മറക്കാനാകാത്ത രോഗി:
ഐൻ, പ്രിയപ്പെട്ട ഐൻ

‘‘അവൾ കൈകൊണ്ട് മുടിയൊതുക്കി. ഉള്ളിൽ ഒരു ആന്തലോടെ ഞാനത് കണ്ടു. ഐനിന് ഇടത്തെ ചെവി ഇല്ല. കടുത്ത കുറ്റബോധം തോന്നി. ഇത്ര കാലം അത് അറിയാൻ ശ്രമിച്ചില്ല എന്നത് എന്റെ തെറ്റ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘മറക്കാനാവാത്ത രോഗി’ എന്ന പംക്തിയിൽ ഡോ. ടി.പി. നാസർ എഴുതിയ അനുഭവം.

2016 ഡിസംബർ 2:
ഇന്ന് ജിദ്ദയിലെ ക്ലിനിക്കിലെ അവസാന ദിവസം. രോഗികൾ അധികമില്ല. സൗദി അറേബ്യയോട് യാത്ര പറയുകയാണ്. പത്തു വർഷങ്ങൾ പോയതറിഞ്ഞില്ല.

ഐൻ വാതിൽ തള്ളി തുറന്നു. ആ കണ്ണുകൾ കലങ്ങിയിരുന്നു. കൺസൾട്ടിംഗ് മുറിയിൽ കടന്നയുടനെ അവൾ നഴ്സിനോട് വാതിലടക്കാൻ ആംഗ്യം കാണിച്ചു.
ഇപ്പോൾ മുറിയിൽ ഞങ്ങൾ മൂന്നു പേർ മാത്രം. എന്നോട് റിവോൾവിംഗ് ചെയറിൽനിന്ന് എഴുന്നേൽക്കാൻ പറഞ്ഞു. പെട്ടെന്നവൾ എന്റെ മാറിലേക്ക് ചാഞ്ഞു. കൊച്ചു കുട്ടിയെപ്പോലെ കരയാൻ തുടങ്ങി. ഒന്നും പറയാനാവാതെ ആ ചുണ്ടുകൾ വിതുമ്പി. ഞാനവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

പോവാതെ വയ്യല്ലോ ഐൻ!
അജിമോൾ സിസ്റ്ററുടെ കണ്ണുകൾ നിറഞ്ഞു.
പെട്ടെന്നവൾ എന്റെ പിടി വിടുവിച്ചു തോൾ സഞ്ചി തുറന്നു. കറുത്ത വരകളുള്ള ഒരു ഫുൾ സ്ലീവ് ഷർട്ടെടുത്തു എനിക്ക് തന്നു. സത്യത്തിൽ എന്ത് പറയണമെന്നറിയാതെ ഞാനുഴറി.
നിറകണ്ണുകൾ.

you are the best doctor in the world I have ever seen...
പിന്നെ എന്റെയും അജിമോൾ സിസ്റ്ററുടെയും കവിളിൽ ഒരുമ്മയും നൽകി അവൾ പോയി.

ഇന്നും ഓർമ്മകളിൽ മായാതെ ആ രംഗം വേട്ടയാടുന്നു. ഡോക്ടർ എന്ന പദത്തിന് സ്നേഹം അല്ലെങ്കിൽ സാന്ത്വനം എന്നൊക്കെ അർത്ഥമുണ്ടെന്നു നാം തിരിച്ചറിയുന്നത് അപ്പോഴൊക്കെയാണ്.

അവൾ കൈകൊണ്ട് മുടിയൊതുക്കി. ഉള്ളിൽ ഒരു ആന്തലോടെ ഞാനത് കണ്ടു. ഐനിന് ഇടത്തെ ചെവി ഇല്ല (ANOTIA).
അവൾ കൈകൊണ്ട് മുടിയൊതുക്കി. ഉള്ളിൽ ഒരു ആന്തലോടെ ഞാനത് കണ്ടു. ഐനിന് ഇടത്തെ ചെവി ഇല്ല (ANOTIA).

ഐൻ എന്നാൽ അറബിയിൽ കണ്ണുകൾ എന്നർത്ഥം. 23 വയസ്സ്. യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ വിദ്യാർത്ഥിനി. സൗദി അറേബ്യയിൽ പണ്ടേ കുടിയേറിയ പാകിസ്ഥാനി കുടുംബം. ഐനിനെ പരിചയപ്പെടുന്നത് നാല് വർഷങ്ങൾക്ക് മുമ്പാണ്. ഉമ്മ കൂടെയുണ്ട്. നിരന്തരമായ തലവേദന. ഉറക്കക്കുറവ്. പതിവ് പരിശോധനകൾക്കു ശേഷം രോഗനിർണ്ണയം: ടെൻഷൻ ഹെഡ്ഡേക്ക്. അന്നവൾ ബി.എയ്ക്ക് രണ്ടാമത്തെ വർഷം. സ്വാഭാവികമാണ്, പരീക്ഷാപേടിയാവും. ആശ്വസിപ്പിച്ചു വിട്ടു. ഒക്കെ ശരിയാവും.മരുന്നിനധികം റോളില്ല.

പിന്നെ സന്ദർശനം പതിവായി. പലപ്പോഴും ഒറ്റക്കാവും വരവ്. അകാരണമായ ഒരു ഭയം ആ കുട്ടിയെ വേട്ടയാടുന്നതായി തോന്നി. എന്തോ ഒന്ന് എന്നിൽ നിന്ന് ഒളിച്ചു വെക്കുന്നതായും. തകർന്ന പ്രണയ ബന്ധങ്ങൾ? ഏയ്… അങ്ങനൊന്നുമില്ല.

