ദുർബല ജനവിഭാഗത്തിൽ പെട്ടവർക്കെങ്കിലും നൽകാൻ ആരോഗ്യവകുപ്പുമായി ആലോചിച്ച് തീരുമാനിക്കാം. സ്വകാര്യ ആശൂപത്രികളിൽ ഇപ്പോൾ എം എം ആർ വാക്സിൻ നൽകിവരുന്നുണ്ട്. സാമ്പത്തികശേഷിയില്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ വാക്സിൻ ലഭ്യമാക്കാൻ സ്വകാര്യ ആശുപത്രികൾ തീരുമാനിക്കണം’’- അദ്ദേഹം പറയുന്നു.

മുണ്ടിനീര് ഇപ്പോഴുമുള്ളതിനാൽ എം.എം.ആർ വാക്‌സിൻ വേണമെന്ന് സംസ്ഥാന സർക്കാൻ നിയോഗിച്ച ഡോ. ബി. ഇക്ബാലിന്റെ അധ്യക്ഷതയിലുള്ള സമിതി 2022-ൽ തന്നെ ശുപാർശ ചെയ്തി്‌രുന്നു.

നിരവധി സംസ്ഥാനങ്ങൾ
ഹോട്ട് സ്​പോട്ടുകൾ

മുണ്ടീനീര് വാക്സിൻ (Mumps Vaccine) സാർവത്രിക വാക്സിനേഷനിൽ ഉൾപ്പെടുത്തുകയാണ് ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടാൻ ഏറ്റവും അടിയന്തരമായി ചെയ്യേണ്ടത്. ഇതിനായുള്ള സമ്മർദം തുടർന്നും കേന്ദ്രസർക്കാരിൽ ചെലുത്തേണ്ടിവരും. കാരണം, എം.എം.ആർ വാക്സിൻ പിൻവലിച്ച സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്.
കേരളത്തെ കൂടാതെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും മുണ്ടിനീര് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ രാജസ്ഥാനിലെ ജയ്പുരും ഉദയ്പുരും രോഗത്തിന്റെ ഹോട്ട് സ്‌പോട്ടുകളുമാണ്. ബംഗളൂരുവിൽ ആഴ്ചയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 18-നും 25-നും ഇടയ്ക്കു പ്രായമുള്ളവരാണ് കൂടുതലും രോഗലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഇവിടെ അഞ്ചിനും പത്തിനുമിടയിലുള്ള കുട്ടികൾക്കാണ് കൂടുതലും രോഗം വരുന്നത്. ഇവിടെ, രോഗത്തിന് തക്ക സമയത്തിന് ചികിത്സ ലഭിക്കാത്തതും പ്രധാന പ്രശ്‌നമാണ്. 2024 ജനുവരിയിലാണ് രാജ്യവ്യാപകമായി മുണ്ടിനീര് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. രാജ്യത്ത് 2024 ജനുവരിക്കും മാർച്ചിനുമിടയിൽ 15,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മുണ്ടിനീര് ഇപ്പോഴുമുള്ളതിനാൽ എം.എം.ആർ വാക്‌സിൻ വേണമെന്ന് സംസ്ഥാന സർക്കാൻ നിയോഗിച്ച ഡോ. ബി. ഇക്ബാലിന്റെ അധ്യക്ഷതയിലുള്ള സമിതി 2022-ൽ തന്നെ ശുപാർശ ചെയ്തി്‌രുന്നു.
മുണ്ടിനീര് ഇപ്പോഴുമുള്ളതിനാൽ എം.എം.ആർ വാക്‌സിൻ വേണമെന്ന് സംസ്ഥാന സർക്കാൻ നിയോഗിച്ച ഡോ. ബി. ഇക്ബാലിന്റെ അധ്യക്ഷതയിലുള്ള സമിതി 2022-ൽ തന്നെ ശുപാർശ ചെയ്തി്‌രുന്നു.

കോവിഡിനുശേഷം, വൈറസ് രോഗങ്ങളിലുണ്ടായ വർധനയുമായി മുണ്ടിനീര് വ്യാപനത്തെ കാണാമെന്നാണ് ചില ആരോഗ്യവിദഗ്ധർ പറയുന്നത്. കോവിഡിനുമുമ്പ്, മുണ്ടിനീര് കേസുകൾ ഇത്ര വ്യാപകമായിരുന്നില്ലെന്നുമാത്രമല്ല, അപൂർവവുമായിരുന്നു. എന്നാൽ ഇപ്പോൾ ഓരോ ആഴ്ചയിലുമെന്നോണം രോഗബാധിതർ ആശുപത്രികളിലെത്തുന്നുണ്ട്. രോഗകാരികളായ വൈറസിനുണ്ടായ മ്യുട്ടേഷൻ മാരക ഫലങ്ങളുണ്ടാക്കിയേക്കാം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പുതിയ ഇനം വൈറസാണ് രോഗകാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. പുതിയ വകഭേദമായതുകൊണ്ടാണ് രോഗത്തിന്റെ തീവ്രതയിൽ വ്യത്യാസം കാണുന്നത്. സമീപകാലത്ത് രാജ്യത്ത് ഇൻഫ്‌ളൂവൻസ രോഗത്തിലുണ്ടായ വ്യാപനം ഇതിനുദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നു. വാക്‌സിനേഷനിലെ കുറവാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, വർഷങ്ങൾ ഇടവിട്ട് ഇത്തരം പകർച്ചവ്യാധികളുടെ വ്യാപനത്തിൽ വർധന കാണാറു​ണ്ടെന്നും ഇത് വാക്സിനേഷൻ ഇല്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമായി വിലയിരുത്തേണ്ടതില്ലെന്നും ചില ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

Comments