എനിക്ക് പ്രേമിക്കാനാവില്ല. എന്നെയാരും ഇഷ്ടപ്പെടില്ല.
അതെന്താ? ചോദ്യത്തിനുത്തരമെന്നോണം ആ കണ്ണുകൾ നിറഞ്ഞു. എന്റെ നേഴ്സ് ഗ്രീമ ഗ്രീഗോറിയോസിന്റെ കൈപ്പത്തികൾ സാന്ത്വനമായി അവളുടെ തോളിലമർന്നു...

ഐൻ അബയ ഊരി ഹാംഗറിൽ തൂക്കി. ശിരസ്സ് മറച്ചിരുന്ന ഹിജാബിന്റെ മടക്കുകൾ ഒന്നൊന്നായി നീക്കം ചെയ്തു. ആ കാഴ്ച സത്യത്തിൽ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഒരു കൊച്ചു സുന്ദരിക്കുട്ടി. മനോഹരമായ ചുരുളൻ മുടി. (പരിശോധനക്ക് പോലും രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതമില്ലാതെ നമുക്കവരുടെ ശിരോവസ്ത്രം നീക്കാനാവില്ലല്ലോ, പ്രത്യേകിച്ച് സൗദി പെൺകുട്ടികളുടെ).

അവൾ കൈകൊണ്ട് മുടിയൊതുക്കി. ഉള്ളിൽ ഒരു ആന്തലോടെ ഞാനത് കണ്ടു. ഐനിന് ഇടത്തെ ചെവി ഇല്ല (ANOTIA). കടുത്ത കുറ്റബോധം തോന്നി. ഇത്ര കാലം അത് അറിയാൻ ശ്രമിച്ചില്ല എന്നത് എന്റെ തെറ്റ്. വെളിപ്പെടുത്താൻ അവളും തയ്യാറായില്ല എന്നതുമൊരു സത്യം.

ജന്മനാ ഉള്ള ഈ വൈകല്യം ശരിയാക്കാൻ അവളുടെ മാതാപിതാക്കൾ ശ്രമിച്ചു കാണില്ല. പിന്നീട് മാതാവും അത് ഏറ്റു പറഞ്ഞു. പിതാവിന്റെ അകാല മരണം. ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്ക് ചേക്കേറിയപ്പോൾ എല്ലാ ടെസ്റ്റുകളും ചെയ്തുനോക്കി. അകത്തെ ചെവിയുടെ ഭാഗങ്ങളൊന്നു രൂപപ്പെട്ടിട്ടില്ലാത്തതു കൊണ്ട് പിന്നെ റീ കൺസ്ട്രക്റ്റീവ് സർജറിക്ക് മിനക്കെട്ടതുമില്ല.

ആദ്യമൊന്നു പകച്ചെങ്കിലും ഞാനവളോട് പറഞ്ഞു.
പപ്പാതി പകുത്താൽ നമ്മുടെ ശരീരത്തിന് ഓരോ അവയവവും ബാക്കിയുണ്ട്. അതു മതി നമുക്ക് ജീവിതത്തോട് പൊരുതാൻ, ജയിക്കാൻ. ഒരു സ്വാഭാവിക വ്യതിയാനം. അസമമായ ചെവികൾ ഒരു അപാകതയല്ല. തലമുടി കൊണ്ട് മറഞ്ഞുകിടക്കുന്നതുകൊണ്ട് ആരുടെയും ശ്രദ്ധയിൽ പെടുകയുമില്ല. ഇനി കോസ്‌മെറ്റിക് സർജറിക്ക് (ഓട്ടോ പ്ലാസ്റ്റി) തയ്യാറാണെങ്കിൽ അതിനവസരം ഒരുക്കാം. പരിചയ സമ്പന്നരായ ശസ്ത്രക്രിയാ വിദഗ്‌ദ്ധർ ഇന്ത്യയിൽ ധാരാളമുണ്ടല്ലോ.

ഞാൻ കൂടുതൽ സമയം അവൾക്ക് നീക്കിവെക്കുന്നതുകൊണ്ടാകാം ഒരു പോസിറ്റീവ് എനർജി അവളിൽ കണ്ടു. ഡിഗ്രി ഉയർന്ന മാർക്കോടെ പാസ്സായി എം.ബി.എ ക്കു ചേർന്നു. തലവേദന മറന്നു. ഇടക്കിടെ വെറുതെ വന്നു മിഠായിയോ ബിസ്‌ക്കറ്റോ തരും. കൂട്ടുകാരികളെയും ബന്ധുക്കളെയും കൊണ്ടുവരും.

സൗദിയോട് യാത്ര പറയുമ്പോൾ ഐൻ പരീക്ഷാ തിരക്കിലായിരുന്നു. ഒരു മെസ്സേജിട്ടു, വരുമെന്നു പ്രതിക്ഷയില്ലാതെ. എല്ലാം മറന്നു കാണും.

അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ച ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല.യഥാർത്ഥത്തിൽ മറക്കാനാവാത്ത രോഗിയായിരുന്നില്ലല്ലോ ഒരിക്കലും ഐൻ. മറക്കാനാവാത്ത പ്രിയ സന്ദർശക. അങ്ങിനെ മാത്രമേ എനിക്ക് ഐനിനെ വിശേഷിപ്പിക്കാനാവൂ.

Comments